Thursday 18 May 2017

വേനല്‍ നിറമുള്ള ഓര്‍മ്മകള്‍

വേനല്‍ നിറമുള്ള ഓര്‍മ്മകള്‍
     കത്തുന്ന വെയിലിൽ നഗരം ചുട്ടുപഴുത്ത് കിടക്കുന്നു. പൊള്ളിക്കുന്ന കാറ്റ്. ഉണങ്ങി വരണ്ട നിറം മങ്ങിയ ഇലകള്‍ നിറഞ്ഞ വൃക്ഷങ്ങള്‍ തളര്‍ന്നു തലതാഴ്ത്തി നില്‍ക്കുന്നു. ഫെബ്രുവരി ആയപ്പോളേ ഇത്രകണ്ട് ചൂടാണങ്കിൽ മെയ് മാസത്തെ അവസ്ഥ എന്താവും. സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണി ആയിരിക്കുന്നു. സ്കൂൾ ബസ്സ് വന്ന് പോയിട്ടുണ്ടാവുമോ . രണ്ടേമുക്കാലിനും മൂന്നു മണിക്കുമിടയിലാണ് സ്കൂൾ ബസ് വരുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ ബസ്സ് സർവീസ് വളരെ കാര്യക്ഷമമാണ്. സമയക്രമം കൃത്യമായി പാലിക്കുന്നതിന് പുറമേ കുട്ടികളുടെ കാര്യത്തിൽ നല്ല ഉത്തരവാദിത്തബോധമാണ്.  നീന ബസ് സ്റ്റോപ്പിൽ എത്താൻ വൈകിയാൽ മോളെ ശീതളപാനീയക്കടയിൽ ഏൽപിച്ചിട്ട് പൊയ്ക്കൊള്ളാൻ ബസ്സിന്റെ ഡോർ ചെക്കറോട്  നേരത്തേ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. രാവിലെ കറണ്ടുപോയതിനാൽ അടുക്കളപ്പണികളും കുളിയും എല്ലാം  വൈകി.  സമയം പോയത് അറിഞ്ഞതേയില്ല.  ഒരു വിധത്തിൽ ഒരു ചുരിദാറിട്ടുകൊണ്ട് ഓടുകയായിരുന്നു.
        അകലെ നിന്നേ കണ്ടു.  സാബുചേട്ടന്റെ പലചരക്കുകട അടഞ്ഞുകിടക്കുന്നു. തൊട്ടടുത്ത ബാർബർ ഷോപ്പും ഷെമീറിന്റെ ബേക്കറിയും   തുറന്നിട്ടുണ്ടങ്കിലും നീതുമോള്‍ എത്തിയിട്ടില്ല. അവള്‍ നേരത്തെ എത്തി ബേക്കറിയില്‍ കയറി നിന്നാല്‍ അകലെ നിന്ന് നീനയെ കാണുമ്പോള്‍ തന്നെ കൈ ഉയര്‍ത്തി കാണിക്കാറുണ്ട്. സവാരി കാത്തുകിടക്കുന്ന ചില ഓട്ടോറിക്ഷകള്‍ ബദാം മരത്തണലില്‍ വിശ്രമിക്കുന്നു. വെയിറ്റിംഗ് ഷെഡിൽ കയറി നിന്നു. അകലെ നിന്നും വരുന്ന ഓരോ വണ്ടികളിലും കണ്ണു പായിച്ച് കാത്തു നിൽക്കയാണ്. ഇളം മഞ്ഞ നിറം പൂശിയ കേന്ദ്രീയ വിദ്യാലയ വണ്ടി അകലെ നിന്നു കണ്ടാലും തിരിച്ചറിയാനാവും. നീതുമോള്‍ സാധാരണ വാതിലിന്റെ തൊട്ടുപിന്നിലുള്ള സീറ്റിലാണ് ഇരിക്കുന്നത്. അവള്‍ ഡോര്‍ ചെക്കര്‍ ഗോപാലന്‍ ചേട്ടനോട് നല്ല ചങ്ങാത്തത്തിലാണ്. അദ്ദേഹവുമായി എപ്പോളും എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. സ്കൂളിലെ, വീട്ടിലെ, കൂട്ടുകാരുടെ, കളിപ്പാട്ടങ്ങളുടെ  കാര്യങ്ങളൊക്കെയായിരിക്കും സംസാരവിഷയം.
          തിരക്ക് പിടിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയതിന്നാൽ മൊബൈൽ ഫോൺ എടുക്കുന്ന കാര്യംകൂടി മറന്നു. സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു.  മൂന്ന് നാല്പത്തിയഞ്ച് കഴിഞ്ഞിരിക്കുന്നു. ബസ്സ്‌ എന്താണിത്ര വൈകുന്നത്. ഇനി വഴിയില്‍ വെച്ച് ടയര്‍ പഞ്ചറാവുകയോ മറ്റോ സംഭവിച്ചിട്ടുണ്ടാകുമോ?. നീന ബേക്കറിയിലേക്ക് നടന്നു. ബേക്കറിയുടമ ഷമീര്‍ ലെമണ്‍ജൂസ്‌ ഉണ്ടാക്കുന്ന തിരക്കിലാണ്.
   “ഷെമീര്‍   സെന്‍ട്രല്‍ സ്കൂളിന്റെ ബസ്സ്‌ വന്നുപോയോ?”
“ഞാന്‍ കട തുറന്നിട്ട്‌ പത്തുമിനിട്ടെ ആയുള്ളൂ ചേച്ചി. ഇത്രയും സമയമായില്ലേ ചിലപ്പോള്‍ ഞാന്‍ കട തുറക്കുന്നതിനു മുന്‍പ്‌ വണ്ടി വന്നു പോയിട്ടുണ്ടാവും.”
അയാള്‍ മറുപടി പറഞ്ഞിട്ട് വീണ്ടും കച്ചവടത്തിരക്കുകളിലേക്ക് മടങ്ങി. നീന പിന്നെ ഒന്നും ആലോചിച്ചില്ല. ആദ്യം കിടന്ന ഓട്ടോറിക്ഷയില്‍ തന്നെ കയറി. നഗരത്തിരക്കിലൂടെ ഓട്ടോ സെന്‍ട്രല്‍ സ്കൂള്‍ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. നീനയുടെ ശ്രദ്ധ മുഴുവന്‍ ഇളം മഞ്ഞ ചായം പൂശിയ സെന്‍ട്രല്‍ സ്കൂളിന്റെ ബസ്സ്‌ വഴിയോരത്ത് എവിടെയെങ്കിലും ബ്രയ്ക്ഡൌണ്‍ ആയി കിടപ്പുണ്ടോ എന്നായിരുന്നു. സ്കൂള്‍ യൂണിഫോമിലുള്ള കുട്ടികളെ വഴിയോരത്ത് കാണുമ്പോള്‍ എല്ലാം വണ്ടിയുടെ വേഗത കുറയ്ക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഓരോ പെണ്‍കുട്ടികളിലും നീതുമോളുടെ മുഖമാണ് അവള്‍ കണ്ടത്. എട്ടുവയസ്സുള്ള ഒരു മൂന്നാംക്ലാസ്സുകാരി നഗരത്തില്‍ ഒറ്റപ്പെട്ടാല്‍ ഉള്ള അവസ്ഥയെക്കുറിച്ച് അവള്‍ അതീവ ബോധവതി ആയിരുന്നു. കഴുകന്‍ കണ്ണുകളോടെ കാത്തിരിക്കുന്ന ഒരു സമൂഹം. ഏതു സമയവും ഒരു പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെടാം. ഒരു പൂവ് കശക്കിയെറിയുന്ന ലാഘവത്തോടെ വലിച്ചെറിയപ്പെടാം.  വൃദ്ധമാര്‍ മുതല്‍ കൈക്കുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.  പത്രത്താളുകള്‍ നിറയെ പീഡനവാര്‍ത്തകള്‍. പിടിയിലാവുന്ന പ്രതികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. നിയമസംവിധാനങ്ങളും അധികാരസ്ഥാനങ്ങളും നോക്കുകുത്തികളാവുന്നു.
   ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നമാണ് മനസ്സിന്റെ സ്വസ്ഥത നശിപ്പിച്ചത്. അത് ഒരു സ്വപ്നം തന്നെ എന്ന് വിശ്വസിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല.  പിഞ്ചുബാലിക പീഡിപ്പിക്കപ്പെട്ട വാര്‍ത്തയും ചിത്രവും  അച്ചടിച്ച കുറെ ദിനപ്പത്രങ്ങള്‍. അവ കരിയിലകള്‍ നിറഞ്ഞ മുറ്റത്ത് ചിതറിക്കിടക്കുന്നു. പത്രങ്ങള്‍ക്ക്‌ മുകളില്‍ രക്തത്തില്‍ കുളിച്ച ഒരു പെണ്‍കുട്ടിയുടെ ജഡം. അവളുടെ തുറന്നിരിക്കുന്ന കണ്ണുകളില്‍ ഉറുമ്പരിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. അവളുടെ തുടയിടുക്കിലൂടെ ഒഴുകിപ്പരന്നുകിടക്കുന്ന കൊഴുത്ത ചോര.
  “ചേച്ചീ സ്കൂലെത്തി.”   ഓട്ടോറിക്ഷക്കാരന്റെ ശബ്ദം അവളെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി. അടഞ്ഞുകിടക്കുന്ന ഗേറ്റിനുമുന്നില്‍ അവള്‍ ശന്കിച്ചുനിന്നു. ഇളം മഞ്ഞ ചായം പൂശിയ ഒരു ഇരുനിലക്കെട്ടിടം. സ്കൂള്‍ ബസ്സുകള്‍ എല്ലാം ഷെഡ്ഡില്‍തന്നെ കിടപ്പുണ്ട്. ആരവങ്ങളും ബഹളങ്ങളും ഒഴിഞ്ഞ വിജനമായ സ്കൂള്‍ കോമ്പൌണ്ട്. ഗേറ്റില്‍ നിന്നും പ്രധാന കവാടം വരെ എത്തുന്ന വഴിക്ക് ഇരുവശവും വാകമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. വഴിയുടെ ഇടതുവശത്ത് വിശാലമായ ഫുട്ബോള്‍ മൈതാനം. വലതുവശത്ത് വോളീബോള്‍, ബാറ്റ്‌മിന്റെന്‍ കോര്‍ട്ടുകള്‍. ഗേറ്റില്‍ ഓട്ടോറിക്ഷ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് ഒരു സെക്യൂരിറ്റിക്കാരന്‍ ഗേറ്റിലേക്ക് നടന്നുവന്നു.
  “എന്താണ് മാഡം.” സെക്യൂരിറ്റിക്കാരന്‍റെ കനത്ത ശബ്ദം ഒരു ഇടിനാദം പോലെ കാതില്‍ മുഴങ്ങി.
   “എന്റെ മോള്‍ സ്കൂള്‍ ബസ്സില്‍ വന്നില്ല. മൂന്നാം ക്ലാസ്സിലെ നീതു ഹരിദാസ്‌.”  നീനയുടെ ശബ്ദം ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
  “മാഡം ഇന്ന് ഓപ്പണ്‍ ഹൌസ് ആയിരുന്നു. മാര്‍ക്ക്‌ലിസ്റ്റ്‌ കൊടുക്കുന്ന ദിവസ്സം. കുട്ടികള്‍ എല്ലാം പേരെന്റ്സുമായാണ് വന്നത്. അവരെല്ലാം ഉച്ചക്ക് മുന്‍പേ മടങ്ങുകയും ചെയ്തു”.
  അപ്പോള്‍ നീതുമോള്‍ എവിടെപ്പോയി. ഒരുപക്ഷെ ഹരിയെട്ടന്റെ കൂടെ പോയിട്ടുണ്ടാവുമോ. ഹരിയേട്ടന്‍ സ്കൂളില്‍ പോകുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ലല്ലോ. ഞാനവളെ രാവിലെ ഒരുക്കി വിട്ടതാണല്ലോ. ഇനി........അവളുടെ ചിന്തകള്‍ മുറിഞ്ഞു. 
   അവള്‍ സ്വയം ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അവള്‍ തന്നെ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു.  രാവിലെ വീട്ടില്‍ എന്തൊക്കെയാണ് ചെയ്തത്. നീതുമോലെ കുളിപ്പിച്ചോ, യൂണീഫോം ധരിപ്പിച്ചോ. ഹരിയേട്ടന് ഉച്ചയൂണ് പൊതിഞ്ഞുകൊടുത്തോ. മോളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിടാന്‍ ആരാണ് പോയത്. ഹരിയേട്ടന്‍ സ്കൂട്ടറില്‍ കൊണ്ടുപോയി വിടുകയായിരുന്നോ. അതോ ഞാന്‍ തന്നെയാണോ പോയത്. ഒന്നും വ്യക്തമായി ഓര്‍ത്തെടുക്കാനാവാതെ അവളുടെ മനസ്സ് ശൂന്യമാവുകയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നില്‍ക്കുന്ന നീതുമോളുടെ ചിത്രംമാത്രം  മനസ്സില്‍ ഒരു തിരതള്ളല്‍ പോലെ കയറി വന്നുകൊണ്ടിരുന്നു.
  ഇനി എന്ത് ചെയ്യണം, എവിടേക്ക് പോകണം, ആരെ സമീപിക്കണം, ആര്‍ക്കാണ് ഇപ്പോള്‍ സഹായിക്കാനാവുക. ഒന്നിനും ഒരു വ്യക്തതവരാതെ ഒരു തീരുമാനവും എടുക്കുവാനാവാതെ അവള്‍ തരിച്ചുനിന്നു.
      “ചേച്ചീ നമുക്ക് സാറിന്റെ ഓഫീസില്‍ പോകാം. സാറിനെ കണ്ടിട്ട് തീരുമാനിക്കാം. പോലീസില്‍ പറയുകയും ചെയ്യാം. അതാണ്‌ ഇനി നല്ലത് എന്ന് തോന്നുന്നു” . ഓട്ടോക്കാരന്‍ വണ്ടി സ്റ്റാര്‍ട്ട്ചെയ്തുകൊണ്ട് പറഞ്ഞു. ഓട്ടോറിക്ഷയില്‍ നീന പാതിമാനസ്സോടെയാണ് ഇരുന്നത്. ഹരിദാസിന്റെ ഓഫീസില്‍ അദ്ദേഹം ലീവിലാണന്നു അറിഞ്ഞതോടുകൂടി നീന തളര്‍ന്നുവീണു.
     ഓട്ടോക്കാരന്‍ അവളുടെ മുഖത്ത് അല്പം തണുത്ത വെള്ളം തളിച്ചു. അവള്‍ കണ്ണുതുറന്നു നോക്കി. വണ്ടി പോലീസ്‌സ്റ്റേഷന് മുന്നില്‍ നില്‍ക്കയാണ്. അവള്‍ വണ്ടിയില്‍ നിന്നിറങ്ങി സ്റ്റേഷനിലേക്ക് ഓടി. പാറാവുകാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും സബ് ഇന്‍സ്പെക്ടറുടെ മുന്‍പിലാണ് അവള്‍ പോയി നിന്നത്. സംസാരിക്കാനാവാതെ കിതച്ചുകൊണ്ടിരുന്ന അവളുടെ മുഖത്തേക്ക് അദ്ദേഹം സൂക്ഷിച്ചുനോക്കി.
  “ഇരിക്കൂ. എന്താണ് വേണ്ടത്.” വളരെ സൌമ്യനായാണ് അദ്ദേഹം സംസാരിച്ചത്. എന്തുപറയണം എന്നറിയാതെ അവള്‍ കുഴങ്ങി. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി. കിതപ്പ് അകറ്റാന്‍ അവള്‍ മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്നും അല്പം വെള്ളം എടുത്തു കുടിച്ചു.
   പെട്ടന്ന് പുറകില്‍ നിന്നാരോ അവളുടെ തോളില്‍ സ്പര്‍ശിച്ചു. അവള്‍ തിരിഞ്ഞുനോക്കി. ഹരിയേട്ടന്‍. അടുത്ത് അമ്പരന്നു നില്‍ക്കുന്ന നീതുമോള്‍. അമ്മെ എന്നുവിളിച്ചുകൊണ്ട് നീതുമോള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. നീന നീതുവിനെ ചുമ്പനങ്ങള്‍കൊണ്ട് പൊതിഞ്ഞു. അവളുടെ കണ്ണീര്‍ തുള്ളികള്‍ നീതുവിന്റെ വസ്ത്രങ്ങള്‍ നനയിച്ചു.

     “വൈഫിനെ എത്രയും വേഗം ഒരു സൈക്കാര്ടിസ്ടിനെ കാണിക്കണം. ഒട്ടും അമാന്തിക്കരുത്. മാദ്ധ്യമങ്ങളിലൂടെ വരുന്ന പര്‍വ്വതീകരിക്കപ്പെട്ട പീഡന വാര്‍ത്തകള്‍ അവരുടെ മനസ്സിന്റെ താളം തെറ്റിച്ചിരിക്കയാണന്നു തോന്നുന്നു.”  സബ് ഇന്‍സ്പെക്ടര്‍ ഹരിദാസിന്റെ ചെവിയില്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് ഹരിദാസ്‌ ആ വാക്കുകള്‍ ശ്രവിച്ചത്.