Thursday 18 May 2017

വേനല്‍ നിറമുള്ള ഓര്‍മ്മകള്‍

വേനല്‍ നിറമുള്ള ഓര്‍മ്മകള്‍
     കത്തുന്ന വെയിലിൽ നഗരം ചുട്ടുപഴുത്ത് കിടക്കുന്നു. പൊള്ളിക്കുന്ന കാറ്റ്. ഉണങ്ങി വരണ്ട നിറം മങ്ങിയ ഇലകള്‍ നിറഞ്ഞ വൃക്ഷങ്ങള്‍ തളര്‍ന്നു തലതാഴ്ത്തി നില്‍ക്കുന്നു. ഫെബ്രുവരി ആയപ്പോളേ ഇത്രകണ്ട് ചൂടാണങ്കിൽ മെയ് മാസത്തെ അവസ്ഥ എന്താവും. സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണി ആയിരിക്കുന്നു. സ്കൂൾ ബസ്സ് വന്ന് പോയിട്ടുണ്ടാവുമോ . രണ്ടേമുക്കാലിനും മൂന്നു മണിക്കുമിടയിലാണ് സ്കൂൾ ബസ് വരുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ ബസ്സ് സർവീസ് വളരെ കാര്യക്ഷമമാണ്. സമയക്രമം കൃത്യമായി പാലിക്കുന്നതിന് പുറമേ കുട്ടികളുടെ കാര്യത്തിൽ നല്ല ഉത്തരവാദിത്തബോധമാണ്.  നീന ബസ് സ്റ്റോപ്പിൽ എത്താൻ വൈകിയാൽ മോളെ ശീതളപാനീയക്കടയിൽ ഏൽപിച്ചിട്ട് പൊയ്ക്കൊള്ളാൻ ബസ്സിന്റെ ഡോർ ചെക്കറോട്  നേരത്തേ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. രാവിലെ കറണ്ടുപോയതിനാൽ അടുക്കളപ്പണികളും കുളിയും എല്ലാം  വൈകി.  സമയം പോയത് അറിഞ്ഞതേയില്ല.  ഒരു വിധത്തിൽ ഒരു ചുരിദാറിട്ടുകൊണ്ട് ഓടുകയായിരുന്നു.
        അകലെ നിന്നേ കണ്ടു.  സാബുചേട്ടന്റെ പലചരക്കുകട അടഞ്ഞുകിടക്കുന്നു. തൊട്ടടുത്ത ബാർബർ ഷോപ്പും ഷെമീറിന്റെ ബേക്കറിയും   തുറന്നിട്ടുണ്ടങ്കിലും നീതുമോള്‍ എത്തിയിട്ടില്ല. അവള്‍ നേരത്തെ എത്തി ബേക്കറിയില്‍ കയറി നിന്നാല്‍ അകലെ നിന്ന് നീനയെ കാണുമ്പോള്‍ തന്നെ കൈ ഉയര്‍ത്തി കാണിക്കാറുണ്ട്. സവാരി കാത്തുകിടക്കുന്ന ചില ഓട്ടോറിക്ഷകള്‍ ബദാം മരത്തണലില്‍ വിശ്രമിക്കുന്നു. വെയിറ്റിംഗ് ഷെഡിൽ കയറി നിന്നു. അകലെ നിന്നും വരുന്ന ഓരോ വണ്ടികളിലും കണ്ണു പായിച്ച് കാത്തു നിൽക്കയാണ്. ഇളം മഞ്ഞ നിറം പൂശിയ കേന്ദ്രീയ വിദ്യാലയ വണ്ടി അകലെ നിന്നു കണ്ടാലും തിരിച്ചറിയാനാവും. നീതുമോള്‍ സാധാരണ വാതിലിന്റെ തൊട്ടുപിന്നിലുള്ള സീറ്റിലാണ് ഇരിക്കുന്നത്. അവള്‍ ഡോര്‍ ചെക്കര്‍ ഗോപാലന്‍ ചേട്ടനോട് നല്ല ചങ്ങാത്തത്തിലാണ്. അദ്ദേഹവുമായി എപ്പോളും എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. സ്കൂളിലെ, വീട്ടിലെ, കൂട്ടുകാരുടെ, കളിപ്പാട്ടങ്ങളുടെ  കാര്യങ്ങളൊക്കെയായിരിക്കും സംസാരവിഷയം.
          തിരക്ക് പിടിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയതിന്നാൽ മൊബൈൽ ഫോൺ എടുക്കുന്ന കാര്യംകൂടി മറന്നു. സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു.  മൂന്ന് നാല്പത്തിയഞ്ച് കഴിഞ്ഞിരിക്കുന്നു. ബസ്സ്‌ എന്താണിത്ര വൈകുന്നത്. ഇനി വഴിയില്‍ വെച്ച് ടയര്‍ പഞ്ചറാവുകയോ മറ്റോ സംഭവിച്ചിട്ടുണ്ടാകുമോ?. നീന ബേക്കറിയിലേക്ക് നടന്നു. ബേക്കറിയുടമ ഷമീര്‍ ലെമണ്‍ജൂസ്‌ ഉണ്ടാക്കുന്ന തിരക്കിലാണ്.
   “ഷെമീര്‍   സെന്‍ട്രല്‍ സ്കൂളിന്റെ ബസ്സ്‌ വന്നുപോയോ?”
“ഞാന്‍ കട തുറന്നിട്ട്‌ പത്തുമിനിട്ടെ ആയുള്ളൂ ചേച്ചി. ഇത്രയും സമയമായില്ലേ ചിലപ്പോള്‍ ഞാന്‍ കട തുറക്കുന്നതിനു മുന്‍പ്‌ വണ്ടി വന്നു പോയിട്ടുണ്ടാവും.”
അയാള്‍ മറുപടി പറഞ്ഞിട്ട് വീണ്ടും കച്ചവടത്തിരക്കുകളിലേക്ക് മടങ്ങി. നീന പിന്നെ ഒന്നും ആലോചിച്ചില്ല. ആദ്യം കിടന്ന ഓട്ടോറിക്ഷയില്‍ തന്നെ കയറി. നഗരത്തിരക്കിലൂടെ ഓട്ടോ സെന്‍ട്രല്‍ സ്കൂള്‍ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. നീനയുടെ ശ്രദ്ധ മുഴുവന്‍ ഇളം മഞ്ഞ ചായം പൂശിയ സെന്‍ട്രല്‍ സ്കൂളിന്റെ ബസ്സ്‌ വഴിയോരത്ത് എവിടെയെങ്കിലും ബ്രയ്ക്ഡൌണ്‍ ആയി കിടപ്പുണ്ടോ എന്നായിരുന്നു. സ്കൂള്‍ യൂണിഫോമിലുള്ള കുട്ടികളെ വഴിയോരത്ത് കാണുമ്പോള്‍ എല്ലാം വണ്ടിയുടെ വേഗത കുറയ്ക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഓരോ പെണ്‍കുട്ടികളിലും നീതുമോളുടെ മുഖമാണ് അവള്‍ കണ്ടത്. എട്ടുവയസ്സുള്ള ഒരു മൂന്നാംക്ലാസ്സുകാരി നഗരത്തില്‍ ഒറ്റപ്പെട്ടാല്‍ ഉള്ള അവസ്ഥയെക്കുറിച്ച് അവള്‍ അതീവ ബോധവതി ആയിരുന്നു. കഴുകന്‍ കണ്ണുകളോടെ കാത്തിരിക്കുന്ന ഒരു സമൂഹം. ഏതു സമയവും ഒരു പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെടാം. ഒരു പൂവ് കശക്കിയെറിയുന്ന ലാഘവത്തോടെ വലിച്ചെറിയപ്പെടാം.  വൃദ്ധമാര്‍ മുതല്‍ കൈക്കുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.  പത്രത്താളുകള്‍ നിറയെ പീഡനവാര്‍ത്തകള്‍. പിടിയിലാവുന്ന പ്രതികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. നിയമസംവിധാനങ്ങളും അധികാരസ്ഥാനങ്ങളും നോക്കുകുത്തികളാവുന്നു.
   ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നമാണ് മനസ്സിന്റെ സ്വസ്ഥത നശിപ്പിച്ചത്. അത് ഒരു സ്വപ്നം തന്നെ എന്ന് വിശ്വസിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല.  പിഞ്ചുബാലിക പീഡിപ്പിക്കപ്പെട്ട വാര്‍ത്തയും ചിത്രവും  അച്ചടിച്ച കുറെ ദിനപ്പത്രങ്ങള്‍. അവ കരിയിലകള്‍ നിറഞ്ഞ മുറ്റത്ത് ചിതറിക്കിടക്കുന്നു. പത്രങ്ങള്‍ക്ക്‌ മുകളില്‍ രക്തത്തില്‍ കുളിച്ച ഒരു പെണ്‍കുട്ടിയുടെ ജഡം. അവളുടെ തുറന്നിരിക്കുന്ന കണ്ണുകളില്‍ ഉറുമ്പരിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. അവളുടെ തുടയിടുക്കിലൂടെ ഒഴുകിപ്പരന്നുകിടക്കുന്ന കൊഴുത്ത ചോര.
  “ചേച്ചീ സ്കൂലെത്തി.”   ഓട്ടോറിക്ഷക്കാരന്റെ ശബ്ദം അവളെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി. അടഞ്ഞുകിടക്കുന്ന ഗേറ്റിനുമുന്നില്‍ അവള്‍ ശന്കിച്ചുനിന്നു. ഇളം മഞ്ഞ ചായം പൂശിയ ഒരു ഇരുനിലക്കെട്ടിടം. സ്കൂള്‍ ബസ്സുകള്‍ എല്ലാം ഷെഡ്ഡില്‍തന്നെ കിടപ്പുണ്ട്. ആരവങ്ങളും ബഹളങ്ങളും ഒഴിഞ്ഞ വിജനമായ സ്കൂള്‍ കോമ്പൌണ്ട്. ഗേറ്റില്‍ നിന്നും പ്രധാന കവാടം വരെ എത്തുന്ന വഴിക്ക് ഇരുവശവും വാകമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. വഴിയുടെ ഇടതുവശത്ത് വിശാലമായ ഫുട്ബോള്‍ മൈതാനം. വലതുവശത്ത് വോളീബോള്‍, ബാറ്റ്‌മിന്റെന്‍ കോര്‍ട്ടുകള്‍. ഗേറ്റില്‍ ഓട്ടോറിക്ഷ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് ഒരു സെക്യൂരിറ്റിക്കാരന്‍ ഗേറ്റിലേക്ക് നടന്നുവന്നു.
  “എന്താണ് മാഡം.” സെക്യൂരിറ്റിക്കാരന്‍റെ കനത്ത ശബ്ദം ഒരു ഇടിനാദം പോലെ കാതില്‍ മുഴങ്ങി.
   “എന്റെ മോള്‍ സ്കൂള്‍ ബസ്സില്‍ വന്നില്ല. മൂന്നാം ക്ലാസ്സിലെ നീതു ഹരിദാസ്‌.”  നീനയുടെ ശബ്ദം ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
  “മാഡം ഇന്ന് ഓപ്പണ്‍ ഹൌസ് ആയിരുന്നു. മാര്‍ക്ക്‌ലിസ്റ്റ്‌ കൊടുക്കുന്ന ദിവസ്സം. കുട്ടികള്‍ എല്ലാം പേരെന്റ്സുമായാണ് വന്നത്. അവരെല്ലാം ഉച്ചക്ക് മുന്‍പേ മടങ്ങുകയും ചെയ്തു”.
  അപ്പോള്‍ നീതുമോള്‍ എവിടെപ്പോയി. ഒരുപക്ഷെ ഹരിയെട്ടന്റെ കൂടെ പോയിട്ടുണ്ടാവുമോ. ഹരിയേട്ടന്‍ സ്കൂളില്‍ പോകുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ലല്ലോ. ഞാനവളെ രാവിലെ ഒരുക്കി വിട്ടതാണല്ലോ. ഇനി........അവളുടെ ചിന്തകള്‍ മുറിഞ്ഞു. 
   അവള്‍ സ്വയം ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അവള്‍ തന്നെ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു.  രാവിലെ വീട്ടില്‍ എന്തൊക്കെയാണ് ചെയ്തത്. നീതുമോലെ കുളിപ്പിച്ചോ, യൂണീഫോം ധരിപ്പിച്ചോ. ഹരിയേട്ടന് ഉച്ചയൂണ് പൊതിഞ്ഞുകൊടുത്തോ. മോളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിടാന്‍ ആരാണ് പോയത്. ഹരിയേട്ടന്‍ സ്കൂട്ടറില്‍ കൊണ്ടുപോയി വിടുകയായിരുന്നോ. അതോ ഞാന്‍ തന്നെയാണോ പോയത്. ഒന്നും വ്യക്തമായി ഓര്‍ത്തെടുക്കാനാവാതെ അവളുടെ മനസ്സ് ശൂന്യമാവുകയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നില്‍ക്കുന്ന നീതുമോളുടെ ചിത്രംമാത്രം  മനസ്സില്‍ ഒരു തിരതള്ളല്‍ പോലെ കയറി വന്നുകൊണ്ടിരുന്നു.
  ഇനി എന്ത് ചെയ്യണം, എവിടേക്ക് പോകണം, ആരെ സമീപിക്കണം, ആര്‍ക്കാണ് ഇപ്പോള്‍ സഹായിക്കാനാവുക. ഒന്നിനും ഒരു വ്യക്തതവരാതെ ഒരു തീരുമാനവും എടുക്കുവാനാവാതെ അവള്‍ തരിച്ചുനിന്നു.
      “ചേച്ചീ നമുക്ക് സാറിന്റെ ഓഫീസില്‍ പോകാം. സാറിനെ കണ്ടിട്ട് തീരുമാനിക്കാം. പോലീസില്‍ പറയുകയും ചെയ്യാം. അതാണ്‌ ഇനി നല്ലത് എന്ന് തോന്നുന്നു” . ഓട്ടോക്കാരന്‍ വണ്ടി സ്റ്റാര്‍ട്ട്ചെയ്തുകൊണ്ട് പറഞ്ഞു. ഓട്ടോറിക്ഷയില്‍ നീന പാതിമാനസ്സോടെയാണ് ഇരുന്നത്. ഹരിദാസിന്റെ ഓഫീസില്‍ അദ്ദേഹം ലീവിലാണന്നു അറിഞ്ഞതോടുകൂടി നീന തളര്‍ന്നുവീണു.
     ഓട്ടോക്കാരന്‍ അവളുടെ മുഖത്ത് അല്പം തണുത്ത വെള്ളം തളിച്ചു. അവള്‍ കണ്ണുതുറന്നു നോക്കി. വണ്ടി പോലീസ്‌സ്റ്റേഷന് മുന്നില്‍ നില്‍ക്കയാണ്. അവള്‍ വണ്ടിയില്‍ നിന്നിറങ്ങി സ്റ്റേഷനിലേക്ക് ഓടി. പാറാവുകാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും സബ് ഇന്‍സ്പെക്ടറുടെ മുന്‍പിലാണ് അവള്‍ പോയി നിന്നത്. സംസാരിക്കാനാവാതെ കിതച്ചുകൊണ്ടിരുന്ന അവളുടെ മുഖത്തേക്ക് അദ്ദേഹം സൂക്ഷിച്ചുനോക്കി.
  “ഇരിക്കൂ. എന്താണ് വേണ്ടത്.” വളരെ സൌമ്യനായാണ് അദ്ദേഹം സംസാരിച്ചത്. എന്തുപറയണം എന്നറിയാതെ അവള്‍ കുഴങ്ങി. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി. കിതപ്പ് അകറ്റാന്‍ അവള്‍ മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്നും അല്പം വെള്ളം എടുത്തു കുടിച്ചു.
   പെട്ടന്ന് പുറകില്‍ നിന്നാരോ അവളുടെ തോളില്‍ സ്പര്‍ശിച്ചു. അവള്‍ തിരിഞ്ഞുനോക്കി. ഹരിയേട്ടന്‍. അടുത്ത് അമ്പരന്നു നില്‍ക്കുന്ന നീതുമോള്‍. അമ്മെ എന്നുവിളിച്ചുകൊണ്ട് നീതുമോള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. നീന നീതുവിനെ ചുമ്പനങ്ങള്‍കൊണ്ട് പൊതിഞ്ഞു. അവളുടെ കണ്ണീര്‍ തുള്ളികള്‍ നീതുവിന്റെ വസ്ത്രങ്ങള്‍ നനയിച്ചു.

     “വൈഫിനെ എത്രയും വേഗം ഒരു സൈക്കാര്ടിസ്ടിനെ കാണിക്കണം. ഒട്ടും അമാന്തിക്കരുത്. മാദ്ധ്യമങ്ങളിലൂടെ വരുന്ന പര്‍വ്വതീകരിക്കപ്പെട്ട പീഡന വാര്‍ത്തകള്‍ അവരുടെ മനസ്സിന്റെ താളം തെറ്റിച്ചിരിക്കയാണന്നു തോന്നുന്നു.”  സബ് ഇന്‍സ്പെക്ടര്‍ ഹരിദാസിന്റെ ചെവിയില്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് ഹരിദാസ്‌ ആ വാക്കുകള്‍ ശ്രവിച്ചത്.

Thursday 2 February 2017

ഹരിത ഗ്രാമം

ഹരിതഗ്രാമം
ഉറക്കമുണര്ന്നംപ്പോൾ എതിര്വ ശത്തെ ബെര്ത്തി ൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു. തൂവെള്ള നിറമുള്ള കോട്ടന്‍ ഷര്ട്ടും  കറുത്ത പാന്റും വേഷം. കൈയ്യില്‍ വായിച്ചുതീരാത്ത ഒരു പുസ്തകം. കെ. ആര്‍ മീരയുടെ  ആരാച്ചാര്‍. വായിച്ചുകൊണ്ടിരുന്ന പേജിനുള്ളില്‍ ചൂണ്ടുവിരൽ അടയാളമായി വിശ്രമിക്കുന്നു. ഞാന്‍ സഹായത്രികന് ഒരു പുഞ്ചിരി സമ്മാനിച്ചു. അദ്ദേഹം മനോഹരമായ ഒരു പുഞ്ചിരി മടക്കിനല്കിര.
   വണ്ടി ഏതോ സ്റ്റേഷനിൽ നില്ക്കു കയാണ്. പ്ലാട്ഫോമില്‍ യാത്രക്കാർ തിരക്കിട്ട് നീങ്ങുന്നു. കൂലിപോര്ട്ടഞര് ഒരു പെട്ടിയും ചുമന്നുകൊണ്ട് കടന്നുപോയി. പിന്നാലെ ഒരു മെലിഞ്ഞ സുന്ദരി. നീല ജീന്സുംട ചുവന്ന ടീഷര്ട്ടും  വേഷം. തോളില്‍ തൂങ്ങുന്ന വാനിറ്റിബാഗ്. ചെവിയില്‍ നിന്ന് തുടങ്ങുന്ന ഇയര്ഫോ ണ്വ ള്ളി ജീന്സ്‍‌ പോക്കെറ്റിൽ  അവസാനിക്കുന്നു. ലിപ്സ്ടിക് പുരട്ടിയ ചുണ്ടുകളില്‍ ചെറിയ പുഞ്ചിരി ഉണ്ടായിരുന്നോ? വെറുതെ ഒരു സംശയം.
     ഞാൻ പോക്കറ്റില്നിളന്ന് ചീപ്പെടുത്ത് തലമുടി നേരെയാക്കി. . ഇപ്പോള്‍ പെണ്കുകട്ടികളെ കണ്ടാൽ അങ്ങനെയാണ്. പെട്ടന്ന് തലമുടി ശരിയാക്കും. തൂവാല എടുത്ത് മുഖം തുടയ്ക്കും.  ഒന്ന് കണ്ണാടികൂടി  നോക്കാന്‍ പറ്റിയാല്‍ ആത്മവിശ്വാസം കൂടും. പിന്നെ ഒരു കൃത്രിമപുഞ്ചിരി മുഖത്ത് എടുത്ത് അണിയുകയായി.
       പേഴ്സ് പോക്കെറ്റില്‍ തന്നെയുണ്ടന്നു ഉറപ്പുവരുത്തിയിട്ട് ടോയ്‌ലറ്റിന് അടുത്തേക്ക് നടന്നു. അവിടെ ഒരു മധ്യവയസ്കന്‍ നിന്ന് സിഗരറ്റ്‌ വലിക്കുന്നു. പുറത്ത് ചായക്കച്ചവടക്കാരുടെ ബഹളം. ടോയ്‌ലറ്റില്നിലന്ന് ഇറങ്ങിയപ്പോള്‍ വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ഉറ്റവരെ നിറകണ്ണുകളോടെ യാത്രയയക്കുന്നവര്‍ വണ്ടി ദൂരെ മറയുവോളം കൈവീശി നിന്നു. നഗരത്തിന്റെ കോണ്ക്രീറ്റ്‌ വനങ്ങളില്‍ നിന്നും ഗ്രാമത്തിന്റെ ഹരിതാഭയിലൂടെയാണ് ഇപ്പോള്‍ വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. പടിഞ്ഞാറേ ചക്രവാളത്തില്‍ ചെമ്മാനവും കാര്മേൊഘങ്ങളും തീര്ത്ത് പുതിയ നിറക്കൂട്ട്‌. വയല്‍ വരമ്പുകളിലൂടെ പണികഴിഞ്ഞ് മടങ്ങുന്ന ഗ്രാമീണർ. കനത്ത വെയിലില്‍ പണിയെടുത്ത് ശരീരം കറുത്തിരുണ്ട കര്ഷ്കര്‍. സന്ധ്യക്കുമുമ്പ് കുടിലുകളില്‍ എത്താന്‍ ധൃതിയില്‍ നടന്നുനീങ്ങുന്നു.
   ഒരു കാപ്പി വാങ്ങിക്കൊണ്ടു ഞാൻ സീറ്റിൽ വന്നിരുന്നു. എതിര്‍ സീറ്റിൽ ഇരുന്ന ചെറുപ്പക്കാരന്‍ അവിടെ ഉണ്ടായിരുന്നില്ല. അയാള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം സീറ്റിൽ കിടപ്പുണ്ട്. ജനലിനോട് ചേര്ന്നു ള്ള സീറ്റിൽ പുതിയ യാത്രക്കാരായ ഒരു വൃദ്ധനും ഭാര്യയും  ഇരിക്കുന്നു. കുറെ ചെടിച്ചട്ടികൾ അയാളുടെ മുമ്പിലായി അടുക്കിവെച്ചിരിക്കുന്നു. രണ്ടടിയിൽ കൂടുതല്‍ ഉയരമുള്ള ചെടികളിൽ അഞ്ചാറു പൂക്കള്‍ വിടര്ന്നുനില്ക്കു ന്നു.  വിടര്ന്നു  പരിമളം പരത്തുന്ന റോസാപ്പൂക്കള്‍.
അയാളുടെ ഒരു മുഷിഞ്ഞ ബാഗ് സീറ്റിനടിയിൽ തിരുകി വെച്ചിരിക്കുന്നു. ആറുപേര്ക്ക് ‌ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് ഇത്രയും ചെടിച്ചട്ടികൾ നിരത്തിവെച്ചിരിക്കുന്നത് ഒരു അസൌകര്യം തന്നെയായിരുന്നു എങ്കിലും  വൃദ്ധന്റെ മുഖത്തെ പുഞ്ചിരിയും സൌഹൃദമനോഭാവവും കണ്ടപ്പോള്‍ മനസ്സ് തണുത്തു.
         ടിക്കറ്റ്‌ പരിശോധകൻ അനിഷ്ടം രേഖപ്പെടുത്തിയപ്പോൾ അദ്ദേഹം അതെ പുഞ്ചിരി വീണ്ടും പുറത്തെടുത്തു. മറ്റുള്ളവര്ക്ക്ത അസൌകര്യം ഉണ്ടാക്കാതെ ചെടിച്ചടികള്‍ ഒതുക്കിവെക്കണം എന്ന് പറഞ്ഞ്‌ അയാൾ മടങ്ങി.
   ഓരോ സ്റ്റേഷന്‍ പിന്നിടുംപോളും കയറി വരുന്ന പുതിയ യാത്രക്കാരുടെ കൈയ്യിലെല്ലാം ധാരാളം ചെടിച്ചട്ടികളും ഫലവൃക്ഷത്തൈകളും ഉണ്ടായിരുന്നു. സമയം കടന്നു പോകുന്തോറും തീവണ്ടിമുറികള്‍ ഒരു ഉദ്ദ്യാനമായി മാറിക്കൊണ്ടിരുന്നു. ഇതൊരു പുതിയ അനുഭവമായിരുന്നു. ഒരേ വേഷത്തില്‍ തീര്ത്ഥാ ടനത്തിന് പോകുന്നവരേയും പാര്ട്ടി മീറ്റിങ്ങുകളിൽ പങ്കെടുക്കാന്‍ പോകുന്നവരേയും കണ്ടിട്ടുണ്ട്. പക്ഷേ, ഇത്തരം ഒരു അനുഭവം ആദ്യമായിരുന്നു. ചലിക്കുന്ന ഒരു പൂന്തോട്ടം. നിറയെ നിറവും സുഗന്ധവും നിറഞ്ഞ പൂക്കള്‍. എല്ലാവരും ഒരേ സ്റ്റേഷനില്‍ ഇറങ്ങുവാനുള്ളവർ ആണെന്നറിഞ്ഞപ്പോൾ എനിക്ക് കൌതുകമേറി.
             തീരെ പ്രാധാന്യം ഇല്ലാത്ത ഒരു സ്റ്റേഷനിലാണ് അവർ ഇറങ്ങുന്നത്. പച്ചപ്പ് നഷ്ടപ്പെട്ട് മരുഭൂമിക്കാഴ്ചകള്‍ ആരംഭിക്കുന്ന ഒരു സ്റ്റേഷന്‍. ഉണങ്ങി വരണ്ട കൃഷിയിടങ്ങള്‍, ഇല കൊഴിഞ്ഞ് അസ്ഥിപഞ്ജരം പോലെ നില്ക്കു ന്ന വന്മരങ്ങള്‍. വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്‌. മെലിഞ്ഞുണങ്ങിയ മനുഷ്യരും കന്നുകാലികളും. കളിമണ്‍ കുടങ്ങളുമായി വെള്ളം ശേഖരിക്കാൻ പോകുന്ന ഗ്രാമീണസ്ത്രീകൾ. ഇതൊക്കെയാണ് ആ സ്റ്റേഷനെക്കുറിച്ച് ഓര്ക്കു്മ്പോള്‍ മനസ്സില്‍ വരുന്ന ചിത്രങ്ങള്‍.
     വൃദ്ധൻ വായനയിലാണ്. അയാളുടെ ഭാര്യയുടെ കൈയ്യില്‍ ഒരു ജപമാലയുണ്ട്. മനസ്സില്‍ എന്തോ ധ്യാനിച്ചുകൊണ്ട് ജപമാലയുടെ മുത്തുകൾ അവര്‍ എണ്ണുന്നു.
“അങ്ങയെ ഒന്നു പരിചയപ്പെടണമെന്ന് വിചാരിക്കുന്നു.
എവിടേക്കാണ് ഈ യാത്ര , നിങ്ങൾ  എന്തിനാണ് ആ മരുഭൂമിയിൽ ഇറങ്ങുന്നത്? അവിടെ വെള്ളം കിട്ടില ഭക്ഷണം കിട്ടില്ല. പിന്നെ കടുത്ത ചൂടും.  അവിടെ പോയി എന്താണ് നിങ്ങൾ ചെയ്യുന്നത്”.?
       “കുറെയധികം ചോദ്യങ്ങളാണ് താങ്കൾ ചോദിച്ചത്.  എല്ലാ ചോദ്യങ്ങൾക്കും ഞാൻ കൃത്യമായ മറുപടി തരാം.  ഞങ്ങൾ എവിടെയാണ്  ഇറങ്ങുകയെന്ന് താങ്കൾ ഇതിനകം മനസ്സിലാക്കിയിട്ടുണ്ടാവും  എന്ന് കരുതുന്നു.”
      “ഞങ്ങൾ ആ  സ്റ്റേഷനിൽ നിന്ന് കുറെ ദൂരെയാണ് താമസിക്കുന്നത്. അവിടെ ഒരു പ്രകൃതിഗ്രാമം ഞങ്ങൾ  കെട്ടിപ്പടുത്തിരിക്കുന്നു. ഹരിത ഗ്രാമം എന്ന് പറയുന്നതാവും ശരി. അവിടെ നിറയെ പച്ചപ്പാണ്. ധാരാളം കൃഷിയിടങ്ങൾ. നെല്ലും ഗോതമ്പും കരിമ്പും ചോളവും വിളയുന്ന വയലുകൾ.   മാവിന്റയും പ്ലാവിന്റെയും തെങ്ങിന്റെയും തോട്ടങ്ങൾ - വാഴയും പച്ചക്കറികളും വിളയുന്ന കൃഷിയിടങ്ങൾ.  എല്ലാ കാലത്തും ശുദ്ധജലം ലദിക്കുന്ന കുളങ്ങൾ.  ധാരാളം ഫല വൃക്ഷങ്ങളും പൂക്കളും ചെടികളും നിറഞ്ഞ ഉദ്യാനങ്ങൾ.  എല്ലാം ഞങ്ങൾ നട്ടുപിടിപ്പിച്ചതാണ്. പ്രകൃതിയെ ചൂഷണം ചെയ്യാതെ, കീടനാശിനികൾ ഉചയോഗിക്കാതെയുള്ള പരമ്പരാഗത കൃഷിരീതികളാണ് ഞങ്ങൾ ഉപയോഗിക്കുന്നത് “
      “ഒരു മലയാളിയായ താങ്കൾ നാടും വീടും വിട്ട് അന്യദേശത്തു വന്ന് എന്തിനാണ് ഇങ്ങനെ ഒരു ഗ്രാമം കെട്ടിപ്പടുക്കുന്നത്.”?      
      “ലോകമേ തറവാട് എന്നതാണ് എന്റെ മതം.  ജാതിമത വർഗ്ഗവർണ്ണ അതിർവരമ്പില്ലാത്ത ഭാഷയുടെയും സംസ്കാരത്തിന്റെയും സമ്പത്തിന്റെയും വേർതിരിവില്ലാത്ത ഒരു മാതൃകാ ലോകം അതാണെന്റെ ലക്ഷ്യം. ഞാൻ തനിച്ചല്ല,  വലിയ ഒരു സമൂഹം എന്റെ പിന്നിലുണ്ട്. മഹത്തായ ഒരു ലക്ഷ്യം ഞങ്ങളുടെ മുന്നിലുണ്ട്. ആരു വന്നാലും ഞങ്ങളുടെ ഗ്രാമത്തിൽ അവർക്കൊരിടം ഉണ്ടാവും. ഞങ്ങളുടെ അടുക്കളയിൽ അവർക്കുള്ള ഭക്ഷണമുണ്ടാവും.  അവർക്ക് നൽകാൻ തൊഴിലുണ്ടാവും. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും കലാകായിക  വിനോദങ്ങൾക്കും അവസരം ഉണ്ടാവും. അമിതമായി ധനം സമ്പാദിക്കാൻ ആഗ്രഹമില്ലാതെ പരസ്പരം സ്നേഹവും ബഹുമാനവും സുരക്ഷിതത്വവും കരുതലും സഹകരണവുമുള്ള ഒരു ഗ്രാമം. ഒരിക്കൽ നിങ്ങൾ വരു.  ഞാൻ പറഞ്ഞവയൊക്കെ അനുഭവിച്ചറിയൂ.”.
               “നിങ്ങൾ ഈ ഗ്രാമം തന്നെ തിരഞ്ഞെടുക്കാൻ എന്താണ് കാരണം?”        
വൃദ്ധൻ ഒരു നിമിഷം നിശബ്ദനായി.  അദ്ദേഹം തല കുമ്പിട്ട് കുറെ നേരമിരുന്നു. പിന്നീട് മുഖത്തു നിന്ന് തടിച്ച  ഫ്രെയിമുള്ള കണ്ണട ഊരി ഗ്ളാസ്സുകൾ തൂവാലയുപയോഗിച്ച് തുടച്ച് വൃത്തിയാക്കുവാൻ തുടങ്ങി. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.
                     “നിങ്ങൾ അനിതാ ദേവി എന്ന പേര് കേട്ടിട്ടുണ്ടോ?                   വ്യദ്ധന്റ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ഞാൻ പകച്ചു നല്ല പരിചയം തോന്നിക്കുന്നു. കുറേ വർഷങ്ങൾക് മുമ്പ് വാർത്തകളിൽ നിറഞ്ഞു നിന്ന പരിസ്ഥിതി പ്രവർത്തക. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അനിതാ ദേവി.”
                              “അതേ അവൾ തന്നെ.  അനിത എന്റെ മകളായിരുന്നു' ഓരയൊരു മകൾ ഒരു IT സ്ഥാപനത്തിലെ നല്ല ജോലി ഉപേക്ഷിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി വാർത്തകളിൽ ഇടം പിടിച്ചവൾ. കോളക്കമ്പനിയുടെ ജല ചൂഷണത്തിനെതിരെ സമരം നയിച്ചവൾ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ദളിത് പീഢനങ്ങൾക്കെതിരെ സമരം നയിച്ചവൾ.  അവൾ ഇടപെടാത്ത വിഷയങ്ങൾ കുറവായിരുന്നു. സർക്കാരിനും കുത്തക മുതലാളിമാർക്കും അവൾ എന്നും ഒരു തലവേദനയായിരുന്നു. അധികാര രാഷ്ട്രീയം അവൾക്ക് താല്പര്യമില്ലായിരുന്നു. ഒരു പാർട്ടിയുടെയും പിൻബലമില്ലാതെ അവൾ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി.  പീഢിപ്പിക്കപ്പെട്ടവരുടെ രക്ഷകയായി.  ജനങ്ങൾ പ്രതിഷയോടെ അവളുടെ വാക്കുകൾക്കായി കാതോർത്തുനിന്ന നാളുകൾ.”
    “പക്ഷേ,  ഒരുനാൾ അവൾ വേട്ടയാടപ്പെട്ടു. --- എന്ന ഗ്രാമത്തിൽ മൃതപ്രായയായി കിടന്ന അവളെ ഗ്രാമീണരാണ് ആശുപത്രിയിലാക്കിയത്. ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട അവൾ നാലു ദിവസത്തോളം നഗരത്തിലെ സൂപ്പർ സ്പഷ്യാലിറ്റി ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.”
     “മരണശേഷം അവളുടെ ആഗ്രഹപ്രകാരം --ഗ്രാമത്തിൽ തന്നെയാണ് അവളുടെ മൃതദേഹം സംസ്കരിച്ചത്. ദളിതർക്ക്  വേണ്ടി ഒരു സ്കൂൾ സ്ഥാപിച്ച് അതിന്റെ പ്രവർത്തനങ്ങളുമായി നിരന്തരം സന്ദർശിച്ചിരുന്ന ആ ഗ്രാമവും അവിടത്തെ നിഷ്ക്കളങ്കരായ ഗ്രാമീണരെയും അവൾക്കെന്നും ഇഷ്ടമായിരുന്നു.”
      “അവളുടെ നാശം ആഗ്രഹിച്ചിരുന്ന ആരോ ഒരുക്കിയ കെണിയിൽ അവൾ വീണുപോവുകയായിരുന്നു. കേസ് വഴിതിരിച്ച് വിടാൻ വലിയ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ടാവണം. അന്വേഷണം ഊർജിതമാവാൻ ആക്ഷൻ കൗൺസിൽ ഉണ്ടാക്കി പ്രവർത്തനം നടത്തിയിരുന്നു. സാവധാനം അവളുടെ മരണത്തിന്റെ വാർത്താപ്രാധാന്യം കെട്ടടങ്ങുകയും ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർജീവമാവുകയും ചെയ്തു. നഷ്ടം ഞങ്ങൾക്ക് മാത്രമായി.”
        “അവൾ ഉറങ്ങുന്ന മണ്ണിൽ ജീവിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ആ ഗ്രാമത്തിലേക്ക് താമസം മാറ്റി. അവളുടെ ശവകുടീരത്തിന് ചുറ്റും കുറച്ച് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് വാങ്ങിയ കൃഷിയിടത്തിൽ ജൈവകൃഷിയും തുടങ്ങി. വേനൽക്കാലത്ത് കനത്ത ജലദൌർലഭ്യം അനുഭവപ്പെടുന്ന ആ ഗ്രാമത്തിൽ മഴക്കാലത്ത്  നഷ്ടമാവുന്ന ജലം പരമാവധി  സംരക്ഷിച്ചു നിർത്താനുള്ള പ്രവർത്തനങ്ങൾ ആണ് ആദ്യം തുടങ്ങിയത്. അത് വിജയിച്ചതോട് കൂടി കൃഷി മെച്ചപ്പെട്ടു. പിന്നീടാണ് ഹരിതഗ്രാമം എന്ന ആശയം വരുന്നത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ ഗ്രാമത്തിൽ  വിവിധ ദേശക്കാരായ നാനൂറോളം കുടുംബങ്ങൾ ഒത്തൊരുമയോടെ ഒരു കുടുംബമായി ജീവിക്കുന്നു. ശത്രുതയോ, വിദ്വേഷമോ, അസൂയയോ ഇല്ലാതെ ഏകോദര സഹോദരങ്ങളായി കഴിയുന്നു. സന്തോഷത്തിലും സന്താപത്തിലും എല്ലാവരും പങ്കു ചേരുന്നു.  അവിടെ ഒരു പൊതു നിയമമുണ്ട്. ആര് നാട്ടിൽ പോയി വന്നാലും ഒരു ചെടിച്ചട്ടിയെങ്കിലും കൊണ്ടുവരണം. അല്ലങ്കിൽ ഒരു ഫലവൃക്ഷത്തൈ എങ്കിലും കൊണ്ടുവരണം. അതാണ് ഞാൻ ഈ ചെടികൾ കരുതിയിരിക്കുന്നത്. ഈ ട്രെയിനിൽ ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള  ധാരാളം ആളുകൾ ഉണ്ടാവും അവരുടെ കൈയ്യിലെല്ലാം ധാരാളം ചെടികളും ഉണ്ടാവും. നിങ്ങൾ ഈ ട്രെയിനിലെ മറ്റു കമ്പാർട്ട്മെൻറുകളിൽ ഒന്നു പോയി നോക്കു. എല്ലായിടത്തും പൂത്ത്  നിൽക്കുന്നചെടികൾ കാണാം”.
          അദ്ദേഹം പറഞ്ഞത് വളരെ ശരിയായിരുന്നു. അടുത്ത കമ്പാർട്ട്മെൻറുകളിൽ നിറയെ ചെടികളായിരുന്നു. പരിമളം പരത്തുന്ന പൂക്കളുള്ള ചെടികൾ.  സുഗന്ധം പരത്തുന്ന ആ തീവണ്ടി അതിവേഗം മുന്നോട്ടോടിക്കൊണ്ടിരുന്നു -    മണിക്കുറുകൾക്ക് ശേഷം അവർക്കിറങ്ങാനുള്ള സ്റ്റേഷൻ അടുത്തു കൊണ്ടിരുന്നപ്പോൾ എല്ലാവരും ലഗ്ഗേജുകൾ എടുത്ത് ഡോറിനടുത്തേക്ക് അടുപ്പിച്ച് വെച്ചു തുടങ്ങി. വണ്ടിയുടെ വേഗത കുറഞ്ഞ് തുടങ്ങി.  തീരെ തി ര ക്ക് കുറഞ്ഞ ഒരു സ്റ്റേഷനാണ്. ടെ റോക്കോട്ട ടൈൽ പാകിയ ഉയരം കുറഞ്ഞ പ്ളാറ്റ്ഫോമുള്ള ഒരു സ്റ്റേഷൻ' മേൽക്കൂരയില്ലാത്ത പ്ളാറ്റ്ഫോം. പ്ളാറ്റ്ഫോമിനും കോൺക്രീറ്റ് വേലിക്കുമപ്പുറം ധാരാളം കാളവണ്ടികൾ ഒന്നിന്നു പിന്നിൽ ഒന്നായി കിടക്കുന്നു. നല്ല ആരോഗ്യമുള്ള കൊഴുത്തരുണ്ട കാളകൾ' യാത്രക്കാരെ കാത്തു കിടക്കുന്ന ടാക്സിക്കാറുകളോ ഓട്ടോറിക്ഷകളോ സൈക്കിൾ റിക്ഷകളോ കാണുവാനില്ല. ട്രെയിൻ നിന്നു കഴിഞ്ഞപ്പോൾ പ്ളാറ്റ്ഫോമിലേക്ക് ചെടിച്ചട്ടികൾ എല്ലാം ഇറക്കി വെച്ചു തുടങ്ങി. വളരെ വേഗത്തിൽ പ്ളാറ്റ്ഫോം ഒരു പൂന്തോട്ടമായി മാറി. പിന്നെ യാത്രികർ ചെടിച്ചട്ടികൾ കാളവണ്ടികളിൽ കയറ്റിത്തുടങ്ങി. ആ മനോഹരമായ കാഴ്ച മറ്റു യാത്രക്കാരെല്ലാം നോക്കി നിൽക്കയാണ്. ചിലർ മൊബൈൽ ഫോണിൽ ഫോട്ടോ കൾ എടുക്കുന്നു. ചിലർ ചെടിച്ചട്ടികൾ കാളവണ്ടികളിൽ കയറ്റാൻ സഹായിക്കുന്നു. എല്ലാവരും ഇറങ്ങി തീവണ്ടി ചൂളം വിളിയോടെ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഞാൻ ബാഗും എടുത്തു കൊണ്ട് വണ്ടിയിൽ നിന്ന് ചാടിയിറങ്ങി. ആ വിസ്മയക്കാഴ്ച്ചകളും അദ്ദേഹം പറഞ്ഞ കഥകളും എന്നെ അത്രയേറെ ആകര്ഷിചിരിക്കുന്നു കാളവണ്ടികൾ ഒന്നൊന്നായി നീങ്ങിത്തുടങ്ങി. ആ ചലിക്കുന്ന പൂന്തോട്ടത്തിന്റെ വിസ്മയ കാഴ്ചയിൽ ലയിച്ച് ഞാൻ മുന്നോട്ട് നീങ്ങി. അവസാനത്തെ വണ്ടിയിൽ പിന്നോട്ട് തിരിഞ്ഞിരിക്കയായിരുന്ന വ്യദ്ധൻ നിറപുഞ്ചിരിയോടെ എന്നെ കൈകാട്ടി വിളിച്ചു. അദ്ദേഹത്തിനും ഭാര്യക്കും സമീപത്തെ ഇത്തിരിയിടത്തിൽ ഇരുന്ന് ഞാനും ഒരു യാത്രയാരംഭിക്കയാണ്.  ഹരിത ഗ്രാമത്തിലെ കുളിരൂറുന്ന സ്നേഹതീരങ്ങൾ തേടി.