Wednesday 14 November 2012

പുനരധിവാസം


പുനരധിവാസം
  ട്രെയിന്‍ നിന്നുകഴിഞ്ഞപ്പോള്‍ പ്ലാറ്റ്ഫോമില്‍ ചാരുബെഞ്ചില്‍ ഇരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു. അച്ഛന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. തലമുടി കുറേയധികം നരച്ചിട്ടുണ്ട്. കണ്ണുകള്‍ കുഴിഞ്ഞുതാണിരിക്കുന്നു. കുറ്റിരോമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഷേവ്‌ ചെയ്യാത്ത മുഖം. പുതുക്കം തോന്നാത്ത ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍. പോളിഷ് ചെയ്യാത്ത ഷൂസ്.
         അച്ഛനെ ഇത്രയും അലസവേഷത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ദിവസവും രാവിലെ കുളിച്ച് ഷേവ്‌  ചെയ്ത്‌ ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ അണിഞ്ഞേ അച്ഛന്‍ പുറത്തിറങ്ങാറുള്ളൂ. എപ്പോഴും നല്ല പ്രസന്നമായിരുന്ന അദ്ദേഹത്തിന്റെ മുഖം ആകെ മാറിയിരിക്കുന്നു. അകാലത്തില്‍  വൃദ്ധനായതുപോലെ.
         ട്രെയിനില്‍നിന്നിറങ്ങി ട്രോളിബാഗും വലിച്ചുകൊണ്ട് ഞാന്‍ അച്ഛന്റെ മുന്നിലെത്തി. അച്ഛന്‍ സാവധാനം ബെഞ്ചില്‍നിന്നെഴുന്നേറ്റു. എന്നെ ആകെയൊന്ന് നോക്കി. ആ കണ്ണുകളില്‍ നീര്‍മുത്തുകള്‍ ഉരുണ്ടുകൂടുന്നത് ഞാന്‍ കണ്ടു. അച്ഛന്‍ എന്നെ പെട്ടന്ന് കെട്ടിപ്പിടിച്ചു. ആ നെഞ്ച് എന്റെ നെഞ്ചിനോട് ചേര്‍ന്നമര്‍ന്നപ്പോള്‍ അച്ഛന്റെ ഉള്ളിലെ പിടച്ചില്‍ ഞാന്‍  തൊട്ടറിഞ്ഞു. ആ മനസ്സിലെ വിഹ്വലതകള്‍ എന്നിലേക്ക്‌ പ്രവഹിക്കുന്നതായി തോന്നി.
  കൈലേസാല്‍ കണ്ണീരൊപ്പിക്കൊണ്ട് അച്ഛന്‍ മുന്നേ നടന്നു. ട്രോളിബാഗും വലിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു. മഴ പെയ്ത നനവ്‌ മാറാത്ത ആ തണുത്ത പ്രഭാതത്തില്‍ ഞങ്ങളുടെ കാറ് നഗരത്തിരക്കുകളില്‍ ലയിച്ചു. യാത്രയിലുടനീളം അച്ഛന്‍ ഒന്നും സംസാരിച്ചില്ല. പക്ഷെ, എന്റെ വലതുകൈ അദ്ദേഹം നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചിരുന്നു. സെന്റ്മേരീസ് പള്ളി സെമിത്തേരിക്ക് മുന്നില്‍ വണ്ടി നില്‍ക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് കണ്ടു. സാരിത്തലപ്പ് ഒരു ശിരോവസ്ത്രം പോലെ അണിഞ്ഞിരുന്നതിനാല്‍ അവരുടെ മുഖം പാതി മറയ്ക്കപ്പെട്ടിരുന്നു. ആരെയും തിരിച്ചറിയാനായില്ല. കാറ് വഴിയോരത്ത് പാര്‍ക്ക്‌ ചെയ്ത്‌ ഞങ്ങള്‍ സെമിത്തേരിക്കുള്ളിലേക്ക് നടന്നു.
            ഡോളിയുടെ ഗ്രാനൈറ്റ്‌ പാകിയ  കല്ലറക്കുമുകളില്‍ കരിയിലകളും  കരിഞ്ഞുണങ്ങിയ വാകപ്പൂക്കളും വീണുകിടക്കുന്നു. അവയെല്ലാം വൃത്തിയാക്കി  സ്ലാബിന് മുകളില്‍  ഒരു റോസാപ്പൂവ് വെച്ച് ഞാന്‍ തൊഴുകൈയോടെ നിന്നു. കണ്ണുകള്‍ ഈറനണിഞ്ഞ് എന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. ഡോളിയുടെ സുന്ദരമായ മുഖം മനസ്സില്‍ തെളിഞ്ഞുകാണാം. എന്റെ ഒരേയൊരു കുഞ്ഞിപ്പെങ്ങള്‍. ഒരു പൂമ്പാറ്റയെപ്പോലെ തുള്ളിച്ചാടി നടന്നവള്‍. കുസൃതികളും കളികളും തമാശയും കൊണ്ട് ഓരോ നിമിഷവും സമ്പന്നമാക്കി വീട് ഒരു സ്വര്‍ഗമാക്കി മാറ്റിയവള്‍. ഞാന്‍ സെലക്ട് ചെയ്യുന്ന വസ്ത്രങ്ങളേ അവള്‍ അണിഞ്ഞിരുന്നുള്ളു. എന്റെ കൈവിരല്‍തുമ്പുപിടിച്ചേ അവള്‍ എവിടെയും പോയിരുന്നുള്ളു.. ഒരു മിട്ടായി കിട്ടിയാല്‍ പോലും ഒരു വീതം എനിക്ക് തന്നിട്ടേ അവള്‍ കഴിച്ചിരുന്നുള്ളു. അവസാനം  മയക്കുമരുന്നിന്റെ ലഹരിയില്‍ സ്വബോധം നഷ്ടപ്പെട്ട എന്റെ ഒരു കൈയ്യബദ്ധം മൂലം മരിക്കാന്‍ വിധിക്കപ്പെട്ടവള്‍.. ഒരു കൈയ്യബദ്ധം എന്നതിനെ പറയുവാനാവുമോ?. അവളെ തള്ളിമാറ്റി ഞാന്‍ പുറത്തേക്കു ഓടുകയായിരുന്നു. പിന്നില്‍ അവള്‍ തലയടിച്ച് വീണതും ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയതും വിധിയുടെ വിളയാട്ടമായി കരുതാനാവുമോ? . അതിന്റെ ഷോക്കില്‍ ശരീരം തളര്‍ന്ന അമ്മ വര്‍ഷങ്ങളായ്‌ ഒരേ കിടപ്പ് കിടക്കുന്നു.
    എല്ലാം അറിയുന്നത് ബാങ്ക്ളൂരെ ഡീ അടിക്ഷന്‍ കേന്ദ്രത്തിലെ ഡോക്ടര്‍ ബാബു പറയുമ്പോളാണ്. ലഹരിയില്‍ നിന്ന് മുക്തമായി ജീവിതത്തിലേക്ക് മടങ്ങിവരുന്ന വേളയിലാണ് നഷ്ടങ്ങളുടെ ഭീകരത മനസ്സിലാക്കുന്നത്. ബാങ്ക്ളൂരെ ഡീ അടിക്ഷന്‍ കേന്ദ്രത്തില്‍ ചിലവഴിച്ച ദിവസങ്ങള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും നീണ്ടത് താളം തെറ്റിയ മനസ്സ്‌ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. വീട്ടിലേക്ക്‌ ഒരു തിരിച്ചുപോക്ക്‌ ആഗ്രഹിച്ചിരുന്നില്ല. വഴിതെറ്റിപ്പോയ പുത്രനെ രണ്ട്‌ കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ അവിടെ ആരും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷെ, കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് അച്ഛന്റെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സ്നേഹപൂര്‍ണമായ സമീപനം, ഡോക്ടറുടെ ഉപദേശങ്ങള്‍, കൃത്യസമയത്തുള്ള മരുന്നുകള്‍, ചിട്ടയായ വ്യായാമം, യോഗ, ധ്യാനം, പ്രാര്‍ത്ഥന, ആഹാരം, വിനോദം, വായന എല്ലാം എനിക്ക് സമ്മാനിച്ചത് പുതിയ ഒരു ജന്മമായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താതെ ഒരു പുതിയ ലോകം പടുത്തുയര്‍ത്തുക എന്നതായിരുന്നു എന്റെ മുന്നിലുള്ള വെല്ലുവിളി. ആര്‍ക്കും എന്ത് സഹായവും ചെയ്യാന്‍ മനസ്സും ശരീരവും സന്നദ്ധമായിരുന്നു. മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരുവാനും ആശ്വാസദൌത്യവുമായി കൂടെയുണ്ടാകുവാനും എനിക്കായി.
      നഷ്ടപ്പെട്ട സൌഹൃദങ്ങള്‍ തിരികെ പിടിക്കണം. മുടങ്ങിയ പഠനം പുനരാരംഭിക്കണം. പാളംതെറ്റിയ ജീവിതം ഋജുരേഖയിലാക്കണം. കടിഞ്ഞാണില്ലാതെ പായുന്ന ചിന്തകളും സ്വപ്നങ്ങളും. വിസ്മൃതിയുടെ കറുത്ത മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ മനസ്സ്. തണുത്തുറഞ്ഞ ഒരു മഴത്തുള്ളി പ്രതീക്ഷിക്കുന്ന ഒരു വേഴാമ്പലിനെപ്പോലെ നീണ്ട കാത്തിരിപ്പ്. ഒടുവില്‍ കുളിര്‍കാറ്റുപോലെ, ഒരു സ്നേഹ സാന്ത്വനം പോലെ  അച്ഛന്റെ ഫോണ്‍കോളുകള്‍ .
  അമ്മയുടെ മുഖത്ത് നോക്കുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷെ, അമ്മയുടെ കണ്ണീര്‍ വറ്റിയ കണ്ണുകള്‍ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. കൃഷ്ണമണിയുടെ ഓരോ ചലനവും ഓരോ വാക്കുകളായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയില്‍ ഘനീഭവിച്ച മൌനത്തിന്റെ കൂടുകള്‍ തുറന്നുവിട്ട കിളികളെപ്പോലെ ആ കണ്ണുകള്‍ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. മറ്റാര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത സ്നേഹത്തിന്റെ ഭാഷയില്‍.. അമ്മയുടെ കൈപ്പത്തിയുടെ ചൂട്‌ എന്റെ വിരലുകളില്‍ നിന്ന് സിരകളിലേക്ക് ഒരു ഊര്‍ജപ്രവാഹം പോലെ  നിറയുന്നതായി തോന്നി.
            അമ്മയെ ശുശ്രൂഷിക്കാന്‍ മാത്രമായി ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടാക്കിയിരുന്നു. അടുക്കളപ്പണിക്കും പുറം ജോലികള്‍ക്കുമായി മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. പക്ഷേ, ഞാനുള്ള വീട്ടില്‍ ജോലിചെയ്യാന്‍ ധൈര്യം ഇല്ല എന്ന് പറഞ്ഞ് രണ്ടുപേരും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം വിട്ടുപോയി. മയക്കുമരുന്നിന്‌ അടിമയായി ഒരു കൊലപാതകം വരെ ചെയ്ത ഒരാളുള്ള വീട്ടില്‍ അവര്‍ക്ക് നില്‍ക്കാന്‍ താല്പര്യം ഇല്ലായിരുന്നു. ഏതുസമയത്താണ് ആക്രമാസക്തനാകുന്നതെന്ന ആശങ്ക അവര്‍ക്ക്   ഉണ്ടായിരുന്നു. സ്വന്തം ജീവന്‍ പണയം വെച്ചുള്ള ഒരു വിട്ട്ടുവീഴ്ചക്കും അവര്‍ തയ്യാറായിരുന്നില്ല. രോഗം മാറിയ വിവരവും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കാണിക്കാന്‍ അച്ഛന്‍ തയ്യാറായിട്ടും അവര്‍ വഴങ്ങിയില്ല. അച്ഛന്‍ പല സ്ഥലത്ത് അന്വഷിച്ചിട്ടും പുതിയ പണിക്കാരെ ആരെയും കിട്ടിയില്ല. ഹോം നേഴ്സിനെ സപ്ലൈ ചെയ്യുന്ന ഏജെന്സിക്കാരാണ് കാര്യം തുറന്നു പറഞ്ഞത്. ഒരു ഭ്രാന്തനുള്ള വീട്ടിലേക്കു ആരും പണിക്ക് വരില്ലെന്ന്. അവര്‍ കൂട്ടായ ഒരു തീരുമാനം എടുത്തതുപോലെ തോന്നി.
       അങ്ങനെ സാവധാനം   അമ്മയെ ശുശ്രൂഷിക്കുന്ന ജോലി ഞാനും അച്ഛനുംകൂടി ഏറ്റെടുക്കേണ്ടിവന്നു. ഒരു മകന് ചെയ്യാവുന്ന ശുശ്രൂഷകള്‍ക്ക് ഒരു പരിധി ഉണ്ടായിരുന്നു. കുളിപ്പിക്കാനും വസ്ത്രം മാറ്റാനും സ്ത്രീകളുടെ സഹായം അനിവാര്യമായിരുന്നു. എത്ര പണം കൊടുക്കാമെന്നു പറഞ്ഞിട്ടും ആരും അവിടേക്ക് വരുവാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഞാന്‍ ബാന്ഗ്ലൂരിലേക്ക് മടങ്ങുവാന്‍ തയ്യാറായി. പക്ഷെ, അച്ഛന്‍ സമ്മതിച്ചില്ല. അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീ വീട്ടില്‍ നില്‍ക്കാന്‍ സന്നദ്ധയായി വരുന്നതുവരെ ഞങ്ങള്‍ വളരെ ബുദ്ധിമുട്ടി.
      പഴയ മൊബൈല്‍ തപ്പിയെടുത്തത് സുഹൃത്തുക്കളെ ഓരോരുത്തരായി വിളിക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു. പക്ഷേ, ഫോണ്‍ സ്വിച്ച്ഓണ്‍ ചെയ്യാന്‍ സാധിച്ചില്ല. ബാറ്ററി കേടായിപ്പോയിരുന്നു. പുതിയ ഒരു മൊബൈല്‍ വാങ്ങി സിം ഇട്ട് നോക്കിയപ്പോള്‍ നമ്പറുകള്‍ ഒന്നും  നഷ്ടപ്പെട്ടില്ലാ എന്ന അറിവ് എന്നെ   വളരെ ആവേശത്തിലാക്കി. കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട്‌ പഴയ നമ്പര്‍ തന്നെ ആക്ടിവേറ്റ്‌ ചെയ്തെടുക്കാന്‍ ഒരാഴ്ച സമയം എടുത്തു. വലിയ ആവേശത്തോടുകൂടിയാണ് ഞാന്‍ ഓരോ നമ്പരും ഡയല്‍ചെയ്തത്.   പക്ഷെ, എന്റെ പേര് കണ്ടതോടുകൂടി പലരും സംഭാഷണം അവസാനിപ്പിക്കാന്‍ തിരക്ക് കൂട്ടുന്നതുപോലെ തോന്നി. ചിലര്‍ കോള്‍ അസെപ്റ്റ്‌ ചെയ്യാതെ തന്നെ ഫോണ്‍ കട്ടുചെയ്തു. ചിലര്‍ ഒരു നിമിഷം നിശബ്ദരായി, പിന്നെ എന്തൊക്കെയോ ഉപചാര വാക്കുകള്‍ പറഞ്ഞു ഫോണ്‍വെച്ചു.   എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞു മിക്കവരും ഓരോ ജോലിയില്‍ പ്രവേശിച്ചിരുന്നു. സ്വന്തം ജീവിതം ഭദ്രമാക്കാനുള്ള വ്യഗ്രതയില്‍ വഴിതെറ്റിപ്പോയ പഴയ സതീര്‍ത്ഥ്യനെ എല്ലാവരും  മറന്നുകഴിഞ്ഞു. അവരുടെ ഇടയില്‍ ഒരു ഹീറോയായി മതിമറന്ന് നടന്ന മനോഹരമായ കോളെജുകാലം ഇനി  മറക്കുവാന്‍ ശ്രമിക്കാം.
       ഒരു ശപിക്കപ്പെട്ട ദിവസം. അന്നാണ്  അരുണിനെ  ആദ്യമായി പരിചയപ്പെടുന്നത്. കോളേജിനടുത്തുള്ള ഒരു വാകമരത്തണലില്‍ വെച്ചാണ് അവന്‍ ആദ്യമായി എനിക്ക് ഒരു സിഗരറ്റ്‌ വലിക്കുവാന്‍ തരുന്നത്. പിന്നെ ബിയറും വിദേശമദ്യവും ഗഞ്ചാവും മയക്കുമരുന്നുമെല്ലാം അവന്‍ എനിക്കുതന്നു. തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ അവന്റെ ആകര്‍ഷണവലയത്തില്‍ വീണുകഴിഞ്ഞിരുന്നു. രക്ഷപ്പെടുവാനാവാത്ത ഓരോ ചതിക്കുഴികളിലേക്ക് അവന്‍ എന്നെ തള്ളിയിട്ടുകൊണ്ടിരുന്നു. അവന്‍ പണം മാത്രം മതിയായിരുന്നു. അച്ഛന്റെ പേഴ്സില്‍നിന്ന് ആവശ്യമായ തുക മോഷ്ടിക്കുവാന്‍ അവന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒരു ദിവസം പണം കിട്ടാതെ വിവശനായ ഞാന്‍ ഡോളിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അവളുടെ മരണത്തിനും അമ്മയുടെ തീരാദുരിതങ്ങള്‍ക്കും  കാരണമായത്‌.
   പഴയ ഫേസ്ബുക്ക് പാസ്‌വേഡ് മറന്നുപോയതിനാല്‍ പുതിയ ഐ.ഡി ക്രിയേറ്റ്‌ ചെയ്ത് പഴയ ഓരോ സുഹൃത്തുക്കള്‍ക്കും ഫ്രെണ്ട്ഷിപ്‌ റിക്വെസ്റ്റ്‌ അയച്ചുനോക്കി. ആഴ്ചകള്‍ കാത്തിരുന്നിട്ടും ആരുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണം ഒന്ന് ഉണ്ടായില്ല. ദിവസവും വലിയ പ്രതീക്ഷയോടെയാണ് ഞാന്‍ ഫേസ്ബുക്ക് തുറന്ന് നോക്കിയിരുന്നത്. റിക്വെസ്റ്റ്‌ അസെപ്റ്റ്‌ ചെയ്തുകൊണ്ട്  ആരുടെയും നോട്ടിഫികേഷന്‍ വന്നില്ല. എങ്കിലും ദിവസവും ഞാന്‍ ഒരു ദിനചര്യപോലെ ഫേസ്ബുക്ക് തുറന്ന് നോക്കിയിരുന്നു. ആഴ്ചകളുടെ കാത്തിരിപ്പിനൊടുവില്‍ ചാറ്റ്ബോക്സില്‍ ഒരു ഫ്രെണ്ട്ഷിപ്‌ റിക്വെസ്റ്റ്‌ വന്നു. അത്  അരുണിന്റെ റിക്വെസ്റ്റ്‌ ആയിരുന്നു. ഒരു നിമിഷം ഞാന്‍ സ്തബ്ധനായിപ്പോയി. എന്റെ ജീവിതമാകെ എറിഞ്ഞുടച്ച ഒരു നരാധാമന്റെ പുഞ്ചിരി പോലെ തോന്നി. ചുവന്നു കലങ്ങിയ കണ്ണുകളും രക്തം പുരണ്ട കൈകളുമായി എന്നെ മാടിവിളിക്കുന്ന ഒരു രാക്ഷസ്സന്റെ മുഖമാണ് മുന്നില്‍ കാണുന്നത്. മനസ്സില്‍ ഒരു വിസ്പോടനം നടന്നു. സിരകളില്‍ രക്തം ഉറഞ്ഞുകൂടുന്നതുപോലെ.
   There is a friend request from Arun kumar
              Accept now/ Not now
      ഞാന്‍ മൗസ് ചലിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, കഴ്സര്‍ ഒരു ബിന്ദുവില്‍ തന്നെ  അനങ്ങാതെ നില്‍ക്കുകയായിരുന്നു.
 ഡോക്ടര്‍ കൃഷ്ണനുണ്ണി യുടെ ഫോണ്‍കോളാണ് എന്നെ മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയത് പതിമൂന്നാം നിലയിലുള്ള റൂംനമ്പര്‍ 138 ലാണ്. അവിടെ ആസന്നമരണനായി  കിടക്കുന്ന രോഗിയുടെ അവസാനത്തെ ആഗ്രഹം എന്നെ കാണുക എന്നുള്ളതാണന്നു പറഞ്ഞപ്പോള്‍ അതൊരിക്കലും അരുണ്‍ ആയിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. എല്ലും തോലുമായി തനിയെ എഴുന്നേറ്റ് ഇരിക്കാന്‍ പോലുമാകാതെ മരണത്തോടടുത്ത ഒരു എയിഡ്സ് രോഗിയായി മാറിയിരുന്നു അരുണ്‍.  മയക്കുമരുന്ന് ഇന്‍ജെക്ഷന്‍ സിറിഞ്ചുകള്‍ മാറി മാറി ഉപയോഗിച്ചതാണ്  എയിഡ്സ് പിടിപെടാന്‍ കാരണം എന്നാണു ഡോക്ടര്‍ പറഞ്ഞത്.
  “ നീയെന്നോട് ക്ഷമിക്കണം ജോളീ. നിന്റെ ജീവിതം നശിപ്പിച്ചത് ഞാനാണ്. അതിനു ദൈവം തന്ന ശിക്ഷയാണിത്. നിന്നോട് മാപ്പ് പറഞ്ഞാല്‍ മാത്രമേ ഈ തീരാ വേദനയില്‍ നിന്ന് ദൈവം എന്നെ വിളിക്കൂ.”
  “അരുണ്‍ നിനക്കൊന്നും സംഭവിക്കില്ല. നിന്നെ ഞാന്‍ ചികില്‍സിച്ചു രക്ഷപ്പെടുത്തും. നിന്നെ ഞാന്‍ മരണത്തിന് വിട്ടുകൊടുക്കുകില്ല. നീയെന്റെ സുഹൃത്തായി എന്നുമുണ്ടാകണം. അതാണെന്റെ ആഗ്രഹം. തെറ്റ് ആര്‍ക്കും പറ്റും. അതില്‍നിന്നു പാഠം ഉള്‍ക്കൊണ്ട്‌ പുതിയ ജീവിതവും, പുതിയ വഴികളും  കണ്ടെത്തണം.”
  മനസ്സില്‍ ഉറഞ്ഞുകൂടിയിരുന്ന പ്രതികാരമെല്ലാം അരുണിന്റെ ദയനീയാവസ്ഥ കണ്ടപ്പോള്‍ ഉരുകിയൊലിച്ചു പോയിരുന്നു. മനസ്സ് നിറയെ സ്നേഹത്തിന്റെ തിരമാലകള്‍ അലയടിക്കുന്നു. ഞാന്‍ കട്ടിലില്‍ അവനോടൊപ്പം ഇരുന്ന് അവനെ ചേര്‍ത്തുപിടിച്ചു. അവന്‍ എന്റെ മാറില്‍ തലചായ്ച്ചു. സാവധാനം അവന്റെ  കൈകള്‍ കുഴയുന്നതും എന്റെ മടിയിലേക്ക് കമഴ്ന്നു വീഴുന്നതും ഞാനറിഞ്ഞു.

24 comments:

  1. Udayanji,
    Very good. A commendable story with a good moral and message. Very short and sweet too.
    Congrats. Keep going.

    ReplyDelete
    Replies
    1. അഭിപ്രായം പറഞ്ഞതിന് നന്ദി. ജീവചരിത്രം പൂര്നമാവാതെ നിര്ത്തിയതെന്തു ?

      Delete
  2. ലഹരിക്ക്‌ അടിമപ്പെടുന്ന പുതു തലമുറക്കുള്ള സന്ദേശം.... കൊള്ളാം....

    ReplyDelete
  3. നല്ല കുറിപ്പ് @PRAVAAHINY

    ReplyDelete
  4. അനുഭവങ്ങളാണ് എപ്പോഴും തിരിച്ചറിവിനു ശക്തി പകരുന്നത്. പക്ഷെ, ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥ സംജാതമാകുന്നു.
    ഒരു സന്ദേശം നല്‍കുന്ന കഥ നേരില്‍ കണ്ട ഒരനുഭവം പോലെ പറഞ്ഞിരിക്കുന്നു.

    ReplyDelete
  5. നന്നായി എഴുതി.എന്റെ മുന്നിൽ ഇങ്ങനെ നശിച്ച ഒരാളേയും കുടുംബത്തേയും എനിക്കറിയാം.ആശംസകൾ.

    ReplyDelete
  6. മരിക്കാന്‍ വേണ്ടി തീയിലേയ്ക്ക് അടുക്കുന്ന ഈയാംപാറ്റകള്‍
    നല്ല കഥ. സന്ദേശമുള്ളത്

    ReplyDelete
  7. ഒരു മുന്‍ കരുതലിന്റെ സന്ദേശം തരുന്ന നല്ല കഥ ഉദയന്‍ ജി..നന്നായി എഴുതി....ആശംസകള്‍

    ReplyDelete
  8. മികച്ചൊരു സന്ദേശം കഥയിലൂടെ പകർന്നു എന്നാണ് എന്റെ വായന.നന്നായി എഴുതി.....

    ReplyDelete
  9. കഥ ഒരുപാടു ഇഷ്ടമായി. ആശംസകള്‍.

    ReplyDelete
  10. ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന കഥ. വളരെ നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete
  11. ലഹരിയുടെ കാണാക്കയത്തിലേക്ക് വീണു പോവുന്ന ഇന്നത്തെ തലമുറക്ക് നാല്‍കാവുന്ന നല്ല സന്ദേശം അടങ്ങിയ കഥ , നന്നായി എഴുതി പ്രതിഫലിപ്പിച്ചു

    ReplyDelete
  12. നന്നായിട്ടുണ്ട് ഉദയപ്രഭന്‍

    ReplyDelete
  13. നല്ല ഒരു സന്ദേശം നല്‍കുന്ന കഥ :)

    ReplyDelete
  14. നല്ലൊരു സന്ദേശം നൽകുന്ന കഥ..
    പുതു തലമുറ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടവ...
    ആശംസകൾ...

    ReplyDelete
  15. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!!!

    ReplyDelete
  16. ' ഞാന്‍ മൗസ് ചലിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, കഴ്സര്‍ ഒരു ബിന്ദുവില്‍ തന്നെ അനങ്ങാതെ നില്‍ക്കുകയായിരുന്നു'
    It was excellent.
    പിന്നെ, താങ്കളുടെ തിരക്കേറിയ ജോലിക്കിടയില്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

    ReplyDelete
  17. പുതുവത്സരാശംസകള്‍.
    കഥ നന്നായിട്ടുണ്ട്.:-)

    ReplyDelete
  18. നല്ല ആശയം. അവതരണം.
    അനുഭവത്തിന്റെ തിരിച്ചറിവ് ഉണ്ടാകുമ്പോള്‍, തെറ്റുകള്‍ തിരുത്തപ്പെടുമ്പോള്‍, എല്ലാം കലങ്ങി തെളിയുന്നു.
    ഭാവുകങ്ങള്‍.

    ReplyDelete
  19. സന്ദേശം ഉൾക്കൊള്ളുന്ന
    ആശയ സമ്പുഷ്ട്ടമായ ഒരു കഥ

    ReplyDelete
  20. നന്നായിട്ടുണ്ട്

    ReplyDelete