Wednesday 14 November 2012

പുനരധിവാസം

പുനരധിവാസം
  ട്രെയിന്‍ നിന്നുകഴിഞ്ഞപ്പോള്‍ പ്ലാറ്റ്ഫോമില്‍ ചാരുബെഞ്ചില്‍ ഇരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു. അച്ഛന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. തലമുടി കുറേയധികം നരച്ചിട്ടുണ്ട്. കണ്ണുകള്‍ കുഴിഞ്ഞുതാണിരിക്കുന്നു. കുറ്റിരോമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഷേവ്‌ ചെയ്യാത്ത മുഖം. പുതുക്കം തോന്നാത്ത ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍. പോളിഷ് ചെയ്യാത്ത ഷൂസ്.
         അച്ഛനെ ഇത്രയും അലസവേഷത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ദിവസവും രാവിലെ കുളിച്ച് ഷേവ്‌  ചെയ്ത്‌ ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ അണിഞ്ഞേ അച്ഛന്‍ പുറത്തിറങ്ങാറുള്ളൂ. എപ്പോഴും നല്ല പ്രസന്നമായിരുന്ന അദ്ദേഹത്തിന്റെ മുഖം ആകെ മാറിയിരിക്കുന്നു. അകാലത്തില്‍  വൃദ്ധനായതുപോലെ.
         ട്രെയിനില്‍നിന്നിറങ്ങി ട്രോളിബാഗും വലിച്ചുകൊണ്ട് ഞാന്‍ അച്ഛന്റെ മുന്നിലെത്തി. അച്ഛന്‍ സാവധാനം ബെഞ്ചില്‍നിന്നെഴുന്നേറ്റു. എന്നെ ആകെയൊന്ന് നോക്കി. ആ കണ്ണുകളില്‍ നീര്‍മുത്തുകള്‍ ഉരുണ്ടുകൂടുന്നത് ഞാന്‍ കണ്ടു. അച്ഛന്‍ എന്നെ പെട്ടന്ന് കെട്ടിപ്പിടിച്ചു. ആ നെഞ്ച് എന്റെ നെഞ്ചിനോട് ചേര്‍ന്നമര്‍ന്നപ്പോള്‍ അച്ഛന്റെ ഉള്ളിലെ പിടച്ചില്‍ ഞാന്‍  തൊട്ടറിഞ്ഞു. ആ മനസ്സിലെ വിഹ്വലതകള്‍ എന്നിലേക്ക്‌ പ്രവഹിക്കുന്നതായി തോന്നി.
  കൈലേസാല്‍ കണ്ണീരൊപ്പിക്കൊണ്ട് അച്ഛന്‍ മുന്നേ നടന്നു. ട്രോളിബാഗും വലിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു. മഴ പെയ്ത നനവ്‌ മാറാത്ത ആ തണുത്ത പ്രഭാതത്തില്‍ ഞങ്ങളുടെ കാറ് നഗരത്തിരക്കുകളില്‍ ലയിച്ചു. യാത്രയിലുടനീളം അച്ഛന്‍ ഒന്നും സംസാരിച്ചില്ല. പക്ഷെ, എന്റെ വലതുകൈ അദ്ദേഹം നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചിരുന്നു. സെന്റ്മേരീസ് പള്ളി സെമിത്തേരിക്ക് മുന്നില്‍ വണ്ടി നില്‍ക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് കണ്ടു. സാരിത്തലപ്പ് ഒരു ശിരോവസ്ത്രം പോലെ അണിഞ്ഞിരുന്നതിനാല്‍ അവരുടെ മുഖം പാതി മറയ്ക്കപ്പെട്ടിരുന്നു. ആരെയും തിരിച്ചറിയാനായില്ല. കാറ് വഴിയോരത്ത് പാര്‍ക്ക്‌ ചെയ്ത്‌ ഞങ്ങള്‍ സെമിത്തേരിക്കുള്ളിലേക്ക് നടന്നു.
            ഡോളിയുടെ ഗ്രാനൈറ്റ്‌ പാകിയ  കല്ലറക്കുമുകളില്‍ കരിയിലകളും  കരിഞ്ഞുണങ്ങിയ വാകപ്പൂക്കളും വീണുകിടക്കുന്നു. അവയെല്ലാം വൃത്തിയാക്കി  സ്ലാബിന് മുകളില്‍  ഒരു റോസാപ്പൂവ് വെച്ച് ഞാന്‍ തൊഴുകൈയോടെ നിന്നു. കണ്ണുകള്‍ ഈറനണിഞ്ഞ് എന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. ഡോളിയുടെ സുന്ദരമായ മുഖം മനസ്സില്‍ തെളിഞ്ഞുകാണാം. എന്റെ ഒരേയൊരു കുഞ്ഞിപ്പെങ്ങള്‍. ഒരു പൂമ്പാറ്റയെപ്പോലെ തുള്ളിച്ചാടി നടന്നവള്‍. കുസൃതികളും കളികളും തമാശയും കൊണ്ട് ഓരോ നിമിഷവും സമ്പന്നമാക്കി വീട് ഒരു സ്വര്‍ഗമാക്കി മാറ്റിയവള്‍. ഞാന്‍ സെലക്ട് ചെയ്യുന്ന വസ്ത്രങ്ങളേ അവള്‍ അണിഞ്ഞിരുന്നുള്ളു. എന്റെ കൈവിരല്‍തുമ്പുപിടിച്ചേ അവള്‍ എവിടെയും പോയിരുന്നുള്ളു.. ഒരു മിട്ടായി കിട്ടിയാല്‍ പോലും ഒരു വീതം എനിക്ക് തന്നിട്ടേ അവള്‍ കഴിച്ചിരുന്നുള്ളു. അവസാനം  മയക്കുമരുന്നിന്റെ ലഹരിയില്‍ സ്വബോധം നഷ്ടപ്പെട്ട എന്റെ ഒരു കൈയ്യബദ്ധം മൂലം മരിക്കാന്‍ വിധിക്കപ്പെട്ടവള്‍.. ഒരു കൈയ്യബദ്ധം എന്നതിനെ പറയുവാനാവുമോ?. അവളെ തള്ളിമാറ്റി ഞാന്‍ പുറത്തേക്കു ഓടുകയായിരുന്നു. പിന്നില്‍ അവള്‍ തലയടിച്ച് വീണതും ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയതും വിധിയുടെ വിളയാട്ടമായി കരുതാനാവുമോ? . അതിന്റെ ഷോക്കില്‍ ശരീരം തളര്‍ന്ന അമ്മ വര്‍ഷങ്ങളായ്‌ ഒരേ കിടപ്പ് കിടക്കുന്നു.
    എല്ലാം അറിയുന്നത് ബാങ്ക്ളൂരെ ഡീ അടിക്ഷന്‍ കേന്ദ്രത്തിലെ ഡോക്ടര്‍ ബാബു പറയുമ്പോളാണ്. ലഹരിയില്‍ നിന്ന് മുക്തമായി ജീവിതത്തിലേക്ക് മടങ്ങിവരുന്ന വേളയിലാണ് നഷ്ടങ്ങളുടെ ഭീകരത മനസ്സിലാക്കുന്നത്. ബാങ്ക്ളൂരെ ഡീ അടിക്ഷന്‍ കേന്ദ്രത്തില്‍ ചിലവഴിച്ച ദിവസങ്ങള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും നീണ്ടത് താളം തെറ്റിയ മനസ്സ്‌ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. വീട്ടിലേക്ക്‌ ഒരു തിരിച്ചുപോക്ക്‌ ആഗ്രഹിച്ചിരുന്നില്ല. വഴിതെറ്റിപ്പോയ പുത്രനെ രണ്ട്‌ കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ അവിടെ ആരും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷെ, കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് അച്ഛന്റെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സ്നേഹപൂര്‍ണമായ സമീപനം, ഡോക്ടറുടെ ഉപദേശങ്ങള്‍, കൃത്യസമയത്തുള്ള മരുന്നുകള്‍, ചിട്ടയായ വ്യായാമം, യോഗ, ധ്യാനം, പ്രാര്‍ത്ഥന, ആഹാരം, വിനോദം, വായന എല്ലാം എനിക്ക് സമ്മാനിച്ചത് പുതിയ ഒരു ജന്മമായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താതെ ഒരു പുതിയ ലോകം പടുത്തുയര്‍ത്തുക എന്നതായിരുന്നു എന്റെ മുന്നിലുള്ള വെല്ലുവിളി. ആര്‍ക്കും എന്ത് സഹായവും ചെയ്യാന്‍ മനസ്സും ശരീരവും സന്നദ്ധമായിരുന്നു. മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരുവാനും ആശ്വാസദൌത്യവുമായി കൂടെയുണ്ടാകുവാനും എനിക്കായി.
      നഷ്ടപ്പെട്ട സൌഹൃദങ്ങള്‍ തിരികെ പിടിക്കണം. മുടങ്ങിയ പഠനം പുനരാരംഭിക്കണം. പാളംതെറ്റിയ ജീവിതം ഋജുരേഖയിലാക്കണം. കടിഞ്ഞാണില്ലാതെ പായുന്ന ചിന്തകളും സ്വപ്നങ്ങളും. വിസ്മൃതിയുടെ കറുത്ത മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ മനസ്സ്. തണുത്തുറഞ്ഞ ഒരു മഴത്തുള്ളി പ്രതീക്ഷിക്കുന്ന ഒരു വേഴാമ്പലിനെപ്പോലെ നീണ്ട കാത്തിരിപ്പ്. ഒടുവില്‍ കുളിര്‍കാറ്റുപോലെ, ഒരു സ്നേഹ സാന്ത്വനം പോലെ  അച്ഛന്റെ ഫോണ്‍കോളുകള്‍ .
  അമ്മയുടെ മുഖത്ത് നോക്കുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷെ, അമ്മയുടെ കണ്ണീര്‍ വറ്റിയ കണ്ണുകള്‍ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. കൃഷ്ണമണിയുടെ ഓരോ ചലനവും ഓരോ വാക്കുകളായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയില്‍ ഘനീഭവിച്ച മൌനത്തിന്റെ കൂടുകള്‍ തുറന്നുവിട്ട കിളികളെപ്പോലെ ആ കണ്ണുകള്‍ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. മറ്റാര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത സ്നേഹത്തിന്റെ ഭാഷയില്‍.. അമ്മയുടെ കൈപ്പത്തിയുടെ ചൂട്‌ എന്റെ വിരലുകളില്‍ നിന്ന് സിരകളിലേക്ക് ഒരു ഊര്‍ജപ്രവാഹം പോലെ  നിറയുന്നതായി തോന്നി.
            അമ്മയെ ശുശ്രൂഷിക്കാന്‍ മാത്രമായി ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടാക്കിയിരുന്നു. അടുക്കളപ്പണിക്കും പുറം ജോലികള്‍ക്കുമായി മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. പക്ഷേ, ഞാനുള്ള വീട്ടില്‍ ജോലിചെയ്യാന്‍ ധൈര്യം ഇല്ല എന്ന് പറഞ്ഞ് രണ്ടുപേരും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം വിട്ടുപോയി. മയക്കുമരുന്നിന്‌ അടിമയായി ഒരു കൊലപാതകം വരെ ചെയ്ത ഒരാളുള്ള വീട്ടില്‍ അവര്‍ക്ക് നില്‍ക്കാന്‍ താല്പര്യം ഇല്ലായിരുന്നു. ഏതുസമയത്താണ് ആക്രമാസക്തനാകുന്നതെന്ന ആശങ്ക അവര്‍ക്ക്   ഉണ്ടായിരുന്നു. സ്വന്തം ജീവന്‍ പണയം വെച്ചുള്ള ഒരു വിട്ട്ടുവീഴ്ചക്കും അവര്‍ തയ്യാറായിരുന്നില്ല. രോഗം മാറിയ വിവരവും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കാണിക്കാന്‍ അച്ഛന്‍ തയ്യാറായിട്ടും അവര്‍ വഴങ്ങിയില്ല. അച്ഛന്‍ പല സ്ഥലത്ത് അന്വഷിച്ചിട്ടും പുതിയ പണിക്കാരെ ആരെയും കിട്ടിയില്ല. ഹോം നേഴ്സിനെ സപ്ലൈ ചെയ്യുന്ന ഏജെന്സിക്കാരാണ് കാര്യം തുറന്നു പറഞ്ഞത്. ഒരു ഭ്രാന്തനുള്ള വീട്ടിലേക്കു ആരും പണിക്ക് വരില്ലെന്ന്. അവര്‍ കൂട്ടായ ഒരു തീരുമാനം എടുത്തതുപോലെ തോന്നി.
       അങ്ങനെ സാവധാനം   അമ്മയെ ശുശ്രൂഷിക്കുന്ന ജോലി ഞാനും അച്ഛനുംകൂടി ഏറ്റെടുക്കേണ്ടിവന്നു. ഒരു മകന് ചെയ്യാവുന്ന ശുശ്രൂഷകള്‍ക്ക് ഒരു പരിധി ഉണ്ടായിരുന്നു. കുളിപ്പിക്കാനും വസ്ത്രം മാറ്റാനും സ്ത്രീകളുടെ സഹായം അനിവാര്യമായിരുന്നു. എത്ര പണം കൊടുക്കാമെന്നു പറഞ്ഞിട്ടും ആരും അവിടേക്ക് വരുവാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഞാന്‍ ബാന്ഗ്ലൂരിലേക്ക് മടങ്ങുവാന്‍ തയ്യാറായി. പക്ഷെ, അച്ഛന്‍ സമ്മതിച്ചില്ല. അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീ വീട്ടില്‍ നില്‍ക്കാന്‍ സന്നദ്ധയായി വരുന്നതുവരെ ഞങ്ങള്‍ വളരെ ബുദ്ധിമുട്ടി.
      പഴയ മൊബൈല്‍ തപ്പിയെടുത്തത് സുഹൃത്തുക്കളെ ഓരോരുത്തരായി വിളിക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു. പക്ഷേ, ഫോണ്‍ സ്വിച്ച്ഓണ്‍ ചെയ്യാന്‍ സാധിച്ചില്ല. ബാറ്ററി കേടായിപ്പോയിരുന്നു. പുതിയ ഒരു മൊബൈല്‍ വാങ്ങി സിം ഇട്ട് നോക്കിയപ്പോള്‍ നമ്പറുകള്‍ ഒന്നും  നഷ്ടപ്പെട്ടില്ലാ എന്ന അറിവ് എന്നെ   വളരെ ആവേശത്തിലാക്കി. കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട്‌ പഴയ നമ്പര്‍ തന്നെ ആക്ടിവേറ്റ്‌ ചെയ്തെടുക്കാന്‍ ഒരാഴ്ച സമയം എടുത്തു. വലിയ ആവേശത്തോടുകൂടിയാണ് ഞാന്‍ ഓരോ നമ്പരും ഡയല്‍ചെയ്തത്.   പക്ഷെ, എന്റെ പേര് കണ്ടതോടുകൂടി പലരും സംഭാഷണം അവസാനിപ്പിക്കാന്‍ തിരക്ക് കൂട്ടുന്നതുപോലെ തോന്നി. ചിലര്‍ കോള്‍ അസെപ്റ്റ്‌ ചെയ്യാതെ തന്നെ ഫോണ്‍ കട്ടുചെയ്തു. ചിലര്‍ ഒരു നിമിഷം നിശബ്ദരായി, പിന്നെ എന്തൊക്കെയോ ഉപചാര വാക്കുകള്‍ പറഞ്ഞു ഫോണ്‍വെച്ചു.   എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞു മിക്കവരും ഓരോ ജോലിയില്‍ പ്രവേശിച്ചിരുന്നു. സ്വന്തം ജീവിതം ഭദ്രമാക്കാനുള്ള വ്യഗ്രതയില്‍ വഴിതെറ്റിപ്പോയ പഴയ സതീര്‍ത്ഥ്യനെ എല്ലാവരും  മറന്നുകഴിഞ്ഞു. അവരുടെ ഇടയില്‍ ഒരു ഹീറോയായി മതിമറന്ന് നടന്ന മനോഹരമായ കോളെജുകാലം ഇനി  മറക്കുവാന്‍ ശ്രമിക്കാം.
       ഒരു ശപിക്കപ്പെട്ട ദിവസം. അന്നാണ്  അരുണിനെ  ആദ്യമായി പരിചയപ്പെടുന്നത്. കോളേജിനടുത്തുള്ള ഒരു വാകമരത്തണലില്‍ വെച്ചാണ് അവന്‍ ആദ്യമായി എനിക്ക് ഒരു സിഗരറ്റ്‌ വലിക്കുവാന്‍ തരുന്നത്. പിന്നെ ബിയറും വിദേശമദ്യവും ഗഞ്ചാവും മയക്കുമരുന്നുമെല്ലാം അവന്‍ എനിക്കുതന്നു. തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ അവന്റെ ആകര്‍ഷണവലയത്തില്‍ വീണുകഴിഞ്ഞിരുന്നു. രക്ഷപ്പെടുവാനാവാത്ത ഓരോ ചതിക്കുഴികളിലേക്ക് അവന്‍ എന്നെ തള്ളിയിട്ടുകൊണ്ടിരുന്നു. അവന്‍ പണം മാത്രം മതിയായിരുന്നു. അച്ഛന്റെ പേഴ്സില്‍നിന്ന് ആവശ്യമായ തുക മോഷ്ടിക്കുവാന്‍ അവന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒരു ദിവസം പണം കിട്ടാതെ വിവശനായ ഞാന്‍ ഡോളിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അവളുടെ മരണത്തിനും അമ്മയുടെ തീരാദുരിതങ്ങള്‍ക്കും  കാരണമായത്‌.
   പഴയ ഫേസ്ബുക്ക് പാസ്‌വേഡ് മറന്നുപോയതിനാല്‍ പുതിയ ഐ.ഡി ക്രിയേറ്റ്‌ ചെയ്ത് പഴയ ഓരോ സുഹൃത്തുക്കള്‍ക്കും ഫ്രെണ്ട്ഷിപ്‌ റിക്വെസ്റ്റ്‌ അയച്ചുനോക്കി. ആഴ്ചകള്‍ കാത്തിരുന്നിട്ടും ആരുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണം ഒന്ന് ഉണ്ടായില്ല. ദിവസവും വലിയ പ്രതീക്ഷയോടെയാണ് ഞാന്‍ ഫേസ്ബുക്ക് തുറന്ന് നോക്കിയിരുന്നത്. റിക്വെസ്റ്റ്‌ അസെപ്റ്റ്‌ ചെയ്തുകൊണ്ട്  ആരുടെയും നോട്ടിഫികേഷന്‍ വന്നില്ല. എങ്കിലും ദിവസവും ഞാന്‍ ഒരു ദിനചര്യപോലെ ഫേസ്ബുക്ക് തുറന്ന് നോക്കിയിരുന്നു. ആഴ്ചകളുടെ കാത്തിരിപ്പിനൊടുവില്‍ ചാറ്റ്ബോക്സില്‍ ഒരു ഫ്രെണ്ട്ഷിപ്‌ റിക്വെസ്റ്റ്‌ വന്നു. അത്  അരുണിന്റെ റിക്വെസ്റ്റ്‌ ആയിരുന്നു. ഒരു നിമിഷം ഞാന്‍ സ്തബ്ധനായിപ്പോയി. എന്റെ ജീവിതമാകെ എറിഞ്ഞുടച്ച ഒരു നരാധാമന്റെ പുഞ്ചിരി പോലെ തോന്നി. ചുവന്നു കലങ്ങിയ കണ്ണുകളും രക്തം പുരണ്ട കൈകളുമായി എന്നെ മാടിവിളിക്കുന്ന ഒരു രാക്ഷസ്സന്റെ മുഖമാണ് മുന്നില്‍ കാണുന്നത്. മനസ്സില്‍ ഒരു വിസ്പോടനം നടന്നു. സിരകളില്‍ രക്തം ഉറഞ്ഞുകൂടുന്നതുപോലെ.
   There is a friend request from Arun kumar
              Accept now/ Not now
      ഞാന്‍ മൗസ് ചലിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, കഴ്സര്‍ ഒരു ബിന്ദുവില്‍ തന്നെ  അനങ്ങാതെ നില്‍ക്കുകയായിരുന്നു.
 ഡോക്ടര്‍ കൃഷ്ണനുണ്ണി യുടെ ഫോണ്‍കോളാണ് എന്നെ മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയത് പതിമൂന്നാം നിലയിലുള്ള റൂംനമ്പര്‍ 138 ലാണ്. അവിടെ ആസന്നമരണനായി  കിടക്കുന്ന രോഗിയുടെ അവസാനത്തെ ആഗ്രഹം എന്നെ കാണുക എന്നുള്ളതാണന്നു പറഞ്ഞപ്പോള്‍ അതൊരിക്കലും അരുണ്‍ ആയിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. എല്ലും തോലുമായി തനിയെ എഴുന്നേറ്റ് ഇരിക്കാന്‍ പോലുമാകാതെ മരണത്തോടടുത്ത ഒരു എയിഡ്സ് രോഗിയായി മാറിയിരുന്നു അരുണ്‍.  മയക്കുമരുന്ന് ഇന്‍ജെക്ഷന്‍ സിറിഞ്ചുകള്‍ മാറി മാറി ഉപയോഗിച്ചതാണ്  എയിഡ്സ് പിടിപെടാന്‍ കാരണം എന്നാണു ഡോക്ടര്‍ പറഞ്ഞത്.
  “ നീയെന്നോട് ക്ഷമിക്കണം ജോളീ. നിന്റെ ജീവിതം നശിപ്പിച്ചത് ഞാനാണ്. അതിനു ദൈവം തന്ന ശിക്ഷയാണിത്. നിന്നോട് മാപ്പ് പറഞ്ഞാല്‍ മാത്രമേ ഈ തീരാ വേദനയില്‍ നിന്ന് ദൈവം എന്നെ വിളിക്കൂ.”
  “അരുണ്‍ നിനക്കൊന്നും സംഭവിക്കില്ല. നിന്നെ ഞാന്‍ ചികില്‍സിച്ചു രക്ഷപ്പെടുത്തും. നിന്നെ ഞാന്‍ മരണത്തിന് വിട്ടുകൊടുക്കുകില്ല. നീയെന്റെ സുഹൃത്തായി എന്നുമുണ്ടാകണം. അതാണെന്റെ ആഗ്രഹം. തെറ്റ് ആര്‍ക്കും പറ്റും. അതില്‍നിന്നു പാഠം ഉള്‍ക്കൊണ്ട്‌ പുതിയ ജീവിതവും, പുതിയ വഴികളും  കണ്ടെത്തണം.”
  മനസ്സില്‍ ഉറഞ്ഞുകൂടിയിരുന്ന പ്രതികാരമെല്ലാം അരുണിന്റെ ദയനീയാവസ്ഥ കണ്ടപ്പോള്‍ ഉരുകിയൊലിച്ചു പോയിരുന്നു. മനസ്സ് നിറയെ സ്നേഹത്തിന്റെ തിരമാലകള്‍ അലയടിക്കുന്നു. ഞാന്‍ കട്ടിലില്‍ അവനോടൊപ്പം ഇരുന്ന് അവനെ ചേര്‍ത്തുപിടിച്ചു. അവന്‍ എന്റെ മാറില്‍ തലചായ്ച്ചു. സാവധാനം അവന്റെ  കൈകള്‍ കുഴയുന്നതും എന്റെ മടിയിലേക്ക് കമഴ്ന്നു വീഴുന്നതും ഞാനറിഞ്ഞു.

Tuesday 14 August 2012

ചിത

ചിത
     ചിത എരിഞ്ഞടങ്ങി തീരാറായി. ചെറുതായി പുക ഉയരുന്നുണ്ട്. നീളമേറിയ വടികള്‍ കൊണ്ട് രണ്ടുപേര്‍ കനല്‍ക്കട്ടകള്‍ ഇളക്കിയിടുന്നു. വയറ്റില്‍ എരിയുന്ന പട്ടച്ചാരായത്തിന്റെ ലഹരിയില്‍ അവര്‍ പാതികത്തിയ മാംസവും എല്ലിന്‍കഷണങ്ങളും കനലിട്ടു മൂടുകയാണ്. മാംസം കരിയുന്ന മനം മടുപ്പിക്കുന്ന ഗന്ധവും ചന്ദനത്തിരിയുടെ സുഗന്ധവും അവിടെ ചുറ്റിത്തിരിയുന്ന കാറ്റിലുണ്ട്. ടാര്‍പോളിന്‍ വലിച്ചുകെട്ടിയ പന്തലില്‍ നിരത്തിയിരുന്ന കസേരകള്‍ ചിലര്‍ അടുക്കിവെക്കുന്നു.
   ശവസംസ്കാരത്തിനെത്തിയ നാട്ടുകാരൊക്കെ പിരിഞ്ഞുതുടങ്ങി.  .സ്വീകരണമുറിയിലും മുറ്റത്തുമായി ചില ബന്ധുക്കളും സ്വന്തക്കാരും കൂടിനിന്ന് അടക്കം പറയുന്നു. കൊച്ചുമക്കള്‍ മുറ്റത്ത്‌ ഓടിക്കളിക്കുന്നു. ചിതക്ക് സമീപത്തെ മരച്ചുവട്ടില്‍ നീറിപ്പിടയുന്ന മനസ്സുമായി നില്കയാണ് ഞാന്‍. സാന്ത്വനങ്ങള്‍ കേള്‍ക്കാതെ കണ്ണില്‍ നിറയുന്ന അശ്രുകണങ്ങള്‍ കൈലേസാല്‍ ഒപ്പി അനന്തതയിലേക്ക് കണ്ണുംനട്ട് ഏകാനായ്‌ ഞാന്‍ നിന്നു. കരച്ചിലിന്റെയും ദുഖപ്രകടനങ്ങളുടെയും മുഹൂര്‍ത്തങ്ങളില്‍  നാടകീയമായ അഭിനയം കാഴ്ചവെച്ച ബന്ധുജനങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പുഛം തോന്നി. വിട്ടകന്ന ആത്മാവിന്റെ അപദാനങ്ങള്‍ വാഴ്ത്തിയവരൊന്നും അദ്ദേഹത്തിന് ഒരിക്കലും സ്വസ്ഥതയും സമാധാനവും കൊടുത്തവരായിരുന്നില്ല. എല്ലാം അപഹരിക്കാനുള്ള വ്യഗ്രതയോടെ സ്തുതിപാഠകരായി വട്ടം കൂടിയവരുടെ കുതന്ത്രങ്ങള്‍ രാഘവേട്ടന്‍ മനസ്സിലാക്കിയിരുന്നു.
  വര്‍ഷങ്ങള്‍ക്കുമുമ്പ്‌ രാഘവേട്ടനെ ആദ്യമായിക്കണ്ട നിമിഷങ്ങള്‍ മനസ്സിലോടിയെത്തി.. വയറില്‍ കത്തിപ്പടരുന്ന വിശപ്പുമായി ഞാനൊരു സൂപ്പര്‍മാര്കെറ്റിനുമുമ്പില്‍ വെറുതേ നില്‍കയായിരുന്നു. എന്തെങ്കിലും ചെറിയ പണിയെടുത്ത്‌ ഒരു ചായയെങ്കിലും കുടിക്കണമെന്ന ആഗ്രഹത്തോടെ സൂപ്പര്‍മാര്കെറ്റില്‍ വന്നെത്തുന്ന ഓരോ വ്യക്തിയോടും എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നന്വേഷിച്ചു മണിക്കൂറുകളായി ഞാന്‍ അവിടെ ചുറ്റിത്തിരിയുകയായിരുന്നു. ഇരക്കുവാന്‍ മടിയായിരുന്നതിനാല്‍ ആരുടേയും മുമ്പില്‍ കൈനീട്ടാന്‍ മനസ്സനുവദിച്ചില്ല. രാഘവേട്ടനും സുമതിയാന്റിയും കാറില്‍ വന്നിറങ്ങുമ്പോള്‍ ഞാന്‍ ഓടിയെത്തി.
   “സാര്‍   എനി ഹെല്‍പ്‌ ?”
“നീ എന്ത് സഹായം ചെയ്യും”?
“സാര്‍ ലിസ്റ്റ്‌ തന്നാല്‍ ഞാന്‍ സാധനമെല്ലാം എടുത്ത് ബില്ലിട്ടുതരാം.”
“എനിക്ക് അധികമൊന്നും വാങ്ങാനില്ല. തനിയെ എടുക്കാനുള്ളതെ ഉള്ളു.”
 എന്റെ മനസ്സിലെ പ്രതീക്ഷകള്‍ നഷ്ടമായി.  എരിഞ്ഞുകയറുന്ന വിശപ്പിന്റെ കാളലമര്‍ത്താന്‍ ഞാന്‍ വയറില്‍ തടവി. ഇനി അടുത്ത കസ്റ്റമര്‍ വരുന്നതുവരെ കാത്തുനില്‍ക്കാം. സൂപ്പര്‍മാര്കെറ്റില്‍ തിരക്കേറി വരുന്നതേയുള്ളൂ. ആരെങ്കിലും ചെറിയ പണിയെന്തെന്കിലും എല്പ്പിക്കാതിരിക്കില്ല. ശുഭാപ്തിവിശ്വാസത്തോടെ ഞാന്‍ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ നോക്കി നിന്നു. റോഡിന് മറുവശത്തെ തട്ടുകടയില്‍ എണ്ണയില്‍ കിടന്നു പൊരിയുന്ന പരിപ്പുവടയുടെ ഗന്ധം നാസാരന്ധ്രങ്ങളില്‍ തുളച്ചുകയറി. വായില്‍ ഉമിനീര്‍ നിറഞ്ഞു.
  “നിനക്ക് ഈ കറൊന്നു തുടച്ച്‌ വൃത്തിയാക്കാമോ?”  രാഘവേട്ടന്റെ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി.
“ചെയ്യാം സാര്‍.”
“ശരി വാ.”  അദ്ദേഹം ഡിക്കിയില്‍ നിന്ന് കുറച്ച് മുഷിഞ്ഞ തുണിയെടുത്ത് തന്നിട്ട് സൂപ്പര്‍മാര്കെറ്റിനുള്ളിലേക്ക് നടന്നുമറഞ്ഞു
 കാറില്‍ പുരണ്ട പൊടിയും ചെളിയും തുടച്ച്‌ വൃത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ആകെ വിയര്‍പ്പില്‍ മുങ്ങി. വിശപ്പും ക്ഷീണവും കണ്ണുകളില്‍ ഇരുള്‍ പരത്തി. ശരീരമാകെ പടര്‍ന്ന തളര്‍ച്ചയില്‍ ഞാന്‍ കാറിന്റെ ഡോറില്‍ ചാരിയിരുന്ന് മയങ്ങി. 
  രാഘവേട്ടന്റെ തണുത്ത കരസ്പര്‍ശമാണ് എന്നെ ഉണര്‍ത്തിയത്. അദ്ദേഹം തന്ന അഞ്ചുരൂപയുമായി ഞാന്‍ റോഡ്‌ മുറിച്ചുകടന്ന്‍ ഓടി. തട്ടുകടയില്‍നിന്നു പരിപ്പുവടയും ചൂടുചായയും കഴിച്ച്‌കഴിഞ്ഞപ്പോള്‍ വയറ്റിലെ അഗ്നി അല്പമൊന്നടങ്ങി. അടുത്ത കസ്റ്റമറെ പ്രതീക്ഷിച്ചുകൊണ്ട്  സൂപ്പര്‍മാര്കെറ്റിന് മുന്നില്‍ ഞാനെത്തുമ്പോള്‍ രാഘവേട്ടനും സുമതിയാന്റിയും എന്നെത്തന്നെ ശ്രദ്ധിച്ചു നില്‍ക്കയായിരുന്നു.
  എന്റെ ദയനീയാവസ്ഥ അദ്ദേഹം മനസ്സിലാക്കിയ നിമിഷമായിരുന്നു അത്. “എന്താണ് നിന്റെ പേര്?” അദ്ദേഹം സ്നേഹത്തോടെ എന്നെ ചേര്‍ത്തുനിര്‍ത്തി ചോദിച്ചു.
“അജിത്‌”
വീടെവിടെയാണ്.?”
“ഇവിടെ അടുത്താണ്?”
“ആരൊക്കെയുണ്ട് വീട്ടില്‍?”
“അമ്മയും അനുജത്തിയും.”
“അമ്മക്കെന്താണ് ജോലി?”
“വീട്ടുവേലക്ക് പോകും.”
“നീ പഠിക്കുന്നുണ്ടോ.?”
“ഇല്ല. നിര്‍ത്തി.”
“നീ ഞങ്ങളുടെ കൂടെ വരുന്നോ.?”
“അമ്മയോട് ചോദിക്കണം.”
 രണ്ട് ദിവസത്തിനുശേഷം അമ്മയുടെ സമ്മതത്തോടെ ഞാന്‍ രാഘവേട്ടന്റെ വീട്ടിലേക്ക്‌ യാത്രതിരിച്ചു. നഗരപരിധിക്ക് വെളിയില്‍ വയലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ ഗ്രാമത്തിലെ വലിയ വീടിനുമുന്നില്‍ വണ്ടിനിന്നപ്പോള്‍ നാട്ടുച്ചകഴിഞ്ഞിരുന്നു. കത്തുന്ന സൂര്യകിരണങ്ങളേറ്റ് തളര്‍ന്നു തലതാഴ്ത്തി നില്‍ക്കുന്ന ചെടികള്‍ നിറഞ്ഞ വിശാലമായ ഉദ്യാനം. പടര്‍ന്ന്‌ പന്തലിച്ചു നില്‍ക്കുന്ന ഒട്ടുമാവില്‍ നിറയെ മാങ്ങകള്‍. കാറ്റത്തുലഞ്ഞാടുന്ന തെങ്ങിന്‍ തലപ്പുകളെ തഴുകിയെത്തുന്ന കാറ്റിന്    ചെറിയ തണുപ്പുണ്ടായിരുന്നു.
     സ്വീകരണമുറിയിലെ ആഡംബരങ്ങളും അലങ്കാരങ്ങളും ഞാന്‍ വിസ്മയത്തോടെ നോക്കിനിന്നു. രാഘവേട്ടന്‍ എന്നെ വീടും പറമ്പുമെല്ലാം കാട്ടിത്തന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ മുറിയാണ് എനിക്ക് വിശ്രമിക്കാനായി തന്നത്. പക്ഷേ, പിന്നീട് ഒരിക്കലും എനിക്ക് ആ മുറിയില്‍ കിടക്കേണ്ടി വന്നിട്ടില്ല. രാഘവേട്ടന്റെ ശീതീകരിച്ച കിടപ്പുമുറിയിലെ തറയില്‍ വിരിച്ച പുല്പ്പായയില്‍ ആയിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ ഉറക്കം. അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും എന്റെ സഹായം അനിവാര്യമായി മാറി. ഫോണ്‍ അറ്റന്‍ഡ് ചെയ്യല്‍ , രാത്രിയില്‍ കഴിക്കാനുള്ള മരുന്നും വെള്ളവും എടുത്തുകൊടുക്കല്‍ എല്ലാം എന്റെ കര്‍ത്തവ്യങ്ങളായി മാറി.
  പകല്‍ സമയങ്ങളില്‍ പൂന്തോട്ടം നനക്കുക, വീടിന്റെ ഗ്രാനൈറ്റ് പാകിയ തറ തുടക്കുക , ടൌണില്‍ കൂട്ടുപോകുക, ലൈബ്രറിയില്‍ പോയി പുസ്ത്രകങ്ങള്‍ എടുക്കുക എല്ലാമായിരുന്നു എന്റെ ജോലി.
   അപ്രതീക്ഷിതമായി വന്നെത്തിയ വിരുന്ദുകാരനെപ്പോലെ മരണം ഒരുനാള്‍ സുമതിയാന്റിയെ കൂട്ടി മടങ്ങി. കാലം കടന്നുപോകവേ വേര്‍പാടിന്റെ വേദനയോടെ വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു രാഘവേട്ടന്. ഒന്നിനോടും ഒരു  താല്‍പര്യവുമില്ലാതെ ആരോടും സംസാരിക്കാതെ സ്വയം തീര്‍ത്ത വല്മീകത്തിലേക്കു പിന്‍വാങ്ങുകയായിരുന്നു. ദിനചര്യകളും ഭക്ഷണക്രമവും താളംതെറ്റി. മരുന്ന് സമയത്ത് എടുത്ത് കൊടുത്താലും കഴിക്കാതെയായി. അങ്ങനെ ഒരുനാള്‍ രക്തസമ്മര്‍ദ്ദം കൂടി അദ്ദേഹം തളര്‍ന്നു വീണപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചുനിന്നു.  ആഴ്ചകള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍  അദ്ദേഹത്തിന്റെ ഇടതുവശത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടമായിക്കഴിഞ്ഞിരുന്നു.
    ജോലിത്തിരക്കുള്ള മക്കളില്‍ ചിലര്‍ ആശുപത്രിയില്‍ വന്ന്‌ വിവരങ്ങള്‍ തിരക്കി മടങ്ങിയിരുന്നു. അച്ഛനെ കൂടെ താമസിപ്പിച്ചു ശുശ്രൂഷിക്കാന്‍ അവരാരും തയ്യാറല്ലായിരുന്നു. വിദേശത്തുള്ള മകളുടെ ഫോണ്‍കോളുകള്‍ അദ്ദേഹത്തിന്റെ ഉറക്കവും സമാധാനവും നഷ്ടപ്പെടുത്തി. സ്നേഹബന്ധങ്ങളും കടപ്പാടുകളും കടമകളും കറന്‍സിയുടെ മൂല്യത്തില്‍ അളക്കാന്‍ ശ്രമിച്ചവരെ അദ്ദേഹത്തിന് പുച്ഛമായിരുന്നു. അച്ഛന്‍ എന്നത് ജീവനുള്ള ഒരു ശവശരീരമായാണ് അവര്‍ കണ്ടത്. തീര്‍ത്താലും തീരാത്ത ഒരു ബാദ്ധ്യതയായിട്ട്. വരുമാനവും ആരോഗ്യവും നഷ്ടപ്പെട്ട വൃദ്ധനെ ശുശ്രൂഷിക്കാന്‍ ആര്‍ക്കും സമയവും സൗകര്യവും ഉണ്ടായിരുന്നില്ല. വീട്ടില്‍ ഒരു ഹോംനേഴ്സിനെ ചുമതലപ്പെടുത്തി അവര്‍ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറി.
    മരണത്തിന്റെ കാലൊച്ച കാതോര്‍ത്തു അദ്ദേഹം കിടന്നു. അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും ഞാന്‍ പൂര്‍ണ്ണമനസ്സോടെ സാധിച്ചുകൊടുത്തു. ശീതീകരിച്ച കിടപ്പുമുറിയിലെ ആ വലിയ കട്ടിലിന് ചുറ്റുമായി എന്റെ ജീവിതം. അദ്ദേഹം  ആവശ്യപ്പെടുന്ന  പത്രങ്ങളും ലൈബ്രറിയില്‍നിന്ന് എടുത്ത് കൊണ്ടുവരുന്ന പുസ്തകങ്ങളും  വായിച്ചു കേള്‍പ്പിക്കുക  എന്റെ ജോലിയായി മാറി.  
       ഭഗവത്ഗീതയിലെ ശ്ലോകങ്ങള്‍ ഞാന്‍ വായിക്കുമ്പോള്‍ അദ്ദേഹം അതിന്റെ അര്‍ത്ഥം പറഞ്ഞുതന്നു. നാക്കിനു പൂര്‍ണമായ ചലനശേഷി ഇല്ലാതിരുന്നിട്ടും അദ്ദേഹം പറയുന്നത് ഏറെക്കുറെ എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നു.  ഗീതയും, രാമായണവും, മഹാഭാഗവതവും എന്റെ ശബ്ദത്തില്‍ അദ്ദേഹത്തിന്റെ ബോധമണ്‍ഡലത്തില്‍ പുതിയ ചിത്രങ്ങള്‍ രചിച്ചു. എന്റെ മനസ്സിലേക്കും വെളിച്ചത്തിന്റെ അഗ്നികിരണങ്ങള്‍ അറിവിന്റെ വാതായനങ്ങള്‍ തുറന്നിട്ടു.
    യയാതിയുടെ കഥ അദ്ദേഹമെനിക്ക് പറഞ്ഞുതന്നു. യൗവ്വനതൃഷ്ണകളടക്കുവാന്‍ മകനില്‍ നിന്ന് യൌവ്വനം  കടം വാങ്ങിയ വൃദ്ധന്റെ കഥ. മുഹമ്മദ്‌ നബിയുടെയും യേശുക്രിസ്തുവിന്റെയും ശ്രീബുദ്ധന്റെയും കഥ. ഒരു മൂല്യങ്ങള്‍ക്കും വിലകല്പിക്കാതെ പരസ്പരം കൊന്നൊടുക്കിയും കീഴ്പ്പെടുത്തിയും മൃഗതുല്യരായി ജീവിച്ചിരുന്ന മനുഷ്യരുടെ ഇടയിലേക്ക് ശാന്തിയുടെ സ്നേഹത്തിന്റെ  സമാധാനത്തിന്റെ  സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച പ്രവാചകരുടെ കഥ.
    പുരാണങ്ങളും വേദപുസ്തകങ്ങളും മനസ്സില്‍ വെളിച്ചം വിതറിയ ആത്മീയതയുടെയും ഭക്തിയുടെയും ആനന്ദം അളവറ്റതായിരുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അഹിംസയുടെയും പൊരുളെന്തെന്നറിഞ്ഞു. സത്യത്തിനും ധര്‍മത്തിനും നീതിക്കും സമൂഹത്തിലുള്ള സ്ഥാനം തിരിച്ചറിഞ്ഞു. വിദ്വേഷത്തിന്റെ മുള്ളുകള്‍ നിറഞ്ഞ കപടവിശ്വാസികളുടെ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞു. ഭൂത,ഭാവി കാലങ്ങളെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെടാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ വെളിച്ചം വിതറുവാന്‍ മനസ്സ് സജ്ജമായി. എല്ലാവര്ക്കും സൌഖ്യമാശംസിക്കുന്ന ഹിന്ദുമതവും, ആരെയും നോവിക്കരുതെന്ന് പറയുന്ന ഇസ്ലാമും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ക്രിസ്തുമതവും  അഹിംസയുടെ മഹത്വം വിളിച്ചുപറയുന്ന ബുദ്ധമതവും എല്ലാം എനിക്ക്  ഉള്‍ക്കൊള്ളാന്‍ ആവുന്നുണ്ടായിരുന്നു.
        കോരിച്ചൊരിയുന്ന മഴയുള്ള ഒരു തണുത്ത രാത്രയില്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. കടുത്ത ആസ്ത്മ ഉള്ളതിനാല്‍ ഇന്‍ഹേയ്‌ലര്‍ ഉപയോഗിച്ചിരുന്നു. ഞാന്‍ വായിച്ചുകേള്‍പ്പിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ അവസാന പേജിലെത്തിയപ്പോള്‍ അദ്ദേഹം അനക്കമറ്റു കിടക്കുകയായിരുന്നു. ആ കണ്ണുകള്‍ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. അസ്വാഭാവികമായ ആ നോട്ടം കണ്ടപ്പോള്‍ ഞാനാ കൈവിരലുകളില്‍ സ്പര്‍ശിച്ചു. കൈകള്‍ തനുത്തുറഞ്ഞിരുന്നു. നാടിയിടുപ്പ് നിലച്ചിരിക്കുകയാണ്. നാസാരന്ധ്രങ്ങളിലൂടെ അവസാന ശ്വാസവും പോയിക്കഴിഞ്ഞിരിക്കുന്നു. ഞാനദ്ദേഹത്തിന്റെ കണ്‍പോളകള്‍ തിരുമ്മിയടച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പിടിച്ചുനില്‍ക്കുവാന്‍ ആവാതെ ഞാനദ്ദേഹത്തിന്റെ നെഞ്ചില്‍ തലചായ്ച്ച് പൊട്ടിക്കരഞ്ഞു.മഴ പെയ്ത രാവിന്റെ തണുപ്പ് ഒരു പട്ടുതുണിപോലെ അദ്ദേഹത്തിന്റെ ശരീരത്തെ മൂടി.
   ചന്ദനമുട്ടികളും മാവിന്റെ വിറകും ചാണകവരളിയുമടങ്ങിയ ചിതക്ക് തീ കൊളുത്തിയത് മൂത്ത മകനായ വിശ്വനാധേട്ടന്‍  ആണ്. ഈറന്‍ വാസ്ത്രമണിഞ്ഞ മക്കളും കൊച്ചുമക്കളും  ചിതക്ക്ചുറ്റും കൈകൂപ്പി നിന്നു. സാവധാനം ചിത കെട്ടടങ്ങിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. നേര്‍ത്ത ഇരുട്ടും തണുപ്പും. പുകപടലങ്ങളുടെ പുതപ്പണിഞ്ഞുനിന്ന തെക്കേപ്പറമ്പില്‍ നിന്നും ഞാന്‍ പൂമുഖത്ത് വന്നു. വട്ടം കൂടിയിരുന്ന് സൊറപറയുന്ന ബന്ധുക്കള്‍ക്കിടയിലൂടെ ഞാന്‍ രാഘവേട്ടന്റെ മുറിയിലെത്തി. കട്ടിലിനടിയില്‍ നിന്നും എന്റെ ബാഗ് ഞാന്‍ പുറത്തെടുത്തു. മേശപ്പുറത്തിരുന്ന രാഘവേട്ടന്റെ ഫ്രെയിം ചെയ്ത ഫോട്ടോ ബാഗില്‍ വെച്ചു. പിന്നെ രാമായണവും ഭാഗവതവും ഗീതയും എന്റെ മുഷിഞ്ഞ കുറെ വസ്ത്രങ്ങളും ബാഗില്‍ നിറച്ച്‌ ഞാന്‍ ഒരു നിമിഷം നിന്നു. രാഘവേട്ടന് കിടന്നിരുന്ന കട്ടിലിലേക്ക് ഞാന്‍ നോക്കി. അദ്ദേഹത്തിന്റെ നിശ്വാസങ്ങലും ഗന്ധവും സ്നേഹവും തങ്ങിനില്‍ക്കുന്ന ആ മുറിയില്‍നിന്നും ഇടറുന്ന കാലടികളോടെ ഞാന്‍ പുറത്തേക്ക്‌ നടന്നു.
      “അജിത്തേ...... നില്‍ക്കെടാ അവിടെ. എന്താണ് നിന്റെ ബാഗില്‍. നീ എന്താണ് മോഷ്ടിച്ച് കടത്തുന്നത്.”?    രാഘവേട്ടന്റെ ഇളയ മകള്‍ സുശീലചേച്ചി ഓടിവന്ന് ബാഗ് തട്ടിപ്പറിച്ചു അതിലെ സാധനങ്ങള്‍ തറയില്‍ കുടഞ്ഞിട്ടു. രാഘവേട്ടന്റെ ഫ്രെയിം ചെയ്ത ഫോട്ടോ തറയില്‍ വീണു ചിന്നിച്ചിതറി. മുഷിഞ്ഞ തുണികള്‍ക്കൊപ്പം കിടന്ന വേദഗ്രന്ഥങ്ങള്‍ അവര്‍ ധൃതിയില്‍ മറിച്ചുനോക്കി.
    “നീ എത്ര രൂപാ ഇതിനുള്ളില്‍ മോഷ്ടിച്ചു വെച്ചിട്ടുണ്ട്”? ക്രോധത്തോടെ അവര്‍ തിരഞ്ഞതൊന്നും അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. ഭ്രാന്തമായ ആവേശത്തോടെ അവര്‍ ഓരോ പേജും മറിച്ചു നോക്കിക്കൊണ്ടിരുന്നു. ഒരു നാണയത്തുട്ടോ ഒരു കറന്‍സി നോട്ടോ പോലും കണ്ടെടുക്കാനാവാതെ  അവര്‍ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞു.
    രാഘവേട്ടന്റെ ചില്ലുടഞ്ഞ ചിത്രം ഞാന്‍ തറയില്‍നിന്നെടുത്തു. ചില്ലുകഷ്ണങ്ങള്‍ കൊണ്ട് വിരലില്‍ നിന്നു ചോര പൊടിഞ്ഞു. മുഷിഞ്ഞ വസ്ത്രങ്ങളും അവര്‍ വലിച്ചെറിഞ്ഞ പുസ്തകങ്ങളും ബാഗിനുള്ളില്‍ നിറച്ച്‌ ഞാന്‍ പുറത്തേക്ക്‌ നടന്നു.

Monday 16 July 2012

നാടകരചന

നാടകരചന
    "കഥ നടക്കുന്നത് ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്. പുഴയും വയലും മലയും മാമരങ്ങളും തിങ്ങിനിറഞ്ഞ ഒരു ഉള്‍നാടന്‍ ഗ്രാമം. നാനാജാതിമതസ്ഥരായ നിഷ്കളങ്കരായ ഗ്രാമീണര്".കഥാകൃത്ത്.എല്ലാവരുടെയും മുഖത്തേക്ക് നോക്കി. കഥ കേള്‍ക്കുവാനുള്ള ആകാംഷയില്‍ എല്ലാവരും കഥാകാരനെ ശ്രദ്ധിച്ചിരിക്കുന്നു. വായനശാലയുടെ വാര്‍ഷികത്തിനു അവതരിപ്പിക്കാനുള്ള നാടകത്തിന്റെ കഥയാണ്‌ രചയിതാവ് കൂടിയായ പ്രകാശന്‍ പറയുന്നത്
 "ഗ്രാമത്തില്‍ ഒരു പുരാതന നമ്പൂതിരി ഇല്ലം  “മാണിക്കമംഗലം”.  അവിടത്തെ വലിയ കാര്‍ന്നോര്‍ ഉഗ്രപ്രതാപിയായ അഫന്‍ നമ്പൂതിരി.”
  “നിര്‍ത്ത്‌ നിര്‍ത്ത്‌   ഈ നമ്പൂതിരി ഇല്ലത്ത് മാത്രമേ കഥ നടക്കുകയുള്ലോ”?  നായര്‍ തറവാടോ,  ഈഴവ തറവാടോ അല്ലെങ്കില്‍ ഒരു ദളിതന്റെവീടോ ആയിക്കൂടെ? ഇവിടെ അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരൊക്കെ കറുത്തവര്‍ഗക്കാരാണ്. അവരെ നമ്പൂതിരിയാക്കാന്‍ ധാരാളം വെള്ള പൂശേണ്ടിവരും.” ഞാന്‍ പറഞ്ഞു.
  “. ദയവായി സെക്രെട്ടറി ഒന്ന് മിണ്ടാതിരിക്കൂ. നമുക്ക് കഥ മുഴുവന്‍ കേട്ടുകഴിഞ്ഞു അഭിപ്രായം പറയാം. വേണമെങ്കില്‍ കഥാപാത്രങ്ങളുടെ മതംതന്നെ മാറ്റിക്കളയാം. ആദ്യം കഥ മുഴുവന്‍ കേള്‍ക്കട്ടെ. അതല്ലേ ശരി?” പ്രസിഡന്റ് രാഘവേട്ടന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. പ്രകാശന്‍ താടിയില്‍ വിരലോടിച്ചുകൊണ്ട് വായന പുനരാരംഭിച്ചു.
 “ഇല്ലത്തെ സര്‍വ്വകാര്യങ്ങളും നോക്കിനടത്തുന്നത് കാര്യസ്ഥന്‍ രാമന്‍ നായരാണ്. രാമന്‍നായരെ അഫന്‍ നമ്പൂതിരിക്ക് വലിയ വിശ്വാസമാണ്.”
       “കാര്യസ്ഥന്‍ രാമന്‍നായര്‍, ശങ്കരന്‍നായര്‍, രാവുണ്ണിനായര്‍ അല്ലെങ്കില്‍ വാര്യര്. ഈ കാര്യസ്ഥന്‍മാര്‍ക്ക്‌ വേറെ പേരിട്ടുകൂടെ. സിനിമയിലും സീരിയലിലും സകലമാന കഥകളിലും ഈ കേട്ടുമടുത്ത പേരുകള്‍ തന്നെ. ഇതൊന്നു മാറ്റിക്കൂടെ പ്രകാശാ?”
   ഇടക്കുകയറിയുള്ള എന്റെ അഭിപ്രായപ്രകടനങ്ങള്‍ പ്രകാശനിഷ്ടമായില്ല. അയാള്‍ സഹായത്തിനായി മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കിയിട്ട് വീണ്ടും വായിച്ചുതുടങ്ങി.
     "ഇല്ലത്തിനു കീഴിലുള്ള പുരയിടങ്ങളും കൃഷിയിടങ്ങളും  അന്യാധീനപ്പെട്ടുകൊണ്ടിരിക്കയാണ്. പല വസ്തുക്കളുടെയും പ്രമാണങ്ങള്‍ നാട്ടിലെ പ്രധാന കൊള്ളപ്പലിശക്കാരനായ തോമാച്ചന്റെ കൈയ്യില്‍ പണയത്തിലാണ്. മുതലും പലിശയുമായി ഒരു വലിയ തുക തോമാച്ചന് കിട്ടാനുണ്ട്.”
   “നാട്ടിലെ കൊള്ളപ്പലിശക്കാരെല്ലാം തോമ്മാച്ചനും, വര്‍ക്കിച്ചനും, അവറാച്ചനുമണല്ലോ?.  കൃസ്ത്യാനികള്‍ക്ക് മാത്രമേ പലിശക്ക് പണം കൊടുക്കുന്ന ഏര്‍പ്പാടുള്ളോ?  വലിയ കഷ്ടംതന്നെ പ്രകാശാ. ഏതായാലും ബാക്കികൂടി വായിക്കു”
       “അഫന്‍ നമ്പൂതിരിയുടെ ഏകമകള്‍ നന്ദിനിക്കുട്ടി പട്ടണത്തിലെ കോളേജില്‍ ബിരുദത്തിന്‌ പഠിക്കയാണ്.”
   “നന്ദിനിക്കുട്ടി, സാവിത്രിക്കുട്ടി , അമ്മിണിക്കുട്ടി.  ഈ പേരുകള്‍ മാത്രമേ
നമ്പൂതിരിപെണ്‍കുട്ടികള്‍ക്ക്‌ ഇടാവൂ എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടോ പ്രകാശാ? കാലം മാറി. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ഇനി പുതിയ പേരുകള്‍ ഇടണം. പുതിയ ട്രെന്‍ഡുകള്‍ നമ്മള്‍ കണ്ടില്ലന്ന് നടിക്കരുത്.” എന്റെ ഇടപെടല്‍ ഗൌനിക്കാതെ പ്രകാശന്‍ വായന തുടര്‍ന്നു.
    “നന്ദിനിക്കുട്ടിയുടെ സഹാപാഠിയാണ് തോമാച്ചന്റെ മകന്‍ ജോസ്‌... ഇരുവരും പ്രണയത്തിലാണ്. അവരുടെ പ്രണയം അതീവരഹസ്യമായിരുന്നു. ഇത് നാട്ടിലും വീട്ടിലും അറിഞ്ഞാല്‍ ഉണ്ടാകാവുന്ന കോലാഹലങ്ങളെക്കുറിച്ച് അവര്‍ക്കറിയാം. വിജനമായ മലയോരത്തെ വൃക്ഷത്തണലില്‍ അവര്‍ പലവട്ടം കണ്ടുമുട്ടി. പ്രകൃതിയുടെ മടിത്തട്ടില്‍ അവര്‍ ആലിങ്കനബദ്ധരായി. സ്നേഹത്തിന്റെ അനുരാഗത്തിന്റെ ശീതളസ്പര്‍ശമേറ്റ് അവര്‍ പുളകിതരായി.”
   “ഇല്ലത്തെ അടിച്ചുതളിക്കാരി ജാനുവിന് അവരുടെ പ്രേമത്തെക്കുറിച്ച് അറിവുണ്ടായിരുന്നു.”
     “നിര്ത്തു നിര്ത്തു   പ്രകാശാ.  ഈ അടിച്ചുതളിക്കാരി ജാനുവിനെയും നാണിയെയും നമ്മള്‍ എത്രയെത്ര കഥകളില്‍ കണ്ടതാണ്. അവരുടെ പേരുമാറ്റണം. രാധയെന്നോ ഭാമയെന്നോ, ലക്ഷ്മിയെന്നോ അല്ലങ്കില്‍ മറ്റേതെങ്കിലും പേരിടണം.”
      “ സെക്രട്ടറിയുടെ നിര്‍ദ്ദേശം പരിഗണിക്കാം. ഞാന്‍ ബാക്കി കൂടി വായിക്കട്ടെ.”  പ്രകാശന്‍ കഥ തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അടിച്ചുതളിക്കാരി ജാനുവിനെ  അഫന്‍ നമ്പൂതിരി നശിപ്പിച്ചു. അതിലുണ്ടായ ആണ്‍കുട്ടി അപ്പു ഇന്നൊരു യുവാവായി വളര്‍ന്നിരിക്കുന്നു. തന്റേടിയായ യുവാവ്. വിപ്ലവപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്പു പോലീസിന്‍റെ നോട്ടപ്പുള്ളിയാണ്. അപ്പുവിന്റെ അച്ഛനാരാണെന്ന് ജാനു ആരോടും പറഞ്ഞിട്ടില്ലന്കിലും അഫന്‍ നമ്പൂതിരിയാണന്നത് പരസ്യമായ ഒരു രഹസ്യമാണ്.”
  “ പ്രകാശാ..   ഒന്ന് ചോദിച്ചോട്ടെ, അടിച്ചുതളിക്കാരിയെ നശിപ്പിക്കുക എന്നത് ഒരു സ്ഥിരം ഏര്‍പ്പാടാണ്. മാന്യന്മാരായ തറവാട്ട് കാരണവര്മാരും ഈ സമൂഹത്തിലുണ്ടായിരുന്നു. അപ്പുവിനെപ്പോലെയുള്ള ജാരസന്ധതികള്‍ ഒന്നുകില്‍ നക്സല്‍ബാരിയാവുക അല്ലങ്കില്‍ ഒളിച്ചോടി വര്‍ഷങ്ങള്‍ക്കുശേഷം പണക്കാരനായി മടങ്ങിയെത്തുക, ഇതാണ് പതിവ്‌. കഥ ഈ രീതിയില്‍ തിരിച്ചുവിടുന്നതിനോട് എനിക്ക് യോജിപ്പില്ല. ശരി, ബാക്കി കൂടി കേള്‍ക്കട്ടെ.”
  “ വിപ്ലവകാരിയായ അപ്പുവിന്റെ പ്രധാന ശത്രുവാണ് ഹെഡ്‌കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള.”
    “ എന്റെ ദൈവമേ .... ഞാന്‍ ഭയന്നപോലെ ഹേട് കുട്ടന്‍പിള്ളയും വന്നു. ഇനി എനീക്ക് കഥ കേള്‍ക്കേണ്ട.   ഒരു പുതുമയും ഇല്ലാത്ത ഇതെന്തു ചവറു കഥയാണ്‌. കഥാപാത്രങ്ങളുടെ പേരുകളില്‍ പോലും സ്വീകരിച്ച യാഥാസ്ഥിതിക മനോഭാവം ശരിയല്ല. നമ്മുടെ വാര്‍ഷികത്തിന് അരങ്ങേറുന്നത് നല്ല ലളിതമായ കാലികപ്രസക്തിയുള്ള നാടകമായിരിക്കണം. സമൂഹത്തിലെ ദുഷ്പ്രവണതകള്‍ തുറന്നുകാട്ടുന്ന, വിമര്‍ശിക്കുന്ന നാടകമായിരിക്കണം. പുതിയ ട്രെന്‍ഡനുസരിച്ചുള്ള ഒരു കഥയുണ്ടാക്ക്. അത് വികസിപ്പിച്ച്‌ നമുക്കൊരു നല്ല നാടകമുണ്ടാക്കാം.”
  ടോര്‍ച്ച് എടുത്തുകൊണ്ട് ഞാന്‍ പുറത്തേക്ക്‌ നടന്നു.നിഴലും നിലാവും കെട്ടുപിണഞ്ഞുകിടക്കുന്ന ഇടവഴിയിലൂടെ ഞാന്‍ വീട്ടിലേക്ക് നടന്നു. വീടെത്തി ഊണ് കഴിച്ചുകിടന്നപ്പോള്‍ സമയം പതിനൊന്നുമണി കഴിഞ്ഞു. അതിവേഗം കറങ്ങുന്ന ഫാനില്‍ കണ്ണുംനട്ട് കിടന്നു ഞാന്‍ ഉറക്കത്തിലേക്ക് മെല്ലെമെല്ലെ ഒഴുകിയെത്തി.
    “രമേശാ ആരൊക്കെയോ നിന്നെ കാണാന്‍ വന്നിരിക്കുന്നു”  അമ്മ വന്നറിയിച്ചു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവെച്ചു ഞാന്‍ കസേര വിട്ടെഴുന്നേറ്റു. മുറ്റത്ത്‌ രണ്ടു മദ്ധ്യവയസ്ക്കര്‍. ഒറ്റമുണ്ടും ജൂബ്ബയും തോളില്‍ നേരിയതും. നെറ്റിയില്‍ ചന്ദനക്കുറി. കൈയ്യില്‍ വളഞ്ഞകാലന്‍ കുട. രൂപത്തിലും ഭാവത്തിലും വേഷത്തിലും സമാനാര്‍.
   “ ആരാ മനസ്സിലായില്ല.?” ആഗതര്‍ എന്റെ ചോദ്യം കേട്ട് മുഖമുയര്‍ത്തി.
  “ഞാന്‍ മാണിക്കമംഗലത്തെ കാര്യസ്ഥന്‍ രാമന്‍ നായര്‍. ഇത് മേമന ഇല്ലത്തെ കാര്യസ്ഥന്‍ വാര്യര്‍.  രാവുണ്ണിനായരും ശന്കുണ്ണിനായരും ഉടനേ വരും.”
  “എന്താ കാര്യം”?
    " സാറ് ഞങ്ങളുടെ പേര് മാറ്റാന്‍ പോകുവാണന്നറിഞ്ഞു. ഞങ്ങള്‍ പതിറ്റാണ്ടുകളായി ഒരേ ജോലി ചെയ്യുന്നവരാണ്. ഞങ്ങളുടെ പേര് ഒരു സ്ഥാനപേരുകൂടിയാണ്.  അത് മാറ്റാന്‍ സാറ് പറഞ്ഞന്നറിഞ്ഞു.”
   “ശരിയാണ്. നാടകത്തിന്റെ ഒരു പുതുമക്കാണ്. ചില പേരുമാറ്റം അനിവാര്യമാണ്.”
  “ഞങ്ങളുടെ ജോലിയും പേരും കളയാന്‍ നീയാരാടാ പട്ടീ?”  എന്ന അലര്‍ച്ചയോടെ രാമന്‍ നായര്‍  എന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. ആ കണ്ണുകളിലെ അഗ്നി ഞാന്‍ കണ്ടു. എന്നെ ഉലച്ചു താഴെ വീഴ്ത്തിയിട്ട്‌ എന്തൊക്കെയോ പുലഭ്യം പറഞ്ഞുകൊണ്ട് അവര്‍ പടി കടന്നുപോയി. ഞാന്‍ എഴുന്നേറ്റ്‌ അരഭിത്തിയില്‍ ചാരി ഇരുന്നു. പെട്ടന്ന് രണ്ടു സ്ത്രീകള്‍ ഗേറ്റ് തുറന്ന്‌ മുറ്റത്തേക്ക് കയറി വന്നു.
  “ ആരാ?”   വിറയാര്‍ന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു.
  “ഞാന്‍ ജാനു. ഇത് നാണി. ഇല്ലത്തെ അടിച്ചുതളിക്കാരാണ്. സാറ് ഞങ്ങളുടെ ജോലി കളയാന്‍ ശ്രമിക്കയാണന്നറിഞ്ഞു.”
    “ഇല്ല, നിങ്ങള്‍ തെറ്റിദ്ധരിച്ചതാണ്. ഞാന്‍ ആരുടേയും ജോലി കളയാന്‍ ശ്രമിച്ചിട്ടില്ല. നാടകത്തിന്റെ ഒരു പുതുമക്കുവേണ്ടി......”
     “ത്ഫൂ ..... നാടകത്തില്‍ പേരുമാറ്റാന്‍ നിനക്കാരാടാ അധികാരം തന്നത്? മര്യാദക്ക് നടന്നോണം. ഞങ്ങടെ കഞ്ഞി മണ്ണിടാന്‍ നോക്കണ്ടാ.  ഇല്ലങ്കില്‍ ഞങ്ങടെ തനിസ്വഭാവം താനറിയും. ഒരു ആധുനികന്‍ വന്നിരിക്കുന്നു.” ജ്വലിക്കുന്ന കണ്ണുകളോടെ അവര്‍ തിരിഞ്ഞുനടന്നു.
      കാക്കിവേഷം ധരിച്ച കൊമ്പന്‍മീശക്കാരന്‍ പോലിസ്‌ ഏമാന്‍ പടികടന്നുവന്നു. ഞാന്‍ അറിയാതെ എഴുന്നേറ്റുപോയി.
  “ഹെന്നെ മനസ്സിലായോടാ റാസ്കല്‍?”
   “കുട്ടന്‍പിള്ള സാറല്ലേ?”
   "അപ്പോള്‍ നിനക്കെന്നെ അറിയാം അല്ലെ?
    “എടാ പോലിസ്‌ സേന ഉണ്ടായപ്പോള്‍ മുതല്‍ ഞാന്‍ സര്‍വീസിലുണ്ട്. നോവലും കഥയും സിനിമയും സീരിയലും ഉള്ള കാലത്തോളം ഞാന്‍ സര്‍വീസിലുണ്ടാവും. നീ എന്നെ പെന്ഷനാക്കാന്‍ നോക്കെണ്ടാടാ റാസ്കല്‍. ഇടിച്ചുനിന്റെ നട്ടെല്ല് ഞാനൂരും  ക.........മോനേ..”
   നന്ദിനിക്കുട്ടിയും, പലിശക്കാരന്‍ തോമ്മാച്ചനും, വെളിച്ചപ്പാടും, മന്ത്രവാദി മേപ്പാടനും പടികടന്നു വരുന്നതുകണ്ട് ഞാന്‍ വീട്ടിനുള്ളിലേക്ക്‌ ഓടി വാതില്‍ വലിച്ചടച്ചു.  
    “അമ്മേ അമ്മേ........
   “എന്താ രമേശാ.  നീയെന്താ സ്വപ്നം കണ്ടോ? ഉറക്കത്തില്‍ കിടന്നു പിച്ചും പേയും പറയുന്നു.”
  അമ്മ ലൈറ്റ് ഇട്ടപ്പോള്‍ ഞാന്‍ കട്ടിലില്‍ എഴുന്നേറ്റ് ഇരിക്കയായിരുന്നു. ദേഹമാസകലം വിയര്‍പ്പില്‍ മുങ്ങിയിരുന്നു.
    @               @            @
  പ്രകാശന്‍ കഥയുടെ ക്ലൈമാക്സിലേക് കടന്നു.
“ കതകില്‍ തുടരെ മുട്ടുന്നത് കേട്ട് നന്ദിനിക്കുട്ടി കതക്‌ തുറന്നു. ഇടത്‌ തോളില്‍ രക്തമൊലിക്കുന്ന മുറിവുമായി അപ്പു. പോലിസിന്റെ വെടിയേറ്റതാണ്. ഇല്ലം പോലിസ്‌ വളഞ്ഞിരിക്കുകയാണ്. നന്ദിനിക്കുട്ടി അപ്പുവിന്റെ  മുറിവ്‌ വെച്ചുകെട്ടി. പുറത്ത് പോലിസിന്റെ വിസില്‍ . കനത്ത ബൂട്ടിന്റെ ശബ്ദം  തുടര്‍ന്ന് കതകില്‍ മുട്ടുന്നത് കേട്ട് ഇരുവരും ഞെട്ടിവിറച്ചു. രക്ഷപ്പെടുവാനൊരു മാര്‍ഗമാന്വേഷിച്ചു അപ്പു നാലുപാടും നോക്കി. നന്ദിനിക്കുട്ടി കത്തുന്ന കണ്ണുകളോടെ അപ്പുവിനെ നോക്കി. അവളുടെ കണ്ണുകളില്‍ ഒരു ദൃഡനിച്ഛയം പ്രകടമായിരുന്നു. അവള്‍ മുറിയുടെ മൂലയില്‍ വെച്ചിരുന്ന കാല്പെട്ടി തുറന്നു രണ്ട് AK 47  ആണ് പുറത്തെടുത്തത്. ഒരെണ്ണം അപ്പുവിന്റെ കൈയ്യില്‍ കൊടുത്തു. മറ്റേ ഗണ്‍ നീട്ടിപ്പിടിച്ചുകൊണ്ട് അവള്‍ കതകിന്റെ സാക്ഷ നീക്കി.”
   പ്രകാശന്‍ കഥ വായന നിര്‍ത്തി ശ്രോധാക്കളുടെ മുഖത്തേക്ക് നോക്കി. സംഭ്രമജനകമായ പരിസമാപ്തിയിലേക്ക് നീങ്ങുന്ന കഥയില്‍ മുഴുകിയിരിക്കുകയാണ് എല്ലാവരും. പിന്നിലെ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു കഥ കേള്‍ക്കുകയായിരുന്നു ഞാന്‍. അരങ്ങു വിട്ടു ഇറങ്ങിവന്ന കഥാപാത്രങ്ങളെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.  "നീ കഥ വായിച്ചുതീര്‍ക്ക് പ്രകാശാ. ഇത് വളരെ വത്യസ്തമായ കഥയായിരിക്കും".

Thursday 12 July 2012

രക്തസാക്ഷി

രക്തസാക്ഷി
നീ, രക്തസാക്ഷി,
 കൊടിയേന്തിയണികള്‍ക്ക്
മുന്‍പേ നടന്നവന്‍ വീറുറ്റ വിപ്ലവ
കാറ്റില്‍ നയിക്കാന്‍ പിറന്നവന്‍.

നിന്‍പാതകള്‍ കൂര്‍ത്തമുള്‍മേടുകള്‍
നിന്‍വാക്കുകള്‍ അഗ്നിനാളങ്ങളായ്
നിന്കാഴ്ചകള്‍ പൊന്‍വെളിച്ചങ്ങളായി
നിന്ചിന്തകള്‍ നിര്‍വികല്പലക്ഷ്യം

കൈകോര്‍ത്തുനിന്നവര്‍ ശത്രുക്കളായതും
കൈകളില്‍ ഖട്ഗങ്ങള്‍ വന്നുനിറഞ്ഞതും
രാവിന്‍മറവില്‍ കരുക്കള്‍ നിരന്നതും
രാത്രിയില്‍ വെട്ടേറ്റ് ജീവന്‍വെടിഞ്ഞതും

ഓര്‍ക്കുന്നു ഞാന്‍ എന്റെ സ്വപ്നവേഗങ്ങളില്‍
കണ്ണുനീര്‍ വീണു നനഞ്ഞമണ്‍വീഥിയില്‍
കാത്തിരിപ്പിന്റെ യുഗങ്ങള്‍ക്കുമപ്പുറം
വീണ്ടും ജനിക്കുമോ വെള്ളരിപ്രാവുപോല്‍

Monday 18 June 2012

കള്ളനാണയം  (നിസ്വാര്‍ഥ സേവനം എന്ന മുഖംമൂടിയണിഞ്ഞു പൊതുമുതല്‍ കൊള്ളയടിക്കുന്ന കപട രാഷ്ട്രീയക്കാരെ തിരിച്ചറിയാനാവാത്ത സാധാരണ ജനങ്ങള്‍ക്ക്‌ ഈ കഥ സമര്‍പ്പിക്കുന്നു.)
ചിങ്ങമാസത്തിലെ മഴ പെയ്തൊഴിഞ്ഞ ഒരു പ്രഭാതത്തിലാണ് അയാള്‍ ആദ്യമായി ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുഷിഞ്ഞ ഒരു കള്ളിമുണ്ടും തലയില്‍ വട്ടം ചുറ്റിയ ഒരു തോര്‍ത്തും മാത്രമായിരുന്നു വേഷം. കയ്യില്‍ ഒരു കൂന്താലിയുമുണ്ടായിരുന്നു. ക്ഷേത്രത്തിനുമുന്നിലെ നാല്‍ക്കവലയോട് ചേര്‍ന്നുള്ള ശങ്കരേട്ടന്റെ ചായപ്പീടികയിലേക്കാണ് അയാള്‍ ആദ്യം കയറിയത്. വാഷ്‌ബേസിനില്‍ കൈ കഴുകി ഒരു ബെഞ്ചില്‍ അയാളിരുന്നു. ചായ കുടിച്ചുകൊണ്ടിരുന്ന പരിസരവാസികള്‍ അപരിചിതന്‍ ആരെന്നറിയാതെ പരസ്പരം നോക്കി. അവരുടെ കണ്ണുകള്‍ അയാള്‍  ആരെന്നറിയുവാനുള്ള  ഉത്തരം തേടുകയായിരുന്നു.
   ബാലിഷ്ടങ്ങളായ കൈകാലുകളും വിരിഞ്ഞ നെഞ്ചും ചുവന്നുകലങ്ങിയ കണ്ണുകളും എണ്ണകറുപ്പാര്‍ന്ന ശരീരവും തോളറ്റം വരെ വളര്‍ന്ന ജടപിടിച്ച ചുരുണ്ട മുടിയും അയാളെ ആരാലും ശ്രദ്ധിക്കപ്പെടുന്നവനാക്കി. കടയുടമസ്ഥന്‍ ശങ്കരേട്ടന്‍ അയാളുടെ മുന്നിലെത്തി എന്തുവേണമെന്ന്‌ അന്വേഷിച്ചു. അലമാരിയില് ഇരിക്കുന്ന ആവി പറക്കുന്ന പുട്ടിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി. നനഞ്ഞ ഒരു വാഴയിലക്കീറില്‍ പുട്ടും ചെറുപഴവും അയാളുടെ മുന്‍പില്‍ വെച്ചു. അയാള്‍ സാവധാനം ആഹാരം കഴിക്കുന്നത് നോക്കിനിന്ന ശങ്കരേട്ടന്‍ പരിചയപ്പെടുവാനായി ചോദിച്ചു,                                              “എവിടെ നിന്നും വരുന്നു”.?
 അയാള്‍ മറുപടിയായി അകലേക്ക്‌ വിരല്‍ ചൂണ്ടി.
‘ഇവിടെ ആരെക്കാണാന്‍ വന്നതാണ്’?
മറുപടി അയാള്‍ ഒരു ചിരിയില്‍ ഒതുക്കി.
‘പണിക്കുവന്നതായിരിക്കും അല്ലെ’ ?
അതിനും മറുപടി  ഒരു ചിരി മാത്രം.
ഭക്ഷണം കഴിച്ചുകഴിഞ്ഞ് അയാള്‍ കൌണ്ടറില്‍ എത്തി. മടിശ്ശീലയില്‍ നിന്നും അയാള്‍ കുടഞ്ഞിട്ട നാണയങ്ങള്‍ കണ്ട്‌ ശങ്കരേട്ടന്‍ അത്ഭുതപ്പെട്ടു. ചെമ്പുനാണയങ്ങള്‍  വെള്ളിനാണയങ്ങള്‍. അപരിചിതങ്ങളായ ആ നാണയങ്ങളെല്ലാം വളരെയധികം പഴക്കം തോന്നിക്കുന്നവയായിരുന്നു. നാണയങ്ങള്‍ ഏതുപൌരാണിക കാലത്ത് ഉപയോഗിചിരുന്നവയാണന്ന് അറിയില്ല. നെല്ക്കതിരിന്റെയും വാളിന്റെയും വിവിധതരം ആയുധങ്ങളുടെയും മുദ്രകള്‍ ആലേഖനം ചെയ്തിരിക്കുന്നു. കിരീടധാരിയായ ഏതോ രാജാവിന്റെ ചിത്രം. മൃഗങ്ങളുടെ ചിത്രങ്ങള്‍ , പ്രാചീനമായ ഏതോ ലിപികള്‍ ആലേഖനം ചെയ്തിരിക്കുന്ന നാണയങ്ങള്‍. വൃത്താകൃതിയിലും ചതുര തികോണ നക്ഷത്രാക്രുതിയിലുമുള്ള വിവിധതരം നാണയങ്ങള്‍.
ഇതൊന്നും ഇവിടെ എടുക്കില്ല. വേറെ പൈസ ഉണ്ടങ്കില്‍ തരൂ. ശങ്കരേട്ടന്റെ ശബ്ദത്തില്‍ ക്രോധം കലര്‍ന്നിരുന്നു. ശങ്കരേട്ടന് നീക്കിവെച്ച നാണയങ്ങള്‍ മുഴുവന്‍  പണസഞ്ചിയിലേക്ക് വാരിയിട്ടുകൊണ്ട് അയാള്‍ പുറത്തേക്ക്‌ നടന്നു. വൃദ്ധനായ ശങ്കരേട്ടന്‍  നിസ്സഹായനായി ചുറ്റും നോക്കി. കാട്ടാളനെപ്പോലെ  തോന്നിക്കുന്ന ശക്തിമാനായ അയാളെ തടഞ്ഞുനിര്‍ത്തി പണം പിടിച്ചുവങ്ങുവാന്‍ അദ്ദേഹത്തിന്റെ പ്രായവും അനാരോഗ്യവും അനുവദിച്ചില്ല. അയാള്‍ കൂന്താലിയുമെടുത്തുകൊണ്ട് അകലേക്ക്‌ നടന്നുമറയുന്നത് നോക്കിനിന്നവര്‍ പരസ്പ്പരം ഓരോ അഭിപ്രായങ്ങള്‍ പറയുന്നുണ്ടായിരുന്നു.
   അയാള്‍ അകലെ ഗ്രാമത്തില്‍നിന്നു കൂലിപ്പണി അന്വേഷിച്ചു വന്നതായിരിക്കും. ആരെന്കിലും അയാള്‍ക്ക് പണിക്കൂലിയായി പഴയ നാണയങ്ങള്‍ നല്‍കി കബളിപ്പിച്ചതാവും. പള്ളിക്കൂടത്തില്‍ ഒന്നും പോയി പഠിച്ചിട്ടുണ്ടാവില്ല. ചിലപ്പോള്‍ ഏതെന്കിലും പുരാവസ്തു കേന്ദ്രത്തില്‍നിന്ന് മോഷ്ടിച്ചതാവും. അയാള്‍ ഒരു ധിക്കാരിയാണന്നായിരുന്നു ചിലരുടെ അഭിപ്രായം. ചിലപ്പോള്‍ ഊമയും ബധിരനും ആയിരിക്കാം. ആംഗ്യഭാഷയില്‍ ആണ് അയാള്‍ ആശയവിനിമയം നടത്തിയത്.
      പാടത്തിന് സമീപം കിണര്‍ കുഴിക്കുന്നിടത്തേക്കാണ് അയാള്‍ നടന്നെത്തിയത്. കിണറിനുള്ളില്‍ നിന്നും കല്ലും മണ്ണും കുട്ടയിലാക്കി കാപ്പിയും കയറും ഉപയോഗിച്ച് വലിച്ചുകയറ്റുന്ന പണിക്കാരെ അയാള്‍ സഹായിക്കുവാനാരംഭിച്ചു. പുതിയ പണിക്കാരനെക്കണ്ട് മറ്റുള്ളവര്‍ അതിശയിച്ചു. അയാളുടെ ഉരുക്ക് പോലുള്ള ശരീരവും പണിയെടുക്കുന്പോള്‍ ഉരുണ്ടുകയറുന്ന മാംസപേശികളും അവര്‍ അസൂയയോടെ നോക്കിനിന്നു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അയാള്‍ പണി തുടങ്ങിയതെന്നു വ്യക്തമല്ല. കുറച്ച്‌ സമയത്തിനുശേഷം അയാള്‍ വടത്തില്‍ പിടിച്ച്‌ കിണറിനുള്ളില്‍ ഇറങ്ങി പണി തുടങ്ങി. അസാധാരണ വേഗതയിലാണ് അയാള്‍ ജോലി ചെയ്തിരുന്നത്. കിണറിനുള്ളില്‍ എത്തുന്ന കാലിക്കുട്ടകള്‍ അയാള്‍ അതിവേഗം നിറച്ചുകൊടുത്തുകൊണ്ടിരുന്നു.
  മുതലാളി പുതിയതായി ഏര്‍പ്പെടുത്തിയ പണിക്കാരനാണെന്നാണ് മറ്റു പണിക്കാര്‍ കരുതിയത്‌. പണിക്കാര്‍ കൂട്ടിക്കൊണ്ടുവന്നതാണ് പുതിയ ആളെന്നു മുതലാളിയും കരുതി.ഏതായാലും അയാളുടെ കഠിനാദ്ധ്വാനം എല്ലാവര്‍ക്കും ഇഷ്ടമായി. ഉച്ചഭക്ഷണസമയത്ത് അയാള്‍ വീണ്ടും ശങ്കരേട്ടന്റെ കടയിലെത്തി. മതിയാവോളം ചോറുണ്ടുകഴിഞ്ഞു മടങ്ങാന്‍ നേരം വീണ്ടും മടിശ്ശീല തുറന്ന്‌ പഴയ നാണയത്തുട്ടുകള്‍ വാരി മേശപ്പുറത്തിട്ട് അയാള്‍ ഇറങ്ങി നടന്നു. കറുത്തിരുണ്ട ക്ലാവ് പിടിച്ച നാണയത്തുട്ടുകള്‍ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ശങ്കരേട്ടന്‍  നിസ്സഹായനായി നിന്നു. കിട്ടിയ തുട്ടുകള്‍ പെട്ടിയില്‍ വാരിയിട്ടിട്ട് വീണ്ടും അടുത്ത മേശയില്‍ ചോറ് വിളമ്പുവാന്‍ തുടങ്ങി. നഷ്ടബോധവും നിരാശയും നിസ്സഹായതയും മൂലം അദ്ദേഹം എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.
സന്ധ്യയോടടുത്ത് പണി നിര്‍ത്തിയ ഉടനെ അയാള്‍ കൈയും കാലും കഴുകി പോകുവാന്‍ തയ്യാറായി. മുതലാളി കൂലിവെച്ചു നീട്ടിയപ്പോള്‍ അത് വാങ്ങുവാന്‍ നില്‍ക്കാതെ അയ്യാള്‍ കവലയിലേക്ക് നടന്നു.. മറ്റുപണിക്കാര്‍ കൂലിയും വാങ്ങി കവലയിലെത്തുമ്പോള്‍ അയാള്‍ ശങ്കരേട്ടന്റെ കടയിലെത്തി ചായകുടി കഴിഞ്ഞു പോകാന്‍ തുടങ്ങുകയായിരുന്നു.
   ‘എന്താണ് പൈസാ വാങ്ങാതെ പോന്നത്?. ഏതായാലും മുതലാളി പൈസാ ഞങ്ങളുടെ കൈയ്യില്‍ തന്നുവിട്ടു.’   ഒരു പണിക്കാരന്‍ അന്നത്തെ പണിക്കൂലി അയാളുടെ മുന്നില്‍ വെച്ചു.
  ആ നോട്ടുകളിലേക്ക് നോക്കുകകൂടി ചെയ്യാതെ അയാള്‍ ഇറങ്ങി നടന്നു. അയാള്‍ മേശപ്പുറത്തു വാരിയിട്ട ഒരു പിടി നാണയങ്ങള്‍ അവിടെ അനാഥമായി കിടന്നു.
  ഇതെന്തൊരു മനുഷ്യനാണ്. ആള്‍ക്കാര്‍ അത്ഭുതത്തോടെ പരസ്പരം നോക്കി. ചെയ്യുന്ന ജോലിക്ക് പ്രതിഭലം വാങ്ങാതെ ആരോടും ഒന്നും മിണ്ടാതെ മുഖത്തുപോലും നോക്കാത്ത ഒരു മനുഷ്യന്‍. പ്രതിഫലം ആഗ്രഹിക്കാതെ നിസ്വാര്‍ഥനായ ഇയാള്‍ ആരാണ്. പക്ഷേ,ഭക്ഷണം കഴിച്ചിട്ട് കാശുകൊടുക്കാതെ പോകുന്നത് മര്യാദകെട്ട പണി തന്നെയാണ്‍.
  ദിവസങ്ങള്‍ നീങ്ങവേ അയാള്‍ ഗ്രാമത്തില്‍ ഒരു സംസാരവിഷയമായി. അയാളുടെ പണി കാണുവാന്‍ കിണറ്റുകരയില്‍ ആള്‍ക്കാര്‍ കൂടാന്‍ തുടങ്ങി. അയാളുടെ കൂലിയിനത്തില്‍ കിട്ടുന്ന പൈസ മറ്റു പണിക്കാര്‍ ശങ്കരേട്ടനെ ഏല്പിച്ചതിനാല്‍ മൂന്നുനേരത്തെ ഭക്ഷണത്തിനു മുട്ടുണ്ടായില്ല. ശങ്കരേട്ടന്റെ മേശക്കുള്ളില്‍ പൗരാണിക നാണയങ്ങള്‍ കുമിഞ്ഞുകൂടി. അതോടൊപ്പം അയാളുടെ പണിക്കൂലിയിനത്തില്‍ കിട്ടിയ തുകയും. അയാളുടെ കണക്കുകള്‍ എഴുതാന്‍ ശങ്കരേട്ടന്‍ ഒരു പുതിയ പേജ്തന്നെ  തുറന്നു. പേജിനുമുകളില്‍ ശങ്കരേട്ടന്‍ പുതിയ പേരെഴുതി സുഗുണന്‍.
 സുഗുണന്‍ എന്ന പേര് എല്ലാവര്‍ക്കും ഇഷ്ടമായി. ആള്‍ക്കാരുടെ സ്വഭാവം, ജോലി, ജാതി, സൌന്ദര്യം എന്നിവ നോക്കി ഓരോ ഇരട്ടപ്പേര് ഇടുന്ന സ്വഭാവം നാട്ടുകാര്‍ക് പണ്ടുമുതലേ ഉള്ളതാണ്. അങ്ങിനെ വന്ന പേരുകളാണ് മങ്കിരാജു , ജേര്‍സി കുഞ്ഞുമോന്‍, ഒറ്റത്തങ്കന്‍, സിന്റെക്സ്‌ വാസു എന്നിവ.
  പട്ടണത്തിലെ കോളേജില്‍ പഠിക്കുന്ന കുട്ടികളാണ് പൌരാണിക നാണയങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞത്. അവരുടെ ചരിത്രവിഭാഗം പ്രഫസ്സര്‍ ഈ നാണയശേഖരം കണ്ടു അത്ഭുതപ്പെട്ടു. തലസ്ഥാനത്തെ മ്യൂസിയതില്പോലും ഇല്ലാത്തത്ര നാണയശേഖരമാണ് സുഗുണന്‍ ശങ്കരേട്ടന്‍റെ കടയില്‍ ദാനം ചെയ്തിരുന്നത്.. അശോകന്‍, അലക്സാണ്ടര്‍, തുഗ്ലക്ക്‌,  ബാബര്‍, അക്ബര്‍,  നൈസാം,ചന്ദ്രഗുപ്തമൌര്യന്‍ മുതലായ പുരാതന ഭാരത ചക്രവര്‍ത്തിമാരുടെ കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകളായിരുന്നു അവയിലധികവും.
  തീപിടിച്ച ഓലപ്പുരയില്‍ നിന്നും രണ്ടുവയസ്സുള്ള കുട്ടിയേയും അമ്മയെയും രക്ഷിച്ചതോടുകൂടി അയാള്‍ ഗ്രാമത്തില്‍ ഒരു വീരനായകനായി മാറുകയായിരുന്നു.
   ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ സുഗുണന്റെ താമസസ്ഥലം എവിടെ എന്നറിയുവാനുള്ള ആകാംഷ ഞങ്ങളിലുണ്ടായത്. അവിടെയെത്തിയാല്‍  സുഗുണനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതി. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കും രഹസ്യങ്ങളിലേക്കും എത്തിനോക്കാന്‍ വെമ്പുന്ന ഒരു സാധാരണ മലയാളിയുടെ ജിജ്ഞാസയോടെ ഞങ്ങള്‍ ഒരു സന്ധ്യയില്‍ അയാളെ പിന്തുടര്‍ന്നു.  കിണറിന്‍റെ പണി കഴിഞ്ഞു മടങ്ങുകയായിരുന്ന അയാള്‍ നല്ല വേഗതയിലാണ് നടന്നിരുന്നത്. ഗ്രാമത്തിന്റെ അതിര്‍ത്തി കടന്ന്‌ വനപ്രദേശത്ത് എത്തുന്നത്‌ വരെ ഒരു തവണ പോലും തിരിഞ്ഞു നോക്കുകയുണ്ടായില്ല. വനത്തിലേക് കയറുന്നതിന്‌ മുന്‍പ്‌ ഒരു തവണ അയാള്‍ തരിഞ്ഞുനോക്കി. ഞങ്ങള്‍ നാലുപേരും ശ്രദ്ധിച്ചു നടന്നിരുന്നതിനാല്‍ പെട്ടന്ന് സുഗുണന്റെ ദൃഷ്ടിയില്‍പെടാതെ ഒഴിഞ്ഞുമാറാന്‍ സാധിച്ചു.
വനത്തിലെ വൃക്ഷത്തലപ്പുകളില്‍ ഇരുട്ട് ചേക്കേറിത്തുടങ്ങി. ചീവീടിന്റെ ശബ്ദം. നല്ല തണുത്ത അന്തരീക്ഷം. നൂറു മീറ്റെറോളം മുന്‍പില്‍ സുഗുണന്‍ . അയാള്‍ ദൃഷ്ടിയില്‍നിന്ന് മറയാതിരിക്കാന്‍ ഞങ്ങള്‍ വേഗത്തിലാണ് നടന്നത്. കുന്നിന്‍ ചെരിവില്‍ ഒരു വെളിച്ചം. അത് ലക്ഷ്യമാക്കിയാണ് സുഗുണന്‍ നടക്കുന്നത്. അതൊരു ഗുഹാമുഖമായിരുന്നു.  ഓട്ടുവിളക്കുമായി ഒരു വൃദ്ധ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. സുഗുണന്‍ വൃദ്ധയോടൊപ്പം ഗുഹക്കുള്ളില്‍ മറഞ്ഞു. ഞങ്ങള്‍ ഒരു വലിയ മരത്തിന്റെ പിന്നില്‍ ഒളിച്ചുനിന്നു. അവിടെ നിന്നാല്‍ ഗുഹയിലെ സംഭാഷണങ്ങള്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. മിനിട്ടുകള്‍ ഇഴഞ്ഞുനീങ്ങി.
പെട്ടെന്ന് സുഗുണന്‍ ഒരു വിളക്കുമായി ഞങ്ങളുടെ അടുത്തേക്ക്‌ വന്നു.
‘ അവിടെ നില്‍ക്കേണ്ട ,അകത്തേക്ക് പോരൂ. ഞിങ്ങള്‍ എന്നെ പിന്തുടര്‍ന്നു വന്നത് ഞാന്‍ കണ്ടിരുന്നു.’
  ഞങ്ങള്‍ സുഗുണന്‍ സംസാരിക്കുന്നത് കേട്ട് ഞെട്ടിപ്പോയി. അയാള്‍ ഒരു ഊമയാണന്നാണ് ഞങ്ങള്‍ ധരിച്ചിരുന്നത്. ആദ്യമായാണ് അയാളുടെ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നത്
  സുഗുണന്‍റെ മുന്നില്‍ പിടിക്കപ്പെട്ട കള്ളന്മാരെപ്പോലെ ഞങ്ങള്‍ തരിച്ചുനിന്നു. അയാള്‍ കാണിച്ച വെളിച്ചത്തിലൂടെ ഞങ്ങള്‍ ഗുഹയില്‍ കടന്നു. അവിടെ ഒരു പ്രായമായ സ്ത്രീ പുല്‍പായയില്‍ ഇരിക്കുന്നുണ്ടായിരുന്നു. സുഗുണന്‍ വിരിച്ചുതന്ന പുല്പായയില്‍ ഞങ്ങളിരുന്നു. ഗുഹക്കുള്ളില്‍ നിറയെ ധാരാളം മണ്‍ഭരണികള്‍. പുറമേ ചായം പൂശിയ വലിയ മണ്‍ഭരണികള്‍ അടച്ചുവെച്ചിരിക്കുന്നു. വിവിധ നിറങ്ങളിലുള്ള വിലകൂടിയ വസ്ത്രങ്ങള്‍ അയയില്‍ തൂക്കിയിട്ടിരിക്കുന്നു.
   “പറയൂ, എന്താണ് ഞിങ്ങള്‍ക്ക് അറിയേണ്ടത്?.”
“ഞിങ്ങള്‍ കരുതും പോലെ ഞാന്‍ ഊമയോന്നുമല്ല. എന്റെ പേര്‍ സുഗുണന്‍ എന്നുമല്ല. ഞാന്‍ സത്യപാലന്‍. ഇതെന്റെ അമ്മ. ഈ ഭരണികള്‍ ഞാന്‍ തുറന്നു കാണിക്കാം. ഇതെല്ലാം ഞങ്ങളുടെ സമ്പാദ്യങ്ങള്‍.”
  അയാള്‍ ഭരണികളുടെ അടപ്പുകള്‍ തുറന്നു. ഗുഹക്കുള്ളില്‍ കണ്ണഞ്ചിക്കുന്ന പ്രകാശം പരന്നു. അത് നിറയെ സ്വര്‍ണ്ണാഭരണങ്ങളും  രത്നങ്ങളും മുത്തുകളും ആയിരുന്നു. അളവില്ലാത്ത നിധിശേഖരം കണ്ടു ഞങ്ങള്‍ അത്ഭുതസ്തബ്തരായി.
 ഇതെല്ലം ഞങ്ങള്‍ പണിയെടുത്ത്‌ ഉണ്ടാക്കിയത് ഒന്നുമല്ല. പരന്പരാഗതമായി കൈമാറി വന്നതാണ്. പത്തിരിപതു തലമുറകള്‍ക് മുന്‍പ്  ഏതോ ചക്രവര്‍ത്തിയുടെ കൊട്ടാരം ഖജനാവ് സൂക്ഷിപ്പുകരനായിരുന്നു  ഞങ്ങളുടെ മുതുമുത്തച്ഛന്‍. മദ്യത്തിനും മദിരാഷിക്കും അടിമയായിരുന്ന ചക്രവര്‍ത്തി ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഞങ്ങളുടെ  മുതുമുത്തച്ഛനെ കൊന്നുകളഞ്ഞു. വളരെ വൈകിയാണ് ചക്രവര്‍ത്തി സത്യം മനസ്സിലാക്കിയത്. പ്രായശ്ചിത്തമായി മുതുമുത്തച്ഛന്റെ  മകനുതന്നെ ആ പണി കൊടുത്തു. പക്ഷേ പ്രതികാരാഗ്നി ഒരു കെടാത്ത കനലുപോലെ മനസ്സില്‍ സൂക്ഷിച്ച്‌ അവസരം കിട്ടിയപ്പോള്‍ ചക്രവര്‍ത്തിയെ കൊന്ന്‌ അളവറ്റ ധനവുമായി അദ്ദേഹം കാടുകയറി. അന്നുമുതല്‍ ഞങ്ങളുടെ തലമുറ തലമുറകളായി  വനവാസം തന്നെ. നാട്ടില്‍ ഇറങ്ങാനോ സുഖമായ്‌ ജീവിക്കാനോ ഈ പണമെല്ലാം ചിലവഴിക്കുവാനോ  സാധിക്കാതെ വനത്തിനുള്ളില്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തെക്കു പാലായനം ചെയ്തുകൊണ്ടിരിക്കുന്നു.
  “ ഇതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക്‌ തിരിച്ചുകൊടുത്തുകൂടെ ? ഞാന്‍ ചോദിച്ചു.
 “എങ്ങിനെ കണ്ടുപിടിക്കാന്‍. ഇനി നാട് ഭരിക്കുന്ന സര്‍ക്കാരിനെ എല്പിക്കാമെന്ന് വെച്ചാല്‍  തന്നെ ഞങ്ങള്‍ ജയിലിലാവും. ധനമെല്ലാം രാഷ്ട്രീയക്കാര്‍ വീതിച്ച് എടുക്കുകയും ചെയ്യും.”
  സുഗുണന്‍, അല്ല സത്യപാലന്, നാടും  ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാരിന്റെയും  അഴിമതികളെക്കുറിച്ച് ഉള്ള അറിവില്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു.
“അര്‍ഹതയില്ലാത്ത ധനം ഒരിക്കലും അനുഭവിക്കാന്‍ സാധിക്കുകയില്ല. അതിലെല്ലാം വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പ് കലര്‍ന്നിട്ടുണ്ടാകും.” എന്റെ വാക്കുകള്‍ സത്യപാലന്‍ ശ്രദ്ധിച്ചതെയില്ല.
   സത്യപാലന്റെ അമ്മ ഞങ്ങള്ക്കെല്ലാം കുടിക്കുവാന്‍ രുചിയേറിയ ഒരു പാനീയം തന്നു. സ്വര്‍ണ്ണത്തിന്റെ ഒരു മധുചഷകമാണ് അവര്‍ വെച്ചുനീട്ടിയത്. അതില്‍നിന്നു ഒരിറക്ക് പാനീയം രുചിച്ചുകഴിഞ്ഞപ്പോളെ ഞങ്ങള്‍ പ്രജ്ഞയറ്റ്‌ നിലംപതിച്ചു.
      *             *            *

എന്തോ ബഹളം കേട്ടാണ് ഞങ്ങള്‍ കണ്ണുതുറന്നത്. ഒരു കടത്തിണ്ണയില്‍ കിടക്കുകയായിരുന്നു ഞങ്ങള്‍ . രാത്രിമുഴുവന്‍ കാറ്റും തണുപ്പുമടിച്ചു ഇവിടെ ബോധമില്ലാതെ കിടക്കുകയായിരുന്നു. സത്യപാലന്റെ ഗുഹയില്‍നിന്നും എങ്ങിനെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ആരാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നു കിടത്തിയത്. ഗ്രാമവാസികളെല്ലാം നാല്‍ക്കവലയിലേക്ക് ഓടുകയാണ്. എന്താണ് കാര്യമെന്നറിയാതെ ഞങ്ങളും അവരുടെ പുറകെ കൂടി. എന്തിനു, എവിടേക്ക് പോകുന്നു എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി കിട്ടിയില്ല.
  ഗ്രാമം മുഴുവന്‍ കരിഞ്ഞുണങ്ങി കിടക്കുന്നു. ഇലകളെല്ലാം കൊഴിഞ്ഞു പച്ചപ്പ് നഷ്ടപ്പെട്ട ഒരു ഗ്രാമം. ഉണങ്ങി വരണ്ട പുഴ,വയലുകള്‍. ഒറ്റ രാത്രികൊണ്ട് ഇവിടെ എന്താണ് സംഭവിച്ചത്.
  നാല്‍ക്കവലയില്‍ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നിടത്തെക്കാണ്  ഞങ്ങള്‍ എത്തിയത്. അവിടെ ആറടി ഉയരത്തില്‍ കെട്ടി ഉയര്‍ത്തിയ ഒരു പീഠത്തില്‍ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ഒരു വെങ്കലപ്രതിമ. വലതുകൈ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ആ പ്രതിമക്ക് സുഗുണന്‍ എന്ന് വിളിക്കുന്ന സത്യപലാന്റെ മുഖമായിരുന്നു.

സ്നേഹകാഴ്ചകള്‍

സ്നേഹകാഴ്ചകള്‍
എന്‍റെഭാരതമണ്ണില്‍ വിഷവിപ്ലവത്തിന്റെ
വിത്തുകള്‍ പാകീടുന്ന രാഷ്ട്രീയക്കീടങ്ങളെ
ചുടുചോരയുംകണ്ണീര്‍ നിറഞ്ഞകിനാവിന്റെ
തീക്ഷ്ണനൊമ്പരങ്ങളും നഷ്ടജീവിതങ്ങളും
    തെരുവില്‍രക്തത്തിനായ്‌ പടവെട്ടീടുന്നതും
    തിരഞ്ഞുപിടിച്ചേവം കശാപ്പുചെയ്യുന്നതും
    തെറ്റെന്ന്‍ നിനക്കുവാന്‍ ഇന്നിവര്‍ ശ്രമിക്കീല
    നഷ്ടമാവുന്നു സ്നേഹ കാഴ്ചകളിന്നെന്‍ നാട്ടില്‍
വിപ്ലവക്കാറ്റില്‍രക്തം ചിന്തിയ യോദ്ധാക്കളും
യുദ്ധക്കളത്തില്‍ ശാന്തി ദൂതരായണഞ്ഞോരും
ഗാന്ധിതന്‍ സിദ്ധാന്തങ്ങള്‍ ഉറക്കെപ്പാടുന്നോരും
താമരപ്പൂവിന്‍ ഗന്ധം കാത്തുകാത്തിരുന്നോരും
   തരുമോയെനിക്കേറ്റം പ്രിയമേറുമാദിവ്യ
   പ്രഭയില്‍ കുളിര്‍തൂകും സ്നിഗ്ദ്ധമാംപ്രഭാതങ്ങള്‍
   ശാന്തിയും സമാധാന പൂര്‍ണമാംനീലാകാശം
   നിറയും സ്നേഹത്തിന്റെ കാഴ്ചകളിന്നെന്‍നാട്ടില്‍ 

Wednesday 13 June 2012

കള്ളനാണയം

കള്ളനാണയം          
(നിസ്വാര്‍ഥ സേവനം എന്ന മുഖംമൂടിയണിഞ്ഞു പൊതുമുതല്‍ കൊള്ളയടിക്കുന്ന കപട രാഷ്ട്രീയക്കാരെ തിരിച്ചറിയാനാവാത്ത സാധാരണ ജനങ്ങള്‍ക്ക്‌ ഈ കഥ സമര്‍പ്പിക്കുന്നു.)
ചിങ്ങമാസത്തിലെ മഴ പെയ്തൊഴിഞ്ഞ ഒരു പ്രഭാതത്തിലാണ് അയാള്‍ ആദ്യമായി ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുഷിഞ്ഞ ഒരു കള്ളിമുണ്ടും തലയില്‍ വട്ടം ചുറ്റിയ ഒരു തോര്‍ത്തും മാത്രമായിരുന്നു വേഷം. കയ്യില്‍ ഒരു കൂന്താലിയുമുണ്ടായിരുന്നു. ക്ഷേത്രത്തിനുമുന്നിലെ നാല്‍ക്കവലയോട് ചേര്‍ന്നുള്ള ശങ്കരേട്ടന്റെ ചായപ്പീടികയിലേക്കാണ് അയാള്‍ ആദ്യം കയറിയത്. വാഷ്‌ബേസിനില്‍ കൈ കഴുകി ഒരു ബെഞ്ചില്‍ അയാളിരുന്നു. ചായ കുടിച്ചുകൊണ്ടിരുന്ന പരിസരവാസികള്‍ അപരിചിതന്‍ ആരെന്നറിയാതെ പരസ്പരം നോക്കി. അവരുടെ കണ്ണുകള്‍ അയാള്‍  ആരെന്നറിയുവാനുള്ള  ഉത്തരം തേടുകയായിരുന്നു.
   ബാലിഷ്ടങ്ങളായ കൈകാലുകളും വിരിഞ്ഞ നെഞ്ചും ചുവന്നുകലങ്ങിയ കണ്ണുകളും എണ്ണകറുപ്പാര്‍ന്ന ശരീരവും തോളറ്റം വരെ വളര്‍ന്ന ജടപിടിച്ച ചുരുണ്ട മുടിയും അയാളെ ആരാലും ശ്രദ്ധിക്കപ്പെടുന്നവനാക്കി. കടയുടമസ്ഥന്‍ ശങ്കരേട്ടന്‍ അയാളുടെ മുന്നിലെത്തി എന്തുവേണമെന്ന്‌ അന്വേഷിച്ചു. അലമാരിയില് ഇരിക്കുന്ന ആവി പറക്കുന്ന പുട്ടിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി. നനഞ്ഞ ഒരു വാഴയിലക്കീറില്‍ പുട്ടും ചെറുപഴവും അയാളുടെ മുന്‍പില്‍ വെച്ചു. അയാള്‍ സാവധാനം ആഹാരം കഴിക്കുന്നത് നോക്കിനിന്ന ശങ്കരേട്ടന്‍ പരിചയപ്പെടുവാനായി ചോദിച്ചു,                                              “എവിടെ നിന്നും വരുന്നു”.?
 അയാള്‍ മറുപടിയായി അകലേക്ക്‌ വിരല്‍ ചൂണ്ടി.
‘ഇവിടെ ആരെക്കാണാന്‍ വന്നതാണ്’?
മറുപടി അയാള്‍ ഒരു ചിരിയില്‍ ഒതുക്കി.
‘പണിക്കുവന്നതായിരിക്കും അല്ലെ’ ?
അതിനും മറുപടി  ഒരു ചിരി മാത്രം.
ഭക്ഷണം കഴിച്ചുകഴിഞ്ഞ് അയാള്‍ കൌണ്ടറില്‍ എത്തി. മടിശ്ശീലയില്‍ നിന്നും അയാള്‍ കുടഞ്ഞിട്ട നാണയങ്ങള്‍ കണ്ട്‌ ശങ്കരേട്ടന്‍ അത്ഭുതപ്പെട്ടു. ചെമ്പുനാണയങ്ങള്‍  വെള്ളിനാണയങ്ങള്‍. അപരിചിതങ്ങളായ ആ നാണയങ്ങളെല്ലാം വളരെയധികം പഴക്കം തോന്നിക്കുന്നവയായിരുന്നു. നാണയങ്ങള്‍ ഏതുപൌരാണിക കാലത്ത് ഉപയോഗിചിരുന്നവയാണന്ന് അറിയില്ല. നെല്ക്കതിരിന്റെയും വാളിന്റെയും വിവിധതരം ആയുധങ്ങളുടെയും മുദ്രകള്‍ ആലേഖനം ചെയ്തിരിക്കുന്നു. കിരീടധാരിയായ ഏതോ രാജാവിന്റെ ചിത്രം. മൃഗങ്ങളുടെ ചിത്രങ്ങള്‍ , പ്രാചീനമായ ഏതോ ലിപികള്‍ ആലേഖനം ചെയ്തിരിക്കുന്ന നാണയങ്ങള്‍. വൃത്താകൃതിയിലും ചതുര തികോണ നക്ഷത്രാക്രുതിയിലുമുള്ള വിവിധതരം നാണയങ്ങള്‍.
ഇതൊന്നും ഇവിടെ എടുക്കില്ല. വേറെ പൈസ ഉണ്ടങ്കില്‍ തരൂ. ശങ്കരേട്ടന്റെ ശബ്ദത്തില്‍ ക്രോധം കലര്‍ന്നിരുന്നു. ശങ്കരേട്ടന് നീക്കിവെച്ച നാണയങ്ങള്‍ മുഴുവന്‍  പണസഞ്ചിയിലേക്ക് വാരിയിട്ടുകൊണ്ട് അയാള്‍ പുറത്തേക്ക്‌ നടന്നു. വൃദ്ധനായ ശങ്കരേട്ടന്‍  നിസ്സഹായനായി ചുറ്റും നോക്കി. കാട്ടാളനെപ്പോലെ  തോന്നിക്കുന്ന ശക്തിമാനായ അയാളെ തടഞ്ഞുനിര്‍ത്തി പണം പിടിച്ചുവങ്ങുവാന്‍ അദ്ദേഹത്തിന്റെ പ്രായവും അനാരോഗ്യവും അനുവദിച്ചില്ല. അയാള്‍ കൂന്താലിയുമെടുത്തുകൊണ്ട് അകലേക്ക്‌ നടന്നുമറയുന്നത് നോക്കിനിന്നവര്‍ പരസ്പ്പരം ഓരോ അഭിപ്രായങ്ങള്‍ പറയുന്നുണ്ടായിരുന്നു.
   അയാള്‍ അകലെ ഗ്രാമത്തില്‍നിന്നു കൂലിപ്പണി അന്വേഷിച്ചു വന്നതായിരിക്കും. ആരെന്കിലും അയാള്‍ക്ക് പണിക്കൂലിയായി പഴയ നാണയങ്ങള്‍ നല്‍കി കബളിപ്പിച്ചതാവും. പള്ളിക്കൂടത്തില്‍ ഒന്നും പോയി പഠിച്ചിട്ടുണ്ടാവില്ല. ചിലപ്പോള്‍ ഏതെന്കിലും പുരാവസ്തു കേന്ദ്രത്തില്‍നിന്ന് മോഷ്ടിച്ചതാവും. അയാള്‍ ഒരു ധിക്കാരിയാണന്നായിരുന്നു ചിലരുടെ അഭിപ്രായം. ചിലപ്പോള്‍ ഊമയും ബധിരനും ആയിരിക്കാം. ആംഗ്യഭാഷയില്‍ ആണ് അയാള്‍ ആശയവിനിമയം നടത്തിയത്.
      പാടത്തിന് സമീപം കിണര്‍ കുഴിക്കുന്നിടത്തേക്കാണ് അയാള്‍ നടന്നെത്തിയത്. കിണറിനുള്ളില്‍ നിന്നും കല്ലും മണ്ണും കുട്ടയിലാക്കി കാപ്പിയും കയറും ഉപയോഗിച്ച് വലിച്ചുകയറ്റുന്ന പണിക്കാരെ അയാള്‍ സഹായിക്കുവാനാരംഭിച്ചു. പുതിയ പണിക്കാരനെക്കണ്ട് മറ്റുള്ളവര്‍ അതിശയിച്ചു. അയാളുടെ ഉരുക്ക് പോലുള്ള ശരീരവും പണിയെടുക്കുന്പോള്‍ ഉരുണ്ടുകയറുന്ന മാംസപേശികളും അവര്‍ അസൂയയോടെ നോക്കിനിന്നു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അയാള്‍ പണി തുടങ്ങിയതെന്നു വ്യക്തമല്ല. കുറച്ച്‌ സമയത്തിനുശേഷം അയാള്‍ വടത്തില്‍ പിടിച്ച്‌ കിണറിനുള്ളില്‍ ഇറങ്ങി പണി തുടങ്ങി. അസാധാരണ വേഗതയിലാണ് അയാള്‍ ജോലി ചെയ്തിരുന്നത്. കിണറിനുള്ളില്‍ എത്തുന്ന കാലിക്കുട്ടകള്‍ അയാള്‍ അതിവേഗം നിറച്ചുകൊടുത്തുകൊണ്ടിരുന്നു.
  മുതലാളി പുതിയതായി ഏര്‍പ്പെടുത്തിയ പണിക്കാരനാണെന്നാണ് മറ്റു പണിക്കാര്‍ കരുതിയത്‌. പണിക്കാര്‍ കൂട്ടിക്കൊണ്ടുവന്നതാണ് പുതിയ ആളെന്നു മുതലാളിയും കരുതി.ഏതായാലും അയാളുടെ കഠിനാദ്ധ്വാനം എല്ലാവര്‍ക്കും ഇഷ്ടമായി. ഉച്ചഭക്ഷണസമയത്ത് അയാള്‍ വീണ്ടും ശങ്കരേട്ടന്റെ കടയിലെത്തി. മതിയാവോളം ചോറുണ്ടുകഴിഞ്ഞു മടങ്ങാന്‍ നേരം വീണ്ടും മടിശ്ശീല തുറന്ന്‌ പഴയ നാണയത്തുട്ടുകള്‍ വാരി മേശപ്പുറത്തിട്ട് അയാള്‍ ഇറങ്ങി നടന്നു. കറുത്തിരുണ്ട ക്ലാവ് പിടിച്ച നാണയത്തുട്ടുകള്‍ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ശങ്കരേട്ടന്‍  നിസ്സഹായനായി നിന്നു. കിട്ടിയ തുട്ടുകള്‍ പെട്ടിയില്‍ വാരിയിട്ടിട്ട് വീണ്ടും അടുത്ത മേശയില്‍ ചോറ് വിളമ്പുവാന്‍ തുടങ്ങി. നഷ്ടബോധവും നിരാശയും നിസ്സഹായതയും മൂലം അദ്ദേഹം എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.
സന്ധ്യയോടടുത്ത് പണി നിര്‍ത്തിയ ഉടനെ അയാള്‍ കൈയും കാലും കഴുകി പോകുവാന്‍ തയ്യാറായി. മുതലാളി കൂലിവെച്ചു നീട്ടിയപ്പോള്‍ അത് വാങ്ങുവാന്‍ നില്‍ക്കാതെ അയ്യാള്‍ കവലയിലേക്ക് നടന്നു.. മറ്റുപണിക്കാര്‍ കൂലിയും വാങ്ങി കവലയിലെത്തുമ്പോള്‍ അയാള്‍ ശങ്കരേട്ടന്റെ കടയിലെത്തി ചായകുടി കഴിഞ്ഞു പോകാന്‍ തുടങ്ങുകയായിരുന്നു.
   ‘എന്താണ് പൈസാ വാങ്ങാതെ പോന്നത്?. ഏതായാലും മുതലാളി പൈസാ ഞങ്ങളുടെ കൈയ്യില്‍ തന്നുവിട്ടു.’   ഒരു പണിക്കാരന്‍ അന്നത്തെ പണിക്കൂലി അയാളുടെ മുന്നില്‍ വെച്ചു.
  ആ നോട്ടുകളിലേക്ക് നോക്കുകകൂടി ചെയ്യാതെ അയാള്‍ ഇറങ്ങി നടന്നു. അയാള്‍ മേശപ്പുറത്തു വാരിയിട്ട ഒരു പിടി നാണയങ്ങള്‍ അവിടെ അനാഥമായി കിടന്നു.
  ഇതെന്തൊരു മനുഷ്യനാണ്. ആള്‍ക്കാര്‍ അത്ഭുതത്തോടെ പരസ്പരം നോക്കി. ചെയ്യുന്ന ജോലിക്ക് പ്രതിഭലം വാങ്ങാതെ ആരോടും ഒന്നും മിണ്ടാതെ മുഖത്തുപോലും നോക്കാത്ത ഒരു മനുഷ്യന്‍. പ്രതിഫലം ആഗ്രഹിക്കാതെ നിസ്വാര്‍ഥനായ ഇയാള്‍ ആരാണ്. പക്ഷേ,ഭക്ഷണം കഴിച്ചിട്ട് കാശുകൊടുക്കാതെ പോകുന്നത് മര്യാദകെട്ട പണി തന്നെയാണ്.
  ദിവസങ്ങള്‍ നീങ്ങവേ അയാള്‍ ഗ്രാമത്തില്‍ ഒരു സംസാരവിഷയമായി. അയാളുടെ പണി കാണുവാന്‍ കിണറ്റുകരയില്‍ ആള്‍ക്കാര്‍ കൂടാന്‍ തുടങ്ങി. അയാളുടെ കൂലിയിനത്തില്‍ കിട്ടുന്ന പൈസ മറ്റു പണിക്കാര്‍ ശങ്കരേട്ടനെ ഏല്പിച്ചതിനാല്‍ മൂന്നുനേരത്തെ ഭക്ഷണത്തിനു മുട്ടുണ്ടായില്ല. ശങ്കരേട്ടന്റെ മേശക്കുള്ളില്‍ പൗരാണിക നാണയങ്ങള്‍ കുമിഞ്ഞുകൂടി. അതോടൊപ്പം അയാളുടെ പണിക്കൂലിയിനത്തില്‍ കിട്ടിയ തുകയും. അയാളുടെ കണക്കുകള്‍ എഴുതാന്‍ ശങ്കരേട്ടന്‍ ഒരു പുതിയ പേജ്തന്നെ  തുറന്നു. പേജിനുമുകളില്‍ ശങ്കരേട്ടന്‍ പുതിയ പേരെഴുതി സുഗുണന്‍.
 സുഗുണന്‍ എന്ന പേര് എല്ലാവര്‍ക്കും ഇഷ്ടമായി. ആള്‍ക്കാരുടെ സ്വഭാവം, ജോലി, ജാതി, സൌന്ദര്യം എന്നിവ നോക്കി ഓരോ ഇരട്ടപ്പേര് ഇടുന്ന സ്വഭാവം നാട്ടുകാര്‍ക് പണ്ടുമുതലേ ഉള്ളതാണ്. അങ്ങിനെ വന്ന പേരുകളാണ് മങ്കിരാജു , ജേര്‍സി കുഞ്ഞുമോന്‍, ഒറ്റത്തങ്കന്‍, സിന്റെക്സ്‌ വാസു എന്നിവ.
  പട്ടണത്തിലെ കോളേജില്‍ പഠിക്കുന്ന കുട്ടികളാണ് പൌരാണിക നാണയങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞത്. അവരുടെ ചരിത്രവിഭാഗം പ്രഫസ്സര്‍ ഈ നാണയശേഖരം കണ്ടു അത്ഭുതപ്പെട്ടു. തലസ്ഥാനത്തെ മ്യൂസിയതില്പോലും ഇല്ലാത്തത്ര നാണയശേഖരമാണ് സുഗുണന്‍ ശങ്കരേട്ടന്‍റെ കടയില്‍ ദാനം ചെയ്തിരുന്നത്.. അശോകന്‍, അലക്സാണ്ടര്‍, തുഗ്ലക്ക്‌,  ബാബര്‍, അക്ബര്‍,  നൈസാം,ചന്ദ്രഗുപ്തമൌര്യന്‍ മുതലായ പുരാതന ഭാരത ചക്രവര്‍ത്തിമാരുടെ കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകളായിരുന്നു അവയിലധികവും.
  തീപിടിച്ച ഓലപ്പുരയില്‍ നിന്നും രണ്ടുവയസ്സുള്ള കുട്ടിയേയും അമ്മയെയും രക്ഷിച്ചതോടുകൂടി അയാള്‍ ഗ്രാമത്തില്‍ ഒരു വീരനായകനായി മാറുകയായിരുന്നു.
   ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ സുഗുണന്റെ താമസസ്ഥലം എവിടെ എന്നറിയുവാനുള്ള ആകാംഷ ഞങ്ങളിലുണ്ടായത്. അവിടെയെത്തിയാല്‍  സുഗുണനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതി. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കും രഹസ്യങ്ങളിലേക്കും എത്തിനോക്കാന്‍ വെമ്പുന്ന ഒരു സാധാരണ മലയാളിയുടെ ജിജ്ഞാസയോടെ ഞങ്ങള്‍ ഒരു സന്ധ്യയില്‍ അയാളെ പിന്തുടര്‍ന്നു.  കിണറിന്‍റെ പണി കഴിഞ്ഞു മടങ്ങുകയായിരുന്ന അയാള്‍ നല്ല വേഗതയിലാണ് നടന്നിരുന്നത്. ഗ്രാമത്തിന്റെ അതിര്‍ത്തി കടന്ന്‌ വനപ്രദേശത്ത് എത്തുന്നത്‌ വരെ ഒരു തവണ പോലും തിരിഞ്ഞു നോക്കുകയുണ്ടായില്ല. വനത്തിലേക് കയറുന്നതിന്‌ മുന്‍പ്‌ ഒരു തവണ അയാള്‍ തരിഞ്ഞുനോക്കി. ഞങ്ങള്‍ നാലുപേരും ശ്രദ്ധിച്ചു നടന്നിരുന്നതിനാല്‍ പെട്ടന്ന് സുഗുണന്റെ ദൃഷ്ടിയില്‍പെടാതെ ഒഴിഞ്ഞുമാറാന്‍ സാധിച്ചു.
വനത്തിലെ വൃക്ഷത്തലപ്പുകളില്‍ ഇരുട്ട് ചേക്കേറിത്തുടങ്ങി. ചീവീടിന്റെ ശബ്ദം. നല്ല തണുത്ത അന്തരീക്ഷം. നൂറു മീറ്റെറോളം മുന്‍പില്‍ സുഗുണന്‍ . അയാള്‍ ദൃഷ്ടിയില്‍നിന്ന് മറയാതിരിക്കാന്‍ ഞങ്ങള്‍ വേഗത്തിലാണ് നടന്നത്. കുന്നിന്‍ ചെരിവില്‍ ഒരു വെളിച്ചം. അത് ലക്ഷ്യമാക്കിയാണ് സുഗുണന്‍ നടക്കുന്നത്. അതൊരു ഗുഹാമുഖമായിരുന്നു.  ഓട്ടുവിളക്കുമായി ഒരു വൃദ്ധ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. സുഗുണന്‍ വൃദ്ധയോടൊപ്പം ഗുഹക്കുള്ളില്‍ മറഞ്ഞു. ഞങ്ങള്‍ ഒരു വലിയ മരത്തിന്റെ പിന്നില്‍ ഒളിച്ചുനിന്നു. അവിടെ നിന്നാല്‍ ഗുഹയിലെ സംഭാഷണങ്ങള്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. മിനിട്ടുകള്‍ ഇഴഞ്ഞുനീങ്ങി.
പെട്ടെന്ന് സുഗുണന്‍ ഒരു വിളക്കുമായി ഞങ്ങളുടെ അടുത്തേക്ക്‌ വന്നു.
‘ അവിടെ നില്‍ക്കേണ്ട ,അകത്തേക്ക് പോരൂ. ഞിങ്ങള്‍ എന്നെ പിന്തുടര്‍ന്നു വന്നത് ഞാന്‍ കണ്ടിരുന്നു.’
  ഞങ്ങള്‍ സുഗുണന്‍ സംസാരിക്കുന്നത് കേട്ട് ഞെട്ടിപ്പോയി. അയാള്‍ ഒരു ഊമയാണന്നാണ് ഞങ്ങള്‍ ധരിച്ചിരുന്നത്. ആദ്യമായാണ് അയാളുടെ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നത്
  സുഗുണന്‍റെ മുന്നില്‍ പിടിക്കപ്പെട്ട കള്ളന്മാരെപ്പോലെ ഞങ്ങള്‍ തരിച്ചുനിന്നു. അയാള്‍ കാണിച്ച വെളിച്ചത്തിലൂടെ ഞങ്ങള്‍ ഗുഹയില്‍ കടന്നു. അവിടെ ഒരു പ്രായമായ സ്ത്രീ പുല്‍പായയില്‍ ഇരിക്കുന്നുണ്ടായിരുന്നു. സുഗുണന്‍ വിരിച്ചുതന്ന പുല്പായയില്‍ ഞങ്ങളിരുന്നു. ഗുഹക്കുള്ളില്‍ നിറയെ ധാരാളം മണ്‍ഭരണികള്‍. പുറമേ ചായം പൂശിയ വലിയ മണ്‍ഭരണികള്‍ അടച്ചുവെച്ചിരിക്കുന്നു. വിവിധ നിറങ്ങളിലുള്ള വിലകൂടിയ വസ്ത്രങ്ങള്‍ അയയില്‍ തൂക്കിയിട്ടിരിക്കുന്നു.
   “പറയൂ, എന്താണ് ഞിങ്ങള്‍ക്ക് അറിയേണ്ടത്?.”
“ഞിങ്ങള്‍ കരുതും പോലെ ഞാന്‍ ഊമയോന്നുമല്ല. എന്റെ പേര്‍ സുഗുണന്‍ എന്നുമല്ല. ഞാന്‍ സത്യപാലന്‍. ഇതെന്റെ അമ്മ. ഈ ഭരണികള്‍ ഞാന്‍ തുറന്നു കാണിക്കാം. ഇതെല്ലാം ഞങ്ങളുടെ സമ്പാദ്യങ്ങള്‍.”
  അയാള്‍ ഭരണികളുടെ അടപ്പുകള്‍ തുറന്നു. ഗുഹക്കുള്ളില്‍ കണ്ണഞ്ചിക്കുന്ന പ്രകാശം പരന്നു. അത് നിറയെ സ്വര്‍ണ്ണാഭരണങ്ങളും  രത്നങ്ങളും മുത്തുകളും ആയിരുന്നു. അളവില്ലാത്ത നിധിശേഖരം കണ്ടു ഞങ്ങള്‍ അത്ഭുതസ്തബ്തരായി.
 ഇതെല്ലം ഞങ്ങള്‍ പണിയെടുത്ത്‌ ഉണ്ടാക്കിയത് ഒന്നുമല്ല. പരന്പരാഗതമായി കൈമാറി വന്നതാണ്. പത്തിരിപതു തലമുറകള്‍ക് മുന്‍പ്  ഏതോ ചക്രവര്‍ത്തിയുടെ കൊട്ടാരം ഖജനാവ് സൂക്ഷിപ്പുകരനായിരുന്നു  ഞങ്ങളുടെ മുതുമുത്തച്ഛന്‍. മദ്യത്തിനും മദിരാഷിക്കും അടിമയായിരുന്ന ചക്രവര്‍ത്തി ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഞങ്ങളുടെ  മുതുമുത്തച്ഛനെ കൊന്നുകളഞ്ഞു. വളരെ വൈകിയാണ് ചക്രവര്‍ത്തി സത്യം മനസ്സിലാക്കിയത്. പ്രായശ്ചിത്തമായി മുതുമുത്തച്ഛന്റെ  മകനുതന്നെ ആ പണി കൊടുത്തു. പക്ഷേ പ്രതികാരാഗ്നി ഒരു കെടാത്ത കനലുപോലെ മനസ്സില്‍ സൂക്ഷിച്ച്‌ അവസരം കിട്ടിയപ്പോള്‍ ചക്രവര്‍ത്തിയെ കൊന്ന്‌ അളവറ്റ ധനവുമായി അദ്ദേഹം കാടുകയറി. അന്നുമുതല്‍ ഞങ്ങളുടെ തലമുറ തലമുറകളായി  വനവാസം തന്നെ. നാട്ടില്‍ ഇറങ്ങാനോ സുഖമായ്‌ ജീവിക്കാനോ ഈ പണമെല്ലാം ചിലവഴിക്കുവാനോ  സാധിക്കാതെ വനത്തിനുള്ളില്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തെക്കു പാലായനം ചെയ്തുകൊണ്ടിരിക്കുന്നു.
  “ ഇതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക്‌ തിരിച്ചുകൊടുത്തുകൂടെ ? ഞാന്‍ ചോദിച്ചു.
 “എങ്ങിനെ കണ്ടുപിടിക്കാന്‍. ഇനി നാട് ഭരിക്കുന്ന സര്‍ക്കാരിനെ എല്പിക്കാമെന്ന് വെച്ചാല്‍  തന്നെ ഞങ്ങള്‍ ജയിലിലാവും. ധനമെല്ലാം രാഷ്ട്രീയക്കാര്‍ വീതിച്ച് എടുക്കുകയും ചെയ്യും.”
  സുഗുണന്‍, അല്ല സത്യപാലന്, നാടും  ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാരിന്റെയും  അഴിമതികളെക്കുറിച്ച് ഉള്ള അറിവില്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു.
“അര്‍ഹതയില്ലാത്ത ധനം ഒരിക്കലും അനുഭവിക്കാന്‍ സാധിക്കുകയില്ല. അതിലെല്ലാം വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പ് കലര്‍ന്നിട്ടുണ്ടാകും.” എന്റെ വാക്കുകള്‍ സത്യപാലന്‍ ശ്രദ്ധിച്ചതെയില്ല.
   സത്യപാലന്റെ അമ്മ ഞങ്ങള്ക്കെല്ലാം കുടിക്കുവാന്‍ രുചിയേറിയ ഒരു പാനീയം തന്നു. സ്വര്‍ണ്ണത്തിന്റെ ഒരു മധുചഷകമാണ് അവര്‍ വെച്ചുനീട്ടിയത്. അതില്‍നിന്നു ഒരിറക്ക് പാനീയം രുചിച്ചുകഴിഞ്ഞപ്പോളെ ഞങ്ങള്‍ പ്രജ്ഞയറ്റ്‌ നിലംപതിച്ചു.
      *             *            *

എന്തോ ബഹളം കേട്ടാണ് ഞങ്ങള്‍ കണ്ണുതുറന്നത്. ഒരു കടത്തിണ്ണയില്‍ കിടക്കുകയായിരുന്നു ഞങ്ങള്‍ . രാത്രിമുഴുവന്‍ കാറ്റും തണുപ്പുമടിച്ചു ഇവിടെ ബോധമില്ലാതെ കിടക്കുകയായിരുന്നു. സത്യപാലന്റെ ഗുഹയില്‍നിന്നും എങ്ങിനെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ആരാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നു കിടത്തിയത്. ഗ്രാമവാസികളെല്ലാം നാല്‍ക്കവലയിലേക്ക് ഓടുകയാണ്. എന്താണ് കാര്യമെന്നറിയാതെ ഞങ്ങളും അവരുടെ പുറകെ കൂടി. എന്തിനു, എവിടേക്ക് പോകുന്നു എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി കിട്ടിയില്ല.
  ഗ്രാമം മുഴുവന്‍ കരിഞ്ഞുണങ്ങി കിടക്കുന്നു. ഇലകളെല്ലാം കൊഴിഞ്ഞു പച്ചപ്പ് നഷ്ടപ്പെട്ട ഒരു ഗ്രാമം. ഉണങ്ങി വരണ്ട പുഴ,വയലുകള്‍. ഒറ്റ രാത്രികൊണ്ട് ഇവിടെ എന്താണ് സംഭവിച്ചത്.
  നാല്‍ക്കവലയില്‍ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നിടത്തെക്കാണ്  ഞങ്ങള്‍ എത്തിയത്. അവിടെ ആറടി ഉയരത്തില്‍ കെട്ടി ഉയര്‍ത്തിയ ഒരു പീഠത്തില്‍ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ഒരു വെങ്കലപ്രതിമ. വലതുകൈ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ആ പ്രതിമക്ക് സുഗുണന്‍ എന്ന് വിളിക്കുന്ന സത്യപലാന്റെ മുഖമായിരുന്നു

Thursday 17 May 2012

വായനയെ കൊല്ലുന്നവര്‍

വായനയെ കൊല്ലുന്നവര്‍
  മലയാളി സമൂഹത്തില്‍ വായന മരിക്കുന്നു എന്ന  പരിദേവനം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. സാംസ്കാരികസാഹിത്യരാഷ്ട്രീയനായകര്‍  ഈ വിഷയത്തെക്കുറിച്ച് വളരെയധികം അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞു. വായനയെ പരിപോഷിപ്പിക്കേണ്ട വായനശാലാ അധികൃതര്‍ തന്നെ വില്ലന്‍മാരായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.
    ഏറണാകുളത്ത് പോന്നുരുന്നി ഗ്രാമീണ വായനശാലയിലെ ഒരു അംഗമായിരുന്നു ഞാന്‍. ഒരു പുരുഷായുസ്സ് മുഴുവന്‍ വായിച്ചാലും തീരാത്ത പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയായിരുന്നു അത്. നിലവാരമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു തന്നിരുന്ന നല്ലവരായ ലൈബ്രറിയന്മാരാണ് അവിടെ ഉണ്ടായിരുന്നത്. ഏതാണ്ട് ഏഴ് വര്‍ഷക്കാലം അവിടെ സജീവ അംഗമായിരുന്നതിനാല്‍ ധാരാളം നല്ല പുസ്തകങ്ങളും ആനുകാലികങ്ങളും  വായിക്കുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. വില കൊടുത്ത് പുസ്തകങ്ങളും ആനുകാലികങ്ങളും  വാങ്ങി വായിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക്‌ പബ്ലിക്‌ ലൈബ്രറികള്‍ വലിയ സഹായമാണ് ചെയ്തുകൊടുക്കുന്നത്.
     കഴിഞ്ഞ വര്‍ഷാവസാനം ഞാന്‍ ഉദയംപേരൂര് എന്ന സ്ഥലത്തേക്ക് താമസം മാറ്റേണ്ടി വന്നു.പുതിയ സ്ഥലത്ത് ഒരു ലൈബ്രറി അന്വഷിച്ച്  അധികം അലയേണ്ടിവന്നില്ല. പക്ഷേ, ഒരു അംഗത്വമെടുക്കുന്നതിനെക്കുറിച്ച് അന്വഷിച്ചപ്പോള്‍ വളരെ നിഷേധാത്മകമായ നിലപാടാണ് ലൈബ്രറിയനും സഹായികളും സ്വീകരിച്ചത്.
    ഒരു അംഗം പരിചയപ്പെടുത്തണമെന്ന് പറയുന്നത് ന്യായം. അത് സജീവമായി പുസ്തകങ്ങള്‍ എടുത്ത് വായിക്കുന്ന ഒരാളിയിരിക്കണം എന്ന് പറയുമ്പോള്‍ അതല്പം കടന്ന വാക്കായിപ്പോയി എന്നെനിക്ക് തോന്നി. പുതിയ താമസസ്ഥലത്ത് പുതിയതായി പരിചയപ്പെടുന്ന ഓരോ വ്യക്തിയോടും ലൈബ്രറിയില്‍ അംഗമാണോ എന്ന് അന്വഷിക്കുകയാണ് ഞാന്‍. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ എനിക്ക് അത്തരമൊരാളെ പരിചയപ്പെടുവാന്‍ സാധിച്ചില്ല.
   ഒരു സംഖ്യ caution deposit  ആയി വാങ്ങിയിട്ട് അംഗത്വം തന്നുകൂടെ എന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു മറുപടി. എല്ലാ നിയമങ്ങളും ആവശ്യാനുസരണം വളച്ചൊടിക്കുന്ന നമ്മുടെ നാട്ടില്‍ ഒരു ലൈബ്രറി അംഗത്വം നിയമത്തിന്റെ നൂലാമാലകളില്‍ തടസ്സപ്പെട്ടിരിക്കയാണ്.
       പുതിയ അംഗത്വമെടുത്തു പുസ്തകങ്ങളുമായി മുങ്ങുന്ന ധാരാളം ആളുകളുള്ളതിനാലവും അധികൃതര്‍ ഇത്തരം ഒരു സമീപനം സ്വീകരിച്ചത്. പുതിയ സ്ഥലത്ത് താമസം ആരംഭിച്ചതുത്തന്നെ പുസ്തകമെടുത്തു മുങ്ങുവാനാനെന്നാവും അവരുടെ സംശയം. ഏതായാലും കഴിഞ്ഞ എട്ട് മാസത്തിനിടയ്ക്ക് എനിക്ക് അധികമൊന്നും വായിക്കുവാന്‍ സാധിച്ചിട്ടില്ല.
      വലിയ ലൈബ്രറികളില്‍ ഒരു ഐ. ഡി. പ്രൂഫും രണ്ടു സ്റ്റാമ്പ്‌ സൈസ് ഫോട്ടോയും ഉണ്ടങ്കില്‍ അംഗത്വം കിട്ടും.അവിടെ നിയമത്തിന്റെ നൂലാമാലകള്‍ ഒന്നുമില്ല. അത്തരം സൗകര്യങ്ങളൊക്കെ നഗരവാസികള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്.
   ഇംഗ്ലീഷ് ഭാഷയില്‍ ഇറങ്ങുന്ന ബെസ്റ്റ്‌ സെല്ലെര്‍ പുസ്തകങ്ങള്‍ നൂരുരൂപക്ക് താഴെ ലഭിക്കുമ്പോള്‍ മലയാളത്തിലെ നല്ല പുസ്തകങ്ങള്‍ മുന്നൂറ്‌- - മുന്നൂറ്റിയമ്പത് രൂപ വിലയിട്ടാണ് വില്‍ക്കുന്നത്. ഒരു സാധാരണക്കാരന് താങ്ങാവുന്ന വിലയല്ലിത്. വായന മരിക്കുന്നു എന്ന് പരാതി പറയുന്നവര്‍ ഇതുകൂടി പരിഗണിച്ചാല്‍ നന്നായിരിക്കും.