Tuesday 31 December 2019

മാദ്ധ്യമ വിചാരണ

മാദ്ധ്യമ  വിചാരണ
      കനത്ത മഴ പെയ്യുന്ന ഒരു  കർക്കിടക രാത്രി.  മലയോര ഗ്രാമത്തിലെ ബസ്റ്റോപ്പിൽ രാത്രി എട്ടുമണി കഴിഞ്ഞാൽ പിന്നെ ആൾസഞ്ചാരം തീരെ കുറവാണ് . ചില തട്ടുകടകളും സത്താറിൻറെ പലചരക്ക് കടയും മാത്രം തുറന്നിരിക്കും. ഏഴ് മണിക്കുള്ള കെഎം ട്രാവൽസ് എന്ന സ്വകാര്യ ബസ്സാണ് ആലപ്രയിലേക്കുള്ള  അവസാന വണ്ടി.  ചെറിയ പട്ടണത്തിലെ ടാക്സി ഓട്ടം കഴിഞ്ഞാൽ അഫ്സലിന്റെ രാത്രി ട്രിപ്പ് ആലപ്രയിലുള്ള വീട്ടിലേക്ക് ആയിരിക്കും.  രാവിലെയും വൈകിട്ടും സ്കൂൾകുട്ടികളെ കൊണ്ടുവിടുക,  പിന്നീടുള്ള സമയം കവലയിൽ ടാക്സിയോടുക.  ഇതാണ് അയാളുടെ ജോലി. രാത്രി ഒമ്പത് മണിവരെ അഫ്സൽ കവലയിൽ കാത്തു കിടക്കും. ഒമ്പത്  മണിയോടുകൂടി ടാക്സി ജീപ്പിൽ ആളുകൾ നിറയും.  എല്ലാവരും പരിചയക്കാർ ആയതിനാൽ ബസ്സുകൂലിക്ക് തുല്യമായ തുക മാത്രമേ  അഫ്സൽ വാങ്ങിക്കാറുള്ളൂ.
       സത്താറിന്റെ പലചരക്ക് കടയിൽ പുറത്ത് നിരത്തി വച്ചിരുന്ന പച്ചക്കറിക്കുട്ടകൾ പണിക്കാരൻ എടുത്ത് അകത്ത് വച്ച് ഷട്ടർ താഴ്ത്തി കടപൂട്ടി. ഒരു  സിഗരറ്റിനു തീ കൊടുത്തു നിൽക്കുകയാണ് സത്താർ.  ശക്തിയേറിയ മഴത്തുള്ളികൾ ടാർ റോഡിൽ വീണ്  ചിന്നിച്ചിതറുന്നത്  തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ വ്യക്തമായി കാണാം.  കടയോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന ബുള്ളറ്റ്. റെയിൻ കോട്ടും ഹെൽമറ്റും അണിഞ്ഞ ബുള്ളറ്റ്  യാത്രികൻ  കടവരാന്തയിൽ നിന്ന് സിഗരറ്റ് പുകയ്ക്കുന്നു.
     “ആലപ്ര ..... ആലപ്ര ......”  അഫ്സലിന്റെ   സഹായിയും ടാക്സി ജീപ്പിലെ കിളിയുമായ  നാസർ ഉറക്കെ വിളിച്ചു. തട്ടുകടയിൽ  സംസാരിച്ചു നിന്ന രണ്ടു പേർ കൂടി ഓടി വന്ന് ജീപ്പിൽ കയറി. ജീപ്പ്  സ്റ്റാർട്ട് ആയി. അഫ്സൽ  ഒരു തൂവാല എടുത്ത് ഗ്ലാസ് വൃത്തിയാക്കി. മൂടൽ മഞ്ഞ് ഉള്ളതിനാൽ ഹെഡ് ലൈറ്റ്  വെളിച്ചം അധികം ദൂരേക്ക്  പോകുന്നില്ല.  ജീപ്പ് സാവധാനം നീങ്ങി.  കയറ്റവും ഇറക്കവും നിറഞ്ഞ മലയോരഗ്രാമറോഡ് നിറയെ കുഴികൾ ആയിരുന്നു. കുത്തിയൊഴുകുന്ന മഴവെള്ളം. പല സ്ഥലത്തും നിർത്തി ആളെ ഇറക്കിയും കയറ്റിയും വണ്ടി സാവധാനം മുന്നോട്ടുപോയി. ഇടയ്ക്ക് ഒരു കാറും രണ്ട് ടൂവീലറും  ജീപ്പിനെ മാറി കടന്നു പോയി.  ആലപ്രയിലെ  അവസാന സ്റ്റോപ്പായ  ക്ഷേത്രത്തിനു സമീപം വണ്ടി  എത്തിയപ്പോൾ മഴ മാറിയിരുന്നു.  എല്ലാവരും ഇറങ്ങിയെങ്കിലും ഒരു പെൺകുട്ടി മാത്രം ജീപ്പിനുള്ളിൽ തന്നെ ഇരിക്കുന്നു.
       "കൊച്ചേ,  വണ്ടി ഇവിടം വരെ ഉള്ളൂ. ഇറങ്ങിക്കൊള്ളൂ. " പെൺകുട്ടി ഭയചകിതയായി ജീപ്പിൽ നിന്നിറങ്ങി ചുറ്റും പകച്ച് നോക്കി.
       "കൊച്ച് ഏതാ ? ഏതു വീട്ടിലാണ് പോകേണ്ടതു്?......." 
നാസറിന്റെ  ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.  ഗ്രാമത്തിലെ എല്ലാവർക്കും പരസ്പരം അറിയാമെങ്കിലും ഈ പെൺകുട്ടിയെ ആർക്കും മനസ്സിലായില്ല.  അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു.  സങ്കടവും നിരാശയും ഭയവും നിറഞ്ഞ മുഖഭാവം. പെൺകുട്ടി ജീപ്പ് ഓടി വന്ന താഴ്‌വാരത്തേക്ക് ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ആരെയോ പ്രതീക്ഷിക്കുന്നതു് പോലെ.   
     "കൊച്ച് ആരെയാണ് നോക്കുന്നത്.  ആരെങ്കിലും ഇവിടെ കാത്തു നിൽക്കാമെന്ന് പറഞ്ഞിരുന്നോ.?  നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചു ചോദിക്കൂ.”
      അഫ്സൽ പെൺകുട്ടിയെ സംശയദൃഷ്ടിയോടെയാണ് നോക്കിയത്.
"...... നീ ആരാണ് ?...... എന്താണ് നിന്റെ  പേര് ?..... ഏതു വീട്ടിലാണ് നിനക്ക് പോകേണ്ടത് ?-........ എവിടെനിന്നു വരുന്നു ?...... ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ ....."
   ജീപ്പിൽ വന്ന് ഇറങ്ങിയവരൊക്കെ വട്ടം കൂടി നിന്ന്  ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനും വ്യക്തമായ മറുപടി പറയാതെ അവൾ കരച്ചിലിന്റെ വക്കത്ത്  എത്തിയിരുന്നു . ആരെയോ പ്രതീക്ഷിക്കുന്നതുപോലെ അവൾ റോഡിൻറെ അറ്റത്തേക്ക് വീണ്ടും വീണ്ടും  നോക്കുന്നുണ്ടായിരുന്നു. ജീപ്പിൽ  വന്ന യാത്രക്കാർ ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി.
    "അഫ്സലിക്കാ ...... ഇനി എന്ത് ചെയ്യും ...... ഈ കൊച്ചിനെ കൊണ്ടുപോയി പോലീസിലേൽപ്പിച്ചാലോ ?....''
 അഫ്സൽ ഒന്നും മിണ്ടിയില്ല.
     " അല്ലെങ്കിൽ വേണ്ട ഇക്കാ.  ഒറ്റയ്ക്ക് ഒരു പെണ്ണിനെ ........അതും ഈ രാത്രിയിൽ ........ അതുമല്ല,  പത്തു മൈൽ വണ്ടി ഓടിക്കണം.  കാറ്റും മഴയും കാരണം മരങ്ങൾ ഒടിഞ്ഞുവീണു റോഡ് ബ്ലോക്ക് ആയിട്ടുണ്ട് എന്ന് കവലയിൽ  പറയുന്നത് കേട്ടു. "
       " ഇനിയെന്ത് ചെയ്യും നാസർ ...?"
    " ഒരു കാര്യം ചെയ്യാം. ഈ കൊച്ചിനെ അഫ്സൽ ഇക്കയുടെ വീട്ടിൽ തന്നെ കൊണ്ടുപോകാം.  അവിടെ സുബൈദ താത്ത  ഉണ്ടല്ലോ.  ഇന്ന് രാത്രി അവിടെ തങ്ങട്ടെ. രാവിലെ ആദ്യത്തെ ബസ്സിൽ തന്നെ കയറ്റി വിടാം. "
    "എങ്കിൽ ശരി. ഞങ്ങൾ പോണു "
    അടുത്ത് നിന്നിരുന്ന നാരായണേട്ടനും ചാക്കോയും  അന്തോണിച്ചനും അവരവരുടെ വീട്ടിലേക്ക് നടന്നു.
     ജീപ്പ് ഒതുക്കിയിട്ട്  അഫ്സലും നാസറും പെൺകുട്ടിയേയും കുട്ടി ഇടവഴിയിലൂടെ  അഫ്സലിന്റെ വീട്ടിലേക്ക് നടന്നു. അഫ്സലിന്റെ  ഭാര്യ സുബൈദ ആദ്യം സംശയത്തോടെയാണ് പെൺകുട്ടിയെ നോക്കിയത്.  എങ്കിലും ഉണ്ടായ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ മനസ്സലിഞ്ഞു.  സുബൈദയുടെ ചോദ്യങ്ങൾക്ക് അവൾ വ്യക്തമായി മറുപടി പറഞ്ഞില്ല.  പെൺകുട്ടിയുടെ കണ്ണുനീരും  നിസ്സഹായാവസ്ഥയും സുബൈദയെകൊണ്ട് അധികം ചോദ്യങ്ങൾ ചോദിപ്പച്ചില്ല.  അതിഥിയെ മാന്യമായിത്തന്നെ സ്വീകരിച്ച് അത്താഴശേഷം അവർ  ഉറങ്ങാൻ തയ്യാറെടുത്തു.  പെൺകുട്ടിക്ക് കട്ടിലും മെത്തയും നൽകിയിട്ട്  അവർ അടുത്ത മുറിയിൽ തറയിൽ പായ വിരിച്ച് ഉറങ്ങാൻ കിടന്നു. പുലർച്ചെ ഉണർന്ന സുബൈദ ആദ്യം തന്നെ പെൺകുട്ടി കിടന്ന കട്ടിലിൽ ചെന്ന് നോക്കി. കട്ടിൽ കാലിയായിരുന്നു.  പെൺകുട്ടിയു ബാഗും അവിടെ  ഉണ്ടായിരുന്നില്ല. ക്ഷേത്രമുറ്റത്തു നിന്ന് ആദ്യം ബസ് പുറപ്പെടുന്നതിന്റെ  ഹോണടി കേട്ട് പെൺകുട്ടി ആരെയും ശല്യപ്പെടുത്താതെ പോയിട്ടുണ്ടാവും എന്ന് സമാധാനിച്ചു. 
        രണ്ട് ദിവസത്തിനുശേഷം കുട്ടികളുമായി സ്കൂളിലെത്തുമ്പോൾ ഒരു പോലീസ് ജീപ്പ് സ്കൂളിനടുത്ത് കിടപ്പുണ്ടായിരുന്നു. ജീപ്പിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾക്ക് ബാഗ് എടുത്ത് കൊടുക്കുകയായിരുന്നു നാസർ. ഒരു പോലീസുകാരൻ അവരുടെ അടുത്തേക്ക് വന്നു.
        "ആരാണ് അഫ്സൽ ? "
 " ഞാനാണ് സർ " , അഫ്സൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ചാടി ഇറങ്ങി
      "കഴിഞ്ഞ ദിവസം  രാത്രിയിൽ ഒരു പെൺകുട്ടി നിൻറെ വണ്ടിയിൽ വന്നിരുന്നോ.   ആലപ്രയിലേക്ക് ...?." 
    "ഉവ്വ് സാർ. "
  " അവളെവിടെ ?"
  " ആ കൊച്ച് മിനിഞ്ഞാന്ന് രാത്രി എൻറെ വീട്ടിലാണ് തങ്ങിയത്.   ഫസ്റ്റ് ബസ്സിൽ തന്നെ തിരിച്ചു പോയി. "
" എവിടെപ്പോയി?"
 "അറിയില്ല സാർ. ഞങ്ങൾ ഉറക്കം ഉണർന്നപ്പോൾ അവളെ കാണാനില്ല. കതക്  തുറന്നു കിടക്കുകയായിരുന്നു. ആദ്യത്തെ  ബസ്സിൽ തന്നെ പോയി കാണും. "
    " എന്താണ് അവളുടെ പേര്  പറഞ്ഞത്.?"
      "നാൻസി എന്നാണ് പറഞ്ഞത് "
   "എവിടുന്ന് വരികയാണന്ന് പറഞ്ഞു?" 
   "പട്ടണത്തിൽ നിന്നാണന്നാണ്  പറഞ്ഞത്.  ഒരു കൂട്ടുകാരിയുടെ വീട്ടിൽ വന്നതാണന്ന് പറഞ്ഞു.”
"ഏതു കൂട്ടുകാരിയുടെ ?"
" അറിയില്ല സാർ "ഇതാണോ ആ പെൺകുട്ടി ?"
പോലീസുകാരൻ  മൊബൈൽഫോണിൽ കാണിച്ച  ചിത്രത്തിലേക്ക് അഫ്സൽ  നോക്കി.
   "ഈ കുട്ടി തന്നെയാണ് സാർ "
   "നീയൊന്ന് സ്റ്റേഷൻ വരെ വരണം. ഒരു സ്റ്റേറ്റ്മെൻറ്  എഴുതി തരേണ്ടി വരും. "
 പോലീസ് സ്റ്റേഷനുമുന്നിൽ നല്ല ആൾ കൂട്ടം ഉണ്ടായിരുന്നു. എല്ലാവരുടെയും നോട്ടം അഫ്സലിനെയും നാസറിനെയും  ആയിരുന്നു. ഒരു കുറ്റവാളിയെപ്പോലെ ജനക്കൂട്ടം അവരെ  തുറിച്ചു നോക്കുകയും മൊബൈലിൽ ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  സ്റ്റേഷനിൽ ചാക്കോയും നാരായണേട്ടനും അന്തോണിച്ചനും നിൽപ്പുണ്ടായിരുന്നു.  എല്ലാവരും അന്ന് രാത്രി ട്രിപ്പിൽ ജീപ്പിൽ  ഉണ്ടായിരുന്നവർ.
     "ഇവരെല്ലാം ആ പെൺകുട്ടിയെ നിൻറെ വീട്ടിലേക്ക് രാത്രി കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടവരാണ്. പിന്നെ അവളുടെ ശവം ആണ് കാണുന്നത്. സത്യം പറയണം.  നീ എങ്ങനെയാണ് അവളെ കൊന്നത് ?"
   " അയ്യോ ....ആ കൊച്ചു മരിച്ചോ?"
    അഫ്സൽ പറഞ്ഞു തീരുന്നതിനു മുമ്പ് സബ്ഇൻസ്പെക്ടറുടെ അടി അവൻറെ കരണത്ത് പതിച്ചു. അപ്രതീക്ഷിതമായ അടിയേറ്റ അഫ്സൽ തറയിൽ കുഴഞ്ഞുവീണു.  പിന്നെ അടിയുടെയും ഇടിയുടെയും പൂരമായിരുന്നു.   കാക്കി വേഷം ധരിച്ച് കൈകൾ ഉയർന്നുതാണു.  ബൂട്ട്സിട്ട കാലുകൾ അഫ്സലിന്റെയും നസീറിന്റെയും കൈപ്പത്തികൾ ചവിട്ടി ഞെരിച്ചു. ബോധരഹിതരായി ഇരുവരും തറയിൽ കിടന്നു.
  'നാൻസി കൊലപാതകം. ആലപ്ര സ്വദേശിയായ ടാക്സിഡ്രൈവർ അഫ്സലും സഹായി നാസറും അറസ്റ്റിൽ ' 
  ടിവി വാർത്താചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ്.  ചാനൽ വാർത്താ അവതാരകൻ ചില കാഴ്ചകൾ സംപ്രേഷണം ചെയ്യുന്നു. നാസറും അഫ്സലും പോലീസ് ജീപ്പിൽ നിന്നിറങ്ങുന്ന രംഗങ്ങൾ. സ്കൂൾ കുട്ടികളെ കയറ്റിയ ഒരു ജീപ്പ് സ്കൂളിന് മുന്നിലേക്ക് ഓടി വരുന്ന ദൃശ്യങ്ങൾ.
 ചാനൽ അവതാരകൻ സ്വയം തെരഞ്ഞെടുത്ത കഥകൾ അത്യന്തം ഉത്സാഹത്തോടെ അവതരിപ്പിച്ചുകൊണ്ടേയിരുന്നു.  അന്തിച്ചർച്ചയിൽ പ്രമുഖർ അണിനിരന്നു.  രാഷ്ട്രീയ നിരീക്ഷകർ , സ്ത്രീപക്ഷവാദികൾ, സ്വതന്ത്രചിന്തകർ ,  റിട്ടയർ ചെയ്ത  പോലീസ് മേധാവികളും ക്രിമിനൽ വക്കീലന്മാരും ,  നാട്ടുകാരും . അഫ്സലിന്റെ ജീപ്പിൽ  കുട്ടികളെ സ്കൂളിൽ അയക്കുന്ന  രക്ഷിതാക്കൾ മുതൽ പലരും. അഫ്സലിന്റെ പെരുമാറ്റത്തിൽ അസ്വഭാവികത കലർന്നിരുന്നതായി പലരും സമർത്ഥിച്ചു.  സ്കൂൾ കുട്ടികളുടെ മുഖങ്ങൾ ടിവി അവതാരകൻ പല തവണ സംപ്രേഷണം ചെയ്തു കൊണ്ടിരുന്നു.
       ആഭ്യന്തരവകുപ്പിന്റെ  കെടുകാര്യസ്ഥത.  പ്രതികളെ   രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഉന്നത രാഷ്ട്രീയ പോലീസ് അധികാരികളുടെ മാഫിയാ പ്രവർത്തനം.  അഫ്സൽ എന്ന മുസ്ലിം യുവാവിന്റെ  തീവ്രവാദികളും ആയുള്ള ബന്ധം എൻ. ഐ. എ അന്വേഷിക്കണമെന്ന  ആവശ്യം  ശക്തമായി.
  പ്രതികളെകൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ ക്രൂരമായ മർദ്ദനമാണ്  പോലീസ് പ്രയോഗിച്ചത്.   ശാസ്ത്രീയമായ കുറ്റാന്വഷണ രീതികൾ ലോകരാജ്യങ്ങളിൽ മുഴുവൻ   നിലനിൽക്കുമ്പോൾ കേരള പോലീസിലെ ഒരു വിഭാഗം എപ്പോഴും മൂന്നാം മുറ പ്രയോഗത്തിൽ  തന്നെ വിശ്വസിക്കുന്നു.  കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന രീതി തന്നെയാണ് പോലീസ് പിൻതുടർന്നത്. ഏതെങ്കിലും  ഒരു വ്യക്തിയെ പ്രതിയെന്ന പേരിൽ അറസ്റ്റ് ചെയ്ത് മാദ്ധ്യമങ്ങളുടെ  മുന്നിൽ അവതരിപ്പിച്ച് തൽക്കാലത്തേക്ക് ബഹളങ്ങൾ അവസാനിപ്പിക്കുക  എന്നതായിരുന്നു പോലീസ് ലക്ഷ്യമാക്കിയത്.
     മർദ്ദനമേറ്റ് പല തവണ ബോധം നഷ്ടപ്പെട്ട് തറയിൽ പതിച്ചിട്ടും  കുറ്റം സമ്മതിക്കാൻ അഫ്സലും നാസറും  തയ്യാറായില്ല. രാത്രിയിൽ പരിചയമില്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടുപോയ ആ പെൺകുട്ടിയോട് സ്നേഹത്തോടെ പെരുമാറിയതും അഭയം നൽകിയതും ആണ് വിനയായത്.  അവളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകൾ ആണ് അവള്‍ക്ക് സ്വന്തം വീട്ടിൽ അഭയം നൽകാൻ കാരണം.  രാത്രിയില്‍  ബോധംകെട്ടു ഉറങ്ങിയതാണ് അവൾ  ഇറങ്ങിപ്പോയത് അറിയാതിരിക്കാനുള്ള കാരണം. 
      എങ്കിലും എപ്പോഴായിരിക്കും അവൾ  ഇറങ്ങിപ്പോയിട്ടുണ്ടാവുക.  ആരെങ്കിലും അവളെ വിളിച്ചിറക്കി കൊണ്ടു പോയതായിരിക്കുമോ .  ആരെങ്കിലും കാത്തുനിൽക്കും എന്ന് നേരത്തേ പറഞ്ഞിട്ടുണ്ടാവുമോ. കനത്ത മഴയും കാറ്റും കാരണം അവർക്ക് സമയത്ത്  എത്താൻ സാധിച്ചിട്ടുണ്ടാവില്ല.  രാത്രിയിൽ മൊബൈൽ ഫോൺ റിങ് ചെയ്യുന്ന  ശബ്ദം ഒന്നും  കേട്ടിരുന്നില്ല. എങ്കിലും ആരായിരിക്കും രാത്രിയിൽ അവളെ തേടി വന്നിട്ടുണ്ടാവുക.  ഒരു  കൂട്ടുകാരൻ, അല്ലെങ്കിൽ കൂട്ടുകാരി. ആരാണ് അവളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്  അഫ്സലിനെ ചിന്തകൾ അനന്തമായി നീണ്ടു.
            കൂക്കി വിളിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിനെ  അഫ്സൽ കണ്ടു.  അതിനിടയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച പുരോഹിതന്മാരും,  ഫ്ലാറ്റ് പീഡന കേസിൽ പെട്ട തന്ത്രിയും ,  കുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകനും , ചാനൽ ചർച്ചകളിൽ അസഭ്യം മാത്രം വിളിച്ചുപറയുന്ന രാഷ്ട്രീയനേതാവും ,  സൗരോർജ്ജത്തിന്റെ  പേരിൽ ശരീരം വിറ്റു നടന്ന അഭിസാരികയും നിൽക്കുന്നതായി അഫ്സലിന് തോന്നി.

മുന്നിൽ അന്ധകാരം മാത്രം.  ഭാവിയെക്കുറിച്ചോ  അടുത്ത ദിവസത്തെക്കുറിച്ചോ  അടുത്ത നിമിഷത്തെക്കുറിച്ചോ  പോലും ചിന്തിക്കുവാൻ ആവാതെ അഫ്സൽ ലോക്കപ്പിന്റെ മൂലയിൽ ചുരുണ്ടുകൂടി  കിടന്നു. അടുത്ത ദിവസങ്ങളിൽ പോലീസ് ജീപ്പിൽ അവരെ തെളിവെടുപ്പിനായി  പല സ്ഥലത്തും  കൊണ്ടുപോയി.
   ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും കൊല്ലപ്പെട്ട നാൻസി എന്ന പെൺകുട്ടിയെയും അഫ്സലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും പോലീസിന് കണ്ടുപിടിക്കാനായില്ല. ടാക്സി ഓടിച്ച്  ഉപജീവനം നടത്തുന്ന ആ ചെറുപ്പക്കാർ നാൻസിയെ എവിടെ  വച്ച് കണ്ടുമുട്ടി. ഒരു കൊലപാതകത്തിലേക്ക് നയിക്കാനുള്ള പക എങ്ങിനെയുണ്ടായി. മരണത്തിന് മുമ്പ് ലൈംഗിക അതിക്രമം ഒന്നും  നേരിട്ടിരുന്നില്ല എന്നായിരുന്നു  പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  ദേഹത്തിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങൾ സമീപത്ത് കിടന്ന ബാഗിൽ നിന്ന് കണ്ടെടുത്ത പണവുമെല്ലാം ധനാപഹരണം അല്ല കൊലപാതകമെന്ന് ഉറപ്പിക്കുന്നത് ആയിരുന്നു.
 എങ്ങനെ ആയിരുന്നു മൊബൈൽ ഫോണും സിസിടിവി യും വരുന്നതിനുമുമ്പ് പോലീസ് കുറ്റകൃത്യങ്ങൾ തെളിയിച്ചിട്ടുണ്ടാവുക. വിരലടയാളങ്ങളെയും പോലീസ് നായകളെയും ആശ്രയിച്ച് എങ്ങനെയാണ് കുറ്റാന്വേഷണം നടത്തിയിട്ട് ഉണ്ടാവുക.  സംശയം തോന്നുന്നവരെ പിടിച്ചു ഭേദ്യം  ചെയ്ത്  കുറ്റം സമ്മതിപ്പിക്കുക. തെളിവുകളും സാക്ഷികളും ഉണ്ടാക്കി കുറ്റപത്രം നൽകുക. ചിലപ്പോൾ ശിക്ഷിക്കപ്പെടും. ചിലപ്പോൾ വെറുതെ വിട്ടുവെന്നും വരാം. ഇവിടെ വളരെയധികം സാഹചര്യ തെളിവുകൾ  ഉണ്ടായിരുന്നെങ്കിലും  ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത പ്രതികൾക്കെതിരെ വിശ്വസനീയമായ ഒരു കൃത്രിമ തെളിവും  സൃഷ്ടിച്ചെടുക്കാൻ പൊലീസിനായില്ല.
       സബ്ജയിൽ എന്ന കുറ്റവാളികളുടെ ലോകം. മോഷണവും  ഗുണ്ടായിസവും, വിശ്വാസവഞ്ചനയും, സാമ്പത്തികത്തട്ടിപ്പും, പിമ്പ്  പണിയും ചെയ്ത് ജീവിച്ചിരുന്നവർ.  ജാമ്യം നിഷേധിക്കപ്പെട്ടവരും  ജാമ്യത്തിലെടുക്കാൻ ആരുമില്ലാത്തവരും വിചാരണ കാത്ത് കഴിയുന്നു. പുറത്തുള്ള അവരുടെ  ലോകത്തേക്കാൾ സുരക്ഷിതത്വം അവർക്ക് ഇവിടെ കിട്ടുന്നുണ്ട്. നല്ല ഭക്ഷണവും വിശ്രമവും ഉറക്കവും കിട്ടുന്ന മറ്റൊരു ലോകം. ഉറ്റവരിൽ നിന്ന് അകന്ന് കഴിയുന്ന  അവരുടെ മുഖത്ത് വിട്ടൊഴിയാത്ത  കടുത്ത നിരാശ വ്യക്തമായിരുന്നു.  രാജ്യത്തെ മൊത്തമായി ഒറ്റുകൊടുത്ത വരും ജനങ്ങളെ വിൽപന ചരക്കാക്കിയവരും വർഗീയ വിഷം കുത്തിവെച്ച് ജനങ്ങളെ പരസ്പരം പോരടിപ്പിക്കുന്ന  ആധുനിക രാജ്യസ്നേഹികളും  പുറത്ത് മാന്യമായി ജീവിക്കുന്നു.  അവരുടെ സമ്പാദ്യം സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ കുമിഞ്ഞുകൂടുന്നു.  അവർക്ക് രാഷ്ട്രത്തിൻറെ പരമോന്നത ബഹുമതികൾ നൽകി ആദരിക്കപ്പെടുന്നു.
          നാളുകളായി വിചാരണ തടവുകാരായി സബ് ജയിലിനുള്ളിൽ.  നല്ല വക്കീലിനെ കണ്ടെത്തി കേസ്  നടത്താനാവാതെ, ജാമ്യത്തിന് അപേക്ഷിക്കുകപോലും ചെയ്യാനാവാതെ  മാസങ്ങളോളം തടവറയ്ക്കുള്ളിൽ.  ഇടയ്ക്കിടെ പോലീസ്  തെളിവെടുപ്പിനായി പല സ്ഥലങ്ങളിൽ കൊണ്ടുപോകുന്നു.  മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നു.

സഹതടവുകാരില്‍ നിന്നുമാണ് അഫ്സല്‍ ആ വാര്ത്ത  അറിയുന്നത്. ഏതോ മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യപ്രകാരം  ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതും  സമഗ്ര അന്വേഷണം നടക്കുന്നതും. 
        മാസങ്ങൾക്ക് ശേഷം യഥാർത്ഥ പ്രതികൾ  പിടിയിലാവുന്നു.  രക്ഷകനാവുന്നതു് കവലയിലെ പലചരക്ക് കടയിലെ CCTV ദൃശ്യങ്ങൾ. അന്ന് രാത്രിയിലെ മഴ തുടങ്ങിയപ്പോൾ ടൂവീലറിൽ വന്ന പുരുഷനും പെൺകുട്ടിയും കടവരാന്തയിൽ കയറി നിൽക്കുന്നതിന്റെയും കുറച്ച് സമയത്തിന് ശേഷം പെൺകുട്ടി ജീപ്പിൽ കയറി ഇരിക്കുന്നതിന്റെയും ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ചിന്  ലഭിക്കുന്നു. ജീപ്പ് പുറപ്പെട്ടതിന് പിന്നാലെ ടൂവീലർ സ്റ്റാർട്ട് ചെയ്ത് പോകുന്നതിന്റെയും നാല് മണികൂറിന് ശേഷം ഇരുവരും ടൂവീലറിൽ മടങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് കണ്ടെടുക്കുന്നു. ടൂവിലറിന്റെ രജിസ്ട്രേഷൻ നമ്പർ പിൻതുടർന്നുള്ള അന്വഷണമാണ് ക്രൈം ബ്രാഞ്ചിനെ യഥാർത്ഥ  പ്രതിയിലേക്ക് എത്തിച്ചത്.   
       യഥാർത്ഥ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും അഫ്സലിനെയും നാസറിനെയും പ്രതിസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനും ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യുന്നു. കോടതി  നടപടികൾക്ക് ശേഷം അഫ്സലും നാസറും സ്വതന്ത്രരായി  പുറത്തെത്തുമ്പോൾ കൂകി വിളിക്കുന്ന ജനക്കൂട്ടം ഉണ്ടായിരുന്നില്ല. ചാനലുകാരുടെ ക്യാമറക്കണ്ണുകൾ ഉണ്ടായിരുന്നില്ല.  മെലിഞ്ഞുണങ്ങിയ രണ്ടു മനുഷ്യജീവികൾ മാത്രം.  സുബൈദയും നാസറിന്റെ  ഉമ്മയും.  അഫ്സൽ സുബൈദയുടെ കണ്ണുകളിലേക്ക് നോക്കി.  കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ. പട്ടിണിയും ദുഃഖവും നിരാശയും മൂലം ജീവച്ഛവം പോലെ രണ്ട് മനുഷ്യ കോലങ്ങൾ. അഫ്സൽ  അവളുടെ തോളിൽ തല ചായ്ച്ചു തെരുവിലേക്ക് മുടന്തി മുടന്തി നടന്നു.
പടിഞ്ഞാറേ ചക്രവാളത്തിൽ അന്തിച്ചുവപ്പ് ഇരുട്ടിന് വഴി മാറിക്കൊണ്ടിരുന്നു. ചേക്കേറാനായി പറന്നകലുന്ന കിളികളെ നോക്കി കായൽക്കരയിലെ വാകമരച്ചോട്ടിൽ അവർ ഇരുന്നു.

27 comments:

 1. ഇവിടിങ്ങനാണ് ബായ്. നല്ല കഥ ഇഷ്ടായി.


  ആഭ്യന്തരവകുപ്പിന്റെ കെടുകാര്യസ്ഥത. പ്രതികളെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഉന്നത രാഷ്ട്രീയ പോലീസ് അധികാരികളുടെ മാഫിയാ പ്രവർത്തനം. അഫ്സൽ എന്ന മുസ്ലിം യുവാവിന്റെ തീവ്രവാദികളും ആയുള്ള ബന്ധം എൻ. ഐ. എ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.
  |പ്രതികളെകൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ ക്രൂരമായ മർദ്ദനമാണ് പോലീസ് പ്രയോഗിച്ചത്. ശാസ്ത്രീയമായ കുറ്റാന്വഷണ രീതികൾ ലോകരാജ്യങ്ങളിൽ മുഴുവൻ നിലനിൽക്കുമ്പോൾ കേരള പോലീസിലെ ഒരു വിഭാഗം എപ്പോഴും മൂന്നാം മുറ പ്രയോഗത്തിൽ തന്നെ വിശ്വസിക്കുന്നു. കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന രീതി തന്നെയാണ് പോലീസ് പിൻതുടർന്നത്. ഏതെങ്കിലും ഒരു വ്യക്തിയെ പ്രതിയെന്ന പേരിൽ അറസ്റ്റ് ചെയ്ത് മാദ്ധ്യമങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് തൽക്കാലത്തേക്ക് ബഹളങ്ങൾ അവസാനിപ്പിക്കുക എന്നതായിരുന്നു പോലീസ് ലക്ഷ്യമാക്കിയത് "

  ഇതിനൊക്കെ എന്ന ഒരു മാറ്റം വരൽ?

  എന്തിനായിരിക്കും അവൻ അവളെ കൊന്നത് '

  ReplyDelete
  Replies
  1. വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി.

   Delete
 2. ചേട്ടാ.ഒരു പൊതിഞ്ഞുകെട്ടലുമില്ലാതെ നെടുനീളെ പറഞ്ഞ കഥ നല്ല ഇഷ്ടായി.
  പറയാൻ ആഗ്രഹിക്കുന്ന ഒരു പാട് കാര്യങ്ങൾ ചേട്ടൻ പറഞ്ഞു.
  ഒരു കാര്യം പേടിപ്പിച്ചു.ആധുനീകവും ശാസ്ത്രീയവുമായ കുറ്റാന്വേഷണ രീതികളൊക്കെ വരും മുൻപ് ഇവർ എങ്ങനെ ആകും കേസന്വേഷണം നടത്തിയിരിക്കുക എന്ന ആത്മഗതം.
  പുതുവത്സരാശംസകൾ ണ്ട് ട്ടാ

  ReplyDelete
 3. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നൊക്കെ പറയാറുന്റ് എന്ന് മാത്രം.

  ReplyDelete
 4. ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ചയായ എഴുത്ത്.

  ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന കാലമാണ്. അതിനു ചൂട്ടുപിടിക്കാൻ മാധ്യമങ്ങളും കൂടി ആകുമ്പോൾ എല്ലാം പൂർത്തിയായി. നീതിദേവതയുടെ കണ്ണുകൾ പലപ്പോഴും കെട്ടപ്പെട്ടിരിക്കുകയാണല്ലോ!

  ReplyDelete
 5. ഇന്നിന്റെ ഏറ്റവും മികച്ച നേര്കാഴ്ചകളിൽ ഒന്ന്. സത്യം.. സത്യം... സത്യം... പക്ഷെ.. ജനങ്ങൾക്ക് അറിയാത്തതിനെ വിശ്വാസനീയമായി അവതരിപ്പിച്ചു, മറുപടിയില്ലാത്ത ചോദ്യങ്ങൾ മെനഞ്ഞ്.. നിരപരാധികളെ വിചാരണ ചെയുന്ന ഇന്നത്തെ പരമോന്നത സാമൂഹിക കോടതികളായ സാമൂഹിക മാധ്യമങ്ങളും അവരുടെ തലതൊട്ടപ്പന്മാരായ ടിവി മാധ്യമങ്ങളും ... അവരുടെ കാതിനുമ്പമുള്ള പരദൂഷണ വിശേഷങ്ങൾ അത്താഴത്തിനു കൂട്ടി കുഴച്ച് അണ്ണാക്കിലേക്ക് തള്ളി... അല്പം വിശ്രമിച്ചു.. പിന്നീട് നീണ്ട ഏമ്പക്കം വിട്ട്.. വീണ്ടും വിചാരണ പത്രങ്ങൾ മറിച്ചിട്ടുന്നു..... ഇത് സത്യം സത്യം... സത്യം... ഇനിയും പറയാനുണ്ട്... സത്യം...

  ReplyDelete
 6. ഒരുപാട് ഇഷ്ടമായി ഈ കഥ .!! പേര് കണ്ടപ്പോൾ വല്ല ലേഖനവും ആണെന്ന് തോന്നി ..

  ReplyDelete
  Replies
  1. എന്തെങ്കിലും പേരു െകെടുക്കുന്നു. നന്ദി വായനക്ക്

   Delete
 7. പുത്തൻ വാർത്തകൾ ഉത്സവമാക്കിമാറ്റുന്നവർ,പിന്നെയും പുതുവാർത്തകൾ മാത്രം തേടുന്നവർ പഴയവയെ മറന്നേപ്പോകുന്നു!സത്യങ്ങളെ കുഴിച്ചുമൂടുന്നു.
  നല്ല രചന.
  ആശംസകൾ

  ReplyDelete
 8. വിചാരണയുടെ ഉള്ളുകള്ളികൾ വ്യക്തമാക്കിത്തരുന്ന കഥ 

  ReplyDelete
 9. ഒടുവിൽ അവർ പുറത്തിറങ്ങുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ?! ഒരു വിചാരണ പോലും നിഷേധിക്കപ്പെട്ട് ജയിലിൽ പീഡനമേറ്റ് കഴിയുന്ന നിരപരാധികൾ നിരവധിയാണ്. മുൻവിധിയോടെ കുറ്റം അന്വേഷിക്കുന്ന പോലീസും ആൾക്കൂട്ട മനഃശാസ്ത്രത്തിന് ഓശാന പാടുന്ന മാധ്യമങ്ങളും ഇക്കാലത്തെ ഒന്നാന്തരം ദുരന്തങ്ങളാണ് :(

  ReplyDelete
 10. കൊള്ളാം ചേട്ടാ. മനോഹരമായ കഥ.

  എന്താണോ എന്തോ കണ്ണിൽ കാണുന്നവരൊക്കെ പ്രതികളാകുന്ന നശിച്ച കാലം...

  ReplyDelete
  Replies
  1. ബ്ലോഗി ങ്ങിലേക്ക് തിരിച്ചു വരാൻ കാരണക്കാരനായ ബുധിക്ക് നന്ദി.

   Delete
  2. സോറി. സുധിക്ക് എന്ന് തിരുത്തി വായിക്കുക.

   Delete
 11. ഇത് പോലെ എത്രയോ ആൾക്കാർ ഉണ്ടാകും.. മാധ്യമങ്ങളും സാഹചര്യവും ഉണ്ടാക്കിയെടുത്ത പാവങ്ങൾ.. നല്ല കഥ..ഒരു തരി ബോറടിക്കാതെ, ഒറ്റയിരിപ്പിൽ വായിച്ചു തീർന്നു..

  ReplyDelete
 12. ഇക്കഥ മുൻപ് കടപ്പാട് വെച്ച് ഒരു സുഹൃത്ത് share ചെയ്തിരുന്നു. എഴുതിയ ആളെ ഇപ്പോഴാണ് കാണുന്നത്. മികച്ച കഥ 👌വർത്തമാനകാലത്തിന്റെ നേർചിത്രം.

  ReplyDelete
 13. ഫെയ്സ് ബുക്കിൽ ആര് എഴുതിയതാണന്നറിയില്ല എന്ന് പറഞ്ഞ് ഇക്കഥ കുറെ കറങ്ങിയതാണ്. കഥയുടെ തുടക്കത്തിൽ േപേര് എഴുതിയാൽ ഇത്തരം കൺഫ്യൂഷൻ ഒഴിവാക്കാമെന്ന് േതേ ന്നുന്നു.

  ReplyDelete
 14. നമ്മുടെ പോലീസ് എളുപ്പത്തിൽ കേസ് തെളിയിക്കാൻ മിടുക്കരാണ്.. ആ മിടുക്കാണ് ഇവിടെ പറയുന്നത്.
  ആശംസകൾ ....

  ReplyDelete