Thursday 14 June 2018

പൈതൃകം

പൈതൃകം
    ശീതീകരിച്ച ബാറിലെ അരണ്ട വെളിച്ചത്തിൽ അവർ മുഖാമുഖം നോക്കിയിരുന്നു. മേശപ്പുറത്ത് നീളം കൂടിയ പളുങ്കു ഗ്ലാസിൽ  സ്വർണ്ണ നിറമുള്ള ദ്രാവകം . അതിൽ അലിഞ്ഞുചേരുന്ന  ഐസ് ക്യൂബുകൾ. പാതിയായ ഒരു പയന്റ്‌ കുപ്പിയും രണ്ട് തണുത്ത സോഡയും. ആവി  പറക്കുന്ന ബീഫ്ചില്ലി വട്ടത്തിൽ അരിഞ്ഞ സവാളയും മല്ലിയിലയും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
   “എന്താണ് മഹേഷ് പ്രശ്നം?''   ബുൾഗാൻ താടി മെല്ലെ  തടവിക്കൊണ്ട് അനൂപ് ചോദിച്ചു .
   മഹേഷ് ഒന്നും മിണ്ടാതെ ആലോചനയിലായിരുന്നു. എന്തോ കനത്ത മാനസിക സംഘർഷം അവന്‍  അനുഭവിക്കുന്നതായി അനൂപിന് തോന്നി.
“പ്രശ്നം എന്താണെങ്കിലും തുറന്നുപറയു. നമുക്ക് പരിഹാരമുണ്ടാക്കാം.” അനൂപ്‌ കസേര അല്പം മുന്നോട്ട് വലിച്ചിട്ടിരുന്നു
 “മഞ്ജു എന്തെങ്കിലും ......”?   മഹേഷ് നിഷേധാർത്ഥത്തിൽ തലയാട്ടി .
"അമ്മ” ?
   മഹേഷ് അതേ എന്ന അർത്ഥത്തിൽ  തലകുലുക്കി.
" മഞ്ജുവും അമ്മയും  ശ്രീക്കുട്ടനും നല്ല സ്നേഹത്തിൽ ആയിരുന്നല്ലോ. പിന്നെ എന്താണ് സംഭവിച്ചത്?”
   "അവർ തമ്മിൽ ഒരു പ്രശ്നവുമില്ല.  കുറെ ദിവസമായി അമ്മ ആരോടും ഒന്നും മിണ്ടുന്നില്ല."
   "അതെന്തു പറ്റി"?
" അറിയില്ല എപ്പോഴും മൗനമാണ് .ഇടയ്ക്കിടയ്ക്ക് കണ്ണ് നിറഞ്ഞിരിക്കുന്നത് കാണാം .ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. "
 "ഇത് എത്ര ദിവസമായി “?
   "ഇങ്ങനെ ഒരുമാസം ആയിട്ടുണ്ടാവും. ഊട്ടിയില്‍ പോയിവന്നതിൽ  പിന്നീടാണ് ഈ മാറ്റം."
 "ടൂർ പോയപ്പോൾ എന്തെങ്കിലും വഴക്കോ തർക്കമോ  ഉണ്ടായോ."?
    “ ഏയ്‌....ഒരു വഴക്കുമില്ല. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. തിരികെ വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ മുതലാണ്  മൗനവ്രതം ആരംഭിച്ചത്.”
   “അമ്മയോട് നീ കയർത്ത് ഒന്നും  സംസാരിക്കരുത്. രണ്ടുദിവസം കഴിഞ്ഞ് ഞാൻ വീട്ടിൽ വരാം. ഞാൻ അമ്മയെ ഒന്ന് കാണട്ടെ. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം.”
   “ നീ ഫാമിലി കൗൺസിലിംഗ് ഒക്കെനടത്താൻ  പോകുന്ന ആളല്ലേ. നിനക്ക് കണ്ടാൽ അമ്മയുടെ എല്ലാ പ്രശ്നങ്ങളും  മനസ്സിലാവും.”
   “മാനസികമായി എന്തെങ്കിലും പ്രശ്നമാണങ്കിൽ   ഞാൻ വിചാരിച്ചാൽ നടക്കില്ല. അതിന് സൈക്കാർട്ടിസ്റ്റിനെ  തന്നെ കാണേണ്ടി വരും. ഏതായാലും ഞാനൊന്ന് നോക്കട്ടെ”.
       മഹേഷ് ഒഴിഞ്ഞ ഗ്ലാസ് രണ്ടും  നിറച്ചു. ഐസ്ക്യൂബുകൾ സ്പൂണുകൊണ്ട് കോരിയിട്ടു. മഹേഷ് സാവധാനമേ കുടിക്കൂ. അതാണ്‌ ശരിയായ രീതി എന്നാണു പറയുന്നത്. അനൂപ്‌ മദ്യപാനം എന്ന ദു:ശ്ശീലത്തിനെതിരെ പ്രസംഗിക്കാറുണ്ടങ്കിലും അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രം അല്പം കഴിക്കാറുണ്ട്. അത് പലപ്പോഴും മദ്യപിക്കാതെ പിന്മാറുമ്പോള്‍ നഷ്ടപ്പെടുന്ന സൌഹൃദങ്ങളെക്കുറിച്ച് ആശങ്ക ഉള്ളതുകൊണ്ടായിരിന്നു.
   സമീപത്തെ മേശകളില്‍ പാട്ടും താളം പിടിത്തവും ഉറക്കെയുള്ള സംസാരങ്ങളും നടക്കുന്നു. വെളുത്ത ഷര്‍ട്ടും കറുത്ത  പാന്റും ധരിച്ച ബെയ്രര്മാര്‍ എല്ലാ മേശയിലും ഓടിയെത്തുന്നുണ്ട്. ബാറിൽ നിന്ന്  പുറത്തെത്തുമ്പോൾ ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. ഓട്ടോ വിളിച്ച് രണ്ടുപേരും രണ്ടു വഴിക്ക് തിരിഞ്ഞപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു.
   നഗരത്തിലെ വീടിനു പുറത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടാണ്  മഹേഷ്‌ കതകു തുറന്നത്. ചെറുപുഞ്ചിരിയോടെ അനൂപ് കടന്നു വന്നു.  വെളുത്ത ഫുൾ സ്ലീവ് ഷർട്ടും കറുത്ത പാന്റും  വേഷം. ഷൂസ് അഴിച്ചുവെച്ച് അനൂപ് സിറ്റൗട്ടിലേക്ക് കയറി. ശ്രീക്കുട്ടൻ വണ്ടിയുടെ ശബ്ദം കേട്ട് ഓടിവന്നു അനൂപിനെ  കണ്ടപ്പോൾ ആദ്യം ഒന്ന്  അമ്പരന്നെങ്കിലും പിന്നീട് സാവധാനം അവർ തമ്മിൽ  അടുത്തു.  അനൂപിന്റെ മടിയിൽ  കയറിയിരിക്കാനും  പോക്കറ്റിൽനിന്ന് പേനയും പേഴ്സും മൊബൈലും എടുക്കുവാനും  തുടങ്ങിയപ്പോൾ മഹേഷ്‌ വിലക്കി. അനൂപ്‌ സാരമില്ലന്ന് പറഞ്ഞ് മൊബൈല്‍ ശ്രീക്കുട്ടന്റെ കൈയ്യില്‍ കൊടുത്തു. മഞ്ജു  ചായയും പലഹാരങ്ങളും  ടീപ്പോയിൽ നിരത്തി. സ്വീകരണമുറിയില്‍ ശബ്ദങ്ങളൊക്കെ കേട്ടിട്ടും അമ്മ  പുറത്തേക്ക് വരാതെ  അകത്ത് തന്നെ ഇരിക്കുകയാണ് ചായകുടി കഴിഞ്ഞ് അനൂപ്  അമ്മയുടെ  അടുത്തേക്ക് നടന്നു .
    “അമ്മ എന്നെ ഓർക്കുന്നുണ്ടോ”?
   അനൂപിൻറെ ചോദ്യത്തിനു മുന്നിൽ അമ്മ  മുഖമുയർത്തി നോക്കി. മുഖത്ത് പരിചയത്തിന്റെ ഒരു  ലക്ഷണവും കാണിക്കുന്നില്ല. അനൂപ്  അമ്മയുടെ കൈത്തലം  കവർന്നു .
  “അമ്മ എന്നെ അറിയില്ലേ. ഞാൻ  അനൂപാണ്   ഞാൻ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു  എന്നെ കണ്ട ഓർമയില്ലേ.”?
    അമ്മ നിർവികാരതയോടെയാണ് അനൂപിനെ നോക്കിയത് .പിന്നെ എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം അമ്മയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു. അനൂപിന്റെ ചുഴിഞ്ഞു കയറുന്ന നോട്ടത്തിന് മുന്നിൽ അമ്മ തല കുനിച്ചു.
     അനൂപ് എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. ശ്രീക്കുട്ടൻ മഞ്ജുവിന്റെ ഫോണ് എടുത്തു കൊണ്ടുവന്ന് അനുപുമായി സെൽഫി എടുക്കുവാൻ തുടങ്ങി. സെൽഫി എടുത്ത് കഴിഞ്ഞ് അവൻ ടൂർ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ഓരോന്നായി അനൂപിനെ കാണിക്കാൻ തുടങ്ങി. രണ്ടര വയസ്സുകാരന്റെ ക്യാമറയിലുള്ള വിരുത് ഒരാ ചിത്രത്തിലും പ്രകടമായിരുന്നു. അനൂപിന്റെ കയ്യിൽ  മൊബൈൽ കൊടുത്തിട്ട് ശ്രീകുട്ടൻ അകത്തേക്ക് പോയി  മൊബൈലിലെ ചിത്രങ്ങൾ വളരെ മനോഹരമായിരുന്നു ഓരോ ചിത്രവും  യാത്രയിലെ നല്ല നല്ല  നിറമുള്ള മുഹൂർത്തങ്ങൾ ഓർമ്മപ്പെടുത്തുന്നു. മനസ്സിലേക്ക് കടന്ന ഊട്ടിയിലെ മഞ്ഞു പുതച്ചു നിൽക്കുന്ന താഴ്വാരങ്ങളും പച്ചവിരിച്ച തേയിലത്തോട്ടങ്ങളും വർണ്ണാഭമായ ഉദ്യാനങ്ങളും പുതുമയാർന്ന  ചിത്രങ്ങളിലൂടെ തെളിമയാർന്ന മുഹൂർത്തങ്ങളിലൂടെ കാട്ടിത്തരികയായിരുന്നു.
 “നിനക്ക് എന്ത് തോന്നുന്നു.?” മഹേഷ്‌ ചോദിച്ചു.
 “അമ്മക്ക് എന്തോ ഒരു മനപ്രയാസം ഉണ്ട്. എന്താണന്നു കൃത്യമായി മനസ്സ്ലാകുന്നില്ല. ഏതായാലും നമുക്ക് നോക്കാം. നീ  കാമറയിൽ ചിത്രങ്ങൾ എടുത്തിട്ടുണ്ടോ.?”
  “ഞാന്‍ കുറെ ഫോട്ടോ എടുത്തിരുന്നു. കൂടുതൽ ഫോട്ടോ ശ്രീക്കുട്ടൻ എടുത്തത് മൊബൈലിൽ തന്നെയാണ് . ഫോട്ടോകൾ എല്ലാം ലാപ്പ് ടോപ്പിലേക്ക്   കോപ്പി ചെയ്തിട്ടുണ്ട്.”
          ലാപ് ടോപ്പ് എടുത്ത് ഊട്ടി എന്ന ഫോള്‍ഡര്‍ തുറന്നു.  വളരെ മനോഹരമായ  ചിത്രങ്ങൾ.  വീട്ടിൽനിന്നും ഇറങ്ങിയത് മുതൽ തിരിച്ച് എത്തുന്നതുവരെ എല്ലാം ഭംഗിയായി പകർത്തിയിരിക്കുന്നു. അനൂപ്‌ എല്ലാ ചിത്രങ്ങളും സസൂഷ്മം  നോക്കിക്കൊണ്ടിരുന്നു. ഒരു ചിത്രത്തില്‍ കുറച്ചുനേരം സൂക്ഷിച്ചു നോക്കി. അനൂപ്‌ ചിത്രങ്ങള്‍  പുറകിലേക്കും മുന്പിലേക്കും മാറ്റിമാറ്റി വീണ്ടും വീണ്ടും  ബാക്കും ഫോര്‍വേര്‍ഡും  ചെയ്തുകൊണ്ടിരുന്നു.. വീണ്ടും അതെ ചിത്രം ലാപ്ടോപ്പില്‍ തെളിഞ്ഞു
   “ഈ സ്ഥലം എവിടെയാണ്”? ഒരു ചിത്രത്തില്‍ നോക്കി അനൂപ്‌ ചോദിച്ചു.
  “ഇത് ഊട്ടിയില്‍ നിന്ന് നിലമ്പൂർ റൂട്ടില്‍  തിരിച്ചു വരുന്ന വഴിയാണ്. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു.  സ്ഥലത്തിന്റെ പേര് കൃത്യമായി ഓർമ്മയില്ല.”
“നമുക്ക് അവിടം വരെ ഒന്ന് പോയാലോ”?
    “എന്താ കാര്യം.”?
   “ഒരു ആവശ്യമുണ്ട് നിനക്ക് എപ്പോളാണ് സമയം കിട്ടുക. പറ്റിയാല്‍ ഈ ആഴ്ച തന്നെ പോകണം.”
  “അത്യാവശ്യമാണോ”?
“അതേ”
“എന്നാല്‍ ഞായറാഴ്ച പോകാം.”
“ ഒരു ഡ്രൈവറെ വിളിക്കട്ടെ.”?
“വിളിക്കണമെങ്കില്‍ വിളിച്ചോ. പക്ഷെ കള്ളുകുടിക്കാനല്ല ഉദ്ദേശം. അല്പം സീരിയസ് വിഷയമാണ്.”
“ഒക്കേ, എങ്കില്‍ ഡ്രൈവറെ വിളിക്കുന്നില്ല.”
   ഞങ്ങള്‍ ഞായറാഴ്ച അതിരാവിലെ തന്നെ പുറപ്പെട്ടു. ഒരു ജോഡി വസ്ത്രങ്ങള്‍ മാത്രമാണ് എടുത്തത്. അന്ന് തന്നെ തിരിച്ചുവരണം എന്ന ഉദ്ദേശത്തോടെ തന്നെയാണ്  യാത്ര തുടങ്ങിയത്.  നിലമ്പൂരിനും ഊട്ടിക്കും ഇടക്കുള്ള ഒരു സ്ഥലം. ഒരു ഗുല്‍മോഹര്‍ മരത്തണലില്‍ കരിക്കും കരിമ്പിന്‍ ജൂസും വില്‍ക്കുന്ന രണ്ടു കടകള്‍. അതിനു എതിര്‍ വശത്ത് ഒരു സിമന്റ് കട. അതിനോട് ചേര്‍ന്ന് ഒരു നാടന്‍ ചായക്കട. ഇതായിരുന്നു മഹേഷ്‌ പറഞ്ഞ അടയാളം. കരിക്കും കരിമ്പിന്‍ ജൂസും വില്‍ക്കുന്ന  കടകള്‍ പലതും കണ്ടെങ്കിലും അതിനു എതിര്‍വശത്ത് ഒരു ചായക്കടയുള്ള സ്ഥലം കണ്ടെത്തിയത് നാലാമത്തെ തവണ വണ്ടി നിര്‍ത്തിയപ്പോളാണ്.
   മഞ്ജു ഹോട്ടൽ ആൻഡ് ടീഷോപ്പ്. അതിന് മുമ്പിൽ കരിമ്പിൻ ജൂസും കരിക്കും വിൽക്കുന്ന കടകൾ. അടയാളങ്ങൾ എല്ലാം കൃത്യം. ഗ്ലാസ്സിട്ട തടിയലമാരിയിൽ നിറയെ എണ്ണപ്പലഹാരങ്ങൾ . ഊണ് റെഡി  എന്നെഴുതിയ ബോർഡ് തല കീഴായി തുങ്ങിക്കിടക്കുന്നു.  ഞങ്ങൾ കടയിലേക്ക് കടന്നു. ഇരുപത്തഞ്ച് വയസ്ലോളം തോന്നിക്കുന്ന ഒരു സ്ത്രീ വന്നു മേശ തുടച്ച് വൃത്തിയാക്കി.
“എന്താണ് സാർ കഴിക്കാൻ വേണ്ടത്.” ?
“രണ്ട് ചായ.”
“കഴിക്കാന്‍?”
 “കഴിക്കാനൊന്നും വേണ്ട”. ?
അവൾ ചായ എടുക്കാനായി തിരിഞ്ഞു നടന്നു. വെള്ളയിൽ കറുത്ത പൂക്കളുള്ള ഒരു ചുരിദാറാണ് അവൾ ധരിച്ചിരിക്കുന്നത്. നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ അവൾ കാണാൻ സുന്ദരിയായിരുന്നു.
ആവിപറക്കുന്ന ചായ മുന്നിലെത്തി.
“നിങ്ങൾ ഒറ്റക്കാണോ കട നടത്തുന്നത്.” ?
“അമ്മൂമ്മ കൂടെയുണ്ട്.  അകത്ത് കിടക്കുന്നു. ലേശം നടുവേദനയുണ്ട്.”
“സാറന്മാര്‍ എവിടുന്ന് വരുന്നു.? “
“പെരുമ്പാവൂർ”.
അച്ചന്റെ നാട് പെരുമ്പാവൂരാണ്.
പെരുമ്പാവൂര് എവിടെ?
മഹേഷാണത് ചോദിച്ചത്.?
“അതെനിക്ക് കൃത്യമായി അറിയില്ല. എന്നെ അവിടെ കൊണ്ടുപോയിട്ടില്ല.”
      ചുവരിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന അറുപത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെ ഫോട്ടോയിൽ ഒരു പ്ലാസ്റ്റിക് മാല ഇട്ടിട്ടുണ്ട്.  
“അതാണോ അച്ഛൻ?” അനൂപ് ആണത് ചോദിച്ചത്.
“അതേ.”
“എന്താണ് അച്ഛന്റെ പേര് ?”
“ഭാസ്കരപ്പണിക്കർ . പണിക്കരു ചേട്ടൻ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.”
“അമ്മ ?”
“അമ്മ എന്റെ ചെറുപ്പത്തിലേ മരിച്ചു.”
മഹേഷ് മൊബൈലിൽ ഡാറ്റാ ഓൺ ചെയ്ത് വാട്ട് സാപ്പ് മെസേജ് ചെക്ക് ചെയ്യുകയാണ്. പുതുതായി ആരെയെങ്കിലും പരിചയപ്പെടുന്നതോ വെറുതെ വിഷയമുണ്ടാക്കി സംസാരിക്കുന്നതിലോ മഹേഷ്‌ ഒരിക്കലും താല്പര്യം കാണിക്കാറില്ല. ഒരു തരാം അന്തര്‍മുഖത്വം.
   അനൂപ്‌ മൊബൈൽ ഓൺ ചെയ്തു ഭാസകരപ്പണിക്കരുടെ ഫോട്ടോയുടെ ഒരു ഫോട്ടോ എടുത്തു.
മഞ്ജുവിന്റെ അനുവാദത്തോടെ അവളുമായി ഒരു സെൽഫിയുമെടുത്തു പൈസാ കൊടുത്തു കടയിൽ നിന്നിറങ്ങി. മഹേഷ് വാട്ട് സാപ്പിൽ തന്നെ ശ്രദ്ധിച്ചിരിക്കയാണ്. കാര് പാർക്ക് ചെയ്തിരിക്കുന്ന കുറ്റൻ ഗുൽമോഹർ മരത്തിന്റെ തണലിൽ ഇടയ്ക്കിടെ എത്തിനോക്കുന്ന സൂര്യകിരണങ്ങള്‍. അകലെ താഴ്വരകളില്‍ നിന്ന് വീശുന്ന തണുത്ത  കാറ്റ് ഒരു നനഞ്ഞ പുതപ്പ് പോലെ ഞങ്ങളെ പൊതിയുന്നു. ഒരു സിഗരറ്റിന് തീ പകർന്നുകൊണ്ട് അനൂപ്‌ കാറില്‍ ചാരി നിന്ന്  സമയം പോകാനായി വാട്ട് സാപ്പ് ഓൺ ചെയ്തു.
                  ----  ൦ ------ ൦ ------

“അമ്മ ഈ പെൺകുട്ടിയെ അറിയുമോ?”
അനൂപ് മൊബൈലിൽ കാണിച്ച ചിത്രത്തിലേക്ക് അമ്മ സൂക്ഷിച്ചു നോക്കി. ആ  കണ്ണുകളിൽ മിന്നി മറഞ്ഞ തിളക്കം അനൂപിന് ധൈര്യം നൽകി. അടുത്ത ചിത്രം.  വീണ്ടും അമ്മയുടെ മുഖത്തിന് നേരെ നീട്ടി. പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ എണീറ്റ് അകത്തേക്ക് നടന്നു.
  അമ്പരന്നു നില്‍ക്കയായിരുന്നു മഹേഷ്‌. എന്താണ് സംഭവിക്കുന്നത്. അമ്മ എന്തിനാണ് വാവിട്ടു കരയുന്നത്. അനൂപ്‌ അമ്മയെ കാണിച്ച ചിത്രത്തിലേക്ക് മഹേഷ്‌ സൂക്ഷിച്ചു നോക്കി. ആ ചായക്കടക്കാരിയുടെയും അവളുടെ അച്ഛന്റെയും ഫോട്ടോ. അത് കണ്ടു സങ്കടപ്പെടുവാന്‍ എന്താണുള്ളത്.  
       മഹേഷിനോട് എന്ത് മറുപടി പറയണം അത് എങ്ങനെ പറയണം എന്ന് ആലോചിച്ചു അനൂപ്‌ ഒരു നിമിഷം നിന്നു. ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ നിസ്സഹായതയോടെ മഹേഷ്‌ അനൂപിനെ തന്നെ നോക്കി നില്‍ക്കയാണ്. അവനെ നോക്കിയപ്പോള്‍ അനൂപിന് അവനോടുള്ള സഹാനുഭൂതി കൂടുകയാണ് ചെയ്തത്. ഒരേ ക്ലാസ്‌ മുറിയില്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പത്താം ക്ലാസ്‌ വരെ പഠിച്ചവര്‍. അച്ഛനില്ലാതെ വളർന്ന കുട്ടിയായ മഹേഷിനെ അനുപിന് എന്നും വളരെ ഇഷ്ടമായിരുന്നു. എൽ പി സ്കൂൾ ടീച്ചറായിരുന്ന മഹേഷിന്റെ അമ്മ അവനെ നല്ല അച്ചടക്കത്തിലാണ് വളർത്തിയത്. അച്ഛനും അമ്മയും പിണങ്ങിപ്പിരിഞ്ഞതാണോ,  അച്ഛൻ അവരെ ഉപേക്ഷിച്ച് പോയതാണോ, അതോ മരണപ്പെട്ടതാണോ എന്ന് മഹേഷിനും വ്യക്തമായ ധാരണയില്ലായിരുന്നു. മഹേഷിന്റെ കുഞ്ഞുമനസ്സിലെ സന്ദേഹങ്ങൾക്ക് ടീച്ചറമ്മ ഒരിക്കലും വ്യക്തമായ മറുപടിയും  നൽകിയിരുന്നില്ല. കൂട്ടുകാരുടെ കളിയാക്കലുകൾ മഹേഷ് അധികം ശ്രദ്ധിച്ചിരുന്നില്ല. നന്നായി പഠിക്കുന്ന ടീച്ചറിന്റെ മകൻ എന്ന വിലാസം അവന് ചുറ്റും പ്രതിരോധത്തിന്റെ ഒരു കനത്ത മതിൽ തീർത്തിരുന്നു. .    മഹേഷ്‌ ജോലികിട്ടി പട്ടണത്തില്‍ എത്തുന്നതിനു മുന്‍പ്‌ തന്നെ അനൂപ്‌ ഒരു സ്വകാര്യ എന്‍ജിനീയറിംഗ് കോളേജ്‌ അദ്ധ്യാപകവേഷത്തില്‍ നഗരവാസിയായി മാറിക്കഴിഞ്ഞിരുന്നു. മഹേഷിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഒരു സഹായി ആയി അനൂപ്‌ എന്നും കൂടെ ഉണ്ടായിരുന്നു.
       അനൂപ്‌ മഹേഷിന്റെ ലാപ്‌ ടോപ്‌ തുറന്നു. വീണ്ടും ആ പഴയ ഊട്ടി ഫോള്‍ഡര്‍  ചിത്രങ്ങള്‍  തുറന്നു..
   “ഈ കടയില്‍ നിന്നിറങ്ങിയത് മുതലാണ്‌ അമ്മ മൂടൌട്ട് ആയത്. അതിന്റെ കാരണം എനിക്ക് കണ്ടുപിടിക്കണമായിരുന്നു. അതുകൊണ്ടാണ് നമ്മള്‍ അവിടം വരെ കാറോടിച്ച് പോയത്. ഞാന്‍ ചില നിഗമനങ്ങളില്‍ എത്തിയിരുന്നു. എന്റെ കണക്കുകൂട്ടല്‍ ശരിയാണോ എന്നറിയാനാണ് ഈ ചിത്രങ്ങള്‍ അമ്മയെ കാണിച്ചത്.”
     അനൂപിന്റെ വാക്കുകള്‍ കേട്ട് മഹേഷിന് ഒരു എത്തും പിടിയും കിട്ടിയില്ല.
   “അമ്മ ഇത്രയും നാള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്ത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ ആ പതിവില്ല. ഭര്‍ത്താവ് മരിച്ച ഹിന്ദു സ്ത്രീകള്‍ പിന്നെ സിന്ദൂരം അണിയില്ല. നിന്റെ അച്ഛന്‍ മരിച്ച കാര്യം അമ്മ ആ കടയില്‍ വെച്ചാണ് അറിയുന്നത്. അതേ, ആ ചായക്കടക്കാരിയുടെ അച്ഛന്റെ ഫോട്ടോ കണ്ടില്ലേ?. ഭാസ്കരപ്പണിക്കര്‍.  അദ്ദേഹമാണ് നിന്റെ അച്ഛന്‍. ആ പെണ്‍കുട്ടി നിന്റെ സഹോദരിയാവാം. ചിലപ്പോള്‍ മറ്റൊരു സ്ത്രീയില്‍ ജനിച്ച സഹോദരി.”
  മഹേഷ്‌ ആ വാക്കുകള്‍ വിശ്വസിക്കുവാനാവാതെ കസേരയില്‍ തളര്‍ന്നിരുന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. അവനെ ഇത്രയും ദു:ഖിതനായി അനൂപ്‌ കണ്ടിട്ടില്ല. വര്‍ഷങ്ങളോളം മനസ്സില്‍ കെടാതെ സൂക്ഷിച്ച ആ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം കണ്ടെത്തിയിരിക്കുന്നു. അച്ഛന്‍. ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അച്ഛന്റെ സാമിപ്യം അവന്‍ ആഗ്രഹിച്ചിരുന്നു. കൈ നിറയെ സമ്മാനങ്ങളും കളിപ്പാട്ടങ്ങളുമായി ഒരു നാള്‍ അച്ഛന്‍ കടന്നുവരുമെന്ന് അവന്‍ സ്വപ്നം കണ്ടിരുന്നു. അച്ഛനോടൊപ്പം കടലോരത്തും ഉത്സവപ്പറമ്പുകളിലും സിനിമാശാലകളിലും കറങ്ങിനടക്കണം. അങ്ങനെ ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍ അവന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു.
  വാട്സാപ്പിലെ നിരവധി മെസ്സേജുകൾക്കുള്ളിൽ മഹേഷിന്റെ ഒരു ഗുഡ് ഈവനിംഗ്  ഫോട്ടോ മെസ്സേജ്  .
കോണ്ടാക്ട് ലിസ്റ്റ് എടുത്ത് അവന്റെ പേര് ഒന്ന് എഡിറ്റ് ചെയ്യുവാനാണ് അനൂപിന് തോന്നിയത്. “മഹഷ് ഭാസ്കരപ്പണിക്കർ”
എഡിറ്റ് ചെയ്ത അവന്റെ പേര് ഒരാവർത്തി കൂടി വായിച്ചപ്പോൾ അനൂപിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത വികാരമായിരുന്നു.
                           ഉദയപ്രഭന്‍