Friday 19 August 2016

സ്നേഹതീരം

സ്നേഹതീരം
  മയക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ഞാന്‍ കടല്‍ത്തീരത്തെ മണലില്‍ കമഴ്ന്നു കിടക്കുകയായിരുന്നു. ശാന്തമായ കടലിലെ ചെറിയ തിരകള്‍ എന്റെ കാല്‍പ്പാദങ്ങളെ തഴുകി തിരികെ പോകുന്നു. തണുത്ത കാറ്റ് വീശുന്ന പുലരി. തെങ്ങിന്‍ തലപ്പുകളില്‍ നിന്നും കൂട്ടത്തോടെ പറന്നകലുന്ന പക്ഷികള്‍. വിജനവും  അപരിചിതവുമായ ഏതോ  കടപ്പുറം. ഞാന്‍ എങ്ങനെ ഇവിടെ എത്തി?. ആരാണ് എന്നെ ഇവിടെ കൊണ്ടുവന്നു കിടത്തിയത്.? മനസ്സില്‍ ഓരോ സംശയങ്ങള്‍ ചുരമാന്തിക്കൊണ്ടിരിന്നു
     ഞാന്‍ എഴുന്നേറ്റിരുന്നു. ദേഹത്ത് പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തുടച്ചുകളഞ്ഞു.. നോക്കെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കടല്‍. കടലില്‍ വള്ളങ്ങളോ മീന്‍പിടുത്തബോട്ടുകളോ കപ്പലുകാളോ കാണാനില്ല. അകലെ മണ്‍ കൂനയില്‍ ഒരാള്‍ കിടക്കുന്നു. ആശ്വാസമായി. ഒരു മനുഷ്യജീവിയെ എങ്കിലും കണ്ടല്ലോ. ഞാന്‍ അയാളുടെ അടുത്തേക്ക് നടന്നു. ഒരു നിമിഷം ഞാന്‍ ഞെട്ടിത്തെറിച്ചു നിന്നു. അത് ഒരു ശവശരീരം ആയിരുന്നു. തല വെട്ടിമാറ്റിയ നിലയിലുള്ള ഒരു ശവശരീരം. പത്തടിയോളം അകലെ അയാളുടെ തലകിടക്കുന്നു.  കണ്ണുകള്‍ തുറന്നു നാക്ക് കടിച്ച നിലയില്‍. കൃഷ്ണമണികളില്‍ ഉറുമ്പരിച് ചാരനിറം കലര്‍ന്നിരിക്കുന്നു. സമീപത്തെല്ലാം ഉണങ്ങി കട്ടപിടിച്ച മനുഷ്യരക്തം. ഒരലര്‍ച്ചയോടെ ഞാന്‍ പുറം തിരിഞ്ഞ് ഓടി. ഈശ്വരാ എന്താണ് സംഭവിച്ചത്. ആരാണ് അയാളെ കൊലചെയ്തത്. എന്തിനായിരിക്കും അയാളെ കൊന്നത്. ഇന്നത്തെ കണി ഒരു തലയില്ലാത്ത ശവമോ. ഇതിനു ഞാന്‍ കോടതിയില്‍ സാക്ഷി പറയേണ്ടി വരുമോ. പോലീസ് എത്തുമ്പോള്‍ ഞാന്‍ സാക്ഷിയോ , പ്രതിയോ....?
        ഭയാശങ്കകളോടെ ഞാന്‍ മുന്നോട്ടോടി. വയലുകളും തെങ്ങിന്‍ തോപ്പുകളും പിന്നിട്ടു ഞാന്‍ മുന്നോട്ടോടിക്കൊണ്ടിരുന്നു.  അങ്ങിങ്ങായി ഓലമേഞ്ഞ വീടുകള്‍ കാണാം. പുറത്തു ആരെയും കാണാനില്ല. ദേഹം മുഴുവന്‍ വിയര്‍പ്പ് പൊടിയുന്നു. ശ്വാസോച്ഛ്വാസം ദ്രുതഗതിയില്‍ ആയി. തളര്‍ന്ന് അവശനായി ഞാന്‍  ഒരു വീട്ടുവരാന്തയില്‍ കയറി ഇരുന്നു. അവിടെ ആളനക്കം ഉള്ളതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ല.
  “ഇവിടെ ആരും ഇല്ലേ?”    ഞാന്‍ ഉറക്കെ വിളിച്ചുചോദിച്ചു. മറുപടി ഉണ്ടായില്ല. വീട്ടില്‍ ആരും ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ല. നിമിഷങ്ങള്‍ കടന്നുപോയി. പാതി ചാരിയിരുന്ന കതകു കാറ്റില്‍ ഇളകിയാടി. ഞാന്‍ മുറിക്കുള്ളിലേക്ക് എത്തി നോക്കി. തറയില്‍ വിരിച്ച പുല്പായയില്‍ രണ്ടുപേര്‍ കിടക്കുന്നു. ഒരു സ്ത്രീയും പുരുഷനും. ഇവര്‍ നേരം പുലര്‍ന്നത് അറിഞ്ഞില്ലന്നുണ്ടോ.? ഞാന്‍ കതകില്‍ വീണ്ടും തട്ടിക്കൊണ്ടു ഉള്ളിലേക്ക്  നോക്കി. എന്തോ ഒരു അസ്വാഭാവികത. രക്തത്തിന്റെ മണം. പുല്പ്പായയില്‍ തളം കെട്ടി നില്‍ക്കുന്ന രക്തം. കൊല്ലപ്പെട്ടിട്ട് അധികസമയം ആവാത്ത ജഡങ്ങള്‍ കണ്ടു ഞാന്‍ ഞെട്ടിത്തെറിച്ചു പുറത്തേക്കു ഓടി.
   ഇടവഴിയിലൂടെ മുന്നോട്ടോടുമ്പോള്‍ ധാരാളം ശവശരീരങ്ങള്‍ വഴിയോരത്ത് കിടക്കുന്നു. സ്ത്രീകളുടെയും, കുട്ടികളുടെയും പുരുഷന്മാരുടെയും ശവശരീരങ്ങള്‍. തലയും കൈകാലുകളും ഛേദിക്കപ്പെട്ടതും മാറുപിളര്‍ന്നു കുടല്‍മാല പുറത്തുചാടിയതുമായ ധാരാളം ശവശരീരങ്ങള്‍. രക്തം പുരണ്ട വാളുകള്‍, കത്തികള്‍, ശൂലങ്ങള്‍, പല നിറത്തിലുള്ള കൊടികള്‍. രക്തം ഒഴുകുന്ന അഴുക്കുചാലുകള്‍.  കത്തിയെരിഞ്ഞ  വീടുകള്‍, കടകള്‍. വ്യാപാരസ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ഓഫീസുകള്‍ ആരാധനാലയങ്ങള്‍. ഒരു യുദ്ധഭൂമിപോലെ എല്ലാം തകര്‍ക്കപ്പെട്ട ഗ്രാമം. മരണത്തിന്റെ ഗന്ധം തങ്ങിനില്‍ക്കുന്ന അന്തരീക്ഷം.  നാല്‍ക്കവലയില്‍ ഗാന്ധിയുടെ പ്രതിമമാത്രം തലകുനിച്ച് നില്‍ക്കുന്നു.
              ഓടിയോടി  കാലുകള്‍ കുഴഞ്ഞ്‌ ഞാനൊരു കടത്തിണ്ണയില്‍ ഇരുന്നു. കടുത്ത ദാഹം. നാവുകള്‍ വരണ്ടുണങ്ങി. എവിടെയാണ് അല്പം വെള്ളം കിട്ടുക. പേടിച്ചരണ്ട ഓട്ടത്തിനിടയില്‍ വിശപ്പും ദാഹവും മറന്നുപോയിരുന്നു. തെരുവോരത്ത് എവിടെയും ഒരു വാട്ടര്‍ ടാപ്പ്‌ പോലും കാണ്മാനില്ല. തകര്‍ന്ന് കിടക്കുന്ന ശീതളപാനീയ കടയുടെ മുന്‍പില്‍ പൊട്ടാതെ കിടക്കുന്ന ഒരു വെള്ളക്കുപ്പി എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈശ്വരന് നന്ദി പറഞ്ഞുകൊണ്ട് ആ കുപ്പിയിലെ വെള്ളം മുഴുവന്‍ ആര്‍ത്തിയോടെ കുടിച്ചു. ചിതറികിടക്കുന്ന പഴങ്ങള്‍ക്കിടയില്‍ നിന്നും രണ്ടു കേടുപറ്റാത്ത  ആപ്പിള്‍ എടുത്ത് വസ്ത്രത്തില്‍ തുടച്ചു വൃത്തിയാക്കി കടിച്ചു തിന്നുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. ശവശരീരങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കും ചപ്പുചവറുകള്‍ക്കും ഇടയിലൂടെ കലാപഭൂമിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന സ്യൂസ്‌ ചാനല്‍ ക്യാമറാമാന്‍റെ ഔത്സുക്യത്തോടെ ചുവടുകള്‍ വെച്ചു.
   ആ ഗ്രാമം ഒരു ചെറിയ ദ്വീപ്‌ ആയിരുന്നു. നാലുവശത്തും കടലിനാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപ്‌. രണ്ടോമൂന്നോ കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ഒരു ചെറിയ തുരുത്ത്. വഞ്ചികളും വലകളും വ്യാപകമായി തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
   ജീവനുള്ള ഒരു മനുഷ്യനെയും അവിടെ കണ്ടില്ല. വര്‍ഗ്ഗീയതയുടെയോ വംശീയതയുടെയോ രാഷ്ട്രീയത്തിന്റെയോ വിഷം പുരണ്ട മനസ്സുമായി പരസ്പരം പോരടിച്ച് നാമാവശേഷമായ ഒരു ആധുനിക സമൂഹത്തിന്റെ തിരുശേഷിപ്പുകള്‍ മാത്രം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രച്ചരിപ്പിക്കേണ്ട ദേവാലയങ്ങള്‍ ആയുധശാലകളാക്കി മാറ്റിയ തീവ്രവാദത്തിന്റെ പരിണതഫലങ്ങള്‍ അവിടെ വീണ ഓരോ തുള്ളിചോരയിലും പ്രതിഫലിച്ചുകാണാം. രാഷ്ട്രീയകക്ഷികളുടെ കൊടികള്‍ക്കൊപ്പം മതചിഹ്ന്നങ്ങളും സ്ഥാനംപിടിച്ചപ്പോള്‍ സോഷ്യലിസവും കമ്മ്യൂണിസവും ജനാധിപത്യവും കശാപ്പുചെയ്യപ്പെട്ടു. അവിടെ വര്‍ഗ്ഗീയതയുടെ കഴുകന്മാര്‍ ചോരക്കണ്ണുകളുമായ് വട്ടമിട്ടു പറക്കാന്‍ തുടങ്ങി. . മരണത്തിന്റെ ഗന്ധം നിറഞ്ഞ ഗ്രാമങ്ങള്‍ക്ക്  മേലെ മാംസക്കൊതിയോടെ പറന്നുനടക്കുന്ന കഴുകന്മാരുടെ ചിറകടികള്‍ ഒരു രണഭേരി പോലെ മുഴങ്ങി.
   തകര്‍ക്കപ്പെട്ട ഒരു ബാങ്ക്. രക്തം പുരണ്ട കറന്സിനോട്ടുകള്‍ ചിതറിക്കിടക്കുന്നു. ഞാന്‍ നോട്ടുകള്‍ കൈയ്യിലെടുത്തു നോക്കി. ഗാന്ധിജിയുടെ ചിത്രം ആലേഖനംചെയ്ത ഇന്ത്യന്‍ റുപ്പീനോട്ടുകള്‍. ഈ നോട്ടുകള്‍ ഇവിടെ ഉപയോഗശൂന്യമാണ്. പണത്തിന് വിലയുണ്ടാവുന്നത് അത് കൊടുക്കുകയോ വാങ്ങുകയോ ചെയ്യാന്‍ ആളുണ്ടാവുംപോളാണ്. അത് വിനിമയം ചെയ്യാന്‍ സാധിക്കണം. ഈ ശ്മശാനഭൂമിയില്‍ ഈ കറന്സിനോട്ടുകള്‍ക്ക് വെറും കീറക്കടലാസിന്റെ വിലപോലും ഇല്ല. ഈ ദ്വീപിനു പുറത്ത് ഇതുകൊണ്ട്പോയാല്‍  പ്രയോജനം ഉണ്ടാവും. ശേഷിച്ച കാലം ആഘോഷമായി ജീവിക്കാം.
   തേടിനടന്ന്  സഞ്ചികള്‍ സംഘടിപ്പിച്ച്‌ കറന്സിനോട്ടുകള്‍ ഞാന്‍ വാരിക്കൂട്ടി. സഞ്ചി നിറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ മുന്നോട്ട് നടന്നു. പ്രതീക്ഷിച്ചതുപോലെ ഒരു സ്വര്‍ണക്കട. അടുത്തസഞ്ചിയില്‍ ആവുന്നത്ര സ്വര്‍ണം ശേഖരിച്ചുകഴിഞ്ഞപ്പോള്‍ മനസ്സ് ആനന്ദം കൊണ്ട് നിറഞ്ഞു. ഇത്രയും ധനം ആദ്യമായി ഒരുമിച്ചു കാണുകയാണ്. ഇവയെല്ലാം ഇനി എനിക്ക് സ്വന്തം. രണ്ടു സഞ്ചികള്‍ നിറയെ വാരിക്കൂട്ടിയ സമ്പാദ്യവുമായി  മോന്നോട്ടു നടക്കുക ബുദ്ധിമുട്ടായിരുന്നു. സഞ്ചികളുടെ ഭാരം വളരെ കൂടുതലായിരുന്നു.  ഇനി ഇവിടെ നിന്ന് രക്ഷപെടണം. എങ്ങനെ രക്ഷപെടും എന്ന് ഒരു ആശയവും മനസ്സില്‍ ഉണ്ടായിരുന്നില്ല. കടല്‍ത്തീരം ലക്ഷ്യമാക്കി ഞാന്‍ നടന്നു.
    എവിടെയോ ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍. എവിടെനിന്നാണ് ആ ശബ്ദം കേട്ടതെന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി. കുട്ടിയുടെ കരച്ചില്‍ വീണ്ടും മുഴങ്ങി. ഞാന്‍ സഞ്ചികള്‍ രണ്ടും താഴെയിട്ടു ശബ്ദം കേട്ട ദിക്കിലേക്ക് ഓടി. അവിടെ ഒരു സ്ത്രീയുടെ മൃതശരീരരത്തില്‍ പറ്റിച്ചേര്‍ന്നു കിടന്നു ഒരു കുഞ്ഞ് കരയുന്നു. അമ്മയുടെ മുലപ്പാല്‍ കുടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ആ പിഞ്ചുകുഞ്ഞ്‌ എന്നെ നിരാശയോടെ നോക്കി. എന്നെ കണ്ടതും കുട്ടിയുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം കണ്ടു. അവന്‍ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. ഒരു ആകര്‍ഷണവലയത്തില്‍ അകപ്പെട്ടതുപോലെ ഞാനാ കുട്ടിയെ കൈയ്യിലെടുത്തു. ഈ ദ്വീപില്‍ കാണാന്‍ കഴിഞ്ഞ ജീവനുള്ള ഏക മനുഷ്യജീവി. മരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ടവന്‍ . വാട്ടര്‍ ബോട്ടിലില്‍ അവശേഷിച്ചിരുന്ന വെള്ളം ഞാന്‍ അവനുകൊടുത്തു. അവന്‍ അത് കുടിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. കുട്ടിയേയും എടുത്ത് സഞ്ചികള്‍ രണ്ടും വലിച്ചുകൊണ്ട് ഞാന്‍ കടപ്പുറത്തേക്ക് നടന്നു.
       കടല്‍ ശാന്തമായിരുന്നു. കടലില്‍ നിന്നടിക്കുന്ന കാറ്റിനു നേരിയ തണുപ്പുണ്ടായിരുന്നു. കടലോരത്തെ ഒരു തെങ്ങിന്‍ തണലില്‍ ഞാനിരുന്നു. കടലിന്റെ അഗാധനീലിമയില്‍ നോക്കി എത്ര നേരമിരുന്നാലും വിരസത തോന്നുകയില്ല. പക്ഷേ, ഇപ്പോള്‍  ഇവിടെനിന്നു രക്ഷപെടുക എന്ന വിചാരം മാത്രമാണ് മനസ്സില്‍. കുട്ടി എന്റെ നെഞ്ചില്‍ പറ്റിക്കിടന്നു നല്ല ഉറക്കത്തിലാണ്. ദാഹവും വിശപ്പും മാറിയ ഉടനെ അവന്‍ മയക്കം ആരംഭിച്ചു.
     കടലില്‍ നിന്നും ഒരു തോണി കരയെ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു. ഞാന്‍ കൈവീശി കാണിച്ചു. കൈയ്യിലുണ്ടായിരുന്ന ചുവന്ന തൂവാല തലയ്ക്കു മുകളില്‍ വീശിക്കാണിച്ചു. തോണി തുഴയുന്ന   ആള്‍ എന്നെ കണ്ടു എന്ന് തോന്നുന്നു. തോണി ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് തന്നെയാണ് വരുന്നത്. മനസ്സില്‍ വലിയ സന്തോഷം തോന്നി. കനത്ത മഴയ്ക്ക് തയ്യാറെടുക്കുന്നത് പോലെ അന്തരീക്ഷത്തില്‍ കാര്‍മേഘം വന്നു മൂടിയിട്ടുണ്ട്. ഇടിമിന്നലിനൊപ്പം തണുത്ത കാറ്റും. എത്ര കനത്ത പേമാരി പെയ്താലും ഇവിടെ നിന്ന് എത്രയും വേഗം രക്ഷപെടണം. തോണി വിലക്ക് വാങ്ങിയെങ്കിലും  രക്ഷപെടണം. നാട്ടില്‍ തിരിച്ചെത്തണം. ശേഷിക്കുന്ന കാലം ഒരു ധനവാനായി ജീവിക്കണം. കുട്ടിയെ ഏതെന്കിലും അനാഥാലയത്തില്‍ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ കുട്ടികളില്ലാത്ത ഏതെന്കിലും ദമ്പതികള്‍ക്ക് കൊടുക്കാം.
      തോണി അടുത്തെത്തി. അതില്‍നിന്നും തിളങ്ങുന്ന ഉടയാടകള്‍ അണിഞ്ഞ ഒരു സുന്ദരി പുഞ്ചിരിയോടെ ഇറങ്ങിവന്നു. അവളോട്‌ ചോദിക്കാന്‍ കരുതിവെച്ചതെല്ലാം വിസ്മൃതില്‍ ലയിച്ചു.
അവളുടെ മാസ്മരികത നിറഞ്ഞ പുഞ്ചിരിയില്‍ ഞാന്‍ എല്ലാം മറന്നു. സ്വര്‍ണനിറമുള്ള അവളുടെ തലമുടി കാറ്റില്‍ പാറിക്കളിക്കുന്നു. അവള്‍ അടുത്ത് വന്നപ്പോള്‍ പരിസരമാകെ സുഗന്ധം പരക്കുന്നു.
   “വരൂ ഞാന്‍ ഞിങ്ങളെ അക്കരെ എത്തിക്കാം” അവളുടെ പട്ടുപോലെയുള്ള സ്വരം.
  “നില്‍ക്കൂ. എന്താണ് സഞ്ചിയില്‍.?”
സുന്ദരിയുടെ കണ്ണുകളില്‍ ക്രോധത്തിന്റെ തീനാളങ്ങള്‍.
ഞാന്‍ സഞ്ചി രണ്ടും തുറന്നുകാണിച്ചു.
“ഇല്ലാ... ഇതൊന്നും തോണിയില്‍ കയറ്റാനാവില്ല. ഇവയൊന്നും നിനക്ക് അവകാശപ്പെട്ടതല്ല. അവ നിനക്ക് ദോഷമേ ചെയ്യൂ.”
 “ ഈ ധനം നാട്ടിലെത്തിച്ചാല്‍ ഇതുകൊണ്ട് എനിക്ക് ആയുഷ്കാലം സുഖമായി ജീവിക്കാം.”
 “അത് നിന്റെ വ്യാമോഹമാണ്. നിനക്കൊരിക്കലും സ്വസ്ഥത ലഭിക്കില്ല. നിന്റെ ജീവിതം ദുരന്തങ്ങളുടെ ഘോഷയാത്രയായിരിക്കും. പിന്നെ ഈ തോണിയില്‍ അധിക ഭാരം കയറ്റാനാവില്ല.”
   ഞാന്‍ സംശയിച്ചുനിന്നു. അവളുടെ ആജ്ഞാശക്തിയുള്ള നോട്ടം എന്നെ തളര്‍ത്തി.
“ഇതിന്റെ പകുതി ഞാന്‍ ഭവതിക്ക് തരാം”
“ഇല്ലാ.... എന്റെയടുത്ത് നിന്റെ പ്രലോഭനങ്ങള്‍ ഒന്നും വേണ്ട.”
ഞാന്‍ സഞ്ചികള്‍ രണ്ടും വലിച്ചെറിഞ്ഞു. ധനമല്ല പ്രധാനം. ജീവന്‍ രക്ഷിക്കുക എന്നതാണ്.തോളില്‍ ഉറങ്ങിക്കിടന്ന കുട്ടി ഉറക്കം തെളിഞ്ഞു കരയാന്‍ തുടങ്ങി.  കുട്ടിയെ സ്വാന്തനിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ തോണിയില്‍ കയറി.
“ നില്‍ക്കൂ.. ആരുടെതാണ് ഈ കുട്ടി. നീയിതിനെ എവിടെ കൊണ്ടുപോകുന്നു. ഈ കുട്ടിയുടെ ഭാരം കൂടി വഹിക്കാന്‍ ഈ തോണിക്കാവില്ല. അതിനെക്കൂടി ഉപേക്ഷിക്കുക.”
   ഞാനവളുടെ കണ്ണുകളിലേക്ക് രോഷത്തോടെ നോക്കി. ഇവള്‍ ഒരു സ്ത്രീ തന്നെയോ. ഒരു സ്ത്രീക്കും ഇത്തരത്തില്‍ പെരുമാറാന്‍ ആവില്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു അനാഥശിശുവിനെ വഴിയില്‍ ഉപേക്ഷിക്കുവാന്‍ ആജ്ഞാപിക്കുന്ന ഇവള്‍ ഒരു മനുഷ്യസ്ത്രീയല്ല.
   “എന്താണ് നീ സംശയിച്ച്‌ നില്‍ക്കുന്നത്. അതിനെക്കൂടി ഉപേക്ഷിക്കുക. എന്നിട്ട് വന്നു തോണിയില്‍ കയറൂ. എനിക്ക് തിടുക്കമുണ്ട്.”
   “ഇല്ല ... ഈ കുട്ടിയെ ഞാന്‍ ഉപേക്ഷിക്കുകയില്ല. ഈ ദ്വീപില്‍ ജീവനോടെയുള്ള ഏക മനുഷ്യജീവി ആണിവന്‍. ഇവനെ ഉപേക്ഷിച് എനിക്ക് മാത്രം രക്ഷപെടെണ്ട. ഇക്കാര്യത്തില്‍ എനിക്ക്  ഭവതിയെ  അനുസരിക്കാന്‍ ആവില്ല.
    “ഇവന്‍ ഏതുജാതി, മതം, ഗോത്രം എന്ന് അന്വേഷിച്ചുവോ.?”
“ഇല്ല”
“അതാണ്‌ ഞാന്‍ പറഞ്ഞത്. എന്നെ അനുസരിക്കൂ. സ്വയം രു വിഡ്ഢിവേഷം കേട്ട ആടേണ്ട കാര്യമില്ല. നിന്റെ നന്മക്ക് വേണ്ടിയാണ് ഞാന്‍ പറയുന്നത്.”
       “ഇവന്‍  ഏതുജാതി, മതം, ഗോത്രം എന്നതു എനിക്ക് പ്രശ്നമല്ല. പിന്നെ എന്റെ നന്മ മാത്രം ഞാന്‍ നോക്കുന്നില്ല. ഇവന്‍ ഇപ്പോള്‍ എനിക്ക് സ്വന്തം. ഇവനെ ഇവിടെ ഉപേക്ഷിച്ചിട്ട് എനിക്ക് മാത്രം ഇവിടെനിന്ന് രക്ഷപെടേണ്ട. ഇവന്റെ നിഷ്കളങ്കമായ മുഖം ഭവതി കാണുന്നില്ലേ. കരഞ്ഞുകലങ്ങിയ കണ്ണുകള്‍ കാണുന്നില്ലേ. അവ ഞിങ്ങളുടെ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ലേ.?”
         എന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള വാക്കുകള്‍ അവള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുന്നിന്നു. ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
  “വരൂ , കടന്നിരിക്കൂ.”

     അവള്‍ എന്നെ സ്നേഹപൂര്‍വ്വം തോണിയിലേക്ക് ക്ഷണിച്ചു. ഞാന്‍ തോണിയില്‍ കടന്നിരുന്നു. അലകളെ മുറിച്ചുകൊണ് തോണി സാവധാനം മുന്നോട്ടു നീങ്ങി. അന്തരീക്ഷത്തിലെ മഴക്കാറെല്ലാം അപ്രത്യക്ഷമായി. മാനം തെളിഞ്ഞു. പുതിയ ഒരു സ്നേഹതീരം തേടി എന്റെ യാത്ര ഇവിടെ തുടങ്ങുന്നു.