വേരുകള്‍
മുന്‍പിലിരിക്കുന്ന ചെറുപ്പക്കാരനെ എനിക്ക്
മനസിലായിരുന്നില്ല. ആ മുഖം ഇതിനു മുന്‍പ് കണ്ടതായി ഓര്‍മയില്ല. യാത്രചെയ്തു വളരെ
ക്ഷീണിതനായിരിക്കുന്നു. നെറ്റിയിലൂടെ വിയര്‍പ്പുമണികള്‍ ഒഴുകിയിറങ്ങുന്നു. നീല
കോട്ടന്‍ ഷര്‍ട്ട് വിയര്‍പ്പില്‍ നനഞ്ഞിരിക്കുന്നു. ക്രീം പാന്റും കറുത്ത ഫ്രെയിം
കണ്ണടയുമാണ് അയാളുടെ വേഷം.
“എനിക്ക് ആളെ അങ്ങോട്ട് മനസ്സിലായില്ല കേട്ടോ. കുടിക്കാന്‍
തണുത്തതെന്തെന്കിലും പറയട്ടെ”?
“ആവാം. ....
പ്യൂണ്‍ രമേശ് കടന്നുവന്നു.
“രണ്ടു ഫ്രഷ് ലൈം”
“എന്റെ പേര് ആശിക്. ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍
നിന്ന് വരികയാണ്
പൊടിമറ്റം ഫാമിലിയിലെയാണ്. സാറ്
തന്നെയല്ലേ അനില്‍ ജോസെഫ്?”
“ അതെ”
പൊടിമറ്റം ഫാമിലി. മനസ്സില്‍ സംശയത്തിന്റെയും ആശങ്കയുടെയും കരിനിഴല്‍
പടരുന്നു. ആരാണിയാള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും എന്നെ അന്വഷിച്ച് വരുവാന്‍.? ഞാന്‍ രഹസ്യമായി കാഞ്ഞിരപ്പള്ളിയില്‍ പോയിവരുന്നത് ഇയാള്‍
മനസ്സിലാക്കിയിട്ടുണ്ടാവുമോ? എന്തായിരിക്കും ഇയാളുടെ ഉദ്ദേശം?
“സാറ് കഴിഞ്ഞയാഴ്ച ഇടവകപ്പള്ളിയില്‍ വന്നിരുന്നില്ലേ?”
“വന്നിരുന്നു. പക്ഷെ അവിടെ ഞങ്ങള്‍ക്ക്
പരിചയക്കാര്‍ ആരുമില്ലല്ലോ”
“അച്ചനാണ് പറഞ്ഞത്”
“പക്ഷെ ഞാന്‍ അച്ചനെ കണ്ടിരുന്നില്ല.”
“ഇല്ല അതും അച്ചന്‍ പറഞ്ഞു.”
“പിന്നെ എങ്ങനെ എന്നെ മനസ്സിലായി?”
“സാറിന്റെ വണ്ടിയല്ലേ KL-7 BK XXXX എന്ന നമ്പര്‍ ഉള്ള സ്വിഫ്റ്റ് കാറ് . കാറിന്റെ നമ്പര്‍ അച്ചന്‍ പറഞ്ഞുതന്നിരുന്നു. ആ നമ്പര്‍
ട്രെയിസ് ചെയ്താണ് ഞാനിവിടെ എത്തിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി നവംബര്‍ മൂന്നാം തീയതി ഇടവകപ്പള്ളിയില്‍ കുടുംബസമേതം
വരുന്നതും ആലീസ് ജോസെഫിന്റെ കല്ലറയില്‍ പൂവെച്ചു, മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചിട്ടു
പോകുന്നത് താങ്കളും കുടുംബവുമല്ലേ?”
“ അത്.......”
“ആലീസ് ജോസെഫ് എന്റെ അമ്മയാണ്.”
ഒരു നിമിഷം ഞാന്‍ സ്തബ്ധനായി. എന്താണീ കേള്‍ക്കുന്നത്? ആരാണെന്റെ മുന്നില്‍
ഇരിക്കുന്നത്? മനസ്സിന്റെ ഇരുണ്ട കോണില്‍ നിന്ന് ഒരു മെഴുകുതിരിവെളിച്ചം പോലെ
ആലീസ് ജോസെഫിന്റെ മുഖം തെളിഞ്ഞു വരുന്നു. അവരുടെ ദൈന്യതയേറിയ കണ്ണുകള്‍
എന്നെത്തന്നെ തുറിച്ചുനോക്കുന്നു. ആ കണ്ണുകളില്‍ സ്നേഹമോ, പകയോ, വിദ്വേഷമോ,
നൈരാശ്യമോ? ഒന്നും തിരിച്ചറിയാന്‍ ആവുന്നില്ല. അവര്‍ എന്റെ നേരെ കൈകള്‍ നീട്ടുകയാണ്.
“ കഴിഞ്ഞ മൂന്ന് വര്‍ഷമായാണ് താങ്കളുടെ വരവ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഞങ്ങള്‍ പള്ളിയില്‍ എത്തുന്നതിന്‌മുന്‍പേ താങ്കളും കുടുംബവും അവിടെയെത്തി
മടങ്ങുന്നതായി ഞങ്ങള്‍ അറിഞ്ഞു. എരിഞ്ഞു തീരാറായ മെഴുകുതിരിയും ഫ്രഷ് ആയ പൂക്കളും
ഞങ്ങള്‍ അവിടെ കണ്ടു. ആരാണ് അതവിടെ കൊണ്ടുവന്നു വെച്ചതെന്ന് ഞങ്ങള്‍ക്
അറിയില്ലായിരുന്നു. ആരോ കാണിക്കുന്ന ഒരു കുസൃതി എന്നാണു ആദ്യം കരുതിയത്. പക്ഷെ
ഓരോ വര്‍ഷവും കടന്നുപോകവേ അതൊരു കുസൃതിയല്ല എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായി.
അമ്മച്ചിയുമായി നല്ല ആത്മബന്ധമുള്ള ആരോ ആണ് ഇതിനു പിന്നില്‍ എന്നെനിക്ക്
മനസ്സിലായി. അല്ലെങ്കില്‍ അമ്മച്ചിയുടെ ചരമവാര്‍ഷികം കൃത്യമായി ഓര്‍ത്തുവെക്കുവാന്‍
ഞങ്ങള്‍ക്കവിടെ അടുത്ത ബന്ധുക്കള്‍ ആരുമുണ്ടായിരുന്നില്ല. ഇത്തവണ നിങ്ങള്‍
വരുന്നതിന് മുന്‍പേ അവിടെയെത്തണം എന്ന് കണക്കുകൂട്ടിയാണ് തലേദിവസം ഉറങ്ങാന്‍
കിടന്നത്. പക്ഷെ പതിവിലും വൈകിയാണ് അന്ന് ഉറക്കമുണര്‍ന്നത്. എഴുന്നേറ്റപടി ഞങ്ങള്‍
വണ്ടിയെടുത്തു പള്ളിയിലേക്ക് വരുകയാണ് ചെയ്തത്. പക്ഷെ ഞങ്ങള്‍ വൈകിപ്പോയിരുന്നു.
ഞങ്ങള്‍ എത്തിയപ്പോള്‍ നിങ്ങള്‍ പൊയ്ക്കഴിഞ്ഞിരുന്നു. പിന്നെ താങ്കളെ ഒന്ന് നേരില്‍ക്കണ്ട്
സംസാരിക്കണമെന്ന് ഒരു ഉള്‍പ്രേരണ ഉണ്ടായി. അതേതുടര്‍ന്നുള്ള അന്വേഷണമാണ് എന്നെ
ഇപ്പോള്‍ താങ്കളുടെ മുന്നില്‍ എത്തിച്ചത്. എനിക്ക് ഒരു കാര്യം അറിയണം . താങ്കള്‍ക്
എന്റെ അമ്മയുമായുള്ള ബന്ധം എന്താണ്?”
അയാള്‍ തൊടുത്തുവിട്ട ചോദ്യം ഒരു അസ്ത്രം
കണക്കേ മനസ്സിന്റെ ഉള്ളറകളിലലേക്ക്
തറച്ചുകയറുകയാണ്. എന്താണ് ഒരു മറുപടി പറയേണ്ടത്? എന്ത് പറഞ്ഞാണ് ഇയാളെ മടക്കി
അയക്കുക. എന്തെങ്കിലും ഒരു കള്ളക്കഥ പറഞ്ഞാലോ? ഇല്ല, അയാള്‍ ഒന്നും
വിശ്വസിക്കില്ല. സത്യം അറിയണമെന്ന ദൃഡനിശ്ചയം ആ മുഖത്ത് പ്രകടമാണ്. അഞ്ച്
മണിക്കൂറോളം യാത്രചെയ്തു ഈ നഗരത്തില്‍ എന്നെ തിരഞ്ഞ് വന്ന ഇയാള്‍ എന്റെ കള്ളക്കഥ
കേട്ട് മടങ്ങില്ല. വേണ്ട, സത്യം തുറന്ന് പറയുന്നതാണ് ശരി.
സാറ് എന്താണ് ആലോചിക്കുന്നത്? എന്താണങ്കിലും
തുറന്നുപറയൂ. നമ്മളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏതോ അദൃശ്യശക്തിയുടെ സാന്നിദ്ധ്യം
ഞാന്‍ മനസ്സിലാക്കുന്നു. ആ ശക്തിയാണ്
എന്നെ ഇവിടെ എത്തിച്ചത്. സാറിന്റെ കാറിന്റെ നമ്പര്‍ ഓര്‍ത്തെടുക്കാന്‍ ജോസച്ചനെ
സഹായിച്ചത് ആ ശക്തിയാണ്. ആര്‍ ടീ ഓഫിസില്‍നിന്നു ആ കാറിന്റെ ഉടമയുടെ അഡ്രസ്
സംഘടിപ്പിച്ചാണ് ഞാന്‍ ഇവിടെ എത്തിയത്”
“ആഷിക്കിന് ഇന്ന് തന്നെ തിരിച്ചുപോകണമെന്നുണ്ടോ?”
“ഒന്നും തീരുമാനിക്കതെയാണ് ഞാന്‍
വന്നത്. സാറിനെ കണ്ടെത്തുക മാത്രമായിരുന്നു ലക്ഷ്യം. ഇനി ശരിയായ വിവരങ്ങള്‍
അറിയുക. മടക്കത്തെക്കുറിച്ചു അതിനുശേഷം മാത്രമേ ആലോചിക്കുവാനാവുകയുള്ളു.”
“എനിക്ക് കുറച്ചധികം സംസാരിക്കുവാന്‍ ഉണ്ട്. ഈ
ഓഫിസില്‍ അതിനുള്ള സൌകര്യം കുറവാണ്. നമുക്ക് പുറത്തെവിടെയെങ്കിലും പോയിരുന്ന്
സംസാരിക്കാം.”
“ശരി സാറ്. ഞാന്‍ റെഡിയാണ്.”
രമേശന്‍ ഫ്രഷ് ലൈമുമായി വന്നു. അത് കുടിച്ച്
ഒരുദിവസത്തെ ലീവ് എഴുതി മേശപ്പുറത്തു
വെച്ച് ബ്രീഫ് കെയ്സ് എടുത്തുകൊണ്ട് ഞാന്‍ പുറത്തേക്കു നടന്നു.
ഞങ്ങളുടെ കാറ് നഗരത്തിരക്കുകളിലേക്ക് കടക്കുമ്പോള്‍ മദ്ധ്യാഹ്നസൂര്യന്‍
കത്തിജ്വലിച്ചു നില്‍ക്കുകയാണ്. അംബരചുമ്പികളായ ഫ്ലാറ്റുകളും വലിയ ബിസിനസ്സ്
സ്ഥാപനങ്ങളും കടന്നു മറൈന്‍ ഡ്രൈവില്‍ എത്തുന്നത് വരെ ആഷിക്ക് നഗരകാഴ്ച്ചകളില്‍
ലയിചിരിക്കയായിരുന്നു. റെയിന്‍ബോ പാലം കടന്നു കായലിനോട് ചേര്‍ന്നുള്ള ഒരു
വാകമാരത്തണലില്‍ ഞങ്ങള്‍ ഇരുന്നു. അകലെ അഴിമുഖം ലക്ഷ്യമാക്കി നീങ്ങുന്ന ഒരു
എണ്ണക്കപ്പല്‍. കുറെ ഫിഷിംഗ് ബോട്ടുകള്‍. വൈപ്പിന്‍ ഭാഗത്തേക്കുള്ള
യാത്രാബോട്ടുകള്‍.
കപ്പലണ്ടി കച്ചവടക്കാരും, ഐസ്ക്രീം കച്ചവടക്കാരും ധാരാളമുണ്ട്. ക്ലാസ്സ്
കട്ട് ചെയ്തു കറങ്ങി നടക്കുന്ന കോളേജ് സ്റ്റുടന്സും, ടൂറിസ്റ്റുകളും എപ്പോളും
വാക്ക്‌വേ സജീവമായി നിര്ത്തുന്നു. പലരും മരത്തണലുകളിലിരുന്ന് കായല്‍ കാഴ്ചകളില്‍
ലയിചിരിക്കയാണ്.
“സാറിന് ഈ നഗരത്തിന്റെ ഭൂമിശാസ്ത്രം മനപാഠം ആണന്നു തോന്നുന്നു.?”
“അതെ ആഷിക്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ ഈ നഗരത്തിന്റെ
ഭാഗമാണ്. ഇന്‍ഷുറന്‍സ് കമ്പനിയിലെ ജോലിയില്‍ ചെറിയ ചെറിയ സ്ഥലം മാറ്റങ്ങള്‍
ഉണ്ടായിട്ടുണ്ടങ്കിലും എല്ലാം കൊച്ചിയുടെ സമീപപ്രദേശത്തേക്ക് തന്നെയാണ് കിട്ടിയിട്ടുള്ളത്.”
“സാറിന്റെ നാട് എവിടെയാണ്.?”
“ഇവിടെ അടുത്ത് തന്നെയാണ്. നഗരത്തിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമം എന്ന്
പറയുന്നതാവും ശരി.”
“സാര്‍ എന്റെ പ്രധാന ചോദ്യത്തിന് മറുപടി ഒന്നും
പറഞ്ഞില്ല.”
“പറയാം വളരെയധികം
പറയാനുണ്ട്. ചില വേദനിപ്പിക്കുന്ന സത്യങ്ങള്‍. ചിലപ്പോള്‍ ഒന്നും
അറിയേണ്ടിയിരുന്നില്ല എന്ന് ആഷിക്കിന് തോന്നാം. ഒന്നും കേട്ട് ആരെയും
കുറ്റപ്പെടുത്തരുത്. ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്. ആരെയും വെറുക്കരുത്. “
“എന്താണങ്കിലും സാറ് തുറന്നുപറയൂ. ഞാന്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.
“ഞാന്‍ പറയാന്‍ പോകുന്നത് ഒരു
കഥയല്ല. ഒരു ജീവിതത്തിന്റെ മറച്ചുവെക്കപ്പെട്ട ചില ഏടുകളുടെ വെളിപ്പെടുത്തലുകലാണ്.
ഇതില്‍ നായകനോ നായികയോ ഇല്ല. വില്ലനോ സൂത്രധാരനോ ഇല്ല. വിധിയുടെ വിളയാട്ടങ്ങള്‍ എന്ന് മാത്രം വിശ്വസിക്കേണ്ടി വരും. നിങ്ങളും അങ്ങനെ
വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം.”
എന്റെ പിതാവിന്റെ
സഹോദരി ഒരു കന്യാസ്ത്രീ ആയിരുന്നു. അവര്‍ മരിക്കുമ്പോള്‍ സെന്റ്മേരീസ് ഓഫനെജിലെ
മദര്‍ സുപീരിയര്‍ ആയിരുന്നു. വളരെയധികം അനാഥ കുട്ടികളെ സംരക്ഷിക്കുന്ന ഒരു
സ്ഥാപനത്തിന്റെ അധിപ. അവര്‍ ഒരു വൃദ്ധസദനത്തിന്റെ കൂടി മേധാവിയായിരുന്നു.
ഇന്നത്തെപ്പോലെ അമ്മത്തൊട്ടില്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് തെരുവില്‍ അലയുന്ന
കുട്ടികളെ സമൂഹത്തിന്റെ ക്രൂരതകള്‍ക്ക് വിട്ടുകൊടുക്കാതെ ഭക്ഷണവും പാര്‍പ്പിടവും
വിദ്യാഭ്യാസവും സ്നേഹവും ശുശ്രൂഷയും നല്‍കുന്ന ഒരു ആതുരാലയം. സമൂഹത്തിലെ ഉന്നതരുടെയും
വിശ്വാസികളുടെയും വിശാലമനസ്കരായ ഗ്രാമീണരുടെയും സഹായം കൊണ്ട് നടത്തിയിരുന്ന ഒരു
അനാഥാലയം.
സ്നേഹനിധിയായ അവരെ ആനിസിസ്‌റ്റര്‍ എന്നാണു വിളിച്ചിരുന്നത്. പെട്ടന്നാണ് ഗുരുതമായ
രോഗം ബാധിച്ചു അവര്‍ മരിക്കുന്നത്. ആ മരണം
ആ നാടിനെത്തന്നെ നടുക്കിക്കളഞ്ഞു. മഠത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം
കാണാന്‍ ആയിരങ്ങളാണ് ഒഴുകി എത്തിയത്. ഒരു വിലാപയാത്രയായി പള്ളിസെമിത്തേരിയിലേക്ക്
നീങ്ങിയ ഗ്രാമം മുഴുവന്‍ കണ്ണീര്‍ ഒഴുക്കുകയായിരുന്നു.
ആനിസിസ്ടരിന്റെ മരണശേഷം അഞ്ചാറുമാസം കഴിഞ്ഞു മഠം
അധികാരികള്‍ ഒരു പെട്ടി വീട്ടില്‍ കൊണ്ടുവന്ന് തന്നു. ആനിസിസ്ടരിന്റെ
സ്വകാര്യസമ്പാദ്യങ്ങള്‍. വര്‍ഷങ്ങളോളം ആ പെട്ടി അപ്പച്ചന്‍ ഒരു നിധി പോലെ
സൂക്ഷിച്ചിരുന്നു. അപ്പച്ചന്റെ മരണശേഷമാണ് ആ പെട്ടി തുറന്നു പരിശോധിക്കുവാന്‍
എനിക്ക് ഒരു ആന്തരിക പ്രേരണ ഉണ്ടായത്.
അതില്‍ അവരുടെ മുപ്പതുവര്‍ഷത്തെ ഡയറികള്‍, ബൈബിള്‍, പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ പിന്നെ ഒരു കെട്ട് എഴുത്തുകള്‍ മുതലായവയായിരുന്നു.
ഡയറിക്കുറിപ്പുകള്‍ വായിച്ചപ്പോള്‍
ആനിസിസ്ടരിന്റെ സ്നേഹസേവനങ്ങളെ കുറിച്ച് മനസ്സിലുണ്ടായിരുന്ന ഇമേജുകള്‍ കൂടുതല്‍
വര്‍ണാഭമായി. സഭയും വിശ്വാസികളുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചും ഒത്തുതീര്‍പ്പുകളെക്കുറിച്ചും
ധാരാളം എഴുതിയിരുന്നു. പക്ഷെ പഴയ കത്തുകള്‍ ഓരോന്നായി വിടര്‍ത്തി
വായിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തില്‍ എത്തുകയായിരുന്നു.
ഓരോ കത്തുകളും ഓരോ കനല്‍ക്കട്ടകള്‍ ആയിരുന്നു.
നെഞ്ചിലെരിയും ദുഖത്തിന്റെ കനല്‍ക്കട്ടകള്‍. കിനാവും കണ്ണീരും ഒളിപ്പിച്ച വീര്‍പ്പുമുട്ടുന്ന
ഹൃദയവ്യഥകളുടെ കഥ പറയുന്ന കത്തുകള്‍. നഷ്ടങ്ങളുടെയും വിരഹവേദനകളുടെയും നേര്‍കാഴ്ച്ചകള്‍. അതിലൊരു കത്ത് എന്റെ ഹൃദയത്തെ വളരെയേറെ
നൊമ്പരപ്പെടുത്തി.
രണ്ടുവയസ്സോളം പോറ്റിവളര്‍ത്തിയ കുട്ടിയെ
നഷ്ടപ്പെട്ട ഒരു അമ്മയുടെ കരലളിയിപ്പിക്കുന്ന ഒരു കത്തായിരുന്നു അത്. അവരെഴുതിയ
കത്തുകള്‍ തീയതിയനുസരിച്ച് ക്രമപ്പെടുത്തി വായിച്ചാണ് ഞാനീ വിവരങ്ങള്‍
മനസ്സിലാക്കിയത്. വികാരനിര്‍ഭരമായ ഒരു തുടര്‍കഥ വായിക്കുന്നതുപോലെയാണ് ഞാനീ കഥകള്‍
മനസ്സിലാക്കിയത്.
കാമുകനാല്‍
ചതിക്കപ്പെട്ടു ഗര്‍ഭിണിയായ ഒരു സ്ത്രീയായിരുന്നില്ല അവര്‍. ഇഷ്ടപ്പെട്ട പുരുഷനെ
വിവാഹം ചെയ്തു രണ്ടുവര്‍ഷത്തോളം ഒരു കുടുംബിനിയായി ജീവിച്ച ഒരു സ്ത്രീ. ഭര്‍ത്താവ്
കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി കൊല്ലപ്പെടുന്നത് വരെ സുഖമായി ജീവിച്ചവള്‍. ഭര്‍ത്താവിന്റെ
മരണശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന വേളയിലാണ് മകളെ കാണാതാവുന്നത്. അത്
അവള്‍ക് താങ്ങാന്‍ പറ്റാത്ത ദുഖങ്ങളാണ് സമ്മാനിച്ചത്. മകളും നഷ്ടപ്പെട്ട
ദുഃഖത്തില്‍ ഒരു നാള്‍ ആത്മഹത്യചെയ്യാന്‍
ഇറങ്ങിപ്പുറപ്പെട്ടവള്‍. തുടര്‍ന്ന് വര്‍ഷങ്ങളോളം ഒരു വീട്ടുതടങ്കലില്‍ എന്നപോലെ
അച്ഛനോടും അമ്മയോടുമൊപ്പം അടച്ചിട്ട മുറിയില്‍ ഒതുങ്ങിക്കൂടി ജീവിച്ചവള്‍. വര്‍ഷങ്ങള്‍ക്കു
ശേഷം ബന്ധുക്കളുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ഒരു പുനര്‍
വിവാഹത്തിന് തയ്യാറാവുമ്പോള്‍ നൊന്തുപെറ്റ മകള്‍ ഒരാനാധാലയത്തില്‍ വളരുന്ന വിവരം അവര്‍
അറിഞ്ഞിരുന്നില്ല.
പുതിയ ഭര്‍ത്താവില്‍ നിന്ന്
ഒരു ആണ്‍കുട്ടിപിറന്ന് രണ്ടുവര്‍ഷം കഴിഞ്ഞാണ് സ്വന്തം മകള്‍ ഒരനാധാലയത്തില്‍
വളരുന്ന കഥ അവള്‍ അറിയുന്നത്. മകളെ ഒന്ന് നേരില്‍ കാണാന്‍ പലതവണ ശ്രമിച്ചിട്ടും
അവള്‍ക്കത്തിനു സാധിച്ചില്ല. അതിനോടകം ആ മകളെ കുട്ടികളില്ലാത്ത ദമ്പതികള്‍ ദത്തെടുത്ത്
കഴിഞ്ഞിരുന്നു. മഠത്തിലെ കര്‍ശനമായ നിയമങ്ങള്‍ കാരണം പുതിയ രക്ഷകര്‍ത്താക്കളെക്കുറിച്ചുള്ള
ഒരു വിവരവും നല്‍കാന്‍ ആനിസിസ്‌റ്റര്‍ തയ്യാറായില്ല. പക്ഷേ, അവര്‍ മകളുടെ
ഫോട്ടോകള്‍ നല്‍കിയിരുന്നു. ഫോട്ടോകളിലൂടെ മകളുടെ വളര്‍ച്ചയുടെ ഓരോ പടവുകളും ആ
അമ്മ മനസ്സിലാക്കിയിരുന്നു.
സ്വന്തം ഭര്‍ത്താവിന്റെയും മകന്റെയും മുന്നില്‍നിന്ന്
ആ രഹസ്യം അവര്‍ മരണം വരെ കാത്തുസൂക്ഷിച്ചു.
മകളുടെ വിവാഹത്തിന് ഒരാഴ്ച്ചമുന്പു ആനിസിസ്‌റ്റര്‍ ആ വിവരം ആ സ്ത്രീയെ
അറിയിച്ചിരുന്നു. അവര്‍ രഹസ്യമായി ആ വിവാഹത്തില്‍ പങ്കെടുത്തു. വധൂവരന്മാരുടെ
ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ആ കത്തില്‍ എഴുതിയിരുന്ന നവവരന്‍
ഞാനായിരുന്നു. വധു ആ സ്ത്രീയുടെ മകളായിരുന്നു.
ഞങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍
അവസരമുണ്ടാക്കിത്തന്ന സിസ്ടര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള അവരുടെ കത്തിനോടൊപ്പം
ഞങ്ങളോടൊപ്പം നിന്ന് വിവാഹദിവസ്സം എടുത്ത ഫോട്ടോയുടെ ഒരു കോപ്പിയും ഉണ്ടായിരുന്നു.
ആ കത്തില്‍നിന്നാണ് അവരുടെ നഷ്ടപ്പെട്ട
മകള്‍ എന്റെ ഭാര്യ തന്നെയാണന്ന് ഞാന്‍
തിരിച്ചറിയുന്നത്. ആ കത്ത് ഞാന്‍ കാണിക്കാം.”
ഞാന്‍ ബ്രീഫ്കേസ് തുറന്നു പഴയ ഒരു കവറ് എടുത്ത്
ആഷിക്കിന്റെ കൈയ്യില്‍ കൊടുത്തു. ആഷിക്ക്
ആ കത്ത് വളരെ ശ്രദ്ധയോടെ വായിച്ചു. കത്തിനവസാനം ആനിജോസേഫ് എന്ന് പേരെഴുതി
ഒപ്പിട്ടിരുന്നു.
“ ഈ ആനിജോസേഫ് എന്റെ അമ്മയാണ്. അമ്മക്ക്
ഞാനല്ലാതെ ഒരു മകള്‍ കൂടിയുണ്ടന്നാണോ താങ്കള്‍ പറയുന്നത്?.”
“അതാണ്
സത്യം. ഒരു അവകാശം സ്ഥാപിച്ചുകിട്ടാനല്ല
ഞാനിത് പറഞ്ഞത്. താങ്കള്‍ എന്നെത്തേടി വന്നതാണ്. താങ്കളുടെ സഹോദരിയുടെ ഭര്‍ത്താവാണ്
ഞാന്‍. അവള്‍ക്ക് ഈ കഥകള്‍ ഒന്നും അറിയില്ല. അവളെ വളര്‍ത്തിയത് വളര്‍ത്തച്ഛനും
അമ്മയുമാണന്നു അവള്‍ക്കറിയില്ല. സ്വന്തം മകളായി തന്നെയാണ് അവര്‍ അവളെ വളര്‍ത്തിയത്.”
“കാഞ്ഞിരപ്പള്ളിയിലെ പള്ളിസെമിത്തേരിയില്‍ ആരാണ് അന്ത്യവിശ്രമം
കൊള്ളുന്നതെന്ന് അവള്‍ ഒരു തവണ എന്നോട് ചോദിച്ചിട്ടുണ്ട്. നമുക്ക് വളരെ
വേണ്ടപ്പെട്ട ഒരാള്‍ എന്നതിനപ്പുറം ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. അവള്‍
അതറിയണമെന്നു വാശിപിടിച്ചിട്ടും ഇല്ല.”
“ എനിക്ക് എന്റെ ചേച്ചിയെ ഒന്ന്
കാണണം. ഒന്ന് കണ്ടാല്‍ മാത്രം മതി” ആഷിക്
സാവധാനം സിമന്റ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റു. ആ കണ്ണുകള്‍
നിറഞ്ഞുതുളുമ്പിയിരുന്നു.
കാക്കനാട്ടെ വീട്ടിലെത്തി കാളിംഗ്
ബെല്ലടിക്കുമ്പോള്‍ സമയം സന്ധ്യയോടടുതിരുന്നു. കതകു തുറന്നത് ആശയാണ്. ഒരു
തൂവാലയില്‍ നിറമുള്ള പൂക്കള്‍ തുന്നിപ്പിടിപ്പിക്കയായിരുന്നു അവള്‍.
“ഇത് ആഷിക്. കഞ്ഞിരപ്പള്ളിക്കാരനാണ്.’
ഞാന്‍ ആശിക്കിനെ അവള്‍ക്ക്
പരിചയപ്പെടുത്തി. അവളുടെ മുഖത്ത് പെട്ടന്ന് മിന്നിമറഞ്ഞത് എന്ത് വികാരമാണന്ന്
മനസ്സിലായില്ല. അവള്‍ ആഷിക്കിന് ഒരു വിളറിയ ചിരിയോടെ നമസ്കാരം പറഞ്ഞു.
“നിങ്ങള്‍ ഇരിക്കൂ. ഞാന്‍ ചായ
എടുക്കാം.”
ആശ അകത്തേക്ക് നടന്നു. ആഷിക്
ആച്ഛര്യത്തോടെ അവളെ തന്നെ നോക്കി ഇരിക്കയായിരുന്നു. രക്തം
രക്തത്തെ തിരിച്ചറിയുന്ന നിമിഷം. നഷ്ടപ്പെട്ട സഹോദരിയെ വീണ്ടുകിട്ടിയ ഒരു
കുട്ടിയുടെ മുഖഭാവമായിരുന്നു ആഷിക്കിനപ്പോള്‍. പത്ത് മിനിട്ടോളം ഞങ്ങള്‍
സംസാരിചിരുന്നിട്ടും ആശയെ കാണാഞ്ഞു ഞാന്‍ അകത്തേക്ക് ചെന്നു. പ്രാര്‍ത്ഥനാപൂര്‍വ്വം
ക്രൂശിതരൂപത്തിനുമുന്നില്‍ നില്‍ക്കുന്ന ആശയെയാണ് ഞാന്‍ കണ്ടത്. ആ കണ്ണുകള്‍
നിറഞ്ഞുതുളുമ്പിയിരുന്നു.