Sunday, 16 March 2014

പ്രമേഹം

പ്രമേഹം
     ബസ്‌ നല്ല വേഗതയില്‍ ആയിരുന്നു. അതിനേക്കാള്‍ വേഗതയില്‍ മനസ്സ് കുതിക്കുകയായിരുന്നു. സുധാകരേട്ടനെ മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. ഉടന്‍ വരണം എന്നുമാത്രമാണ് അയാള്‍ വിളിച്ചുപറഞ്ഞത്. ആശുപത്രിപ്പടിയില്‍ ബസ്സിറങ്ങിയത് കത്തുന്ന വെയിലിലേക്കാണ്. കാഷ്വാലിറ്റിയുടെ അടുത്തേക്ക് ഓടുകയായിരുന്നോ നടക്കുകയായിരുന്നോ എന്ന് എനിക്ക് അറിയില്ല. ചില്ലുവാതില്‍ തള്ളിത്തുറന്ന് അകത്തുകയറുംപോളേ അദ്ദേഹം കിടക്കുന്നത് ഞാന്‍ കണ്ടു. വാടിതളര്‍ന്നു കൈകള്‍ ഇരുവശത്തേക്കുമിട്ടാണ് കിടക്കുന്നത്. വലതുകൈയില്‍ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്. അടുത്ത് ഒരു നേഴ്സ് നില്പുണ്ട്.
   “സുധാകരന്റെ ഭാര്യയാണോ?”
“അതേ”
“പേടിക്കാനൊന്നുമില്ല. ഷുഗര്‍ പെട്ടന്ന് താഴ്ന്നതാണ്. ചെറിയ ഒരു തലചുറ്റലും വിറയലും  ഉണ്ടായി. ഇപ്പോള്‍ നോര്‍മല്‍ ആയിട്ടുണ്ട്‌. ആളു നല്ല ഉറക്കത്തിലാണ്. ഇപ്പോള്‍ ശല്യപ്പെടുത്തുന്നതു ശരിയല്ല. നാന്നായി ഒന്ന് ഉറങ്ങട്ടെ.”
  “ആരാണ് ചേട്ടനെ ഇവിടെ കൊണ്ടുവന്നത്.?”
 “അയാള്‍ പുറത്തു നില്‍പ്പുണ്ടായിരുന്നല്ലോ.” നേഴ്സ് കതകു തുറന്നു പുറത്തേക്കു നോക്കി. പക്ഷേ ആരും  അവിടെ ഉണ്ടായിരുന്നില്ല.
“ചിലപ്പോള്‍ ചായ കുടിക്കാന്‍ കാന്റീനില്‍ പോയതായിരിക്കും.”
നേഴ്സ് ഒരു പ്ലാസ്ടിക് കവര്‍ എന്റെ നേരെ നീട്ടി. അതില്‍ സുധാകരെട്ടന്റെ പേഴ്സും മൊബൈലും ഉണ്ടായിരുന്നു. നേഴ്സിന്റെ കൂടെ ഞാന്‍ ഡോക്ടറുടെ മുറിയിലെത്തി. സുമുഖനായ ചെറുപ്പക്കാരന്‍ ഒരു പുഞ്ചിരിയോടെയാണ് എന്നെ സ്വാഗതം ചെയ്തത്.
  “സുധാകരന്‍ ഡയബറ്റിക് ആണോ?”
“അതെ ഡോക്ടര്‍. അഞ്ചുവര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ട്.”
“ഇന്‍സുലിന്‍ എടുക്കുന്നുണ്ടോ”?
“ഇല്ല ഡോക്ടര്‍. ഗ്ലൂക്കൊമൈറ്റ്‌ ഒരെണ്ണം രാവിലെ കഴിക്കുന്നുണ്ട്.”
“ഏതു ഡോക്ടറെയാണ് കാണിക്കുന്നത്”?
“ദേവമാതായിലെ  അലക്സ്‌ ഡോക്ടര്‍ ,”
“കുഴപ്പമില്ല. ഒരു ദിവസ്സം ഇവിടെ കിടക്കട്ടെ. ക്ഷീണം ശരിക്ക് മാറിയിട്ട് നാളെ പോകാം.”
“ശരി ഡോക്ടര്‍.”
     രണ്ടാം നിലയിലുള്ള നല്ല വൃത്തിയുള്ള ഒരു മുറിയിലേക്കാണ്‌ കാഷ്വാലിറ്റിയില്‍ നിന്ന് മാറിയത്. വെളുത്ത മാര്‍ബിള്‍ പാകിയ മുറി. തുരിശുനിറം   തേച്ച ഭിത്തികള്‍. ജന്നല്‍ തുറന്നിട്ടാല്‍ വേമ്പനാട്ടു കായലില്‍ നിന്നുള്ള സമൃദ്ധമായ തണുത്ത കാറ്റ്. അകലെ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കായല്‍. ഹൌസ്ബോട്ടുകളും ചെറുവള്ളങ്ങളും ധാരാളം.
                 ഉറക്കമുണര്‍ന്ന  സുധാകരേട്ടന്‍ എന്നെ കണ്ടപ്പോള്‍ അതിശയമാണുണ്ടായത് . ഞാന്‍ എങ്ങനെയാണ് വിവരം അറിഞ്ഞത് എന്നറിയാനുള്ള തിടുക്കം. ഉടനെ വീട്ടില്‍ പോകണം എന്ന ആഗ്രഹത്തോടെയാണ്  എന്നോട് സംസാരിച്ചുകൊണ്ടിരുന്നത്.
  ബസ്സില്‍ വീട്ടിലേക്കു വരുന്ന വഴിക്കാണ് ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ടത്. ദാഹവും പരവേശവും വിശപ്പും പെട്ടന്ന് കൂടി കൈയ്യുംകാലും തളര്‍ന്നു സീറ്റില്‍ ചാരിയിരിക്കുന്ന രീതിയില്‍ ആണ് ബസ്സ്‌ ജീവനക്കാര്‍  സുധാകരനെ  കാണുന്നത്. ബസ്സ്‌ അവസാന സ്റ്റോപ്പില്‍ എത്തിയിരുന്നു. ബസ്സില്‍ നിന്നിറക്കി  ഒരു കടത്തിണ്ണയില്‍ ചാരി ഇരുത്തിയിട്ട് അവര്‍ സ്ടാന്റ്റ്‌  വിട്ടു പോയി. മദ്യപാനിയാണോ മയക്കുമരുന്ന് കഴിച്ച ആളാണോ എന്ന സംശയത്തില്‍  പല വഴിപോക്കരും വന്നു നോക്കിയെങ്കിലും ആരും അടുത്തെത്തി സഹായിക്കാന്‍ മുതിര്‍ന്നില്ല. അസുഖബാധിതനായ ഒരാള്‍ ആണന്നു ആര്‍ക്കും തോന്നിയിട്ടുണ്ടാവില്ല.
             വഴിവക്കില്‍ കുടിച്ചു ബോധമില്ലാതെ കിടന്നുറങ്ങുന്ന ധാരാളം ആള്‍ക്കാരെ കണ്ടിട്ടുള്ള സാധാരണക്കാര്‍ മറിച്ചു ചിന്തിക്കുവാന്‍ സാദ്ധ്യതയില്ല. സര്‍ക്കാര്‍ ആശിര്‍വാദത്തോടെ നടത്തുന്ന വിദേശമദ്യഷാപ്പുകള്‍ ധാരാളമുള്ള കേരളത്തില്‍ ഇത്തരം ദൃശ്യങ്ങള്‍ സര്‍വ്വസാധാരണമാണ്. മദ്യപാനികളുടെ നികുതി വരുമാനം കൊണ്ട് നിലനില്‍ക്കുന്ന ഒരു സര്‍ക്കാര്‍ അവരെ ആകര്‍ഷിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ആരായും. കുടിച്ചു നശിക്കുന്ന കുടുംബബന്ധങ്ങളിലോ അനാഥമാകുന്ന ബാല്യങ്ങളുടെ വ്യഥകളിലോ അവര്‍ക്ക് വ്യാകുലപ്പെടേണ്ട കാര്യമില്ല. മദ്യപിച്ചു വാഹനമോടിച്ച്‌ ഉണ്ടാകുന്ന  അപകടങ്ങള്‍  ദിവസവും കൂടി വരികയാണ്. വഴിവക്കില്‍ ചോരവീണ പാടുകള്‍ നാം ദിവസവും കാണുന്നതാണ്. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകുന്ന സാധാരണക്കാരെ വട്ടം കറക്കുന്ന നിയമപാലകരും നിയമസംഹിതകളുമാണ് നിലവിലുള്ളത് എത്രയോ നിരപരാധികള്‍ ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്നു. അപകടത്തില്‍ വികലാംഗരായവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു.
     “ആരാണ് ചേട്ടനെ ആശുപത്രിയില്‍ ആക്കിയത്”.?
  “ഒരു മനുഷ്യന്‍. അല്ല ഒരു മനുഷ്യസ്നേഹി. എനിക്കറിയാം അയാള്‍ നന്നായി മദ്യപിച്ചിരുന്നു. പക്ഷെ അയാള്‍ മാത്രമാണ് എന്നെ സഹായിക്കാന്‍ തയ്യാറായത്. അയാളുടെ പേരോ നാളോ എനിക്കറിയില്ല. മറ്റുള്ളവര്‍ നോക്കി നില്‍ക്കെ അയാള്‍ എനിക്ക് കുടിക്കാന്‍ നാരങ്ങാവെള്ളം വാങ്ങി നല്‍കി. അത് കുടിച്ചു അല്പം പഞ്ചസാര ശരീരത്തില്‍ എത്തിയപ്പോളാണ് എനിക്ക് സംസാരിക്കാന്‍ ഉള്ള ആരോഗ്യം തിരിച്ചുകിട്ടിയത്. പിന്നെ അയാള്‍ എന്നെ ഓട്ടോയില്‍ കയറ്റി ഇവിടെ എത്തിച്ചു. കാഷ്വാലിറ്റിയില്‍ പെയ്മെന്റ് നടത്തിയതും നിന്നെ ഫോണ്‍ ചെയ്തു വിവരം പറഞ്ഞതും അയാളാണ്. നീ വരുന്നതിനു തൊട്ടുമുന്‍പ് വരെ അയാള്‍ എന്റെ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ചിലപ്പോള്‍ വെള്ളം കുടിക്കാന്‍ പോയതാവും.”
  പെട്ടന്ന് കതക് തള്ളിത്തുറന്ന് അയാള്‍ അകത്തേക്ക് വന്നു.
“’എങ്ങനെയുണ്ട് സാറേ,  ക്ഷീണമോക്കെ മാറിയോ?”
അയാളുടെ സ്നേഹപൂര്‍വമുള്ള ചോദ്യത്തിന് ഒരു പുഞ്ചിരിയില്‍ മറുപടി നല്‍കി ഞാന്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
        “വേണ്ട സാറേ . സാര്‍ റസ്റ്റ്‌ എടുക്കു. ഇത് ഭാര്യയായിരിക്കും. ചേച്ചീ ഒരു കാര്യം ശ്രദ്ധിക്കണം. സാറിന്റെ ബാഗില്‍ ഒരു പാക്കെറ്റ്‌ ബിസ്കറ്റ്‌ എങ്കിലും എപ്പോഴും കരുതിയിരിക്കണം. എപ്പോളാണ് ഷുഗറിന്റെ പ്രശ്നം വരുക എന്ന് പറയാന്‍ പറ്റില്ല. സാറ് വിശപ്പ്‌ തോന്നുമ്പോളെ കൈയ്യില്‍ കിട്ടുന്നത് എടുത്ത് കഴിച്ചേക്കണം. അല്ലങ്കില്‍ ഇങ്ങനെ സംഭവിക്കും.”
  “വളരെ നന്ദിയുണ്ട് ചേട്ടാ. ചേട്ടന്‍ സഹായിചിരുന്നില്ല എങ്കില്‍ .......”
“ഒന്നും പറയേണ്ട പെങ്ങളേ. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ സഹായിക്കാന്‍ ഉണ്ടാവും. അത് പ്രകൃതി നിയമമാണ്. ആരും അധികം അഹങ്കരിച്ചു നടന്നിട്ട് കാര്യമില്ല. എപ്പോള്‍ വീഴും, എവിടെ വീഴും, ആര് രക്ഷിക്കും എന്നൊന്നും പ്രവചിക്കാന്‍ ഒക്കുകില്ല. എല്ലാം ഈശ്വരന്‍ നിശ്ചയിച്ച പ്രകാരം നടക്കും എന്ന വിശ്വാസം മാത്രമാണെനിക്ക്.”
  “ലതികെ നീ പോയി രണ്ടു ചായ വാങ്ങിക്കൂ. കഴിക്കാന്‍ എന്തെങ്കിലും കൂടി വാങ്ങിച്ചോളൂ.”
  “എനിക്ക് ചായ ഒന്നും വേണ്ട പെങ്ങളേ. കുടിക്കാന്‍ ഇത്തിരി വെള്ളം കിട്ടിയാല്‍ മതി”
  “ഞാന്‍ വെള്ളം എടുക്കാന്‍ ഗ്ലാസ്‌ കൈയ്യിലെടുത്തപ്പോള്‍ അയാള്‍ മടിക്കുത്തില്‍ നിന്നും ഒരു ചെറിയ മദ്യക്കുപ്പി എടുത്ത് മേശപ്പുറത്ത് വെച്ചു. ഞാന്‍ വെറുപ്പോടെ മുഖം തിരിച്ചു. ആ പെരുമാറ്റം എന്നിലുണ്ടാക്കിയ നീരസം അയാള്‍ മനസ്സിലാക്കിയതുപോലെ തോന്നി. ഒന്നും മിണ്ടാതെ മദ്യക്കുപ്പി എടുത്ത് മടിക്കുത്തില്‍  തിരുകിക്കൊണ്ട് അയാള്‍ മുറിയില്‍ നിന്ന് പുറത്തെക്കിറങ്ങി.



Tuesday, 21 January 2014

റിസല്‍ട്ട്

ലിസമ്മ മാത്യൂസ്‌
ഗൈനകോളജിസ്റ്റ്‌.MBBS.DGO
ആശുപത്രി വരാന്തയോട് ചേര്‍ന്നുള്ള ഡോക്ടറുടെ മുറിക്ക് മുന്‍പില്‍ ധാരാളം ഗര്‍ഭിണികളും അവര്‍ക്ക് അകമ്പടി വന്നവരും. നിരത്തിയിട്ടിരുന്ന കസേരകളില്‍ ഒന്നുപോലും കാലിയില്ല. അഞ്ചുമിനിട്ടിലധികം കാത്തുനിന്നിട്ടാണ് എനിക്കും ഭാര്യക്കും  സീറ്റ്‌ കിട്ടിയത്. പേര് വിളിക്കുന്നത്‌ അനുസരിച്ച് ഓരോ ഗര്‍ഭിണിയും അവരുടെ  അകമ്പടിക്കാരും ഡോക്ടറുടെ മുറിയിലേക്ക് കയറിക്കൊണ്ടിരുന്നു.
       പൂര്‍ണഗര്‍ഭിണികളും അരവയറുള്ളവരും ഗര്‍ഭലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇറുകിയ ചുരിദാറില്‍ വിങ്ങിപ്പൊട്ടുന്ന വയറും താങ്ങിപ്പിടിച്ചാണ് ഒരു യുവതിയും അമ്മയും ഉള്ളിലേക്ക് പോയത്. ഗൈനകോളജിസ്ടിനെ കാണാന്‍ പോകുമ്പോള്‍ സാരി തന്നെ നല്ലത്  എന്ന് എന്റെ മനസ്സ് പറഞ്ഞു.
       ഇന്നലെ വരെ ആധുനിക വേഷത്തില്‍ തുള്ളിച്ചാടി നടന്ന പെണ്‍കുട്ടികള്‍ ഗര്‍ഭലക്ഷണങ്ങളോടെ മുഖമെല്ലാം വിളറി കാല്‍വണ്ണയില്‍ ചെറിയ നീരോടുകൂടി വയറും താങ്ങിപ്പിടിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്.  
    ഒരു അമ്മയാകാന്‍ പോകുന്ന നിര്‍വൃതിയോടെയാണ് പലരും എത്തിയിരിക്കുന്നത്. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനം. അടുത്ത വംശപരമ്പരയിലേക്ക് ഒരു കണ്ണി കൂടി വിളക്കിച്ചേര്‍ക്കുന്ന മാതൃത്വത്തിന്റെ നിര്‍വൃതി.
      വര്‍ഷങ്ങളോളം ഒരു കുഞ്ഞിക്കാലുകാണാന്‍ ആറ്റുനോറ്റിരുന്നവര്‍ ഉണ്ടാകാം. നേര്‍ച്ചകാഴ്ചകള്‍, പ്രാര്‍ത്ഥനകള്‍, അവയുടെ ഫലം പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നവര്‍ . സമൂഹത്തിന്‍റെയും, ബന്ധുക്കളുടെയും ചോദ്യങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറഞ്ഞു മടുത്ത് ഒരു കുഞ്ഞിനായ്‌ കാത്തിരിക്കുന്നവര്‍.
  ജീവിതത്തിന്‌ ഒരര്‍ത്ഥമുണ്ടാകുന്നത് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖം കാണുമ്പോളാണ്. മനസ്സില്‍ കരുതിവെച്ച സ്നേഹമെല്ലാം പകര്‍ന്നു നല്‍കാന്‍, അവരെ അണിയിച്ച് ഒരുക്കാന്‍, ഇഷ്ടപ്പെട്ട നിറമുള്ള വസ്ത്രങ്ങള്‍ അണിയിക്കാന്‍, ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍, അവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹം അങ്ങനെ ഒത്തിരിയൊത്തിരി നിറംപിടിപ്പിച്ച സ്വപ്നങ്ങളാവും മനസ്സുനിറയെ.
      ചിലപ്പോള്‍ അപ്രതീക്ഷിതമായി വന്ന അതിഥിയായ ഗര്‍ഭത്തെ അലസിപ്പിക്കാന്‍ എത്തിയവര്‍ ഉണ്ടാകാം. മാനസികമായി തയ്യാറാകുന്നതിന് മുന്‍പ് ദാമ്പത്യത്തിലെ സന്തോഷം കെടുത്താന്‍ എത്തിയ ഒരു കുഞ്ഞിനെ ജനിക്കുന്നതിനു മുന്‍പ്‌ തന്നെ ഇല്ലാതാക്കാന്‍ വന്നവര്‍ ഉണ്ടാകാം. ചിലപ്പോള്‍ വിവാഹത്തിനു മുന്‍പ്‌ ഗര്‍ഭിണിയായവര്‍ ഉണ്ടാകാം. പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഒരു ചതിക്കുഴിയില്‍ പെട്ടവള്‍. തറവാടിന്റെ സല്പേര് നിലനിര്‍ത്താന്‍ രഹസ്യമായി ഒരു ഗര്‍ഭഛിദ്രത്തിനു തയ്യാറായി വന്നവര്‍.
   “അടുത്തത് നമ്മുടെ നമ്പരാണ്”.
ഭാര്യ ഓര്‍മപ്പെടുത്തി. പെട്ടന്ന് മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യാന്‍  തുടങ്ങി. നാട്ടില്‍ നിന്ന് ലൂസിച്ചേച്ചിയാണ്.
“ഹലോ”
 “ഹലോ, നീയെവിടെയാ വീട്ടിലാണോ?”
“ഞങ്ങള്‍ ആശുപത്രിയില്‍ ഒരു ഗൈനകോളജിസ്റ്റ്‌നെ കാണാന്‍ ഇരിക്കയാണ്. അഞ്ചുമിനിട്ട് കഴിഞ്ഞു ഞാന്‍ അങ്ങോട്ട്‌ വിളിക്കാം.”
               ഞാന്‍. ഫോണ്‍ കട്ട് ചെയ്തു. ഞങ്ങളുടെ ഊഴമെത്തി ഡോക്ടറുടെ മുറിയിലേക്ക് കയറുമ്പോള്‍    എയര്‍കണ്ടീഷനറുടെ ശീതളിമ ശരീരത്തെ പൊതിഞ്ഞു.
  “ഇരിക്കൂ”  അമ്പതിനോടടുത്ത സുന്ദരിയായ ഡോക്ടര്‍ ഒരു പുഞ്ചിരിയോടെയാണ് ഞങ്ങളെ സ്വീകരിച്ചത്.    
     “എന്താണ് ജാന്‍സീ പ്രശ്നം”?  ഡോക്ടറുടെ  ചോദ്യം കേട്ട് ഞങ്ങള്‍ പരസ്പരം നോക്കി.
   “രണ്ട് മാസമായി ഇവളുടെ പീരിയട്സ്‌ തെറ്റി. അതൊന്നു നോക്കണം.”
  “കുട്ടികള്‍ എത്രയുണ്ട്”?
  “ഒരാണ്‍കുട്ടി മാത്രം. ഡിഗ്രിക്ക് പഠിക്കുന്നു.”
“ അത് ശരി. ജാന്‍സി. 45 വയസ്സ്. ഏതായാലും കയറിക്കിടക്കൂ. ഞാനൊന്ന് നോക്കട്ടെ.”
   ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടര്‍ എഴുന്നേറ്റു. നേഴ്സ് ഒരു പച്ച കര്‍ട്ടന്‍ വലിചിട്ടുകൊണ്ട്  എനിക്ക് മുന്നില്‍ ഒരു മതില്‍ പണിതുയര്‍ത്തി. അണിയറയില്‍ പരിശോധനകള്‍ നടക്കുമ്പോള്‍ ആ മുറിയില്‍ തനിച്ചായ ഞാന്‍. മേശപ്പുറത്തിരിക്കുന്ന ഉപകരണങ്ങളിലും ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഗര്‍ഭസ്ഥശിശുക്കളുടെ ചിത്രങ്ങളിലും നോക്കി വെറുതെ ഇരുന്നു.  ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന കുറെയധികം ചിത്രങ്ങള്‍. പല കുട്ടികളും അമ്മയുടെ വയറ്റില്‍  തല്കീഴായ്‌ ആണ് കിടക്കുന്നത്. ഞാനും ഇതുപോലെയാവും കിടന്നിട്ടുണ്ടാവുക. അതുകൊണ്ടാവും എന്റെ തലേവര ശരിയാവാഞ്ഞത്. ദൈവം തലയില്‍ വരക്കാന്‍ വരുമ്പോള്‍ തലയും കുത്തി നില്‍ക്കുന്നതു കണ്ടാല്‍ അദ്ദേഹം എന്ത് ചെയ്യാനാണ്. ഓരോന്ന് ആലോചിച്ച്‌ ഇരിക്കുമ്പോള്‍ ഡോക്ടര്‍ മടങ്ങിവന്ന് സീറ്റില്‍ ഇരുന്നു.
    “നിങ്ങള്‍ പ്രിക്കോഷന്‍ ഒന്നും എടുത്തിരുന്നില്ലേ?”
     “ഇല്ല ഡോക്ടര്‍”
“പിന്നെ ഇത്രയും കാലതാമസം വന്നതെന്താണ്?”
“ ആദ്യത്തെ പ്രസവം അല്പം കോംബ്ലിക്കേറ്റെട് ആയിരുന്നു. അതുകൊണ്ട് രണ്ടാമത്തെ കുട്ടിക്ക് അഞ്ചുവര്‍ഷം കഴിഞ്ഞു ട്രൈ ചെയ്‌താല്‍ മതി എന്നാണു ഡോക്ടര്‍ പറഞ്ഞത്. അഞ്ചുവര്‍ഷം കഴിഞ്ഞു ശ്രമിച്ചപ്പോള്‍ കണ്സീവ് ആയതുമില്ല. പിന്നെ ഞങ്ങള്‍ക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല.”
  “ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ ഓരു കുട്ടിയുണ്ടാവാന്‍ നീങ്ങള്‍ക്ക് തീരെ താല്പര്യമില്ല.”
“അതെ”
“ഏതായാലും വിശദമായ ടെസ്റ്റ്‌ നടത്താം.”
  ഡോക്ടര്‍ തന്ന കുറിപ്പുമായി ഞങ്ങള്‍ ലാബിലേക്ക് നടന്നു. ബില്ലടച്ചിട്ടു ജാന്‍സി ലാബിലേക്ക് കയറി. വരാന്തയില്‍ കിടന്ന ഒരു തടിബെഞ്ചില്‍ ഞാനിരുന്നു.
         വെള്ള യൂണീഫോമിട്ട നേഴ്സുമാര്‍ തെക്കുവടക്ക് നടക്കുന്നു. മാലാഖമാരെപോലെ മുഖത്ത് ഒരു ചെറുപുഞ്ചിരിയും ഒളിപ്പിച്ചു നടക്കുന്ന അവര്‍ എന്നും വേദനിക്കുന്നവര്‍ക്ക് സാന്ത്വനം ഏകുന്നവരാണ്.  തുച്ഛമായ വരുമാനത്തിനു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നവര്‍. രോഗികളില്‍ നിന്ന് മാനേജ്മെന്റ് കൊള്ളയടിക്കുന്നതിന്റെ പലമടങ്ങാണ് ഇവരില്‍ നിന്ന് കൈക്കലാക്കുന്നത്. സഹികെട്ട്‌ സമരപാതയിലേക്ക് തിരിഞ്ഞ ഇവരില്‍ പലരും ഇന്ന് തൊഴില്‍ രഹിതരായി വീട്ടില്‍ ഇരിക്കയാണ്. ചാനെല്‍ ക്യാമെറകള്‍ സമരപ്പന്തലില്‍ ഒരാരവം സൃഷ്ടിച്ച് മടങ്ങി. അടുത്ത ബ്രേകിംഗ് ന്യൂസ് തേടി അവര്‍ ഓട്ടമാരംഭിച്ചു. ഏറ്റെടുക്കുന്ന വിഷയങ്ങളുടെ പരിസമാപ്തിയെക്കുറിച്ച് അവര്‍ ആശങ്കപ്പെടാറില്ല. രാഷ്ട്രീയക്കാര്‍ ചവച്ചുതുപ്പുന്ന വിവാദങ്ങള്‍ക്ക് പരമാവധി തീ പടര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായവരെപ്പോലെ അവര്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു..
    പെട്ടന്ന് ഫോണ്‍ ശബ്ദിച്ചു. കുഞ്ഞമ്മയാണ്.
 “ഹല്ലോ”
 “ജാന്സിക്ക് എന്ത് പറ്റി”
“അവളുടെ ടെയിറ്റ്‌ തെറ്റി. ഒരു ചെക്കപ്പിന് വന്നതാ.”
“ എടാ ആഷിക്കിന് ഇപ്പോള്‍ 19 വയസ്സായി. ഈ പ്രായത്തില്‍ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ അവനു ഭയങ്കര നാണക്കേടായിരിക്കും.  അത് മനസ്സിലാക്കി വല്ലതും ചെയ്തോണം. വീണ്ടുവിചാരം ഇല്ലാതെ ഓരോന്ന് ഒപ്പിച്ചോളും”
“ കുഞ്ഞമ്മേ അത്.......”
“നീ ഒന്നും പറയേണ്ട. ഞിങ്ങള്‍ക്ക് വേണമെന്ന് വെച്ചാല്‍ കുറെ നേരത്തെ ആയിക്കൂടായിരുന്നോ. വയസ്സനാന്‍ കാലത്ത് ഓരോ പൊല്ലാപ്പ്.”
 പെട്ടന്ന് ഫോണ്‍ കട്ടായി. രണ്ടു മിനിട്ടിനകം വീണ്ടും ഫോണ്‍ ശബ്ദിച്ചുതുടങ്ങി. അനുജനാണ്.
“ഹല്ലോ”
“ചേച്ചിക്കെന്തുപറ്റി?”........
...........പിന്നെ ഫോണ്‍ കോളുകളുടെ ഒരു ഘോഷയാത്രയായിരുന്നു. ലൂസിചേച്ചി എല്ലാവരെയും വിളിച്ചു വിവരം അറിയിച്ചിരിക്കുന്നു. കുടുംബത്ത് നടക്കാന്‍ പോകുന്ന ഒരു നാണക്കേട് ഒഴിവാക്കാന്‍ എല്ലാവരുടെയും വക ഉപദേശങ്ങളും ശകാരങ്ങളും. ഒരു ഗൈനകോളജിസ്റ്റ്‌നെ കാണുന്നത് ഇത്ര വലിയ തെറ്റാണോ. ഗര്‍ഭം ഉള്ളവര്‍ മാത്രമാണോ ഗൈനകോളജിസ്റ്റ്‌നെ കാണുന്നത്. അഥവാ ഗര്‍ഭം  ആണെങ്കില്‍ തന്നെ ഇവര്‍ക്കെന്താ നഷ്ടം. സ്വന്തം ഭാര്യയില്‍ തന്നെയാണല്ലോ ഗര്‍ഭം ഉല്‍പാദിപ്പിച്ചിരിക്കുന്നത്. അതിനു ഇവരുടെയൊക്കെ അനുവാദം വേണമെന്ന് ശഠിക്കുന്നത് ശരിയാണോ?.
  കല്യാണം കഴിഞ്ഞ സമയത്ത്  രണ്ടു വര്ഷം കഴിഞ്ഞു കുട്ടി മതി എന്ന് ഞങ്ങള്‍ തീരുമാനിച്ചതായിരുന്നു. അന്ന് ഭാര്യക്ക് വിശേഷം ഒന്നുമായില്ലേ എന്ന് അന്വഷിക്കുന്നവരുടെ തിരക്കായിരുന്നു. എത്രപേരാണ് ഡോക്ടറെ കാണാന്‍ ഉപദേശിച്ചത്. ആരുടെയാണ് കുഴപ്പം എന്നറിയാനുള്ള വ്യഗ്രതയായിരുന്നു. ചേച്ചി ഫോണ്‍ ചെയ്തപ്പോള്‍ ആശുപത്രിയില്‍  ആണന്നു പറഞ്ഞതാണ് കുഴപ്പമായത്. സിനിമ കാണുകയാണന്ന് പറഞ്ഞാല്‍ മതിയായിരുന്നു. സത്യം പറഞ്ഞതാണ് പ്രശ്നമായത്.
  ജാന്‍സി ലാബില്‍നിന്നു ഇറങ്ങിവരുമ്പോള്‍ ഞാനാകെ വിഷമിച്ച്    ഇരിക്കയായിരുന്നു.
“എന്ത് പറ്റി. മുഖം വാടിയിരിക്കുന്നു.”
“അത് നാട്ടില്‍ നിന്ന് അവരെല്ലാം വിളിച്ചു.”
ജന്സിക്ക് കാര്യം മനസ്സിലായി. അവള്‍ ഒരു ചെറു പുഞ്ചിരിയോടെ എന്റെ കരം കവര്‍ന്നു.
   “വിഷമിക്കേണ്ട. എന്തുവന്നാലും കുഴപ്പമില്ല. നമ്മളുടെ കാര്യം തീരുമാനിക്കുന്നത് നമ്മള്‍ തന്നെ ആയിരിക്കും. അതില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ ഒരു അവകാശവുമില്ല. അഥവാ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ തന്നെ നമുക്ക് അത് ഗൌനിക്കേണ്ട കാര്യവുമില്ല. ഈശ്വരന്‍ തരുന്നത് എന്തായാലും  നമ്മള്‍  സന്തോഷത്തോടെ സ്വീകരിക്കും.  ഒരു കുട്ടിയുണ്ടാവാനുള്ള ഭാഗ്യമുണ്ടങ്കില്‍ അതൊരു പെണ്‍കുട്ടിയാവണെ എന്ന് മാത്രമാണെന്റെ പ്രാര്‍ത്ഥന.”
       അവളുടെ കണ്ണുകള്‍ നിറഞ്ഞ് വരുന്നത് ഞാന്‍ കണ്ടു. ഹൃദയം നിറയെ സ്നേഹം നിറഞ്ഞുനിന്ന മാതൃവാത്സല്യത്തിന്റെ പ്രകാശം പൊഴിക്കുന്ന ആനന്ദാശ്രുക്കള്‍. ഇത്രയും സ്നേഹം മനസ്സില്‍ ഒളിപ്പിച്ച് വെച്ചാണോ ഇവള്‍ ഇക്കാലമത്രയും കാത്തിരുന്നത്.

 “ജാന്‍സി ജോസെഫ് .........” അര മണിക്കൂറിനുശേഷം ലാബ് കൌണ്ടറില്‍ നിന്ന് വിളി വന്നു. കൌണ്ടറിലേക്ക് ഞങ്ങള്‍ ഓടുകയായിരുന്നു.  ആശുപത്രിയുടെ പേരും എംബ്ലവും പതിച്ച തൂവെള്ള നിറത്തിലുള്ള ആ കവര്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് വാങ്ങിയത്.

Tuesday, 12 November 2013

സസ്നേഹം



    ജോസ്‌ എനിക്ക് ആരായിരുന്നു എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്. ഒരു അടുത്ത സുഹൃത്ത്‌ എന്ന് കരുതുന്നതാണ് ശരി. എന്നാല്‍ അതിലേറെ നല്ല ഒരു വഴികാട്ടി അല്ലങ്കില്‍ ഒരു ഉപദേശകന്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. അവന്‍  കുറെക്കാലം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ സന്തത സഹചാരി. ഒരു നിഴല്‍ പോലെ അവന്‍ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെ ഒരുമിച്ചല്ലാതെ ആരും കണ്ടിരുന്നില്ല. സ്കൂളിലേക്കുള്ള വഴിയില്‍, പിന്നീട് കോളേജില്‍ എത്തിയപ്പോഴും അവന്‍ എന്നോടൊപ്പം ഒരു നിഴലായി ഉണ്ടായിരുന്നു.
         വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ഞായറാഴ്ച ഉച്ചക്കാണ്‌ ഞാന്‍ ജോസിനെ ആദ്യമായികാണുന്നത്. ലോറി നിറയെ സാധനങ്ങള്‍ കയറ്റി അടുത്ത വീട്ടിലെത്തിയ പുതിയ താമസക്കാര്‍  ആരെന്നറിയുവാന്‍ ഞാന്‍ നോക്കി നില്‍ക്കയായിരുന്നു. ലോറിയില്‍നിന്ന്‌ അവനെ എടുത്തിറക്കിയത് അവന്റെ അച്ഛനായിരുന്നു. ഒരു കാല് ശോഷിച്ച്  സ്വാധീനമില്ലാത്ത അവന്‍ ഒരു വടി കുത്തിയാണ് നടന്നത്. വേലിക്കരികില്‍ നിന്ന് അവന്‍ കൈയ്യുയര്‍ത്തി കാട്ടിയപ്പോള്‍ ഞാന്‍ മുഖം തിരിച്ചുകളഞ്ഞു. ജനാലയിലൂടെ ഞാന്‍ നോക്കുമ്പോള്‍ ചുമട്ടുതൊഴിലാളികള്‍ ലോറിയില്‍ നിന്ന് കട്ടിലും അലമാരിയും മറ്റു വീട്ടുസാധനങ്ങളും ഇറക്കുന്ന തിരക്കിലായിരുന്നു. അവന്റെ അച്ഛനും അമ്മയും പണിക്കാരെ സഹായിച്ചുകൊണ്ട് കൂടെയുണ്ടായിരുന്നു.  അവന്‍ ഇളംതിണ്ണയില്‍ മാറി ഇരിക്കയായിരുന്നു.
               നല്ല ഒരു കൂട്ടുകാരനെ പ്രതീക്ഷിച്ച്‌ നിന്ന എനിക്ക് വലിയ നിരാശയായി. ഒരു വികലാംഗനായ അവനെ എങ്ങനെ കൂട്ടുകാരനാക്കും. നിനക്കൊരു പുതിയ കൂട്ടുകാരന്‍ വരുമെന്ന് അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. അവനെ നിന്റെ ക്ലാസില്‍ തന്നെയാണ് ചേര്‍ത്തിരിക്കുന്നതെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചതാണ്. പക്ഷേ ഇവനോടൊപ്പം എങ്ങനെ സ്കൂളില്‍ പോകും. മറ്റുകുട്ടികള്‍ കളിയാക്കില്ലേ?
        അടുത്തദിവസം രാവിലെ അവന്‍ സ്കൂളി പോകാന്‍ നേരത്തേ തയ്യാറായി എന്റെ വീട്ടിലെത്തി.  ഞാന്‍ ജനലിലൂടെ നോക്കുമ്പോള്‍ അവന്‍ അര ഭിത്തിയില്‍ ചാരി ഇരിക്കയായിരുന്നു. അടുത്ത് തന്നെ ഊന്നുവടിയും പുസ്തകസഞ്ചിയും. അവനെ കൂട്ടാതെ ഇറങ്ങി ഓടിയാലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷേ, അമ്മയുടെ അടി കിട്ടുമെന്ന പേടി കാരണം അവനോടൊപ്പം തന്നെയാണ് വീട്ടില്‍ നിന്നിറങ്ങിയത്.
  സ്കൂളിലേക്കുള്ള രണ്ട് കിലോമീറ്ററോളം ദൂരം എന്നും നടന്നുതന്നെയാണ് പോയിക്കൊണ്ടിരുന്നത്. ഞങ്ങളോടൊപ്പം ഊന്നുവടിയുടെ സഹായത്തോടെ  നടന്നെത്താന്‍ അവന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അരമണിക്കൂര്‍ സമയംകൊണ്ട് എത്തുന്ന ദൂരം പിന്നിടാന്‍ അന്ന് കൂടുതല്‍ സമയമെടുത്തു. പുതിയ വികലാംഗനായ കുട്ടിയെ എല്ലാവരും സഹതാപത്തോടെയാണ് നോക്കിയത്. പക്ഷേ, ചിലര്‍ ഓരോന്ന് പറഞ്ഞ് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.
               ദിവസങ്ങള്‍ കടന്നുപോകവേ അവനോടുള്ള എന്റെ മനോഭാവത്തില്‍ എങ്ങനെയോ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. സ്നേഹവും അനുകമ്പയും കൂടി വന്നു. അവന്‍ ഒരു നല്ല ചിത്രകാരനായിരുന്നു. നല്ല കൈയ്യക്ഷരത്തില്‍ എഴുതാനുള്ള കഴിവുണ്ടായിരുന്നു. പഠനകാര്യങ്ങളില്‍ ശരാശരി ആയിരുന്നെങ്കിലും എന്തുവിഷയവും പെട്ടന്ന് മനസ്സിലാക്കിയെടുക്കാനുള്ള കഴിവുണ്ടായിരുന്നു.
      വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള ചെമ്മണ്‍ പാതയിലൂടെ  ഞങ്ങള്‍ പത്തുപേര്‍ നടന്നാണ് പോയ്ക്കൊണ്ടിരുന്നത്. ആറു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും. വിജനമായ റബ്ബര്‍ തോട്ടത്തിലൂടെയുള്ള  യാത്രയില്‍   ഞാന്‍ വാതോരാതെ സംസാരിക്കുമായിരുന്നു. പക്ഷെ, അവന്‍ എന്നും ഒരു കേള്‍വിക്കാരന്‍ മാത്രമായിരുന്നു. മുഖത്ത് എന്നും ഒരു വിഷാദഭാവത്തോടെ മാത്രമേ ഞാനവനെ കണ്ടിട്ടുള്ളൂ. അവന്റെ പുസ്തകസഞ്ചി കൂടി തോളത് തൂക്കി നടക്കാന്‍ എനിക്ക് എന്നും ഒരു പ്രത്യേക താല്പര്യം തന്നെയായിരുന്നു.
           ഒരുനാള്‍ സ്കൂളില്‍നിന്ന് മടങ്ങുമ്പോള്‍ എസ്റ്റേറ്റ് മാനേജര്‍ സണ്ണിച്ചന്റെ ജീപ്പ്‌ അടുത്ത് വന്നു നിന്നു. പുറകിലെ സീറ്റിലിരുന്ന എസ്റ്റേറ്റ് പീയൂണ്‍ കൊച്ചൗസേപ്പ്  എല്ലാവരെയും കൈ കാട്ടി വിളിച്ചു. ഒരു ഫ്രീ ലിഫ്റ്റ്‌ ഓഫര്‍. ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമായി. എല്ലാവരും ഓടിച്ചെന്നു  ജീപ്പിന്റെ മുന്സീറ്റിലും  പിന്സീറ്റിലും ചാടിക്കയറി. കൊച്ചൗസേപ്പ് ചേട്ടന്‍ എല്ലാവരെയും വണ്ടിയില്‍ കയറാന്‍ സഹായിച്ചുകൊണ്ടിരുന്നു.അവസാനമായാണ് ജോസ് കയറാന്‍ ശ്രമിച്ചത്‌.
     “ഈ ചട്ടുകാലന്‍ കുട്ടിയെ കയറ്റണോ മുതലാളീ?
     “വേണ്ട അവന്‍  നടന്നു വന്നാല്‍ മതി.” കൊച്ചൗസേപ്പിന്റെ ചോദ്യവും മുതലാളിയുടെ മറുപടിയും എന്നില്‍ നിരാശ ഉണ്ടാക്കി.
     ജോസിനെ കയറ്റാതെയാണ് അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തത്. ഞാന്‍ വണ്ടി നിര്‍ത്താന്‍ ബഹളം വെച്ചെങ്കിലും അയാള്‍ എന്റെ വീടിനു മുന്നില്‍ വന്നാണ് ബ്രേക്കിട്ടത്.   ഞങ്ങളെ ഇറക്കിയിട്ട് വണ്ടി വിട്ടുപോയ ഉടനെ ഞാന്‍ പുസ്തകസഞ്ചി വീടിന്റെ അരഭിത്തിയില്‍ വെച്ചിട്ട് തിരിച്ചോടി. ഞാന്‍ വളവു തിരിഞ്ഞു ചെല്ലുമ്പോള്‍ ജോസ്‌ സാവധാനം നടന്നു വരികയായിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നത് ഞാന്‍ കണ്ടു. സാരമില്ലടാ എന്ന് പറഞ്ഞു ഞാനവനെ കെട്ടിപ്പിടിച്ചു. ഇത്തരം അനുഭവങ്ങള്‍ അവനു ധാരാളം ഉണ്ടായിട്ടുണ്ടന്ന് അറിഞ്ഞപ്പോള്‍ വലിയ വിഷമം തോന്നി. 
           ഒരു വണ്ടി സ്വന്തമായുള്ളതിന്റെ അഹങ്കാരമാണ് അയാള്‍ കാണിച്ചത്. ആരും ഇങ്ങനെ ഒരിക്കലും ഒരു വികലാംഗനോടെന്നല്ല ഒരു മനുഷ്യനോടും പെരുമാറാന്‍ പാടില്ലെന്ന് എന്റെ മനസ്സ്‌ പറഞ്ഞുകൊണ്ടിരുന്നു. ഞാനെന്നെങ്കിലും വണ്ടി വാങ്ങിയാല്‍ നിന്നെ കയറ്റിക്കൊണ്ടു പോകും. ഈ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങും എന്നു   ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ചിരിക്കയായിരുന്നു. കണ്ണീരിന്റെ നനവുള്ള ചിരി.
       അച്ഛന്‍ എനിക്ക് സൈക്കിള്‍ വാങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചത് ജോസാണ്. ഞാന്‍ സൈക്കിള്‍ ചവിട്ടുന്നത് അവന്‍ കലുങ്കില്‍ ഇരുന്നു കാണും. സ്പീഡില്‍ ഓടിക്കാന്‍ അവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എപ്പോളും സൂക്ഷിച്ച്‌ സൂക്ഷിച്ച്‌ എന്ന് പറഞ്ഞുകൊണ്ടിരിക്കും. പിന്നീട് സ്കൂളിലേക്കുള്ള യാത്ര ഞങ്ങള്‍ സൈക്കിളിലാക്കി. അവന്‍ സൈക്കിളില്‍ന്റെ പിന്‍സീറ്റില്‍ ഇരിക്കും. ഊന്നുവടിയും പിടിച്ചാണ് അവന്റെ ഇരിപ്പ്. പുസ്തകസഞ്ചി ഹാന്‍ഡിലില്‍ തൂക്കി ഞാന്‍ സാവധാനം സൈക്കിള്‍ ഓടിക്കും.
            പിന്നീട് കോളേജില്‍ എത്തിയപ്പോള്‍ യാത്ര ബൈക്കിലായി. അവന്‍ പഠിച്ചത് ചരിത്രവും സാമ്പത്തികശാസ്ത്രവുമാണ്. ഞാന്‍ കണക്കും സയന്‍സും. ഉച്ചക്ക് എന്നും ഒരുമിച്ച്‌ ഇരുന്നാണ് ഊണ്. കറികള്‍ പരസ്പരം ഷെയര്‍ ചെയ്ത്‌, ധാരാളം സംസാരിച്ച്‌, ചിരിച്ചു ഉല്ലസിച്ച് കഴിഞ്ഞു പോയ ദിവസങ്ങള്‍.
        കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഒരു ദിവസം ഉണ്ടായ സംഘട്ടനം.. കാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അടുത്തടുത്ത  ടേബിളില്‍ ഉണ്ടായ വാക്കുതര്‍ക്കം കൂട്ടത്തല്ലിലേക്ക് നീങ്ങുകയായിരുന്നു. ആ ബഹളത്തിനും അക്രമത്തിനും ഇടയില്‍ ജോസ്‌ അറിയാതെ പെട്ടുപോകുകയായിരുന്നു. ആ കൂട്ടത്തല്ലില്‍ നിന്ന് പുറത്തു കടക്കാനോ രക്ഷപെടുവാനോ അവനു സാധിച്ചില്ല. അവന്റെ ഊന്നുവടി ആരോ പിടിച്ചുവാങ്ങി. പിന്നെ അത് വെച്ചായിരുന്നു അടി. നിലത്ത് വീണ അവന്‍ ആള്‍ക്കാരുടെ ചവിട്ടും തൊഴിയുമേറ്റ് അവശനായി. അതില്‍  പരിക്കേറ്റു അവന്‍ ആശുപത്രിയില്‍ ആയി. അവസാനം അവന്‍ മരണത്തിന് കീഴടങ്ങി.         കെമിസ്ട്രി ലാബില്‍ സോള്‍ട്ട് അനാലിസിസ്‌ ചെയ്തുകൊണ്ട് ഇരിക്കുമ്പോള്‍ എന്തോ ബഹളം കേട്ടിരുന്നു. പിന്നീട് ആംബുലന്‍സ്‌ വരുന്ന ശബ്ദം കേട്ടപ്പോളാണ്  ലാബില്‍ നിന്ന് ഇറങ്ങാനായത്. പരുക്കേറ്റവരെ ആംബുലന്‍സില്‍ കയറ്റുന്നതു കണ്ടു. പക്ഷെ, അതില്‍ ജോസ്‌ ഉണ്ടാകുമെന്നു ഞാന്‍ കരുതുയില്ല. ഞാന്‍ അവിടെ  ഉണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കുകയില്ലായിരുന്നു. ജോസിനെ എങ്ങനെയും ആ അപകടത്തില്‍ നിന്ന് രക്ഷിക്കുമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഒരു സംഘടനയോടും അനുഭാവമോ വെറുപ്പോ പ്രകടിപ്പിക്കാതെ തികഞ്ഞ നിഷ്പക്ഷവാദിയായ അവന്‍ ഇത്തരമൊരു ദുര്യോഗം സംഭവിക്കരുതായിരുന്നു.
            വെള്ളവസ്ത്രം ധരിച്ച അവന്റെ ചേതനയറ്റ ശരീരം പള്ളിസെമിത്തേരിയില്‍ അടക്കം ചെയ്യുമ്പോള്‍ നെഞ്ചുപൊട്ടിക്കരഞ്ഞ അമ്മയുടെ മുഖം ഒരിക്കലും മറക്കാനാവുന്നില്ല. വികലാംഗനായിരുന്നെങ്കിലും അവരുടെ ഏക പ്രതീക്ഷ  ആയിരുന്നു അവന്‍. അച്ഛന്റെ ദുഃഖം പറഞ്ഞറിയിക്കാന്‍ ആവാത്തതായിരുന്നു.
       അടക്കം കഴിഞ്ഞു എല്ലാവരും പിരിഞ്ഞ്‌ പോയെങ്കിലും ഞാന്‍ പള്ളിനടയില്‍ തന്നെ ഇരിക്കയായിരുന്നു. വികാരിയച്ചനാണ് എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്. എന്റെ പുറത്തു തട്ടി അദ്ദേഹം ആശ്വസിപ്പിച്ചു.
          “നിങ്ങളുടെ സ്നേഹവും സൌഹൃദവും ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. നിന്റെ മനസ്സിന്റെ വിങ്ങല്‍ ഞാന്‍ മനസ്സിലാക്കുന്നു. ഇനി നീയാണ് അവന്റെ മാതാപ്പിതാക്കളെ ആശ്വസിപ്പിക്കേണ്ടത്. അവര്‍ക്ക് സ്നേഹവും പരിചരണവും കൊടുക്കേണ്ടത്. അതിനു ദൈവം നിനക്ക് ശക്തി തരും. അവന്റെ ആത്മാവ് എന്നും നിന്നോടുകൂടെ ഉണ്ടാവും.” 
          അച്ചന്റെ വാക്കുകള്‍ ഒരു സ്വാന്തനമായി ഒരു ഉപദേശമായി എന്റെ ചെവികളില്‍ മുഴങ്ങി. ഞാന്‍ പള്ളിയന്കണം വിട്ടു പുറത്തേക്കു നടന്നു. വഴിയില്‍ പുസ്തകസഞ്ചിയും തൂക്കി ഒരു ചെറു പുഞ്ചിരിയോടെ  അവന്‍ കാത്തുനില്‍ക്കണേ എന്ന് മനസ്സ്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

Saturday, 19 October 2013

നിഴലുകള്‍


നിഴലുകള്‍
  ഗേറ്റിന്‌ മുന്‍പില്‍  ഓട്ടോ നിന്നപ്പോള്‍ അമ്മ അവിടെ കാത്തു നില്‍ക്കയായിരുന്നു. വെള്ള മുണ്ടിലും ബ്ലൗസിലും നിറയെ  ചെളിയും വിയര്‍പ്പും. അടുക്കളയില്‍ എന്തോ പണി കഴിഞ്ഞ്‌ ഇറങ്ങിയ പോലെയുണ്ട്. അമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിരയിളക്കം കണ്ടു.
  അമ്മൂമ്മേ... അഖില്‍ ഓട്ടോയില്‍ നിന്നിറങ്ങി അമ്മയെ കെട്ടിപ്പിടിച്ചു നിന്നു.
  “മോനങ്ങു ക്ഷീണിച്ചുപോയല്ലോ.” അഖിലിന്റെ കവിളില്‍ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
  “നിഷമോള്‍ ഉറക്കം കഴിഞ്ഞില്ലേ? മോളെ ഇങ്ങു തന്നേ,  ഞാനൊന്ന് എടുക്കട്ടെ.” അമ്മ ദേവിയുടെ നേര്‍ക്ക്‌ കൈ നീട്ടി.
  മോളെ തോളില്‍ കിടത്തി അമ്മയും ദേവിയും ഉള്ളിലേക്ക് നടന്നു. അനുജന്‍ ലഗേജുകള്‍ ഇറക്കിവെച്ചിട്ടു ഓട്ടോക്കാരനെ വിടാനുള്ള തിരക്കിലായിരുന്നു. പൂമുഖത്ത് ഫ്രെയിം ചെയ്തു തൂക്കിയിരുന്ന അച്ഛന്റെ ചിത്രത്തില്‍ ഒരു നിമിഷം മിഴികള്‍ ഉടക്കി. സ്നേഹവും ഗൌരവവും കലര്‍ന്ന അച്ഛന്റെ ശബ്ദം ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.  ആജ്ഞാശക്തിയോടെയുള്ള നോട്ടവും സ്നേഹമസൃണമായ കരസ്പര്‍ശവും നഷ്ടമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തെക്കേമുറ്റത്ത് അച്ഛന്റെ ചിത എരിഞ്ഞടങ്ങിയ സ്ഥലത്ത് വളര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തില്‍ അറിയാതെ നോക്കി. കാറ്റില്‍ ഇളകുന്ന ചില്ലകള്‍ അച്ഛന്‍ മാടിവിളിക്കുന്നതിന്റെ തോന്നലുളവാക്കി. സജലങ്ങളായ മിഴികള്‍ തുടച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് നടന്നു.
   പുതിയ കിടക്കവിരിയില്‍ മോളെ കിടത്തി അമ്മ അവള്‍ക്കരികില്‍ ഇരിക്കയാണ്. ഞാന്‍ അമ്മയോട് ചേര്‍ന്ന് കട്ടിലില്‍ ഇരുന്നു.
            “യാത്രയൊക്കെ സുഖയിരുന്നോ മോനെ?. അമ്മ എന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് ചോദിച്ചു.
      “കുഴപ്പമില്ല , ടൌണില്‍നിന്ന് ഒറ്റ ബസ്‌ അല്ലെ? മൂന്ന് മണിക്കൂര്‍ കൊണ്ട് ഇങ്ങെത്തി.”
   “നീ ഉടുപ്പ് ഒക്കെ മാറ്റ്. ഞാന്‍ ചായ എടുക്കാം.”  അമ്മ അടുക്കളയിലേക്ക്‌ നടന്നു.  അഖില്‍ മുറ്റത്ത്‌ കൂടി ഒരു പൂവന്‍ കോഴിയെ ഓടിച്ചുകൊണ്ടിരിക്കുന്നു.  അവനു കോഴിയും ആടും പശുവും എല്ലാം ഒരു പുതുമയാണ്. നഗരത്തിലെ ഫ്ലാറ്റില്‍ ടീ.വീ. സ്ക്രീനില്‍ കാണുന്ന മൃഗങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ എല്ലാം ഇപ്പോള്‍ നേരിട്ട് മുന്‍പില്‍ എത്തിയ സന്തോഷത്തിലാണ്. ഗ്രാമത്തിലെ കാഴ്ചകളും തണുത്ത കാറ്റും നിശബ്ദമായ അന്തരീക്ഷവും വിരളമായി ലഭിക്കുന്ന വിരുന്ന് പോലെ അവനു  ആനന്ദം പകരുന്നു.  അയല്‍വാസിയെ പോലും പരസ്പരം തിരിച്ചറിയാത്ത നഗരത്തിലെ തിരക്കില്‍ സ്വാര്‍ത്ഥതയുടെ മുഖംമൂടിയണിഞ്ഞ് തന്നിലേക്ക് തന്നെ ഒതുങ്ങുന്ന പുതിയ സമൂഹത്തിലെ ഒരു കണ്ണിയാണവന്‍
  ചായ കുടിച്ചുകൊണ്ടിരിക്കെ അമ്മ ഓരോ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അടുത്ത് നടന്ന മരണം, വിവാഹം, പ്രസവം മുതലായ പല കാര്യങ്ങളും പറയുന്ന കൂട്ടത്തിലാണ് പദ്മകുമാരി ടീച്ചറിന്റെ കാര്യം പറഞ്ഞത്. 
   ടീച്ചറിനെ മറക്കാന്‍ പറ്റുമോ.   ടീച്ചറിനെ കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുതന്ന് അറിവിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് ടീച്ചറാണ്. ടീച്ചറിന്റെ കൈവിരലില്‍ തൂങ്ങിയായിരുന്നു ആദ്യ സ്കൂള്‍ യാത്ര. ഒരു കൊച്ചനിയനോടെന്ന പോലെ ടീച്ചര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു.
  ഡിസംബര്‍ മാസത്തിലെ തണുത്തുറഞ്ഞ പ്രഭാതങ്ങളില്‍ ടീച്ചറിന്റെ വിളി കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നിരുന്നത്. ചെറിയ ബക്കെറ്റില്‍ കുറച്ചു തുണികളുമായി ടീച്ചര്‍ കാത്തുനില്‍ക്കുന്നുണ്ടാവും. തലയില്‍ കുറച്ചു വെളിച്ചെണ്ണ പുരട്ടി ഉമിക്കരിയും ഈര്‍ക്കിലുമായി ടീച്ചറിനോടൊപ്പം ഞാന്‍ പുഴക്കടവിലേക്ക് നടക്കും. കുളിക്കുമ്പോള്‍ സോപ്പ് തേച്ചു തരുന്നതും തല തുവര്‍ത്തി തരുന്നതും ടീച്ചര്‍ ആയിരിക്കും. കുളി കഴിഞ്ഞു ടീച്ചറിനോടൊപ്പം കിഴക്കോട്ട് തിരിഞ്ഞു നിന്ന് സൂര്യദേവനെ ധ്യാനിക്കുക ദിവസവും ഉള്ള ചടങ്ങായിരിന്നു.
  വൈകുന്നേരം ക്ലാസ്‌ കഴിഞ്ഞു വന്നാല്‍ ടീച്ചറിന്റെ വീട്ടില്‍ ഒരു മണിക്കൂര്‍ ട്യൂഷന്‍. വൈകിട്ട് ചായയോടോപ്പമുള്ള പലഹാരത്തിന്റെ ഒരു വീതം ടീച്ചര്‍ എനിക്കായി കരുതി വെച്ചിട്ടുണ്ടാവും. അത് പ്രതീക്ഷിച്ചു കൂടിയായിരുന്നു ഞാനെന്നും കൃത്യസമയത്ത് എത്തിയിരുന്നത്.
    നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ടീച്ചറിന്റെ വിവാഹം. വിവാഹവും സ്ഥലം  മാറ്റവും ഒരുമിച്ചായിരുന്നു. ടീച്ചറിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അകലെ ഏതോ ഗ്രാമത്തില്‍ ടീച്ചര്‍ ജോലിനോക്കിയിരുന്നതായി അറിഞ്ഞു. ഒരു പെണ്‍കുഞ്ഞ് പിറന്നതും പട്ടാളക്കാരനായ ഭര്‍ത്താവിന്റെ മരണവും വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്.
    ചായ കുടി കഴിഞ്ഞു ഞാന്‍ ശങ്കരേട്ടന്റെ വീട്ടിലേക്കു നടന്നു. ചെമ്മണ്‍ പാതക്ക് ഇരുവശവും ഓലകെട്ടി മറച്ച വേലികള്‍. എതിരെ നടന്നുവന്നിരുന്ന പലരും പരിചിത ഭാവത്തില്‍ പുഞ്ചിരി തൂകി. കുട്ടികള്‍ പുതിയൊരു ആളെ കണ്ട കൌതുകത്തോടെ തുറിച്ചു നോക്കുന്നു.
 ശങ്കരേട്ടന്  തൊടിയിലെ തെങ്ങിന് നനച്ചുകൊണ്ടിരിക്കുയാണ്. ഒരു കൈലി മാത്രമാണ് വേഷം. ശരീരം അല്പം മെലിഞ്ഞിട്ടുണ്ട്. എന്നെ കണ്ട മാത്രയില്‍ അദ്ദേഹ ഒരു പുഞ്ചിരിയോടെ കൈ ഉയര്‍ത്തി അഭാവാദ്യം ചെയ്തു.
   “കിരണ്‍ എപ്പോള്‍ വന്നു”.?
  “അര മണിക്കൂര്‍ ആയി. ടീച്ചര്‍ വന്നിട്ടുന്ടന്നു അറിഞ്ഞു.”
“കയറി ഇരിക്കൂ. ഞാന്‍ ടീച്ചറിനെ വിളിക്കാം”.  മോട്ടോര്‍ ഓഫ് ചെയ്തിട്ട് ശങ്കരേട്ടന്   അകത്തേക്ക് പോയി. സിറ്റൗട്ടില്‍ ഒരു പ്ലാസ്ടിക് കസേര നീക്കിയിട്ട് ഞാനിരുന്നു. ടീപ്പോയിയില്‍ ഒന്നുരണ്ടു ദിനപ്പത്രങ്ങള്‍ മടക്കി വെച്ചിട്ടുണ്ട്.
   “കിരണോ? എപ്പോള്‍ വന്നു പട്ടണത്തില്‍നിന്നു?”
   മുന്നില്‍ നില്‍ക്കുന്ന രൂപത്തെ കണ്ടു ഞാന്‍ അത്ഭുതസ്തബ്ധനായി. ഇടയ്ക്കിടെ നരച്ചുതുടങ്ങിയ മുടി. കുഴിഞ്ഞു താണ കണ്ണുകള്‍. മുഖത്ത് കറുപ്പ് നിറം വ്യാപിച്ചിരിക്കുന്നു. മെലിഞ്ഞുണങ്ങിയ ശരീരം. സെറ്റുമുണ്ടുടുത്ത ആ സ്ത്രീരൂപം  പഴയ സുന്ദരിയായിരുന്ന പദ്മകുമാരി ടീചെറാണന്നു വിശ്വസിക്കുവാന്‍ കഴിയുന്നില്ല.
  മനസ്സറിയാതെ ടീച്ചറിന്റെ പാദങ്ങളില്‍ തൊട്ടു നമസ്കരിച്ചു. ടീച്ചറെന്നെ പിടിചെഴുന്നെല്‍പ്പിച്ചു. ഒരു കൊച്ചു കുട്ടിയെപ്പോലെ കെട്ടിപ്പിടിച്ചു.
  “കിരണങ്ങു വളര്‍ന്നു വലിയ ആളായല്ലോ. എന്റെ മനസ്സില്‍ നീയിപ്പോഴും ഒരു ചെറിയ കുട്ടിയാണ്. വള്ളിനിക്കര്‍ ഇട്ടു നടക്കുന്ന ഒരു കൊച്ചുകുട്ടി”.
“ടീച്ചറിനു സുഖമാണോ?”
          “കുഴപ്പമില്ല. ഇപ്പോള്‍ പെന്ഷനായിട്ടു ഏഴ് വര്‍ഷമായി. നിന്റെ ഭാര്യയും കുട്ടികളും വന്നിട്ടുണ്ടോ?”
   “വന്നിട്ടുണ്ട്”
“പിന്നെന്തേ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടു വരാഞ്ഞത്?”
  “അത്......ടീച്ചര്‍ വന്നിട്ടുണ്ടന്ന് അറിഞ്ഞപ്പോള്‍  ഞാനൊന്നും ആലോചിച്ചില്ല. നേരെ ഇങ്ങു പോന്നു.”
  മുറിയില്‍ നിന്ന് പുറത്തേക്കു വന്ന തടിച്ച പെണ്‍കുട്ടി ഒരു ബുദ്ധിയുറക്കാത്ത കുട്ടിയെപ്പോലെ തോന്നി. ഉണ്ടക്കണ്ണ്‍ തുറിച്ചുള്ള നോട്ടവും  മുഖത്തെ ഭാവങ്ങളും സംശയം ബലപ്പെടുത്തി.
   “കിരണ്‍ സംശയിക്കേണ്ട. എന്റെ മോളാണ്. എന്റെ ഒരേ ഒരു മോള്‍. ഇരുപത്തഞ്ചു വയസ്സായി. ബുദ്ധിയുറച്ചിട്ടില്ല, സംസാരിക്കില്ല. ഇപ്പോള്‍ ഇവള്‍ക്ക് ഞാനും എന്നിക്ക് ഇവളും മാത്രമേയുള്ളൂ ഒരു ആശ്രയത്തിന്‌. മോളുടെ ചികില്‍സക്കായി നാളെ ഡല്‍ഹിക്ക് പോകയാണ്. അതിനു മുന്‍പ്‌ ഇവിടെ ഒന്ന് വരണമെന്ന് തോന്നി. ഇവിടെ വന്നപ്പോള്‍ നിന്നെ ഒന്ന് കാണണമെന്നും തോന്നി.”
  ടീച്ചെറിനോട് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു മനസ്സുനിറയെ. പക്ഷെ, സാധിച്ചില്ല. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. ഒന്നും പറയാനാവാതെ ഞാന്‍ തരിച്ചുനിന്നു. ഒരു ജന്മത്തിന്റെ ദുരന്തങ്ങള്‍ മുഴുവന്‍ അനുഭവിച്ചു ജീവിക്കുന്ന ആ കണ്ണുകളില്‍ നിന്ന് ആ കഥകള്‍ മുഴുവന്‍ വായിചെടുക്കാനാവും. കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയിട്ടുണ്ടാവും. ദുഖജ്വാലകളേറ്റ് മനസ്സും ശരീരവും വാടിത്തളര്‍ന്നിട്ടുണ്ടാവും. കുറ്റപ്പെടുത്തലുകളുടെയും ശകാരങ്ങളുടെയും ശാപശരങ്ങള്‍ ഏറ്റിട്ടും മുടന്തി നീങ്ങുന്ന ജീവിതം മുന്നോട്ടു നയിക്കാന്‍ ധൈര്യം മാത്രമായിരുന്നുവോ വഴികാട്ടി.
  വളരെയധികം കുട്ടികള്‍ക്ക് അറിവിന്റെ പൊന്‍ തിരിവെട്ടം തെളിയിച്ച്‌ കൊടുത്തിട്ടുള്ള ഗുരുനാധക്ക് ഈശ്വരന്‍ നല്‍കിയത് ജീവിതദുരന്തങ്ങളുടെ ഇരുള്‍ മാത്രം.
  “കിരണ്‍ ചായ കുടിക്ക്. ഞാനും മോളും പറമ്പില്‍ ഒന്ന് നടന്നിട്ട് വരാം. അവള്‍ കൈയ്യില്‍ പിടിച്ചു വലിക്കുന്നത് കണ്ടില്ലേ?”
   ടീച്ചറിനെ പിടിച്ചു വലിചുകൊണ്ട് ആ പെണ്‍കുട്ടി മുറ്റത്തേക്ക് ഇറങ്ങി.  മുറ്റവും കടന്ന്‌ തൊടിയിലൂടെ അവര്‍ സാവധാനം നടന്നു. ലക്ഷ്യമില്ലാത്ത ഒരു യാത്ര പോലെ അവര്‍ നടന്നു നീങ്ങുന്നത് ഞാന്‍ നോക്കിയിരുന്നു. എന്റെ കണ്ണുകളില്‍ നീര്മുത്തുകളുടെ നനവ്‌ പടര്‍ന്നു. കാഴ്ച സാവധാനം മങ്ങി മങ്ങി വന്നു. മങ്ങിയ കാഴ്ചകളില്‍ ടീച്ചറും മകളും നിഴലുകലായി മാറി. നിഴലുകള്‍ സാവധാനം അലിഞ്ഞലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരുന്നു.

Saturday, 3 August 2013

ശാന്തി

( ഇത് ഒരു തീവണ്ടി എന്ജിനുള്ളില്‍ നിന്നുള്ള കാഴ്ചയാണ്)
   ട്രെയിന്‍ വടക്കാഞ്ചേരി സ്റ്റേഷന്‍ വിടുമ്പോള്‍ സമയം പതിനൊന്നര മണി കഴിഞ്ഞു. എണ്‍പതു കിലോമീറ്റര്‍ വേഗതയിലാണ് വണ്ടിയുടെ കുതിപ്പ്. ചെറുതായി മഴച്ചാറ്റല്‍ ഉള്ളതിനാല്‍ ഞാന്‍ വൈപ്പര്‍  ഓണ്‍ ചെയ്തിരുന്നു. ട്രെയിന്‍ ഒരു വളവിലേക്ക് തിരിയുമ്പോള്‍ മുന്നില്‍ ട്രാക്കിനു നടുവിലായി ഒരു സ്ത്രീ നില്‍ക്കുന്നു. കുട ചൂടി നില്‍ക്കുന്ന അവര്‍ വണ്ടിയുടെ വരവും ഹോണ്‍ മുഴക്കവും ശ്രദ്ധിക്കാതെ കൈയ്യിലെ പ്ലാസ്റ്റിക്‌ കിറ്റില്‍ എന്തോ തിരയുകയാണ്.  ബ്രയിക്‌ അപ്ലൈ ചെയ്യുന്നതിന് മുന്‍പ്‌ തന്നെ വണ്ടി മുട്ടി  അവര്‍ ഇടതുവശത്തേക്ക് തെറിച്ചു പോകുന്നത് കണ്ടു. എന്റെ ശരീരത്തില്‍ ആകമാനം തീ പടരുന്നത് പോലെയുള്ള അവസ്ഥ. കൈയും കാലും തളരുന്നത് പോലെ തോന്നി. വണ്ടിയുടെ മുന്നില്‍ ഒരു മനുഷ്യജീവന്‍ പിടഞ്ഞു തീരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ. അത് അവരുടെ ജീവനെടുത്തിട്ടുണ്ടാകാം. നാനൂറു മീറ്ററിലധികം ഓടിയിട്ടാണ് ട്രെയിന്‍ നിന്നത്.
         ഒരാള്‍ അശ്രദ്ധമായി ട്രാക്ക്‌ മുറിച്ചുകടക്കുന്നതു കണ്ടാലും അയാളെ രക്ഷപെടുത്താനാവാത്ത എന്‍ജിന്‍ ഡ്രൈവറുടെ നിസ്സഹായാവസ്ഥ. എത്ര പെട്ടന്ന് ബ്രേക്ക് ഇട്ടാലും നാനൂറ് മീറ്റര്‍ എങ്കിലും ഓടിയിട്ടു മാത്രമാണ് വണ്ടി നില്‍ക്കുന്നത്. അപകടം നടക്കുമ്പോള്‍ വലിയ വണ്ടിയുടെ ഡ്രൈവറെ കുറ്റം പറയുന്ന സാധാരണക്കാര്‍ ഒരു ട്രെയിന്‍ ഡ്രൈവറുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നുണ്ടാവില്ല.
   എന്‍ജിന്റെ മുന്നില്‍ ചിതറിത്തെറിച്ച  ചോരയും കുറെ മാംസകഷ്ണങ്ങളും. ആ സ്ത്രീയുടെ കൈയ്യില്‍ ഇരുന്ന പ്ലാസ്ടിക് കിറ്റ്‌ എന്ജിന് മുന്നില്‍ കുടുങ്ങി കിടപ്പുണ്ട്. ഞാന്‍ ആ കിറ്റ്‌ കൈയ്യിലെടുത്തു. അതിനുള്ളില്‍ ചൂട് മാറാത്ത ഒരു ചോറും പൊതി. ഒരു റേഷന്‍കാര്‍ഡ്‌, ഒരു പ്ലാസ്ടിക് ബോട്ടില്‍  നിറയെ കരിങ്ങാലി വെള്ളം ,ഒരു സഞ്ചി. റോസ് നിറത്തിലുള്ള ആ റേഷന്‍കാര്‍ഡ്‌ അധികം പഴക്കമുള്ളത് ആയിരുന്നില്ല. അതിനുള്ളില്‍ എഴുതിയിരുന്ന വിലാസം ഞാന്‍ രണ്ടുതവണ വായിച്ചു.
         ചിതറി തെറിച്ചുപോയ വലതു കൈയും ചതഞ്ഞരഞ്ഞ മുഖവും ചോരയില്‍ കുളിച്ച വസ്ത്രങ്ങളും. ഒരു പഴംതുണി കെട്ടുപോലെ  ആയ ആ  സ്ത്രീയുടെ ശരീരം സ്ട്രെച്ചറിലേക്ക് എടുത്തു വെക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ച്ചിരുന്നോ. ചൂളം വിളിച്ചുകൊണ്ട് ആംബുലന്‍സ്‌ നീങ്ങിയപ്പോള്‍ അവിടെ തടിച്ചുകൂടിയ നാട്ടുകാരും യാത്രക്കാരും ട്രെയിന്‍ ഡ്രൈവറെ മനസ്സുകൊണ്ട് ശപിക്കുകയാണന്നു തോന്നി. പതറിയ മനസ്സോടെയാണ് ശേഷിച്ച ദൂരം ഞാന്‍ ട്രെയിന്‍ ഓടിച്ചത്. എന്ജിനിലേക്ക് കടന്നുവരുന്ന കാറ്റിനു ചൂട് ചോരയുടെ മണം എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു.
   പറളികാട് ബസ്സ് ഇറങ്ങുമ്പോള്‍ രണ്ടു മണി കഴിഞ്ഞിരുന്നു. ഇടവഴിയില്‍ കറുത്ത കൊടി കണ്ടതിനാല്‍ ആരോടും വഴി ചോദിക്കേണ്ടി വന്നില്ല. റോഡിനു കിഴക്കുവശതെക്ക് നീളുന്ന ചെമ്മണ്‍ പാതയിലൂടെ ഞാന്‍ മെല്ലെ നടന്നു. മഴ പെയ്തു നനഞ്ഞു കിടന്നതിനാല്‍ വഴിയില്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. മരണവീട്ടിലേക്ക് പോകുന്നവരുടെ കൂടെ ഞാനും മെല്ലെ നടന്നു. ആത്മഹത്യ  ആയിരുന്നു എന്നാണു പലരുടെയും ധാരണയെന്ന് അവരുടെ സംസാരത്തില്‍ നിന്ന് എനിക്ക് മനസ്സിലായി.
    ടാര്‍പോളിന്‍ വലിച്ചുകെട്ടിയ പന്തലിനുള്ളില്‍ അന്ത്യ കര്‍മങ്ങള്‍ നടക്കുകയാണ്. ചന്ദനത്തിരിയുടെ മണം അവിടെ ചുറ്റിത്തിരിയുന്ന കാറ്റില്‍ ഉണ്ടായിരുന്നു.  തറയില്‍ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന ആ സ്ത്രീയുടെ ജഡം. ശന്തമായുള്ള ഒരു ഉറക്കം പോലെ തോന്നിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ അടയാളമായി തലയില്‍ ഒരു കെട്ട് കാണാം. തലക്കല്‍ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്. നാക്കിലയില്‍ എള്ളും പൂവും ദര്‍ഭയും. കണ്ണീരോടെ അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്ന ഒരു അഞ്ചു വയസ്സുകാരന്‍ കുട്ടി. അവന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പൂജ ദ്രവ്യങ്ങള്‍ എടുത്തു കൊടുത്തുകൊണ്ടിരിക്കുന്ന പരികര്‍മി. താടിയും മുടിയും നീട്ടി വളര്‍ത്തിയ പൂജാരി എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ടായിരുന്നു.
  ജഡം ചിതയിലേക്ക് എടുക്കുന്നതിനു മുന്‍പായി പരികര്‍മി തന്ന പൂജാപുഷ്പങ്ങള്‍ എന്റെ അന്ത്യോപചാരമായി ഞാന്‍ അര്‍പ്പിച്ചു. ചിതക്ക് തീ പകര്‍ന്നപ്പോള്‍ ആ നാട് മുഴുവന്‍ കരയുന്നത്പോലെ  തോന്നി. ഒരു അന്യനായി ഞാന്‍ മാത്രം. എന്നെ തിരിച്ചറിയുന്നവര്‍ ആരുമുണ്ടായിരുന്നില്ല. മരണവീട്ടില്‍ ഒരു കുശലാന്വാഷണവും ഉണ്ടാവില്ല എന്നത് എത്ര ആശ്വാസം. ചാരുകസേരയില്‍ പ്ലാസ്റ്റര്‍ ഇട്ട കാലുമായി തളര്‍ന്നിരിക്കുന്ന ദിവാകരന്‍ എന്ന ചെറുപ്പക്കാരന്‍ അവരുടെ ഭര്‍ത്താവാണന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ആ കണ്ണുകളിലെ നിരാശയും കണ്ണീരും എനിക്ക് തിരിച്ചറിയാനായി. സ്നേഹിച്ച പെണ്ണുമായി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചവന്‍. പക്ഷെ വിധി അവന്റെ സൌഭാഗ്യങ്ങള്‍ ഓരോന്നായി തല്ലിക്കെടുത്തുകയായിരുന്നു.
  ചിത കത്തിതുടങ്ങിയപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞുപോകാന്‍ തുടങ്ങി. എല്ലാവരും ദിവാകരന്റെ അടുത്തെത്തി യാത്ര പറഞ്ഞിട്ടാണ് മടങ്ങുന്നത്. കാപട്യം ഇല്ലാത്ത നിഷ്കളങ്കരായ ഗ്രാമീണര്‍ സന്തോഷത്തിലും ദുഖത്തിലും ആത്മാര്‍ഥത പ്രകടിപ്പിക്കുന്നവരാണ്.
   ഞാന്‍ ദിവാകരന്റെ അടുത്തെത്തി. “വിഷമിക്കരുത്, എല്ലാം വിധിയാണന്നു കരുതുക” തണുത്തുറഞ്ഞ ആ കൈത്തലം ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു.
ദിവാകരന്റെ കണ്ണുകളില്‍ എന്നെ തിരിച്ചരിയാനാവാത്തത്തിന്റെ ഒരു അപരിചിതത്വം നിലനിന്നിരുന്നു. കൈയ്യിലിരുന്ന പ്ലാസ്ടിക് കിറ്റ്‌ ദിവാകരന്റെ കസേരയോട് ചേര്‍ത്ത് വെച്ച് ഞാന്‍ തിരിഞ്ഞു നടന്നു. ബസ്‌ സ്ടോപ്പിലെക്കുള്ള വഴിയിലൂടെ നടക്കുമ്പോള്‍ അകലെ വയലില്‍ കുട്ടികള്‍ ഒരു പട്ടിയെ കല്ലെറിഞ്ഞു ഓടിക്കുന്നത് കാണാമായിരുന്നു.
       ബസ്‌സ്റ്റോപ്പില്‍ വലിയ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി നില്‍ക്കുന്നു. ഏതോ ആശുപത്രിയില്‍ പോകുകയാണന്നു തോന്നുന്നു. പിന്നെ നാലഞ്ചു ചെറുപ്പക്കാര്‍. ഒരു ചെറുപ്പക്കാരന്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. നല്ല പരിചയം ഉള്ള മുഖം. എവിടെയോ കണ്ടു മറന്നതാണ്. എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഒരു പുഞ്ചിരിയോടെ അയാള്‍ എന്റെ അടുത്തേക്ക് വന്നു.
 “എന്നെ മനസ്സിലായോ?”
അയാളുടെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്നറിയാതെ ഞാന്‍ നിന്നു.
  “ഞാന്‍ ഷോര്‍ണൂര് സ്റ്റേഷനില്‍ കൂലിപോര്‍ട്ടര് ആണ്. എനിക്ക് സാറിനെ മനസ്സിലായി. ലോകോ പൈലറ്റ്‌ അല്ലേ. ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ എന്തിനു വന്നതാണ്?”
 എന്താണ് ഇയാള്‍ക്ക് മറുപടി പറയുക. ശവമടക്ക് കൂടാന്‍ വന്നതാണ് എന്ന് പറഞ്ഞാല്‍ പിന്നെ പല പല ചോദ്യങ്ങളും പുറകെ വരും. ഞാന്‍ ഓടിച്ചിരുന്ന വണ്ടി മുട്ടിയാണ് ആ സ്ത്രീ മരിച്ചതെന്ന്  തുറന്നു പറയേണ്ടിവരും. അങ്ങനെ പറഞ്ഞാല്‍ പിന്നെ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ആലോചിക്കുവാന്‍ പോലും  ആവില്ല. ഒരു പക്ഷെ നാട്ടുകാര്‍ ഒരു കൊലപാതകിയോടു എന്നതുപോലെ പെരുമാറിയെന്ന് വരും. ചിലപ്പോള്‍ ഒരു തെരുവ് നായയെ പോലെ കല്ലെറിഞ്ഞെന്നു വരും. ഒരു കുടുംബം അനാധമായത്തിന്റെ കാരണക്കാരന്‍ എന്ന ആരോപണത്തോടെ എന്നെ ശപിച്ചേക്കാം. എന്ത് മറുപടി പറയണം എന്ന സന്ദേഹത്തോടെ നില്‍ക്കുമ്പോള്‍ അകലെ നിന്നു ഒരു ലൈന്‍ ബസ്സ് കയറ്റം  കയറി വരുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു. അടുത്തുവന്ന് നീന്ന ബസ്സ്‌ ഒരു രക്ഷദൂതനായി എന്റെ മുന്നില്‍ അവതരിച്ചതായി എനിക്ക് തോന്നി. പിന്നെ കാണാം എന്നാ മറുപടിയോടെ ഞാന്‍ ബസ്സില്‍ ചാടിക്കയറി. പുറകിലേക്ക് ഓടി മറയുന്ന കാഴ്ചകളില്‍ ശ്രദ്ധിക്കാതെ ഞാന്‍ മിഴി പൂട്ടിയിരുന്നു.

   

Monday, 3 June 2013

അഭയം

അഭയം
     “ഇതാണ്  വീട്ടുജോലിക്ക്  ഞാന്‍   ഇടപാടാക്കാമെന്നു  പറഞ്ഞ  കുട്ടി.”  ചാക്കോച്ചന്റെ വാക്കുകളെ  എനിക്ക് വിശ്വസിക്കാനായില്ല.  കീറിപ്പറിഞ്ഞ  സ്കൂള്‍യൂണീഫോമിട്ട  ഒരു പത്തുവയസ്സുകാരി  പെണ്‍കുട്ടി.  കുഴിഞ്ഞുതാണ  കണ്ണുകള്‍.  കരിവാളിച്ച  ചുണ്ടുകള്‍.  ദൈന്യത  നിറഞ്ഞ  നിഷ്കളങ്കമായ  മുഖം.   ഈ  കുട്ടിയെക്കൊണ്ട്  എന്ത്  ജോലി  ചെയ്യിക്കുവാനാണ്?  ഡോണയുടെയും  സോണിയുടെയും  പ്രായം  മാത്രമുള്ള  ഈ  കുട്ടിയെ  എങ്ങനെയാണ്  വീട്ടുപണിക്ക്  നിര്‍ത്തുന്നത്?  ഡെയ്സി  ഓര്‍ത്തു.
“മോളുടെ  പേരെന്താണ്?”
“മീര”.
“സ്കൂളില്‍  പോകുന്നുണ്ടോ?”
“ഇല്ല ,  പഠിത്തം നിര്‍ത്തി.”
“അതെന്താ  പഠിത്തം നിര്‍ത്തിയത്?”  ഡെയ്സിയുടെ  ചോദ്യം  കേട്ട്  മീരയുടെ  കണ്ണുകള്‍  നിറഞ്ഞു.
“ടീച്ചറെ മീരയുടെ  വീട്ടിലെ  കാര്യം  വളരെ  കഷ്ടമാണ്.  അച്ഛനുമമ്മയും  ഒരപകടത്തില്‍  പെട്ടു.  അമ്മ  മാത്രമാണ്  പരിക്കുകളോടെ  രക്ഷപ്പെട്ടത്.  അവര്‍  ഇപ്പോളും  ഉഴിച്ചിലും  പിഴിച്ചിലുമായി  ചികിത്സയിലാണ്. നാട്ടുകാരുടെ  കാരുണ്യത്താലാണ്  ഓരോ  ദിവസവും  കഴിഞ്ഞുകൂടുന്നത്”
         ഡെയ്സി  മീരയെ  ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.  ആദ്യം എണ്ണയും സോപ്പും എടുത്തുകൊടുത്തു.  കുളികഴിഞ്ഞ്‌  ധരിക്കാന്‍ ഡോണയുടെ ഒരു ഉടുപ്പ് കൊടുത്തു. കുളികഴിഞ്ഞപ്പോള്‍  അവള്‍ കൂടുതല്‍  സുന്ദരിയായപോലെ  തോന്നി. അടുക്കളയുടെ മൂലക്കിരുന്നാണ്  അവള്‍   ഭക്ഷണം  കഴിച്ചത്.   അവളുടെ  വിശപ്പ്‌  മാറിക്കഴിഞ്ഞപ്പോള്‍  മുഖത്ത്  ഒരു പ്രത്യേക തിളക്കം ഡെയ്സി  കണ്ടു.
                   ദിവസ്സങ്ങള്‍ക്കുള്ളില്‍ മീര വീട്ടിലെ ജോലികളില്‍ സഹായിക്കാന്‍ പഠിച്ചു.  പാത്രങ്ങള്‍  കഴുകാനും തറ  തൂത്തുവാരി തുടച്ചു വൃത്തിയാക്കാനും അവള്‍ പഠിച്ചു.  ഒഴിവു സമയങ്ങളില്‍  മക്കളോടൊപ്പം  കളിക്കുവാനും തുടങ്ങി.  പെട്ടന്ന് തന്നെ അവള്‍  വീട്ടിലെ  ഒരു അംഗത്തെ പോലെ  എല്ലാവരുമായി  ഇണങ്ങിച്ചേര്‍ന്നു.
          മീര  സന്ധ്യക്ക് മുന്‍പ്  വീട്ടില്‍ പോയി അതിരാവിലെ  തിരിച്ചെത്തുമായിരുന്നു.  ഡെയ്സി  ഒരു  തവണ മീരയുടെ  വീട്ടില്‍  പോയി അവളുടെ  അമ്മയെ കണ്ടു.  ഊന്നുവടിയുടെ  സഹായത്താല്‍  നടന്നുതുടങ്ങിയിരുന്ന  അവര്‍ കാണാന്‍  അതീവ  സുന്ദരിയായിരുന്നു.  ആരെയും  ആകര്‍ഷിക്കുന്ന  ഒരു  മുഖമായിരുന്നു  അവരുടേത്. എപ്പോഴും  ഒരു  കുസൃതി  ഒളിപ്പിച്ചു വെച്ചിരിക്കുന്ന കണ്ണുകള്‍. ഒരു  നാടന്‍  വൈദ്യരുടെ  എണ്ണയും  കുഴമ്പും  കൂട്ടിയുള്ള തിരുമ്മു ചികിത്സ  ഫലം  കണ്ട്  തുടങ്ങിയിരുന്നു.  വളരെ  വേഗമാണ്  അവര്‍  പൂര്‍ണ  ആരോഗ്യത്തിലേക്ക്  മടങ്ങിയെത്തിയത്.
      ഒരു  ദിവസം വൈകിട്ട് വീട്ടിലേക്ക്  പോയ  മീര അല്പസമയം  കഴിഞ്ഞു കരഞ്ഞുകൊണ്ടാണ്  മടങ്ങി  വന്നത്.  വീട്  പൂട്ടിയിട്ടിരിക്കുന്നു.  അമ്മയവിടെ  ഇല്ലന്നും പറഞ്ഞായിരുന്നു  അവളുടെ  കരച്ചില്‍. എന്തെങ്കിലും  സാധനം  വാങ്ങാന്‍  പോയതായിരിക്കും ഇരുട്ടുന്നതിനു  മുന്‍പായി തിരിച്ചുവരുമെന്ന് പറഞ്ഞു ഡെയ്സി  മീരയെ സമാധാനിപ്പിച്ചു.
         അന്ന്  രാത്രിയും  പിറ്റേന്ന്  പകലും  അവളുടെ  അമ്മ  വന്നില്ല.  ദിവസങ്ങള്‍  കടന്നുപോയി. അവളുടെ  കാത്തിരിപ്പിന്റെ ദിവസങ്ങള്‍  ആഴ്ച്ചകള്‍ക്കും  മാസങ്ങള്‍ക്കും  വഴിമാറി. ഇതിനകം  അവര്‍  ഒരു  ചെറുപ്പക്കാരനുമായി  നാടുവിട്ടതാണന്ന കഥ   ഗ്രാമത്തില്‍  പരന്നിരുന്നു.  മീരയുടെ  കണ്ണുനീര്‍ കാണാത്ത ഒരു  ദിവസവും കടന്നുവന്നില്ല. വയറ്  നിറയുവോളം  ആഹാരവും നല്ല വസ്ത്രങ്ങളും കിട്ടിയിട്ടും അവളുടെ  മനസ്സ്‌ അമ്മക്ക്  വേണ്ടി കൊതിച്ചു കൊണ്ടിരുന്നു.  അമ്മയുടെ  ചൂടും പറ്റി  കയറ്  കട്ടിലില്‍  കിടന്നുറങ്ങിയിരുന്ന  സുഖം അവള്‍ക് മറക്കാനായില്ല.  ഓരോ  തവണ  കോളിംഗ് ബെല്ലിന്റെ ശബ്ദം മുഴങ്ങുംപോളും  അത്  അമ്മ  ആയിരിക്കണേ  എന്ന  പ്രാര്‍ത്ഥനയുമായാണ്     അവള്‍  ഓടിയെത്തി  കതകു  തുറന്നിരുന്നത്.  അമ്മയല്ല  അത്    എന്ന് തിരിച്ചറിയുമ്പോള്‍  വാടിയ  മുഖവുമായാണ്  അവള്‍  ആഗതരെ സ്വീകരിച്ചത്.
      നാട്ടിലേക്കുള്ള  ട്രാന്‍സ്ഫര്‍  ഓര്‍ഡര്‍ കിട്ടിയപ്പോള്‍ മീരയുടെ കാര്യം ഒരു  പ്രശ്നമായി.  ഉറ്റവരും  ഉടയവരും  ഇല്ലാത്ത  അവളെ  ആരും ഏറ്റെടുക്കാന്‍  സന്നദ്ധരായില്ല.  വീട് പൂട്ടിയിറങ്ങുംപോള്‍ നിറകണ്ണുകളോടെ നില്‍ക്കയായിരുന്നു അവള്‍. കാറില്‍ കയറി കാര്‍  സാവധാനം മുന്നോട്ടു  നീങ്ങുംപോള്‍ വീട്ടുവാതില്കള്‍  തന്നെ നിന്നിരുന്ന  മീരയുടെ  കണ്ണുകളില്‍ ഒരു  നിസംഗഭാവം  ആയിരുന്നു.  അവള്‍  എന്നെന്നേക്കുമായി നഷ്ടമാവുകയാണോ എന്ന  ആശങ്ക ടെയ്സിയെ  ബാധിച്ചിരുന്നു.  “സോണി പോകേണ്ട.” മീരയുടെ ചിലമ്പിച്ച ശബ്ദം ചെവികളില്‍ മുഴങ്ങി. ഡോണയുടെയും  സോണിയുടെയും  മുഖം വാടിയിരുന്നു. സോണിയുടെ കണ്ണുകളില്‍ തുളുമ്പി നിന്ന കണ്ണുനീര്‍ തുള്ളികള്‍ മീരയെന്ന സഹോദരിയുടെ. അല്ലങ്കില്‍  കൂടെപ്പിറപ്പായ മീരയുടെ സ്നേഹബന്ധനത്തിന്റെ തിരുശേഷിപ്പുകളായിരുന്നു. അവളെ  ആ ഗ്രാമത്തില്‍  ഉപേക്ഷിച്ചു  പോരാന്‍  ഡെയ്സിയുടെ  മനസ്സനുവദിച്ചില്ല.
         കാര്‍ നിന്നപ്പോള്‍ മീര  ഓടി അടുത്തേക്ക് വന്നു.  ഡെയ്സി ഡോര്‍ തുറന്നുകൊടുത്തു.
“കയറിക്കോളൂ.”

അവള്‍ പിന്നെയും  സംശയിച്ച്  നില്ല്കയായിരുന്നു. ഡെയ്സി അവളെ കൈപിടിച്ച് കാറില്‍ കയറ്റി.  അവളുടെ അമ്പരപ്പ് സാവധാനമാണ് മാറിയത്.  മണിക്കൂറുകള്‍ക്ക് ശേഷം മീര  ഡെയ്സിയുടെ തോളില്‍ തല ചായ്ച്ചു ഒരു പകലുറക്കത്തിലേക്ക്  വഴുതി വീഴുമ്പോള്‍ അകലെ  കരിമ്പനകള്‍ നിറഞ്ഞ  അവളുടെ ഗ്രാമം ഒരു നിസംഗ  ഭാവത്തിന്റെ ആലസ്യത്തിലായിരുന്നു.   

Saturday, 11 May 2013

ഗാന്ധിജി


ഗാന്ധിജി
രാവിലെ ഉണര്‍ന്ന ഉടനെ ഒരു ചായ കുടിക്കണമെന്ന ആഗ്രഹം തോന്നി. ഡിസംബറിലെ  പ്രഭാതത്തിനു നല്ല തണുപ്പ് ഉണ്ടായിരുന്നു. ഹാങ്ങറില്‍കിടന്ന ഷര്‍ട്ട്‌  എടുത്തിട്ട് ഞാന്‍  മുറി പൂട്ടി പുറത്തിറങ്ങി.  പുറത്തു വെളിച്ചം കടന്നുവരുന്നതെ ഉള്ളു. തലമുടി കോതി വെയ്ക്കാനോ മുഖം കഴുകാനോ  മിനക്കെടാതെ  ഞാന്‍ അതിവേഗം  പുറത്തേക്കു  നടന്നു.
   നിരത്തിലേക്ക്‌  ഇറങ്ങിയപ്പോള്‍  ആകെ    ഒരു അപരിചിതത്വം അനുഭവപ്പെട്ടു. കാത്തു കിടക്കുന്ന ഓട്ടോറിക്ഷകളുടെ  സ്ഥാനത് കുതിരവണ്ടികള്‍,  സൈക്കിള്‍റിക്ഷകള്‍.  പഴമയുടെ ചിഹ്നനങ്ങള്‍   പേറുന്ന കാറുകള്‍,   മറ്റു  വാഹനങ്ങള്‍.   അംബരചുംബികളായ  കെട്ടിടങ്ങളോ ഫ്ലാറ്റുകളോ  ഇല്ല.  മഞ്ഞ വെളിച്ചം വിതറുന്ന  സോഡിയം വേപര്‍ലാമ്പുകള്‍  ഇല്ല. പകരം മങ്ങിക്കത്തുന്ന ബള്‍ബുകള്‍   മാത്രമുള്ള  വിളക്ക്കാലുകള്‍. ഓലമേഞ്ഞ ചായപ്പീടിക.  ഒറ്റമുണ്ടു  മാത്രമുടുത്ത  അര്‍ദ്ധനഗ്നരായ  ഗ്രാമീണര്‍.   ഇത് നൂറു വര്ഷം മുന്‍പുള്ള തിരുവനന്തപുരം പട്ടണം തന്നെ. ഇതെങ്ങനെ ഞാന്‍  ഇത്രയും കാലം പുറകിലെത്തി.
     ഒരു സ്വപ്നലോകത്ത് അകപ്പെട്ട പോലെ ഒരുതരം  പകപ്പ് എന്നെ ബാധിച്ചു.  സ്വപ്നമല്ല  എന്ന് സ്വയം  വിശ്വസിപ്പിക്കുവാന്‍  നോക്കി. ഇല്ല,   സ്വപ്നമല്ല..  ധനുമാസത്തിലെ  ശക്തിയേറിയ  തണുത്ത  കാറ്റ്  വീശിയടിക്കുന്നു.  ചായപ്പീടികയില്‍   അധികം  തിരക്ക്  ഒന്നും  ഉണ്ടായിരുന്നില്ല.  ഒരു ഓട്ടുഗ്ലാസ്സിലാണ്  എനിക്ക്  ചായ  തന്നത്.  ചായക്കടക്കാരന്‍   തന്ന ചായക്ക്  നല്ല രുചിയും മണവും ഉണ്ടായിരുന്നു. ശുദ്ധമായ  പശുവിന്റെ പാല്‍ചേര്‍ത്തുണ്ടാക്കിയ നല്ല ചായ.  ചായ കുടിച്ചതിന്  ശേഷമാണ്  പോക്കെറ്റില്‍   കൈയ്യിട്ട്  നോക്കിയത്.  അഞ്ചാറു  നാണയത്തുട്ടുകള്‍   മാത്രമാണ്  പോക്കെറ്റില്‍   ഉണ്ടായിരുന്നത്.  അപരിചിതമായ  ആ  നാണയത്തുട്ടുകള്‍   തിരിച്ചും  മറിച്ചും  നോക്കുന്നതിനിടയില്‍   കടക്കാരന്‍തന്നെ  അത്  കൈ  നീട്ടി  വാങ്ങി.  ബാക്കിയായ്‌  തന്ന  ക്ലാവ്  പിടിച്ച   ചെമ്പ്  നാണയങ്ങള്‍   എണ്ണിനോക്കാതെ  തന്നെ  ഞാന്‍   പോക്കെറ്റില്‍   ഇട്ടു.  വഴിയോരത്ത്  വില്പനയ്ക്ക്  വെച്ചിരുന്ന  ദിനപ്പത്രം  നസ്രാണി ദീപിക.  അതിലെ  തീയതി കണ്ടു ഞാന്‍   അന്ധാളിച്ചു  പോയി.
     അകലെനിന്ന് ഒരാരവം കേള്‍ക്കാം.  ഞാന്‍   കാതോര്‍ത്തു.  അത് മുദ്രാവാക്യം വിളി പോലെ എന്തോ ഒന്നായി തോന്നി. ശബ്ദാരവം  അടുത്ത്  വന്നുകൊണ്ടിരുന്നു.  അത്  ഒരു ജാഥയായിരുന്നു.  ദേശഭക്തി  തുളുമ്പുന്ന  മുദ്രാവാക്യങ്ങള്‍ആയിരുന്നു  അവര്‍വിളിച്ചിരുന്നത്‌.  ജാഥയുടെ മുന്നില്‍അതിവേഗം  നടക്കുന്ന വൃദ്ധനെ നല്ല  പരിചയം  തോന്നി.  മഹാത്മാഗാന്ധി.  അദ്ദേഹത്തോടൊപ്പം  നെഹ്‌റു. പിന്നെ അനവധി നേതാക്കള്‍.  എല്ലാവരും  തൂവെള്ള  ഖാദര്‍വസ്ത്രങ്ങള്‍ധരിചിരിക്കുന്നു.  ലോകം  മുഴുവന്‍ആരാധിക്കുന്ന മഹാത്മാഗാന്ധി  ഇതാ ജീവനോടെ  എന്റെ  മുന്നില്‍.  എനിക്ക് സന്തോഷം  അടക്കാനായില്ല.  ഞാന്‍ അദ്ദേഹത്തിന്റെ  അടുത്തേക്ക് ഓടിയെത്തി  ആ കാലില്‍ തൊട്ടു തൊഴുതു. അദ്ദേഹം എന്നെ പിടിച്ചു എഴുന്നേല്പിച്ചു.  തോളത്ത് സ്നേഹപൂര്‍വ്വം  തട്ടിയിട്ടു അദ്ദേഹം മുന്നോട്ടു നടക്കുന്നത് ഞാന്‍ നോക്കിനിന്നു. 
  എന്തോ  ശബ്ദം കേട്ടാണ്  ഞാന്‍ ഞെട്ടി  ഉണര്‍ന്നത്.  കതകില്‍ ആരോ  ശക്തിയായി  മുട്ടുന്നു.  ഉറക്കച്ചടവോടെ  ഞാന്‍ കിടക്കവിട്ട്  എഴുന്നേറ്റു.  കൈയ്യില്‍ ആവി  പറക്കുന്ന  ചായയുമായി  അമ്മ. കട്ടിലില്‍ കിടന്നിരുന്ന  “എന്റെ സത്യാന്വാഷണ പരീക്ഷകള്‍”  എന്ന  പുസ്തകം അമ്മയെടുത്തു  മേശപ്പുറത്ത്  വെച്ച്  തിരിഞ്ഞു  നടന്നു.    കറുത്ത  പുറംച്ചട്ടയിലെ  മഹാത്മജിയുടെ  തിളങ്ങുന്ന  ചിത്രം. ആ കണ്ണുകളില്‍ സ്നേഹമാണോ,  സഹാനുഭൂതിയാണോ, സാഹോദര്യമാണോ, നിശ്ചയദാര്‍ഢ്യമാണോ സ്പുരിക്കുന്നതെന്ന്  എനിക്ക് മനസ്സിലാക്കുവനായില്ല. ആയിരം സൂര്യതേജസ്സോടെ ആ മഹാത്മാവ്    എന്നെ നോക്കി  പുന്ചിരിച്ചുകൊണ്ടിരുന്നു.