Friday 4 July 2014

യാത്രാവിവരണം

യാത്രാവിവരണം
      നിലാവുള്ള രാത്രിയില്‍ അച്ഛന്റെ സൈക്കിളിന്റെ പിന്‍സീറ്റിലിരുന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തില്‍ ആയിരുന്നു. ആദ്യമായി സഹപാഠികളോടൊപ്പം ഒരു ഉല്ലാസയാത്ര പോകുകയാണ്. കേരളത്തിന്‌ പുറത്തുള്ള ഒരു സ്ഥലത്തേക്ക്. അച്ഛനേയും അമ്മേയെയും അനിയനേയും പിരിഞ്ഞു ഇതുവരെ എവിടെയും പോയിട്ടില്ല എങ്കിലും പുതിയ യാത്രയുടെയും കാണാന്‍ പോകുന്ന കാഴ്ച്ചകകളെക്കുറിച്ചുമുള്ള ചിന്തകള്‍ എന്റെ സന്തോഷം പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിരുന്നു.
   സ്കൂള്‍ ഗേറ്റിനുള്ളില്‍ കുട്ടികളും രക്ഷിതാക്കളും കൂട്ടം കൂടി നില്‍പ്പുണ്ട്. ബസ്‌ ഇതുവരെ എത്തിയിട്ടില്ല. എല്ലാവരും കളര്‍ ഡ്രെസാണ് അണിഞ്ഞിരിക്കുന്നത്. യൂണിഫോമിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് ഒരു മോചനം. എല്ലാവരുടെയു തോളത്ത് ബാഗുണ്ട്. ഒന്നുരണ്ടു കുട്ടികള്‍ ബ്രീഫ് കേസാണ് കൊണ്ടുവന്നിരിക്കുന്നത്. അദ്ധ്യാപകര്‍ ഒരു നോട്ട്ബുക്കില്‍ എല്ലാവരുടെയും പേരും ഫീസ്‌ അടച്ചതിന്റെ കണക്കും എഴുതി തിട്ടപ്പെടുത്തുകയാണ്. ഒന്‍പതു മണിക്കാണ് ബസ്‌ വന്നത്. ചുവപ്പും പച്ചയും കലര്‍ന്ന പെയിന്റ് അടിച്ച ബസ്സ്‌ കാണാന്‍ നല്ല ഭംഗിയുള്ളതായിരുന്നു. ആദ്യം പെണ്‍കുട്ടികളെയാണ് ബസ്സില്‍ കയറ്റിയത്. പിന്നീട് ആണ്‍കുട്ടികള്‍. ഡോറിനോടെ ചേര്‍ന്ന സീറ്റില്‍ അദ്ധ്യാപകര്‍ ഇരുവരും ഇരുന്നു.
 ബസ്സ് പുറപ്പെട്ടപ്പോള്‍ ഒന്‍പതര മണി കഴിഞ്ഞു.എന്റെ സമീപം ഇരുന്നത് ജോസ്‌ തോമസ്‌ ആയിരുന്നു. വില കൂടിയ ഏതോ പെര്‍ഫ്യൂം അവന്റെ ഉടുപ്പില്‍ സ്പ്രേ ചെയ്തിരുന്നു. അവന്‍ ബസ്‌ പുറപ്പെട്ട ഉടനെ ഉറക്കത്തിലായി. നേര്‍ത്ത തണുപ്പുള്ള ആ രാത്രിയില്‍ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നാട്ടു ഞാനിരുന്നു. ഉറങ്ങാതെ രാത്രി മുഴുവന്‍ വഴിയോരകാഴ്ച്ചകളില്‍ ലയിചിരിക്കണം എന്നായിരുന്നു ആഗ്രഹം എങ്കിലും എപ്പോഴോ ഉറങ്ങിപ്പോയി. പുലര്‍ച്ചേ   സാറന്മാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തുമ്പോള്‍ വണ്ടി തമിഴ്നാട്ടിലെ ഏതോ ഹോട്ടലിനു മുന്‍പില്‍ നില്‍ക്കയായിരുന്നു. കുളിച്ചു ഫ്രഷ്‌ ആവാന്‍ ഒരു മണിക്കൂര്‍ സമയം ആണ് അനുവദിച്ചത്. ഡോര്‍മിട്ടറിയുടെ കക്കൂസും കുളിമുറിയും ഉപയോഗിച്ചത് ഊഴമനുസരിച്ച് തന്നെയായിരുന്നു. എന്നിട്ടും പ്രഭാതഭക്ഷണം കഴിച്ചു ബസ്സില്‍ കയറുമ്പോള്‍ അര മണിക്കൂര്‍ വൈകിയിരുന്നു.
      പച്ച വിരിപ്പണിഞ്ഞ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഊട്ടിയിലെ തണുപ്പിലൂടെ ഒരു പ്രഭാത യാത്ര. ഓരോ സ്ഥലത്ത് ചെല്ലുംപോളും ആ സ്ഥലത്തിന്റെ പ്രത്യേകതകളെപറ്റി അദ്ധ്യാപകര്‍ പറഞ്ഞുതരുന്നുണ്ടായിരുന്നു. സാമുവല്‍ സാറിന്റെ മകന്‍ ആന്റണിയുടെ കൈയ്യില്‍ ഒരു ക്യാമറാ ഉണ്ടായിരുന്നു. ഊട്ടിയുടെ സുന്ദരമായ പ്രകൃതിഭംഗി അവന്‍ ക്യാമറായില്‍ പകര്ത്തുന്നത് ഞാന്‍ തെല്ല് അസൂയയോടെയാണ് നോക്കി നിന്നത്.
  “വായിച്ചിടത്തോളം എങ്ങനെയുണ്ട്?’
ഞാന്‍ എഴുതിയ യാത്രാവിവരണം വായിച്ചുകൊണ്ടിരുന്ന ശ്യാം ദേവ്‌ മുഖമുയര്‍ത്തി  എന്നെ നോക്കി.  അവന്റെ മുഖം സന്തോഷത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു.
         “മാര്‍വെലസ്. അതിമനോഹരം. ഞങ്ങളുടെ കൂടെ ടൂര്‍ വരാതിരുന്ന നീ എങ്ങനെ ഇത്ര മനോഹരമായി ഇതെഴുതി. ഞാന്‍ ടൂറിനേക്കുറിച് നിന്നോട് വിവരിച്ചതിലും കൂടുതല്‍ നീ ഭാവനയില്‍ നിന്ന് ഉണ്ടാക്കി. നേരിട്ട് കാണുന്ന അനുഭൂതി. നിനക്ക് നല്ല ഒരു കഥാകാരനാവാന്‍ കഴിയും.”
   അവന്റെ അഭിനന്ദന വാക്കുകള്‍ കേട്ട് എന്നിക്ക് നല്ല സന്തോഷം തോന്നി. ഞാന്‍ കുത്തിക്കുറിച്ചത് ഒന്നും വായിച്ചു ആരും നല്ല അഭിപ്രായം പറയുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. ആദ്യമായാണ് ഒരാള്‍.....എന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.
     “ഞാന്‍ ഇത് സാറിന്റെ കൈയ്യില്‍ കൊടുത്തോട്ടെ. അവധി കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും ടൂര്‍ പോയതിനെക്കുറിച്ച് ഒരു വിവരണം എഴുതി കൊണ്ടുവരണമെന്ന് സാമുവല്‍ സാറ് പറഞ്ഞിട്ടുണ്ട്.”
   നീ ഇത് എത്രവട്ടം ചോദിച്ചതാണ്. നീ സാറിന്റെ കൈയ്യില്‍ കൊടുത്തോളൂ. സമ്മാനം കിട്ടിയാല്‍ വാങ്ങിക്കോളൂ.
  “നീ ഇനി എന്നാണു സ്കൂളില്‍ വരുന്നത്. ചിക്കന്‍പോക്സ് മാറി കുളിച്ചിട്ടല്ലേ വരൂ. അതിനു മുന്‍പ്‌ യുവജനോല്‍സവം ഉണ്ടാവും. രണ്ടു ദിവസത്തെ കലാപരിപാടികള്‍ കാണും. നീ ആ സമയത്ത് വന്നാല്‍ കഥാരചനയില്‍ പങ്കെടുക്കാം.”
“നോക്കട്ടെ, അസുഖം ഭേദമായാല്‍ ഞാന്‍ വരും.”
  “നേരം വൈകി. ഞാനിറങ്ങട്ടെ.”
  കടലാസ് ചുരുള്‍ ബൂക്കിനുള്ളില്‍ ഒളിപ്പിച്ച് അവന്‍ പുറത്തേക്ക് നടന്നു.
    *       *       *      *      *      *     *
യുവജനോത്സവത്തിന്റെ അവസാന ദിവസം. നടക്കുന്നത് സമ്മാനദാനച്ചടങ്ങുകള്‍...ആണ്..  സാമുവേല്‍ സാറാണ് അനൌണ്‍സ് ചെയ്യുന്നത്.  മുഖത്തും ദേഹത്തും നിറയെയുള്ള ചിക്കന്‍പോക്സിന്റെ അവശേഷിപ്പുകളായ കറുത്ത വൃത്തികെട്ട പാടുകള്‍ എന്നില്‍ അപകര്‍ഷതാബോധം ഉണ്ടാക്കി. ഓടിറ്റോറിയത്ത്തിന്റെ ഏറ്റവും പിന്നില്‍ ഞാന്‍ ഒതുങ്ങിക്കൂടിനിന്ന് പരിപാടികള്‍ കാണാന്‍ ശ്രമിച്ചു.
 ഓരോ ഐറ്റത്തിനും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കിട്ടിയവര്‍ക്ക് സമ്മാനം ഉണ്ടായിരുന്നു. അവസാനം ഗ്രൂപ്‌ അടിസ്ഥാനമാക്കിയുള്ള ഐറ്റങ്ങളുടെ ഊഴമായി. നാടകത്തിനും ഗ്രൂപ്പ്‌ ഡാന്‍സിനും സമ്മാനം പ്രഖ്യാപിച്ചു. ലിസ്റ്റിന്റെ അവസാനമെത്തി.
  “ഇനി ഒരു പ്രത്യേകസമ്മാനമാണ് ഞാന്‍ പ്രഖ്യാപിക്കുന്നത്. ഇത് ഒരു മല്‍സര ഇനം ആയിരുന്നില്ല. പക്ഷെ കുറെ കുട്ടികള്‍ പങ്കെടുത്ത ഒരു സംഭവം എന്ന് പറയാം. ഇത്തവണ വിനോദയാത്ര കഴിഞ്ഞു മടങ്ങിയപ്പോള്‍ പങ്കെടുത്ത കുട്ടികളോട് ഒരു യാത്രാവിവരണം എഴുതി കൊണ്ടുവരാന്‍ പറഞ്ഞിരുന്നു. പുതിയ സ്ഥലങ്ങള്‍, ഭാഷ, ജനങ്ങള്‍, അവരുടെ ജീവിത രീതികള്‍, ഭക്ഷണശീലങ്ങള്‍ മുതലായവയെക്കുറിച്ചു കുട്ടികള്‍ എങ്ങനെ  വിലയിരുത്തുന്നു, എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്ന് മനസ്സിലാക്കുവാന്‍ വേണ്ടി വിജയന്‍ സാറിന്റെ മനസ്സില്‍ തെളിഞ്ഞ ഒരു ആശയം ആയിരുന്നു അത്. മുപ്പതു കുട്ടികള്‍ അവരുടെ രചനകള്‍ തന്നതില്‍ ശ്യാം ദേവ് തന്ന രചന വളരെ മികച്ചുനില്‍ക്കുന്നു.”  ശ്യാം ദേവിനെ അഭിനന്ദിക്കുവാന്‍ സ്റ്റാഫ്‌ റൂമില്‍ വിളിച്ചപ്പോള്‍ ആണ് ആ സത്യം അറിഞ്ഞത്. മികച്ച രചനയായി ഞങ്ങള്‍ തിരഞ്ഞെടുത്തതു യഥാര്‍ത്ഥത്തില്‍ ശ്യാം ദേവ് എഴുതിയതല്ല എന്ന്. ടൂര്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞ ശ്യാമിന്റെ സഹപാഠി വിനയനാണ് ആ യാത്രാവിവരണം എഴുതിയത്. ശ്യാം പറഞ്ഞുകൊടുത്ത സംഭവങ്ങള്‍ തന്റെതായ ഭാഷയില്‍ വളരെ വര്‍ണാഭമായി ചിത്രീകരിക്കുവാന്‍ ആ കുട്ടിക്ക് സാധിച്ചിരിക്കുന്നു.
     “പുതിയ സ്ഥലങ്ങള്‍, ഭാഷ, ജനങ്ങള്‍, അവരുടെ ജീവിത രീതികള്‍, ഭക്ഷണശീലങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, കൃഷി മുതലായവയെക്കുറിച്ചുകൂടി വിനയന്‍ നല്ല വിശദമായി പ്രദിപാദിച്ചിരിക്കുന്നു. സര്‍വ്വോപരി എടുത്തുപറയേണ്ട വസ്തുത ശ്യാമിന്റെ ദാനശീലമാണ്. വീട്ടില്‍ നിന്ന് ഷോപ്പിങ്ങിന് നല്‍കിയ പണം അധികവും പട്ടിണിക്കാര്‍ക്ക് ദാനം നല്‍കാന്‍ കാണിച്ച മനസ്സ് പ്രശംസനീയമാണ്. അശരണരും ആലംബഹീനരുമായ പട്ടിണിപ്പാവങ്ങളെ സഹായിക്കുക നമ്മുടെ ഓരോരുത്തരുടെയും കര്‍ത്താവ്യമാണന്നു ഈ പ്രവര്‍ത്തി നമ്മെ ഉദ്ബോധിപ്പിക്കുന്നു.”
   അതുകൊണ്ട് പ്രത്യേക പുരസ്കാരം വിനയനും, ശ്യാം ദേവിനും  കൂടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. അര്‍ഹതപ്പെടാത്ത സമ്മാനം നിരസിച്ചു യഥാര്‍ത്ഥ പ്രതിഭയെ നമുക്ക് കാട്ടിത്തന്ന ശ്യാമിന് പ്രത്യേക അഭിനന്ദനങ്ങള്‍. ആരവങ്ങല്‍ക്കിടയിലൂടെ ഞാന്‍ വേദിയിലേക്ക് നടന്നു. ഹെഡ്‌മാസ്റ്റര്‍ സമ്മാനവും സര്ടിഫിക്കടും നല്‍കിയപ്പോള്‍ നിറഞ്ഞ കരഘോഷമായിരുന്നു. നിറഞ്ഞുതുളുംപിയ കണ്ണുകളോടെ ശ്യാം ദേവിന്റെ കൈ പിടിച്ചുകൊണ്ട്‌ ഞാന്‍ ഓടിറ്റോറിയത്ത്തിന്റെ പുറത്തേക്കു നടന്നു.

   

Sunday 27 April 2014

മരക്കുതിര

  മരക്കുതിര
     സെന്റ്മേരീസ് മേരീസ്‌ ഫര്‍ണിച്ചര്‍ മാര്‍ട്ട് എന്ന സ്ഥാപനത്തിന് മുന്നില്‍ ബസ്സിറങ്ങുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. അറുപതടിയോളം നീളവും അതിനൊത്ത ഉയരവുമുള്ള കടയുടെ മുന്‍വശം വര്‍ണക്കടലാസുകളും പൂക്കളും ബലൂണും ഉപയോഗിച്ച് നന്നായി അലങ്കരിച്ചിരുന്നു. ഉത്സവസീസണുകളില്‍ കച്ചവടം കൊഴുപ്പിക്കാന്‍ ഉള്ള ബിസിനസ്സുകാരുടെ ഓരോ പൊടികൈകള്‍. മുന്‍വശത്തെ ഗ്ലാസ്സിലൂടെ നോക്കിയാല്‍ അകത്തു പ്രദര്‍ശിപ്പിച്ചിരിക്കുന്ന സെറ്റി, ഡൈനിംഗ് ടേബിള്‍, കട്ടില്‍, ട്രെസ്സിംഗ് ടേബിള്‍, ദിവാന്‍ കോട്ട്, അലമാര മുതലായ ആധുനിക ഫര്‍ണിച്ചറുകള്‍ വ്യക്തമായി കാണാം.
     ഇട്ടിച്ചന് ഇന്നു നല്ല കച്ചവടമാണന്നു തോന്നുന്നു. കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. തിളങ്ങുന്ന ഒരു മഞ്ഞ ജൂബയണിഞ്ഞ അയാള്‍ ഒരു ചെറുപുഞ്ചിരിയോടെ ഓടിനടക്കുന്നു. ഓരോ കസ്ടമറെയും ഹസ്തദാനത്തോടെ സ്വീകരിക്കുന്നുണ്ട്. മുഷിഞ്ഞ വസ്ത്രത്തോടെ കടക്കുള്ളിലേക്ക് കയറിച്ചെല്ലാന്‍ മടിതോന്നിയെങ്കിലും വേറെ നിവര്‍ത്തിയില്ലാത്തതിന്നാല്‍ ഞാന്‍ കടക്കുള്ളില്‍ കയറി ഒതുങ്ങി നിന്നു. വേഷമാണല്ലോ ഓരോ മനുഷ്യന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.
         തൂണിനോട് ചേര്‍ന്ന് ഒതുക്കി വെച്ചിരിക്കുന്ന ഡ്രിഫ്റ്റ് വുഡ്‌ ഐറ്റങ്ങള്‍ ഒന്നും വിറ്റുപോയിട്ടില്ല. അവയില്‍ എഴുതിയിട്ടിരിക്കുന്ന പ്രൈസ്‌ ടാഗുകള്‍ കാറ്റിലാടുന്നുണ്ട്. അവ ഒന്നെങ്കിലും  വിറ്റുപോയിരുന്നെങ്കില്‍ റേഷന്‍ വാങ്ങാനുള്ള കാശ് കിട്ടുമായിരുന്നു. ഞാന്‍ വീട്ടില്‍ കുത്തിയിരുന്ന് കൊത്തിമിനുക്കി പോളീഷ് ചെയ്തെടുത്ത  ഓരോ ശില്പങ്ങള്‍. അവ ഓരോന്നും ഉപഭോക്താക്കളുടെ മനസ്സില്‍ എന്തെങ്കിലും ചലനങ്ങള്‍ ഉണ്ടാക്കിയാല്‍ രക്ഷപെട്ടു. അവര്‍ നല്ല വില കൊടുത്തു അവ വാങ്ങിയാല്‍ വീട്ടിലെ പട്ടിണി ഒരാഴ്ചത്തേക്ക് എങ്കിലും മാറികിട്ടും. ഈ സാധനങ്ങള്‍ കടയില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അനുവാദവും അതിനു വേണ്ട സ്ഥലവും ഒരുക്കി  തന്നത് തന്നെ ഇട്ടിച്ചന്റെ മഹാമനസ്കത എന്നുവേണം പറയാന്‍ . ബിസിനസ്സില്‍ പൊളിഞ്ഞ പഴയ കൂട്ടുകാരനെ സഹായിക്കാന്‍ തുനിഞ്ഞ അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് സാമ്പത്തിക സഹായം ഒന്നും ആവശ്യപ്പെടാതിരുന്നത്. മാസത്തില്‍ ഒന്നുരണ്ടെണ്ണം വീതം വിറ്റുപോയിരുന്നതാണ്. പക്ഷെ കഴിഞ്ഞ മൂന്നു മാസമായി ഒന്നും കച്ചവടമായിട്ടില്ല.
  തിരക്കൊഴിഞ്ഞപ്പോള്‍ ഇട്ടിചന്‍ എന്നെ കൈകാട്ടി വിളീച്ചു.  "സാധനം ഒന്നും വിറ്റുപോയിട്ടില്ല സജീവേ. ഞാന്‍ ശ്രമിക്കാഞ്ഞല്ല. നിനക്കു പറഞ്ഞാല്‍ മനസ്സിലാവുമല്ലൊ. എല്ലാവര്ക്കും ഏറ്റവും വില കുറച്ച്‌ സാധനം കിട്ടണം. മികച്ച ഗുണനിലവാരം ഉണ്ടായിരിക്കണം. അതിന്റെകൂടെ കുറച്ചു കരകൌശലവസ്തുക്കള്‍ വാങ്ങി വീട് മോടിപിടിപ്പിക്കാന്‍ ആയിരമോ രണ്ടായിരമോ മുടക്കാന്‍ മനസ്സില്ല. ഞാന്‍  നിര്‍ബന്ധിക്കാറുണ്ട്. അവരുടെ പോക്കെറ്റില്‍  കിടക്കുന്ന കാശല്ലേ. പിടിച്ചു വാങ്ങിക്കാന്‍ പറ്റുമോ’’.
     ഇട്ടിച്ചന്‍ ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത് എന്റെ പോക്കെറ്റില്‍ തിരുകി.
   ‘തല്‍ക്കാലം ഇതിരിക്കട്ടെ. നിന്റെ ആവശ്യങ്ങള്‍ നടക്കട്ടെ.. എല്ലാ ആഴ്ചയും നീ ഇല്ലാത്ത കാശുമുടക്കി ഇങ്ങോട്ട് വരേണ്ട. എന്തെങ്കിലും വിറ്റുപോയാല്‍ ഞാന്‍ വിളിക്കാം. അടുത്ത ആഴ്ച കുറച്ച്‌ കൂടുതല്‍ ഫര്‍ണിച്ചറുകള്‍ വരും. ഡിസ്പ്ലേ ചെയ്യാന്‍ സ്ഥലം കുറവാണ്. നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.”
          ഇട്ടിച്ചന്‍ എന്താണ് ഉദ്ദേശിച്ചത്. സാധനങ്ങള്‍ മാറ്റി സ്ഥലം കാലിയാക്കി തരണമെന്നാണോ. അതോ ഇനി ശല്യപ്പെടുത്താന്‍ ഇങ്ങോട്ട് വരരുതെന്നാണോ. ഷോറൂമിലെ ഫില്‍ടരില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ച്‌ ഞാന്‍ പുറത്തെ കനത്ത വെയിലിലേക്കിറങ്ങി.
       ബസ്സിറങ്ങി റേഷന്‍ കടയില്‍ നിന്ന് അരിയും വാങ്ങി സാവധാനം വീട്ടിലേക്കു നടന്നു. അനഘാ ഫര്‍ണിച്ചര്‍ മാര്ട്ടിന് മുന്നില്‍ ഒരു നിമിഷം നിന്നു. ഷട്ടര്‍ പൂട്ടിയിരിക്കുന്ന കനത്ത താഴ് എന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ വീണ ഇരുട്ടുകനത്ത ഒരു തിരശീല പോലെ തോന്നി. ഇട്ടിച്ചന്റെ കടയെക്കാള്‍ നല്ല കച്ചവടം ഉണ്ടായിരുന്ന കട. ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍ മാത്രമായിരുന്നു കച്ചവടം. അകലെ നിന്നും കേട്ടറിഞ്ഞ് ആള്‍ക്കാര്‍ വന്നു ഫര്‍ണിച്ചര്‍ വാങ്ങിയിരുന്നു. അഞ്ചാറു ജോലിക്കാര് ഷോറൂമില്‍ തന്നെ ഉണ്ടായിരുന്നു. പത്തു ആശാരിമാര്‍ വര്‍ക്ക്‌ഷോപ്പില്‍ സ്ഥിരമായി  പണിചെയ്തിരുന്നു. പിന്നെ പോളീഷ് ചെയ്യാന്‍ വേറെ അഞ്ചു പേര്‍ കൂടി. എന്ത് ആഹ്ലാദം നിറഞ്ഞ ദിവസ്സങ്ങള്‍ ആയിരുന്നു.
       സജീവ്‌ ഫര്‍ണിച്ചര്‍ കട തുടങ്ങിയത് നല്ല രാശിയുള്ള സമയത്താണ് എന്ന് എല്ലാവരും പറയുമായിരുന്നു. തവണ വ്യവസ്ഥയില്‍ കച്ചവടം തുടങ്ങിയതോടു കൂടി കൂടുതല്‍ അഭിവൃത്തിപ്പെടുകയാണ്  ഉണ്ടായത്. പക്ഷെ അധികനാള്‍ നീണ്ടുനിന്നില്ല ആ സന്തോഷങ്ങള്‍. ഈര്‍ച്ച മില്ലിലേക്ക് പോയ ലോറി അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ചതോടെ കഷ്ടകാലം ആരംഭിക്കുകയായി. ഓരോ ദിവസവും ഓരോ വൈതരണികള്‍. അവസാനം കടയും വണ്ടികളും വര്‍ക്ക്ഷോപ്പും വീടും എല്ലാം നഷ്ടമാവുന്നത് നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.
    കുലത്തൊഴിലായി കിട്ടിയ ആശാരിപ്പണിയിലെ വൈദഗ്ധ്യം ഒന്നുകൊണ്ടു മാത്രമാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഗള്‍ഫില്‍ പോകാന്‍ ഒരു അവസരം ലഭിച്ചത്. പതിനഞ്ചു വര്ഷം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൊണ്ട് ആദ്യം സഹോദരിയുടെ വിവാഹം. പിന്നെ ഒരു നല്ല വീട് പണിതു. കുറച്ചു പേര്‍ക്കെങ്കിലും സ്ഥിരമായി ഒരു തൊഴില്‍ കൊടുക്കാനാകുമല്ലോ എന്ന കണക്കുക്കൂട്ടലുകളാണ്  ഒരു കട തുടങ്ങാന്‍ പ്രേരിപ്പിച്ചത്. അഞ്ചു വര്‍ഷക്കാലം നല്ല രീതിയില്‍ പോയ ബ്സിനസ് ആ ലോറി അപകടത്തെത്തുടര്‍ന്ന്  സാവധാനമാണ് തകര്‍ന്നുതുടങ്ങിയത്.
    മരക്കുറ്റികള്‍ ചെത്തിമിനുക്കി പോളീഷ് ചെയ്തു ഓരോ ശില്പങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് ഗോപാലേട്ടനില്‍ നിന്നാണ് പഠിച്ചത്. ഉളിയും ചിന്തേരും ഉപയോഗിക്കാന്‍ ആവാത്ത തടികളില്‍ കുപ്പിച്ചില്ലും സാന്റ്പേപ്പരും ആയുധമായി. മരക്കുറ്റികളില്‍ ഒളിഞ്ഞിരിക്കുന്ന ഓരോ രൂപങ്ങളെ അതിവിദഗ്ധമായി പുറത്തുകൊണ്ടുവരാന്‍ ആയി. കുതിരകള്‍, കഴുകന്‍ കസേര. അങ്ങനെ പല പല രൂപങ്ങള്‍. അവയ്ക്ക് പിന്നെ നിറങ്ങളും  ചമയങ്ങളും നല്‍കി ഭംഗിയുള്ള ദാരുശില്‍പങ്ങള്‍ മെനഞ്ഞെടുത്തു. ഫോണ്‍ സ്ടാണ്ടായും ടീപ്പോയ്‌ ആയും കോര്‍ണര്‍ ടേബിള്‍ ആയും ഷോകേസിലെ അലങ്കാരവസ്തുവായും പലരുടെയും സ്വീകരണമുറിയില്‍ സ്ഥാനംപിടിച്ചു.
  ശനിയാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ ഇട്ടിച്ചന്റെ കടയിലെ ലോറിയും ഒരു കാറും  വീടിനു മുന്നില്‍ വന്നു നിന്നു. ലോറിയില്‍ നിറയെ ഞാന്‍ കടയില്‍  വെച്ചിരുന്ന ഡ്രിഫ്റ്റ്വുഡ്‌ ഐറ്റംസ് ആയിരുന്നു. ഈശ്വരാ കടയില്‍ സ്ഥലമില്ലാതെ എല്ലാം തിരിച്ചിറക്കി വെച്ചിട്ട് പോകാനുള്ള പരിപാടിയാണോ. ഇവയൊന്നും വിറ്റ് പോകാതെ എങ്ങനെ ജീവിക്കും. ഇട്ടിച്ചന്റെ സെയില്‍സ്മാന്‍ ചിരിച്ചുകൊണ്ടാണ് വീട്ടിലേക്കു കയറിവന്നത്. കൂടെ മാന്യമായി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.
  ചേട്ടാ ഇത് ഇന്റര്‍ നാഷണല്‍ ഹോട്ടല്‍സ്‌ന്റെ  ആളാണ്‌. അവര്‍ക്ക് ചേട്ടന്റെ കുറെ ഡ്രിഫ്റ്റ്വുഡ്‌ ഐറ്റംസ് വേണം. കടയില്‍ ഉണ്ടായിരുന്നത് തികഞ്ഞില്ല. കൂടുതല്‍ സാധനം വേണമെന്നാണ് പറയുന്നത്. ഇവിടെ പണി ഫിനിഷ്‌ ചെയ്ത ഐറ്റംസ് വല്ലതും ഉണ്ടങ്കില്‍  ഈ വണ്ടിയില്‍ കയറ്റിക്കൊണ്ട് പോകാനാണ് സാറ് എന്റെ കൂടെ വന്നിരിക്കുന്നത്.  തിങ്കളാഴ്ച ഇവരുടെ ഹോട്ടലിന്റെ ഉദ്ഘാടനമാണ്. അതിനു മുന്‍പായി റിസപ്ഷനും ലോഞ്ചും എല്ലാം ഒന്ന് അലങ്കരിക്കാനാണ്.
          സെയില്‍സ്മാന്‍റെ വാക്കുകളെ എനിക്ക് വിശ്വസിക്കുവാന്‍ ആയില്ല. പെട്ടന്ന് ലോട്ടറി അടിച്ചതുപോലെയാണ് എനിക്ക്  തോന്നിയത്. കണ്ണില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു. ജീവിതം വഴിമുട്ടി നിന്ന വേളയില്‍ ആശ്വാസത്തിന്റെ ഒരു പച്ചത്തുരുത്ത് കണ്ടുമുട്ടിയ അനുഭൂതി. ഒരു തണുത്ത കാറ്റ് എനിക്ക് ചുറ്റും കുളിര്‍ വിതറുന്നുവോ. നിറഞ്ഞ സന്തോഷത്തോടെയാണ് ഞാന്‍ വര്‍ക്ക്‌ഷോപ്പിലേക്ക് നടന്നത്. ചിന്തേരുപൊടിയുടെയും വാര്‍ണിഷിന്റെയും മണം നിറഞ്ഞ   വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ഒരു മരക്കുതിര അതിവേഗം സവാരിചെയ്യുന്ന ഒരു പടയാളിയെ പോലെ ഇളകിയാടിക്കൊണ്ടിരുന്നു.


(ചിത്രങ്ങള്‍; ഗൂഗിളില്‍ നിന്ന്)

Sunday 16 March 2014

പ്രമേഹം

പ്രമേഹം
     ബസ്‌ നല്ല വേഗതയില്‍ ആയിരുന്നു. അതിനേക്കാള്‍ വേഗതയില്‍ മനസ്സ് കുതിക്കുകയായിരുന്നു. സുധാകരേട്ടനെ മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. ഉടന്‍ വരണം എന്നുമാത്രമാണ് അയാള്‍ വിളിച്ചുപറഞ്ഞത്. ആശുപത്രിപ്പടിയില്‍ ബസ്സിറങ്ങിയത് കത്തുന്ന വെയിലിലേക്കാണ്. കാഷ്വാലിറ്റിയുടെ അടുത്തേക്ക് ഓടുകയായിരുന്നോ നടക്കുകയായിരുന്നോ എന്ന് എനിക്ക് അറിയില്ല. ചില്ലുവാതില്‍ തള്ളിത്തുറന്ന് അകത്തുകയറുംപോളേ അദ്ദേഹം കിടക്കുന്നത് ഞാന്‍ കണ്ടു. വാടിതളര്‍ന്നു കൈകള്‍ ഇരുവശത്തേക്കുമിട്ടാണ് കിടക്കുന്നത്. വലതുകൈയില്‍ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്. അടുത്ത് ഒരു നേഴ്സ് നില്പുണ്ട്.
   “സുധാകരന്റെ ഭാര്യയാണോ?”
“അതേ”
“പേടിക്കാനൊന്നുമില്ല. ഷുഗര്‍ പെട്ടന്ന് താഴ്ന്നതാണ്. ചെറിയ ഒരു തലചുറ്റലും വിറയലും  ഉണ്ടായി. ഇപ്പോള്‍ നോര്‍മല്‍ ആയിട്ടുണ്ട്‌. ആളു നല്ല ഉറക്കത്തിലാണ്. ഇപ്പോള്‍ ശല്യപ്പെടുത്തുന്നതു ശരിയല്ല. നാന്നായി ഒന്ന് ഉറങ്ങട്ടെ.”
  “ആരാണ് ചേട്ടനെ ഇവിടെ കൊണ്ടുവന്നത്.?”
 “അയാള്‍ പുറത്തു നില്‍പ്പുണ്ടായിരുന്നല്ലോ.” നേഴ്സ് കതകു തുറന്നു പുറത്തേക്കു നോക്കി. പക്ഷേ ആരും  അവിടെ ഉണ്ടായിരുന്നില്ല.
“ചിലപ്പോള്‍ ചായ കുടിക്കാന്‍ കാന്റീനില്‍ പോയതായിരിക്കും.”
നേഴ്സ് ഒരു പ്ലാസ്ടിക് കവര്‍ എന്റെ നേരെ നീട്ടി. അതില്‍ സുധാകരെട്ടന്റെ പേഴ്സും മൊബൈലും ഉണ്ടായിരുന്നു. നേഴ്സിന്റെ കൂടെ ഞാന്‍ ഡോക്ടറുടെ മുറിയിലെത്തി. സുമുഖനായ ചെറുപ്പക്കാരന്‍ ഒരു പുഞ്ചിരിയോടെയാണ് എന്നെ സ്വാഗതം ചെയ്തത്.
  “സുധാകരന്‍ ഡയബറ്റിക് ആണോ?”
“അതെ ഡോക്ടര്‍. അഞ്ചുവര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ട്.”
“ഇന്‍സുലിന്‍ എടുക്കുന്നുണ്ടോ”?
“ഇല്ല ഡോക്ടര്‍. ഗ്ലൂക്കൊമൈറ്റ്‌ ഒരെണ്ണം രാവിലെ കഴിക്കുന്നുണ്ട്.”
“ഏതു ഡോക്ടറെയാണ് കാണിക്കുന്നത്”?
“ദേവമാതായിലെ  അലക്സ്‌ ഡോക്ടര്‍ ,”
“കുഴപ്പമില്ല. ഒരു ദിവസ്സം ഇവിടെ കിടക്കട്ടെ. ക്ഷീണം ശരിക്ക് മാറിയിട്ട് നാളെ പോകാം.”
“ശരി ഡോക്ടര്‍.”
     രണ്ടാം നിലയിലുള്ള നല്ല വൃത്തിയുള്ള ഒരു മുറിയിലേക്കാണ്‌ കാഷ്വാലിറ്റിയില്‍ നിന്ന് മാറിയത്. വെളുത്ത മാര്‍ബിള്‍ പാകിയ മുറി. തുരിശുനിറം   തേച്ച ഭിത്തികള്‍. ജന്നല്‍ തുറന്നിട്ടാല്‍ വേമ്പനാട്ടു കായലില്‍ നിന്നുള്ള സമൃദ്ധമായ തണുത്ത കാറ്റ്. അകലെ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കായല്‍. ഹൌസ്ബോട്ടുകളും ചെറുവള്ളങ്ങളും ധാരാളം.
                 ഉറക്കമുണര്‍ന്ന  സുധാകരേട്ടന്‍ എന്നെ കണ്ടപ്പോള്‍ അതിശയമാണുണ്ടായത് . ഞാന്‍ എങ്ങനെയാണ് വിവരം അറിഞ്ഞത് എന്നറിയാനുള്ള തിടുക്കം. ഉടനെ വീട്ടില്‍ പോകണം എന്ന ആഗ്രഹത്തോടെയാണ്  എന്നോട് സംസാരിച്ചുകൊണ്ടിരുന്നത്.
  ബസ്സില്‍ വീട്ടിലേക്കു വരുന്ന വഴിക്കാണ് ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ടത്. ദാഹവും പരവേശവും വിശപ്പും പെട്ടന്ന് കൂടി കൈയ്യുംകാലും തളര്‍ന്നു സീറ്റില്‍ ചാരിയിരിക്കുന്ന രീതിയില്‍ ആണ് ബസ്സ്‌ ജീവനക്കാര്‍  സുധാകരനെ  കാണുന്നത്. ബസ്സ്‌ അവസാന സ്റ്റോപ്പില്‍ എത്തിയിരുന്നു. ബസ്സില്‍ നിന്നിറക്കി  ഒരു കടത്തിണ്ണയില്‍ ചാരി ഇരുത്തിയിട്ട് അവര്‍ സ്ടാന്റ്റ്‌  വിട്ടു പോയി. മദ്യപാനിയാണോ മയക്കുമരുന്ന് കഴിച്ച ആളാണോ എന്ന സംശയത്തില്‍  പല വഴിപോക്കരും വന്നു നോക്കിയെങ്കിലും ആരും അടുത്തെത്തി സഹായിക്കാന്‍ മുതിര്‍ന്നില്ല. അസുഖബാധിതനായ ഒരാള്‍ ആണന്നു ആര്‍ക്കും തോന്നിയിട്ടുണ്ടാവില്ല.
             വഴിവക്കില്‍ കുടിച്ചു ബോധമില്ലാതെ കിടന്നുറങ്ങുന്ന ധാരാളം ആള്‍ക്കാരെ കണ്ടിട്ടുള്ള സാധാരണക്കാര്‍ മറിച്ചു ചിന്തിക്കുവാന്‍ സാദ്ധ്യതയില്ല. സര്‍ക്കാര്‍ ആശിര്‍വാദത്തോടെ നടത്തുന്ന വിദേശമദ്യഷാപ്പുകള്‍ ധാരാളമുള്ള കേരളത്തില്‍ ഇത്തരം ദൃശ്യങ്ങള്‍ സര്‍വ്വസാധാരണമാണ്. മദ്യപാനികളുടെ നികുതി വരുമാനം കൊണ്ട് നിലനില്‍ക്കുന്ന ഒരു സര്‍ക്കാര്‍ അവരെ ആകര്‍ഷിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ആരായും. കുടിച്ചു നശിക്കുന്ന കുടുംബബന്ധങ്ങളിലോ അനാഥമാകുന്ന ബാല്യങ്ങളുടെ വ്യഥകളിലോ അവര്‍ക്ക് വ്യാകുലപ്പെടേണ്ട കാര്യമില്ല. മദ്യപിച്ചു വാഹനമോടിച്ച്‌ ഉണ്ടാകുന്ന  അപകടങ്ങള്‍  ദിവസവും കൂടി വരികയാണ്. വഴിവക്കില്‍ ചോരവീണ പാടുകള്‍ നാം ദിവസവും കാണുന്നതാണ്. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകുന്ന സാധാരണക്കാരെ വട്ടം കറക്കുന്ന നിയമപാലകരും നിയമസംഹിതകളുമാണ് നിലവിലുള്ളത് എത്രയോ നിരപരാധികള്‍ ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്നു. അപകടത്തില്‍ വികലാംഗരായവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു.
     “ആരാണ് ചേട്ടനെ ആശുപത്രിയില്‍ ആക്കിയത്”.?
  “ഒരു മനുഷ്യന്‍. അല്ല ഒരു മനുഷ്യസ്നേഹി. എനിക്കറിയാം അയാള്‍ നന്നായി മദ്യപിച്ചിരുന്നു. പക്ഷെ അയാള്‍ മാത്രമാണ് എന്നെ സഹായിക്കാന്‍ തയ്യാറായത്. അയാളുടെ പേരോ നാളോ എനിക്കറിയില്ല. മറ്റുള്ളവര്‍ നോക്കി നില്‍ക്കെ അയാള്‍ എനിക്ക് കുടിക്കാന്‍ നാരങ്ങാവെള്ളം വാങ്ങി നല്‍കി. അത് കുടിച്ചു അല്പം പഞ്ചസാര ശരീരത്തില്‍ എത്തിയപ്പോളാണ് എനിക്ക് സംസാരിക്കാന്‍ ഉള്ള ആരോഗ്യം തിരിച്ചുകിട്ടിയത്. പിന്നെ അയാള്‍ എന്നെ ഓട്ടോയില്‍ കയറ്റി ഇവിടെ എത്തിച്ചു. കാഷ്വാലിറ്റിയില്‍ പെയ്മെന്റ് നടത്തിയതും നിന്നെ ഫോണ്‍ ചെയ്തു വിവരം പറഞ്ഞതും അയാളാണ്. നീ വരുന്നതിനു തൊട്ടുമുന്‍പ് വരെ അയാള്‍ എന്റെ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ചിലപ്പോള്‍ വെള്ളം കുടിക്കാന്‍ പോയതാവും.”
  പെട്ടന്ന് കതക് തള്ളിത്തുറന്ന് അയാള്‍ അകത്തേക്ക് വന്നു.
“’എങ്ങനെയുണ്ട് സാറേ,  ക്ഷീണമോക്കെ മാറിയോ?”
അയാളുടെ സ്നേഹപൂര്‍വമുള്ള ചോദ്യത്തിന് ഒരു പുഞ്ചിരിയില്‍ മറുപടി നല്‍കി ഞാന്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
        “വേണ്ട സാറേ . സാര്‍ റസ്റ്റ്‌ എടുക്കു. ഇത് ഭാര്യയായിരിക്കും. ചേച്ചീ ഒരു കാര്യം ശ്രദ്ധിക്കണം. സാറിന്റെ ബാഗില്‍ ഒരു പാക്കെറ്റ്‌ ബിസ്കറ്റ്‌ എങ്കിലും എപ്പോഴും കരുതിയിരിക്കണം. എപ്പോളാണ് ഷുഗറിന്റെ പ്രശ്നം വരുക എന്ന് പറയാന്‍ പറ്റില്ല. സാറ് വിശപ്പ്‌ തോന്നുമ്പോളെ കൈയ്യില്‍ കിട്ടുന്നത് എടുത്ത് കഴിച്ചേക്കണം. അല്ലങ്കില്‍ ഇങ്ങനെ സംഭവിക്കും.”
  “വളരെ നന്ദിയുണ്ട് ചേട്ടാ. ചേട്ടന്‍ സഹായിചിരുന്നില്ല എങ്കില്‍ .......”
“ഒന്നും പറയേണ്ട പെങ്ങളേ. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ സഹായിക്കാന്‍ ഉണ്ടാവും. അത് പ്രകൃതി നിയമമാണ്. ആരും അധികം അഹങ്കരിച്ചു നടന്നിട്ട് കാര്യമില്ല. എപ്പോള്‍ വീഴും, എവിടെ വീഴും, ആര് രക്ഷിക്കും എന്നൊന്നും പ്രവചിക്കാന്‍ ഒക്കുകില്ല. എല്ലാം ഈശ്വരന്‍ നിശ്ചയിച്ച പ്രകാരം നടക്കും എന്ന വിശ്വാസം മാത്രമാണെനിക്ക്.”
  “ലതികെ നീ പോയി രണ്ടു ചായ വാങ്ങിക്കൂ. കഴിക്കാന്‍ എന്തെങ്കിലും കൂടി വാങ്ങിച്ചോളൂ.”
  “എനിക്ക് ചായ ഒന്നും വേണ്ട പെങ്ങളേ. കുടിക്കാന്‍ ഇത്തിരി വെള്ളം കിട്ടിയാല്‍ മതി”
  “ഞാന്‍ വെള്ളം എടുക്കാന്‍ ഗ്ലാസ്‌ കൈയ്യിലെടുത്തപ്പോള്‍ അയാള്‍ മടിക്കുത്തില്‍ നിന്നും ഒരു ചെറിയ മദ്യക്കുപ്പി എടുത്ത് മേശപ്പുറത്ത് വെച്ചു. ഞാന്‍ വെറുപ്പോടെ മുഖം തിരിച്ചു. ആ പെരുമാറ്റം എന്നിലുണ്ടാക്കിയ നീരസം അയാള്‍ മനസ്സിലാക്കിയതുപോലെ തോന്നി. ഒന്നും മിണ്ടാതെ മദ്യക്കുപ്പി എടുത്ത് മടിക്കുത്തില്‍  തിരുകിക്കൊണ്ട് അയാള്‍ മുറിയില്‍ നിന്ന് പുറത്തെക്കിറങ്ങി.Tuesday 21 January 2014

റിസല്‍ട്ട്

ലിസമ്മ മാത്യൂസ്‌
ഗൈനകോളജിസ്റ്റ്‌.MBBS.DGO
ആശുപത്രി വരാന്തയോട് ചേര്‍ന്നുള്ള ഡോക്ടറുടെ മുറിക്ക് മുന്‍പില്‍ ധാരാളം ഗര്‍ഭിണികളും അവര്‍ക്ക് അകമ്പടി വന്നവരും. നിരത്തിയിട്ടിരുന്ന കസേരകളില്‍ ഒന്നുപോലും കാലിയില്ല. അഞ്ചുമിനിട്ടിലധികം കാത്തുനിന്നിട്ടാണ് എനിക്കും ഭാര്യക്കും  സീറ്റ്‌ കിട്ടിയത്. പേര് വിളിക്കുന്നത്‌ അനുസരിച്ച് ഓരോ ഗര്‍ഭിണിയും അവരുടെ  അകമ്പടിക്കാരും ഡോക്ടറുടെ മുറിയിലേക്ക് കയറിക്കൊണ്ടിരുന്നു.
       പൂര്‍ണഗര്‍ഭിണികളും അരവയറുള്ളവരും ഗര്‍ഭലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇറുകിയ ചുരിദാറില്‍ വിങ്ങിപ്പൊട്ടുന്ന വയറും താങ്ങിപ്പിടിച്ചാണ് ഒരു യുവതിയും അമ്മയും ഉള്ളിലേക്ക് പോയത്. ഗൈനകോളജിസ്ടിനെ കാണാന്‍ പോകുമ്പോള്‍ സാരി തന്നെ നല്ലത്  എന്ന് എന്റെ മനസ്സ് പറഞ്ഞു.
       ഇന്നലെ വരെ ആധുനിക വേഷത്തില്‍ തുള്ളിച്ചാടി നടന്ന പെണ്‍കുട്ടികള്‍ ഗര്‍ഭലക്ഷണങ്ങളോടെ മുഖമെല്ലാം വിളറി കാല്‍വണ്ണയില്‍ ചെറിയ നീരോടുകൂടി വയറും താങ്ങിപ്പിടിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്.  
    ഒരു അമ്മയാകാന്‍ പോകുന്ന നിര്‍വൃതിയോടെയാണ് പലരും എത്തിയിരിക്കുന്നത്. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനം. അടുത്ത വംശപരമ്പരയിലേക്ക് ഒരു കണ്ണി കൂടി വിളക്കിച്ചേര്‍ക്കുന്ന മാതൃത്വത്തിന്റെ നിര്‍വൃതി.
      വര്‍ഷങ്ങളോളം ഒരു കുഞ്ഞിക്കാലുകാണാന്‍ ആറ്റുനോറ്റിരുന്നവര്‍ ഉണ്ടാകാം. നേര്‍ച്ചകാഴ്ചകള്‍, പ്രാര്‍ത്ഥനകള്‍, അവയുടെ ഫലം പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നവര്‍ . സമൂഹത്തിന്‍റെയും, ബന്ധുക്കളുടെയും ചോദ്യങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറഞ്ഞു മടുത്ത് ഒരു കുഞ്ഞിനായ്‌ കാത്തിരിക്കുന്നവര്‍.
  ജീവിതത്തിന്‌ ഒരര്‍ത്ഥമുണ്ടാകുന്നത് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖം കാണുമ്പോളാണ്. മനസ്സില്‍ കരുതിവെച്ച സ്നേഹമെല്ലാം പകര്‍ന്നു നല്‍കാന്‍, അവരെ അണിയിച്ച് ഒരുക്കാന്‍, ഇഷ്ടപ്പെട്ട നിറമുള്ള വസ്ത്രങ്ങള്‍ അണിയിക്കാന്‍, ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍, അവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹം അങ്ങനെ ഒത്തിരിയൊത്തിരി നിറംപിടിപ്പിച്ച സ്വപ്നങ്ങളാവും മനസ്സുനിറയെ.
      ചിലപ്പോള്‍ അപ്രതീക്ഷിതമായി വന്ന അതിഥിയായ ഗര്‍ഭത്തെ അലസിപ്പിക്കാന്‍ എത്തിയവര്‍ ഉണ്ടാകാം. മാനസികമായി തയ്യാറാകുന്നതിന് മുന്‍പ് ദാമ്പത്യത്തിലെ സന്തോഷം കെടുത്താന്‍ എത്തിയ ഒരു കുഞ്ഞിനെ ജനിക്കുന്നതിനു മുന്‍പ്‌ തന്നെ ഇല്ലാതാക്കാന്‍ വന്നവര്‍ ഉണ്ടാകാം. ചിലപ്പോള്‍ വിവാഹത്തിനു മുന്‍പ്‌ ഗര്‍ഭിണിയായവര്‍ ഉണ്ടാകാം. പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഒരു ചതിക്കുഴിയില്‍ പെട്ടവള്‍. തറവാടിന്റെ സല്പേര് നിലനിര്‍ത്താന്‍ രഹസ്യമായി ഒരു ഗര്‍ഭഛിദ്രത്തിനു തയ്യാറായി വന്നവര്‍.
   “അടുത്തത് നമ്മുടെ നമ്പരാണ്”.
ഭാര്യ ഓര്‍മപ്പെടുത്തി. പെട്ടന്ന് മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യാന്‍  തുടങ്ങി. നാട്ടില്‍ നിന്ന് ലൂസിച്ചേച്ചിയാണ്.
“ഹലോ”
 “ഹലോ, നീയെവിടെയാ വീട്ടിലാണോ?”
“ഞങ്ങള്‍ ആശുപത്രിയില്‍ ഒരു ഗൈനകോളജിസ്റ്റ്‌നെ കാണാന്‍ ഇരിക്കയാണ്. അഞ്ചുമിനിട്ട് കഴിഞ്ഞു ഞാന്‍ അങ്ങോട്ട്‌ വിളിക്കാം.”
               ഞാന്‍. ഫോണ്‍ കട്ട് ചെയ്തു. ഞങ്ങളുടെ ഊഴമെത്തി ഡോക്ടറുടെ മുറിയിലേക്ക് കയറുമ്പോള്‍    എയര്‍കണ്ടീഷനറുടെ ശീതളിമ ശരീരത്തെ പൊതിഞ്ഞു.
  “ഇരിക്കൂ”  അമ്പതിനോടടുത്ത സുന്ദരിയായ ഡോക്ടര്‍ ഒരു പുഞ്ചിരിയോടെയാണ് ഞങ്ങളെ സ്വീകരിച്ചത്.    
     “എന്താണ് ജാന്‍സീ പ്രശ്നം”?  ഡോക്ടറുടെ  ചോദ്യം കേട്ട് ഞങ്ങള്‍ പരസ്പരം നോക്കി.
   “രണ്ട് മാസമായി ഇവളുടെ പീരിയട്സ്‌ തെറ്റി. അതൊന്നു നോക്കണം.”
  “കുട്ടികള്‍ എത്രയുണ്ട്”?
  “ഒരാണ്‍കുട്ടി മാത്രം. ഡിഗ്രിക്ക് പഠിക്കുന്നു.”
“ അത് ശരി. ജാന്‍സി. 45 വയസ്സ്. ഏതായാലും കയറിക്കിടക്കൂ. ഞാനൊന്ന് നോക്കട്ടെ.”
   ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടര്‍ എഴുന്നേറ്റു. നേഴ്സ് ഒരു പച്ച കര്‍ട്ടന്‍ വലിചിട്ടുകൊണ്ട്  എനിക്ക് മുന്നില്‍ ഒരു മതില്‍ പണിതുയര്‍ത്തി. അണിയറയില്‍ പരിശോധനകള്‍ നടക്കുമ്പോള്‍ ആ മുറിയില്‍ തനിച്ചായ ഞാന്‍. മേശപ്പുറത്തിരിക്കുന്ന ഉപകരണങ്ങളിലും ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഗര്‍ഭസ്ഥശിശുക്കളുടെ ചിത്രങ്ങളിലും നോക്കി വെറുതെ ഇരുന്നു.  ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന കുറെയധികം ചിത്രങ്ങള്‍. പല കുട്ടികളും അമ്മയുടെ വയറ്റില്‍  തല്കീഴായ്‌ ആണ് കിടക്കുന്നത്. ഞാനും ഇതുപോലെയാവും കിടന്നിട്ടുണ്ടാവുക. അതുകൊണ്ടാവും എന്റെ തലേവര ശരിയാവാഞ്ഞത്. ദൈവം തലയില്‍ വരക്കാന്‍ വരുമ്പോള്‍ തലയും കുത്തി നില്‍ക്കുന്നതു കണ്ടാല്‍ അദ്ദേഹം എന്ത് ചെയ്യാനാണ്. ഓരോന്ന് ആലോചിച്ച്‌ ഇരിക്കുമ്പോള്‍ ഡോക്ടര്‍ മടങ്ങിവന്ന് സീറ്റില്‍ ഇരുന്നു.
    “നിങ്ങള്‍ പ്രിക്കോഷന്‍ ഒന്നും എടുത്തിരുന്നില്ലേ?”
     “ഇല്ല ഡോക്ടര്‍”
“പിന്നെ ഇത്രയും കാലതാമസം വന്നതെന്താണ്?”
“ ആദ്യത്തെ പ്രസവം അല്പം കോംബ്ലിക്കേറ്റെട് ആയിരുന്നു. അതുകൊണ്ട് രണ്ടാമത്തെ കുട്ടിക്ക് അഞ്ചുവര്‍ഷം കഴിഞ്ഞു ട്രൈ ചെയ്‌താല്‍ മതി എന്നാണു ഡോക്ടര്‍ പറഞ്ഞത്. അഞ്ചുവര്‍ഷം കഴിഞ്ഞു ശ്രമിച്ചപ്പോള്‍ കണ്സീവ് ആയതുമില്ല. പിന്നെ ഞങ്ങള്‍ക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല.”
  “ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ ഓരു കുട്ടിയുണ്ടാവാന്‍ നീങ്ങള്‍ക്ക് തീരെ താല്പര്യമില്ല.”
“അതെ”
“ഏതായാലും വിശദമായ ടെസ്റ്റ്‌ നടത്താം.”
  ഡോക്ടര്‍ തന്ന കുറിപ്പുമായി ഞങ്ങള്‍ ലാബിലേക്ക് നടന്നു. ബില്ലടച്ചിട്ടു ജാന്‍സി ലാബിലേക്ക് കയറി. വരാന്തയില്‍ കിടന്ന ഒരു തടിബെഞ്ചില്‍ ഞാനിരുന്നു.
         വെള്ള യൂണീഫോമിട്ട നേഴ്സുമാര്‍ തെക്കുവടക്ക് നടക്കുന്നു. മാലാഖമാരെപോലെ മുഖത്ത് ഒരു ചെറുപുഞ്ചിരിയും ഒളിപ്പിച്ചു നടക്കുന്ന അവര്‍ എന്നും വേദനിക്കുന്നവര്‍ക്ക് സാന്ത്വനം ഏകുന്നവരാണ്.  തുച്ഛമായ വരുമാനത്തിനു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നവര്‍. രോഗികളില്‍ നിന്ന് മാനേജ്മെന്റ് കൊള്ളയടിക്കുന്നതിന്റെ പലമടങ്ങാണ് ഇവരില്‍ നിന്ന് കൈക്കലാക്കുന്നത്. സഹികെട്ട്‌ സമരപാതയിലേക്ക് തിരിഞ്ഞ ഇവരില്‍ പലരും ഇന്ന് തൊഴില്‍ രഹിതരായി വീട്ടില്‍ ഇരിക്കയാണ്. ചാനെല്‍ ക്യാമെറകള്‍ സമരപ്പന്തലില്‍ ഒരാരവം സൃഷ്ടിച്ച് മടങ്ങി. അടുത്ത ബ്രേകിംഗ് ന്യൂസ് തേടി അവര്‍ ഓട്ടമാരംഭിച്ചു. ഏറ്റെടുക്കുന്ന വിഷയങ്ങളുടെ പരിസമാപ്തിയെക്കുറിച്ച് അവര്‍ ആശങ്കപ്പെടാറില്ല. രാഷ്ട്രീയക്കാര്‍ ചവച്ചുതുപ്പുന്ന വിവാദങ്ങള്‍ക്ക് പരമാവധി തീ പടര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായവരെപ്പോലെ അവര്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു..
    പെട്ടന്ന് ഫോണ്‍ ശബ്ദിച്ചു. കുഞ്ഞമ്മയാണ്.
 “ഹല്ലോ”
 “ജാന്സിക്ക് എന്ത് പറ്റി”
“അവളുടെ ടെയിറ്റ്‌ തെറ്റി. ഒരു ചെക്കപ്പിന് വന്നതാ.”
“ എടാ ആഷിക്കിന് ഇപ്പോള്‍ 19 വയസ്സായി. ഈ പ്രായത്തില്‍ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ അവനു ഭയങ്കര നാണക്കേടായിരിക്കും.  അത് മനസ്സിലാക്കി വല്ലതും ചെയ്തോണം. വീണ്ടുവിചാരം ഇല്ലാതെ ഓരോന്ന് ഒപ്പിച്ചോളും”
“ കുഞ്ഞമ്മേ അത്.......”
“നീ ഒന്നും പറയേണ്ട. ഞിങ്ങള്‍ക്ക് വേണമെന്ന് വെച്ചാല്‍ കുറെ നേരത്തെ ആയിക്കൂടായിരുന്നോ. വയസ്സനാന്‍ കാലത്ത് ഓരോ പൊല്ലാപ്പ്.”
 പെട്ടന്ന് ഫോണ്‍ കട്ടായി. രണ്ടു മിനിട്ടിനകം വീണ്ടും ഫോണ്‍ ശബ്ദിച്ചുതുടങ്ങി. അനുജനാണ്.
“ഹല്ലോ”
“ചേച്ചിക്കെന്തുപറ്റി?”........
...........പിന്നെ ഫോണ്‍ കോളുകളുടെ ഒരു ഘോഷയാത്രയായിരുന്നു. ലൂസിചേച്ചി എല്ലാവരെയും വിളിച്ചു വിവരം അറിയിച്ചിരിക്കുന്നു. കുടുംബത്ത് നടക്കാന്‍ പോകുന്ന ഒരു നാണക്കേട് ഒഴിവാക്കാന്‍ എല്ലാവരുടെയും വക ഉപദേശങ്ങളും ശകാരങ്ങളും. ഒരു ഗൈനകോളജിസ്റ്റ്‌നെ കാണുന്നത് ഇത്ര വലിയ തെറ്റാണോ. ഗര്‍ഭം ഉള്ളവര്‍ മാത്രമാണോ ഗൈനകോളജിസ്റ്റ്‌നെ കാണുന്നത്. അഥവാ ഗര്‍ഭം  ആണെങ്കില്‍ തന്നെ ഇവര്‍ക്കെന്താ നഷ്ടം. സ്വന്തം ഭാര്യയില്‍ തന്നെയാണല്ലോ ഗര്‍ഭം ഉല്‍പാദിപ്പിച്ചിരിക്കുന്നത്. അതിനു ഇവരുടെയൊക്കെ അനുവാദം വേണമെന്ന് ശഠിക്കുന്നത് ശരിയാണോ?.
  കല്യാണം കഴിഞ്ഞ സമയത്ത്  രണ്ടു വര്ഷം കഴിഞ്ഞു കുട്ടി മതി എന്ന് ഞങ്ങള്‍ തീരുമാനിച്ചതായിരുന്നു. അന്ന് ഭാര്യക്ക് വിശേഷം ഒന്നുമായില്ലേ എന്ന് അന്വഷിക്കുന്നവരുടെ തിരക്കായിരുന്നു. എത്രപേരാണ് ഡോക്ടറെ കാണാന്‍ ഉപദേശിച്ചത്. ആരുടെയാണ് കുഴപ്പം എന്നറിയാനുള്ള വ്യഗ്രതയായിരുന്നു. ചേച്ചി ഫോണ്‍ ചെയ്തപ്പോള്‍ ആശുപത്രിയില്‍  ആണന്നു പറഞ്ഞതാണ് കുഴപ്പമായത്. സിനിമ കാണുകയാണന്ന് പറഞ്ഞാല്‍ മതിയായിരുന്നു. സത്യം പറഞ്ഞതാണ് പ്രശ്നമായത്.
  ജാന്‍സി ലാബില്‍നിന്നു ഇറങ്ങിവരുമ്പോള്‍ ഞാനാകെ വിഷമിച്ച്    ഇരിക്കയായിരുന്നു.
“എന്ത് പറ്റി. മുഖം വാടിയിരിക്കുന്നു.”
“അത് നാട്ടില്‍ നിന്ന് അവരെല്ലാം വിളിച്ചു.”
ജന്സിക്ക് കാര്യം മനസ്സിലായി. അവള്‍ ഒരു ചെറു പുഞ്ചിരിയോടെ എന്റെ കരം കവര്‍ന്നു.
   “വിഷമിക്കേണ്ട. എന്തുവന്നാലും കുഴപ്പമില്ല. നമ്മളുടെ കാര്യം തീരുമാനിക്കുന്നത് നമ്മള്‍ തന്നെ ആയിരിക്കും. അതില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ ഒരു അവകാശവുമില്ല. അഥവാ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ തന്നെ നമുക്ക് അത് ഗൌനിക്കേണ്ട കാര്യവുമില്ല. ഈശ്വരന്‍ തരുന്നത് എന്തായാലും  നമ്മള്‍  സന്തോഷത്തോടെ സ്വീകരിക്കും.  ഒരു കുട്ടിയുണ്ടാവാനുള്ള ഭാഗ്യമുണ്ടങ്കില്‍ അതൊരു പെണ്‍കുട്ടിയാവണെ എന്ന് മാത്രമാണെന്റെ പ്രാര്‍ത്ഥന.”
       അവളുടെ കണ്ണുകള്‍ നിറഞ്ഞ് വരുന്നത് ഞാന്‍ കണ്ടു. ഹൃദയം നിറയെ സ്നേഹം നിറഞ്ഞുനിന്ന മാതൃവാത്സല്യത്തിന്റെ പ്രകാശം പൊഴിക്കുന്ന ആനന്ദാശ്രുക്കള്‍. ഇത്രയും സ്നേഹം മനസ്സില്‍ ഒളിപ്പിച്ച് വെച്ചാണോ ഇവള്‍ ഇക്കാലമത്രയും കാത്തിരുന്നത്.

 “ജാന്‍സി ജോസെഫ് .........” അര മണിക്കൂറിനുശേഷം ലാബ് കൌണ്ടറില്‍ നിന്ന് വിളി വന്നു. കൌണ്ടറിലേക്ക് ഞങ്ങള്‍ ഓടുകയായിരുന്നു.  ആശുപത്രിയുടെ പേരും എംബ്ലവും പതിച്ച തൂവെള്ള നിറത്തിലുള്ള ആ കവര്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് വാങ്ങിയത്.