Thursday 17 May 2012

വായനയെ കൊല്ലുന്നവര്‍


വായനയെ കൊല്ലുന്നവര്‍
  മലയാളി സമൂഹത്തില്‍ വായന മരിക്കുന്നു എന്ന  പരിദേവനം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. സാംസ്കാരികസാഹിത്യരാഷ്ട്രീയനായകര്‍  ഈ വിഷയത്തെക്കുറിച്ച് വളരെയധികം അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞു. വായനയെ പരിപോഷിപ്പിക്കേണ്ട വായനശാലാ അധികൃതര്‍ തന്നെ വില്ലന്‍മാരായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.
    ഏറണാകുളത്ത് പോന്നുരുന്നി ഗ്രാമീണ വായനശാലയിലെ ഒരു അംഗമായിരുന്നു ഞാന്‍. ഒരു പുരുഷായുസ്സ് മുഴുവന്‍ വായിച്ചാലും തീരാത്ത പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയായിരുന്നു അത്. നിലവാരമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു തന്നിരുന്ന നല്ലവരായ ലൈബ്രറിയന്മാരാണ് അവിടെ ഉണ്ടായിരുന്നത്. ഏതാണ്ട് ഏഴ് വര്‍ഷക്കാലം അവിടെ സജീവ അംഗമായിരുന്നതിനാല്‍ ധാരാളം നല്ല പുസ്തകങ്ങളും ആനുകാലികങ്ങളും  വായിക്കുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. വില കൊടുത്ത് പുസ്തകങ്ങളും ആനുകാലികങ്ങളും  വാങ്ങി വായിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക്‌ പബ്ലിക്‌ ലൈബ്രറികള്‍ വലിയ സഹായമാണ് ചെയ്തുകൊടുക്കുന്നത്.
     കഴിഞ്ഞ വര്‍ഷാവസാനം ഞാന്‍ ഉദയംപേരൂര് എന്ന സ്ഥലത്തേക്ക് താമസം മാറ്റേണ്ടി വന്നു.പുതിയ സ്ഥലത്ത് ഒരു ലൈബ്രറി അന്വഷിച്ച്  അധികം അലയേണ്ടിവന്നില്ല. പക്ഷേ, ഒരു അംഗത്വമെടുക്കുന്നതിനെക്കുറിച്ച് അന്വഷിച്ചപ്പോള്‍ വളരെ നിഷേധാത്മകമായ നിലപാടാണ് ലൈബ്രറിയനും സഹായികളും സ്വീകരിച്ചത്.
    ഒരു അംഗം പരിചയപ്പെടുത്തണമെന്ന് പറയുന്നത് ന്യായം. അത് സജീവമായി പുസ്തകങ്ങള്‍ എടുത്ത് വായിക്കുന്ന ഒരാളിയിരിക്കണം എന്ന് പറയുമ്പോള്‍ അതല്പം കടന്ന വാക്കായിപ്പോയി എന്നെനിക്ക് തോന്നി. പുതിയ താമസസ്ഥലത്ത് പുതിയതായി പരിചയപ്പെടുന്ന ഓരോ വ്യക്തിയോടും ലൈബ്രറിയില്‍ അംഗമാണോ എന്ന് അന്വഷിക്കുകയാണ് ഞാന്‍. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ എനിക്ക് അത്തരമൊരാളെ പരിചയപ്പെടുവാന്‍ സാധിച്ചില്ല.
   ഒരു സംഖ്യ caution deposit  ആയി വാങ്ങിയിട്ട് അംഗത്വം തന്നുകൂടെ എന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു മറുപടി. എല്ലാ നിയമങ്ങളും ആവശ്യാനുസരണം വളച്ചൊടിക്കുന്ന നമ്മുടെ നാട്ടില്‍ ഒരു ലൈബ്രറി അംഗത്വം നിയമത്തിന്റെ നൂലാമാലകളില്‍ തടസ്സപ്പെട്ടിരിക്കയാണ്.
       പുതിയ അംഗത്വമെടുത്തു പുസ്തകങ്ങളുമായി മുങ്ങുന്ന ധാരാളം ആളുകളുള്ളതിനാലവും അധികൃതര്‍ ഇത്തരം ഒരു സമീപനം സ്വീകരിച്ചത്. പുതിയ സ്ഥലത്ത് താമസം ആരംഭിച്ചതുത്തന്നെ പുസ്തകമെടുത്തു മുങ്ങുവാനാനെന്നാവും അവരുടെ സംശയം. ഏതായാലും കഴിഞ്ഞ എട്ട് മാസത്തിനിടയ്ക്ക് എനിക്ക് അധികമൊന്നും വായിക്കുവാന്‍ സാധിച്ചിട്ടില്ല.
      വലിയ ലൈബ്രറികളില്‍ ഒരു ഐ. ഡി. പ്രൂഫും രണ്ടു സ്റ്റാമ്പ്‌ സൈസ് ഫോട്ടോയും ഉണ്ടങ്കില്‍ അംഗത്വം കിട്ടും.അവിടെ നിയമത്തിന്റെ നൂലാമാലകള്‍ ഒന്നുമില്ല. അത്തരം സൗകര്യങ്ങളൊക്കെ നഗരവാസികള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്.
   ഇംഗ്ലീഷ് ഭാഷയില്‍ ഇറങ്ങുന്ന ബെസ്റ്റ്‌ സെല്ലെര്‍ പുസ്തകങ്ങള്‍ നൂരുരൂപക്ക് താഴെ ലഭിക്കുമ്പോള്‍ മലയാളത്തിലെ നല്ല പുസ്തകങ്ങള്‍ മുന്നൂറ്‌- - മുന്നൂറ്റിയമ്പത് രൂപ വിലയിട്ടാണ് വില്‍ക്കുന്നത്. ഒരു സാധാരണക്കാരന് താങ്ങാവുന്ന വിലയല്ലിത്. വായന മരിക്കുന്നു എന്ന് പരാതി പറയുന്നവര്‍ ഇതുകൂടി പരിഗണിച്ചാല്‍ നന്നായിരിക്കും.

Wednesday 16 May 2012

ലൈറ്റ് ഹൌസ്


ലൈറ്റ് ഹൌസ്
ഉലഹന്നാന് ടോര്‍ച്ചിനോടുള്ള പ്രേമം തുടങ്ങിയത് എന്ന് മുതലാണന്നു വ്യക്തമല്ല. ഒരുദിവസം ഓഫീസില്‍ ഊണുകഴിക്കാന്‍ ബാഗ്‌ തുറന്നപ്പോളാണ് ചോറ്റുപാത്രത്തോടൊപ്പം ബാഗിനുള്ളിലിരിക്കുന്ന ടോര്‍ച്ച്  എന്റെ ശ്രദ്ധയില്‍ പെട്ടത്. അതെന്തിനാണ് കൊണ്ടുനടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഒരു ചിരിയില്‍ ഒതുങ്ങി. ഓഫീസില്‍നിന്നും അര മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്താല്‍ എത്തുന്ന ദൂരത്തായിരുന്നു അദ്ദേഹത്തിന്റെ വീടെങ്കിലും ഒരിക്കലും രാത്രിയാവാന്‍   കാത്തുനില്കാതെ   അദ്ദേഹം വീടെത്താറുണ്ടായിരുന്നു. പിന്നെയെന്താണ് ഒരു  ടോര്‍ച്ച് കൊണ്ടുനടക്കേണ്ട ആവശ്യം എന്ന് ഞാന്‍   പലവട്ടം ആലോചിട്ടുണ്ട്.
   ഓഫീസ് സൂപ്രണ്ട് കൈമള്‍സാറിന്റെ യാത്രയയപ്പിന് സമ്മാനം വാങ്ങാന്‍. പിരിവെടുപ്പ് നടത്തിയപ്പോള്‍. അദ്ദേഹം സഹകരിച്ചില്ല. കൈമള്‍.സാറിന്  എന്റെ വക പ്രത്യേക സമ്മാനം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രയയപ്പുവേളയില്‍ ആശംസാപ്രസങ്ങത്തിനൊടുവില്‍ ഉലഹന്നാന് കൈമള്‍.സാറിന്   സമ്മാനിച്ചത് മനോഹരമായ ഒരു ടോര്ച്ച്ചായിരുന്നു. കൈമള്‍.സാറിന്റെ ശിഷ്ടജീവിതം പ്രകാശപൂര്‍ണമാക്കുവാന്‍ എന്റെ എളിയ ഉപഹാരം ഉപകരിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഉലഹന്നാന്റെ പ്രസംഗവും സമ്മാനവും സഹപ്രവര്‍ത്തകരില്‍ പല സംശയങ്ങളും ഉണ്ടാക്കി. ഇയാള്‍ക്കെന്താണ് ടോര്‍ച്ചിനോടുള്ള കമ്പം, എല്ലാവരും പരസ്പരം ചോദിച്ചു.ആര്‍ക്കും  വ്യക്തമായ മറുപടി ഉണ്ടായില്ല. പലരും ഉലഹന്നനോടുതന്നെ നേരിട്ട് ചോദിച്ചു. മറുപടി ഒരു ചിരിയിലൊതുക്കി അയാള്‍ മനസ്സിന്റെ വാതിലുകള്‍ അവര്‍ക്കുമുന്നില്‍ അടച്ചിട്ടു.
ശംബളദിവസം ബിയര്‍പാര്‍ലറിന് മുന്‍പില്‍നില്‍ക്കുംപോളാണ്‍ ഞങ്ങള്‍ ആ കാഴ്ച കണ്ടത്. ഉലഹന്നാന് ഒരു ഡ്യൂട്ടിപെയ്ഡ്‌ ഷോപ്പിലേക്ക് തിരക്കിട്ട്  കയറിപ്പോകുന്നു. അദ്ദേഹം എന്ത് വാങ്ങുവാനാണ് പോകുന്നതെന്ന്‍ അറിയുവാനുള്ള ആകാംഷയോടെ ഞങ്ങള്‍ ആ കടയിലേക്ക്‌ കയറി. സെയില്‍സ്മാന്‍  ഉലഹന്നാന് മുന്നില്‍ പുതിയ മോഡലില് ഉള്ള ടോര്ച്ചുകള്‍ നിരത്തിവെക്കുന്നു. ജീപ്പാസ്സിന്റെയും ബ്രൈറ്റ്‌ലൈറ്റിന്റെയും സാനിയോയുടെയും വിലകൂടിയ ടോര്ച്ചുകള്‍. ഞങ്ങളെ കണ്ടപ്പോള്‍ തെല്ല് ജാള്യത തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ ഒരു ഒരു ടോര്‍ച്ചും വാങ്ങി അദ്ദേഹം പുറത്തേക്ക് നടന്നു. ക്ടയുടമസ്ഥനില്‍ നിന്നാണറിഞ്ഞത് അദ്ദേഹം അവരുടെ ഒരു സ്ഥിരം ഉപഭോക്താവണെന്ന്‍. എല്ലാ ശംബളദിവസവും അദ്ദേഹം കടയില്‍ എത്താറുണ്ട്. പുതിയ മോഡലുകള്‍ വന്നാല്‍ ഉടനെ അത് സ്വന്തമാക്കാറുണ്ട്. രണ്ടുവര്‍ഷമായി അദ്ദേഹം അവിടെ സ്ഥിരം ഉപഭോക്താവാണ്. എന്തിനാണ് ഇങ്ങനെ വിലകൂടിയ ടോര്ച്ചുകള്‍ വാങ്ങിക്കൂട്ടുന്നത് എന്നതറിയില്ല. അവര്‍ക്ക്‌ അതറിയേണ്ട ആവശ്യവുമില്ല. വിറ്റ സാധനത്തിന്റെ വില വാങ്ങി പെട്ടിയിലിടുക. കണക്കുകള്‍ കൂട്ടി ലാഭത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതറിഞ്ഞു മനസ്സില്‍ പുതിയ കണക്കുകൂട്ടലുകള്‍ നടത്തുക.
         ഉലഹന്നാന്റെ വീട്ടില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. ഒരാഴ്ചയായി ഓഫീസില്‍ വരാതിരുന്ന കാര്യമന്വാഷിച്ചായിരുന്നു ഞങ്ങളുടെ സന്ദര്ശനം. ഗേറ്റില്‍ വീട്ടുപേരിന്റെ സ്ഥാനത്ത് ലൈറ്റ് ഹൌസ് എന്ന് എഴുതിവെച്ചിരുന്നു. ചെറിയ പുഞ്ചിരിയോടെയാണ് ഉലഹന്നാന്‍ ഞങ്ങളെ സ്വീകരിച്ചത്. പരിക്ഷീണമായ മുഖം. കുഴിഞ്ഞുതാണ കണ്ണുകള്‍. ഒരാഴ്ച നീണ്ടുനിന്ന വൈറല്‍പനി അദ്ദേഹത്തിന്റെ ആരോഗ്യം കവര്‍ന്നെടുത്തിരുന്നു. ഷോകേസ് നിറയെ നിരത്തിവച്ചിരുന്ന വിവിധതരം ടോര്ച്ചുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. സ്വീകരണമുറിയുടെ നാനാഭാഗത്തും ധാരാളം ടോര്ച്ചുകള്‍ അടുക്കിവെച്ചിരിക്കുന്നു. ഇത്രയധികം ടോര്ച്ചുകള്‍ വാങ്ങിക്കൂട്ടുന്നതിന്റെ ആവശ്യമെന്തെന്ന്എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. ഒരു സംഭാഷണത്തിനു താല്‍പര്യം കാണിക്കാതെ അതിഥികളോട് കാണിക്കേണ്ട സാമാന്യമര്യാദകള്‍പോലും  മറന്നു ഉലഹന്നാന്‍ T V പ്രോഗ്രാമില്‍ ശ്രദ്ധിച്ചിരിക്കയാണ്. ഭാര്യ ചായയുമായി വന്നു. കുലീനയായ ഒരു ക്രിസ്ത്യന്‍ യുവതി. വളരെയധികം പരാതിയും പരിഭവങ്ങളും പറയുവാനുണ്ടാന്നു ആ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. നിറം മങ്ങിയ ഒരു കോട്ടന്‍സാരിയും ബ്ലൌസും ധരിച്ചിരുന്ന അവര്‍ ആഭരണങ്ങള്‍ ഒന്നും അണിഞ്ഞിരുന്നില്ല.
  ‘ ഉലഹന്നാന്‍ സാര്‍ കഴിഞ്ഞ ഒരാഴ്ചയായി ഓഫീസില്‍ വരാതിരുന്ന കാരണമന്വേഷിച്ച് വന്നതാണ് ഞങ്ങള്‍.”
   “അച്ചായന് വൈറല്‍പനിയായിരുന്നു. ഭേദായിട്ടു രണ്ടുദിവസമേ ആയുള്ളൂ.  രണ്ടുദിവസംകൂടി വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞു.”
 “ഓഫീസില്‍ അവധിക്ക്‌ അപേക്ഷയൊന്നും കൊടുത്തിരുന്നില്ല, ഒന്ന് ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ മതിയായിരുന്നു.”
 “ ഫോണ്‍ ചെയ്യാനെവിടെ സമയം. ഇവിടെ ടോര്ച്ചുനന്നാക്കി കഴിഞ്ഞിട്ട് സമയം കിട്ടിയിട്ട് വേണ്ടെ.”
“എന്തിനാണിങ്ങനെ ടോര്ച്ചുവാങ്ങി കൂട്ടുന്നത്‌ . മറ്റാര്കെന്കിലും കൊടുക്കനായിരിക്കും എന്നാണു കരുതിയത്‌. ഇവിടെ ശേഖരിച്ച് വെച്ചിരിക്കയാണന്ന് ഇപ്പോളാണ് മനസ്സിലായത്‌.”
 “കിട്ടുന്ന ശംബളത്തിന്റെ പകുതിയും ടോര്ച്ചുവാങ്ങിക്കൂട്ടുകയാണ്. ഒരു തവണ അച്ചായന്റെ അപ്പച്ചന്‍ ഇവിടെ വിരുന്നു വന്ന് രാത്രി മടങ്ങുന്ന വഴിയില്‍ പാമ്പുകടിയേറ്റ്‌ മരിച്ചു. അന്ന് അദ്ദേഹം മടങ്ങുന്ന സമയത്ത് ഒരു ടോര്ച്ച് കൊടുത്തുവിടുവാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. മെഴുകുതിരിയും തീപ്പെട്ടിയുമായാണ് അന്ന് അപ്പച്ചന്‍ ഇവിടുന്നിറങ്ങിയത്. പിറ്റേദിവസം രാവിലെയാണ് അദ്ദേഹം ഇടവഴിയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. അന്ന് ഒരു ടോര്ച്ചുണ്ടായിരുന്നെങ്കില്‍ അപ്പച്ചന്‍ അകാലമരണത്തില്‍ നിന്നും രക്ഷപെടുമായിരുന്നുവെന്നു ഇപ്പോഴും പറയും. പിന്നീട് പിന്നീട് അച്ചായന്‍ ടോര്ച്ചുവാങ്ങിക്കൂട്ടുവാന്‍ തുടങ്ങി.മാസത്തില്‍ ഒന്നുവീതം വാങ്ങിത്തുടങ്ങിയതാണ്.  വന്ന് വന്ന് ഇപ്പോള്‍ കിട്ടുന്ന ശംബളത്തിന്റെ പകുതിയും ചിലവിടുന്നത്  ടോര്ച്ചുവാങ്ങിക്കുവാനാണ്.”
  ഞാന്‍ സഹതാപത്തോടെ ഉലഹന്നാനെ നോക്കി. അദ്ദേഹം നിസ്സംഗതയോടെ ടീ.വി. കാണുകയാണ്.അവിടെ നടന്ന സംഭാഷണങ്ങള്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവോ എന്ന് വ്യക്തമല്ല.
 ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹം ഗേറ്റ് വരെ വന്നു. ഒരു പുഞ്ചിരിയോടെ അദ്ദേഹംപറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ തീപടര്‍ത്തുന്നവയായിരുന്നു.
   “നിങ്ങള്‍ എനിക്കെന്തുപറ്റിയെന്നായിരിക്കും ആലോചിക്കുന്നത്. ഒന്നുമില്ല, എനിക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാം എന്റെ ഒരു സംതൃപ്തിക്ക് വേണ്ടിയാണ്.അവാച്യമായ ഒരു ആനന്ദം ഞാനനുഭവിക്കുന്നു.”
   “തമസോമ ജ്യോതിര്‍ഗമയ എന്ന് കേട്ടിട്ടില്ലേ.?  ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്, അജ്ഞതയില്‍നിന്നും അറിവിലേക്ക്. വഴിയറിയാത്തവര്‍ക്ക് വഴികാട്ടി. പക്ഷെ അന്ധന് വിളക്കെന്തിന് ? ബാധിരന് സന്ഗീതമെന്തിന്.? മൂകന് ഉച്ചഭാഷിണിയും ശ്രോധാക്കളും എന്തിന്.?  ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളാണെന്റെ മനസ്സ്‌ നിറയെ. എന്നെങ്കിലും ഉത്തരം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ട്.കാത്തിരിപ്പ്, നീണ്ട കാത്തിരിപ്പ്‌. ചിലപ്പോള്‍ ഒരു ദിവസം അല്ലെങ്കില്‍ ഒരാഴ്ച,ഒരു മാസം ഒരു വര്ഷം അല്ലെങ്കില്‍ ഒരു പുരുഷായസ് മുഴുവന്‍ വേണ്ടിവന്നേക്കാം. ചിലപ്പോള്‍ അതിലേറെ , കാത്തിരിക്കുക തന്നെ. ഉത്തരങ്ങള്‍ എന്നെത്തേടി വരുമെന്ന പ്രതീക്ഷ എനിക്കുണ്ട്.”
  മൌനത്തിന്റെ കൂട്ടില്‍നിന്നും ഉലഹന്നാന്‍ തുറന്നുവിട്ട വാക്കുകള്‍ മനസ്സിനിള്ളില്‍ ചിറകടിച്ചു പറന്നു.
   ഇലച്ചാര്‍ത്തുകളില്‍ ഇരുട്ട് ചേക്കേറിത്തുടങ്ങി. മകരമാസ രാവിന്റെ കുളിരണിഞ്ഞ ഇടവഴികളിലൂടെ ഞങ്ങള്‍ ബസ്റ്റോപ്പിലേക് നടന്നു. യാത്ര പറയുമ്പോള്‍ ഉലഹന്നാന്‍ സമ്മാനിച്ച ടോര്ച്ചിലെ വെളിച്ചം ഞങ്ങള്‍ക് വഴി കാണിച്ചുതന്നു.
ഓഫീസിലെ തിരക്കിലേക്ക് ഉലഹന്നാന്‍ മടങ്ങിയെത്തി. കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍  അദ്ദേഹത്തിന്റെ വിരലുകള്‍ അതിവേഗം ചലിച്ചു. തടിച്ച ഫ്രൈമുള്ള കണ്ണടയും വിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരറ്റുമായി മണിക്കൂറുകളോളം ഒരേ ഇരിപ്പായിരുന്നു.  ഇടവേളകളില്‍ കാന്റീനില്‍ ചായ കുടിക്കാനോ രാഷ്ട്രീയ പരദൂഷണ ചര്‍ച്ചകളില്‍ ഇടപെടുവാനോ ഉലഹന്നാന്‍ എത്താറില്ല. സഹപ്രവര്‍ത്തകരുടെ കുശലാന്വഷണങ്ങള്ക്ക് ഒറ്റവാക്കില്‍ മറുപടി പറഞ്ഞ്‌ അദ്ദേഹം പുറംതിരിഞ്ഞു. ആരോടും അധികം സംസാരിക്കാതെ സ്വയം തീര്‍ത്ത തടവറക്കുള്ളിലെ ഏകാന്ത തടവുപുള്ളിയെപ്പോലെ ഉള്‍വലിയുകയായിരുന്നു.
  അകലെ നിന്നുതന്നെ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്ന ഉലഹന്നാന്റെ വീട് ഞങ്ങള്‍ കണ്ടു.  രാത്രിമത്സരം നടക്കുന്ന ഒരു ഫുട്ബോള്‍ മൈതാനം പോലെ പ്രകാശപ്രളയത്തില്‍ ദീപ്തമായിരുന്നു ലൈറ്റ് ഹൌസ്
 എന്ന വീട്. വീട്ടുമുറ്റത്ത്‌ ധാരാളം ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നു. ആരും ഒന്നും സംസാരിക്കുന്നില്ല. ഘനീഭവിച്ച നിശബ്ദത.
  സ്വീകരണ മുറിയിലേക്ക് കടക്കുമ്പോള്‍ പ്രകാശത്തിന്റെ ശ്രോതസ്സുകള്‍ ഞങ്ങള്‍ക്കു മുന്നില്‍ അനാവൃതമായി. നൂറുകണക്കിന് ടോര്ച്ചുകള്‍ തെളിയിച്ചു വെച്ചിരിക്കുന്നു. സ്വീകരണ മുറിയിലും കിടക്കറയിലും നിറയെ പ്രകാശം പരത്തുന്ന ടോര്ച്ചുകള്‍. കിടക്കറയില്‍ നിലത്ത് ഉലഹന്നാന്‍ ചലനമറ്റ്‌ കിടക്കുന്നു. കടവായിലൂടെ ഒലിച്ചിറങ്ങിയ രക്തവും നുരയും പതയും തറയില്‍ അവ്യക്തമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. പൊട്ടിച്ചിതറിയ ഒരു ടോര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ ഉലഹന്നാന്റെ കൈവിരലുകള്കിടയില്‍ കുരുങ്ങിയിരിക്കുന്നു. ഉലഹന്നാന്റെ ചേതനയറ്റ ജഡത്തിന് സമീപം ഒരു ശിലാപ്രതിമപോലെ അദ്ദേഹത്തിന്റെ ഭാര്യ. കണ്ണുനീര്‍ വറ്റിയ അവരുടെ കുഴിഞ്ഞുതാണ കണ്ണുകളില്‍ ഒരു  ജന്മത്തിന്റെ തീരശാപങ്ങള്‍ ഏറ്റുവങ്ങിയവളുടെ ദൈന്യത്തയുണ്ടായിരുന്നു.
 താഴ്വരയുടെ അടിവാരത്തുനിന്നും മല കയറി വരുന്നവരുടെ ആരവമുയര്‍ന്നു. എല്ലാവരുടെയും കൈകളില്‍ നീണ്ട പ്രകാശരശ്മികള്‍ പൊഴിക്കുന്ന ടോര്ച്ചുകളുണ്ടായിരുന്നു. ആ വെളിച്ചമെല്ലാം ഒരേ ലക്ഷ്യത്തിലേക്കായിരുന്നു.