Wednesday 11 November 2015

ചാവേര്‍

ചാവേര്‍
     കനത്ത ഇരുട്ട് നിറഞ്ഞ ഒരു മുറിയിലേക്കാണ്  അയാള്‍ എന്നെ  കൂട്ടിക്കൊണ്ടുപോയത്.  ഒരു കസേരയില്‍ എന്നെ ഇരുത്തി അയാള്‍ മടങ്ങിപ്പോയി. ആ മുറിയില്‍ എന്‍റെ സമീപത്ത് ആരൊക്കെയോ ഉള്ളതായി എനിക്ക് തോന്നി. സിഗരറ്റ് പുകയുടെ ഗന്ധം ആ മുറിയില്‍ തങ്ങിനില്‍പ്പുണ്ടായിരുന്നു. കണ്ണ് ഇരുട്ടുമായി താദമ്യം പ്രാപിച്ച് തുടങ്ങുന്തോറും  ഓരോ രൂപങ്ങള്‍ വ്യക്തമായിത്തുടങ്ങി. ഒരു മേശക്ക് ചുറ്റും നിരത്തിയിട്ട എട്ടുകസേരകള്‍. ഞാന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അവിടെ ഇരിക്കുന്നു. ഒരു കസേര മാത്രം കാലി. ഇനിയും ആരോ വന്നുചേരുവാനുണ്ടന്നു വ്യക്തം. ആരും ഒന്നും സംസാരിച്ചിരുന്നില്ല. ആരുടേയും മുഖം വ്യക്തമായിരുന്നില്ല. എല്ലാം പുരുഷന്മാര്‍ തന്നെ. സമയം അധികം വൈകുന്നതിനു മുന്‍പേ ഒരു വാതില്‍ തുറക്കുകയും നേരിയ പ്രകാശത്തോടൊപ്പം ഒരാള്‍ കടന്നുവരികയും ചെയ്തു.
          അയാള്‍ കസേരയില്‍ ഇരിക്കുന്നതിന് മുന്‍പ് കൈനീട്ടി ഒരു സ്വിച്ച് ഓണ്‍ ചെയ്തു. മുറിയില്‍ പ്രകാശം പരന്നു. മേശയുടെ ഉപരിതലത്തില്‍ നിന്നും രണ്ടടി ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്ന  ഒരു ലൈറ്റ്. കമഴ്ത്തിവെച്ച ഒരു ചോര്‍പ്പിന്റെ ആകൃതിയില്‍ ഉള്ള ഡോമിനുള്ളില്‍ മങ്ങിക്കത്തുന്ന ഒരു ബള്‍ബ്‌. മേശക്ക് ചുറ്റും ഇരിക്കുന്നവരുടെ മുഖം വ്യക്തമായി കാണാന്‍ സാധിക്കാത്ത രീതിയിലാണ് പ്രകാശത്തിന്റെ ക്രമീകരണം. ഭീകരത തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം. അയാള്‍ ഒരു മാപ് എടുത്ത് മേശപ്പുറത്ത് നിവര്‍ത്തിയിട്ടു.
   അയാള്‍ എല്ലാവരെയും അഭിവാദ്യം  ചെയ്യുന്ന രീതിയില്‍ കൈ ഉയര്‍ത്തി. ഞങ്ങള്‍ പ്രത്യഭിവാദ്യം ചെയ്തു.
      “ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക. “
   അയാള്‍ മാപ്പിലേക്ക്  കൈ ചൂണ്ടി. “ ഇതാണ് റെയിവേ സ്റ്റേഷന്‍. കക്ഷി കോഴിക്കോട് സ്റ്റേഷനില നിന്ന് വണ്ടിയില്‍ കയറി  കഴിയുമ്പോള്‍ തന്നെ നമ്മുടെ ആള്‍ക്കാര്‍ അയാളെ ഫോളോ ചെയ്യുന്നുണ്ടാവും. കക്ഷി നമ്മുടെ സ്റ്റേഷനില്‍ ഇറങ്ങിയിട്ട്  താന്നിമൂട് ജങ്ങ്ഷന്‍ വഴി തന്നെയാണ് വീട്ടില്‍ പോകാന്‍ സാദ്ധ്യത. താന്നിമൂട് ജങ്ങ്ഷന്‍ കഴിയുമ്പോള്‍ തന്നെ നമ്മുടെ ടീമംഗം ഒന്നാം നമ്പറിലേക്ക്‌ വിവരം കൊടുക്കും. ആ സമയം നിങ്ങള്‍ താന്നിമൂട് കഴിഞ്ഞുള്ള രണ്ടാമത്തെ വളവിലെ കലുങ്കിന്റെ സമീപം വണ്ടിയില്‍ കാത്ത് നില്‍ക്കയായിരിക്കും. ഉടനെ നിങ്ങള്‍ ഏഴുപേരും കയറിയ വാഹനം അയാളെ ഫോളോ ചെയ്യും. റോഡിന്റെ രണ്ടു വശവും ബ്ലോക്ക്‌ ചെയ്യാന്‍ അതായത് താന്നിമൂട് ജങ്ങ്ഷനും ഇല്ലിത്തറയും ബ്ലോക്ക്‌ ചെയ്യാന്‍ എല്ലാ സന്നാഹവും ഒരുക്കിയിട്ടുണ്ടാവും. പത്തുമിനിട്ട് സമയത്തേക്ക് ഒരു വാഹനവും വരില്ല. നാലാമത്തെ വളവില്‍ വെച്ച് കക്ഷിയുടെ വാഹനത്തെ നിങ്ങള്‍ മറികടക്കണം. അവിടം ഒരു റബ്ബര്‍ തോട്ടമാണ്. അടുത്തെങ്ങും ആളുതാമാസം ഇല്ല. രണ്ടു മിനിട്ടില്‍ കാര്യം നടക്കണം. തിരിയെ വണ്ടിയില്‍ കയറിയാല്‍ താന്നിമൂട് വഴി തന്നെ തിരിച്ചു പോകണം. പത്തുമിനിട്ട് ഓട്ടത്തിനിടയില്‍ വസ്ത്രം മാറുക. അമ്പാടിക്കവല കഴിഞ്ഞുള്ള റബ്ബര്‍ തോട്ടത്തിന്റെ ഗേറ്റ് തുറന്ന് കിടക്കുന്നുണ്ടാകും. അവിടെ  വണ്ടി ഒതുക്കി എന്‍ജിന്‍  ഓഫ് ചെയ്യുക... അവിടെ നിങ്ങള്‍ക്ക്‌ പോകാനുള്ള ടൂ വീലറുകളുമായി നമ്മുടെ ആള്‍ക്കാര്‍ കാത്തുനില്‍പ്പുണ്ടാവും. ഇപ്പോള്‍ നിങ്ങള്ക്ക് തരുന്ന മൊബൈല്‍ഫോണ്‍ അവിടെ നില്‍ക്കുന്ന ആളെ ഏല്‍പ്പിക്കുക. ഉടനെ ടൂ വീലറില്‍   കയറി ഓരോത്തര്‍ക്കും നിര്‍ദ്ദേശിക്കുന്ന വഴിയേ രക്ഷപ്പെടുക.
        അയാള്‍ ഒരു ബാഗ്‌ തുറന്നു കുറെ മൊബൈല്‍ഫോണ്‍ പുറത്തെടുത്തു. എല്ലാം പഴയ മോഡല്‍ സെറ്റുകള്‍. അവയോടൊപ്പം ഒട്ടിച്ച പ്ലെയിന്‍ കവറില്‍ ഒരു കത്തും.
  “ഇരുപത്തിഒന്നാം തീയതി രാവിലെ പത്തുമണിക്ക് മാത്രം ഫോണ്‍ ഓണ്‍ ചെയ്യുക. നിങ്ങള്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഈ കത്തില്‍ ഉണ്ടാവും. കത്ത് ഫോണ്‍  ഓണ്‍ ചെയ്തു കഴിഞ്ഞു മാത്രം പൊട്ടിച്ച് വായിക്കുക വായിച്ചു കഴിഞ്ഞാല്‍ ഉടന്‍ കത്തിച്ചു കളയുക ഒരിക്കലും പരസ്പരം ബന്ധപ്പെടാതിരിക്കാന്‍ ശ്രമിക്കുക”
  നേതാവ് കസേര വിട്ട് എഴുന്നേറ്റു. മുറിയിലെ വിളക്കണഞ്ഞു.
*******      *****                       ******      *****
ഇരുപത്തിയൊന്നാം തീയതി രാവിലെ കൃത്യം പത്തുമണിക്ക്  തന്നെ  മൊബൈല്‍ ഓണ്‍ ചെയ്തു. മിനിട്ടുകള്‍ക്കകം ഫോണ്‍ ബെല്ല് അടിച്ചു.
“വൈകിട്ട് നാല് മണിക്ക് കുന്നുംപുറം ബസ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുക. കത്തില്‍ പറഞ്ഞിരിക്കുന്ന നമ്പര്‍ റ്റാറ്റ സുമോ വണ്ടി വരും അതില്‍ കയറുക.” ഫോണ്‍ കട്ടായി.  അയാള്‍ ഉടനെ കത്ത് പൊട്ടിച്ച് വായിച്ചു.
വണ്ടിയുടെ നമ്പര്‍ കൊടുത്തിട്ടുണ്ട്‌. വഴിയില്‍ പല സ്ഥലതുനിന്നും ടീം അംഗങ്ങള്‍ വണ്ടിയില്‍ കയറും. റെയില്‍വേ സ്റ്റേഷന്‍റെ പാര്‍ക്കിംഗ് ഏരിയായില്‍ പാര്‍ക്ക്‌ ചെയ്യുക. ഏകദേശം നാല് മണിക്ക് പരശുരാം എക്സ്പ്രസ് വരും. ലേറ്റായാല്‍ വരുന്നത് വരെ കാത്തിരിക്കുക. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്നുനിന്നതിനു ശേഷം നിങ്ങളുടെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യക. അധികം തിരക്കുപിടിക്കാതെ സാവധാനം താന്നിമൂട് വഴി പോയി പറഞ്ഞ സ്ഥലത്ത് വണ്ടി ഒതുക്കിയിട്ട് കാത്തിരിക്കുക.
      അങ്ങനെ ഇരുപത്തിയൊന്നാം തീയതി കൃത്യസമയത്ത് വണ്ടി ഒതുക്കിയിട്ട് ഞങ്ങള്‍ കാത്തിരിക്കയാണ്. വണ്ടിയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഞങ്ങള്‍ എട്ടുപേര്‍  ഉണ്ടായിരുന്നു. മെറൂണ്‍ നിറത്തിലുള്ള വണ്ടിയുടെ എഞ്ചിന്‍ ഓഫ് ചെയ്തിരുന്നില്ല. ശീതീകരിച്ച വണ്ടിക്കുള്ളില്‍ അപരിചിതരായ എട്ടുപേര്‍. ആരും പരസ്പരം ഒന്നും സംസാരിക്കുന്നില്ല. എല്ലാവരുടെയും മനസ്സിന്റെ ഉള്ളില്‍ കനത്ത അഗ്നിയാണ് എരിയുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ദൌത്യം പൂര്‍ത്തിയാക്കുവാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. എന്തിനു, ഏതിന് എന്ന അന്വഷണമില്ല. തെറ്റും ശരിയും നിര്‍വചിക്കേണ്ട കാര്യവുമില്ല  അനുസരണയും അച്ചടക്കവും ഉള്ള ഒരു പാര്‍ട്ടിപ്രവര്‍ത്തകന്. എല്ലാം നേതാക്കള്‍ ആലോചിച്ചു ഉറപ്പിച്ച കാര്യമാണ്. പുരക്കുമുകളിലേക്ക് ചാഞ്ഞത് ഫലവൃക്ഷമാണങ്കിലും മുറിച്ചു മാറ്റുക.
 F M റേഡിയോയില്‍ സംഗീതം മുഴങ്ങുന്നുണ്ടായിരുന്നു.
   “ഈശ്വരന്‍ മനുഷ്യനായ്‌ അവതരിച്ചു ഈ മണ്ണില്‍ ദുഃഖങ്ങള്‍ പങ്കുവെച്ചു.” പഴയ ഒരു സിനിമാഗാനം.. മുഖാരിരാഗത്തില്‍ ഈണം നല്‍കിയിരിക്കുന്ന ഗാനഗന്ധര്‍വ്വന്‍റെ ശബ്ദത്തിലുള്ള ഒരു  ശോകഗാനം. മുഖാരി രാഗം  മരണത്തിന്റെ രാഗം എന്നും പറയാറുണ്ട്. അതെ മരണദൂതന്മാരുടെ ഗാനം തന്നെ. ഈശ്വരന്‍  മനുഷ്യനായ്‌ അവതരിച്ചിരിക്കയാണ്. സൃഷ്ടി.സ്ഥിതി. സംഹാരം എല്ലാം ഈശ്വരന്‍ തന്നെ ചെയ്യുന്നു. ഇവിടെ സംഹാരത്തിന്റെ രൂപത്തില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു. ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തില്‍ ഇന്നത്തെ ദിവസം കൊണ്ട് ജീവിതം അവസാനിക്കുന്ന ഒരു ഹതഭാഗ്യന്‍. അവിടെ സ്വര്‍ഗ്ഗത്തിന്റെ വാതായനങ്ങള്‍ അയാള്‍ക്കായി തുറന്നിട്ട്‌ അപ്സരസുകള്‍ കാത്തുനില്‍ക്കുകയാണ്. കൈയ്യില്‍ പൂത്താലങ്ങളും ഏന്തി ചുണ്ടില്‍ ആരെയും മയക്കുന്ന പുന്ചിരിയുമായി.
   കൈയ്യില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍. ഏതു സമയത്തും പ്രയോഗിക്കാന്‍ തയ്യാറായിരുന്നു. സമയം കടന്നുപോയികൊണ്ടിരുന്നു. റെയിവേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടിട്ടു അരമണിക്കൂര്‍ കഴിഞ്ഞു. അയാള്‍ എന്താണ് വൈകുന്നത്? അയാള്‍ അപകടം മണത്തറിഞ്ഞു യാത്ര വേറെ വഴിക്കാക്കിയോ?. അതോ ഈ സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിയില്ലേ?. അതോ പരശുറാം എക്സ്പ്രസില്‍ അയാള്‍ വന്നില്ലേ.? മനസ്സില്‍ നൂറുനൂറു ചോദ്യങ്ങള്‍ തിളച്ചുമറിയുവാന്‍ തുടങ്ങി.
  പെട്ടന്ന് ഡ്രൈവറുടെ ഫോണ്‍ ശബ്ദിച്ചു. സംഘാംഗങ്ങള്‍ ജാഗരൂകരായി.
“ അയാള്‍ സഹകരണ ആശുപത്രിയില്‍ ആര്‍ക്കോ ബ്ലഡ്‌ കൊടുക്കാന്‍ കയറിയിരിക്കുന്നു. ഉടനെ പുറത്തുവരും.”
  ആയുധങ്ങളിലെ പിടി സാവധാനം അയഞ്ഞു. ഇനിയും കാത്തിരിക്കണം. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.
ഇരുപത്‌ മിനിട്ടുകള്‍ കൂടി  കടന്നുപോയി. വീണ്ടും ഡ്രൈവറുടെ ഫോണ്‍ ശബ്ദിച്ചു.
 “ഗെറ്റ് റെഡി”
 ആയുധങ്ങളിലെ പിടി മുറുകി. ഡ്രൈവര്‍ എന്‍ജിന്‍ ഇരപ്പിച്ചു. ഫസ്റ്റ്ഗിയറിലിട്ടു മുന്നോട്ടു നീങ്ങാന്‍ തയ്യാറായി നിന്നു. പിന്നില്‍ നിന്നും ഒരു വാഹനത്തിന്റെ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചം അടുത്തടുത്ത് വന്നു. . ആ വണ്ടി ഞങ്ങളെ കടന്നു മുന്നോട്ടു നീങ്ങി. അത് അയാള്‍ കയറിയ ബൈക്ക് തന്നെ. വണ്ടിയുടെ നമ്പര്‍ കറക്റ്റ്‌ തന്നെ. പക്ഷെ അയാളുടെ പിന്നില്‍ ഒരു ആണ്‍കുട്ടി അയാളെ കെട്ടിപ്പിടിച്ചു ഇരിക്കുക്കുന്നു. എന്ത് ചെയ്യണം. മനസ്സില്‍ ഒരു സംശയം.
“ ഒന്നും ആലോചിക്കേണ്ട. കുട്ടിയെ വെറുതെ വിടുക.” ഡ്രൈവര്‍ വിളിച്ചുപറഞ്ഞു.
           ഞങ്ങളുടെ വണ്ടി മുന്നോട്ടു കുതിച്ചു. കൃത്യസ്ഥലത്ത് വെച്ച് ബൈക്കിനെ  ഇടിച്ചുതെറുപ്പിച്ചു. റോഡിന്‌ ഇടതുവശത്തേക്കാണ് അയാളും കുട്ടിയും  തെറിച്ചുവീണത്. വണ്ടിയില്‍ നിന്നും ഏഴുപേരും ചാടിയിറങ്ങി. കുറ്റിക്കാട്ടില്‍ തെറിച്ചു വീണ അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കയായിരുന്നു. ആദ്യവെട്ടു തന്നെ പിന്കഴുത്തിലായിരുന്നു. പിന്നെ ഉയര്‍ന്നത് ഒരു അലര്‍ച്ചയയായിരുന്നു. നിലത്തേക്ക് വീഴാന്‍ പോയ അയാളുടെ ഇടത്തെ കാലിലാണ് അടുത്ത വെട്ട്‌ കൊണ്ടത്‌. വാളുകള്‍ ആകാശത്ത് മിന്നല്‍ പിണരുകള്‍ തീര്‍ത്തു. പച്ചിലകളില്‍ തിളയ്ക്കുന്ന ചോര തെറിച്ചു വീണ് അവ്യക്തമായ ചിത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. അയാളുടെ അലര്‍ച്ച ദീനരോദനമായി മാറിത്തുടങ്ങി. മരണം ഉറപ്പിചിട്ടാണ് ഞങ്ങള്‍ വണ്ടിയില്‍ കയറിയത്. വണ്ടി മുന്നോട്ടു നീങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. കുറ്റിക്കാട്ടില്‍ നിന്നും എഴുന്നേറ്റു വന്ന ആ കുട്ടി മുറിവേറ്റുകിടക്കുന്ന മനുഷ്യന്റെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കയായിരുന്നു. അവന്‍ ദയനീയമായി അയാളുടെ മുഖത്തേക്കും ഞങ്ങളുടെ വണ്ടിയിലേക്കും നോക്കുന്നുണ്ടായിരുന്നു.
      തിരക്കഥയില്‍ പറഞ്ഞപോലെ ഞാന്‍ അല്പസമയത്തിനുശേഷം ബൈക്കില്‍ കുതിച്ചു പായുകയായിരുന്നു. സംഘാംഗങ്ങള്‍ പല വഴിക്കായി തിരിഞ്ഞു കഴിഞ്ഞു. പുതിയ വേഷത്തില്‍ പുതിയ ഭാവത്തില്‍ ഒരു യാത്ര. മനസ്സില്‍ തെല്ല് പരിഭ്രമത്തോടെയാണ്  എന്റെ പ്രയാണം. ഇത് ആദ്യത്തെ ദൌത്യം ഒന്നും അല്ല. കൊഴുത്ത രക്തത്തിന്റെ ചൂട് ധാരാളം അറിഞ്ഞതാണ് ഈ  കൈകള്‍. പക്ഷെ ആ കുട്ടിയുടെ ദയനീയമായ നോട്ടം. ആ മുഖത്ത് വീണ രക്തത്തുള്ളികള്‍ , ആ കണ്ണുകളിലെ നനവ്‌ എല്ലാം മനസ്സില്‍ എന്തോ ആശങ്കകള്‍ നിറക്കുന്നു. ഒരു തവണ മാത്രമാണ് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കിയത്. പക്ഷെ,  ആ മുഖം വിടാതെ പിന്തുടരുന്നതുപോലെ. ഇതുവരെ ഉണ്ടാവാത്ത ഒരു തരം മാനസികാവസ്ഥ.
     ഇരുവശവും വീടുകള്‍ തിങ്ങിനിറഞ്ഞ ഒരു ഗ്രാമത്തിലൂടെയാണ് ബൈക്ക്‌ ഓടിക്കൊണ്ടിരുന്നത്. ടാറിംഗ് ഇളകിയ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. റോഡരുകില്‍ മെറ്റലും ടാര്‍ വീപ്പകളും നിരത്തിയിട്ടുണ്ട്. ഉടനെ റോഡ്‌ പണി തുടങ്ങാനുള്ള തയ്യാറെടുപ്പികള്‍ ആവാം. വണ്ടി മുന്നോട്ട് നീങ്ങുന്നത് അനുസരിച്ച് പിന്നിലുള്ള വീടുകളിലെ വെളിച്ചം അണയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ ഒരു നിമിഷം ബൈക്ക്‌ നിര്‍ത്തി പിന്നിലേക്ക്‌ നോക്കി. പിന്നില്‍ കനത്ത ഇരുട്ട് മാത്രം. ഇരുട്ടിനെ കീറിമുറിച്ചു ബൈക്കിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. വൃക്ഷനിബിഡമായ ഗ്രാമങ്ങള്‍ പിന്നിട്ട്‌ വയലുകള്‍ക്ക് നടുവിലൂടെയുള്ള ഒരു റോഡിലൂടെയാണ് ഇപ്പോള്‍ ബൈക്ക് ഓടുന്നത്. നോക്കെത്താദൂരത്തോളം  പരന്നുകിടക്കുന്ന വയലേലകളില്‍ കാലവര്‍ഷത്തിന്റെ  ശക്തിയില്‍ വെള്ളപ്പൊക്കവും കൃഷിനാശവും സംഭവിച്ചിരിക്കുന്നു. വയലിന് നടുവില്‍ കരിങ്കല്‍ ഭിത്തികെട്ടി മണ്ണിട്ട്‌ നികത്തിയെടുത്ത റോഡാണ്. ബൈക്ക് മുന്നോട്ട് ഓടുംതോറും റോഡിന്റെ വീതി കുറഞ്ഞു കുറഞ്ഞുവന്നു.
      ബൈക്കിന്റെ പിന്‍സീറ്റില്‍ ആരോ ഇരിക്കുന്നത് പോലെ തോന്നി. വലത്തേ കൈകൊണ്ട്‌ ഞാന്‍ പിന്നില്‍ പരതി. ആരും ഇല്ല. വെറുതെ തോന്നിയതാവും.  വണ്ടി മുന്നോട്ട് നീങ്ങും തോറും പിന്‍സീറ്റില്‍ ഒരാളുടെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടുകൊണ്ടിരുന്നു. വീണ്ടും ഞാന്‍ കൈകൊണ്ട്‌  പിന്നില്‍ പരതിയെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല. പെട്ടന്ന് റോഡില്‍ വെള്ളക്കെട്ട് കണ്ടു. ഇരുവശത്തേക്കും വെള്ളം തെറിപ്പിച്ചുകൊണ്ട്‌ പോയ വണ്ടിയുടെ വേഗത പെട്ടന്നാണ് കുറഞ്ഞത്. റോഡ്‌ കാണാന്‍ മേലാത്ത പോലെ വെള്ളം  ഉയര്‍ന്നിരിക്കുന്നു. ചുറ്റും സര്‍വത്ര വെള്ളം.  കടലിനു നടുവില്‍ അകപ്പെട്ട പ്രതീതി. വെള്ളം മുട്ടിന്‌ മുകളില്‍ എത്തി. ഗിയര്‍ ഡൌണ്‍ ചെയ്തെങ്കിലും വണ്ടി ഓഫായിപ്പോയി. കിക്കര്‍ ചവിട്ടിനോക്കിയെങ്കിലും വണ്ടി സ്റ്റാര്‍ട്ട്  ആവാനുള്ള ഒരു ലക്ഷണവും കാണിക്കുന്നില്ല. പുകക്കുഴലില്‍ വെള്ളം കയറിയിരിക്കുന്നു. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ശക്തമായ ഒരു തിരവന്നടിച്ചു ഞാന്‍ തെറിച്ചുവീണു. ചാടി എഴുന്നേറ്റു നോക്കിയ ഞാന്‍  ഞെട്ടിത്തെറിച്ചുപോയി.
          ബൈക്കില്‍ ഒരാളിരിക്കുന്നു. ആ ബാലന്‍ തന്നെ. മുറിവേറ്റ് കിടന്നയാളുടെ സമീപത്തുനിന്നും ഞങ്ങളെ ദയനീയമായി നോക്കിയ ആ പിഞ്ചുബാലന്‍. അവന്റെ കണ്ണുകളില്‍ സങ്കടമാണോ. നിരാശയാണോ, പകയാണോ, യാചനയാണോ, അതോ എല്ലാം തച്ച്തകര്‍ക്കാന്‍ പോകുന്ന ക്രോധമാണോ എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. അവനിട്ടിരുന്ന വെള്ള ഉടുപ്പില്‍ ചുവന്ന രക്തത്തുള്ളികള്‍ തീര്‍ത്ത പൂക്കളം. മുഖത്തുകൂടി ഒലിച്ചിറങ്ങിയ കണ്ണീരും രക്തവും. എന്റെ മനസ്സില്‍ ഭയാശങ്കകള്‍ നിറയുന്നു. ഞാന്‍ പുറകോട്ടു മാറുവാന്‍ ശ്രമിചു. കാലുകള്‍ അനക്കുവാന്‍ സാധിച്ചില്ല. അരയില്‍ നിന്ന് കഠാര എടുക്കാന്‍ വെമ്പി. പക്ഷെ കൈകളുടെ ചലനശേഷി നഷ്ടമായതുപോലെ. അവനോട് ക്ഷമയാചിക്കുവാന്‍ നാവ് ചലിക്കുന്നില്ല.  ഞാന്‍ ഒരു കൊച്ചുകുട്ടിയുടെ മുന്നില്‍ നിസ്സഹായനാവുകയാണ്.
    പെട്ടന്ന് റോഡിലെ വെള്ളം ഉയര്‍ന്നുതുടങ്ങി. രക്ഷപ്പെടാന്‍ മനസ്സ് പറയുന്നുണ്ട്. പക്ഷെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഒരു ജഡം പോലെ ഞാന്‍ മണ്ണില്‍ ഉറച്ചുനില്ക്കുകയാണ് .വെള്ളം  ഉയര്‍ന്നു എന്റെ തലമൂടുന്ന അവസ്ഥയിലേക്ക്  എത്തിക്കൊണ്ടിരുന്നു. വെള്ളം ഉയരുന്നതനുസ്സരിച്ചു ആ കുട്ടിയും വളര്‍ന്നുകൊണ്ടിരുന്നു. ആകാശം മുട്ടെ വളര്‍ന്ന അവന്റെ കണ്ണുകളിലെ അഗ്നി ഞാന്‍ കണ്ടു. അവന്റെ ചുണ്ടുകളിലെ പരിഹാസച്ചിരി ഞാന്‍ കണ്ടു. വെള്ളം എന്റെ തലക്കുമീതെ ഉയര്‍ന്നുയര്‍ന്നുവന്നു.  ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞു. മൂക്കിലൂടെ കയറിയ വെള്ളം ശ്വാസകോശങ്ങളില്‍ നിറഞ്ഞു. കണ്ണുകളിലേക്ക് സാവധാനം ഇരുട്ട് പടര്ന്നുകയറിക്കൊണ്ടിരുന്നു.