Saturday 20 February 2016

സ്വര്‍ഗ്ഗാരോഹണം

സ്വര്‍ഗ്ഗാരോഹണം
 അവര്‍ ആറുപേരുണ്ടായിരുന്നു. അടിവാരത്തുനിന്നും മലമുകളിലേക്കുള്ള യാത്രയില്‍ ആയിരുന്നു അവര്‍. അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും. കല്ലും മുള്ളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ഉള്ള നടത്തം ദുഷ്കരമായിരുന്നു. ഉയരം കൂടി ജരാനരകള്‍ ബാധിച്ച വൃദ്ധനായിരുന്നു മുന്‍പില്‍. നീളം കൂടിയ ഒരു ഊന്നുവടി അയാള്‍ പിടിച്ചിരുന്നു. രണ്ടാമത് നടന്നിരുന്നത് ഉയരം കുറഞ്ഞ നല്ല തടിയുള്ള ഒരാള്‍ . അയാളുടെ ശരീരം ബലിഷ്ടം ആയിരുന്നെങ്കിലും വാര്ദ്ധക്യലക്ഷണങ്ങള്‍ മുഖത്ത് പ്രകടമായിരുന്നു. മൂന്നാമത് നടന്നിരുന്ന മനുഷ്യന് ഒരു സൈനികന്റെ ഭാവമാണ് ഉണ്ടായിരുന്നത്. ആറടിയിലധികം ഉയരമുണ്ടായിരുന്ന അയാള്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് നടന്നിരുന്നത്. നാലാമതും അഞ്ചാമതും നടന്നിരുന്നവര്‍ ഇരട്ട സഹോദരങ്ങളെപ്പോലെ തോന്നിച്ചു.
     ഏറ്റവും പിന്നില്‍ ഒരു സ്ത്രീയായിരുന്നു. വാര്‍ദ്ധക്യത്തിന്റെ ഉടവ്‌ തട്ടിയ ശരീരമുള്ള അവര്‍ ചെറുപ്പത്തില്‍ ഒരു സുന്ദരി ആയിരുന്നിരിക്കണം. നടപ്പിലും എടുപ്പിലും ഒരു വശ്യത അവര്‍ നിലനിര്‍ത്തിയിരുന്നു. അവളുടെ പിന്നിലായി ഒരു വെളുത്ത നായ ഉണ്ടായിരുന്നു.
   എല്ലാവരും വെളുത്ത വസ്ത്രങ്ങള്‍  ധരിച്ചിരിക്കുന്നു. വളരെ ദൂരം വെയിലത്ത്‌ നടന്നിരുന്നതിനാല്‍ അവരുടെ വസ്ത്രങ്ങള്‍ വിയര്‍പ്പ് പറ്റി നനഞ്ഞിരിക്കുന്നു. മുഖം കരിവാളിച്ചിരിക്കുന്നു. കാല്‍ വണ്ണകളില്‍ നീരുവെച്ചു വീര്‍ത്തിരിക്കുന്നു. മുന്‍പില്‍ നടക്കുന്ന വൃദ്ധന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് യാത്ര. അവര്‍ ആരും തിരിഞ്ഞ്‌ നോക്കുന്നുണ്ടായിരുന്നില്ല. തൊട്ടുമുന്പിലുള്ള കാഴ്ച്ചകളല്ലാതെ പ്രകൃതിയുടെ നിറങ്ങളും ദൃശ്യങ്ങളും സൗന്ദര്യവും ഒന്നും അവരുടെ ദൃഷ്ടിയില്‍ പതിയുന്നുണ്ടായിരുന്നില്ല. എല്ലാം ഉപേക്ഷിച്ചുള്ള യാത്രയാണ്. ചിന്തകളും വിചാരങ്ങളും ഒഴിഞ്ഞ മനസ്സ്‌ ശൂന്യമാണ്. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ല.  അധികാരം, സ്ഥാനമഹിമ, പണം മുതലായ ഒന്നിനോടും ആസക്തിയില്ല. നേടിയെടുക്കുവാനോ പിടിച്ചടക്കുവാനോ തട്ടിതകര്‍ക്കുവാനോ ഒന്നും ഒരു  ആഗ്രഹവുമില്ല. സ്വപ്നം കണ്ടിരുന്ന മനസ്സ്‌ നഷ്ടമായിക്കഴിഞ്ഞു. ആരെയും ഒന്നിനും ആശ്രയിക്കാതെ, ശല്യപ്പെടുത്താതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, സ്വീകരിക്കാതെയുള്ള യാത്ര.
    ജീവിതത്തിലെ എല്ലാ നന്മയും തിന്മയും സുഖവും ദു;ഖവും സത്യസന്ധതയും കാപട്യവും ആത്മാര്‍ത്ഥതയും സ്വാര്‍ത്ഥതയും കണ്ടറിഞ്ഞ് കേട്ടറിഞ്ഞ് അനുഭവിച്ചറിഞ്ഞ് വിരക്തി ബാധിച്ച മനസ്സുമായ്‌ സകലതും ത്യജിച്ചുള്ള യാത്ര. എല്ലാ സമ്പാദ്യങ്ങളും സുഖസൌകര്യങ്ങളും സ്വന്തബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച്കഴിഞ്ഞു.
       അവരെ യാത്രയയക്കാന്‍ നിറകണ്ണുകളോടെ കാത്തുനില്‍ക്കുന്ന അനുയായികളായ പുരുഷാരമുണ്ടായിരുന്നില്ല.  അവരുടെ വാക്കുകള്‍ പ്രഖ്യാപനങ്ങള്‍ വാഗ്ദാനങ്ങള്‍  ആജ്ഞകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു നിന്നിരുന്ന ജനസമൂഹം അവരെ മറന്നുകഴിഞ്ഞു. പ്രകൃതി അതിവേഗം ചലിക്കുന്ന സമൂഹത്തിന്റെ ഒപ്പമെത്താനുള്ള വ്യഗ്രതയില്‍  ആയിരുന്നു. കാറ്റും വെളിച്ചവും അഗ്നിയും ജലവും സകല ചരാചരങ്ങളും ആ യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
    അവര്‍ ആരെന്ന്‌ അറിയേണ്ടേ? എവിടെ നിന്ന് വന്നു എന്നറിയേണ്ടേ?
നാട് വാണിരുന്ന ഭരണാധികാരികള്‍ ആയിരുന്നു അവര്‍. നീണ്ട കാലം ഭരണയന്ത്രം തിരിച്ചവര്‍. അവരുടെ കൈകളിലായിരുന്നു ഭരണയന്ത്രത്തിന്റെ കടിഞ്ഞാണ്‍. അവരുടെ ചമ്മട്ടിയടിയെടറ്റു കുതിച്ചും കിതച്ചും ഭരണയന്ത്രം എന്ന രഥം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.............................
    സുഗമമായ പാതകള്‍ വളരെ കുറവായിരുന്നു. കല്ലും മുള്ളും കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍. വറ്റിവരണ്ട വയലേലകള്‍. മണലൂറ്റുകാര്‍ നശിപ്പിച്ച ഉണങ്ങി വരണ്ട പുഴകള്‍ . മൊട്ടക്കുന്നുകളായ്‌ മാറിയ ചന്ദനക്കാടുകള്‍. തലയറ്റ ശവശരീരങ്ങള്‍, നിണം പുരണ്ട മാരകായുധങ്ങള്‍ ചിതറി കിടക്കുന്ന സംഘര്‍ഷമേഖലകള്‍. മരക്കൊമ്പില്‍ തൂങ്ങിമരിച്ച കര്‍ഷകരുടെയും അവിവാഹിതരായ ആദിവാസി യുവതികളുടെയും കാല്പാടുകള്‍ പതിഞ്ഞ വഴിത്താരകള്‍. ആ രഥചക്രം ഉരുണ്ട വഴികളില്‍ ആയിരങ്ങളുടെ കിനാവും കണ്ണീരും ജീവിതവും ചവിട്ടിയരക്കപ്പെട്ടു. രക്ഷപ്പെട്ടോടിയ നിരാലംബരുടെ പിന്നാലെ വേട്ടനായ്ക്കളെ പോലെ ഭരണകൂട ഭീകരതയുടെ കറുത്ത കൈകള്‍ നീണ്ടുചെന്നു.
    അവസാനം  ആ രഥത്തിന്റെ ചക്രങ്ങള്‍ ഊരിത്തെറിച്ചു. കുതിരകള്‍ തളര്‍ന്നുവീണു. ധ്വജം ഒടിഞ്ഞുവീണ  രഥം തകര്‍ന്നു മണ്ണില്‍ പതിച്ചു. രോഷാകുലരായ ജനം രഥത്തിന് നേരെ ഇരമ്പിയെത്തി. അവര്‍ നിരായുധരയിരുന്നു എങ്കിലും ബലിഷ്ടങ്ങളായ  കരങ്ങള്‍ ഉള്ളവരായിരുന്നു. പാറപോലെ ഉറച്ച മനസ്സും ദൃഡനിശ്ചയം സ്പുരിക്കുന്ന നേത്രങ്ങളും ഉള്ളവരായിരുന്നു. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു അടിമകളായി പണി എടുത്തിരുന്നവര്‍ ആയിരുന്നെങ്കിലും  തളരാത്ത ആത്മധൈര്യം ഉള്ളവരായിരുന്നു.
   അലറിപ്പാഞ്ഞുവരുന്ന പുരുഷാരത്തെക്കണ്ട് ഒരു നിമിഷം പകച്ച് നിന്നെങ്കിലും അവസാനം അധികാരികള്‍ രഥമുപേക്ഷിച്ചു ഓടി. തിരിഞ്ഞു നോക്കാതെ ജീവന്‍ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയോടെയുള്ള അവസാനത്തെ കുതിപ്പായിരുന്നു അത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍ പാലത്തിലൂടെയുള്ള ഓട്ടം. ഒരു നിമിഷം തെറ്റിയാല്‍ , കാലൊന്നിടറിയാല്‍ പിന്നെ മരണത്തിന്റെ വായിലേക്കായിരിക്കും. രഥത്തിനുള്ളില്‍ താഴിട്ടു പൂട്ടി വെച്ചിരുന്ന അളവറ്റ സമ്പാദ്യത്തെ കുറിച്ച് അവര്‍ ഓര്‍ത്തില്ല.
   ലക്ഷ്യമില്ലാത്ത പ്രയാണം എത്ര ദൂരം താണ്ടി എന്നവര്‍ക്കറിയില്ല. നഷ്ടമായതൊന്നും തിരിച്ചുകിട്ടില്ല എന്ന ബോധം അവരില്‍ വളര്‍ന്നുവന്നു. പുതിയ മേച്ചില്‍ പുറങ്ങള്‍ കാണുവാനാവാതെ അവരുടെ മനസ്സിടറി. അപ്രാപ്യമായ ലക്ഷ്യങ്ങളും സഫലമാവാത്ത സ്വപ്നങ്ങളും അവരുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. അവസാനം, കാലം അവരുടെ ചിന്തകളെ പാകപ്പെടുത്തി. സര്‍വ്വവും മായയാണന്നും, ആശയാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണമെന്നും, പരമമായ സത്യം സ്നേഹമാണന്നും അവര്‍ തിരിച്ചറിഞ്ഞു. പിന്നെ അവരുടെ ലക്ഷ്യം മോക്ഷപ്പ്രാപ്തി മാത്രമായി. മോക്ഷം തേടിയുള്ള യാത്രയില്‍ അവര്‍ പിന്നിട്ട വഴികള്‍ ഏറെയാണ്. എല്ലാ പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ച്‌ ഗംഗയിലും പാപനാശിനിയിലും മുങ്ങിക്കുളിച്ച് കൈലാസത്തിലേക്കുള്ള യാത്രയിലാണ്.
   “ജേഷ്ഠ ഗിരിജ തളര്‍ന്നുവീണു. അവള്‍ക്കിനി നടക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. മരണത്തിന്റെ കാലൊച്ചകള്‍ അങ്ങ് കേള്‍ക്കുന്നില്ലേ? ഒരിറ്റ് ഗംഗാതീര്‍ത്ഥം അവള്‍ക്ക്‌ കൊടുക്കേണ്ടേ?. ഇത്രയും നാള്‍ നമ്മുടെ സുഖത്തിലും ദു:ഖത്തിലും  എല്ലാം അവള്‍ നമ്മോടൊപ്പം ഉണ്ടായിരുന്നു.” യാത്രികരിലെ രണ്ടാമന്‍ ഒന്നാമനോട് പറഞ്ഞു.
     “വേണ്ടാ... തിരിഞ്ഞുനോക്കാതെ നടന്നുകൊള്ളു. അവള്‍ക്കു മരണം വിധിക്കപ്പെട്ടതാണ്. ഏല്പിച്ച കര്‍ത്തവ്യങ്ങള്‍ വേണ്ടവിധം നോക്കാതെ പുതുമാരനുമായി ഉല്ലസിച്ച് നടക്കുകയായിരുന്നു അവള്‍ . ഗോത്രവര്‍ഗക്കാരുടെ ക്ഷേമം നോക്കുകയായിരുന്നു അവളുടെ കര്‍ത്തവ്യം. അതിനായി നീക്കിവെച്ച പണം ഇടനിലക്കാര്‍ തട്ടിയെടുക്കുന്നതിന് അവള്‍ മൌനസമ്മതം നല്‍കി. അതിനാല്‍ ഗോത്രവര്‍ഗക്കാര്‍ ഇന്നും മദ്യത്തിന് അടിമയായ്‌ പട്ടിണിയില്‍ കഴിയുന്നു.”
      ജേഷ്ഠന്റെ വാക്കുകള്‍  രണ്ടാമനെ തൃപ്തനാക്കിയില്ല എങ്കിലും അനുസരിച്ച് മാത്രം ശീലമുള്ള അയാള്‍ തലയും താഴ്ത്തി മുന്നോട്ടു നടന്നു. കുറച്ചു സമയത്തിന് ശേഷം അഞ്ചാമത് നടന്നിരുന്ന പുരുഷന്‍ തളര്‍ന്നുവീഴുന്ന ശബ്ദം കേട്ടു
    . “ജേഷ്ഠ കുഞ്ഞനുജന്‍ തളര്‍ന്നുവീണു. അവനും മരണത്തോട് അടുത്തെന്നു തോന്നുന്നു. നമുക്ക് അവന് ആവശ്യമുള്ള ശുശ്രൂഷകള്‍ നല്‍കേണ്ടെ?”
     “വേണ്ടാ... തിരിഞ്ഞുനോക്കാതെ നടന്നുകൊള്ളു. അവനും  മരണം വിധിക്കപ്പെട്ടതാണ്. ഏല്പിച്ച കര്‍ത്തവ്യങ്ങള്‍ വേണ്ടവിധം നോക്കാതെ  നാട്ടിലെ യുവതികളുടെ കന്യകാത്വം അപഹരിച്ച് അവരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു അവന്റെ താല്പര്യം. അവന്റെ ഇടപെടലുകള്‍ നീതിന്യായവ്യവസ്ഥയുടെ വിശ്യ്വാസ്യത തന്നെ തകര്‍ത്തുകളഞ്ഞു.”
        ജേഷ്ഠന്റെ വാക്കുകള്‍  രണ്ടാമനെ തളര്‍ത്തിക്കളഞ്ഞു. അയാള്‍ നിസ്സഹായനായി ജേഷ്ടനെ അനുഗമിച്ചു. കുറച്ചു സമയത്തിന് ശേഷം നാലാമത് നടന്നിരുന്ന പുരുഷന്‍ തളര്‍ന്നുവീഴുന്ന ശബ്ദം കേട്ടു
  “ജേഷ്ടാ  മനു വീണുകഴിഞ്ഞു.  അവന്‍ . അങ്ങയുടെ ഏറ്റം പ്രിയപ്പെട്ടവന്‍ ആയിരുന്നില്ലേ.  അവനെയും രക്ഷിക്കേണ്ടന്നാണോ അങ്ങയുടെ അഭിപ്രായം.”
  “അവന്‍ ഒരു ദയക്കും അര്‍ഹനല്ല. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വനഭൂമി പതിച്ചുനല്‍കാന്‍ അവന് അത്യുല്‍സാഹമായിരുന്നു. ഭൂപ്രഭുക്കളെയും മദ്യരാജാക്കളെയും സഹായിക്കാനാണ് അവന്‍ താല്പര്യം കാട്ടിയത്.”
  ജേഷ്ഠന്റെ മറുപടി പ്രതീക്ഷിച്ചതാണങ്കിലും ഒരു സഹയാത്രികന്റെ ദുര്യോഗത്തില്‍ മനമുരുകി അയാള്‍ മുന്നോട്ടു നടന്നു. കുറച്ചു സമയത്തിന് ശേഷം മൂന്നാമത് നടന്നിരുന്ന പുരുഷന്‍ തളര്‍ന്നുവീഴുന്ന ശബ്ദം കേട്ടു. അവന് നേരെ ഉയര്‍ന്ന കുറ്റാരോപണങ്ങള്‍ ഒരു പരിഷ്കൃത സമൂഹത്തിന്റെ മൂല്യച്യുതികളിലേക്കുള്ള ഒരു എത്തിനോട്ടം ആയിരുന്നു.
  “അവന്‍ വിദ്യാഭ്യാസമേഖലയാകെ അലങ്കോലമാക്കി. ഉന്നത വിദ്യാഭ്യാസം സമ്പന്നവര്‍ഗ്ഗത്തിന് മാത്രം അര്‍ഹതപ്പെട്ടതാക്കി. വിദ്യാഭ്യാസസ്ഥാപനങ്ങളെ കഴുത്തറുപ്പന്‍ പണമിടപാട് സ്ഥാപനങ്ങളാക്കി.”
    “ജേഷ്ടാ   അടുത്തത് എന്റെ ഊഴമാണ്. മരണം എനിക്കും വിധിക്കപ്പെട്ടതാണന്ന് ഞാന്‍ കരുതുന്നു. എന്റെ തെറ്റുകള്‍ മനസ്സിലാകുവാനുള്ള ഒരു അവസരം എനിക്ക് കിട്ടുമോ? “ രണ്ടാമന്റെ ശബ്ദം ഇടറിയിരുന്നു.
   “ നീ നിയമപാലകരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. കുറ്റവാളികളെ സംരക്ഷിക്കാനും എതിരാളികളെ ഇല്ലായ്മ ചെയ്യാനുമാണ് നീ അവരെ ഉപയോഗിച്ചത്. കാര്യക്ഷമതയുള്ളവരെ നീ അപകീര്‍ത്തിപ്പെടുത്തി. എന്റെ ഇരിപ്പിടം ആയിരുന്നു നിന്റെ ലക്‌ഷ്യം. അതിനായി നീ മെനഞ്ഞ കുതന്ത്രങ്ങള്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു. പുറമേ സ്നേഹം നടിച്ചു നീ പിന്നില്‍ നിന്നും കുത്തുകയായിരുന്നു.”
    ജേഷ്ഠന്റെ മറുപടി കേട്ട് അല്‍പസമയത്തിനുള്ളില്‍ രണ്ടാമന്‍ തളര്‍ന്നുവീണു. തിരിഞ്ഞുനോക്കാതെ മലമുകളിലേക്ക് നടന്നുനീങ്ങുന്ന ജേഷ്ടന്‍ അയാളുടെ ദൃഷ്ടിപഥത്തില്‍ നിന്നും മറഞ്ഞു. ഒരു പൊങ്ങുതടി പോലെ അയാള്‍ മരണത്തിന്റെ തീരത്തിലേക്ക് ഒഴുകി അടുത്തുകൊണ്ടിരുന്നു. ഏറ്റവും പിന്നിലായി നടന്നും ഓടിയും ആ യാത്രാസംഘത്തെ അനുഗമിച്ചുകൊണ്ടിരുന്ന നായ വീണുകിടക്കുന്ന രണ്ടാമന്റെ അവസാന രംഗങ്ങള്‍ നോക്കിനിന്നു. ആ ശരീരത്തിലെ അവസാന ചലനവും നിലച്ചുകഴിഞ്ഞപ്പോള്‍ നായ മലമുകളിലേക്കുള്ള വഴിയിലൂടെ മുന്നോട്ടോടി.
   ഒന്നാമന്‍ മലമുകളില്‍ എത്താറായി കഴിഞ്ഞു. ആകാശം ഇരുണ്ടുതുടങ്ങി. സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ അപ്രത്യക്ഷനായി കഴിഞ്ഞെങ്കിലും അവന്‍ വിതറിയ കുറെ പ്രകാശരശ്മികള്‍ ആകാശത്തില്‍ അവശേഷിച്ചിരുന്നു.
   എവിടെയോ ഒരു ശംഖൊലി മുഴങ്ങി. അയാള്‍ ശംഖൊലി കേട്ട ദിക്കിലേക്ക് നോക്കി. അകലെ നിന്നും ഒരു രഥം പറന്നുവരുന്നു. വെള്ളക്കുതിരകളെ പൂട്ടിയ സ്വര്‍ഗ്ഗീയരഥം. അത് ഓടിച്ചിരുന്നത് ഇന്ദ്രനായിരുന്നു. സര്‍വ്വാഭരണ വിഭൂഷിതനായ ഇന്ദ്രന്റെ മാസ്മരപ്രഭയില്‍ അയാള്‍ നമ്രശിരസ്കനായി.
      “നിന്റെ അനുഗാമികളൊക്കെ മരണപ്പെട്ടു കഴിഞ്ഞു. അവര്‍ ചെയ്ത തെറ്റുകളുടെ ഫലം അവര്‍ അനുഭവിച്ചു. ഞാന്‍ വന്നത് എന്തിനെന്ന് നിനക്ക് മനസ്സിലായോ?”
    ഇന്ദ്രന്റെ ഘനഗംഭീരമായ ശബ്ദം കേട്ട് അയാള്‍ തലയുയര്‍ത്തി.
“അറിയാം പ്രഭോ. എന്റെ സ്വര്‍ഗ്ഗാരോഹണത്തിന്. എന്നെ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കാന്‍. പക്ഷേ, എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ നായയെക്കൂടി എന്റെ കൂടെ രഥത്തില്‍ കയറ്റണം. ഈ നീണ്ട യാത്രയില്‍ അവന്‍ എന്റെ സന്തതസഹചാരി ആയിരുന്നു.  അവനെ ഈ മലമുകളില്‍ ഉപേക്ഷിച്ചു തനിയേ ഒരു സ്വര്‍ഗ്ഗാരോഹണത്തിന് ഞാന്‍ ആഗ്രഹിക്കുന്നില്ല.”
  “ആജ്ഞകള്‍ മാത്രം നല്‍കിയിരുന്ന നീ അപേക്ഷിക്കുന്നോ.?  നിനക്ക് തെറ്റ് പറ്റി ധര്‍മജാ. നിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കുകയല്ല എന്റെ ദൌത്യം. നിന്നക്കുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയാണ്.”
   “എനിക്കുള്ള  കുറ്റപത്രമോ .? ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്.? ആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ച്‌ ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല.”
  “നിന്റെ തെറ്റുകള്‍ നിനക്ക് മനസ്സിലാവുന്നില്ലാ എന്നതാണ് അത്ഭുതം. നിന്റെ കൂട്ടുകാര്‍ ചെയ്ത തെറ്റുകള്‍ എല്ലാം നീ കണ്ടില്ലാ എന്ന് നടിച്ചു. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവരെ “തെളിവില്ലാ തെളിവില്ലാ” എന്ന് പറഞ്ഞു പിന്തിരിപ്പിച്ചു. സൂര്യഭഗവാനെ വരെ നീ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ഭരണധൂര്ത്തിന്റെയും അഴിമതിയുടെയും കടബാധ്യതകള്‍ ഭാരമേറിയ ഒരു നുകം പോലെ സാധാരണ ജനങ്ങള്‍ ചുമക്കുന്നത് നീ കണ്ടില്ലന്നു നടിച്ചു. ആദര്‍ശത്തിന്റെ ഒരു വെളുത്ത കുപ്പായമിട്ട് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് നേരെ നീ മുഖം തിരിച്ചുനിന്നു. ഇനിയും പറയുവാനാണങ്കില്‍ നിരവധിയാണ്. പക്ഷെ നീചനായ നിന്നോട് സംസാരിച്ചു നില്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.”
            ഇന്ദ്രന്‍ ഉയര്‍ത്തിയ കുറ്റാരോപണങ്ങള്‍ വിഷം പുരട്ടിയ അസ്ത്രങ്ങള്‍ പോലെ ധര്‍മജന്റെ ഹ്രദയത്തിലാണ് തറച്ചത്. ഒരു വാക്ക് സംസാരിക്കാനാവാതെ നീറിപ്പിടയുന്ന മനസ്സുമായി ധര്‍മജന്‍  തറയില്‍ മുട്ടുകുത്തിയിരുന്നു.
  “ഈ നായയെ, അല്ല നായ്ക്കളുടെ സംഘത്തെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാനാണ് ഞാന്‍ വന്നിരിക്കുന്നത്.”
   ഇന്ദ്രന്റെ വാക്കുകള്‍ കേട്ട് അയാള്‍ തിരിഞ്ഞു നോക്കി. അനുസരണയോടെ പിന്നാലെ നടന്നിരുന്ന വളര്‍ത്തുനായയുടെ സ്ഥാനത്ത് നൂറുകണക്കിന് വേട്ട നായ്ക്കള്‍ കുതിച്ചുചാടാന്‍ തയ്യാറായി നില്‍ക്കുന്നു.
     “ഈ നായകളുടെ സ്വര്‍ഗ്ഗാരോഹണത്തിന് മുന്‍പ്‌ അവറ്റകള്‍ക്ക് ഒരു സല്ക്കര്‍മം കൂടി ചെയ്തു തീര്‍ക്കുവാന്‍ ഉണ്ട്.  അതുകൂടി കഴിഞ്ഞാല്‍   ഈ നായകളുടെ  ജീവിതദൌത്യം  പൂര്‍ത്തിയാകും. “
       ഇന്ദ്രന്റെ  കോപത്തോടെയുള്ള വാക്കുകള്‍  ഒരു തീമഴ പോലെ ധര്‍മജന്റെ മേല്‍ പതിച്ചു. കടിച്ചുകീറാന്‍ തയ്യാറായി നില്‍ക്കുന്ന നായ്ക്കള്‍ ആരുടെയോ ആജ്ഞ പ്രതീക്ഷിച്ച് നില്‍ക്കുന്നത് പോലെ തോന്നിച്ചു.  അവയുടെ ചുവന്നുകലങ്ങിയ  കണ്ണുകള്‍, കൂര്‍ത്ത പല്ലുകള്‍, വന്യമായ മുരള്‍ച്ച എല്ലാം അയാളെ ഭയചകിതനാക്കി.
   പെട്ടന്ന്  ആകാശം  കറുത്തിരുണ്ട് ഭൂമിയാകെ ഇരുള്‍ പരന്നു. കനത്ത കാറ്റും മഴയും ഇടിവെട്ടലും തുടങ്ങിയത് വളരെ പെട്ടന്നാണ്. വേട്ടയാടപ്പെടുന്ന ഒരു മൃഗത്തിന്റെ മനസ്സോടെ ധര്‍മജന്‍ പിന്തിരിഞ്ഞോടി. നായ്ക്കളുടെ കൂട്ടം അയാളുടെ പുറകെ കുതിച്ചു.