Monday 13 April 2020

ആദ്യെത്തെ പെണ്ണുകാണൽ

*ആദ്യത്തെ പെണ്ണുകാണൽ*

1992
മാർച്ച് മാസത്തിൽ
തിരുച്ചിറപ്പള്ളിയിൽ പ്രമോഷൻ ട്രെയിനിങ്ങിന് പോയിരിക്കുമ്പോൾ ആണ്
ചേട്ടൻറെ ഒരു കത്ത് കിട്ടുന്നതു്.

'അടുത്താഴ്ച  പറ്റുമെങ്കിൽ ഒരു ദിവസം ലീവ് എടുത്തു വരണം .ഒരു അത്യവശ്യ കാര്യമുണ്ട് .

ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഒരു ദിവസത്തെ ലീവ് ചോദിക്കാം.
ശനിയാഴ്ച കാലത്ത് തന്നെ ലീവ് ലെറ്റർ കൊടുത്തു. ട്‌റെയിനിംഗ് സ്കൂളിൽ ആണങ്കിലും ലീവ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അത്യാവശ്യമാണന്ന് പറഞ്ഞപ്പോൾ അനുവദിച്ചു

വൈകിട്ട് എറണാകുളത്തേക്ക് പുറപ്പെടുന്ന ടീ ഗാർഡൻ എക്സ്പ്രസ്സ് പിടിച്ച് എറണാകുളത്തെത്തിയാൽ കോട്ടയത്തിന് പോകാൻ തിരുവനന്തപുരം മെയിൽ കിട്ടും. കോട്ടയത്തിറങ്ങി ബസ്സ് പിടിച്ച് വീടെത്തുമ്പോൾ 10 മണി കഴിഞ്ഞിരുന്നു.

എന്നെ കണ്ടപ്പോൾ മുതൽ അമ്മയും സഹോദരങ്ങളും ചിരി തുടങ്ങി. അവർ ആദ്യമായാണ് എന്റെ തല മുണ്ഡനം ചെയ്തു കാണുന്നത്. തിരുച്ചിറപ്പള്ളിയിലെ കത്തുന്ന വെയിലിൽ നിന്ന് മോചനം നേടാൻ സുഹൃത്തുക്കൾക്കൊപ്പം പോയി തല മൊട്ടയാക്കിയതാണ്. തമിൾ നാട്ടിൽ മൊട്ടത്തലയന്മാർ സർവ്വസാധാരണം ആണങ്കിലും കേരളത്തിൽ അധികം ആൾക്കാർ തല മുണ്ഡനം ചെയ്യാറില്ല.

"നിന്നെ ഒരു പെണ്ണുകാണാൻ പോകാനാണ് ലീവ് എടുത്ത് വരാൻ പറഞ്ഞത്. നീയിത് എന്ത് പണിയാ ഈ കാണിച്ചത് ?"

ഞാൻ ഒന്ന് ചിരിച്ചതേയുള്ളു. മറുപടി ഒന്നും പറഞ്ഞില്ല.

"ഒന്നാമതേ മീശയില്ല . ഇനി തല കൂടി മൊട്ടയടിച്ച് ...... വേണ്ട. ഇനി ട്റെയിനിംഗ് കഴിഞ്ഞ് വന്ന് അടുത്ത മാസം പോകാം."

അമ്മയതും പറഞ്ഞ് അകത്തേക്ക് നടന്നു.

"ഏതായാലും മെനക്കെട്ട് വന്നതല്ലേ . പോയി കണ്ടേക്കാം. എവിടെയാ അവരുടെ വീട് ?"

"കുമളിയടുത്ത് എവിടെയോ ആണ്."

"ശരി പോയി നോക്കാം "

ഉച്ചകഴിഞ്ഞാണ് പുറപ്പെടാൻ പറ്റിയതു്. കൂട്ടുകരൻ സുരേഷും കൂടെ വന്നു.  ബ്രോക്കർ മുണ്ടക്കയം ബസ് സ്റ്റാണ്ടിൽ കാത്ത് നിൽപുണ്ടായിരുന്നു. എന്റെ മൊട്ടത്തല കണ്ടിട്ട് ബ്രോക്കർക്ക് തീരെ പിടിച്ചില്ല. അയാളുടെ മുഖത്ത് നീരസം പ്രകടമായിരുന്നു.

"സാറിനൊരു തൊപ്പി വാങ്ങി വെച്ചുകൂടായിരുന്നോ?"

"എന്തിന്?''

" വേണ്ടങ്കിൽ വേണ്ട "

"ഇങ്ങനെ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി. "

ബ്രോക്കർക്ക് എന്റെ മറുപടി ഇഷ്ടമായില്ല. അയാൾ പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരിക്കയാണ്. പെരുവന്താനം മുതൽ ബസ്സ് സാവധാനത്തിലായി മല കയററം . തോയിലത്തോട്ടങ്ങളാൽ സമൃദ്ധമായ പീരുമേടും കുട്ടിക്കാനവും വണ്ടിപ്പെരിയാറും കടന്ന്
 കുമളിയിലെത്തി ഓട്ടോ വിളിച്ച് അവരുടെ വീടെത്തുമ്പാൾ 3.30.pm കഴിഞ്ഞിരുന്നു.

ഗേറ്റ് കടന്ന് അമ്പത് മീറ്ററോളം നടന്നാലേ അവരുടെ വീട്ടുമുറ്റത്ത് എത്തുകയുള്ളു. വീട്ടിലേക്കുള്ള വഴിയിൽ സമുദ്ധമായ പച്ചിലച്ചാർത്തും അതിന്റെ നിഴലും. ചെമ്പരത്തിച്ചെടികൾ അതിരിട്ട വഴിയും അതിനിരുവശത്തുമുള്ള വിശാലമായ പറമ്പും . പറമ്പിൽ എല്ലാ വിധ നടുതലകളും ഫലവൃക്ഷങ്ങളുമുണ്ട്. ജാതി, പ്ലാവ്, മാവ്, ചാമ്പ , ഏലം, വാഴ, ചേന, ചേമ്പ്,  പെണ്ണിന്റെയച്ഛൻ നല്ല കർഷകൻ കൂടിയാണന്ന് തോന്നുന്നു.

മണൽ വിരിച്ച മുററത്ത് പനമ്പിൽ  ഉണങ്ങാനിട്ടിരിക്കുന്ന കുരുമുളക് വാരി ചാക്കിൽ നിറക്കുന്ന പണിക്കാരൻ ഞങ്ങളെ കണ്ട് അടുത്തേക്ക് വന്നു.

"യാരെ പാക്കണം. "

"ചന്ദ്രൻ സാർ "

പുറത്തെ സംസാരം കേട്ട് ഒരു പെൺകുട്ടി ഇറങ്ങി വന്നു. ബ്രോക്കർ ആ കുട്ടിയുടെ നേരെ തിരിഞ്ഞു.

"ചന്ദ്രൻ സാർ ?"

" അച്ചനും അമ്മയും സ്കൂളീന്ന്  വരാൻ 4.30 ആകും "

ബ്രോക്കർ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്ന്  എന്തോ പറഞ്ഞു. അവൾ ഒരു ചിരിയോടെ അകത്തേക്ക് നടന്നു. അകത്ത് ഫോൺ ഡയൽ ചെയ്യുന്ന ശബ്ദം. പിന്നെ അടക്കിപ്പിടിച്ച സംസാരം. കുറച്ച് കഴിഞ്ഞ് പെൺകുട്ടി വീണ്ടും വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

" അച്ഛനുമമ്മേം വരാൻ കുറച്ചു കൂടി വൈകും. 5.30 കഴിയും. സ്കൂളിൽ PTA മീറ്റിംഗുണ്ട്. നിങ്ങള് കയറി ഇരിക്ക് "

വിശാലമായ മണൽ വിരിച്ച മുറ്റത്തിന്റെ അതിരുകളിൽ ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. എല്ലാ ചെടികളിലും പല നിറങ്ങളിലുള്ള പൂക്കൾ സുഗന്ധം പരത്തി നിൽക്കുന്നു. 

റെഡ് ഓക്സൈസ് ഇട്ട വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന ചൂരൽ കസേരകൾ. ഒരു ടീപ്പോയി. അതിൽ മടക്കി വെച്ചിരിക്കുന്ന ദിനപ്പത്രം. ചുവരിൽ ഫ്രെയിം ചെയ്തു് വെച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. വരാന്തയുടെ മൂലയിൽ മേശപ്പുറത്ത് ഒരു ക്യാരം ബോർഡ് . അതിനു ചുറ്റും നാല് കസേരകൾ . ക്യാരം ബോർഡ് കണ്ട തോടെ സുരേഷ് അതിനടുത്തേക്ക് നടന്നു.   സ്ട്രൈക്കർ എടുത്ത് ഒരു കോയിൻ പോക്കറ്റ് ചെയ്തു കൊണ്ട് അവൻ എന്നെ നോക്കി ചിരിച്ചു.
വെറുതെ ന്യൂസ് പേപ്പർ മറിച്ചുനോക്കി  ഞാൻ ഒരു കസേരയിൽ  ഇരുന്നു

ബ്രോക്കർമാർ ചുമരിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഫോട്ടോകളിൽ നോക്കി നിൽക്കുകയാണ് .എല്ലാം വയസ്സായ ആൾക്കാരുടെ ചിത്രങ്ങൾ .

ഈ സമയം ഗേറ്റ് കടന്ന് രണ്ട് പെൺകുട്ടികൾ  മുറ്റത്തേക്ക്  കയറിവന്നു. 20 - ൽ താഴെ മാത്രം പ്രായം വരുന്ന രണ്ട് സുന്ദരികൾ.. വലിയ പാവാടയും ബ്ലൗസും വേഷം. കോളേജ് വിട്ട് വരികയാണന്ന് തോന്നി. മാറത്തടുക്കിപ്പിടിചിരിക്കുന്ന പുസ്തകങ്ങൾ. അവരുടെ പിറകേ ഒരു പ്രായമായ സ്ത്രീ വന്നു. വെള്ളമുണ്ടും നേരിയതും വേഷം. മുടി അൽപം നരച്ചിട്ടുണ്ട്.

പിന്നെ ചായയും പലഹാരങ്ങളും വന്നു. എല്ലാവരെയും പരിചയപ്പെട്ടു. മൂത്ത മകൾ ഡിഗ്രിയും BEd - ഉം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു. ഇളയവർ കുമളിയിലെ ട്യൂറ്റോറിയൽ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. അച്ഛൻ 2 km അകലെയുള്ള സ്കൂളിൽ ഹെഡ്മാസ്റ്റർ . അമ്മ അവിടെ തന്നെ മലയാളം അദ്ധ്യാപിക. അകന്ന ബന്ധത്തിലുളള സ്ത്രീയാണ് ഇടക്ക് വീട്ടിലേക്ക് കയറി വന്നതു്.

ഒരു മണിക്കൂറിന് ശേഷം അച്ഛനും അമ്മയും ഒരു ബജാജ് ലാംബി സ്കൂട്ടറിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും ക്യാരംസ് കളിക്കുകയായിരുന്നു. കളിയിൽ ഞാൻ വിദഗ്ദ്ധനല്ലെങ്കിലും കൂട്ടുകാരൻ സുരേഷ് നന്നായി കളിക്കുന്നുണ്ടായിരുന്നു. മൂത്ത പെൺകുട്ടിയെയാണ് ഞാൻ കാണാൻ എത്തിയത്. അതുകൊണ്ടായിരിക്കും ആ കുട്ടി കളിക്കാൻ വന്ന് ഇരുന്നില്ല. കുറച്ച് സംസാരിച്ചു കഴിഞ്ഞപ്പോൾ എന്റെയും അവളുടെയും പരിഭ്രമവും ലജ്ജയും മാറി. പിന്നെ അവൾ ധാരാളം സംശയങ്ങൾ എന്നോട് ചോദിച്ചു തുടങ്ങി..
ട്രെയിൻ ഓടിക്കുന്നതിനെക്കുറിച്ച് ആയിരുന്നു ചോദ്യങ്ങൾ അധികവും. പിന്നെ തല മൊട്ടയടിച്ചതിന്റെ കാരണങ്ങൾ . എറണാകുളം എന്ന മഹാനഗരത്തിൽ 6 വർഷമായി ജീവിക്കുന്ന എന്നോട് അൽപം ബഹുമാനവും ആദരവും അവളുടെ സംസാരത്തിൽ കണ്ടു.
അച്ഛനുമമ്മയും വന്ന് 15 മിനിട്ടിനുള്ളിൽ  ഞങ്ങൾ ഇറങ്ങി. ജനനത്തിയതിയും നാളും പരസ്പരം കൈമാറി.

മടക്ക യാത്രയിൽ  പെൺകുട്ടിയുടെ മുഖം മനസ്സിൽ കടന്നു കൂടി. എവിടെ നോക്കിയാലും അവളുടെ മുഖം മാത്രം. മനസ്സിൽ എന്തെന്നില്ലാത്ത ഒരു വെപ്രാളവും പരവേശവും വിങ്ങലും.  ആ കുട്ടിയെ ഒന്ന് കൂടി കാണണം എന്ന ആഗ്രഹം മനസ്സിൽ ശക്തമായി. മറ്റൊന്നും ചിന്തിക്കാനാവാത്ത അവസ്ഥ. അപ്പോൾ ഞാൻ കടന്നു പൊയ്ക്കൊണ്ടിരുന്ന അവസ്ഥയെ പ്രണയമെന്ന് വിളിക്കാമെങ്കിൽ ഞാനും പ്രണയിച്ചിട്ടുണ്ട്. 
അന്ന് മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത സമയമാണ്. ലാൻഡ് ഫോണിന്റെ നമ്പർ ചോദിക്കാനും മറന്നു.

അടുത്ത ദിവസം തിരുച്ചിയിലെ ട്‌രെയിനിംഗ് സ്കൂളിൽ സുഹൃത്തുക്കളോട് ഈ കഥ വിവരിക്കുമ്പോൾ ആരും വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല. പൊതുവേ അന്തർമുഖനായിരുന്ന ഞാൻ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ  നയത്തിൽ പിൻ തിരിയുകയേ ഉള്ളൂ എന്ന കടുത്ത വിശ്വാസത്തിലായിരുന്നു അവർ.

ഒരാഴ്ചക്ക് ശേഷം ചേട്ടന്റെ കത്ത് കിട്ടി. ആ ആലോചന വേണ്ടന്ന് വെച്ചു എന്ന് പറഞ്ഞു. മൂന്ന് പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്ന് പെണ്ണ് കെട്ടിയാൽ എല്ലാ ഉത്തരവാദിത്തവും മുന്നിൽ നിന്ന് നടത്തിക്കൊടുക്കേണ്ടിവരും   അതുകൊണ്ട് ഒരു ആങ്ങളയെങ്കിലും ഉള്ള വീട്ടിൽ നിന്ന് ആലോചിക്കാം എന്നായിരുന്നു അവരുടെ തീരുമാനം.

എന്റെ താല്പര്യം ഞാനറിയിച്ചെങ്കിലും ആരും അതംഗീകരിക്കുവാൻ തയ്യാറായില്ല.
പിന്നെ രണ്ടു മൂന്ന് പ്രപ്പോസൽ വന്നുവെങ്കിലും ഞാനും അൽപം വാശി പിടിച്ചുനിന്നു. കാലാന്തരത്തിൽ ആ കുട്ടിയുടെ കല്യാണം കഴിഞ്ഞതായറിഞ്ഞു. ആ വാർത്ത എന്നിൽ വലിയ നടുക്കം ഒന്നും ഉണ്ടാക്കിയില്ല. കാരണം ഞാൻ അവളെ മറന്ന് തുടങ്ങിയിരുന്നു.

ജോലി കഴിഞ്ഞ് കോട്ടയം വരെ ട്‌റെയിനിൽ പോയി അവിടന്ന് ബസ്സിൽ കയറിയാണ് വീട്ടിൽ പോകുന്നതു്. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം  സെന്റ് ജോസഫ് സ്കൂളിന്റെ മുന്നിൽ ഒരു ബസ്റ്റോപ്പ് ഉണ്ട്. അവിടെ നിന്ന് കിട്ടിയ KSRTC LS ഓർഡിനറി ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. വീട്ടിനടുത്തുള്ള പാറത്തോട്ടിൽ സ്റ്റോപ്പുള്ള ബസ്സാണ്. പാമ്പാടി ആകുമ്പോൾ കുറെ ആളിറങ്ങി സീറ്റ് കിട്ടാറുണ്ട്. പതിവ് പോലെ കുറെ പേർ പാമ്പാടിയിൽ ഇറങ്ങി. ഒരു സീറ്റ് കിട്ടി. അടുത്തിരുന്ന മദ്ധ്യവയസ്കൻ എന്നെ നോക്കി ചിരിച്ചു
എവിടെയോ കണ്ട് മറന്ന മുഖം. എത്ര ഓർത്തിട്ടും ഒരു പിടിയും  കിട്ടുന്നില്ല.

"ജോലി കഴിഞ്ഞു വരികയാണോ.."

.അതേ''

"എണാകുളത്ത് തന്നെയല്ലേ "

"അതേ "

"എന്നെ അറിയുമോ?''

"അറിയാം എറണാകുളത്ത് റെയിൽവേയിൽ അല്ലേ. ?
ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. കുമളിയടുത്ത് വെള്ളാരം കുന്നിൽ ... "

പിന്നീട് അദ്ദേഹം പറഞ്ഞതൊന്നും എന്റെ മനസ്സിൽ കയറിയില്ല. സ്ഥലകാലഭ്രമം ബാധിച്ച പോലെ ഞാൻ മരവിച്ചിരുന്നു...........

*ഉദയപ്രഭൻ*