Saturday 3 August 2013

ശാന്തി

( ഇത് ഒരു തീവണ്ടി എന്ജിനുള്ളില്‍ നിന്നുള്ള കാഴ്ചയാണ്)
   ട്രെയിന്‍ വടക്കാഞ്ചേരി സ്റ്റേഷന്‍ വിടുമ്പോള്‍ സമയം പതിനൊന്നര മണി കഴിഞ്ഞു. എണ്‍പതു കിലോമീറ്റര്‍ വേഗതയിലാണ് വണ്ടിയുടെ കുതിപ്പ്. ചെറുതായി മഴച്ചാറ്റല്‍ ഉള്ളതിനാല്‍ ഞാന്‍ വൈപ്പര്‍  ഓണ്‍ ചെയ്തിരുന്നു. ട്രെയിന്‍ ഒരു വളവിലേക്ക് തിരിയുമ്പോള്‍ മുന്നില്‍ ട്രാക്കിനു നടുവിലായി ഒരു സ്ത്രീ നില്‍ക്കുന്നു. കുട ചൂടി നില്‍ക്കുന്ന അവര്‍ വണ്ടിയുടെ വരവും ഹോണ്‍ മുഴക്കവും ശ്രദ്ധിക്കാതെ കൈയ്യിലെ പ്ലാസ്റ്റിക്‌ കിറ്റില്‍ എന്തോ തിരയുകയാണ്.  ബ്രയിക്‌ അപ്ലൈ ചെയ്യുന്നതിന് മുന്‍പ്‌ തന്നെ വണ്ടി മുട്ടി  അവര്‍ ഇടതുവശത്തേക്ക് തെറിച്ചു പോകുന്നത് കണ്ടു. എന്റെ ശരീരത്തില്‍ ആകമാനം തീ പടരുന്നത് പോലെയുള്ള അവസ്ഥ. കൈയും കാലും തളരുന്നത് പോലെ തോന്നി. വണ്ടിയുടെ മുന്നില്‍ ഒരു മനുഷ്യജീവന്‍ പിടഞ്ഞു തീരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ. അത് അവരുടെ ജീവനെടുത്തിട്ടുണ്ടാകാം. നാനൂറു മീറ്ററിലധികം ഓടിയിട്ടാണ് ട്രെയിന്‍ നിന്നത്.
         ഒരാള്‍ അശ്രദ്ധമായി ട്രാക്ക്‌ മുറിച്ചുകടക്കുന്നതു കണ്ടാലും അയാളെ രക്ഷപെടുത്താനാവാത്ത എന്‍ജിന്‍ ഡ്രൈവറുടെ നിസ്സഹായാവസ്ഥ. എത്ര പെട്ടന്ന് ബ്രേക്ക് ഇട്ടാലും നാനൂറ് മീറ്റര്‍ എങ്കിലും ഓടിയിട്ടു മാത്രമാണ് വണ്ടി നില്‍ക്കുന്നത്. അപകടം നടക്കുമ്പോള്‍ വലിയ വണ്ടിയുടെ ഡ്രൈവറെ കുറ്റം പറയുന്ന സാധാരണക്കാര്‍ ഒരു ട്രെയിന്‍ ഡ്രൈവറുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നുണ്ടാവില്ല.
   എന്‍ജിന്റെ മുന്നില്‍ ചിതറിത്തെറിച്ച  ചോരയും കുറെ മാംസകഷ്ണങ്ങളും. ആ സ്ത്രീയുടെ കൈയ്യില്‍ ഇരുന്ന പ്ലാസ്ടിക് കിറ്റ്‌ എന്ജിന് മുന്നില്‍ കുടുങ്ങി കിടപ്പുണ്ട്. ഞാന്‍ ആ കിറ്റ്‌ കൈയ്യിലെടുത്തു. അതിനുള്ളില്‍ ചൂട് മാറാത്ത ഒരു ചോറും പൊതി. ഒരു റേഷന്‍കാര്‍ഡ്‌, ഒരു പ്ലാസ്ടിക് ബോട്ടില്‍  നിറയെ കരിങ്ങാലി വെള്ളം ,ഒരു സഞ്ചി. റോസ് നിറത്തിലുള്ള ആ റേഷന്‍കാര്‍ഡ്‌ അധികം പഴക്കമുള്ളത് ആയിരുന്നില്ല. അതിനുള്ളില്‍ എഴുതിയിരുന്ന വിലാസം ഞാന്‍ രണ്ടുതവണ വായിച്ചു.
         ചിതറി തെറിച്ചുപോയ വലതു കൈയും ചതഞ്ഞരഞ്ഞ മുഖവും ചോരയില്‍ കുളിച്ച വസ്ത്രങ്ങളും. ഒരു പഴംതുണി കെട്ടുപോലെ  ആയ ആ  സ്ത്രീയുടെ ശരീരം സ്ട്രെച്ചറിലേക്ക് എടുത്തു വെക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ച്ചിരുന്നോ. ചൂളം വിളിച്ചുകൊണ്ട് ആംബുലന്‍സ്‌ നീങ്ങിയപ്പോള്‍ അവിടെ തടിച്ചുകൂടിയ നാട്ടുകാരും യാത്രക്കാരും ട്രെയിന്‍ ഡ്രൈവറെ മനസ്സുകൊണ്ട് ശപിക്കുകയാണന്നു തോന്നി. പതറിയ മനസ്സോടെയാണ് ശേഷിച്ച ദൂരം ഞാന്‍ ട്രെയിന്‍ ഓടിച്ചത്. എന്ജിനിലേക്ക് കടന്നുവരുന്ന കാറ്റിനു ചൂട് ചോരയുടെ മണം എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു.
   പറളികാട് ബസ്സ് ഇറങ്ങുമ്പോള്‍ രണ്ടു മണി കഴിഞ്ഞിരുന്നു. ഇടവഴിയില്‍ കറുത്ത കൊടി കണ്ടതിനാല്‍ ആരോടും വഴി ചോദിക്കേണ്ടി വന്നില്ല. റോഡിനു കിഴക്കുവശതെക്ക് നീളുന്ന ചെമ്മണ്‍ പാതയിലൂടെ ഞാന്‍ മെല്ലെ നടന്നു. മഴ പെയ്തു നനഞ്ഞു കിടന്നതിനാല്‍ വഴിയില്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. മരണവീട്ടിലേക്ക് പോകുന്നവരുടെ കൂടെ ഞാനും മെല്ലെ നടന്നു. ആത്മഹത്യ  ആയിരുന്നു എന്നാണു പലരുടെയും ധാരണയെന്ന് അവരുടെ സംസാരത്തില്‍ നിന്ന് എനിക്ക് മനസ്സിലായി.
    ടാര്‍പോളിന്‍ വലിച്ചുകെട്ടിയ പന്തലിനുള്ളില്‍ അന്ത്യ കര്‍മങ്ങള്‍ നടക്കുകയാണ്. ചന്ദനത്തിരിയുടെ മണം അവിടെ ചുറ്റിത്തിരിയുന്ന കാറ്റില്‍ ഉണ്ടായിരുന്നു.  തറയില്‍ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന ആ സ്ത്രീയുടെ ജഡം. ശന്തമായുള്ള ഒരു ഉറക്കം പോലെ തോന്നിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ അടയാളമായി തലയില്‍ ഒരു കെട്ട് കാണാം. തലക്കല്‍ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്. നാക്കിലയില്‍ എള്ളും പൂവും ദര്‍ഭയും. കണ്ണീരോടെ അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്ന ഒരു അഞ്ചു വയസ്സുകാരന്‍ കുട്ടി. അവന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പൂജ ദ്രവ്യങ്ങള്‍ എടുത്തു കൊടുത്തുകൊണ്ടിരിക്കുന്ന പരികര്‍മി. താടിയും മുടിയും നീട്ടി വളര്‍ത്തിയ പൂജാരി എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ടായിരുന്നു.
  ജഡം ചിതയിലേക്ക് എടുക്കുന്നതിനു മുന്‍പായി പരികര്‍മി തന്ന പൂജാപുഷ്പങ്ങള്‍ എന്റെ അന്ത്യോപചാരമായി ഞാന്‍ അര്‍പ്പിച്ചു. ചിതക്ക് തീ പകര്‍ന്നപ്പോള്‍ ആ നാട് മുഴുവന്‍ കരയുന്നത്പോലെ  തോന്നി. ഒരു അന്യനായി ഞാന്‍ മാത്രം. എന്നെ തിരിച്ചറിയുന്നവര്‍ ആരുമുണ്ടായിരുന്നില്ല. മരണവീട്ടില്‍ ഒരു കുശലാന്വാഷണവും ഉണ്ടാവില്ല എന്നത് എത്ര ആശ്വാസം. ചാരുകസേരയില്‍ പ്ലാസ്റ്റര്‍ ഇട്ട കാലുമായി തളര്‍ന്നിരിക്കുന്ന ദിവാകരന്‍ എന്ന ചെറുപ്പക്കാരന്‍ അവരുടെ ഭര്‍ത്താവാണന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ആ കണ്ണുകളിലെ നിരാശയും കണ്ണീരും എനിക്ക് തിരിച്ചറിയാനായി. സ്നേഹിച്ച പെണ്ണുമായി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചവന്‍. പക്ഷെ വിധി അവന്റെ സൌഭാഗ്യങ്ങള്‍ ഓരോന്നായി തല്ലിക്കെടുത്തുകയായിരുന്നു.
  ചിത കത്തിതുടങ്ങിയപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞുപോകാന്‍ തുടങ്ങി. എല്ലാവരും ദിവാകരന്റെ അടുത്തെത്തി യാത്ര പറഞ്ഞിട്ടാണ് മടങ്ങുന്നത്. കാപട്യം ഇല്ലാത്ത നിഷ്കളങ്കരായ ഗ്രാമീണര്‍ സന്തോഷത്തിലും ദുഖത്തിലും ആത്മാര്‍ഥത പ്രകടിപ്പിക്കുന്നവരാണ്.
   ഞാന്‍ ദിവാകരന്റെ അടുത്തെത്തി. “വിഷമിക്കരുത്, എല്ലാം വിധിയാണന്നു കരുതുക” തണുത്തുറഞ്ഞ ആ കൈത്തലം ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു.
ദിവാകരന്റെ കണ്ണുകളില്‍ എന്നെ തിരിച്ചരിയാനാവാത്തത്തിന്റെ ഒരു അപരിചിതത്വം നിലനിന്നിരുന്നു. കൈയ്യിലിരുന്ന പ്ലാസ്ടിക് കിറ്റ്‌ ദിവാകരന്റെ കസേരയോട് ചേര്‍ത്ത് വെച്ച് ഞാന്‍ തിരിഞ്ഞു നടന്നു. ബസ്‌ സ്ടോപ്പിലെക്കുള്ള വഴിയിലൂടെ നടക്കുമ്പോള്‍ അകലെ വയലില്‍ കുട്ടികള്‍ ഒരു പട്ടിയെ കല്ലെറിഞ്ഞു ഓടിക്കുന്നത് കാണാമായിരുന്നു.
       ബസ്‌സ്റ്റോപ്പില്‍ വലിയ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി നില്‍ക്കുന്നു. ഏതോ ആശുപത്രിയില്‍ പോകുകയാണന്നു തോന്നുന്നു. പിന്നെ നാലഞ്ചു ചെറുപ്പക്കാര്‍. ഒരു ചെറുപ്പക്കാരന്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. നല്ല പരിചയം ഉള്ള മുഖം. എവിടെയോ കണ്ടു മറന്നതാണ്. എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഒരു പുഞ്ചിരിയോടെ അയാള്‍ എന്റെ അടുത്തേക്ക് വന്നു.
 “എന്നെ മനസ്സിലായോ?”
അയാളുടെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്നറിയാതെ ഞാന്‍ നിന്നു.
  “ഞാന്‍ ഷോര്‍ണൂര് സ്റ്റേഷനില്‍ കൂലിപോര്‍ട്ടര് ആണ്. എനിക്ക് സാറിനെ മനസ്സിലായി. ലോകോ പൈലറ്റ്‌ അല്ലേ. ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ എന്തിനു വന്നതാണ്?”
 എന്താണ് ഇയാള്‍ക്ക് മറുപടി പറയുക. ശവമടക്ക് കൂടാന്‍ വന്നതാണ് എന്ന് പറഞ്ഞാല്‍ പിന്നെ പല പല ചോദ്യങ്ങളും പുറകെ വരും. ഞാന്‍ ഓടിച്ചിരുന്ന വണ്ടി മുട്ടിയാണ് ആ സ്ത്രീ മരിച്ചതെന്ന്  തുറന്നു പറയേണ്ടിവരും. അങ്ങനെ പറഞ്ഞാല്‍ പിന്നെ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ആലോചിക്കുവാന്‍ പോലും  ആവില്ല. ഒരു പക്ഷെ നാട്ടുകാര്‍ ഒരു കൊലപാതകിയോടു എന്നതുപോലെ പെരുമാറിയെന്ന് വരും. ചിലപ്പോള്‍ ഒരു തെരുവ് നായയെ പോലെ കല്ലെറിഞ്ഞെന്നു വരും. ഒരു കുടുംബം അനാധമായത്തിന്റെ കാരണക്കാരന്‍ എന്ന ആരോപണത്തോടെ എന്നെ ശപിച്ചേക്കാം. എന്ത് മറുപടി പറയണം എന്ന സന്ദേഹത്തോടെ നില്‍ക്കുമ്പോള്‍ അകലെ നിന്നു ഒരു ലൈന്‍ ബസ്സ് കയറ്റം  കയറി വരുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു. അടുത്തുവന്ന് നീന്ന ബസ്സ്‌ ഒരു രക്ഷദൂതനായി എന്റെ മുന്നില്‍ അവതരിച്ചതായി എനിക്ക് തോന്നി. പിന്നെ കാണാം എന്നാ മറുപടിയോടെ ഞാന്‍ ബസ്സില്‍ ചാടിക്കയറി. പുറകിലേക്ക് ഓടി മറയുന്ന കാഴ്ചകളില്‍ ശ്രദ്ധിക്കാതെ ഞാന്‍ മിഴി പൂട്ടിയിരുന്നു.