Wednesday 11 November 2015

ചാവേര്‍

ചാവേര്‍
     കനത്ത ഇരുട്ട് നിറഞ്ഞ ഒരു മുറിയിലേക്കാണ്  അയാള്‍ എന്നെ  കൂട്ടിക്കൊണ്ടുപോയത്.  ഒരു കസേരയില്‍ എന്നെ ഇരുത്തി അയാള്‍ മടങ്ങിപ്പോയി. ആ മുറിയില്‍ എന്‍റെ സമീപത്ത് ആരൊക്കെയോ ഉള്ളതായി എനിക്ക് തോന്നി. സിഗരറ്റ് പുകയുടെ ഗന്ധം ആ മുറിയില്‍ തങ്ങിനില്‍പ്പുണ്ടായിരുന്നു. കണ്ണ് ഇരുട്ടുമായി താദമ്യം പ്രാപിച്ച് തുടങ്ങുന്തോറും  ഓരോ രൂപങ്ങള്‍ വ്യക്തമായിത്തുടങ്ങി. ഒരു മേശക്ക് ചുറ്റും നിരത്തിയിട്ട എട്ടുകസേരകള്‍. ഞാന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അവിടെ ഇരിക്കുന്നു. ഒരു കസേര മാത്രം കാലി. ഇനിയും ആരോ വന്നുചേരുവാനുണ്ടന്നു വ്യക്തം. ആരും ഒന്നും സംസാരിച്ചിരുന്നില്ല. ആരുടേയും മുഖം വ്യക്തമായിരുന്നില്ല. എല്ലാം പുരുഷന്മാര്‍ തന്നെ. സമയം അധികം വൈകുന്നതിനു മുന്‍പേ ഒരു വാതില്‍ തുറക്കുകയും നേരിയ പ്രകാശത്തോടൊപ്പം ഒരാള്‍ കടന്നുവരികയും ചെയ്തു.
          അയാള്‍ കസേരയില്‍ ഇരിക്കുന്നതിന് മുന്‍പ് കൈനീട്ടി ഒരു സ്വിച്ച് ഓണ്‍ ചെയ്തു. മുറിയില്‍ പ്രകാശം പരന്നു. മേശയുടെ ഉപരിതലത്തില്‍ നിന്നും രണ്ടടി ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്ന  ഒരു ലൈറ്റ്. കമഴ്ത്തിവെച്ച ഒരു ചോര്‍പ്പിന്റെ ആകൃതിയില്‍ ഉള്ള ഡോമിനുള്ളില്‍ മങ്ങിക്കത്തുന്ന ഒരു ബള്‍ബ്‌. മേശക്ക് ചുറ്റും ഇരിക്കുന്നവരുടെ മുഖം വ്യക്തമായി കാണാന്‍ സാധിക്കാത്ത രീതിയിലാണ് പ്രകാശത്തിന്റെ ക്രമീകരണം. ഭീകരത തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം. അയാള്‍ ഒരു മാപ് എടുത്ത് മേശപ്പുറത്ത് നിവര്‍ത്തിയിട്ടു.
   അയാള്‍ എല്ലാവരെയും അഭിവാദ്യം  ചെയ്യുന്ന രീതിയില്‍ കൈ ഉയര്‍ത്തി. ഞങ്ങള്‍ പ്രത്യഭിവാദ്യം ചെയ്തു.
      “ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക. “
   അയാള്‍ മാപ്പിലേക്ക്  കൈ ചൂണ്ടി. “ ഇതാണ് റെയിവേ സ്റ്റേഷന്‍. കക്ഷി കോഴിക്കോട് സ്റ്റേഷനില നിന്ന് വണ്ടിയില്‍ കയറി  കഴിയുമ്പോള്‍ തന്നെ നമ്മുടെ ആള്‍ക്കാര്‍ അയാളെ ഫോളോ ചെയ്യുന്നുണ്ടാവും. കക്ഷി നമ്മുടെ സ്റ്റേഷനില്‍ ഇറങ്ങിയിട്ട്  താന്നിമൂട് ജങ്ങ്ഷന്‍ വഴി തന്നെയാണ് വീട്ടില്‍ പോകാന്‍ സാദ്ധ്യത. താന്നിമൂട് ജങ്ങ്ഷന്‍ കഴിയുമ്പോള്‍ തന്നെ നമ്മുടെ ടീമംഗം ഒന്നാം നമ്പറിലേക്ക്‌ വിവരം കൊടുക്കും. ആ സമയം നിങ്ങള്‍ താന്നിമൂട് കഴിഞ്ഞുള്ള രണ്ടാമത്തെ വളവിലെ കലുങ്കിന്റെ സമീപം വണ്ടിയില്‍ കാത്ത് നില്‍ക്കയായിരിക്കും. ഉടനെ നിങ്ങള്‍ ഏഴുപേരും കയറിയ വാഹനം അയാളെ ഫോളോ ചെയ്യും. റോഡിന്റെ രണ്ടു വശവും ബ്ലോക്ക്‌ ചെയ്യാന്‍ അതായത് താന്നിമൂട് ജങ്ങ്ഷനും ഇല്ലിത്തറയും ബ്ലോക്ക്‌ ചെയ്യാന്‍ എല്ലാ സന്നാഹവും ഒരുക്കിയിട്ടുണ്ടാവും. പത്തുമിനിട്ട് സമയത്തേക്ക് ഒരു വാഹനവും വരില്ല. നാലാമത്തെ വളവില്‍ വെച്ച് കക്ഷിയുടെ വാഹനത്തെ നിങ്ങള്‍ മറികടക്കണം. അവിടം ഒരു റബ്ബര്‍ തോട്ടമാണ്. അടുത്തെങ്ങും ആളുതാമാസം ഇല്ല. രണ്ടു മിനിട്ടില്‍ കാര്യം നടക്കണം. തിരിയെ വണ്ടിയില്‍ കയറിയാല്‍ താന്നിമൂട് വഴി തന്നെ തിരിച്ചു പോകണം. പത്തുമിനിട്ട് ഓട്ടത്തിനിടയില്‍ വസ്ത്രം മാറുക. അമ്പാടിക്കവല കഴിഞ്ഞുള്ള റബ്ബര്‍ തോട്ടത്തിന്റെ ഗേറ്റ് തുറന്ന് കിടക്കുന്നുണ്ടാകും. അവിടെ  വണ്ടി ഒതുക്കി എന്‍ജിന്‍  ഓഫ് ചെയ്യുക... അവിടെ നിങ്ങള്‍ക്ക്‌ പോകാനുള്ള ടൂ വീലറുകളുമായി നമ്മുടെ ആള്‍ക്കാര്‍ കാത്തുനില്‍പ്പുണ്ടാവും. ഇപ്പോള്‍ നിങ്ങള്ക്ക് തരുന്ന മൊബൈല്‍ഫോണ്‍ അവിടെ നില്‍ക്കുന്ന ആളെ ഏല്‍പ്പിക്കുക. ഉടനെ ടൂ വീലറില്‍   കയറി ഓരോത്തര്‍ക്കും നിര്‍ദ്ദേശിക്കുന്ന വഴിയേ രക്ഷപ്പെടുക.
        അയാള്‍ ഒരു ബാഗ്‌ തുറന്നു കുറെ മൊബൈല്‍ഫോണ്‍ പുറത്തെടുത്തു. എല്ലാം പഴയ മോഡല്‍ സെറ്റുകള്‍. അവയോടൊപ്പം ഒട്ടിച്ച പ്ലെയിന്‍ കവറില്‍ ഒരു കത്തും.
  “ഇരുപത്തിഒന്നാം തീയതി രാവിലെ പത്തുമണിക്ക് മാത്രം ഫോണ്‍ ഓണ്‍ ചെയ്യുക. നിങ്ങള്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഈ കത്തില്‍ ഉണ്ടാവും. കത്ത് ഫോണ്‍  ഓണ്‍ ചെയ്തു കഴിഞ്ഞു മാത്രം പൊട്ടിച്ച് വായിക്കുക വായിച്ചു കഴിഞ്ഞാല്‍ ഉടന്‍ കത്തിച്ചു കളയുക ഒരിക്കലും പരസ്പരം ബന്ധപ്പെടാതിരിക്കാന്‍ ശ്രമിക്കുക”
  നേതാവ് കസേര വിട്ട് എഴുന്നേറ്റു. മുറിയിലെ വിളക്കണഞ്ഞു.
*******      *****                       ******      *****
ഇരുപത്തിയൊന്നാം തീയതി രാവിലെ കൃത്യം പത്തുമണിക്ക്  തന്നെ  മൊബൈല്‍ ഓണ്‍ ചെയ്തു. മിനിട്ടുകള്‍ക്കകം ഫോണ്‍ ബെല്ല് അടിച്ചു.
“വൈകിട്ട് നാല് മണിക്ക് കുന്നുംപുറം ബസ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുക. കത്തില്‍ പറഞ്ഞിരിക്കുന്ന നമ്പര്‍ റ്റാറ്റ സുമോ വണ്ടി വരും അതില്‍ കയറുക.” ഫോണ്‍ കട്ടായി.  അയാള്‍ ഉടനെ കത്ത് പൊട്ടിച്ച് വായിച്ചു.
വണ്ടിയുടെ നമ്പര്‍ കൊടുത്തിട്ടുണ്ട്‌. വഴിയില്‍ പല സ്ഥലതുനിന്നും ടീം അംഗങ്ങള്‍ വണ്ടിയില്‍ കയറും. റെയില്‍വേ സ്റ്റേഷന്‍റെ പാര്‍ക്കിംഗ് ഏരിയായില്‍ പാര്‍ക്ക്‌ ചെയ്യുക. ഏകദേശം നാല് മണിക്ക് പരശുരാം എക്സ്പ്രസ് വരും. ലേറ്റായാല്‍ വരുന്നത് വരെ കാത്തിരിക്കുക. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്നുനിന്നതിനു ശേഷം നിങ്ങളുടെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യക. അധികം തിരക്കുപിടിക്കാതെ സാവധാനം താന്നിമൂട് വഴി പോയി പറഞ്ഞ സ്ഥലത്ത് വണ്ടി ഒതുക്കിയിട്ട് കാത്തിരിക്കുക.
      അങ്ങനെ ഇരുപത്തിയൊന്നാം തീയതി കൃത്യസമയത്ത് വണ്ടി ഒതുക്കിയിട്ട് ഞങ്ങള്‍ കാത്തിരിക്കയാണ്. വണ്ടിയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഞങ്ങള്‍ എട്ടുപേര്‍  ഉണ്ടായിരുന്നു. മെറൂണ്‍ നിറത്തിലുള്ള വണ്ടിയുടെ എഞ്ചിന്‍ ഓഫ് ചെയ്തിരുന്നില്ല. ശീതീകരിച്ച വണ്ടിക്കുള്ളില്‍ അപരിചിതരായ എട്ടുപേര്‍. ആരും പരസ്പരം ഒന്നും സംസാരിക്കുന്നില്ല. എല്ലാവരുടെയും മനസ്സിന്റെ ഉള്ളില്‍ കനത്ത അഗ്നിയാണ് എരിയുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ദൌത്യം പൂര്‍ത്തിയാക്കുവാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. എന്തിനു, ഏതിന് എന്ന അന്വഷണമില്ല. തെറ്റും ശരിയും നിര്‍വചിക്കേണ്ട കാര്യവുമില്ല  അനുസരണയും അച്ചടക്കവും ഉള്ള ഒരു പാര്‍ട്ടിപ്രവര്‍ത്തകന്. എല്ലാം നേതാക്കള്‍ ആലോചിച്ചു ഉറപ്പിച്ച കാര്യമാണ്. പുരക്കുമുകളിലേക്ക് ചാഞ്ഞത് ഫലവൃക്ഷമാണങ്കിലും മുറിച്ചു മാറ്റുക.
 F M റേഡിയോയില്‍ സംഗീതം മുഴങ്ങുന്നുണ്ടായിരുന്നു.
   “ഈശ്വരന്‍ മനുഷ്യനായ്‌ അവതരിച്ചു ഈ മണ്ണില്‍ ദുഃഖങ്ങള്‍ പങ്കുവെച്ചു.” പഴയ ഒരു സിനിമാഗാനം.. മുഖാരിരാഗത്തില്‍ ഈണം നല്‍കിയിരിക്കുന്ന ഗാനഗന്ധര്‍വ്വന്‍റെ ശബ്ദത്തിലുള്ള ഒരു  ശോകഗാനം. മുഖാരി രാഗം  മരണത്തിന്റെ രാഗം എന്നും പറയാറുണ്ട്. അതെ മരണദൂതന്മാരുടെ ഗാനം തന്നെ. ഈശ്വരന്‍  മനുഷ്യനായ്‌ അവതരിച്ചിരിക്കയാണ്. സൃഷ്ടി.സ്ഥിതി. സംഹാരം എല്ലാം ഈശ്വരന്‍ തന്നെ ചെയ്യുന്നു. ഇവിടെ സംഹാരത്തിന്റെ രൂപത്തില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു. ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തില്‍ ഇന്നത്തെ ദിവസം കൊണ്ട് ജീവിതം അവസാനിക്കുന്ന ഒരു ഹതഭാഗ്യന്‍. അവിടെ സ്വര്‍ഗ്ഗത്തിന്റെ വാതായനങ്ങള്‍ അയാള്‍ക്കായി തുറന്നിട്ട്‌ അപ്സരസുകള്‍ കാത്തുനില്‍ക്കുകയാണ്. കൈയ്യില്‍ പൂത്താലങ്ങളും ഏന്തി ചുണ്ടില്‍ ആരെയും മയക്കുന്ന പുന്ചിരിയുമായി.
   കൈയ്യില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍. ഏതു സമയത്തും പ്രയോഗിക്കാന്‍ തയ്യാറായിരുന്നു. സമയം കടന്നുപോയികൊണ്ടിരുന്നു. റെയിവേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടിട്ടു അരമണിക്കൂര്‍ കഴിഞ്ഞു. അയാള്‍ എന്താണ് വൈകുന്നത്? അയാള്‍ അപകടം മണത്തറിഞ്ഞു യാത്ര വേറെ വഴിക്കാക്കിയോ?. അതോ ഈ സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിയില്ലേ?. അതോ പരശുറാം എക്സ്പ്രസില്‍ അയാള്‍ വന്നില്ലേ.? മനസ്സില്‍ നൂറുനൂറു ചോദ്യങ്ങള്‍ തിളച്ചുമറിയുവാന്‍ തുടങ്ങി.
  പെട്ടന്ന് ഡ്രൈവറുടെ ഫോണ്‍ ശബ്ദിച്ചു. സംഘാംഗങ്ങള്‍ ജാഗരൂകരായി.
“ അയാള്‍ സഹകരണ ആശുപത്രിയില്‍ ആര്‍ക്കോ ബ്ലഡ്‌ കൊടുക്കാന്‍ കയറിയിരിക്കുന്നു. ഉടനെ പുറത്തുവരും.”
  ആയുധങ്ങളിലെ പിടി സാവധാനം അയഞ്ഞു. ഇനിയും കാത്തിരിക്കണം. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.
ഇരുപത്‌ മിനിട്ടുകള്‍ കൂടി  കടന്നുപോയി. വീണ്ടും ഡ്രൈവറുടെ ഫോണ്‍ ശബ്ദിച്ചു.
 “ഗെറ്റ് റെഡി”
 ആയുധങ്ങളിലെ പിടി മുറുകി. ഡ്രൈവര്‍ എന്‍ജിന്‍ ഇരപ്പിച്ചു. ഫസ്റ്റ്ഗിയറിലിട്ടു മുന്നോട്ടു നീങ്ങാന്‍ തയ്യാറായി നിന്നു. പിന്നില്‍ നിന്നും ഒരു വാഹനത്തിന്റെ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചം അടുത്തടുത്ത് വന്നു. . ആ വണ്ടി ഞങ്ങളെ കടന്നു മുന്നോട്ടു നീങ്ങി. അത് അയാള്‍ കയറിയ ബൈക്ക് തന്നെ. വണ്ടിയുടെ നമ്പര്‍ കറക്റ്റ്‌ തന്നെ. പക്ഷെ അയാളുടെ പിന്നില്‍ ഒരു ആണ്‍കുട്ടി അയാളെ കെട്ടിപ്പിടിച്ചു ഇരിക്കുക്കുന്നു. എന്ത് ചെയ്യണം. മനസ്സില്‍ ഒരു സംശയം.
“ ഒന്നും ആലോചിക്കേണ്ട. കുട്ടിയെ വെറുതെ വിടുക.” ഡ്രൈവര്‍ വിളിച്ചുപറഞ്ഞു.
           ഞങ്ങളുടെ വണ്ടി മുന്നോട്ടു കുതിച്ചു. കൃത്യസ്ഥലത്ത് വെച്ച് ബൈക്കിനെ  ഇടിച്ചുതെറുപ്പിച്ചു. റോഡിന്‌ ഇടതുവശത്തേക്കാണ് അയാളും കുട്ടിയും  തെറിച്ചുവീണത്. വണ്ടിയില്‍ നിന്നും ഏഴുപേരും ചാടിയിറങ്ങി. കുറ്റിക്കാട്ടില്‍ തെറിച്ചു വീണ അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കയായിരുന്നു. ആദ്യവെട്ടു തന്നെ പിന്കഴുത്തിലായിരുന്നു. പിന്നെ ഉയര്‍ന്നത് ഒരു അലര്‍ച്ചയയായിരുന്നു. നിലത്തേക്ക് വീഴാന്‍ പോയ അയാളുടെ ഇടത്തെ കാലിലാണ് അടുത്ത വെട്ട്‌ കൊണ്ടത്‌. വാളുകള്‍ ആകാശത്ത് മിന്നല്‍ പിണരുകള്‍ തീര്‍ത്തു. പച്ചിലകളില്‍ തിളയ്ക്കുന്ന ചോര തെറിച്ചു വീണ് അവ്യക്തമായ ചിത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. അയാളുടെ അലര്‍ച്ച ദീനരോദനമായി മാറിത്തുടങ്ങി. മരണം ഉറപ്പിചിട്ടാണ് ഞങ്ങള്‍ വണ്ടിയില്‍ കയറിയത്. വണ്ടി മുന്നോട്ടു നീങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. കുറ്റിക്കാട്ടില്‍ നിന്നും എഴുന്നേറ്റു വന്ന ആ കുട്ടി മുറിവേറ്റുകിടക്കുന്ന മനുഷ്യന്റെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കയായിരുന്നു. അവന്‍ ദയനീയമായി അയാളുടെ മുഖത്തേക്കും ഞങ്ങളുടെ വണ്ടിയിലേക്കും നോക്കുന്നുണ്ടായിരുന്നു.
      തിരക്കഥയില്‍ പറഞ്ഞപോലെ ഞാന്‍ അല്പസമയത്തിനുശേഷം ബൈക്കില്‍ കുതിച്ചു പായുകയായിരുന്നു. സംഘാംഗങ്ങള്‍ പല വഴിക്കായി തിരിഞ്ഞു കഴിഞ്ഞു. പുതിയ വേഷത്തില്‍ പുതിയ ഭാവത്തില്‍ ഒരു യാത്ര. മനസ്സില്‍ തെല്ല് പരിഭ്രമത്തോടെയാണ്  എന്റെ പ്രയാണം. ഇത് ആദ്യത്തെ ദൌത്യം ഒന്നും അല്ല. കൊഴുത്ത രക്തത്തിന്റെ ചൂട് ധാരാളം അറിഞ്ഞതാണ് ഈ  കൈകള്‍. പക്ഷെ ആ കുട്ടിയുടെ ദയനീയമായ നോട്ടം. ആ മുഖത്ത് വീണ രക്തത്തുള്ളികള്‍ , ആ കണ്ണുകളിലെ നനവ്‌ എല്ലാം മനസ്സില്‍ എന്തോ ആശങ്കകള്‍ നിറക്കുന്നു. ഒരു തവണ മാത്രമാണ് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കിയത്. പക്ഷെ,  ആ മുഖം വിടാതെ പിന്തുടരുന്നതുപോലെ. ഇതുവരെ ഉണ്ടാവാത്ത ഒരു തരം മാനസികാവസ്ഥ.
     ഇരുവശവും വീടുകള്‍ തിങ്ങിനിറഞ്ഞ ഒരു ഗ്രാമത്തിലൂടെയാണ് ബൈക്ക്‌ ഓടിക്കൊണ്ടിരുന്നത്. ടാറിംഗ് ഇളകിയ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. റോഡരുകില്‍ മെറ്റലും ടാര്‍ വീപ്പകളും നിരത്തിയിട്ടുണ്ട്. ഉടനെ റോഡ്‌ പണി തുടങ്ങാനുള്ള തയ്യാറെടുപ്പികള്‍ ആവാം. വണ്ടി മുന്നോട്ട് നീങ്ങുന്നത് അനുസരിച്ച് പിന്നിലുള്ള വീടുകളിലെ വെളിച്ചം അണയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ ഒരു നിമിഷം ബൈക്ക്‌ നിര്‍ത്തി പിന്നിലേക്ക്‌ നോക്കി. പിന്നില്‍ കനത്ത ഇരുട്ട് മാത്രം. ഇരുട്ടിനെ കീറിമുറിച്ചു ബൈക്കിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. വൃക്ഷനിബിഡമായ ഗ്രാമങ്ങള്‍ പിന്നിട്ട്‌ വയലുകള്‍ക്ക് നടുവിലൂടെയുള്ള ഒരു റോഡിലൂടെയാണ് ഇപ്പോള്‍ ബൈക്ക് ഓടുന്നത്. നോക്കെത്താദൂരത്തോളം  പരന്നുകിടക്കുന്ന വയലേലകളില്‍ കാലവര്‍ഷത്തിന്റെ  ശക്തിയില്‍ വെള്ളപ്പൊക്കവും കൃഷിനാശവും സംഭവിച്ചിരിക്കുന്നു. വയലിന് നടുവില്‍ കരിങ്കല്‍ ഭിത്തികെട്ടി മണ്ണിട്ട്‌ നികത്തിയെടുത്ത റോഡാണ്. ബൈക്ക് മുന്നോട്ട് ഓടുംതോറും റോഡിന്റെ വീതി കുറഞ്ഞു കുറഞ്ഞുവന്നു.
      ബൈക്കിന്റെ പിന്‍സീറ്റില്‍ ആരോ ഇരിക്കുന്നത് പോലെ തോന്നി. വലത്തേ കൈകൊണ്ട്‌ ഞാന്‍ പിന്നില്‍ പരതി. ആരും ഇല്ല. വെറുതെ തോന്നിയതാവും.  വണ്ടി മുന്നോട്ട് നീങ്ങും തോറും പിന്‍സീറ്റില്‍ ഒരാളുടെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടുകൊണ്ടിരുന്നു. വീണ്ടും ഞാന്‍ കൈകൊണ്ട്‌  പിന്നില്‍ പരതിയെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല. പെട്ടന്ന് റോഡില്‍ വെള്ളക്കെട്ട് കണ്ടു. ഇരുവശത്തേക്കും വെള്ളം തെറിപ്പിച്ചുകൊണ്ട്‌ പോയ വണ്ടിയുടെ വേഗത പെട്ടന്നാണ് കുറഞ്ഞത്. റോഡ്‌ കാണാന്‍ മേലാത്ത പോലെ വെള്ളം  ഉയര്‍ന്നിരിക്കുന്നു. ചുറ്റും സര്‍വത്ര വെള്ളം.  കടലിനു നടുവില്‍ അകപ്പെട്ട പ്രതീതി. വെള്ളം മുട്ടിന്‌ മുകളില്‍ എത്തി. ഗിയര്‍ ഡൌണ്‍ ചെയ്തെങ്കിലും വണ്ടി ഓഫായിപ്പോയി. കിക്കര്‍ ചവിട്ടിനോക്കിയെങ്കിലും വണ്ടി സ്റ്റാര്‍ട്ട്  ആവാനുള്ള ഒരു ലക്ഷണവും കാണിക്കുന്നില്ല. പുകക്കുഴലില്‍ വെള്ളം കയറിയിരിക്കുന്നു. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ശക്തമായ ഒരു തിരവന്നടിച്ചു ഞാന്‍ തെറിച്ചുവീണു. ചാടി എഴുന്നേറ്റു നോക്കിയ ഞാന്‍  ഞെട്ടിത്തെറിച്ചുപോയി.
          ബൈക്കില്‍ ഒരാളിരിക്കുന്നു. ആ ബാലന്‍ തന്നെ. മുറിവേറ്റ് കിടന്നയാളുടെ സമീപത്തുനിന്നും ഞങ്ങളെ ദയനീയമായി നോക്കിയ ആ പിഞ്ചുബാലന്‍. അവന്റെ കണ്ണുകളില്‍ സങ്കടമാണോ. നിരാശയാണോ, പകയാണോ, യാചനയാണോ, അതോ എല്ലാം തച്ച്തകര്‍ക്കാന്‍ പോകുന്ന ക്രോധമാണോ എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. അവനിട്ടിരുന്ന വെള്ള ഉടുപ്പില്‍ ചുവന്ന രക്തത്തുള്ളികള്‍ തീര്‍ത്ത പൂക്കളം. മുഖത്തുകൂടി ഒലിച്ചിറങ്ങിയ കണ്ണീരും രക്തവും. എന്റെ മനസ്സില്‍ ഭയാശങ്കകള്‍ നിറയുന്നു. ഞാന്‍ പുറകോട്ടു മാറുവാന്‍ ശ്രമിചു. കാലുകള്‍ അനക്കുവാന്‍ സാധിച്ചില്ല. അരയില്‍ നിന്ന് കഠാര എടുക്കാന്‍ വെമ്പി. പക്ഷെ കൈകളുടെ ചലനശേഷി നഷ്ടമായതുപോലെ. അവനോട് ക്ഷമയാചിക്കുവാന്‍ നാവ് ചലിക്കുന്നില്ല.  ഞാന്‍ ഒരു കൊച്ചുകുട്ടിയുടെ മുന്നില്‍ നിസ്സഹായനാവുകയാണ്.
    പെട്ടന്ന് റോഡിലെ വെള്ളം ഉയര്‍ന്നുതുടങ്ങി. രക്ഷപ്പെടാന്‍ മനസ്സ് പറയുന്നുണ്ട്. പക്ഷെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഒരു ജഡം പോലെ ഞാന്‍ മണ്ണില്‍ ഉറച്ചുനില്ക്കുകയാണ് .വെള്ളം  ഉയര്‍ന്നു എന്റെ തലമൂടുന്ന അവസ്ഥയിലേക്ക്  എത്തിക്കൊണ്ടിരുന്നു. വെള്ളം ഉയരുന്നതനുസ്സരിച്ചു ആ കുട്ടിയും വളര്‍ന്നുകൊണ്ടിരുന്നു. ആകാശം മുട്ടെ വളര്‍ന്ന അവന്റെ കണ്ണുകളിലെ അഗ്നി ഞാന്‍ കണ്ടു. അവന്റെ ചുണ്ടുകളിലെ പരിഹാസച്ചിരി ഞാന്‍ കണ്ടു. വെള്ളം എന്റെ തലക്കുമീതെ ഉയര്‍ന്നുയര്‍ന്നുവന്നു.  ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞു. മൂക്കിലൂടെ കയറിയ വെള്ളം ശ്വാസകോശങ്ങളില്‍ നിറഞ്ഞു. കണ്ണുകളിലേക്ക് സാവധാനം ഇരുട്ട് പടര്ന്നുകയറിക്കൊണ്ടിരുന്നു.
Sunday 18 October 2015

കോഴിജീവിതം

കോഴി ജീവിതം
    ബെന്യാമിന്‍റെ ആടുജീവിതം എന്ന വിഖ്യാത നോവൽ വായിച്ചതിൽ പിന്നെയാണ്  അത് പോലെ ഒരു കഥയെഴുതണം എന്ന് തോന്നിത്തുടങ്ങിയത്. മനസിൽ വ്യക്തമായ ആശയം ഒന്നും ഉരുത്തിരിഞ്ഞില്ലങ്കിലും കഥക്ക് ഒരു പേര് മനസ്സിൽ പെട്ടന്ന് തന്നെ കടന്നു വന്നു. " കോഴി ജീവിതം". മാട്ജീവിതം, താറാവുജീവിതം ,എരുമജീവിതം എന്ന പേരൊക്കെ പരിഗണിച്ചെങ്കിലും , “കോഴി ജീവിതം”എന്ന പേർ മനസ്സിൽ പെട്ടന്നു തന്നെ ഉറപ്പിക്കുകയായിരുന്നു.
  റൈറ്റിംഗ് പാട് എടുത്ത് വെച്ച് ആദ്യം തന്നെ തലക്കെട്ട്  എഴുതി അണ്ടർലൈൻ ചെയ്തു. പിന്നെ ആലോചന തുടങ്ങി. കഥ എവിടെ തുടങ്ങണം: എന്താണ് നായക കഥാപാത്രത്തിന്ന് പേരു് നൽകേണ്ടത്. നജീം എന്ന പേരു തന്നെ മതിയോ? ഗൾഫിലെത്തിയ നായകനെ അർബാബ് ആള് മാറി പിടിച്ചു കൊണ്ട് പോയി ഒരു കോഴിഫാമിലിട്ട് അടിമപ്പണി ചെയ്യിക്കുന്നതായി എഴുതിയാലോ . വേണ്ട , അത് മൂലകഥയുമായി വലിയ വത്യാസമൊന്നുമില്ല. ഒരു പേജ് വായിക്കുമ്പോൾ തന്നെ കഥ മോഷണമാണന്ന്  വായനക്കാർ തിരിച്ചറിയും
   കഥ വികസിപ്പിക്കേണ്ട പല വഴികളെക്കുറിച്ച് ചിന്തിച്ചെങ്കിലും വ്യത്യസ്തമായ ഒരു ആശയം പോലും മനസ്സില്‍  ഉരുതിരിഞ്ഞുവന്നില്ല.  ഒരു ലൈൻ പോലും എഴുതാവാനാവാതെ വിഷമിച്ചിരിക്കുമ്പോൾ ഭാര്യ മുറിയിലേക്ക് കടന്നു വന്നു.  തൂത്ത് വാരാൻ ഉള്ള പുറപ്പാടാണ്. അവൾ റൈറ്റിംഗ് പാഡിലെഴുതിയിരിക്കുന്ന തലക്കെട്ട്‌ കണ്ട് ഒന്ന് ചിരിച്ചു.
" എന്താ പുതിയ കഥയാണോ?"
പുതിയ തൊരെണ്ണം എഴുതണം എന്ന് വിചാരിക്കുന്നു. ടൈറ്റിൽ മാത്രമേ കിട്ടിയുള്ളൂ. കഥയൊന്നും മനസ്സിലേക്ക്‌ കടന്നു വരുന്നില്ല.
“കോഴി ജീവിതം... കഥയുടെ പേര്   ഇഷ്ടപ്പെട്ടു.  വേറെ   കഥ  ഒന്നും  ആലോചിക്കേണ്ട. നിങ്ങളൂടെ പഴയ  ബാച്ചിലർ ലൈഫ്  തന്നെ എഴുതിയാൽ   പോരെ. കുറെ  പൂവാലന്മാർ  ഉണ്ടായിരുന്നല്ലോ അതിലാരുടെയെങ്കിലും കഥ എഴുതിയാൽ മതി അല്ലങ്കില്‍ നിങ്ങളുടെ ആത്മകഥ തന്നെ എഴുത്."
“കഥ ആലോചിച്ച് ഇരിക്കുന്ന  നേരത്ത്  കറിവെക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊണ്ടു വരൂ. ഇന്നുച്ചക്ക് കരിവേക്കാന്‍ ഒന്നും ഇരിപ്പില്ല. ഇവിടെ ഫ്രിഡ്ജ് കാലിയാണ്. "
മനസ്സില്ലാമനസോടെ ഞാൻ കസേരവിട്ടെഴുന്നേറ്റു.
ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ   തുടങ്ങുമ്പോൾ അവൾ  ചൂലമായി   വീണ്ടും പ്രത്യക്ഷപ്പെട്ടു.
"ഇതെവിടേക്ക് വണ്ടിയുമെടുത്ത്? അര കിലോമീറ്റർ നടക്കാൻ മേലേ.? എന്തിനാണ്  വെറുതെ    പെട്റോൾ കത്തിക്കുന്നത്. ?"മേലനങ്ങാതെ ഇരുന്ന്‌ ഷുഗറും പ്രഷറും കൊളസ്ട്രോളും എല്ലാം ധാരാളം ഉണ്ടല്ലോ.
ശകാരരൂപേണയുള്ള  അവളുടെ  സംസാരം  മനസിൽ  നീരസം  ഉണ്ടാക്കിയെങ്കിലും  അവൾ  പറഞ്ഞതിൽ  കാര്യമുണ്ട് എന്ന് തോന്നി. മനുഷ്യർ  നടക്കാൻ  മടിയന്മാരാണ്.  ടൂ വീലറുകൾ  കൂടുതൽ വിറ്റഴിക്കപ്പെട്ടതോടുകൂടി വഴിയില്‍ ഇറങ്ങി നടക്കാന്‍ മേലാത്ത അവസ്ഥയാണ്. ഏത് ഇടവഴിയിലും കുതിച്ചുപായുന്ന ബൈക്കുകള്‍. അത്യാവശ്യം ഒന്നുമില്ലങ്കിലും അതിവേഗം സഞ്ചരിക്കുക ഒരു ഹരമായി മാറിയിട്ടുണ്ട്‌. അതുകൊണ്ട് അപകടമരണങ്ങള്‍ കൂടിയിട്ടുണ്ട്. അതിനോടൊപ്പം  നാട്ടിൽ പ്രമേഹരോഗികളുടെ എണ്ണവും   കുടി. ഒരൂ  ആഡംബരം എന്ന തിനേക്കാൾ  ഉപരി  ഒരു അത്യാവശ്യവസ്തുവായി  മാറ്റിയിട്ടുണ്ട്  ഇന്ന് ടുവീലർ '
        ഗേറ്റ് തുറന്നു ഞാൻ പുറത്തേക്ക് നടന്നു.  മഴക്കാലമായതിന്നാൽ  വഴി മുഴുവന്‍ ചെളിവെള്ളം തളം കെട്ടി നിൽക്കുന്നു. ചവറ്കൂനക്ക് സമീപം  കൂട്ടം കൂടി നിൽക്കുന്ന  തെരുവ് നായകളുടെ സൈന്യം. അതിന് സമീപം  തുരുമ്പ് പിടിച്ച് നിലംപതിക്കാറായ കോർപറേഷൻ്റെ ബോർഡ്.   “ഇവിടെ മാലിന്യം നിക്ഷേപിക്കരുത് "  അതില്‍ എഴുതിയിരിക്കുന്നത് വ്യക്തമായി കാണാം. ഞാന്‍ നോക്കിനില്‍കെയാണ്  ബൈക്കിൽ വന്ന ഒരു യുവാവ് ഒരു പ്ലാസ്റ്റിക് കിറ്റ്  ചവറുകൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് അതിവേഗം വണ്ടിയോടിച്ച്  പോയത്.  സര്കാരിനെ അനുസരിക്കുന്ന പരിഷ്ക്രിത സമൂഹത്തിന്റെ ഒരു പ്രതിനിധി’
      യഥാർത്ഥത്തിൽ  പൊതുനിരത്തുകളിൽ  മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്ന പൊതുജനങ്ങളും മാലിന്യങ്ങൾ യഥാസമയം നിർമാർജനം ചെയ്യാത്ത സർക്കാരുമല്ലേ  ഈ  തെരുവ്  നായകളെ ഇങ്ങനെ വളർത്തുന്നതും  ആക്രമകാരികൾ ആക്കുന്നതും. വീട്ടില്‍ വളര്‍ത്തുന്ന വയസ്സായ നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവരും കുറവല്ല. മൃഗസ്നേഹികള്‍ ആയ ചിലരുടെ സ്നേഹം നായകളോട് മാത്രമാണ്. കാള , പശു,എരുമ പോത്ത്, കോഴി , താറാവ് മുതലായവയെ കൊന്നുതിന്നുന്നതില്‍ ഒരു പരാതിയുമില്ല. നായകളെ അധികം പ്രകോപിപ്പിക്കാതെ ഞാൻ  കോഴിക്കട ലക്ഷ്യമാക്കി  നടന്നു.
"ഹലാൽ ചിക്കൻ സെൻ്റർ "  സുന്ദരനായ ഒരു പൂവൻ കോഴിയുടെ ചിത്രത്തോടെയുള്ള  മനോഹരമായ  ഫ്ലക്സ് ബോർഡ് ' മാംസത്തിൻ്റെ യും ഉണങ്ങിയ രക്തത്തിൻ്റെയും മണമുള  ഒരു ആധുനിക അറവുശാല.   ഒരു ഇലക്ട്രോണിക് ത്ലാസ്, ഒരു വലിയ മരക്കുറ്റി, ഒരു സ്റ്റീൽ മേശ. കുറെ  രക്തം പുരണ്ട കത്തികള്‍. .പുറകിൽ കമ്പിവല വേലിക്കുള്ളിൽ കലപില കൂട്ടുന്ന ബ്രോയിലർ കോഴികൾ.
ഒരു ചെറുപുഞ്ചിരിയോടുകൂടി നിൽക്കുന്ന ഉത്തരേന്ത്യൻ യുവാവ് '
രക്തം തെറിച്ച് വികൃതമായ ഒരു വെളുത്ത ബനിയനും പഴകിയ ജീൻസും ആണ് വേഷം. പുകയിലക്കറപിടിച്ച പല്ലുകൾ പുറത്ത് കാട്ടി ഒരു ചെറുപുഞ്ചിരിയോടെ അയാൾ ചോദിച്ചു. "ക്യാ ചാഹിയേ "?
 മുര്‍ഗി കിതനാ ഹേ?
“സൌ രൂപയെ സാബ്‌”
 ഏക്‌ ചോട്ടാ വാലാ .. ഞാന്‍ അറിയാവുന്ന ഹിന്ദിയില്‍ പറഞ്ഞു. അയാള്‍ കമ്പിവേലികെട്ടിനുള്ളില്‍ കടന്നു. കോഴികള്‍ കലപില കൂട്ടിക്കൊണ്ട് ഒരു വശത്തേക്ക് മാറി. വേഗതയില്‍ ഓടിമാറാനാവാതെ അലസരായ തടിച്ചുകൊഴുത്ത ബ്രോയിലര്‍ കോഴികള്‍. അയാള്‍ അതിലോരെണ്ണത്തിനെ  പിടിച്ചു ചരടില്‍ കോര്‍ത്ത്‌ ഇലക്ട്രോണിക് ത്ലാസ്സില്‍ കെട്ടിത്തൂക്കി.
    100രൂപാ  1.800 ഗ്രാം  180.00 രൂപാ ത്ലാസിലെ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ റേറ്റും തൂക്കവും വിലയുമെല്ലാം തെളിഞ്ഞു. ഞാന്‍ അതുതന്നെ മതിയെന്ന് തലകുലുക്കി സമ്മതിച്ചു. അയാള്‍ മൂര്‍ച്ചയേറിയ ഒരു കത്തിയെടുത്തു കോഴിയെ കൊല്ലാന്‍ തുടങ്ങുന്നത് കണ്ടുനില്‍ക്കാനാവാതെ ഞാന്‍ പുറം തിരിഞ്ഞുനിന്നു.
   റോഡില്‍ കുതിച്ചു പായുന്ന വാഹനങ്ങളുടെ തിരക്ക്. തിരക്ക് പിടിച്ച മനുഷ്യജീവിതത്തിന്റെ നേര്‍കാഴ്ച്ചകള്‍.  പട്ടണത്തിലേക്ക്  ജോലിക്കും മറ്റ്  ആവശ്യങ്ങള്‍ക്കുമായി പോകുന്നവര്‍. കൂടുതലും ടൂവീലറുകളിലാണ് യാത്ര. ഇരമ്പിപ്പായുന്ന ചുവന്ന നിറമടിച്ച  സിറ്റി സര്‍വീസ് ബസ്സുകള്‍.  
                റോഡരുകില്‍     തൂണുകള്‍ നാട്ടി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്.  ഭരണകൂടത്തിന്റെ ധൂര്‍ത്തിനും അഴിമതിക്കുമെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക്‌ കിട്ടുന്ന സുവര്‍ണാവസരം. ഓരോ സ്ഥാനാര്‍ത്ഥിയും നിറഞ്ഞ ചിരിയോടെ മോഹനവാഗ്ദാനങ്ങളുമായി നമ്മെ തേടിയെത്തും.. ഇവിടം  തേനും പാലും ഒഴുകുന്ന ഒരു നാടാക്കി മാറ്റും എന്ന വാക്കുകള്‍ എത്ര തവണ കേട്ട് മറന്നതാണ്.
      മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ പടവെട്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഘടനകള്‍ക്ക് ഇന്നും പ്രതീക്ഷ ഉണ്ട്. ഇന്ന് നാം അനുഭവിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും സൌകര്യങ്ങളും  ഒന്നുപോലും  ആരും ദാനം നല്കിയതല്ല എന്ന തിരിച്ചറിവ് എല്ലാവര്ക്കും ഉണ്ടായിരിക്കണം. പഴയകാലത്തെ പടക്കുതിരകള്‍ നടത്തിയ ത്യാഗോജ്വല സമരങ്ങളിലൂടെ നേടിയെടുത്തതാണ്. വ്യക്തിസ്വാതന്ത്ര്യവും സാമൂഹ്യനീതിയും. തൊഴില്‍ രംഗത്തെ അവകാശങ്ങളും ആനുകൂല്യങ്ങളും കൂട്ടായ വിലപേശലിലൂടെ നേടിയെടുത്തത് തന്നെയാണ്‌. പലരും ജീവിതം തന്നെ ഹോമിച്ച് കനത്ത ശിക്ഷകളും പീഡനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. പുതുതലമുറക്ക് അവയെല്ലാം കാലഹരണപ്പെട്ട കഥകള്‍  ആയിരിക്കും. ഭിത്തിയില്‍ തൂങ്ങുന്ന ചിത്രത്തിനപ്പുറം വലിപ്പമൊന്നും ആരുടേയും മനസ്സില്‍ ഉണ്ടാവില്ല.
         പുറകില്‍ കാല്പെരുമാറ്റം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. കടയുടമ; സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അയാള്‍ മേശപ്പുറത്ത് ഇരുന്ന കണക്കെഴുതുന്ന ബുക്കിലേക്ക് നോക്കി. പിന്നെ കോഴി വൃത്തിയാക്കുന്ന ഹിന്ദിക്കാരന്റെ നേരേ തിരിഞ്ഞു.
 “ഇത് എത്ര കിലോയാണ്?”
  1.800”
നീയെന്താ ആദ്യം ബുക്കില്‍ എഴുതാഞ്ഞത്?”
 അത് ചോദിക്കയും അയാള്‍ പണിക്കാരന്റെ മുഖത്ത് ആഞ്ഞടിക്കയും ചെയ്തത് ഒരുമിച്ചാണ്. . അടികൊണ്ടാവന്‍ നിലത്തുവീണു. കയ്യിലിരുന്ന രക്തം പുരണ്ട കത്തി ദൂരേക്ക്‌ തെറിച്ചു. അയാള്‍ ചുവന്നുകലങ്ങിയ കണ്ണുകളോടെ എഴുന്നേറ്റുനിന്നു. ആ മുഖത്ത് ദൈന്യതയോ നിരാശയോ അതിലുപരിയായ  എന്തോ വികാരമാണ് കാണാനായത്. അയാള്‍ ക്ഷമാപണത്തോടെ തലകുനിച്ച്‌ നിന്നു. മുതലാളി അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു.
“നിന്നോട് ഞാന്‍  എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ കണക്കെഴുതി വെച്ചിട്ട് മാത്രമേ കോഴിയെ കൊല്ലാമുള്ളന്നു”  അയാള്‍ വീണ്ടും അടിക്കാനായി കയ്യോങ്ങി.
  “വേണ്ട വിട്ടേക്കു പാവമല്ലേ. അയാള്‍ പറഞ്ഞത് ശരിയാണ്. കോഴി 1.800  തൂക്കിയത് ഞാന്‍ ശ്രദ്ധിചായിരുന്നു.” പണിക്കാരനെ കൂടുതല്‍ ഉപദ്രവിക്കാതിരിക്കാന്‍ ഞാന്‍ കയറി ഇടപെട്ടു.
      “സാറിനങ്ങനെ പറയാം. കാശ് പോകുന്നത് എന്റെയാ. ഒക്കെ കള്ളക്കൂട്ടങ്ങളാ. ഒന്നിനേം വിശ്വസിക്കാന്‍ ഒക്കുകേല. ഇന്നലെ കണക്കും കാശുമായി നൂറ്റിയിരുപത് രൂപയുടെ വത്യാസം ഉണ്ടായിരുന്നു.”
 ജ്വലിക്കുന്ന കണ്ണുകളോടെ കടയുടമ പുറത്തേക്കു പോയി. പണിക്കാരന്‍ തെറിച്ചുപോയ കത്തിയെടുത്തു വീണ്ടും കോഴിയെ വൃത്തിയാക്കിത്തുടങ്ങി. അയാളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു, കൈപ്പത്തിയുടെ പുറം കൊണ്ട് കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ ജോലിചെയ്യുന്നതു ഞാന്‍ നോക്കിനിന്നു. ഇവന്‍ തന്നെയാണോ ഞാന്‍ എഴുതാന്‍ പോകുന്ന കഥയിലെ നായകന്‍. കോഴിജീവിതം എന്ന് പേര് നല്‍കിയത് ഒരു നിമിത്തമായിരിക്കും. ഒരു കോഴിക്കടയില്‍ ആട്ടും തുപ്പുമേറ്റ് പണിയെടുക്കുന്ന ഒരാളെ തന്നെ ദൈവം എന്റെ മുന്‍പില്‍ എത്തിച്ചിരിക്കുന്നു.
   ഏതോ ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നിസ്സാരശംബളത്തിന് അടിമപ്പണി ചെയ്തിരുന്ന ഒരു യുവാവ്‌ ആയിരിക്കും.  അയാള്‍ക്ക്  താങ്ങാനാവാത്ത പ്രാരാബ്ധങ്ങള്‍ വലിഞ്ഞുമുറുക്കിയപ്പോള്‍  നാടും വീടും വിട്ട്‌ ഒരു തൊഴില്‍ തേടി എത്തിയതാവും. അയക്കുന്ന മണിയോടര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ദാരിദ്രകുടുംബം അയാള്‍ക്കുണ്ടാവാം. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരു നേരത്തെ വിശപ്പടക്കാന്‍ ആഹാരമില്ലാതെ തളര്‍ന്നുറങ്ങുന്ന കുട്ടികള്‍ അയാള്‍ക്കുണ്ടാവാം..
         ഞാന്‍ അയാളെത്തന്നെ നോക്കി നില്‍ക്കയായിരുന്നു.. വേറെ കസ്ടമെര്സ് ആരും ഇല്ലാഞ്ഞതുകൊണ്ടാവാം. വളരെ സാവധാനമാണ് അയാള്‍ ജോലി ചെയ്തിരുന്നത് കോഴിയെ പീസ്‌ ആക്കി ഒരു പ്ലാസ്ടിക് കിറ്റില്‍ ഇട്ടുതന്നപ്പോളും അയാളുടെ കണ്ണുകള്‍ തുവര്‍ന്നിട്ടുണ്ടായിരുന്നില്ല. പൈസകൊടുത്ത് കടയില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ അകലേക്ക്‌  നോക്കിനില്‍ക്കുകയായിരുന്നു.  അവിടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ അപ്പോളും കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിലായിരുന്നു.
             അയാൾ വളരെ നിസംഗനായാണ് എൻ്റെ മുഖത്തേക്ക് നോക്കിയത്. ''നിങ്ങൾ എന്തിനാണ് ഇങ്ങനെ അയാളുടെ തല്ല് വാങ്ങുന്നത്. നിങ്ങൾ ഒരു തൊഴിലാളിയല്ലേ . നിങ്ങളെ അയാൾക്ക് ' വേണമെങ്കിൽ ശകാരിക്കാം . പക്ഷേ കൈേയ്യറ്റം ചെയ്യാൻ  ഒരു  തൊഴിലുടമക്കും  അവകാശമില്ല.  ഇത്തരം അനീതിക്കെതിരെ  നിങ്ങൾ  പ്രതികരിക്കണം.  തൊഴിലിടത്തിലെ മനുഷ്യാവകാശങ്ങൾ  ഇന്ത്യൻ ഭരണഘടന  വിഭാവന ചെയ്തിട്ടുള്ളതാണ്. മാന്യമായ  പെരുമാറ്റമാണ്  ഉണ്ടാവേണ്ടതു് . മാന്യമായ  വേതനവും ലഭിക്കണം.  മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ പടവെട്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഘടനകള്‍ ഇവിടയൂയണ്ട്. അവര്‍ നേടിത്തന്ന അവകാശങ്ങളും പൌരബോധവും നാടിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. നിങ്ങള്‍ ഇങ്ങനെ അടിമപ്പണി ചെയ്യേണ്ടവരല്ല. ഇനിയും നിങ്ങള്‍ ഇത് സഹിച്ച്‌ നില്‍ക്കേണ്ട ആവശ്യമില്ല.”
 ഞാന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സില്‍ തീകോരിയിട്ടിട്ടുണ്ടാവണം. അയാളുടെ കണ്ണുകള്‍ ചുവന്നുകലങ്ങുന്നത് ഞാന്‍ കണ്ടു. മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകുന്നു. അയാള്‍ കുറെ നേരം കണ്ണുകളടച്ച് എന്തോ ആലോചിച്ചുനിന്നു. പിന്നെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തോ ഒരു നിശ്ചയദാര്‍ഡ്യത്തോടെ അയാള്‍ പുറത്തേക്ക് നടക്കുന്നത് ഞാന്‍ കണ്ടു. വഴിയരികില്‍ ട്രെഞ്ചുകുത്തിക്കൊണ്ടിരുന്ന നോര്‍ത്തിന്ത്യന്‍ യുവാക്കളോട് അയാള്‍ എന്തോ പറയുന്നത് ഞാന്‍ കണ്ടു. അവര്‍ പണിയായുധം ഉപേക്ഷിച്ച്‌ അയാളോടൊപ്പം നടന്നു. വഴിയരികില്‍ കൊടിതോരണങ്ങള്‍ കെട്ടുന്ന പാര്‍ട്ടിപ്രവര്‍ത്തകരുടെ കൂടെ സഹായത്തിനു നിന്ന ഹിന്ദിക്കാരും, കെട്ടിടം പണിതുകൊണ്ടിരുന്ന ബംഗാളികളും അവരോടൊപ്പം ചേര്‍ന്നു. പോകെ പോകെ അവരുടെ അംഗസംഖ്യ  കൂടിക്കൂടിവന്നു. അധികം വൈകാതെ അതൊരു ജാഥയായ്‌ മാറുകയായിരുന്നു.
  അവരുടെ കയ്യില്‍ നിറമുള്ള കൊടികള്‍ ഉണ്ടായിരുന്നില്ല. അവരുടെ ചുണ്ടുകളില്‍ ഈണത്തില്‍ ചൊല്ലുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നില്ല. അവരണിഞ്ഞിരുന്നത് തൂവെള്ള ഖദര്‍ വസ്ത്രമോ, വിപ്ലവചുവപ്പ് വസ്ത്രമോ, നീല വസ്ത്രമോ ആയിരുന്നില്ല. ഒരു രാഷ്ട്രീയപാര്ട്ടിയുടെയും അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. ചെളിയും മണ്ണും പറ്റിയ വിയര്‍പ്പിന്റെ മണമുള്ള വേഷങ്ങളാണ് അവര്‍ അണിഞ്ഞിരുന്നത്. അവരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് കെടാത്ത അഗ്നിയാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോച്ചനത്തിനായുള്ള അഗ്നി.
( വായനക്കാരുടെയും എന്റെയും സൗകര്യത്തിനായി ഹിന്ദിയിലുള്ള സംഭാഷണങ്ങള്‍ മലയാളത്തില്‍ ആക്കിയിട്ടുണ്ട്. അതൊരു പോരായ്മയായി കരുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.)


Wednesday 2 September 2015

കള്ളക്കത്തുകള്‍

കള്ളക്കത്തുകള്‍
കണ്ടക്ടര്‍ വന്ന് തട്ടിവിളിച്ചപ്പോളാണ്  ഞാന്‍ ഉറക്കമുണര്‍ന്നത്. ബസ്സ്‌ അവസാന സ്റ്റോപ്പില്‍ എത്തിയിരിക്കുന്നു. യാത്രികരെല്ലാം ഇറങ്ങിക്കഴിഞ്ഞു. സീറ്റിനടിയില്‍ നിന്ന് ബാഗ് വലിച്ചെടുത്ത് ഞാന്‍ പുറത്തേക്ക് നടന്നു. ഒരു ആല്‍ തറയും അതിന്റെ തണലില്‍ അഞ്ചാറു കടകളുമുള്ള ഒരു ചെറിയ കവല. കിഴക്കോട്ട് നീളുന്ന ചെമ്മണ്‍ പാതയോരത്ത് കുറെ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ കാത്തുകിടക്കുന്നു. പടിഞ്ഞാറ് വശത്തായി ഒരു ക്ഷേത്രവും മൈതാനവും. അതിനുമപ്പുറം പാടങ്ങള്‍. പാടങ്ങല്‍ക്കുമകലെ കരിമ്പനകള്‍ നിറഞ്ഞ്‌ നിറം മങ്ങിയ മലകള്‍.
       ബസ്സിറങ്ങിയ യാത്രക്കാരില്‍ ചിലര്‍ ഓട്ടോറിക്ഷകളില്‍ കയറി നീങ്ങിത്തുടങ്ങി. ചിലര്‍ കുട നിവര്ത്തിപ്പിടിച്ചു ചെമ്മണ്‍പാതയിലൂടെ നടന്നുതുടങ്ങി.    കത്തിക്കാളുന്ന വെയില്‍. മീനച്ചൂടില്‍ ചുട്ടുപഴുത്ത വായൂ ഒരു കരിമ്പടം പോലെ എന്നെ പൊതിഞ്ഞു. നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ഒരു തൂവാലയില്‍ തുടച്ചുകൊണ്ട് ഞാനൊരു കടയില്‍ കയറി.
“ഒരു നാരങ്ങാവെള്ളം”
“ഉപ്പോ  സര്ബത്തോ?”
“ഉപ്പുമതി. ലേശം പ്രമേഹം ഉണ്ട്”
ബീ.പീ ഉണ്ടോ? ഉപ്പ് കഴിച്ചാല്‍ പ്രശ്നമാവുമോ?” കടക്കാരന്‍ നാരങ്ങാ പിഴിയാന്‍ താല്പര്യം ഇല്ലാതെ നിന്നു.
“ ഉപ്പുമതി. ബീ.പീ ഒന്നുമില്ല.”
അയാള്‍ നാരങ്ങാ പിഴിഞ്ഞുതുടങ്ങി.
“ ഇവിടെ ഒരു കൊച്ചുപുരക്കല്‍ തോമ്മിച്ചനെ അറിയുമോ?”   ഞാന്‍ പോക്കറ്റില്‍ കിടന്ന കടലാസ്‌ തുണ്ടിലെ മേല്‍വിലാസം ഒരിക്കല്‍കൂടി വായിച്ചു.
“തോമ്മിച്ചന്റെ ആരാ?” കടക്കാരന്റെ മറുചോദ്യം.
“ഇവിടടുത്താണോ? എനിക്ക് അത്രടം വരെ ഒന്ന് പോകണം.”
  “ഒരു ഒന്നര കിലോമീറ്റര്‍ ഉണ്ടാവും. ഓട്ടോക്ക് പോയാല്‍ മതി. കാവുംഭാഗം എന്ന് പറയുക.”
നാരങ്ങാവെള്ളം കുടിച്ചു ഞാന്‍ ഓട്ടോയി കയറി.
  കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷ ഓടിത്തുടങ്ങി.  ശരീരത്തിലെ എല്ലാ സന്ധികളും ഇളകുന്നത് പോലെയുള്ള കുലുക്കം. കൊച്ചുപുരക്കല്‍ തോമ്മിച്ചനെന്ന് പേരെഴുതിയ ഗേറ്റിനുമുന്‍പില്‍  വണ്ടി നിന്നു.
       “ഒരു അഞ്ചുമിനിറ്റ് വെയിറ്റ്‌ ചെയ്യണം. ഞാനിപ്പോള്‍ വരാം.” ഓട്ടോക്കാരന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ഞാന്‍ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. മണല്‍ വിരിച്ച മുറ്റത്ത് പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന മാവിന്‍ചുവട്ടില്‍ ഒരു പുതിയ കാറ് കിടക്കുന്നു. കുട്ടികള്‍ കളി കഴിഞ്ഞുപോയ ക്രിക്കറ്റ് ബാറ്റും ബോളും മുറ്റത്ത് കിടക്കുന്നു. ചെടിച്ചട്ടികളില്‍ വളര്‍ന്ന് പൂത്തുലഞ്ഞുനില്‍ക്കുന്ന ഓര്‍ക്കിഡുകള്‍, ആന്തൂറിയം,
റോസ് അങ്ങനെ വിവിധതരം ചെടികള്‍.
        കോളിംഗ്ബെല്‍ കേട്ട് വാതില്‍ തുറന്നത് ഒരു മദ്ധ്യവയസ്കയാണ്.  ആകാശനീല നിറത്തിലുള്ള ഒരു മാക്സി അണിഞ്ഞ അവര്‍ ആഭരണങ്ങള്‍ ഒന്നും അണിഞ്ഞിരുന്നില്ല. അവര്‍ ചോദ്യരൂപേണ എന്റെ മുഖത്തേക്ക് നോക്കി.
   “ഞാന്‍ പൊടിമറ്റത്തുനിന്നും വരികയാണ്. തൊമ്മിച്ചനെ ഒന്ന് കാണണം. ഒരു കത്തുണ്ടായിരുന്നു.”
     “അപ്പച്ചനെ കാണണമെന്നോ? ആരാണ് കത്ത് തന്നുവിട്ടത്?”
  “ആരും തന്നുവിട്ടതല്ല. ഇന്നലത്തെ തപാലില്‍ തോമ്മിച്ചന്റെ ഒരു കത്ത് എനിക്ക് കിട്ടി. എന്റെ പേഴ്സ് കളഞ്ഞുപോയിരുന്നു. അതില്‍ കുറച്ചു പണവും ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരുന്നു. തോമ്മിച്ചന്റെ കൈയ്യില്‍ കിട്ടിയിട്ടുണ്ട്. ഇത്രടം വന്നാല്‍ തരാമെന്ന് എഴുതിയിരുന്നു.”
   ഞാന്‍ പോക്കെറ്റില്‍ നിന്ന് കത്തെടുത്ത് നീട്ടി. അവര്‍ കത്ത് വായിച്ചിട്ട് മടക്കിത്തന്നു.
    “നിങ്ങളെ ആരോ കബളിപ്പിച്ചതാണ്. അപ്പച്ചന്‍ മരിച്ചിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. പിള്ളേരുടെ ഡാഡിയാണെങ്കില്‍ ഗള്‍ഫിലാണ്. നാട്ടില്‍ വന്നിട്ട് രണ്ടുവര്‍ഷമായി. ഇതാരോ മനപ്പൂര്‍വ്വം നിങ്ങളെ കബളിപ്പിക്കാന്‍ ചെയ്തതാണ്.......ഒരു നിമിഷം. ഞാന്‍ ഇപ്പോള്‍ വരാം”
  അവര്‍ അകത്തേക്ക് നടന്നുമറഞ്ഞു. മിനിട്ടുകള്‍ക്കുള്ളില്‍ അവര്‍ മടങ്ങിവന്നത് ഒരു ദിനപത്രവുമായാണ്. രണ്ടാഴ്ച മുന്‍പുള്ള ഒരു ദിനപ്പത്രം. അതില്‍ കൊച്ചുപുരക്കല്‍ തോമ്മിച്ചന്റെ ഒരു  ചിത്രമുണ്ടായിരുന്നു.  അഞ്ചാം ചരമവാര്‍ഷികം എന്ന അടിക്കുറിപ്പോടെ.
   നീറിപ്പിടയുന്ന മനസ്സുമായി ഞാന്‍ തിരിഞ്ഞുനടന്നു. ഡ്രൈവിംഗ് ലൈസന്സില്ലാതെ വണ്ടിയില്‍ പോകേണ്ട എന്നാണ്‌ മുതലാളി പറഞ്ഞിരിക്കുന്നത്. ലൈസന്സിന്റെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചാല്‍ എന്നുകിട്ടും എന്ന് ഒരു ഉറപ്പുമില്ല. ഒരു ഫോട്ടോകോപ്പി പോലും കൈയ്യില്‍ ഇല്ല. ലൈസെന്‍സ് മടക്കിക്കിട്ടുന്നത് വരെ ഇനി പണിയില്ല. പണിയില്ലങ്കില്‍ അടുപ്പില്‍ തീ പുകയില്ല. കുട്ടികളുടെ പഠനം, അന്നമ്മയുടെ ചികില്‍സ എല്ലാം മുടങ്ങും. വേറെ ഒരു പണിയും ചെയ്തു ശീലവുമില്ല അതിനുള്ള ആരോഗ്യവും ഇല്ല.
      തിരക്കേറിയ ആ ബസ്സിലെ യാത്രയാണ് എല്ലാം നഷ്ടമാക്കിയത്.  ആ ശപിക്കപ്പെട്ട ദിവസ്സം നഷ്ടങ്ങളുടെ ഒരു ഉത്സവമായിരുന്നു. പേഴ്സും പണവും ഡ്രൈവിംഗ് ലൈസന്‍സും അന്നമ്മയുടെ മരുന്നിന്റെ കുറിപ്പടിയുമെല്ലാം ഏതോ തസ്കരന്‍ കൈക്കലാക്കി കടന്നുകളഞ്ഞു. ശപിക്കപ്പെട്ട ആ രാത്രി കൂടുതല്‍ ഇരുന്ടതായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഇരുട്ട് കൂടിക്കൂടി വന്നു. കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ വെളിച്ചം കുറഞ്ഞ പകലുകളുടെ അകമ്പടിയോടെ.
   പരാതി കൊടുക്കാന്‍ പോലീസ്‌സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു പട്ടിയെപ്പോലെ അവര്‍ എന്നെ ആട്ടിയോടിച്ചു. നഷ്ടപ്പെട്ട പണം എത്രയെന്നറിഞ്ഞാല്‍ മാത്രം മതിയായിരുന്നു അവര്‍ക്ക്. സ്വന്തം പേഴ്സ്  സൂക്ഷിക്കാഞ്ഞതിന് നിയമപാലകരുടെ അസഭ്യവര്‍ഷമെന്ന ശിക്ഷകൂടി ഏറ്റുവാങ്ങേണ്ടിവന്നു. ഇനി എത്രതവണ കുളിചാലാണ് ആ അസഭ്യവര്‍ഷത്തിന്റെ ദുര്‍ഗന്ധം മനസ്സില്‍ നിന്ന് മാഞ്ഞുപോകുക. നഷ്ടപ്പെട്ടവനെ വീണ്ടും കുരങ്ങു കളിപ്പിക്കുവാന്‍ തപാലില്‍ വന്ന ഒരു കള്ളക്കത്ത്.
   കമ്പനിയിലെ ആരോ മനപ്പൂര്‍വ്വം അയച്ച ഒരു കള്ളക്കത്താണ്. ഒന്ന് കബളിപ്പിക്കുവാന്‍ ചെയ്തതാവും. കുറച്ചുനാള്‍ അന്വഷിച്ച് നടക്കട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും. ഒരാഴ്ച വീട്ടുചിലവ് നടത്താനുള്ള പണമാണ് വണ്ടിക്കൂലിയിനത്തില്‍ നഷ്ടമായത്. വെയിലും  മഴയും കൊള്ളാതെ ഓഫീസിലെ ഫാനിന്‍ ചുവട്ടില്‍ ഇരുന്ന് ഗുമസ്തപ്പണി ചെയ്യുന്നവര്‍ക്ക് അദ്ധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും വിലയറിയില്ലേ ? കോടമഞ്ഞില്‍ തണുത്തുറഞ്ഞ മലയോരപാതകളിലൂടെ ഉറക്കമിളച്ചു ട്രക്കോടിക്കുന്ന ഒരു ഡ്രൈവറുടെ വിയര്‍പ്പിന്റെ വില ഇവര്‍ക്ക് മനസ്സിലാവില്ലേ? മുറിവുകളില്‍ തന്നെ കുത്തിനോവിക്കുന്ന ക്രൂരവിനോദം.  മനസ്സിലേറ്റ മുറിവുകള്‍ കാലത്തിന് മാത്രമേ ഭേദമാക്കാനാവൂ.
         ഒരു പറ്റം കഴുതകള്‍ റോഡിലൂടെ അതിവേഗം നടന്നുവരുന്നു. പുറത്ത് കെട്ടിവെച്ചിരിക്കുന്നതു  ഭാരമേറിയ മണല്‍ ചാക്കുകള്‍. സ്വര്‍ണത്തിന്റെ വിലയുള്ള പുഴയിലെ മണല്‍ കള്ളക്കടത്ത് നടത്തുകയാണ്. അവയുടെ പിറകില്‍ ചാട്ടവീശിക്കൊണ്ട് ഒരു മനുഷ്യന്‍ . അകലെയേതോ ലക്‌ഷ്യം തേടിയുള്ള പ്രയാണം. ജീവിതം മുഴുവന്‍ ഭാരം ചുമന്നു അവസാനം വഴിയരികില്‍ മരിച്ചുവീഴാന്‍ വിധിക്കപ്പെട്ട ബലിമൃഗങ്ങള്‍.     
     ജീവിതത്തെ പടുത്തുയര്‍ത്തിയ മതിലുകള്‍ക്കുള്ളില്‍ ക്രിമികീടങ്ങള്‍ വിഹരിക്കുന്ന ദാരിദ്ര്യത്തിന്റെയും അവഹേളനത്തിന്റെയും നഷ്ടബോധത്തിന്റെയും കരിനിഴല്‍ പരക്കുന്നത്‌ ഞാന്‍ നിറകണ്ണുകളോടെ നോക്കിനിന്നു. വാടിക്കരിഞ്ഞ സ്വപ്നപ്പൂക്കള്‍ കൊഴിഞ്ഞുവീണ വഴിത്താരകള്‍.
   മടക്കയാത്രയില്‍ മനസ്സ്‌ ശൂന്യമായിരുന്നു.  ഓട്ടോഡ്രൈവറുടെ സഹതാപം നിറഞ്ഞ വാക്കുകള്‍ നിസംഗതയോടെ കേട്ടുനിന്നു. ഒന്നും ഞാന്‍ തുറന്നു  പറഞ്ഞില്ലന്കിലും അയാള്‍ എന്തൊക്കെയോ മനസ്സിലാക്കിയപോലെ തോന്നി. സഹാനുഭൂതിയോടെയുള്ള അയാളുടെ വാക്കുകള്‍ മനസ്സില്‍ ഒരു തേന്മഴയായ്‌ പെയ്തിറങ്ങുകയായിരുന്നു. യാത്രക്കൂലി വാങ്ങാതെ ഒരു ചായയും വാങ്ങിത്തന്നാണ് അയാള്‍ എന്നെ ബസ്സ്‌ കയറ്റിവിട്ടത്. ടൌണില്‍ നിന്ന് ട്രെയിന്‍ കയറി നാട്ടില്‍ എത്തുമ്പോള്‍ നേരം വെളുത്തുതുടങ്ങി.
      കൊയ്ത്തു കഴിഞ്ഞ പാടവും തെങ്ങിന്‍തോപ്പും പിന്നിട്ടു വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. അന്നമ്മ മുറ്റം തൂക്കുകയാണ്. കാല്പെരുമാറ്റം കേട്ട് അവള്‍ തിരിഞ്ഞുനോക്കി.
    “സാധനം കിട്ടിയോ?” അവളുടെ ആകാംഷയോടെയുള്ള ചോദ്യത്തിനുമുന്‍പില്‍ ഞാന്‍ വിഷണ്ണനായി തലകുനിച്ച്‌ നിന്നു. ഉണ്ടായ സംഭവങ്ങള്‍ കേട്ടപ്പോള്‍ അവളുടെ കണ്ണുകളില്‍ നീര്മുത്തുകള്‍ തുളുമ്പി. സാരിത്തുമ്പില്‍ കണ്ണീര്‍ തുടച്ചുകൊണ്ട് അവള്‍ അടുക്കളയിലേക്കു നടന്നു.  ആവിപറക്കുന്ന കട്ടന്‍ചായയുമായി കടന്നുവന്നപ്പോള്‍ കൈയ്യില്‍ കുറെ കത്തുകളുണ്ടായിരുന്നു.
   “ഇന്നലെ പോസ്റ്റ്മാന്‍ കൊണ്ടുവന്ന്‌ തന്നതാണ്. ഞാനൊന്നും തുറന്നില്ല. ആദ്യം ചായകുടിക്ക്‌”
  ചായകുടി കഴിഞ്ഞു ഞാന്‍ ആദ്യത്തെ കത്ത് പൊട്ടിച്ചു.
 പ്രിയ സുഹൃത്തേ,
നിങ്ങളുടെ  പേഴ്സും കുറച്ചു പണവും ഡ്രൈവിംഗ് ലൈസന്സും കളഞ്ഞുകിട്ടിയിട്ടുണ്ട് . തെളിവുകളോടെ വന്നാല്‍ തിരിച്ചുതരാം. എന്റെ വിലാസം ചുവടെ
  ശ്രീനിവാസന്‍.
   .................
........... തിരുവന്തപുരം.
അടുത്ത കത്ത് ഒരു കവറിലായിരുന്നു.
പ്രിയ സുഹൃത്തേ,
നിങ്ങളുടെ  പേഴ്സും കുറച്ചു പണവും........
ആന്‍റണി
...............
...............
കൊല്ലം.
  പിന്നീട് തുറന്ന കത്തുകളെല്ലാം ആദ്യത്തെ കത്തിന്റെ തനിയാവര്‍ത്തനങ്ങളായിരുന്നു.  തിരുവന്തപുരം  മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കത്തുകള്‍  പലപല വിലാസങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത സ്ഥലങ്ങളില്‍ നിന്നുള്ള കത്തുകള്‍. കള്ളക്കത്തുകള്‍
   എനിക്ക് നഷ്ടമായതു ഒന്നുമാത്രം. എന്റെ ജീവരേഖ. അന്നന്നത്തെ അന്നത്തിനുള്ള വഴി. വെളിച്ചം,  ജീവിതത്തിന്റെ വെളിച്ചം. .......ആരൊക്കെയോ ചുറ്റിനും കൂടിനിന്ന് കൂവിവിളിക്കുന്നത് പോലെ. കൂക്കുവിളികള്‍ ഒരാരവം പോലെ ചെവിയില്‍ മുഴങ്ങി. മനസ്സിനുള്ളില്‍ ആയിരമായിരം ചിലന്തിവലകള്‍ കെട്ടുപിണഞ്ഞ് ഇന്ദ്രിയങ്ങളെ തടവില്‍ കുടുക്കുന്നു. കേള്‍വിശക്തിയെ, കാഴ്ചശക്തിയെ, ഘ്രാണശക്തിയെ തടവിലാക്കുന്നു. ശരീരത്തിലെ ഊര്‍ജമെല്ലാം നഷ്ടപ്പെട്ട്‌  ചലനശേഷിയും  സംസാരശേഷിയും നഷ്ടപ്പെട്ട്‌ ഞാന്‍ തളര്ന്നുവീണു.
   ഇല്ലിമുള്ളുകൊണ്ട് കെട്ടിയ വേലിയുടെ  മധ്യേയുള്ള ചെറിയ കടമ്പ നീക്കി ആരൊക്കെയോ നടന്നുവരുന്ന അവ്യക്തചിത്രം. ഞാന്‍ സൂക്ഷിച്ചുനോക്കി. ഒരു കൂട്ടമായാണ് വരുന്നത്. ഭാരം ചുമക്കുന്ന കഴുതകളുടെ കൂട്ടം. അവയുടെ പുറത്ത് കെട്ടിവെച്ചിരുന്നത് മണല്‍ ചാക്കുകള്‍ ആയിരുന്നില്ല.  തപാല്‍ ബാഗുകള്‍. ഭാരമേറിയ തപാല്‍ ഉരുപ്പടികള്‍ നിറച്ച തപാല്‍ ബാഗുകള്‍. കഴുതകളെ തെളിച്ചുകൊണ്ട് വന്നത് യൂണിഫോം ധരിച്ച ഒരു തപാല്‍ ശിപായി ആയിരുന്നു.
     അയാള്‍ കഴുതകളുടെ പുറത്ത് കെട്ടിവെച്ചിരുന്ന ബാഗുകള്‍ ഓരോന്നായി കെട്ടഴിച്ച് മുറ്റത്തേക്ക് കുടഞ്ഞിട്ടു. പല വലിപ്പത്തിലും വര്‍ണത്തിലും ഉള്ള കത്തുകള്‍ ഒരു കൂമ്പാരം പോലെ മുറ്റത്ത് നിറഞ്ഞു. കവറുകള്‍ , കാര്‍ഡുകള്‍ , ഇല്ലണ്ടുകള്‍.
    പേഴ്സും കുറച്ചു പണവും ഡ്രൈവിംങ്ങ് ലൈസന്സും കളഞ്ഞുകിട്ടിയതിനുള്ള അറിയുപ്പുകള്‍. തെളിവുകള്‍, അടയാളങ്ങള്‍ സഹിതം എത്തിയാല്‍ മടക്കിനല്‍കാമെന്ന വാഗ്ദാനങ്ങള്‍. പൊള്ളയായ വാഗ്ദാനങ്ങള്‍ കേരളത്തിലെ ഇന്ത്യയിലെ പലപല സ്ഥലത്ത് നിന്നുള്ള കത്തുകള്‍ . കള്ളക്കത്തുകള്‍.
     ഞാന്‍ കത്തുകളുടെ കൂമ്പാരത്തിനുമുന്പില്‍ തളര്‍ന്നിരുന്നു. ചൊരിമണലില്‍ കുത്തിയ കാല്‍മുട്ടുകളില്‍ ചോര പൊടിഞ്ഞു. കത്തുകള്‍ വാരിയെടുത്ത് ഞാന്‍ ആകാശത്തിലേക്ക് വലിച്ചെറിഞ്ഞു. കാറ്റില്‍ കൊഴിഞ്ഞുവീഴുന്ന പഴുത്ത ഇലകള്‍ പോലെ കത്തുകള്‍ വീണ്ടും എന്റെ മുകളിലേക്ക് വീണുകൊണ്ടിരുന്നു.