Saturday 28 March 2020

പ്രതി നാടൻ കോഴി

*പ്രതി നാടൻ കോഴി*
ഉദയ പ്രഭൻ


വീടിൻറെ ബാൽക്കണിയിൽ നല്ല കാറ്റ് ഉണ്ടായിരുന്നു.  താഴ്‌വരയിൽ നിന്ന് അടിക്കുന്ന തണുത്തകാറ്റ്.  അകലെ മലമടക്കുകളിൽ തേയിലത്തോട്ടത്തിന്റെ പച്ചപ്പ്.  ഇടയ്ക്കിടെ ഉയർന്നു നിൽക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങൾ കാറ്റിലുലഞ്ഞാടുന്നു.
അസ്തമയ സൂര്യ കിരണങ്ങൾ
താഴ്വരയിൽ പലയിടത്തും നിഴൽ പരത്തിയിരിക്കുന്നു.

 അടിവാരത്തുനിന്നും  മലയെ ചുറ്റിപ്പറ്റി  കിടക്കുന്ന വളഞ്ഞുപുളഞ്ഞ ചെമ്മൺ റോഡിലൂടെ ഒരു ബുള്ളറ്റ് കയറ്റം കയറി വരുന്ന ശബ്ദം.  മിനിറ്റുകൾക്കുള്ളിൽ ബുള്ളറ്റ് ഗേറ്റ് കടന്ന് വന്ന് മുറ്റത്തെ ബദാം മരത്തണലിൽ പാർക്ക് ചെയ്തു. യാത്രികൻ ഹെൽമെറ്റ് ഊരി ഹാൻഡിൽ തൂക്കി . ഇടവക വികാരിയാണ് . ളോഹ ഇടാതെയുള്ള സ്വകാര്യ ഭവന സന്ദർശനമാണ്.  ബാൽക്കണിയിൽ ജാൻസിയെ കണ്ട്  കൈയ്യ് ഉയർത്തി കാട്ടി ചിരിച്ചു. എന്തോ ജാൻസിക്ക് പ്രത്യഭിവാദ്യം ചെയ്യാനോ ചിരിക്കാനോ തോന്നിയില്ല. റിയർവ്യൂ മിററിൽ നോക്കി തലമുടി ശരിയാക്കിയിട്ട്  അച്ചൻ സിറ്റൗട്ട് നേരെ നടന്നു .

കോളിംഗ് ബെൽ മുഴങ്ങുന്നതിന്റെയും ആരോ കതക്  തുറക്കുന്നതിനും ശബ്ദം .  താഴെ ഹാളിൽ അവർ എന്തൊക്കെയോ സംസാരിക്കുന്നത് അവ്യക്തമായി കേൾക്കാം.  ജാൻസി വാട്ടർ ബോട്ടിൽ എടുത്ത് അല്പം വെള്ളം കുടിച്ച് വീണ്ടും വായിച്ചുകൊണ്ടിരുന്ന പുസ്തകം  കൈയിലെടുത്തു.

പുസ്തകത്തിലൂടെ കണ്ണോടിച്ചിരിക്കുമ്പോൾ അച്ചൻ സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് വന്നു. കയ്യിൽ പാതി കുടിച്ച ജ്യൂസിന്റെ  നീളമുള്ള ഗ്ലാസ്.  പിന്നിലായി റോയിച്ചനുമുണ്ട്. റോയിച്ചന്റെ കയ്യിൽ ഒരു പളുങ്ക് സോസറിൽ ഈന്തപ്പഴവും പിസ്താ നട്ട്സും . അച്ചൻ കസേര വലിച്ചിട്ട് ഇരുന്നു.  ജാൻസി മനസ്സില്ലാമനസ്സോടെ കസേരയിൽ നിന്ന് എഴുന്നേറ്റു . കയ്യിലിരുന്ന പുസ്തകത്തിനിടയിൽ ഒരു പേന അടയാളമായി വെച്ച് അവൾ ചെറിയ പുഞ്ചിരിയോടെ  അച്ചന് സ്തുതി പറഞ്ഞു.

"ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ! "

"എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ "

 അച്ഛൻ ഒരു ചിരിയോടെ ജാൻസി വായിച്ചുകൊണ്ടിരുന്ന പുസ്തകം കയ്യിൽ എടുത്തു
*In the mind of a female serial killer*

" ഇതെല്ലാം സൈക്കോളജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണല്ലോ ജാൻസീ..."

*The man in the monster*

*Burried dreams*

*Silent rage*

*The last victim*

*Criminal shadows*

അച്ചൻ ഓരോ പുസ്തകവും എടുത്ത് താളുകൾ മറിച്ച് നോക്കിയിട്ട് താഴെ വെച്ചു. പുസ്തകങ്ങളോടൊപ്പം ടീപ്പോയിയിൽ കിടന്ന ഡീ വീ ഡി അച്ചൻ കയ്യിലെടുത്തു.

 *Spot lights*
Film by Tom McCarthy

ഇത് നല്ല സിനിമയാണോ.?

"നല്ല സിനിമയാണച്ചോ. അച്ചൻ അതെടുത്തോ. കണ്ടിട്ട് തന്നാൽ മതി. "

"അതിരിക്കട്ടെ , ജാൻസിയെ ഇപ്പോൾ പള്ളിയിലേക്ക് ഒന്നും കാണാറില്ലല്ലോ?"

ജാൻസി മറുപടി ഒന്നും പറയാതെ തലകുനിച്ച് നിന്നു.


" പള്ളിയും പ്രാർത്ഥനയും നല്ലതാണ് ജാൻസി . മനസ്സിന് ഏകാഗ്രതയും സന്തോഷവും സമാധാനവും കിട്ടാൻ പ്രാർത്ഥനയേക്കാൾ മികച്ച ഔഷധമില്ല."

"ഞാൻ പ്രാർത്ഥിക്കാറുണ്ടച്ചോ "

" വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ പോരാ. പള്ളിയിൽ വരണം. ഇടവക അംഗങ്ങളോടെല്ലാം ഇടപെടണം, സംസാരിക്കണം , സൌഹൃദങ്ങൾ പുതുക്കണം.  കൂട്ടായ പ്രാർത്ഥനകൾ നൽകുന്ന ഊർജം ഒന്ന് വേറെ തന്നെയാണ്.''"

"ഇവൾ രണ്ട് ആഴ്ചയായി മൗനവ്രതത്തിലാണ് അച്ചോ.  ഇവിടെ ആരോടും മിണ്ടാറില്ല ഏതുസമയവും മുറിയിൽ കയറി അടച്ചിരിക്കുകയാണ്. ഇന്നാണ് പുറത്തേക്ക് ഒന്ന് കാണുന്നത്. എപ്പോഴും എന്തെങ്കിലും വായിച്ചിരിക്കുന്നത് കാണാം.
സമയത്ത് ആഹാരം കഴിക്കില്ല.  എന്ത് ചോദിച്ചാലും മറുപടിയില്ല.

റോയിയുടെ വാക്കുകൾ കേട്ട് അച്ചൻ ജാൻസിയുടെ മുന്നിൽ വന്നു നിന്നു .

" ജാൻസി എൻറെ കണ്ണുകളിലേക്ക് ഒന്ന്  നോക്കിക്കേ.

ജാൻസി അച്ചന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.

" ജാൻസിയുടെ മനസ്സ് അസ്വസ്ഥം ആണല്ലോ.  എന്താണ് പറ്റിയത് . "

ജാൻസി റോയിച്ചനെ നോക്കി. റോയിച്ചൻ
അച്ചന് സംസാരിക്കാൻ അവസരം കൊടുത്തതുപോലെ കാലിയായ ജ്യൂസ് ഗ്ലാസും എടുത്തു കൊണ്ട് സ്റ്റെയർകെയ്സ് ഇറങ്ങി താഴേക്കു നടന്നു.

" ജാൻസി പറയൂ എന്താണ് പ്രശ്നം ?. "

ജാൻസി അച്ചൻറെ കണ്ണുകളിലേക്ക് നോക്കി അവളുടെ കണ്ണുകൾ നിറയുന്നത് അച്ചൻ കണ്ടിട്ടുണ്ടാവണം

"ജാൻസി..... എന്തുപറ്റി? എന്താണെങ്കിലും എന്നോട് പറയൂ ......''

അച്ചൻ വീണ്ടും അവളെ നിർബന്ധിച്ചു തുടങ്ങി.

" നാളെ ....... നാളെ അവളെ തൂക്കിലേറ്റുകയാണ്. സാലിയെ ......."

 "ഞാൻ വാർത്ത കണ്ടു അതിന് ജാൻസി എന്തിന് വിഷമിക്കണം "

"അവൾ എൻറെ ക്ലോസ് ഫ്രണ്ട് ആയിരുന്നു. "

"ഓഹ്.... ഗോഡ്... ഞാനറിഞ്ഞില്ല.  അവളുടെ വീട് ഇടുക്കിയിൽ എവിടെയോ അല്ലേ ?"

"അതേ, ഞാനും ഇടുക്കി ക്കാരിയായിരുന്നു."

"അത് ശരി. എനിക്കറിയില്ലായിരുന്നു. സാലി ഒരു സീരിയൽ കില്ലർ അല്ലായിരുന്നോ ? ചെയ്ത പാപങ്ങൾക്ക് നിയമത്തിൻറെ ശിക്ഷ ലഭിക്കുന്നു എന്നു മാത്രം കരുതിയാൽ പോരേ."

" ഞങ്ങൾ അയൽ വാസികളും ഒരേ ഇടവകക്കാരും  ആയിരുന്നു . "

"സാലിയെ എത്രനാളായി അറിയാം. ?"

"പത്താംക്ലാസ് വരെ ഞങ്ങൾ ക്ലാസ്മേറ്റ്സ് ആയിരുന്നു. "

"ഇപ്പോഴും കോൺടാക്ട് ഉണ്ടോ ?''

"നേരത്തെ അവൾ സ്ഥിരമായി കത്തയക്കുമായിരുന്നു. പിന്നീട് മൊബൈലിൽ വിളി തുടങ്ങി. ":

പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നോ. ? "

"ഇല്ലച്ചോ :

"അവൾ ചെയ്തതിന് അവൾ അനുഭവിക്കുന്നു. എത്ര മനുഷ്യജീവനുകളാണ് അവൾ  ഇല്ലാതാക്കിയത്.

"അവളോട് സ്വന്തക്കാർ ചെയ്തതിന് ഈ ശിക്ഷയൊന്നും കൊടുത്താൽ പോര "

" എന്ത് ചെയ്തു എന്നാണ് പറയുന്നത്.  ചാനലുകളിൽ എല്ലാം നമ്മൾ കണ്ടതല്ലേ . സ്വത്തിനോടുള്ള അമിത മോഹം അല്ലാതെന്താ ? . "

"ഇല്ല ...... അച്ചന്  ഒന്നും അറിയില്ല.  ഓർമ്മവെച്ച നാൾ മുതൽ എനിക്ക് അവളെ അറിയാം.  മലയോര ഗ്രാമത്തിൽ ഞങ്ങൾ കൈകോർത്ത് ഓടിച്ചാടി നടന്നിട്ടുണ്ട്. അവൾ എൻറെ അടുത്ത കൂട്ടുകാരിയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് ഒരു മൈൽ ദൂരെയുള്ള സ്കൂളിലേക്ക് നടന്നു പൊയ്ക്കൊണ്ടിരുന്നത്. പത്തു വർഷം ഒരേ ക്ലാസ്സിൽ മുട്ടിയുരുമ്മി ഇരുണ് പഠിച്ചതു്. ഉച്ചക്ഷണം പരസ്പരം പങ്കിട്ട് കഴിച്ചത്. അവൾ എൻറെ എല്ലാമായിരുന്നു.  അവൾ ഓർമ്മവെച്ച നാൾ മുതൽ അനുഭവിച്ച അവഗണനയും തിരസ്കാരവും എത്രയെന്ന് അച്ചന്  അറിയില്ല. അച്ഛനെന്നല്ല ആർക്കുമറിയില്ല. "

" എനിക്ക് അവളുടെ ചരിത്രത്തെക്കുറിച്ച് അത്രയ്ക്ക് അറിവൊന്നുമില്ല. ഒരു സാധാരണ  വിശ്വാസി കുടുംബത്തിൽ ജനിച്ചു. വിദ്യാഭ്യാസം കഴിഞ്ഞ് കൊള്ളാവുന്ന വീട്ടിൽ കെട്ടിച്ചയച്ചു.  അവിടെ അവൾക്ക് എന്തിനെങ്കിലും കുറവുണ്ടായിരുന്നോ എന്ന്  എനിക്കറിയില്ല. "

" കുറവ് ........ കുറവും മാത്രം  "

അവളുടെ പേരന്റ്‌സ്  ആൺകുട്ടികളോട് മാത്രം  അമിതസ്നേഹം കാണിക്കുന്നവരായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ടത് പഠിക്കാനോ , ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ , ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാനോ , ഇഷ്ടമുള്ള ആളെ ജീവിത പങ്കാളിയാക്കാനോ  ഉള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. ......."

 "അവൾക്ക് *BTech* പഠിച്ച് എൻജിനീയറിങ് കോളേജ് അദ്ധ്യാപിക ആകുവാൻ ആയിരുന്നു ആഗ്രഹം.  പക്ഷേ എൻട്രൻസ് കോച്ചിംഗിന് വിടാനോ *BTech*  അഡ്മിഷന്   ശ്രമിക്കാനോ അവളെ അനുവദിച്ചില്ല. ബികോമിന് ചേർത്തത് പോലും അവളുടെ ഇഷ്ടപ്രകാരം ആയിരുന്നില്ല. "

"അത് ശരി:

"വിവാഹം പോലും അവളുടെ ഇഷ്ടത്തിന് ആയിരുന്നില്ല. എതിർത്തു നിൽക്കുവാനുള്ള ശക്തി അവർക്കുണ്ടായിരുന്നില്ല. ചെമ്പകശ്ശേരി തറവാട്ടിലെ പ്രതാപിയായ അദ്ധ്യാപകൻറെ മകനു മുന്നിൽ ശിരസ്സു കുനിച്ചു എന്നുമാത്രം. നല്ല സാമ്പത്തികവും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ചെമ്പകശ്ശേരി വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനമായിരുന്നു അവൾക്ക് . മറ്റുള്ളവരുടെ മുന്നിൽ അവളെ തരംതാഴ്ത്തി കാണിക്കുക ടീച്ചറമ്മയുടെ ഇഷ്ട വിനോദമായിരുന്നു .

"ടീച്ചറമ്മക്ക് അവളോട് വിരോധം തോന്നാൻ എന്താ കാരണം? "

" അറിയില്ല.
അവൾ വെച്ചുവിളമ്പി കൊടുത്ത ഭക്ഷണം എത്ര തവണയാണ് ടീച്ചറമ്മ  വലിച്ചെറിഞ്ഞിട്ടുള്ളത് .
മറ്റുള്ളവരുടെ മുമ്പിൽ അവളെ ഒരു പരിഹാസ കഥാപാത്രമാക്കി തീർത്തിട്ടുള്ളത്. ചിറകുകൾ
വെട്ടി മാറ്റപ്പെട്ട ഒരു പക്ഷിയെ പോലെ ആയിരുന്നു  അവൾ. ഒരിക്കലും ഉണങ്ങാത്ത രക്തമൊലിക്കുന്ന മുറിവുമായി ആണ് അവൾ അവിടെ ജീവിച്ചത് . "

"ഇതൊന്നും ചാനലുകളിൽ പറഞ്ഞു കേട്ടിട്ടില്ല "

"ചാനലുകാർക്ക് ആവശ്യം മസാലക്കഥകളാണ്. ലൈംഗിക ആസക്തി കൂടിയ കൊലയാളി . പണത്തിനോട് അമിതമായ ആർത്തിയുള്ള ഒരു സുന്ദരി .  അത്തരം കഥകൾ അവർ വിറ്റ്  കാശാക്കി. "

"അവളുടെ മുന്നിൽ വെച്ച് ഭർത്താവിനെ അപമാനിക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.  ഭർത്താവിൻറെ സമീപനമായിരുന്നു അവളെ അതിലേറെ  വിഷമിപ്പിച്ചത്. പ്രതികരിക്കേണ്ട സമയത്ത് നിസ്സംഗനായി ഇരിക്കുന്ന അദ്ദേഹത്തെ എത്ര തവണ അവൾ നിറകണ്ണുകളോടെ നോക്കിയിരുന്നിട്ടുണ്ട്. കിടപ്പറയിൽ എങ്കിലും ഒരു ആശ്വാസവാക്ക് അവൾ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല
. 'അമ്മയും അച്ഛനും ഇങ്ങനെയാണ്. നീ ഒന്നും മറുത്തു പറയാൻ നിൽക്കേണ്ട . എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നുറങ്ങുന്ന
അയാളെ എത്ര തവണ അവൾ പുച്ഛത്തോടെ നോക്കി നെടുവീർപ്പിട്ടിട്ടുണ്ട്. ഉറക്കമില്ലാതെ നിറഞ്ഞ കണ്ണുകളുമായി രാത്രികൾ തള്ളിനീക്കിയിരുന്ന അവളുടെ മനസ്സിലേക്ക് പകയുടെയും പ്രതികാരത്തിന്റെയും വിത്തുകൾ പാകിയതിൽ എല്ലാവർക്കും പങ്കുണ്ട്. അവൾ മനസ്സിൽ ആവിഷ്കരിച്ച പദ്ധതികൾ ഓരോന്നായി നടപ്പിലാക്കുവാൻ അവൾ കരുക്കൾ നീക്കിക്കൊണ്ടിരുന്നു.  വർഷങ്ങൾ കാത്തിരുന്ന്  ഓരോരുത്തരെയും ഇല്ലായ്മ ചെയ്തപ്പോൾ
അവൾ ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു "

"അവളെ ഒരു സീരിയൽ കില്ലർ ആയിട്ടാണ് പോലീസ് അവതരിപ്പിച്ചത് ഒരു സൈക്കോപ്പാത്ത്. "

"പോലീസിൻറെ ഭാഗത്തുനിന്ന് നോക്കിയാൽ അത് ശരിയാണച്ചോ .അവൾ ഒരു സൈക്കോപ്പാത്ത് ആണ് .
പൊതുസമൂഹത്തിനും നിയമവ്യവസ്ഥയ്ക്കും  സ്വീകാര്യമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം."

" അതെ ശിക്ഷിക്കപ്പെടണം. അവൾ ചെയ്ത കുറ്റങ്ങൾക്ക് കൊടുക്കാവുന്നത് മരണശിക്ഷ ആണെന്ന് സുപ്രീം കോടതി വരെ പറഞ്ഞുകഴിഞ്ഞു. അവളെ സ്വതന്ത്ര ആക്കിയാൽ അത് പൊതുസമൂഹത്തിന് നൽകുന്നത് തെറ്റായ ഒരു സന്ദേശമായിരിക്കും. "

" സൈക്കോപ്പാത്തുകളിൽ ഉള്ള കുറ്റവാസന ജനതികമായി കൈമാറ്റം ചെയ്യപ്പെട്ട് കിട്ടുന്നതു് വളരെ നിസ്സാര ശതമാനം മാത്രമാണ്.
അതായത് പാരമ്പര്യമായി ലഭിക്കുന്ന ക്രിമിനൽ സ്വഭാവം വളരെ ചെറിയ ശതമാനം മാത്രം .
അവളുടെ കുടുംബത്തിൽ ക്രിമിനൽ സ്വഭാവം ഉള്ളവർ ആരും ഉണ്ടായിരുന്നില്ല. സാഹചര്യങ്ങളാണ് അവളെ കുറ്റവാളി  ആക്കിയത്.   ഇത്തരം സാഹചര്യങ്ങൾ കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കപ്പെടാതിരിക്കാൻ നമുക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും.  സർക്കാരും പോലീസ് വകുപ്പും ക്രിമിനോളജിസ്റ്റുകളെ ഉപയോഗപ്പെടുത്തി പഠനങ്ങൾ നടത്തണം.. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും ഫാമിലി കൗൺസിലിംഗ് സെൻററുകളിലും  ഇത്തരം കാര്യങ്ങളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസ്സുകൾ നടത്തണം . സ്വഭാവ വൈചിത്ര്യമുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി അവർക്ക് കൂടുതൽ സ്നേഹവും കരുതലും നൽകിയാൽ ഇവയൊക്കെ ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്.
ഇന്ത്യൻ സാഹചര്യത്തിൽ അധികം സൈക്കോ പാത്തൂകൾ സൃഷ്ടിക്കപ്പെടാത്തത് ഇവിടെയുള്ള കുടുംബ ബന്ധങ്ങളുടെ ഭരതയും കെട്ടുറപ്പുമാണ്.''


"ഇതെല്ലാം ഈ പുസ്തകങ്ങളിലൂടെ നേടിയ അറിവുകളാണോ ജാൻസീ "
ജാൻസി മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

"സ്മാർട്ട് പേരന്റിങ്ങിനെ . കുറിച്ച് കേട്ടിട്ടില്ലേ. ഞാൻ അതിനെക്കുറിച്ചൊക്കെ പള്ളിയിൽ സംസാരിക്കാറുണ്ട്.  ശരിക്കും കുട്ടികളെ
വളർത്തുന്നതിൽ നമ്മുടെ സമൂഹത്തിന് ഒരു അമച്വർ കാഴ്ചപ്പാടാണുള്ളത് .
ജീവിത വിജയം നേടിയവരെ നമ്മൾ അനുകരിക്കാൻ ശ്രമിക്കുന്നു. അതനുസരിച്ച് കുട്ടികളിൽ രക്ഷകർത്താക്കൾ അടിച്ചേൽപിക്കുന്ന അച്ചടക്കത്തിന്റെ ചങ്ങലപ്പൂട്ടുകൾ പല കുട്ടികൾക്കും ഉൾക്കൊള്ളാനാവാതെ വരുന്നു. അവ കുട്ടികളുടെ ചിന്താഗതികളെ വികലമാക്കുന്നു. കുട്ടികളുടെ  താല്പര്യം പരിഗണിക്കാതെ പഠനത്തിലും ജീവിതത്തിലും  മുതിർന്നവരുടെ നിർദ്ദേശങ്ങൾ പലപ്പോഴും കുട്ടികൾക്ക് വലിയ മാനസിക പീഡനങ്ങൾ നൽകുന്നു. "

എല്ലാ പേരന്റ്‌സിനെയും അങ്ങനെ കരുതരുത്. പ്രഫഷണലായി ചിന്തിക്കുന്നവരും സമൂഹത്തിലുണ്ട്. "

"അവഗണനയും തിരസ്കാരവും അവൾ ധാരാളം അനുഭവിച്ചിട്ടുണ്ടാകും. പക്ഷേ എല്ലാത്തിനും പ്രതികാരം ചെയ്യാൻ ഇറങ്ങിയതാണ് തെറ്റായി പോയത്.  സ്നേഹം കൊണ്ട് അവരെ കീഴടക്കാമായിരുന്നു.  നല്ല പെരുമാറ്റം കൊണ്ട് അവരുടെ ആദരവ് നേടാമായിരുന്നു.  ധീരമായ,  ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ അവൾക്ക് ചെമ്പകശ്ശേരി തറവാടിനെ മുന്നിൽ നിന്ന് നയിക്കാമായിരുന്നു "

"എല്ലാ അടവും അവൾ പയറ്റി നോക്കിയതാണ്  അച്ചോ.
അവളുടെ  സ്നേഹവും നല്ല പെരുമാറ്റവും ഒരു കീഴടങ്ങലായാണ് അവർ കരുതിയത്.
അവളുടെ ബുദ്ധിപരമായ തീരുമാനങ്ങളെ അട്ടിമറിക്കുന്നതിൽ ടീച്ചറമ്മ എന്നും  ഉള്ളുകൊണ്ട് വളരെ ആഹ്ലാദിച്ചിരുന്നു. ചെമ്പകശ്ശേരി തറവാട്ടിലെ ഓരോരുത്തരായി മരിച്ചു വീഴുമ്പോഴും ആർക്കും സംശയം ഒന്നും ഉണ്ടായിരുന്നില്ല. ബൈജുവുമായുള്ള വിവാഹശേഷം
അവസാന ഇരയെയും മരണമെന്ന ഇരുട്ടിലേക്ക് പറഞ്ഞയച്ചു കഴിഞ്ഞപ്പോഴാണ്
ആദ്യ ഭർത്താവിൻറെ തറവാട്ട് സ്വത്ത് കൈക്കലാക്കാൻ ശ്രമം തുടങ്ങിയത് . അതും ബൈജുവിന്റെ നിർബന്ധം മൂലം.

ഒരു മാസം മുമ്പ്
ഞാൻ അവളെ ജയിലിൽ പോയി കണ്ടിരുന്നു.
അവിടെ വച്ചാണ് അവൾ പറഞ്ഞത് അവളുടെ അവസാനത്തെ ഇര ജീവിച്ചിരിക്കുന്നുവെന്ന് . അയാളെ കൊല്ലാനുള്ള പദ്ധതികൾ തയ്യാറാക്കി വരികയായിരുന്നു. അതിനിടയിലാണ് പോലീസ് അന്വഷണവും അറസ്റ്റും ഉണ്ടായത്.
അവൾക്ക് ഏറ്റവും പകയുള്ള വ്യക്തി സമൂഹത്തിൽ ഇപ്പോളും മാന്യനായിത്തന്നെ ജീവിച്ചിരിക്കുന്നു.
.
"ആരാണയാൾ ? ചെമ്പകശ്ശേരി തറവാട്ടിലെ ആരെങ്കിലുമാണോ ?"

"അല്ലച്ചോ . മറ്റൊരാൾ . അവളുടെ പതിനൊന്നാമത്തെ വയസ്സിൽ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തയാൾ. "

" ആരാണയാൾ. .................എന്നിട്ട് പരാതിപ്പെട്ടില്ലേ ?"

"പരാതിപ്പെടാനോ, വിവരമറിഞ്ഞ ഉടനേ അവളുടെ അച്ഛനും അമ്മയും അവളെ വീണ്ടും തല്ലിച്ചതക്കുകയാണ് ചെയ്തത്.  രഹസ്യമായി ചികിത്സിച്ച് ജീവൻ രക്ഷിച്ചു. സമൂഹത്തിൽ നല്ല പിടിപാടുള്ള വ്യക്തിയായിരുന്നു അവളെ റേപ്പ് ചെയ്തത്.

1986- ജൂലൈ മാസത്തിലെ ഒരു ഞായറാഴ്ച വേദപാഠ ക്ലാസ്സിന് പോയ അവൾ റേപ്പ് ചെയ്യപ്പെടുകയാണ്  ഉണ്ടായത്.

ലബ്ബക്കടയിലെ സെൻമേരിസ് പള്ളി അച്ഛൻ അറിയില്ലേ ?

അച്ഛൻറെ മുഖം വിവർണമായി.

ഒന്നും പറയാതെ കസേര വിട്ട് എഴുന്നേറ്റു.  അച്ഛൻറെ നെറ്റിയിലൂടെ വിയർപ്പു ചാലുകൾ ഒഴുകിയിറങ്ങി.  ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചപ്പോൾ വെള്ളം നെറുകയിൽ കയറി. ചുമച്ചു കൊണ്ട് തൂവാലയെടുത്ത് മുഖം തുടച്ചു. ജാൻസിയുടെ  മുഖത്തേക്ക് ഒരു പകപ്പോടെ നോക്കിയിട്ട് അച്ഛൻ ധൃതി വെച്ച് സ്റ്റെയർ കേസ്  ഇറങ്ങി താഴേക്കു നടന്നു. നടക്കുകയല്ല,  ഓടുകയായിരുന്നു. സ്റ്റെയർകെയ്സ് കയറി മുകളിലേക്ക്  വന്ന റോയിച്ചനെ ശ്രദ്ധിക്കാതെ അച്ചൻ അതിവേഗം  താഴെയെത്തി ബൈക്ക് സ്റ്റാർട്ട് ചെയ്തു.  ഹെൽമെറ്റ് തലയിൽ വെക്കുന്നതിനു മുമ്പ് ബാൽക്കണിയിലേക്ക് ഒന്ന്  പാളി നോക്കി.  ജാൻസിയുടെ ചിരിക്കുന്ന മുഖത്തേക്ക് ഒരു നിമിഷം നോക്കിയിട്ട് കൊടുങ്കാറ്റുപോലെ ബൈക്ക് ഓടിച്ചു
 പോകുന്നത് അവൾ നോക്കി നിന്നു .

പള്ളിയുടെ മുൻപിൽ ബൈക്ക് വെച്ച് അച്ചൻ അൾത്താരക്ക് മുൻപിൽ എത്തി.  മുട്ടുകുത്തി കുരിശു വരച്ച് പ്രാർത്ഥനയ്ക്ക് ശേഷം മേടയിലേക്ക് നടന്നു.  മേശപ്പുറത്ത് ക്രൂശിത രൂപത്തിന് മുൻപിൽ നിവർത്തി വെച്ചിരിക്കുന്ന  വിശുദ്ധഗ്രന്ഥം.  കത്തിത്തീർന്ന മെഴുകുതിരി .   ഒരു ചുളിവ് പോലും പറ്റാത്ത കിടക്കവിരികൾ . ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ നിറഞ്ഞ ചില്ലിട്ട തടിയലമാര. നിറമുള്ള ജനൽ കർട്ടനുകൾ . ജഗ്ഗിൽ നിന്ന് അൽപം  വെള്ളമെടുത്ത് കുടിച്ചിട്ട് കുറച്ചുനേരം കട്ടിലിൽ മലർന്നു കിടന്നു. സീലിംഗിൽ  അതിവേഗം കറങ്ങുന്ന ഫാനിന് ശരീരത്തെ  തണുപ്പിക്കാൻ ആവുന്നില്ല എന്ന് തോന്നി.

 പുറത്ത് കാൽപെരുമാറ്റം കേട്ട് തലയുയർത്തി നോക്കി. കപ്പിയാർ ആൻറപ്പനാണ് .

"അച്ചാ സമയമായി "

വാൾ ക്ലോക്കിൽ സമയം ആറുമണി വാഷ്ബേസിനിൽ  കയ്യും മുഖവും കഴുകി ടൌവ്വലെടുത്ത് മുഖം തുടച്ചു . കുറച്ച് ടാൽക്കം പൗഡർ മുഖത്ത് പൂശി. അലമാര തുറന്ന് തേച്ചു മടക്കി വച്ചിരിക്കുന്നു ളോഹ എടുത്തണിഞ്ഞ്  കണ്ണാടിക്കു മുന്നിൽ നിന്ന് ബട്ടണുകൾ ഇടുമ്പോഴാണ് ളോഹയിൽ പറ്റിയിരിക്കുന്ന രക്തക്കറ കണ്ണിൽപ്പെട്ടത്. ഇതെങ്ങനെ ളോഹയിൽ രക്തക്കറ പറ്റി എന്ന് ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല. ആ ളോഹ മാറ്റി പകരം ഒന്ന് എടുത്തു. അതും  നിവർത്തിയപ്പോൾ അതിലും രക്തക്കറ.നോക്കുന്നയിടത്തെല്ലാം രക്തവർണ്ണം. ഭിത്തികളിൽ, കിടക്കവിരികളിൽ , ഫർണിചറുകളിൽ , കർട്ടനുകളിൽ എല്ലാം ചുവപ്പ് നിറം വ്യാപിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന ട്യൂബ് ലൈറ്റ് ചുവന്ന പ്രകാശം പുറപ്പെടുവിക്കുന്നു. രക്തവർണ്ണക്കാഴ്ചകളിൽ നിന്ന് രക്ഷപ്പെടുവാനായി കൈത്തലം കൊണ്ട് കണ്ണ് പൊത്തി. മുഖത്ത് രക്തത്തിന്റെ നനവും ഗന്ധവും. കൈപ്പത്തിക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തം മുഖത്തു കൂടി ശരീരത്തിലേക്ക് പടർന്നു കൊണ്ടിരുന്നു.