Monday 7 June 2021

കോവിഡ് കാലെത്തെ അതിഥികൾ

*കോവിഡ് കാലത്തെ അതിഥികൾ*  

സമയം രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു. പുറത്തു നല്ല മഴ പെയ്യുന്നുണ്ട് .  ഇടക്കിടക്ക് ഇടിമിന്നലും തണുത്ത കാറ്റും. അത്താഴം കഴിച്ചതിനുശേഷം ലൈറ്റ് എല്ലാം അണച്ച് ഉറങ്ങാൻ കിടക്കാനുള്ള തയ്യാറെടുപ്പിലാണ്. കതക്  ലോക്ക് ചെയ്യുന്നതിനുമുമ്പ് മുമ്പ് ഒന്ന് തുറന്നു നോക്കി ഇഴജന്തുക്കൾ വല്ലതും കയറിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്ന പതിവ് എനിക്കുണ്ട്. മുറ്റത്ത് നിന്ന് കുറെ മാറിയാണ് ഗേറ്റ്. ഗേറ്റ് വരെ പേവിംഗ് ടൈൽസ് വിരിച്ചിട്ടുണ്ട്. ഗേറ്റിലെ  ലൈറ്റ് ഓഫ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ആരോ ഗേറ്റ് തുറന്ന് നടന്നുവരുന്നത്  പോലെ എനിക്ക് തോന്നിയത് . നല്ല മഴയത്ത് കുട നിവർത്തിപിടിച്ച് ഒരാൾ നടന്നുവരികയാണ്.   മുഖം വ്യക്തമല്ല.  മുറ്റത്തെത്തിയപ്പോൾ ആണ്  അയാൾ ഒറ്റയ്ക്കല്ല എന്ന് വ്യക്തമായത്. . കൂടെ പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറിയ പെൺകുട്ടിയും ഉണ്ട് . പെൺകുട്ടിയെ ചേർത്ത് പിടിച്ചാണ് നടന്നു വരുന്നതെങ്കിലും രണ്ടുപേരും നന്നായി നനഞ്ഞിട്ടുണ്ട് . അവർ സിറ്റൌട്ടിന് സമീപം വന്നു നിന്നു . 

കതക് പാതി തുറന്ന നിലയിൽ ഞാൻ അവരെത്തന്നെ നോക്കി  നിൽക്കുകയാണ്. ആരാണ് ഇവർ. അതും  ഈ രാത്രിയിൽ . കണ്ടിട്ട് ഒരു പരിചയവും തോന്നുന്നില്ല.  എന്ത് വേണം എന്ന അർത്ഥത്തിൽ ഞാൻ അയാളെ സൂക്ഷിച്ചു നോക്കി . തലമുടിയിലും മുഖത്തും പറ്റിയിരിക്കുന്ന ജലത്തുള്ളികൾ തുടച്ചു കളഞ്ഞു അയാൾ എന്നെ ദയനീയമായി നോക്കി . തോളത്ത് തൂക്കിയിരുന്ന ബാഗും കുടയും അയാൾ അരഭിത്തിയിൽ വെച്ചു.

"ഒന്ന് സഹായിക്കണം ". 

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കയാണ്.

"കയറിയിരിക്കു. "

അയാൾ സിറ്റൌട്ടിലേക്ക് കയറി. അരഭിത്തി തൂവാനമടിച്ച് നനഞ്ഞ് കിടന്നതിനാൽ അയാൾ പ്ലാസ്റ്റിക് കസേരയിലിരുന്നു. പെൺകുട്ടി അയാളുടെ സമീപം നിൽക്കുകയാണ്. മഴയും തണുപ്പുമടിച്ച് കുട്ടി ചെറുതായി വിറക്കുന്നുണ്ട്.
അപരിചിതരുടെ കാൽപെരുമാറ്റം കേട്ട് ഭാര്യ വന്നു നോക്കി. 

" ആരാണ് ചേട്ടാ " ?

"ഞങ്ങൾ കുറെ ദൂരേന്നാണ്.  ഇന്ന് രാത്രി ഇവിടെ തങ്ങാൻ അനുവദിക്കുമോ ?
 വേറെ നിവർത്തിയില്ലാഞ്ഞാ .ഈ കൊച്ചിനേം കൊണ്ട്  രാത്രി ഞാൻ എവിടെ പോകും ?
 മൊബൈലും പേഴ്സും എല്ലാം പോക്കറ്റടിച്ചു പോയി. "

സൌദാമിനി മറുപടിയൊന്നും പറയാതെ എന്നെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു. അലമാരിയിൽ നിന്ന് ഉണങ്ങിയ ഒരു ടൌവ്വൽ എടുത്തു കൊണ്ടുവന്ന് അയാൾക്ക് നീട്ടി.

"കൊച്ചിന്റെ തല തുവർത്തു. നനഞ്ഞ് പനി പിടിക്കേണ്ട."

ആ കുട്ടി തലമുടി രണ്ട് ഭാഗത്തേക്കും  പിന്നി  ഇട്ട്  ചുവന്ന റിബൺ കെട്ടിയിരുന്നു.  അയാൾ ടൌവ്വൽ വാങ്ങി അവളുടെ മുഖം ആദ്യം തുടച്ചു . പിന്നെ  സാവധാനം അവളുടെ റിബൺ അഴിച്ചു മാറ്റി തലമുടി  വിടർത്തി തല തോർത്തി കൊടുത്തു.  നെറ്റിയിൽ തൊട്ട ചുവന്ന പൊട്ട് ഇളകി സ്ഥാനം തെറ്റിയിരിക്കുന്നു. കുട്ടിയുടെ ഉടുപ്പ് എല്ലാം നന്നായി നനഞ്ഞിട്ടുണ്ട്. വീട്ടിൽ ചെറിയ പെൺകുട്ടികൾ ഒന്നുമില്ലാഞ്ഞതിനാൽ പകരം കൊടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഞങ്ങൾ  . ഊരിയിട്ട  നനഞ്ഞ മാസ്ക് വീണ്ടും പിഴിഞ്ഞ് മുഖത്ത് വെക്കാൻ ശ്രമിക്കുന്ന കുട്ടിയെ സൗദാമിനി സഹതാപത്തോടെ നോക്കി. അകത്തു പോയി മടങ്ങിവന്നത് ഫ്ളാസ്കിൽ തിളപ്പിച്ച് വെച്ചിരുന്ന കട്ടൻ ചായയുമായാണ്. രണ്ട് ഗ്ലാസ്സുകളിൽ പകർന്ന് കൊടുത്ത ചൂട് കട്ടൻ ചായ അവർ മെല്ലെ കുടിക്കുന്നത് നോക്കി ഞങ്ങൾ നിന്നു. പുതിയ മാസ്ക് എടുത്തു കൊണ്ടുവന്നു വന്നു ഇരുവർക്കും ഓരോന്ന് കൊടുത്തു . അവരുടെ നനഞ്ഞ വസ്ത്രത്തിന് പകരം ഞാൻ കൊടുത്ത പഴയ വെള്ള മുണ്ടും ഷർട്ടും ധരിച്ച് അയാൾ പുഞ്ചിരിയോടെ സിറ്റൌട്ടിൽ കിടന്ന പ്ലാസ്റ്റിക് കസേരയിൽ ഇരിക്കയാണ്. കുട്ടിക്ക് കൊടുത്ത എന്റെ പഴയ ടീ ഷർട്ട് അവളുടെ മുട്ടിന് താഴെ വരെ എത്തിയിരുന്നു.

"എവിടെ നിന്നാണ് വരുന്നത് ?"

"കൂത്താട്ടുകുളം."
 
" എവിടെ പോകാനാണ്?"

" കന്യാകുമാരി "

"പേര് ? "

" രവീന്ദ്രൻ . മോള് ശാലു.
ബസ്സിലിരുന്ന് ഒന്ന് മയങ്ങിപ്പോയി.  ഉണർന്നപ്പോൾ  എല്ലാം പോയി .  പൈസേം മൊബൈലും "

സൗദാമിനി ദോശ ചുട്ടു കൊണ്ടുവന്നു.  ചൂടാക്കിയ കടലക്കറിയും ദോശയും അവർ വിശപ്പടങ്ങുവോളം കഴിച്ചു.

"സർ ഞങ്ങൾക്ക് ഇന്ന് രാത്രി തങ്ങാൻ  ഒരിടം വേണമായിരുന്നു.  വെളുപ്പിനെ തന്നെ പൊയ്കൊള്ളാം ".

" ഈ കോവിഡ്  കാലത്ത് രാത്രി തങ്ങാൻ എവിടെയാണ് ഇടം കിട്ടുക. നിങ്ങളെ എനിക്കാണങ്കിൽ പരിചയവുമില്ല.  നിങ്ങൾക്ക്  കോവിഡ് ഉണ്ടോ  എന്നറിയില്ല. ഞങ്ങൾക്ക് ഉണ്ടോ  എന്നും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്.  ഇവിടെ ഏതായാലും ഉറങ്ങാൻ പറ്റില്ല.  ഈ രാത്രി നിങ്ങളെ എവിടെ പാർപ്പിക്കാനാണ്.  തണുപ്പത്ത് ഈ സിറ്റൌട്ടിൽ കിടക്കാൻ പറ്റുമോ . കൊതുക് ശല്യം കൂടുതലാണ്. "

അയാൾ നിസ്സഹായാവസ്ഥയോടെ എന്നെ നോക്കി.

"ഞാൻ കൂട്ടുകാരൻ സുരേഷിനെ ഒന്ന് വിളിച്ചു നോക്കട്ടെ . അവന് എന്തെങ്കിലും ചെയ്യാൻ പറ്റുമായിരിക്കും. അവൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്.  ചിലപ്പോൾ പാർട്ടി ഓഫീസിൽ തങ്ങാൻ സമ്മതിക്കുമായിരിക്കും. നോക്കട്ടെ സമയം 11 മണി കഴിഞ്ഞു.  ഒരുപക്ഷേ പക്ഷേ സുരേഷ്  ഉറങ്ങിയിട്ടുണ്ടാവും. "


"നിങ്ങളേതായാലും ഒന്ന് വിളിച്ച് നോക്ക്. "

 സൌദാമിനി ജഗ്ഗിൽ ചൂട് വെള്ളവുമായി സിറ്റൌട്ടിലേക്ക് നടന്നു.

  ഞാൻ മൊബൈൽ എടുത്ത്  സുരേഷിൻറെ നമ്പർ ഡയൽ ചെയ്തു. ആദ്യ റിംഗിൽ തന്നെ അവൻ ഫോൺ എടുത്തു.

"ഹലോ "

" എന്താ ഈ രാത്രിയിൽ?"

" ഒരു പ്രശ്നമുണ്ട് "

" എന്തുപറ്റി ?"

" ഞാൻ  കിടക്കാൻ തുടങ്ങിയപ്പോൾ രണ്ട് അതിഥികൾ "

 "അതിഥികളോ?
ഈ രാത്രിയിലോ. അതും ഈ കോവിഡ് കാലത്ത്."

"അതാണ് പ്രശ്നം. അവരുടെ കൈയ്യിൽ അഞ്ചിന്റെ പൈസയില്ല. പോക്കറ്റടിച്ച് പോയന്നാ പറയണെ.  മഴയത്ത് നനഞ്ഞ് കുളിച്ചാ   അപ്പനും മോളും വന്ന് കയറിയത്. എനിക്ക് ഒരു പരിചയവുമില്ലങ്കിലും ആഹാരവും മാറാൻ വസ്ത്രവും കൊടുത്തു. "

"അയാൾ ചെറുപ്പക്കാരനാണോ ?"

 "അയാൾക്ക് ഒരു നാൽപ്പത് വയസ്സ് തോന്നിക്കും. കൂടെ  പത്ത് വയസ്സുള്ള ഒരു മോളും  . "

" അത് ശരി " 

 ."കണ്ടിട്ട് പാവം തോന്നുന്നു .  അവർക്ക് കിടക്കാൻ ഒരു ഇടം വേണം. ഈ സമയത്ത് നമ്മൾ എന്ത് ചെയ്യാനാ . എൻറെ മകൻ ഗൾഫിൽ വന്നിട്ട് തന്നെ ഒരാഴ്ച ഹോട്ടലിൽ ക്വാറന്റീൻ എന്ന് പറഞ്ഞ്  താമസിക്കേണ്ടി വന്നു . നീ പാർട്ടി ഓഫീസ് ഒന്ന് തുറന്നു കൊടുത്താൽ അവർ അവിടെ തങ്ങിയിട്ട്  രാവിലെ പൊയ്ക്കോളും. "

 "അത് ശരിയാവില്ല. .രാത്രി പാർട്ടി ഓഫീസ് തുറന്നു കൊടുത്താൽ ഒട്ടും ശരിയാവില്ല. ആരെങ്കിലും അറിഞ്ഞാൽ  പ്രശ്നമാകും . ഏതായാലും നിൻറെ വീട്ടിൽ കിടത്താൻ ഒക്കത്തില്ല. ഞാൻ  സ്റ്റേഷനിൽ വിളിച്ച് SI യോട് പറയാം. അയാൾ എന്തെങ്കിലും മാർഗ്ഗം ഉണ്ടാക്കും. "

ഞാൻ തിരിച്ച് സിറ്റൗട്ടിൽ ചെല്ലുമ്പോൾ അവരവിടെ തന്നെ ഇരിക്കുകയാണ്. മഴ മാറിയിട്ടുണ്ട്.  ആഹാരമെല്ലാം കഴിച്ചു അല്പം സ്വസ്ഥമായ മുഖഭാവത്തോടെ ഇരിക്കയാണ്.

" രവീന്ദ്രൻ .... എൻറെ ഒരു കൂട്ടുകാരനെ വിളിച്ചായിരുന്നു.  ഇവിടത്തെ ലോക്കൽ സെക്രട്ടറിയാണ്. ഇന്നു രാത്രി ഞങ്ങളുടെ പാർട്ടി ഓഫീസിൽ താമസിപ്പിക്കാം എന്നാണ് വിചാരിച്ചത്. പക്ഷേ,  അത് ബുദ്ധിമുട്ടാണെന്നാണ് അവൻ  പറയുന്നത്.  കൂട്ടുകാരൻ ഇവിടത്തെ എസ്ഐയോട് വിവരം  പറഞ്ഞിട്ടുണ്ട് . അദ്ദേഹം  എന്തെങ്കിലും സൌകര്യം ചെയ്ത് തരും. 

 ശാലു ഉറക്കം തൂങ്ങിത്തുടങ്ങി. അവൾ രവീൻദ്രന്റെ സമീപമുള്ള കസേരയിൽ ചാരി നിൽക്കയാണ്.
ഞാൻ പോക്കറ്റിൽ നിന്ന് 500 രൂപയെടുത്ത് രവീന്ദ്രന് കൊടുത്തു. 

"ഇത് വെച്ചോളു. 
മറ്റൊന്നും വിചാരിക്കരുത്. വേറെ നിവർത്തിയില്ലാത്തോണ്ടാ. ഈ മഹാമാരിക്കാലത്തു് ഞങ്ങൾക്ക്  എന്ത് ചെയ്യാൻ പറ്റും. "

പെട്ടന്ന് ഗേറ്റിന് വെളിയിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. എസ്സ് ഐയും  രണ്ട് പോലീസുകാരും  ഗേറ്റ് തുറന്ന് കയറി വന്നു.

എസ്ഐയെ കണ്ടു രവീന്ദ്രൻ എഴുന്നേറ്റുനിന്നു. ഭയപ്പാടോടെ ശാലു ര്‌വീന്ദ്രനോടൊട്ടി നിന്നു. എസ് ഐയെ  ഇതിനുമുമ്പ് കണ്ടു പരിചയം ഉള്ളതിനാൽ അദ്ദേഹം എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു. രവീന്ദ്രനെ അടിമുടി ഒന്ന് വീക്ഷിച്ചിട്ട് അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്നു. 

 "ആരാടാ നീ .? എവിടുന്നു വരുന്നു ? എന്തിനാണ് ഇവരെ രാത്രിയിൽ  ശല്യപ്പെടുത്തുന്നത് ?  ഏതാടാ ഈ കൊച്ച് ?"

 തുടരെത്തുടരെ കുറെ ചോദ്യങ്ങൾ കേട്ട് രവീന്ദ്രൻ പകച്ചുനിൽക്കുകയാണ്.  അയാൾക്ക് പെട്ടെന്ന് ഒന്നിനും മറുപടി പറയാൻ പറ്റിയില്ല. ശാലു ഭയന്ന് രവീന്ദ്രനെ  കെട്ടിപ്പിടിച്ച് കരഞ്ഞു തുടങ്ങി.

 "രവീന്ദ്രന്റെ പോക്കറ്റടിച്ച് പൈസയും മൊബൈലും പോയെന്ന് പറഞ്ഞു. അയാൾക്കു ലോഡ്ജ് എടുക്കാൻ  പൈസ ഒന്നും കയ്യിൽ ഇല്ലന്ന് പറയുന്നു. "

എസ്സ് ഐ ഒന്നും പറയേണ്ട എന്ന അർത്ഥത്തിൽ എന്നെ വിലക്കി.

 "മൊബൈലും പേഴ്സും പോയിട്ട്  നീ  പോലീസിൽ പരാതി കൊടുത്തോ?"

"ഇല്ല സാർ "

"പിന്നെ .... ആദ്യം കണ്ട വീട്ടിലേക്ക് ഇടിച്ചുകയറി രാത്രി കിടക്കണം എന്ന് പറയാൻ  നീയാര് ?"

സൗദാമിനി ഒരു ട്രേയിൽ ചായയുമായി വന്നു. പോലീസുകാർ സന്തോഷത്തോടെ ചായ വാങ്ങിക്കുടിച്ചു .



"എന്താണ് ബാഗിൽ ? തുറക്ക്. "

രവീന്ദ്രൻ അരഭിത്തിയിലിരുന്ന ബാഗ് തുറന്നു. ഒരു പ്ലാസ്റ്റിക് കൂടിൽ ഒരു പട്ട് സാരി. ചുവന്ന പട്ടു കൊണ്ട് അടച്ച് കെട്ടിയ ചെറിയ ഒരു മൺകലം , ഒരു കൈലിയും തോർത്തും, പെൺകുട്ടിയുടെ രണ്ട് പെറ്റിക്കോട്ടുകൾ, സോപ്പ് , പേസ്റ്റ് , രണ്ട്  ബ്രഷ് എല്ലാം പുറത്തെടുത്തു.

"ഇതെന്താണ് ?"

"എന്റെ ഭാര്യയുടെ ചിതാഭസ്മമാണ്. കന്യാകുമാരിയിൽ നിമഞ്ജനം ചെയ്യാനുളള യാത്രയായിരുന്നു. "

"ഭാര്യക്ക് എന്ത് പറ്റി. ?"

"കോവിഡായിരുന്നു. സർക്കാരാശുപത്രിയിൽ കിടന്ന് ::..: 

രവീന്ദ്രന്റെ വാക്കുകൾ മുറിഞ്ഞു. ശാലുവിന്റെ കണ്ണുകൾ നിറഞ്ഞു. 

"ഭാര്യയുടേതാണോ സാരി ?"

"അതേ സാർ . അവൾ എപ്പോഴും കൂടെയുണ്ടന്നുള്ള ഒരു വിശ്വാസം. "

"ഇവർക്ക് കഴിക്കാൻ വല്ലതും കൊടുത്തായിരുന്നോ?
എസ്സ് ഐയുടെ ശബ്ദത്തിൽ അല്പം മയം വന്നിട്ടുണ്ട്.

 " ദോശേം കട്ടൻ ചായേം കഴിച്ചായിരുന്നു.."

രവീന്ദ്രനാണ് മറുപടി പറഞ്ഞത്. 


"ശരി. നമുക്ക് സ്റ്റേഷനിലേക്ക് പോകാം."

രവീന്ദ്രൻ പുറത്തെടുത്ത സാധനങ്ങൾ ഓരോന്നായി ബാഗിൽ എടുത്തുവെച്ചു . നനഞ്ഞ വസ്ത്രങ്ങൾ സൌദാമിനി കൊടുത്ത പ്ലാസ്റ്റിക് കൂടിൽ ഇട്ട് പുറത്തേക്കിറങ്ങി.


  " ഞാൻ ഇവരെ കൊണ്ടുപോകയാണ്. സംസാരിച്ച് കാര്യങ്ങൾ ഒന്ന് വിശദമായി  മസ്സിലാക്കട്ടെ. നിങ്ങൾ ചിലപ്പോൾ നാളെ സ്റ്റേഷൻ വരെ ഒന്ന് വരേണ്ടി വരും. ഞാൻ വിളിക്കാം. മൊബൈൽ നമ്പർ ഒന്ന് കൊടുത്തേക്കു . "

സൌദാമിനി ഒരു പേപ്പറിൽ ഫോൺ നമ്പർ എഴുതി കോൺസ്റ്റബിളിന്റെ കൈയ്യിൽ കൊടുത്തു.

 എസ്സ് ഐ ചായകുടിച്ച  ഗ്ളാസ് തിരിച്ച്  ട്രേയിൽ വച്ച് നന്ദിസൂചകമായി ഒന്ന് പുഞ്ചിരിച്ചു. 

 "വാ  പോകാം."

രവീന്ദ്രനും മോളും അവരോടൊപ്പം പുറത്തേക്ക് നടന്നു. 

"താങ്ക് യൂ ആന്റി . "

ശാലുമോൾ സൌദാമിനിയെ നോക്കി കൈവീശി. രവിന്ദ്രൻ ഒരു വട്ടം തിരിഞ്ഞു നോക്കി. അയാളുടെ കണ്ണൂകൾ നിറഞ്ഞു കവിഞ്ഞിരുന്നു.