Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, 28 March 2020

പ്രതി നാടൻ കോഴി

*പ്രതി നാടൻ കോഴി*
ഉദയ പ്രഭൻ

വീടിൻറെ ബാൽക്കണിയിൽ നല്ല കാറ്റ് ഉണ്ടായിരുന്നു.  താഴ്‌വരയിൽ നിന്ന് അടിക്കുന്ന തണുത്തകാറ്റ്.  അകലെ മലമടക്കുകളിൽ തേയിലത്തോട്ടത്തിന്റെ പച്ചപ്പ്.  ഇടയ്ക്കിടെ ഉയർന്നു നിൽക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങൾ കാറ്റിലുലഞ്ഞാടുന്നു.
അസ്തമയ സൂര്യ കിരണങ്ങൾ
താഴ്വരയിൽ പലയിടത്തും നിഴൽ പരത്തിയിരിക്കുന്നു.

 അടിവാരത്തുനിന്നും  മലയെ ചുറ്റിപ്പറ്റി  കിടക്കുന്ന വളഞ്ഞുപുളഞ്ഞ ചെമ്മൺ റോഡിലൂടെ ഒരു ബുള്ളറ്റ് കയറ്റം കയറി വരുന്ന ശബ്ദം.  മിനിറ്റുകൾക്കുള്ളിൽ ബുള്ളറ്റ് ഗേറ്റ് കടന്ന് വന്ന് മുറ്റത്തെ ബദാം മരത്തണലിൽ പാർക്ക് ചെയ്തു. യാത്രികൻ ഹെൽമെറ്റ് ഊരി ഹാൻഡിൽ തൂക്കി . ഇടവക വികാരിയാണ് . ളോഹ ഇടാതെയുള്ള സ്വകാര്യ ഭവന സന്ദർശനമാണ്.  ബാൽക്കണിയിൽ ജാൻസിയെ കണ്ട്  കൈയ്യ് ഉയർത്തി കാട്ടി ചിരിച്ചു. എന്തോ ജാൻസിക്ക് പ്രത്യഭിവാദ്യം ചെയ്യാനോ ചിരിക്കാനോ തോന്നിയില്ല. റിയർവ്യൂ മിററിൽ നോക്കി തലമുടി ശരിയാക്കിയിട്ട്  അച്ചൻ സിറ്റൗട്ട് നേരെ നടന്നു .

കോളിംഗ് ബെൽ മുഴങ്ങുന്നതിന്റെയും ആരോ കതക്  തുറക്കുന്നതിനും ശബ്ദം .  താഴെ ഹാളിൽ അവർ എന്തൊക്കെയോ സംസാരിക്കുന്നത് അവ്യക്തമായി കേൾക്കാം.  ജാൻസി വാട്ടർ ബോട്ടിൽ എടുത്ത് അല്പം വെള്ളം കുടിച്ച് വീണ്ടും വായിച്ചുകൊണ്ടിരുന്ന പുസ്തകം  കൈയിലെടുത്തു.

പുസ്തകത്തിലൂടെ കണ്ണോടിച്ചിരിക്കുമ്പോൾ അച്ചൻ സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് വന്നു. കയ്യിൽ പാതി കുടിച്ച ജ്യൂസിന്റെ  നീളമുള്ള ഗ്ലാസ്.  പിന്നിലായി റോയിച്ചനുമുണ്ട്. റോയിച്ചന്റെ കയ്യിൽ ഒരു പളുങ്ക് സോസറിൽ ഈന്തപ്പഴവും പിസ്താ നട്ട്സും . അച്ചൻ കസേര വലിച്ചിട്ട് ഇരുന്നു.  ജാൻസി മനസ്സില്ലാമനസ്സോടെ കസേരയിൽ നിന്ന് എഴുന്നേറ്റു . കയ്യിലിരുന്ന പുസ്തകത്തിനിടയിൽ ഒരു പേന അടയാളമായി വെച്ച് അവൾ ചെറിയ പുഞ്ചിരിയോടെ  അച്ചന് സ്തുതി പറഞ്ഞു.

"ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ! "

"എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ "

 അച്ഛൻ ഒരു ചിരിയോടെ ജാൻസി വായിച്ചുകൊണ്ടിരുന്ന പുസ്തകം കയ്യിൽ എടുത്തു
*In the mind of a female serial killer*

" ഇതെല്ലാം സൈക്കോളജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണല്ലോ ജാൻസീ..."

*The man in the monster*

*Burried dreams*

*Silent rage*

*The last victim*

*Criminal shadows*

അച്ചൻ ഓരോ പുസ്തകവും എടുത്ത് താളുകൾ മറിച്ച് നോക്കിയിട്ട് താഴെ വെച്ചു. പുസ്തകങ്ങളോടൊപ്പം ടീപ്പോയിയിൽ കിടന്ന ഡീ വീ ഡി അച്ചൻ കയ്യിലെടുത്തു.

 *Spot lights*
Film by Tom McCarthy

ഇത് നല്ല സിനിമയാണോ.?

"നല്ല സിനിമയാണച്ചോ. അച്ചൻ അതെടുത്തോ. കണ്ടിട്ട് തന്നാൽ മതി. "

"അതിരിക്കട്ടെ , ജാൻസിയെ ഇപ്പോൾ പള്ളിയിലേക്ക് ഒന്നും കാണാറില്ലല്ലോ?"

ജാൻസി മറുപടി ഒന്നും പറയാതെ തലകുനിച്ച് നിന്നു.

" പള്ളിയും പ്രാർത്ഥനയും നല്ലതാണ് ജാൻസി . മനസ്സിന് ഏകാഗ്രതയും സന്തോഷവും സമാധാനവും കിട്ടാൻ പ്രാർത്ഥനയേക്കാൾ മികച്ച ഔഷധമില്ല."

"ഞാൻ പ്രാർത്ഥിക്കാറുണ്ടച്ചോ "

" വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ പോരാ. പള്ളിയിൽ വരണം. ഇടവക അംഗങ്ങളോടെല്ലാം ഇടപെടണം, സംസാരിക്കണം , സൌഹൃദങ്ങൾ പുതുക്കണം.  കൂട്ടായ പ്രാർത്ഥനകൾ നൽകുന്ന ഊർജം ഒന്ന് വേറെ തന്നെയാണ്.''"

"ഇവൾ രണ്ട് ആഴ്ചയായി മൗനവ്രതത്തിലാണ് അച്ചോ.  ഇവിടെ ആരോടും മിണ്ടാറില്ല ഏതുസമയവും മുറിയിൽ കയറി അടച്ചിരിക്കുകയാണ്. ഇന്നാണ് പുറത്തേക്ക് ഒന്ന് കാണുന്നത്. എപ്പോഴും എന്തെങ്കിലും വായിച്ചിരിക്കുന്നത് കാണാം.
സമയത്ത് ആഹാരം കഴിക്കില്ല.  എന്ത് ചോദിച്ചാലും മറുപടിയില്ല.

റോയിയുടെ വാക്കുകൾ കേട്ട് അച്ചൻ ജാൻസിയുടെ മുന്നിൽ വന്നു നിന്നു .

" ജാൻസി എൻറെ കണ്ണുകളിലേക്ക് ഒന്ന്  നോക്കിക്കേ.

ജാൻസി അച്ചന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.

" ജാൻസിയുടെ മനസ്സ് അസ്വസ്ഥം ആണല്ലോ.  എന്താണ് പറ്റിയത് . "

ജാൻസി റോയിച്ചനെ നോക്കി. റോയിച്ചൻ
അച്ചന് സംസാരിക്കാൻ അവസരം കൊടുത്തതുപോലെ കാലിയായ ജ്യൂസ് ഗ്ലാസും എടുത്തു കൊണ്ട് സ്റ്റെയർകെയ്സ് ഇറങ്ങി താഴേക്കു നടന്നു.

" ജാൻസി പറയൂ എന്താണ് പ്രശ്നം ?. "

ജാൻസി അച്ചൻറെ കണ്ണുകളിലേക്ക് നോക്കി അവളുടെ കണ്ണുകൾ നിറയുന്നത് അച്ചൻ കണ്ടിട്ടുണ്ടാവണം

"ജാൻസി..... എന്തുപറ്റി? എന്താണെങ്കിലും എന്നോട് പറയൂ ......''

അച്ചൻ വീണ്ടും അവളെ നിർബന്ധിച്ചു തുടങ്ങി.

" നാളെ ....... നാളെ അവളെ തൂക്കിലേറ്റുകയാണ്. സാലിയെ ......."

 "ഞാൻ വാർത്ത കണ്ടു അതിന് ജാൻസി എന്തിന് വിഷമിക്കണം "

"അവൾ എൻറെ ക്ലോസ് ഫ്രണ്ട് ആയിരുന്നു. "

"ഓഹ്.... ഗോഡ്... ഞാനറിഞ്ഞില്ല.  അവളുടെ വീട് ഇടുക്കിയിൽ എവിടെയോ അല്ലേ ?"

"അതേ, ഞാനും ഇടുക്കി ക്കാരിയായിരുന്നു."

"അത് ശരി. എനിക്കറിയില്ലായിരുന്നു. സാലി ഒരു സീരിയൽ കില്ലർ അല്ലായിരുന്നോ ? ചെയ്ത പാപങ്ങൾക്ക് നിയമത്തിൻറെ ശിക്ഷ ലഭിക്കുന്നു എന്നു മാത്രം കരുതിയാൽ പോരേ."

" ഞങ്ങൾ അയൽ വാസികളും ഒരേ ഇടവകക്കാരും  ആയിരുന്നു . "

"സാലിയെ എത്രനാളായി അറിയാം. ?"

"പത്താംക്ലാസ് വരെ ഞങ്ങൾ ക്ലാസ്മേറ്റ്സ് ആയിരുന്നു. "

"ഇപ്പോഴും കോൺടാക്ട് ഉണ്ടോ ?''

"നേരത്തെ അവൾ സ്ഥിരമായി കത്തയക്കുമായിരുന്നു. പിന്നീട് മൊബൈലിൽ വിളി തുടങ്ങി. ":

പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നോ. ? "

"ഇല്ലച്ചോ :

"അവൾ ചെയ്തതിന് അവൾ അനുഭവിക്കുന്നു. എത്ര മനുഷ്യജീവനുകളാണ് അവൾ  ഇല്ലാതാക്കിയത്.

"അവളോട് സ്വന്തക്കാർ ചെയ്തതിന് ഈ ശിക്ഷയൊന്നും കൊടുത്താൽ പോര "

" എന്ത് ചെയ്തു എന്നാണ് പറയുന്നത്.  ചാനലുകളിൽ എല്ലാം നമ്മൾ കണ്ടതല്ലേ . സ്വത്തിനോടുള്ള അമിത മോഹം അല്ലാതെന്താ ? . "

"ഇല്ല ...... അച്ചന്  ഒന്നും അറിയില്ല.  ഓർമ്മവെച്ച നാൾ മുതൽ എനിക്ക് അവളെ അറിയാം.  മലയോര ഗ്രാമത്തിൽ ഞങ്ങൾ കൈകോർത്ത് ഓടിച്ചാടി നടന്നിട്ടുണ്ട്. അവൾ എൻറെ അടുത്ത കൂട്ടുകാരിയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് ഒരു മൈൽ ദൂരെയുള്ള സ്കൂളിലേക്ക് നടന്നു പൊയ്ക്കൊണ്ടിരുന്നത്. പത്തു വർഷം ഒരേ ക്ലാസ്സിൽ മുട്ടിയുരുമ്മി ഇരുണ് പഠിച്ചതു്. ഉച്ചക്ഷണം പരസ്പരം പങ്കിട്ട് കഴിച്ചത്. അവൾ എൻറെ എല്ലാമായിരുന്നു.  അവൾ ഓർമ്മവെച്ച നാൾ മുതൽ അനുഭവിച്ച അവഗണനയും തിരസ്കാരവും എത്രയെന്ന് അച്ചന്  അറിയില്ല. അച്ഛനെന്നല്ല ആർക്കുമറിയില്ല. "

" എനിക്ക് അവളുടെ ചരിത്രത്തെക്കുറിച്ച് അത്രയ്ക്ക് അറിവൊന്നുമില്ല. ഒരു സാധാരണ  വിശ്വാസി കുടുംബത്തിൽ ജനിച്ചു. വിദ്യാഭ്യാസം കഴിഞ്ഞ് കൊള്ളാവുന്ന വീട്ടിൽ കെട്ടിച്ചയച്ചു.  അവിടെ അവൾക്ക് എന്തിനെങ്കിലും കുറവുണ്ടായിരുന്നോ എന്ന്  എനിക്കറിയില്ല. "

" കുറവ് ........ കുറവും മാത്രം  "

അവളുടെ പേരന്റ്‌സ്  ആൺകുട്ടികളോട് മാത്രം  അമിതസ്നേഹം കാണിക്കുന്നവരായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ടത് പഠിക്കാനോ , ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ , ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാനോ , ഇഷ്ടമുള്ള ആളെ ജീവിത പങ്കാളിയാക്കാനോ  ഉള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. ......."

 "അവൾക്ക് *BTech* പഠിച്ച് എൻജിനീയറിങ് കോളേജ് അദ്ധ്യാപിക ആകുവാൻ ആയിരുന്നു ആഗ്രഹം.  പക്ഷേ എൻട്രൻസ് കോച്ചിംഗിന് വിടാനോ *BTech*  അഡ്മിഷന്   ശ്രമിക്കാനോ അവളെ അനുവദിച്ചില്ല. ബികോമിന് ചേർത്തത് പോലും അവളുടെ ഇഷ്ടപ്രകാരം ആയിരുന്നില്ല. "

"അത് ശരി:

"വിവാഹം പോലും അവളുടെ ഇഷ്ടത്തിന് ആയിരുന്നില്ല. എതിർത്തു നിൽക്കുവാനുള്ള ശക്തി അവർക്കുണ്ടായിരുന്നില്ല. ചെമ്പകശ്ശേരി തറവാട്ടിലെ പ്രതാപിയായ അദ്ധ്യാപകൻറെ മകനു മുന്നിൽ ശിരസ്സു കുനിച്ചു എന്നുമാത്രം. നല്ല സാമ്പത്തികവും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ചെമ്പകശ്ശേരി വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനമായിരുന്നു അവൾക്ക് . മറ്റുള്ളവരുടെ മുന്നിൽ അവളെ തരംതാഴ്ത്തി കാണിക്കുക ടീച്ചറമ്മയുടെ ഇഷ്ട വിനോദമായിരുന്നു .

"ടീച്ചറമ്മക്ക് അവളോട് വിരോധം തോന്നാൻ എന്താ കാരണം? "

" അറിയില്ല.
അവൾ വെച്ചുവിളമ്പി കൊടുത്ത ഭക്ഷണം എത്ര തവണയാണ് ടീച്ചറമ്മ  വലിച്ചെറിഞ്ഞിട്ടുള്ളത് .
മറ്റുള്ളവരുടെ മുമ്പിൽ അവളെ ഒരു പരിഹാസ കഥാപാത്രമാക്കി തീർത്തിട്ടുള്ളത്. ചിറകുകൾ
വെട്ടി മാറ്റപ്പെട്ട ഒരു പക്ഷിയെ പോലെ ആയിരുന്നു  അവൾ. ഒരിക്കലും ഉണങ്ങാത്ത രക്തമൊലിക്കുന്ന മുറിവുമായി ആണ് അവൾ അവിടെ ജീവിച്ചത് . "

"ഇതൊന്നും ചാനലുകളിൽ പറഞ്ഞു കേട്ടിട്ടില്ല "

"ചാനലുകാർക്ക് ആവശ്യം മസാലക്കഥകളാണ്. ലൈംഗിക ആസക്തി കൂടിയ കൊലയാളി . പണത്തിനോട് അമിതമായ ആർത്തിയുള്ള ഒരു സുന്ദരി .  അത്തരം കഥകൾ അവർ വിറ്റ്  കാശാക്കി. "

"അവളുടെ മുന്നിൽ വെച്ച് ഭർത്താവിനെ അപമാനിക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.  ഭർത്താവിൻറെ സമീപനമായിരുന്നു അവളെ അതിലേറെ  വിഷമിപ്പിച്ചത്. പ്രതികരിക്കേണ്ട സമയത്ത് നിസ്സംഗനായി ഇരിക്കുന്ന അദ്ദേഹത്തെ എത്ര തവണ അവൾ നിറകണ്ണുകളോടെ നോക്കിയിരുന്നിട്ടുണ്ട്. കിടപ്പറയിൽ എങ്കിലും ഒരു ആശ്വാസവാക്ക് അവൾ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല
. 'അമ്മയും അച്ഛനും ഇങ്ങനെയാണ്. നീ ഒന്നും മറുത്തു പറയാൻ നിൽക്കേണ്ട . എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നുറങ്ങുന്ന
അയാളെ എത്ര തവണ അവൾ പുച്ഛത്തോടെ നോക്കി നെടുവീർപ്പിട്ടിട്ടുണ്ട്. ഉറക്കമില്ലാതെ നിറഞ്ഞ കണ്ണുകളുമായി രാത്രികൾ തള്ളിനീക്കിയിരുന്ന അവളുടെ മനസ്സിലേക്ക് പകയുടെയും പ്രതികാരത്തിന്റെയും വിത്തുകൾ പാകിയതിൽ എല്ലാവർക്കും പങ്കുണ്ട്. അവൾ മനസ്സിൽ ആവിഷ്കരിച്ച പദ്ധതികൾ ഓരോന്നായി നടപ്പിലാക്കുവാൻ അവൾ കരുക്കൾ നീക്കിക്കൊണ്ടിരുന്നു.  വർഷങ്ങൾ കാത്തിരുന്ന്  ഓരോരുത്തരെയും ഇല്ലായ്മ ചെയ്തപ്പോൾ
അവൾ ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു "

"അവളെ ഒരു സീരിയൽ കില്ലർ ആയിട്ടാണ് പോലീസ് അവതരിപ്പിച്ചത് ഒരു സൈക്കോപ്പാത്ത്. "

"പോലീസിൻറെ ഭാഗത്തുനിന്ന് നോക്കിയാൽ അത് ശരിയാണച്ചോ .അവൾ ഒരു സൈക്കോപ്പാത്ത് ആണ് .
പൊതുസമൂഹത്തിനും നിയമവ്യവസ്ഥയ്ക്കും  സ്വീകാര്യമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം."

" അതെ ശിക്ഷിക്കപ്പെടണം. അവൾ ചെയ്ത കുറ്റങ്ങൾക്ക് കൊടുക്കാവുന്നത് മരണശിക്ഷ ആണെന്ന് സുപ്രീം കോടതി വരെ പറഞ്ഞുകഴിഞ്ഞു. അവളെ സ്വതന്ത്ര ആക്കിയാൽ അത് പൊതുസമൂഹത്തിന് നൽകുന്നത് തെറ്റായ ഒരു സന്ദേശമായിരിക്കും. "

" സൈക്കോപ്പാത്തുകളിൽ ഉള്ള കുറ്റവാസന ജനതികമായി കൈമാറ്റം ചെയ്യപ്പെട്ട് കിട്ടുന്നതു് വളരെ നിസ്സാര ശതമാനം മാത്രമാണ്.
അതായത് പാരമ്പര്യമായി ലഭിക്കുന്ന ക്രിമിനൽ സ്വഭാവം വളരെ ചെറിയ ശതമാനം മാത്രം .
അവളുടെ കുടുംബത്തിൽ ക്രിമിനൽ സ്വഭാവം ഉള്ളവർ ആരും ഉണ്ടായിരുന്നില്ല. സാഹചര്യങ്ങളാണ് അവളെ കുറ്റവാളി  ആക്കിയത്.   ഇത്തരം സാഹചര്യങ്ങൾ കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കപ്പെടാതിരിക്കാൻ നമുക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും.  സർക്കാരും പോലീസ് വകുപ്പും ക്രിമിനോളജിസ്റ്റുകളെ ഉപയോഗപ്പെടുത്തി പഠനങ്ങൾ നടത്തണം.. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും ഫാമിലി കൗൺസിലിംഗ് സെൻററുകളിലും  ഇത്തരം കാര്യങ്ങളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസ്സുകൾ നടത്തണം . സ്വഭാവ വൈചിത്ര്യമുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി അവർക്ക് കൂടുതൽ സ്നേഹവും കരുതലും നൽകിയാൽ ഇവയൊക്കെ ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്.
ഇന്ത്യൻ സാഹചര്യത്തിൽ അധികം സൈക്കോ പാത്തൂകൾ സൃഷ്ടിക്കപ്പെടാത്തത് ഇവിടെയുള്ള കുടുംബ ബന്ധങ്ങളുടെ ഭരതയും കെട്ടുറപ്പുമാണ്.''

"ഇതെല്ലാം ഈ പുസ്തകങ്ങളിലൂടെ നേടിയ അറിവുകളാണോ ജാൻസീ "
ജാൻസി മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

"സ്മാർട്ട് പേരന്റിങ്ങിനെ . കുറിച്ച് കേട്ടിട്ടില്ലേ. ഞാൻ അതിനെക്കുറിച്ചൊക്കെ പള്ളിയിൽ സംസാരിക്കാറുണ്ട്.  ശരിക്കും കുട്ടികളെ
വളർത്തുന്നതിൽ നമ്മുടെ സമൂഹത്തിന് ഒരു അമച്വർ കാഴ്ചപ്പാടാണുള്ളത് .
ജീവിത വിജയം നേടിയവരെ നമ്മൾ അനുകരിക്കാൻ ശ്രമിക്കുന്നു. അതനുസരിച്ച് കുട്ടികളിൽ രക്ഷകർത്താക്കൾ അടിച്ചേൽപിക്കുന്ന അച്ചടക്കത്തിന്റെ ചങ്ങലപ്പൂട്ടുകൾ പല കുട്ടികൾക്കും ഉൾക്കൊള്ളാനാവാതെ വരുന്നു. അവ കുട്ടികളുടെ ചിന്താഗതികളെ വികലമാക്കുന്നു. കുട്ടികളുടെ  താല്പര്യം പരിഗണിക്കാതെ പഠനത്തിലും ജീവിതത്തിലും  മുതിർന്നവരുടെ നിർദ്ദേശങ്ങൾ പലപ്പോഴും കുട്ടികൾക്ക് വലിയ മാനസിക പീഡനങ്ങൾ നൽകുന്നു. "

എല്ലാ പേരന്റ്‌സിനെയും അങ്ങനെ കരുതരുത്. പ്രഫഷണലായി ചിന്തിക്കുന്നവരും സമൂഹത്തിലുണ്ട്. "

"അവഗണനയും തിരസ്കാരവും അവൾ ധാരാളം അനുഭവിച്ചിട്ടുണ്ടാകും. പക്ഷേ എല്ലാത്തിനും പ്രതികാരം ചെയ്യാൻ ഇറങ്ങിയതാണ് തെറ്റായി പോയത്.  സ്നേഹം കൊണ്ട് അവരെ കീഴടക്കാമായിരുന്നു.  നല്ല പെരുമാറ്റം കൊണ്ട് അവരുടെ ആദരവ് നേടാമായിരുന്നു.  ധീരമായ,  ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ അവൾക്ക് ചെമ്പകശ്ശേരി തറവാടിനെ മുന്നിൽ നിന്ന് നയിക്കാമായിരുന്നു "

"എല്ലാ അടവും അവൾ പയറ്റി നോക്കിയതാണ്  അച്ചോ.
അവളുടെ  സ്നേഹവും നല്ല പെരുമാറ്റവും ഒരു കീഴടങ്ങലായാണ് അവർ കരുതിയത്.
അവളുടെ ബുദ്ധിപരമായ തീരുമാനങ്ങളെ അട്ടിമറിക്കുന്നതിൽ ടീച്ചറമ്മ എന്നും  ഉള്ളുകൊണ്ട് വളരെ ആഹ്ലാദിച്ചിരുന്നു. ചെമ്പകശ്ശേരി തറവാട്ടിലെ ഓരോരുത്തരായി മരിച്ചു വീഴുമ്പോഴും ആർക്കും സംശയം ഒന്നും ഉണ്ടായിരുന്നില്ല. ബൈജുവുമായുള്ള വിവാഹശേഷം
അവസാന ഇരയെയും മരണമെന്ന ഇരുട്ടിലേക്ക് പറഞ്ഞയച്ചു കഴിഞ്ഞപ്പോഴാണ്
ആദ്യ ഭർത്താവിൻറെ തറവാട്ട് സ്വത്ത് കൈക്കലാക്കാൻ ശ്രമം തുടങ്ങിയത് . അതും ബൈജുവിന്റെ നിർബന്ധം മൂലം.

ഒരു മാസം മുമ്പ്
ഞാൻ അവളെ ജയിലിൽ പോയി കണ്ടിരുന്നു.
അവിടെ വച്ചാണ് അവൾ പറഞ്ഞത് അവളുടെ അവസാനത്തെ ഇര ജീവിച്ചിരിക്കുന്നുവെന്ന് . അയാളെ കൊല്ലാനുള്ള പദ്ധതികൾ തയ്യാറാക്കി വരികയായിരുന്നു. അതിനിടയിലാണ് പോലീസ് അന്വഷണവും അറസ്റ്റും ഉണ്ടായത്.
അവൾക്ക് ഏറ്റവും പകയുള്ള വ്യക്തി സമൂഹത്തിൽ ഇപ്പോളും മാന്യനായിത്തന്നെ ജീവിച്ചിരിക്കുന്നു.
.
"ആരാണയാൾ ? ചെമ്പകശ്ശേരി തറവാട്ടിലെ ആരെങ്കിലുമാണോ ?"

"അല്ലച്ചോ . മറ്റൊരാൾ . അവളുടെ പതിനൊന്നാമത്തെ വയസ്സിൽ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തയാൾ. "

" ആരാണയാൾ. .................എന്നിട്ട് പരാതിപ്പെട്ടില്ലേ ?"

"പരാതിപ്പെടാനോ, വിവരമറിഞ്ഞ ഉടനേ അവളുടെ അച്ഛനും അമ്മയും അവളെ വീണ്ടും തല്ലിച്ചതക്കുകയാണ് ചെയ്തത്.  രഹസ്യമായി ചികിത്സിച്ച് ജീവൻ രക്ഷിച്ചു. സമൂഹത്തിൽ നല്ല പിടിപാടുള്ള വ്യക്തിയായിരുന്നു അവളെ റേപ്പ് ചെയ്തത്.

1986- ജൂലൈ മാസത്തിലെ ഒരു ഞായറാഴ്ച വേദപാഠ ക്ലാസ്സിന് പോയ അവൾ റേപ്പ് ചെയ്യപ്പെടുകയാണ്  ഉണ്ടായത്.

ലബ്ബക്കടയിലെ സെൻമേരിസ് പള്ളി അച്ഛൻ അറിയില്ലേ ?

അച്ഛൻറെ മുഖം വിവർണമായി.

ഒന്നും പറയാതെ കസേര വിട്ട് എഴുന്നേറ്റു.  അച്ഛൻറെ നെറ്റിയിലൂടെ വിയർപ്പു ചാലുകൾ ഒഴുകിയിറങ്ങി.  ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചപ്പോൾ വെള്ളം നെറുകയിൽ കയറി. ചുമച്ചു കൊണ്ട് തൂവാലയെടുത്ത് മുഖം തുടച്ചു. ജാൻസിയുടെ  മുഖത്തേക്ക് ഒരു പകപ്പോടെ നോക്കിയിട്ട് അച്ഛൻ ധൃതി വെച്ച് സ്റ്റെയർ കേസ്  ഇറങ്ങി താഴേക്കു നടന്നു. നടക്കുകയല്ല,  ഓടുകയായിരുന്നു. സ്റ്റെയർകെയ്സ് കയറി മുകളിലേക്ക്  വന്ന റോയിച്ചനെ ശ്രദ്ധിക്കാതെ അച്ചൻ അതിവേഗം  താഴെയെത്തി ബൈക്ക് സ്റ്റാർട്ട് ചെയ്തു.  ഹെൽമെറ്റ് തലയിൽ വെക്കുന്നതിനു മുമ്പ് ബാൽക്കണിയിലേക്ക് ഒന്ന്  പാളി നോക്കി.  ജാൻസിയുടെ ചിരിക്കുന്ന മുഖത്തേക്ക് ഒരു നിമിഷം നോക്കിയിട്ട് കൊടുങ്കാറ്റുപോലെ ബൈക്ക് ഓടിച്ചു
 പോകുന്നത് അവൾ നോക്കി നിന്നു .

പള്ളിയുടെ മുൻപിൽ ബൈക്ക് വെച്ച് അച്ചൻ അൾത്താരക്ക് മുൻപിൽ എത്തി.  മുട്ടുകുത്തി കുരിശു വരച്ച് പ്രാർത്ഥനയ്ക്ക് ശേഷം മേടയിലേക്ക് നടന്നു.  മേശപ്പുറത്ത് ക്രൂശിത രൂപത്തിന് മുൻപിൽ നിവർത്തി വെച്ചിരിക്കുന്ന  വിശുദ്ധഗ്രന്ഥം.  കത്തിത്തീർന്ന മെഴുകുതിരി .   ഒരു ചുളിവ് പോലും പറ്റാത്ത കിടക്കവിരികൾ . ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ നിറഞ്ഞ ചില്ലിട്ട തടിയലമാര. നിറമുള്ള ജനൽ കർട്ടനുകൾ . ജഗ്ഗിൽ നിന്ന് അൽപം  വെള്ളമെടുത്ത് കുടിച്ചിട്ട് കുറച്ചുനേരം കട്ടിലിൽ മലർന്നു കിടന്നു. സീലിംഗിൽ  അതിവേഗം കറങ്ങുന്ന ഫാനിന് ശരീരത്തെ  തണുപ്പിക്കാൻ ആവുന്നില്ല എന്ന് തോന്നി.

 പുറത്ത് കാൽപെരുമാറ്റം കേട്ട് തലയുയർത്തി നോക്കി. കപ്പിയാർ ആൻറപ്പനാണ് .

"അച്ചാ സമയമായി "

വാൾ ക്ലോക്കിൽ സമയം ആറുമണി വാഷ്ബേസിനിൽ  കയ്യും മുഖവും കഴുകി ടൌവ്വലെടുത്ത് മുഖം തുടച്ചു . കുറച്ച് ടാൽക്കം പൗഡർ മുഖത്ത് പൂശി. അലമാര തുറന്ന് തേച്ചു മടക്കി വച്ചിരിക്കുന്നു ളോഹ എടുത്തണിഞ്ഞ്  കണ്ണാടിക്കു മുന്നിൽ നിന്ന് ബട്ടണുകൾ ഇടുമ്പോഴാണ് ളോഹയിൽ പറ്റിയിരിക്കുന്ന രക്തക്കറ കണ്ണിൽപ്പെട്ടത്. ഇതെങ്ങനെ ളോഹയിൽ രക്തക്കറ പറ്റി എന്ന് ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല. ആ ളോഹ മാറ്റി പകരം ഒന്ന് എടുത്തു. അതും  നിവർത്തിയപ്പോൾ അതിലും രക്തക്കറ.നോക്കുന്നയിടത്തെല്ലാം രക്തവർണ്ണം. ഭിത്തികളിൽ, കിടക്കവിരികളിൽ , ഫർണിചറുകളിൽ , കർട്ടനുകളിൽ എല്ലാം ചുവപ്പ് നിറം വ്യാപിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന ട്യൂബ് ലൈറ്റ് ചുവന്ന പ്രകാശം പുറപ്പെടുവിക്കുന്നു. രക്തവർണ്ണക്കാഴ്ചകളിൽ നിന്ന് രക്ഷപ്പെടുവാനായി കൈത്തലം കൊണ്ട് കണ്ണ് പൊത്തി. മുഖത്ത് രക്തത്തിന്റെ നനവും ഗന്ധവും. കൈപ്പത്തിക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തം മുഖത്തു കൂടി ശരീരത്തിലേക്ക് പടർന്നു കൊണ്ടിരുന്നു.

Thursday, 23 January 2020

രക്തപങ്കിലം

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പുലർച്ചെ ഒൻപത് മണിയോട് അടുത്തിരുന്നു.  വെയിലിന് ഘനം വെച്ച്  തുടങ്ങിയിട്ടേയുള്ളൂ.  സാധാരണക്കാർ ജോലിക്ക് പോകുന്ന സമയം ആകുന്നതേയുള്ളൂ. റെയിൽവേ  ജീവനക്കാരനായ ഞാൻ രാത്രി മുഴുവൻ ഉറക്കമിളച്ചു പണിയെടുത്ത് അവശനായി വീടെത്തിയിരിക്കുന്നു.  മറ്റുള്ളവർ ജോലി കഴിഞ്ഞ് വീട്ടിലെത്തി അത്താഴം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ടോർച്ച് മിന്നിച്ച് വീട്ടിൽനിന്ന് ഇറങ്ങണം , അടുത്ത രാത്രി ഡ്യൂട്ടിക്കായി.  ആറ് രാത്രി വരെ തുടർച്ചയായി ഉറക്കമൊഴിച്ച് ജോലി ചെയ്യണമെന്നാണ് റെയിൽവേ നിയമം. അതിൽ കൂടുതൽ ആയാൽ ചിലപ്പോൾ ഭ്രാന്തായി മാറുമായിരിക്കും. 

ബാഗ് മേശപ്പുറത്ത് വെച്ച് ഞാൻ വാഷ്ബേസിൻ അരികിലെത്തി.  വലത്തെ കൈപ്പത്തി ഒരിക്കൽ കൂടി മണത്തുനോക്കി.  ഉണ്ട്, ചോരയുടെ നിറവും മണവും വിട്ടുപോയിട്ടില്ല.  ഹാൻഡ് വാഷ് വീണ്ടും വീണ്ടും പകർന്ന് ഞാൻ കൈകൾ  കൂട്ടിത്തിരുമ്മി കഴുകിക്കൊണ്ടിരുന്നു.

 "ഇതെന്താ കൈകഴുകാൻ തുടങ്ങിയിട്ട് കുറെ നേരമായല്ലോ ?  മതിയാക്ക് വന്നു ചായ കുടിക്കൂ . "
 ഭാര്യ ചായ ടീപോയിൽ വച്ച് എൻറെ സമീപത്തേയ്ക്ക് വന്നു.  ഞാൻ ടവ്വൽ എടുത്ത് കൈ തുടച്ചു കൊണ്ട് സെറ്റിയിൽ വന്നിരുന്നു. "എൻറെ കയ്യിൽ ചോരയുടെ മണം ഉണ്ടോ എന്ന് നോക്കിക്കേ ".  ഞാൻ കൈപ്പത്തി അവളുടെ മുഖത്തോടടുപ്പിച്ചു.  ഇല്ല. ഹാൻഡ്  വാഷിന്റെ മണം മാത്രമേയുള്ളൂ. "ചോരയുടെ മണം വരാൻ നിങ്ങൾ  ഇറച്ചിക്കടയിലാണോ പണിക്ക് പോയത് ? "

 അവളുടെ ശബ്ദത്തിൽ പരിഹാസം കലർന്നിരുന്നു.  ഞാൻ നിശബ്ദനായി ഇരുന്നു ചായ കുടിച്ചു. വലതു കൈപ്പത്തി ഇടയ്ക്കിടെ മണക്കുന്നത് കണ്ട് അവൾ എന്നെ സൂക്ഷിച്ചു നോക്കി. 

 "എന്താ പറ്റിയത് ? "
"  ഒരു സ്ത്രീയും കുട്ടിയും എൻറെ വണ്ടിയുടെ മുമ്പിൽ കയറിനിന്ന് ആത്മഹത്യ ചെയ്തു.  "  "ഓ...... ഇത് ആദ്യ സംഭവം ഒന്നുമല്ലല്ലോ. ഇടക്കിടക്ക് ഓരോരുത്തർ ട്രെയിനുമുമ്പിൽ ചാടുന്നതല്ലേ ?  "
    "ആദ്യമൊന്നുമല്ല.  ധാരാളം കഥകൾ ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ. പക്ഷേ ഇന്ന് വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഹാൻഡിലിൽ കുടുങ്ങിയിരുന്ന കുറെ കൊഴുത്ത രക്തവും മാംസവും   എൻറെ കയ്യിൽ പുരണ്ടു. ചൂട് മാറാത്ത ആ രക്തത്തിനും മാംസത്തിനും വല്ലാത്ത ഒരു ഗന്ധം ഉണ്ടായിരുന്നു . ഇപ്പോഴും ആ ഗന്ധം എന്റെ കൈപ്പത്തിയിൽ തങ്ങി നിൽക്കുന്നതുപോലെ. "
 "വെറുതെ തോന്നുന്നതാ യിരിക്കും. പോയി കുളിച്ച് വല്ലതും കഴിച്ച് കിടന്നുറങ്ങാൻ നോക്കൂ. രാത്രി മുഴുവൻ ഉറക്കമിളച്ചു ജോലി ചെയ്തതല്ലേ."

ചായ കുടിച്ച ഗ്ളാസ്  എടുത്തുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. മടക്കി വച്ചിരിക്കുന്ന ദിനപത്രം അടുത്ത്  തലക്കെട്ട് മാത്രം ഒന്ന് ഓടിച്ചു നോക്കിയിട്ട് മടക്കി യഥാസ്ഥാനത്ത് വെച്ചു. നേപ്പാൾ ദുരന്തത്തിൽ മരിച്ചവരുടെ  ചിത്രങ്ങൾ . ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മൂപ്പ് തെളിയിക്കാൻ നിയമോപദേശം തേടുന്ന വാർത്തകൾ.

കുളി കഴിഞ്ഞ് എത്തുമ്പോൾ മേശപ്പുറത്ത് ആവിപറക്കുന്ന ഇഡ്ഡലിയും  സാമ്പാറും.  കഴിക്കാനിരുന്നപ്പോൾ മുതൽ പഴയ ചോരയുടെ മനം മടുപ്പിക്കുന്ന മണം ചുറ്റും നിറയുന്നതായി തോന്നിത്തുടങ്ങി.  കഷ്ടിച്ച് രണ്ട് ഇഡ്ഡലിമാത്രം കഴിച്ച് ഞാൻ എഴുന്നേറ്റു . കൈ രണ്ടും സോപ്പിട്ട് കഴുകി ഒരുതവണകൂടി കൈപ്പത്തി മണത്തുനോക്കി. ഇപ്പോൾ ചോരയുടെ മണം തീർത്തും മാറിയിരിക്കുന്നു.

 ഷുഗറിനുള്ള മരുന്ന് കഴിച്ച് ഞാൻ കട്ടിലിൽ കയറി കിടന്ന്  മൊബൈൽ തുറന്നു. അന്നത്തെ ദിവസം എത്തിയിരിക്കുന്ന സന്ദേശങ്ങൾ നോക്കി. വാട്സാപ്പിലെ എണ്ണിയാലൊടുങ്ങാത്ത ഗ്രൂപ്പുകളിൽ വന്നുനിറയുന്ന സുപ്രഭാത സന്ദേശങ്ങൾ.  സുന്ദരികളായ പെൺകുട്ടികളുടെയും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെയും അകമ്പടിയോടെയുള്ള ആശംസാവചനങ്ങൾ.  രാഷ്ട്രീയ ചർച്ചാ  ഗ്രൂപ്പുകളിൽ വരുന്ന നിലവാരം കുറഞ്ഞതും പരസ്പരം പഴി ചാരി അവഹേളിക്കുന്നതുമായ സന്ദേശങ്ങൾ.  ബ്ലോഗ്‌സാപ്പ് എന്ന ഗ്രൂപ്പ് മാത്രം തുറന്നു.  അഞ്ഞുറിലധികം മെസ്സേജുകൾ. ഒരിക്കലും കണ്ടിട്ടില്ലാത്ത സൈബർ ലോകത്തെ സുഹൃത്തുക്കൾ. അവരുടെ വിശേഷങ്ങൾ, തമാശകൾ നിറഞ്ഞ കമന്റുകൾ എല്ലാം വായിച്ച് കഴിഞ്ഞ് ,ഇയർഫോൺ ചെവിയിൽ തിരുകി സംഗീതമാസ്വദിച്ചു കൊണ്ട് കണ്ണുകളടച്ചു കിടന്നു

    ."നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ ......" ജാനകിയുടെ മധുരമൂറുന്ന ശബ്ദം ഒരു തൂവൽ സ്പർശം പോലെ മഞ്ഞുപൊഴിയുന്ന  തണുത്ത രാവിലെ നിലാവെളിച്ചം  പോലെ കാതുകളിലേക്ക് ഒഴുകി.

       സുന്ദരമായ ഒരു മൊട്ടക്കുന്ന്.  പച്ചപ്പുനിറഞ്ഞ ഗ്രാമഭംഗി. അകലെ മലനിരകൾ.  പടിഞ്ഞാറെ ചക്രവാളത്തിൽ  ചെഞ്ചായം പൂശിയ അസ്തമയസൂര്യൻ.  ധാരാളം സഞ്ചാരികൾ നിറഞ്ഞ  ഒരു  പിക്നിക്ക് സ്പോട്ട് . കുടുംബവുമായി എത്തിയവർ കൂടിനിന്ന് മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നു.  ഇരുന്നും കിടന്നും നിലത്തു നിന്ന് ഉയർന്നു ചാടിയും  വിരലുകൾകൊണ്ട് വിജയ ചിഹ്നം കാട്ടിയുമുള്ള ചിത്രീകരണം.  കളിപ്പാട്ടങ്ങളും ഐസ്ക്രീമും കപ്പലണ്ടിയും വിൽക്കുന്നവർ. യാത്രികർക്ക് ഇടയിലൂടെ ഞാൻ സാവധാനം നടന്നു. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഇടവേളകൾ ഉല്ലാസപ്രദമാക്കാൻ എത്തിയവർ.

 പൈൻ മരങ്ങൾ തിങ്ങിനിറഞ്ഞ്  കിഴക്കേച്ചെരിവിൽ ഇരുട്ട് ചേക്കേറി തുടങ്ങി. അവിടെ കടപുഴകി വീണുകിടക്കുന്ന യൂക്കാലിപ്റ്റസ് മരത്തിൽ   കയറിയിരുന്ന് ബഹളം കൂട്ടുന്ന കുട്ടികളുടെ അടുത്തേക്ക് ഞാൻ സാവധാനം നടന്നു. പത്തു് വയസ്സിൽ  താഴെ മാത്രം പ്രായം വരുന്ന യൂണിഫോമണിഞ്ഞ സ്കൂൾ കുട്ടികൾ . അവരുടെ സമീപം ടീച്ചർമാർ എന്ന് തോന്നിക്കുന്ന രണ്ടു മൂന്നു യുവതികൾ. കുട്ടികൾ വളരെ ആഹ്ളാദത്തിലാണ്.  കുട്ടികൾ വീണു കിടക്കുന്ന യൂക്കാലിപ്റ്റസ് മരത്തിന്റെ ശിഖരങ്ങൾ  കുലുക്കി ഊഞ്ഞാലാടുന്നു.

 യൂണിഫോം ധരിക്കാത്ത  ഒരു പെൺകുട്ടി മാത്രം കുട്ടികളുടെ കൂട്ടത്തിൽ കൂടാതെ  ഒറ്റക്ക് മാറിയിരിക്കുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകൾ. പാറിപ്പറന്ന തലമുടി. മുഷിഞ്ഞ വേഷം. ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്ന് തോന്നിക്കുന്ന ക്ഷീണിതയായ മുഖഭാവം.  അവളുടെ സമീപത്തേക്കു ഞാൻ സാവധാനം നടന്നു.

          "ഹേയ് ........."
ഞാൻ ശബ്ദമുണ്ടാക്കി അവൾ മുഖമുയർത്തി എന്നെ നോക്കി.  അവളുടെ മുഖം കണ്ട ഞാൻ ഒരു നിമിഷം ഞെട്ടി.  മുഖത്ത് രക്തം ഉണങ്ങി കട്ടപിടിച്ച പാടുകൾ.  എണ്ണമയമില്ലാത്ത ചെമ്പിച്ച  മുടി. അവളുടെ തിളക്കം നഷ്ടപ്പെട്ട  കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അമ്മയോടൊപ്പം റെയിൽവേ പാളത്തിൽ ട്രെയിന്റെ  മുന്നിൽ നിന്ന പെൺകുട്ടിയുടെ അതേമുഖം.
 എങ്ങിനെയെങ്കിലും അമ്മയെയും കൊണ്ട് ട്രെയിനിനു മുന്നിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആയിരുന്നു അവൾ.  പക്ഷേ അവളുടെ കുഞ്ഞിക്കൈകളെക്കാൾ ബലം  അമ്മയുടെ കൈകൾക്കായിരുന്നു. കുതറിയോടാൻ ശ്രമിച്ച അവളെ അടക്കിപ്പിടിച്ച്  മരണത്തെ നേരിടാൻ ശ്രമിക്കുകയായിരുന്നു ആ സ്ത്രീ.  അവളുടെ പേടിച്ചരണ്ട കണ്ണുകൾ മനസ്സിൽ നിന്നും മായുന്നില്ല.  അവരെ  രക്ഷപ്പെടുത്താൻ പറ്റുന്നതിലധികം വേഗതയിലായിരുന്നു വണ്ടിയുടെ കുതിപ്പ്  ഒരു നിലവിളി ശബ്ദത്തോടൊപ്പം രണ്ടു മനുഷ്യശരീരങ്ങൾ ഇടിച്ചു തെറിപ്പിച്ചത് നിമിഷങ്ങളിൽ നടന്നു.

 അടുത്ത സ്റ്റേഷനിൽ അപകടത്തെക്കുറിച്ച് സന്ദേശം നൽകി യാത്ര  തുടരുമ്പോഴും അവർ രക്ഷപെടുവാൻ ഒരു ശതമാനംപോലും സാദ്ധ്യത മനസ്സിൽ തെളിയുന്നുണ്ടായിരുന്നില്ല.

  മുപ്പത് വയസിനടുത്ത് പ്രായമുള്ള യുവതിയും ഏഴ് വയസ്സോളം മാത്രം പ്രായമുള്ള പെൺകുട്ടിയും.  ഒരു പക്ഷേ ആ യുവതിയുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാവും എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത് , ചിലപ്പോൾ ഉറ്റവരുടെ തിരസ്കാരവും അവഗണനയും താങ്ങാനാവാതെ,  ചിലപ്പോൾ ദാമ്പത്യ കലഹങ്ങൾ . സാമ്പത്തിക ബുദ്ധിമുട്ടുകൾ, അഭിമാനവും ചാരിത്ര്യവും പണയം വെക്കാൻ ഉള്ള മടി. സ്വന്തം മകളെ മറ്റുള്ളവരുടെ കാരുണത്തിൽ ജീവിക്കാൻ അവളുടെ ആത്മാഭിമാനം സമ്മതിച്ചിട്ടുണ്ടാവില്ല. കൊച്ചുകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്ന കാമഭ്രാന്തന്മാർ നിറഞ്ഞ ലോകത്തേക്ക് സ്വന്തം മകളെ  എറിഞ്ഞു കൊടുക്കാൻ ആ അമ്മമനസ്സിന് കഴിയില്ലായിരിക്കും. ഇത്തരം ചിന്തകളാവും ആ പിഞ്ചുകുഞ്ഞിനെ കൂടി മരണത്തിലേക്കുള്ള യാത്രയിൽ കൂടെ കൂട്ടാനുള്ള തീരുമാനത്തിൽ അവളെ  എത്തിച്ചിട്ടുണ്ടാവുക.

 ഞാൻ ചിന്തകളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അവൾ മരങ്ങൾക്കിടയിലേക്ക്  നടന്നു തുടങ്ങിയിരുന്നു. അവളുടെ ഒപ്പം എത്തുവാൻ ഞാൻ അതിവേഗം നടന്നു. മരങ്ങൾക്കിടയിൽ ഇരുട്ട് കാഴ്ച മറക്കുന്ന   ഒരു സ്ഥലത്തേക്ക് അവളെത്തിച്ചേർന്നു. ഇടക്കിടെ അവൾ ഇരുളിൽ മറയുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു കൊണ്ട് മുന്നോട്ട് നടക്കുകയാണ്. അവളുടെ പിറകെ ഞാൻ അതിവേഗം നടന്നെങ്കിലും ആ കുഞ്ഞു പാദങ്ങളുടെ വേഗതയ്ക്ക് ഒപ്പമെത്താൻ എനിക്കായില്ല മൊട്ടക്കുന്നുകളും പൈൻ മരക്കാടുകളും പിന്നിട്ട്  അവൾ നടക്കുകയാണ്.

 ഒരു പാറക്കൂട്ടത്തിൽ സമീപം ചുറ്റുമതിൽ കെട്ടിയിരിക്കുന്ന  ഒരു കിണർ നിലാവെളിച്ചത്തിൽ വ്യക്തമായി കാണാം. ചുറ്റുമതിലിൽ കുറെ സ്ത്രീകൾ വട്ടം കൂടിയിരുന്നു സംസാരിക്കുന്നു.  ആരുടേയും മുഖം വ്യക്തമായിരുന്നില്ല. പെൺകുട്ടി  സ്ത്രീകളുടെ  സമീപം എത്തി.  അവൾ  എന്നെ ചൂണ്ടി കാണിച്ച് എന്തൊക്കെയോ അവരോട്  പറയുന്നത്  കണ്ടു. സ്ത്രീകൾ പെട്ടെന്ന് എഴുന്നേറ്റ് നിന്ന് എന്നെ തുറിച്ചു നോക്കി.  അവരുടെ കണ്ണുകളിൽ നിന്ന് തീപാറുന്നത് ഞാൻ കണ്ടു. എന്നെ കൊല്ലാൻ ഉള്ള ആവേശത്തോടെ അവർ എൻറെയടുത്തേക്ക് ഓടി വരുകയാണ്.

"പിടിക്കവനെ ..... കൊല്ലവനേ ...." എന്നൊക്കെ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.  ഞാൻ അതിവേഗം പിന്തിരിഞ്ഞോടി .  സ്ത്രീകളുടെ കൂട്ടം തൊട്ടുപിന്നിൽ തന്നെയുണ്ട്.

  അവർ എന്തിനാണ് എന്നെ പിടിക്കാൻ വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ആൾക്കൂട്ട ആക്രമണമാണ്. എങ്ങനെയും രക്ഷപെടണം. ആധുനിക ഇന്ത്യയിൽ ഇത്തരം ആക്രമണങ്ങൾ സർവ്വസാധാരണമാണങ്കിലും സ്ത്രീകൾ ആരെയും ആക്രമിച്ച്  കൊലപ്പെടുത്തിയതായി കേട്ടിട്ടില്ല. പുരുഷന്മാരാണങ്കിൽ ഏതെങ്കിലും മത ഭ്രാന്തന്മാരായിരിക്കും. ഏതെങ്കിലും ദൈവത്തിന്റെ പേര് ഉറക്ക വിളിച്ച് പറഞ്ഞാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം. ചിലപ്പോൾ തല്ലിക്കൊന്ന്  തെരുവിൽ ഉപക്ഷിച്ചേക്കാം. എങ്ങിനെയും രക്ഷപ്പെട്ടേ മതിയാവു. സകല ശക്തിയും സംഭരിച്ച് ഞാൻ ഓടി. ഓടിയോടി അവസാനം  കാലുകളിൽ നിന്ന് ശക്തി ചോർന്നു പോകുന്നത് പോലെ എനിക്ക് തോന്നിത്തുടങ്ങി. ഓട്ടത്തിനിടയിൽ ചെരുപ്പുകൾ നഷ്ടമായിരിക്കുന്നു കാൽവെള്ളയിൽ മുള്ളുകൾ തറച്ച് രക്തം പൊടിയുവാൻ തുടങ്ങിയിരിക്കുന്നു. വസ്ത്രങ്ങളെല്ലാം വിയർപ്പിൽ മുങ്ങി .തൊട്ടുപിന്നിൽ സ്ത്രീകളുടെ കൂക്കുവിളികളും ആക്രോശങ്ങളും.

 ഓടിയോടി  റെയിൽവേ ട്രാക്കിലാണ് ഞാൻ വന്നു കയറിയത്.  ട്രാക്കിലൂടെ തന്നെ മുന്നോട്ട് ഓടിക്കൊണ്ടിരുന്ന  ഞാൻ ഇടക്ക്  പിന്തിരിഞ്ഞു നോക്കി . സ്ത്രീകൾ എന്നെ പിൻതുടർന്നുള്ള ഓട്ടം അവസാനിപ്പിച്ച് റെയിൽവേ ട്രാക്കിന് സമീപം പകച്ച്  നിൽക്കുകയാണ്.  റെയിൽവേ ട്രാക്കും പരിസരവും സുരക്ഷിതമായ ഒരിടം പോലെ എനിക്ക് തോന്നിയെങ്കിലും സ്ത്രീകൾ ഭയപ്പാടോടെയാണ് ട്രാക്കിലേക്ക് നോക്കി നിന്നത്.  ട്രാക്കിൽ പിടഞ്ഞ് വീണ്  മരിച്ച ഓരോ മനുഷ്യ ജീവന്റെയും തേങ്ങലുകളായിരിക്കാം അവരെ പിൻതിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഞാൻ സാവധാനം മുന്നോട്ടു നടന്നു.  മുന്നിൽ തീഷ്ണമായ പ്രകാശവും കാതടപ്പിക്കുന്ന ചൂളം വിളിയുമായി ഒരു ടെയിൻ പാഞ്ഞടുക്കുന്നു.   പെട്ടെന്ന് ട്രാക്കിൽ നിന്ന് ചാടി മാറി.

      ഒരു ഞെട്ടലോടെയാണ് ഞാൻ ഉറക്കമുണർന്നത്.  ശരീരം മുഴുവൻ വിയർത്തു കുളിച്ചിരിക്കുന്നു.  സ്ഥലകാലബോധം വീണ്ടെടുക്കാൻ ഏതാനും സമയം വേണ്ടി വന്നു.

 സിറ്റൗട്ടിൽ നിന്ന് ഭാര്യ ആരോടോ സംസാരിക്കുന്നു.  ഞാൻ നോക്കുമ്പോൾ പഴയ ന്യൂസ് പേപ്പറുകളും മാസികകളും  അവൾ തൂക്കി വിൽക്കുകയാണ്. കയറിട്ട് കെട്ടിയ ന്യൂസ് പേപ്പർ ബണ്ടിൽ ഒരു സ്പ്രിംഗ്  തുലാസ്സിൽ കൊരുത്ത്  തൂക്കം നോക്കാൻ ശ്രമിക്കുകയാണ് ഒരു തമിഴത്തി സ്ത്രീ. ഭാര്യ അടുത്തുനിന്ന് തുലാസ്സിന്റെ സൂചി യിലേക്ക്   നോക്കി തൂക്കം തിട്ടപ്പെടുത്തുന്നു.  സമീപത്ത് മൂക്കള ഒലിപ്പിച്ച ഒരു പെൺകുട്ടി. അവളേക്കാൾ നീളം കൂടിയ ഒരു ഒറ്റയുടുപ്പുമിട്ട് ഇരിക്കുന്നു. ആ സ്ത്രീ എന്നെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു. മുഷിഞ്ഞ വസ്ത്രങ്ങളും മെലിഞ്ഞ ശരീരവും ഇരുണ്ട നിറവുമായിരുന്നെങ്കിലും അവൾ ഒരു സുന്ദരി തന്നെയായിരുന്നു. മുടിയൽ വാടിക്കരിഞ്ഞ മുല്ലപ്പുവ്. കഴുത്തിൽ മഞ്ഞച്ചരടിൽ ഒരു ചെറിയ താലി .  മുറ്റത്ത് കിടക്കുന്ന ഉന്തുവണ്ടിയിൽ കുറെ ആക്രി സാധനങ്ങൾ അടുക്കി വച്ചിരിക്കുന്നു.

 "പത്ത് കിലോ ഉണ്ട് സാർ ...." അവൾ ഒരു ചിരിയോടെ പറഞ്ഞു.
   ' അത് തൂക്കണ്ട, മുഴുവനും എടുത്തോളൂ.  നിങ്ങൾ പൈസ ഒന്നും തരേണ്ട.
"നൻറി സർ ..... "
സ്ത്രീ സന്തോഷത്തോടെ എന്നെ നോക്കി.  പിന്നെ എല്ലാം വാരിക്കെട്ടി വണ്ടിക്കുള്ളിൽ അടുക്കി വെച്ചു.  ഉന്തു വണ്ടിയും തള്ളിക്കൊണ്ട് അവളും മോളും  ഗേറ്റ് കടന്ന് കത്തുന്ന വെയിലിലേക്ക് നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു .

ഉദയ പ്രഭൻ

Tuesday, 31 December 2019

മാദ്ധ്യമ വിചാരണ

മാദ്ധ്യമ  വിചാരണ
      കനത്ത മഴ പെയ്യുന്ന ഒരു  കർക്കിടക രാത്രി.  മലയോര ഗ്രാമത്തിലെ ബസ്റ്റോപ്പിൽ രാത്രി എട്ടുമണി കഴിഞ്ഞാൽ പിന്നെ ആൾസഞ്ചാരം തീരെ കുറവാണ് . ചില തട്ടുകടകളും സത്താറിൻറെ പലചരക്ക് കടയും മാത്രം തുറന്നിരിക്കും. ഏഴ് മണിക്കുള്ള കെഎം ട്രാവൽസ് എന്ന സ്വകാര്യ ബസ്സാണ് ആലപ്രയിലേക്കുള്ള  അവസാന വണ്ടി.  ചെറിയ പട്ടണത്തിലെ ടാക്സി ഓട്ടം കഴിഞ്ഞാൽ അഫ്സലിന്റെ രാത്രി ട്രിപ്പ് ആലപ്രയിലുള്ള വീട്ടിലേക്ക് ആയിരിക്കും.  രാവിലെയും വൈകിട്ടും സ്കൂൾകുട്ടികളെ കൊണ്ടുവിടുക,  പിന്നീടുള്ള സമയം കവലയിൽ ടാക്സിയോടുക.  ഇതാണ് അയാളുടെ ജോലി. രാത്രി ഒമ്പത് മണിവരെ അഫ്സൽ കവലയിൽ കാത്തു കിടക്കും. ഒമ്പത്  മണിയോടുകൂടി ടാക്സി ജീപ്പിൽ ആളുകൾ നിറയും.  എല്ലാവരും പരിചയക്കാർ ആയതിനാൽ ബസ്സുകൂലിക്ക് തുല്യമായ തുക മാത്രമേ  അഫ്സൽ വാങ്ങിക്കാറുള്ളൂ.
       സത്താറിന്റെ പലചരക്ക് കടയിൽ പുറത്ത് നിരത്തി വച്ചിരുന്ന പച്ചക്കറിക്കുട്ടകൾ പണിക്കാരൻ എടുത്ത് അകത്ത് വച്ച് ഷട്ടർ താഴ്ത്തി കടപൂട്ടി. ഒരു  സിഗരറ്റിനു തീ കൊടുത്തു നിൽക്കുകയാണ് സത്താർ.  ശക്തിയേറിയ മഴത്തുള്ളികൾ ടാർ റോഡിൽ വീണ്  ചിന്നിച്ചിതറുന്നത്  തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ വ്യക്തമായി കാണാം.  കടയോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന ബുള്ളറ്റ്. റെയിൻ കോട്ടും ഹെൽമറ്റും അണിഞ്ഞ ബുള്ളറ്റ്  യാത്രികൻ  കടവരാന്തയിൽ നിന്ന് സിഗരറ്റ് പുകയ്ക്കുന്നു.
     “ആലപ്ര ..... ആലപ്ര ......”  അഫ്സലിന്റെ   സഹായിയും ടാക്സി ജീപ്പിലെ കിളിയുമായ  നാസർ ഉറക്കെ വിളിച്ചു. തട്ടുകടയിൽ  സംസാരിച്ചു നിന്ന രണ്ടു പേർ കൂടി ഓടി വന്ന് ജീപ്പിൽ കയറി. ജീപ്പ്  സ്റ്റാർട്ട് ആയി. അഫ്സൽ  ഒരു തൂവാല എടുത്ത് ഗ്ലാസ് വൃത്തിയാക്കി. മൂടൽ മഞ്ഞ് ഉള്ളതിനാൽ ഹെഡ് ലൈറ്റ്  വെളിച്ചം അധികം ദൂരേക്ക്  പോകുന്നില്ല.  ജീപ്പ് സാവധാനം നീങ്ങി.  കയറ്റവും ഇറക്കവും നിറഞ്ഞ മലയോരഗ്രാമറോഡ് നിറയെ കുഴികൾ ആയിരുന്നു. കുത്തിയൊഴുകുന്ന മഴവെള്ളം. പല സ്ഥലത്തും നിർത്തി ആളെ ഇറക്കിയും കയറ്റിയും വണ്ടി സാവധാനം മുന്നോട്ടുപോയി. ഇടയ്ക്ക് ഒരു കാറും രണ്ട് ടൂവീലറും  ജീപ്പിനെ മാറി കടന്നു പോയി.  ആലപ്രയിലെ  അവസാന സ്റ്റോപ്പായ  ക്ഷേത്രത്തിനു സമീപം വണ്ടി  എത്തിയപ്പോൾ മഴ മാറിയിരുന്നു.  എല്ലാവരും ഇറങ്ങിയെങ്കിലും ഒരു പെൺകുട്ടി മാത്രം ജീപ്പിനുള്ളിൽ തന്നെ ഇരിക്കുന്നു.
       "കൊച്ചേ,  വണ്ടി ഇവിടം വരെ ഉള്ളൂ. ഇറങ്ങിക്കൊള്ളൂ. " പെൺകുട്ടി ഭയചകിതയായി ജീപ്പിൽ നിന്നിറങ്ങി ചുറ്റും പകച്ച് നോക്കി.
       "കൊച്ച് ഏതാ ? ഏതു വീട്ടിലാണ് പോകേണ്ടതു്?......." 
നാസറിന്റെ  ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.  ഗ്രാമത്തിലെ എല്ലാവർക്കും പരസ്പരം അറിയാമെങ്കിലും ഈ പെൺകുട്ടിയെ ആർക്കും മനസ്സിലായില്ല.  അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു.  സങ്കടവും നിരാശയും ഭയവും നിറഞ്ഞ മുഖഭാവം. പെൺകുട്ടി ജീപ്പ് ഓടി വന്ന താഴ്‌വാരത്തേക്ക് ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ആരെയോ പ്രതീക്ഷിക്കുന്നതു് പോലെ.   
     "കൊച്ച് ആരെയാണ് നോക്കുന്നത്.  ആരെങ്കിലും ഇവിടെ കാത്തു നിൽക്കാമെന്ന് പറഞ്ഞിരുന്നോ.?  നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചു ചോദിക്കൂ.”
      അഫ്സൽ പെൺകുട്ടിയെ സംശയദൃഷ്ടിയോടെയാണ് നോക്കിയത്.
"...... നീ ആരാണ് ?...... എന്താണ് നിന്റെ  പേര് ?..... ഏതു വീട്ടിലാണ് നിനക്ക് പോകേണ്ടത് ?-........ എവിടെനിന്നു വരുന്നു ?...... ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ ....."
   ജീപ്പിൽ വന്ന് ഇറങ്ങിയവരൊക്കെ വട്ടം കൂടി നിന്ന്  ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനും വ്യക്തമായ മറുപടി പറയാതെ അവൾ കരച്ചിലിന്റെ വക്കത്ത്  എത്തിയിരുന്നു . ആരെയോ പ്രതീക്ഷിക്കുന്നതുപോലെ അവൾ റോഡിൻറെ അറ്റത്തേക്ക് വീണ്ടും വീണ്ടും  നോക്കുന്നുണ്ടായിരുന്നു. ജീപ്പിൽ  വന്ന യാത്രക്കാർ ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി.
    "അഫ്സലിക്കാ ...... ഇനി എന്ത് ചെയ്യും ...... ഈ കൊച്ചിനെ കൊണ്ടുപോയി പോലീസിലേൽപ്പിച്ചാലോ ?....''
 അഫ്സൽ ഒന്നും മിണ്ടിയില്ല.
     " അല്ലെങ്കിൽ വേണ്ട ഇക്കാ.  ഒറ്റയ്ക്ക് ഒരു പെണ്ണിനെ ........അതും ഈ രാത്രിയിൽ ........ അതുമല്ല,  പത്തു മൈൽ വണ്ടി ഓടിക്കണം.  കാറ്റും മഴയും കാരണം മരങ്ങൾ ഒടിഞ്ഞുവീണു റോഡ് ബ്ലോക്ക് ആയിട്ടുണ്ട് എന്ന് കവലയിൽ  പറയുന്നത് കേട്ടു. "
       " ഇനിയെന്ത് ചെയ്യും നാസർ ...?"
    " ഒരു കാര്യം ചെയ്യാം. ഈ കൊച്ചിനെ അഫ്സൽ ഇക്കയുടെ വീട്ടിൽ തന്നെ കൊണ്ടുപോകാം.  അവിടെ സുബൈദ താത്ത  ഉണ്ടല്ലോ.  ഇന്ന് രാത്രി അവിടെ തങ്ങട്ടെ. രാവിലെ ആദ്യത്തെ ബസ്സിൽ തന്നെ കയറ്റി വിടാം. "
    "എങ്കിൽ ശരി. ഞങ്ങൾ പോണു "
    അടുത്ത് നിന്നിരുന്ന നാരായണേട്ടനും ചാക്കോയും  അന്തോണിച്ചനും അവരവരുടെ വീട്ടിലേക്ക് നടന്നു.
     ജീപ്പ് ഒതുക്കിയിട്ട്  അഫ്സലും നാസറും പെൺകുട്ടിയേയും കുട്ടി ഇടവഴിയിലൂടെ  അഫ്സലിന്റെ വീട്ടിലേക്ക് നടന്നു. അഫ്സലിന്റെ  ഭാര്യ സുബൈദ ആദ്യം സംശയത്തോടെയാണ് പെൺകുട്ടിയെ നോക്കിയത്.  എങ്കിലും ഉണ്ടായ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ മനസ്സലിഞ്ഞു.  സുബൈദയുടെ ചോദ്യങ്ങൾക്ക് അവൾ വ്യക്തമായി മറുപടി പറഞ്ഞില്ല.  പെൺകുട്ടിയുടെ കണ്ണുനീരും  നിസ്സഹായാവസ്ഥയും സുബൈദയെകൊണ്ട് അധികം ചോദ്യങ്ങൾ ചോദിപ്പച്ചില്ല.  അതിഥിയെ മാന്യമായിത്തന്നെ സ്വീകരിച്ച് അത്താഴശേഷം അവർ  ഉറങ്ങാൻ തയ്യാറെടുത്തു.  പെൺകുട്ടിക്ക് കട്ടിലും മെത്തയും നൽകിയിട്ട്  അവർ അടുത്ത മുറിയിൽ തറയിൽ പായ വിരിച്ച് ഉറങ്ങാൻ കിടന്നു. പുലർച്ചെ ഉണർന്ന സുബൈദ ആദ്യം തന്നെ പെൺകുട്ടി കിടന്ന കട്ടിലിൽ ചെന്ന് നോക്കി. കട്ടിൽ കാലിയായിരുന്നു.  പെൺകുട്ടിയു ബാഗും അവിടെ  ഉണ്ടായിരുന്നില്ല. ക്ഷേത്രമുറ്റത്തു നിന്ന് ആദ്യം ബസ് പുറപ്പെടുന്നതിന്റെ  ഹോണടി കേട്ട് പെൺകുട്ടി ആരെയും ശല്യപ്പെടുത്താതെ പോയിട്ടുണ്ടാവും എന്ന് സമാധാനിച്ചു. 
        രണ്ട് ദിവസത്തിനുശേഷം കുട്ടികളുമായി സ്കൂളിലെത്തുമ്പോൾ ഒരു പോലീസ് ജീപ്പ് സ്കൂളിനടുത്ത് കിടപ്പുണ്ടായിരുന്നു. ജീപ്പിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾക്ക് ബാഗ് എടുത്ത് കൊടുക്കുകയായിരുന്നു നാസർ. ഒരു പോലീസുകാരൻ അവരുടെ അടുത്തേക്ക് വന്നു.
        "ആരാണ് അഫ്സൽ ? "
 " ഞാനാണ് സർ " , അഫ്സൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ചാടി ഇറങ്ങി
      "കഴിഞ്ഞ ദിവസം  രാത്രിയിൽ ഒരു പെൺകുട്ടി നിൻറെ വണ്ടിയിൽ വന്നിരുന്നോ.   ആലപ്രയിലേക്ക് ...?." 
    "ഉവ്വ് സാർ. "
  " അവളെവിടെ ?"
  " ആ കൊച്ച് മിനിഞ്ഞാന്ന് രാത്രി എൻറെ വീട്ടിലാണ് തങ്ങിയത്.   ഫസ്റ്റ് ബസ്സിൽ തന്നെ തിരിച്ചു പോയി. "
" എവിടെപ്പോയി?"
 "അറിയില്ല സാർ. ഞങ്ങൾ ഉറക്കം ഉണർന്നപ്പോൾ അവളെ കാണാനില്ല. കതക്  തുറന്നു കിടക്കുകയായിരുന്നു. ആദ്യത്തെ  ബസ്സിൽ തന്നെ പോയി കാണും. "
    " എന്താണ് അവളുടെ പേര്  പറഞ്ഞത്.?"
      "നാൻസി എന്നാണ് പറഞ്ഞത് "
   "എവിടുന്ന് വരികയാണന്ന് പറഞ്ഞു?" 
   "പട്ടണത്തിൽ നിന്നാണന്നാണ്  പറഞ്ഞത്.  ഒരു കൂട്ടുകാരിയുടെ വീട്ടിൽ വന്നതാണന്ന് പറഞ്ഞു.”
"ഏതു കൂട്ടുകാരിയുടെ ?"
" അറിയില്ല സാർ "ഇതാണോ ആ പെൺകുട്ടി ?"
പോലീസുകാരൻ  മൊബൈൽഫോണിൽ കാണിച്ച  ചിത്രത്തിലേക്ക് അഫ്സൽ  നോക്കി.
   "ഈ കുട്ടി തന്നെയാണ് സാർ "
   "നീയൊന്ന് സ്റ്റേഷൻ വരെ വരണം. ഒരു സ്റ്റേറ്റ്മെൻറ്  എഴുതി തരേണ്ടി വരും. "
 പോലീസ് സ്റ്റേഷനുമുന്നിൽ നല്ല ആൾ കൂട്ടം ഉണ്ടായിരുന്നു. എല്ലാവരുടെയും നോട്ടം അഫ്സലിനെയും നാസറിനെയും  ആയിരുന്നു. ഒരു കുറ്റവാളിയെപ്പോലെ ജനക്കൂട്ടം അവരെ  തുറിച്ചു നോക്കുകയും മൊബൈലിൽ ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  സ്റ്റേഷനിൽ ചാക്കോയും നാരായണേട്ടനും അന്തോണിച്ചനും നിൽപ്പുണ്ടായിരുന്നു.  എല്ലാവരും അന്ന് രാത്രി ട്രിപ്പിൽ ജീപ്പിൽ  ഉണ്ടായിരുന്നവർ.
     "ഇവരെല്ലാം ആ പെൺകുട്ടിയെ നിൻറെ വീട്ടിലേക്ക് രാത്രി കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടവരാണ്. പിന്നെ അവളുടെ ശവം ആണ് കാണുന്നത്. സത്യം പറയണം.  നീ എങ്ങനെയാണ് അവളെ കൊന്നത് ?"
   " അയ്യോ ....ആ കൊച്ചു മരിച്ചോ?"
    അഫ്സൽ പറഞ്ഞു തീരുന്നതിനു മുമ്പ് സബ്ഇൻസ്പെക്ടറുടെ അടി അവൻറെ കരണത്ത് പതിച്ചു. അപ്രതീക്ഷിതമായ അടിയേറ്റ അഫ്സൽ തറയിൽ കുഴഞ്ഞുവീണു.  പിന്നെ അടിയുടെയും ഇടിയുടെയും പൂരമായിരുന്നു.   കാക്കി വേഷം ധരിച്ച് കൈകൾ ഉയർന്നുതാണു.  ബൂട്ട്സിട്ട കാലുകൾ അഫ്സലിന്റെയും നസീറിന്റെയും കൈപ്പത്തികൾ ചവിട്ടി ഞെരിച്ചു. ബോധരഹിതരായി ഇരുവരും തറയിൽ കിടന്നു.
  'നാൻസി കൊലപാതകം. ആലപ്ര സ്വദേശിയായ ടാക്സിഡ്രൈവർ അഫ്സലും സഹായി നാസറും അറസ്റ്റിൽ ' 
  ടിവി വാർത്താചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ്.  ചാനൽ വാർത്താ അവതാരകൻ ചില കാഴ്ചകൾ സംപ്രേഷണം ചെയ്യുന്നു. നാസറും അഫ്സലും പോലീസ് ജീപ്പിൽ നിന്നിറങ്ങുന്ന രംഗങ്ങൾ. സ്കൂൾ കുട്ടികളെ കയറ്റിയ ഒരു ജീപ്പ് സ്കൂളിന് മുന്നിലേക്ക് ഓടി വരുന്ന ദൃശ്യങ്ങൾ.
 ചാനൽ അവതാരകൻ സ്വയം തെരഞ്ഞെടുത്ത കഥകൾ അത്യന്തം ഉത്സാഹത്തോടെ അവതരിപ്പിച്ചുകൊണ്ടേയിരുന്നു.  അന്തിച്ചർച്ചയിൽ പ്രമുഖർ അണിനിരന്നു.  രാഷ്ട്രീയ നിരീക്ഷകർ , സ്ത്രീപക്ഷവാദികൾ, സ്വതന്ത്രചിന്തകർ ,  റിട്ടയർ ചെയ്ത  പോലീസ് മേധാവികളും ക്രിമിനൽ വക്കീലന്മാരും ,  നാട്ടുകാരും . അഫ്സലിന്റെ ജീപ്പിൽ  കുട്ടികളെ സ്കൂളിൽ അയക്കുന്ന  രക്ഷിതാക്കൾ മുതൽ പലരും. അഫ്സലിന്റെ പെരുമാറ്റത്തിൽ അസ്വഭാവികത കലർന്നിരുന്നതായി പലരും സമർത്ഥിച്ചു.  സ്കൂൾ കുട്ടികളുടെ മുഖങ്ങൾ ടിവി അവതാരകൻ പല തവണ സംപ്രേഷണം ചെയ്തു കൊണ്ടിരുന്നു.
       ആഭ്യന്തരവകുപ്പിന്റെ  കെടുകാര്യസ്ഥത.  പ്രതികളെ   രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഉന്നത രാഷ്ട്രീയ പോലീസ് അധികാരികളുടെ മാഫിയാ പ്രവർത്തനം.  അഫ്സൽ എന്ന മുസ്ലിം യുവാവിന്റെ  തീവ്രവാദികളും ആയുള്ള ബന്ധം എൻ. ഐ. എ അന്വേഷിക്കണമെന്ന  ആവശ്യം  ശക്തമായി.
  പ്രതികളെകൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ ക്രൂരമായ മർദ്ദനമാണ്  പോലീസ് പ്രയോഗിച്ചത്.   ശാസ്ത്രീയമായ കുറ്റാന്വഷണ രീതികൾ ലോകരാജ്യങ്ങളിൽ മുഴുവൻ   നിലനിൽക്കുമ്പോൾ കേരള പോലീസിലെ ഒരു വിഭാഗം എപ്പോഴും മൂന്നാം മുറ പ്രയോഗത്തിൽ  തന്നെ വിശ്വസിക്കുന്നു.  കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന രീതി തന്നെയാണ് പോലീസ് പിൻതുടർന്നത്. ഏതെങ്കിലും  ഒരു വ്യക്തിയെ പ്രതിയെന്ന പേരിൽ അറസ്റ്റ് ചെയ്ത് മാദ്ധ്യമങ്ങളുടെ  മുന്നിൽ അവതരിപ്പിച്ച് തൽക്കാലത്തേക്ക് ബഹളങ്ങൾ അവസാനിപ്പിക്കുക  എന്നതായിരുന്നു പോലീസ് ലക്ഷ്യമാക്കിയത്.
     മർദ്ദനമേറ്റ് പല തവണ ബോധം നഷ്ടപ്പെട്ട് തറയിൽ പതിച്ചിട്ടും  കുറ്റം സമ്മതിക്കാൻ അഫ്സലും നാസറും  തയ്യാറായില്ല. രാത്രിയിൽ പരിചയമില്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടുപോയ ആ പെൺകുട്ടിയോട് സ്നേഹത്തോടെ പെരുമാറിയതും അഭയം നൽകിയതും ആണ് വിനയായത്.  അവളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകൾ ആണ് അവള്‍ക്ക് സ്വന്തം വീട്ടിൽ അഭയം നൽകാൻ കാരണം.  രാത്രിയില്‍  ബോധംകെട്ടു ഉറങ്ങിയതാണ് അവൾ  ഇറങ്ങിപ്പോയത് അറിയാതിരിക്കാനുള്ള കാരണം. 
      എങ്കിലും എപ്പോഴായിരിക്കും അവൾ  ഇറങ്ങിപ്പോയിട്ടുണ്ടാവുക.  ആരെങ്കിലും അവളെ വിളിച്ചിറക്കി കൊണ്ടു പോയതായിരിക്കുമോ .  ആരെങ്കിലും കാത്തുനിൽക്കും എന്ന് നേരത്തേ പറഞ്ഞിട്ടുണ്ടാവുമോ. കനത്ത മഴയും കാറ്റും കാരണം അവർക്ക് സമയത്ത്  എത്താൻ സാധിച്ചിട്ടുണ്ടാവില്ല.  രാത്രിയിൽ മൊബൈൽ ഫോൺ റിങ് ചെയ്യുന്ന  ശബ്ദം ഒന്നും  കേട്ടിരുന്നില്ല. എങ്കിലും ആരായിരിക്കും രാത്രിയിൽ അവളെ തേടി വന്നിട്ടുണ്ടാവുക.  ഒരു  കൂട്ടുകാരൻ, അല്ലെങ്കിൽ കൂട്ടുകാരി. ആരാണ് അവളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്  അഫ്സലിനെ ചിന്തകൾ അനന്തമായി നീണ്ടു.
            കൂക്കി വിളിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിനെ  അഫ്സൽ കണ്ടു.  അതിനിടയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച പുരോഹിതന്മാരും,  ഫ്ലാറ്റ് പീഡന കേസിൽ പെട്ട തന്ത്രിയും ,  കുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകനും , ചാനൽ ചർച്ചകളിൽ അസഭ്യം മാത്രം വിളിച്ചുപറയുന്ന രാഷ്ട്രീയനേതാവും ,  സൗരോർജ്ജത്തിന്റെ  പേരിൽ ശരീരം വിറ്റു നടന്ന അഭിസാരികയും നിൽക്കുന്നതായി അഫ്സലിന് തോന്നി.

മുന്നിൽ അന്ധകാരം മാത്രം.  ഭാവിയെക്കുറിച്ചോ  അടുത്ത ദിവസത്തെക്കുറിച്ചോ  അടുത്ത നിമിഷത്തെക്കുറിച്ചോ  പോലും ചിന്തിക്കുവാൻ ആവാതെ അഫ്സൽ ലോക്കപ്പിന്റെ മൂലയിൽ ചുരുണ്ടുകൂടി  കിടന്നു. അടുത്ത ദിവസങ്ങളിൽ പോലീസ് ജീപ്പിൽ അവരെ തെളിവെടുപ്പിനായി  പല സ്ഥലത്തും  കൊണ്ടുപോയി.
   ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും കൊല്ലപ്പെട്ട നാൻസി എന്ന പെൺകുട്ടിയെയും അഫ്സലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും പോലീസിന് കണ്ടുപിടിക്കാനായില്ല. ടാക്സി ഓടിച്ച്  ഉപജീവനം നടത്തുന്ന ആ ചെറുപ്പക്കാർ നാൻസിയെ എവിടെ  വച്ച് കണ്ടുമുട്ടി. ഒരു കൊലപാതകത്തിലേക്ക് നയിക്കാനുള്ള പക എങ്ങിനെയുണ്ടായി. മരണത്തിന് മുമ്പ് ലൈംഗിക അതിക്രമം ഒന്നും  നേരിട്ടിരുന്നില്ല എന്നായിരുന്നു  പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  ദേഹത്തിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങൾ സമീപത്ത് കിടന്ന ബാഗിൽ നിന്ന് കണ്ടെടുത്ത പണവുമെല്ലാം ധനാപഹരണം അല്ല കൊലപാതകമെന്ന് ഉറപ്പിക്കുന്നത് ആയിരുന്നു.
 എങ്ങനെ ആയിരുന്നു മൊബൈൽ ഫോണും സിസിടിവി യും വരുന്നതിനുമുമ്പ് പോലീസ് കുറ്റകൃത്യങ്ങൾ തെളിയിച്ചിട്ടുണ്ടാവുക. വിരലടയാളങ്ങളെയും പോലീസ് നായകളെയും ആശ്രയിച്ച് എങ്ങനെയാണ് കുറ്റാന്വേഷണം നടത്തിയിട്ട് ഉണ്ടാവുക.  സംശയം തോന്നുന്നവരെ പിടിച്ചു ഭേദ്യം  ചെയ്ത്  കുറ്റം സമ്മതിപ്പിക്കുക. തെളിവുകളും സാക്ഷികളും ഉണ്ടാക്കി കുറ്റപത്രം നൽകുക. ചിലപ്പോൾ ശിക്ഷിക്കപ്പെടും. ചിലപ്പോൾ വെറുതെ വിട്ടുവെന്നും വരാം. ഇവിടെ വളരെയധികം സാഹചര്യ തെളിവുകൾ  ഉണ്ടായിരുന്നെങ്കിലും  ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത പ്രതികൾക്കെതിരെ വിശ്വസനീയമായ ഒരു കൃത്രിമ തെളിവും  സൃഷ്ടിച്ചെടുക്കാൻ പൊലീസിനായില്ല.
       സബ്ജയിൽ എന്ന കുറ്റവാളികളുടെ ലോകം. മോഷണവും  ഗുണ്ടായിസവും, വിശ്വാസവഞ്ചനയും, സാമ്പത്തികത്തട്ടിപ്പും, പിമ്പ്  പണിയും ചെയ്ത് ജീവിച്ചിരുന്നവർ.  ജാമ്യം നിഷേധിക്കപ്പെട്ടവരും  ജാമ്യത്തിലെടുക്കാൻ ആരുമില്ലാത്തവരും വിചാരണ കാത്ത് കഴിയുന്നു. പുറത്തുള്ള അവരുടെ  ലോകത്തേക്കാൾ സുരക്ഷിതത്വം അവർക്ക് ഇവിടെ കിട്ടുന്നുണ്ട്. നല്ല ഭക്ഷണവും വിശ്രമവും ഉറക്കവും കിട്ടുന്ന മറ്റൊരു ലോകം. ഉറ്റവരിൽ നിന്ന് അകന്ന് കഴിയുന്ന  അവരുടെ മുഖത്ത് വിട്ടൊഴിയാത്ത  കടുത്ത നിരാശ വ്യക്തമായിരുന്നു.  രാജ്യത്തെ മൊത്തമായി ഒറ്റുകൊടുത്ത വരും ജനങ്ങളെ വിൽപന ചരക്കാക്കിയവരും വർഗീയ വിഷം കുത്തിവെച്ച് ജനങ്ങളെ പരസ്പരം പോരടിപ്പിക്കുന്ന  ആധുനിക രാജ്യസ്നേഹികളും  പുറത്ത് മാന്യമായി ജീവിക്കുന്നു.  അവരുടെ സമ്പാദ്യം സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ കുമിഞ്ഞുകൂടുന്നു.  അവർക്ക് രാഷ്ട്രത്തിൻറെ പരമോന്നത ബഹുമതികൾ നൽകി ആദരിക്കപ്പെടുന്നു.
          നാളുകളായി വിചാരണ തടവുകാരായി സബ് ജയിലിനുള്ളിൽ.  നല്ല വക്കീലിനെ കണ്ടെത്തി കേസ്  നടത്താനാവാതെ, ജാമ്യത്തിന് അപേക്ഷിക്കുകപോലും ചെയ്യാനാവാതെ  മാസങ്ങളോളം തടവറയ്ക്കുള്ളിൽ.  ഇടയ്ക്കിടെ പോലീസ്  തെളിവെടുപ്പിനായി പല സ്ഥലങ്ങളിൽ കൊണ്ടുപോകുന്നു.  മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നു.

സഹതടവുകാരില്‍ നിന്നുമാണ് അഫ്സല്‍ ആ വാര്ത്ത  അറിയുന്നത്. ഏതോ മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യപ്രകാരം  ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതും  സമഗ്ര അന്വേഷണം നടക്കുന്നതും. 
        മാസങ്ങൾക്ക് ശേഷം യഥാർത്ഥ പ്രതികൾ  പിടിയിലാവുന്നു.  രക്ഷകനാവുന്നതു് കവലയിലെ പലചരക്ക് കടയിലെ CCTV ദൃശ്യങ്ങൾ. അന്ന് രാത്രിയിലെ മഴ തുടങ്ങിയപ്പോൾ ടൂവീലറിൽ വന്ന പുരുഷനും പെൺകുട്ടിയും കടവരാന്തയിൽ കയറി നിൽക്കുന്നതിന്റെയും കുറച്ച് സമയത്തിന് ശേഷം പെൺകുട്ടി ജീപ്പിൽ കയറി ഇരിക്കുന്നതിന്റെയും ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ചിന്  ലഭിക്കുന്നു. ജീപ്പ് പുറപ്പെട്ടതിന് പിന്നാലെ ടൂവീലർ സ്റ്റാർട്ട് ചെയ്ത് പോകുന്നതിന്റെയും നാല് മണികൂറിന് ശേഷം ഇരുവരും ടൂവീലറിൽ മടങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് കണ്ടെടുക്കുന്നു. ടൂവിലറിന്റെ രജിസ്ട്രേഷൻ നമ്പർ പിൻതുടർന്നുള്ള അന്വഷണമാണ് ക്രൈം ബ്രാഞ്ചിനെ യഥാർത്ഥ  പ്രതിയിലേക്ക് എത്തിച്ചത്.   
       യഥാർത്ഥ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും അഫ്സലിനെയും നാസറിനെയും പ്രതിസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനും ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യുന്നു. കോടതി  നടപടികൾക്ക് ശേഷം അഫ്സലും നാസറും സ്വതന്ത്രരായി  പുറത്തെത്തുമ്പോൾ കൂകി വിളിക്കുന്ന ജനക്കൂട്ടം ഉണ്ടായിരുന്നില്ല. ചാനലുകാരുടെ ക്യാമറക്കണ്ണുകൾ ഉണ്ടായിരുന്നില്ല.  മെലിഞ്ഞുണങ്ങിയ രണ്ടു മനുഷ്യജീവികൾ മാത്രം.  സുബൈദയും നാസറിന്റെ  ഉമ്മയും.  അഫ്സൽ സുബൈദയുടെ കണ്ണുകളിലേക്ക് നോക്കി.  കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ. പട്ടിണിയും ദുഃഖവും നിരാശയും മൂലം ജീവച്ഛവം പോലെ രണ്ട് മനുഷ്യ കോലങ്ങൾ. അഫ്സൽ  അവളുടെ തോളിൽ തല ചായ്ച്ചു തെരുവിലേക്ക് മുടന്തി മുടന്തി നടന്നു.
പടിഞ്ഞാറേ ചക്രവാളത്തിൽ അന്തിച്ചുവപ്പ് ഇരുട്ടിന് വഴി മാറിക്കൊണ്ടിരുന്നു. ചേക്കേറാനായി പറന്നകലുന്ന കിളികളെ നോക്കി കായൽക്കരയിലെ വാകമരച്ചോട്ടിൽ അവർ ഇരുന്നു.

Thursday, 18 May 2017

വേനല്‍ നിറമുള്ള ഓര്‍മ്മകള്‍

വേനല്‍ നിറമുള്ള ഓര്‍മ്മകള്‍
     കത്തുന്ന വെയിലിൽ നഗരം ചുട്ടുപഴുത്ത് കിടക്കുന്നു. പൊള്ളിക്കുന്ന കാറ്റ്. ഉണങ്ങി വരണ്ട നിറം മങ്ങിയ ഇലകള്‍ നിറഞ്ഞ വൃക്ഷങ്ങള്‍ തളര്‍ന്നു തലതാഴ്ത്തി നില്‍ക്കുന്നു. ഫെബ്രുവരി ആയപ്പോളേ ഇത്രകണ്ട് ചൂടാണങ്കിൽ മെയ് മാസത്തെ അവസ്ഥ എന്താവും. സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണി ആയിരിക്കുന്നു. സ്കൂൾ ബസ്സ് വന്ന് പോയിട്ടുണ്ടാവുമോ . രണ്ടേമുക്കാലിനും മൂന്നു മണിക്കുമിടയിലാണ് സ്കൂൾ ബസ് വരുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ ബസ്സ് സർവീസ് വളരെ കാര്യക്ഷമമാണ്. സമയക്രമം കൃത്യമായി പാലിക്കുന്നതിന് പുറമേ കുട്ടികളുടെ കാര്യത്തിൽ നല്ല ഉത്തരവാദിത്തബോധമാണ്.  നീന ബസ് സ്റ്റോപ്പിൽ എത്താൻ വൈകിയാൽ മോളെ ശീതളപാനീയക്കടയിൽ ഏൽപിച്ചിട്ട് പൊയ്ക്കൊള്ളാൻ ബസ്സിന്റെ ഡോർ ചെക്കറോട്  നേരത്തേ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. രാവിലെ കറണ്ടുപോയതിനാൽ അടുക്കളപ്പണികളും കുളിയും എല്ലാം  വൈകി.  സമയം പോയത് അറിഞ്ഞതേയില്ല.  ഒരു വിധത്തിൽ ഒരു ചുരിദാറിട്ടുകൊണ്ട് ഓടുകയായിരുന്നു.
        അകലെ നിന്നേ കണ്ടു.  സാബുചേട്ടന്റെ പലചരക്കുകട അടഞ്ഞുകിടക്കുന്നു. തൊട്ടടുത്ത ബാർബർ ഷോപ്പും ഷെമീറിന്റെ ബേക്കറിയും   തുറന്നിട്ടുണ്ടങ്കിലും നീതുമോള്‍ എത്തിയിട്ടില്ല. അവള്‍ നേരത്തെ എത്തി ബേക്കറിയില്‍ കയറി നിന്നാല്‍ അകലെ നിന്ന് നീനയെ കാണുമ്പോള്‍ തന്നെ കൈ ഉയര്‍ത്തി കാണിക്കാറുണ്ട്. സവാരി കാത്തുകിടക്കുന്ന ചില ഓട്ടോറിക്ഷകള്‍ ബദാം മരത്തണലില്‍ വിശ്രമിക്കുന്നു. വെയിറ്റിംഗ് ഷെഡിൽ കയറി നിന്നു. അകലെ നിന്നും വരുന്ന ഓരോ വണ്ടികളിലും കണ്ണു പായിച്ച് കാത്തു നിൽക്കയാണ്. ഇളം മഞ്ഞ നിറം പൂശിയ കേന്ദ്രീയ വിദ്യാലയ വണ്ടി അകലെ നിന്നു കണ്ടാലും തിരിച്ചറിയാനാവും. നീതുമോള്‍ സാധാരണ വാതിലിന്റെ തൊട്ടുപിന്നിലുള്ള സീറ്റിലാണ് ഇരിക്കുന്നത്. അവള്‍ ഡോര്‍ ചെക്കര്‍ ഗോപാലന്‍ ചേട്ടനോട് നല്ല ചങ്ങാത്തത്തിലാണ്. അദ്ദേഹവുമായി എപ്പോളും എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. സ്കൂളിലെ, വീട്ടിലെ, കൂട്ടുകാരുടെ, കളിപ്പാട്ടങ്ങളുടെ  കാര്യങ്ങളൊക്കെയായിരിക്കും സംസാരവിഷയം.
          തിരക്ക് പിടിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയതിന്നാൽ മൊബൈൽ ഫോൺ എടുക്കുന്ന കാര്യംകൂടി മറന്നു. സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു.  മൂന്ന് നാല്പത്തിയഞ്ച് കഴിഞ്ഞിരിക്കുന്നു. ബസ്സ്‌ എന്താണിത്ര വൈകുന്നത്. ഇനി വഴിയില്‍ വെച്ച് ടയര്‍ പഞ്ചറാവുകയോ മറ്റോ സംഭവിച്ചിട്ടുണ്ടാകുമോ?. നീന ബേക്കറിയിലേക്ക് നടന്നു. ബേക്കറിയുടമ ഷമീര്‍ ലെമണ്‍ജൂസ്‌ ഉണ്ടാക്കുന്ന തിരക്കിലാണ്.
   “ഷെമീര്‍   സെന്‍ട്രല്‍ സ്കൂളിന്റെ ബസ്സ്‌ വന്നുപോയോ?”
“ഞാന്‍ കട തുറന്നിട്ട്‌ പത്തുമിനിട്ടെ ആയുള്ളൂ ചേച്ചി. ഇത്രയും സമയമായില്ലേ ചിലപ്പോള്‍ ഞാന്‍ കട തുറക്കുന്നതിനു മുന്‍പ്‌ വണ്ടി വന്നു പോയിട്ടുണ്ടാവും.”
അയാള്‍ മറുപടി പറഞ്ഞിട്ട് വീണ്ടും കച്ചവടത്തിരക്കുകളിലേക്ക് മടങ്ങി. നീന പിന്നെ ഒന്നും ആലോചിച്ചില്ല. ആദ്യം കിടന്ന ഓട്ടോറിക്ഷയില്‍ തന്നെ കയറി. നഗരത്തിരക്കിലൂടെ ഓട്ടോ സെന്‍ട്രല്‍ സ്കൂള്‍ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. നീനയുടെ ശ്രദ്ധ മുഴുവന്‍ ഇളം മഞ്ഞ ചായം പൂശിയ സെന്‍ട്രല്‍ സ്കൂളിന്റെ ബസ്സ്‌ വഴിയോരത്ത് എവിടെയെങ്കിലും ബ്രയ്ക്ഡൌണ്‍ ആയി കിടപ്പുണ്ടോ എന്നായിരുന്നു. സ്കൂള്‍ യൂണിഫോമിലുള്ള കുട്ടികളെ വഴിയോരത്ത് കാണുമ്പോള്‍ എല്ലാം വണ്ടിയുടെ വേഗത കുറയ്ക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഓരോ പെണ്‍കുട്ടികളിലും നീതുമോളുടെ മുഖമാണ് അവള്‍ കണ്ടത്. എട്ടുവയസ്സുള്ള ഒരു മൂന്നാംക്ലാസ്സുകാരി നഗരത്തില്‍ ഒറ്റപ്പെട്ടാല്‍ ഉള്ള അവസ്ഥയെക്കുറിച്ച് അവള്‍ അതീവ ബോധവതി ആയിരുന്നു. കഴുകന്‍ കണ്ണുകളോടെ കാത്തിരിക്കുന്ന ഒരു സമൂഹം. ഏതു സമയവും ഒരു പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെടാം. ഒരു പൂവ് കശക്കിയെറിയുന്ന ലാഘവത്തോടെ വലിച്ചെറിയപ്പെടാം.  വൃദ്ധമാര്‍ മുതല്‍ കൈക്കുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.  പത്രത്താളുകള്‍ നിറയെ പീഡനവാര്‍ത്തകള്‍. പിടിയിലാവുന്ന പ്രതികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. നിയമസംവിധാനങ്ങളും അധികാരസ്ഥാനങ്ങളും നോക്കുകുത്തികളാവുന്നു.
   ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നമാണ് മനസ്സിന്റെ സ്വസ്ഥത നശിപ്പിച്ചത്. അത് ഒരു സ്വപ്നം തന്നെ എന്ന് വിശ്വസിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല.  പിഞ്ചുബാലിക പീഡിപ്പിക്കപ്പെട്ട വാര്‍ത്തയും ചിത്രവും  അച്ചടിച്ച കുറെ ദിനപ്പത്രങ്ങള്‍. അവ കരിയിലകള്‍ നിറഞ്ഞ മുറ്റത്ത് ചിതറിക്കിടക്കുന്നു. പത്രങ്ങള്‍ക്ക്‌ മുകളില്‍ രക്തത്തില്‍ കുളിച്ച ഒരു പെണ്‍കുട്ടിയുടെ ജഡം. അവളുടെ തുറന്നിരിക്കുന്ന കണ്ണുകളില്‍ ഉറുമ്പരിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. അവളുടെ തുടയിടുക്കിലൂടെ ഒഴുകിപ്പരന്നുകിടക്കുന്ന കൊഴുത്ത ചോര.
  “ചേച്ചീ സ്കൂലെത്തി.”   ഓട്ടോറിക്ഷക്കാരന്റെ ശബ്ദം അവളെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി. അടഞ്ഞുകിടക്കുന്ന ഗേറ്റിനുമുന്നില്‍ അവള്‍ ശന്കിച്ചുനിന്നു. ഇളം മഞ്ഞ ചായം പൂശിയ ഒരു ഇരുനിലക്കെട്ടിടം. സ്കൂള്‍ ബസ്സുകള്‍ എല്ലാം ഷെഡ്ഡില്‍തന്നെ കിടപ്പുണ്ട്. ആരവങ്ങളും ബഹളങ്ങളും ഒഴിഞ്ഞ വിജനമായ സ്കൂള്‍ കോമ്പൌണ്ട്. ഗേറ്റില്‍ നിന്നും പ്രധാന കവാടം വരെ എത്തുന്ന വഴിക്ക് ഇരുവശവും വാകമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. വഴിയുടെ ഇടതുവശത്ത് വിശാലമായ ഫുട്ബോള്‍ മൈതാനം. വലതുവശത്ത് വോളീബോള്‍, ബാറ്റ്‌മിന്റെന്‍ കോര്‍ട്ടുകള്‍. ഗേറ്റില്‍ ഓട്ടോറിക്ഷ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് ഒരു സെക്യൂരിറ്റിക്കാരന്‍ ഗേറ്റിലേക്ക് നടന്നുവന്നു.
  “എന്താണ് മാഡം.” സെക്യൂരിറ്റിക്കാരന്‍റെ കനത്ത ശബ്ദം ഒരു ഇടിനാദം പോലെ കാതില്‍ മുഴങ്ങി.
   “എന്റെ മോള്‍ സ്കൂള്‍ ബസ്സില്‍ വന്നില്ല. മൂന്നാം ക്ലാസ്സിലെ നീതു ഹരിദാസ്‌.”  നീനയുടെ ശബ്ദം ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
  “മാഡം ഇന്ന് ഓപ്പണ്‍ ഹൌസ് ആയിരുന്നു. മാര്‍ക്ക്‌ലിസ്റ്റ്‌ കൊടുക്കുന്ന ദിവസ്സം. കുട്ടികള്‍ എല്ലാം പേരെന്റ്സുമായാണ് വന്നത്. അവരെല്ലാം ഉച്ചക്ക് മുന്‍പേ മടങ്ങുകയും ചെയ്തു”.
  അപ്പോള്‍ നീതുമോള്‍ എവിടെപ്പോയി. ഒരുപക്ഷെ ഹരിയെട്ടന്റെ കൂടെ പോയിട്ടുണ്ടാവുമോ. ഹരിയേട്ടന്‍ സ്കൂളില്‍ പോകുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ലല്ലോ. ഞാനവളെ രാവിലെ ഒരുക്കി വിട്ടതാണല്ലോ. ഇനി........അവളുടെ ചിന്തകള്‍ മുറിഞ്ഞു. 
   അവള്‍ സ്വയം ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അവള്‍ തന്നെ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു.  രാവിലെ വീട്ടില്‍ എന്തൊക്കെയാണ് ചെയ്തത്. നീതുമോലെ കുളിപ്പിച്ചോ, യൂണീഫോം ധരിപ്പിച്ചോ. ഹരിയേട്ടന് ഉച്ചയൂണ് പൊതിഞ്ഞുകൊടുത്തോ. മോളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിടാന്‍ ആരാണ് പോയത്. ഹരിയേട്ടന്‍ സ്കൂട്ടറില്‍ കൊണ്ടുപോയി വിടുകയായിരുന്നോ. അതോ ഞാന്‍ തന്നെയാണോ പോയത്. ഒന്നും വ്യക്തമായി ഓര്‍ത്തെടുക്കാനാവാതെ അവളുടെ മനസ്സ് ശൂന്യമാവുകയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നില്‍ക്കുന്ന നീതുമോളുടെ ചിത്രംമാത്രം  മനസ്സില്‍ ഒരു തിരതള്ളല്‍ പോലെ കയറി വന്നുകൊണ്ടിരുന്നു.
  ഇനി എന്ത് ചെയ്യണം, എവിടേക്ക് പോകണം, ആരെ സമീപിക്കണം, ആര്‍ക്കാണ് ഇപ്പോള്‍ സഹായിക്കാനാവുക. ഒന്നിനും ഒരു വ്യക്തതവരാതെ ഒരു തീരുമാനവും എടുക്കുവാനാവാതെ അവള്‍ തരിച്ചുനിന്നു.
      “ചേച്ചീ നമുക്ക് സാറിന്റെ ഓഫീസില്‍ പോകാം. സാറിനെ കണ്ടിട്ട് തീരുമാനിക്കാം. പോലീസില്‍ പറയുകയും ചെയ്യാം. അതാണ്‌ ഇനി നല്ലത് എന്ന് തോന്നുന്നു” . ഓട്ടോക്കാരന്‍ വണ്ടി സ്റ്റാര്‍ട്ട്ചെയ്തുകൊണ്ട് പറഞ്ഞു. ഓട്ടോറിക്ഷയില്‍ നീന പാതിമാനസ്സോടെയാണ് ഇരുന്നത്. ഹരിദാസിന്റെ ഓഫീസില്‍ അദ്ദേഹം ലീവിലാണന്നു അറിഞ്ഞതോടുകൂടി നീന തളര്‍ന്നുവീണു.
     ഓട്ടോക്കാരന്‍ അവളുടെ മുഖത്ത് അല്പം തണുത്ത വെള്ളം തളിച്ചു. അവള്‍ കണ്ണുതുറന്നു നോക്കി. വണ്ടി പോലീസ്‌സ്റ്റേഷന് മുന്നില്‍ നില്‍ക്കയാണ്. അവള്‍ വണ്ടിയില്‍ നിന്നിറങ്ങി സ്റ്റേഷനിലേക്ക് ഓടി. പാറാവുകാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും സബ് ഇന്‍സ്പെക്ടറുടെ മുന്‍പിലാണ് അവള്‍ പോയി നിന്നത്. സംസാരിക്കാനാവാതെ കിതച്ചുകൊണ്ടിരുന്ന അവളുടെ മുഖത്തേക്ക് അദ്ദേഹം സൂക്ഷിച്ചുനോക്കി.
  “ഇരിക്കൂ. എന്താണ് വേണ്ടത്.” വളരെ സൌമ്യനായാണ് അദ്ദേഹം സംസാരിച്ചത്. എന്തുപറയണം എന്നറിയാതെ അവള്‍ കുഴങ്ങി. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി. കിതപ്പ് അകറ്റാന്‍ അവള്‍ മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്നും അല്പം വെള്ളം എടുത്തു കുടിച്ചു.
   പെട്ടന്ന് പുറകില്‍ നിന്നാരോ അവളുടെ തോളില്‍ സ്പര്‍ശിച്ചു. അവള്‍ തിരിഞ്ഞുനോക്കി. ഹരിയേട്ടന്‍. അടുത്ത് അമ്പരന്നു നില്‍ക്കുന്ന നീതുമോള്‍. അമ്മെ എന്നുവിളിച്ചുകൊണ്ട് നീതുമോള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. നീന നീതുവിനെ ചുമ്പനങ്ങള്‍കൊണ്ട് പൊതിഞ്ഞു. അവളുടെ കണ്ണീര്‍ തുള്ളികള്‍ നീതുവിന്റെ വസ്ത്രങ്ങള്‍ നനയിച്ചു.

     “വൈഫിനെ എത്രയും വേഗം ഒരു സൈക്കാര്ടിസ്ടിനെ കാണിക്കണം. ഒട്ടും അമാന്തിക്കരുത്. മാദ്ധ്യമങ്ങളിലൂടെ വരുന്ന പര്‍വ്വതീകരിക്കപ്പെട്ട പീഡന വാര്‍ത്തകള്‍ അവരുടെ മനസ്സിന്റെ താളം തെറ്റിച്ചിരിക്കയാണന്നു തോന്നുന്നു.”  സബ് ഇന്‍സ്പെക്ടര്‍ ഹരിദാസിന്റെ ചെവിയില്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് ഹരിദാസ്‌ ആ വാക്കുകള്‍ ശ്രവിച്ചത്.

Friday, 19 August 2016

സ്നേഹതീരം

സ്നേഹതീരം
  മയക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ഞാന്‍ കടല്‍ത്തീരത്തെ മണലില്‍ കമഴ്ന്നു കിടക്കുകയായിരുന്നു. ശാന്തമായ കടലിലെ ചെറിയ തിരകള്‍ എന്റെ കാല്‍പ്പാദങ്ങളെ തഴുകി തിരികെ പോകുന്നു. തണുത്ത കാറ്റ് വീശുന്ന പുലരി. തെങ്ങിന്‍ തലപ്പുകളില്‍ നിന്നും കൂട്ടത്തോടെ പറന്നകലുന്ന പക്ഷികള്‍. വിജനവും  അപരിചിതവുമായ ഏതോ  കടപ്പുറം. ഞാന്‍ എങ്ങനെ ഇവിടെ എത്തി?. ആരാണ് എന്നെ ഇവിടെ കൊണ്ടുവന്നു കിടത്തിയത്.? മനസ്സില്‍ ഓരോ സംശയങ്ങള്‍ ചുരമാന്തിക്കൊണ്ടിരിന്നു
     ഞാന്‍ എഴുന്നേറ്റിരുന്നു. ദേഹത്ത് പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തുടച്ചുകളഞ്ഞു.. നോക്കെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കടല്‍. കടലില്‍ വള്ളങ്ങളോ മീന്‍പിടുത്തബോട്ടുകളോ കപ്പലുകാളോ കാണാനില്ല. അകലെ മണ്‍ കൂനയില്‍ ഒരാള്‍ കിടക്കുന്നു. ആശ്വാസമായി. ഒരു മനുഷ്യജീവിയെ എങ്കിലും കണ്ടല്ലോ. ഞാന്‍ അയാളുടെ അടുത്തേക്ക് നടന്നു. ഒരു നിമിഷം ഞാന്‍ ഞെട്ടിത്തെറിച്ചു നിന്നു. അത് ഒരു ശവശരീരം ആയിരുന്നു. തല വെട്ടിമാറ്റിയ നിലയിലുള്ള ഒരു ശവശരീരം. പത്തടിയോളം അകലെ അയാളുടെ തലകിടക്കുന്നു.  കണ്ണുകള്‍ തുറന്നു നാക്ക് കടിച്ച നിലയില്‍. കൃഷ്ണമണികളില്‍ ഉറുമ്പരിച് ചാരനിറം കലര്‍ന്നിരിക്കുന്നു. സമീപത്തെല്ലാം ഉണങ്ങി കട്ടപിടിച്ച മനുഷ്യരക്തം. ഒരലര്‍ച്ചയോടെ ഞാന്‍ പുറം തിരിഞ്ഞ് ഓടി. ഈശ്വരാ എന്താണ് സംഭവിച്ചത്. ആരാണ് അയാളെ കൊലചെയ്തത്. എന്തിനായിരിക്കും അയാളെ കൊന്നത്. ഇന്നത്തെ കണി ഒരു തലയില്ലാത്ത ശവമോ. ഇതിനു ഞാന്‍ കോടതിയില്‍ സാക്ഷി പറയേണ്ടി വരുമോ. പോലീസ് എത്തുമ്പോള്‍ ഞാന്‍ സാക്ഷിയോ , പ്രതിയോ....?
        ഭയാശങ്കകളോടെ ഞാന്‍ മുന്നോട്ടോടി. വയലുകളും തെങ്ങിന്‍ തോപ്പുകളും പിന്നിട്ടു ഞാന്‍ മുന്നോട്ടോടിക്കൊണ്ടിരുന്നു.  അങ്ങിങ്ങായി ഓലമേഞ്ഞ വീടുകള്‍ കാണാം. പുറത്തു ആരെയും കാണാനില്ല. ദേഹം മുഴുവന്‍ വിയര്‍പ്പ് പൊടിയുന്നു. ശ്വാസോച്ഛ്വാസം ദ്രുതഗതിയില്‍ ആയി. തളര്‍ന്ന് അവശനായി ഞാന്‍  ഒരു വീട്ടുവരാന്തയില്‍ കയറി ഇരുന്നു. അവിടെ ആളനക്കം ഉള്ളതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ല.
  “ഇവിടെ ആരും ഇല്ലേ?”    ഞാന്‍ ഉറക്കെ വിളിച്ചുചോദിച്ചു. മറുപടി ഉണ്ടായില്ല. വീട്ടില്‍ ആരും ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ല. നിമിഷങ്ങള്‍ കടന്നുപോയി. പാതി ചാരിയിരുന്ന കതകു കാറ്റില്‍ ഇളകിയാടി. ഞാന്‍ മുറിക്കുള്ളിലേക്ക് എത്തി നോക്കി. തറയില്‍ വിരിച്ച പുല്പായയില്‍ രണ്ടുപേര്‍ കിടക്കുന്നു. ഒരു സ്ത്രീയും പുരുഷനും. ഇവര്‍ നേരം പുലര്‍ന്നത് അറിഞ്ഞില്ലന്നുണ്ടോ.? ഞാന്‍ കതകില്‍ വീണ്ടും തട്ടിക്കൊണ്ടു ഉള്ളിലേക്ക്  നോക്കി. എന്തോ ഒരു അസ്വാഭാവികത. രക്തത്തിന്റെ മണം. പുല്പ്പായയില്‍ തളം കെട്ടി നില്‍ക്കുന്ന രക്തം. കൊല്ലപ്പെട്ടിട്ട് അധികസമയം ആവാത്ത ജഡങ്ങള്‍ കണ്ടു ഞാന്‍ ഞെട്ടിത്തെറിച്ചു പുറത്തേക്കു ഓടി.
   ഇടവഴിയിലൂടെ മുന്നോട്ടോടുമ്പോള്‍ ധാരാളം ശവശരീരങ്ങള്‍ വഴിയോരത്ത് കിടക്കുന്നു. സ്ത്രീകളുടെയും, കുട്ടികളുടെയും പുരുഷന്മാരുടെയും ശവശരീരങ്ങള്‍. തലയും കൈകാലുകളും ഛേദിക്കപ്പെട്ടതും മാറുപിളര്‍ന്നു കുടല്‍മാല പുറത്തുചാടിയതുമായ ധാരാളം ശവശരീരങ്ങള്‍. രക്തം പുരണ്ട വാളുകള്‍, കത്തികള്‍, ശൂലങ്ങള്‍, പല നിറത്തിലുള്ള കൊടികള്‍. രക്തം ഒഴുകുന്ന അഴുക്കുചാലുകള്‍.  കത്തിയെരിഞ്ഞ  വീടുകള്‍, കടകള്‍. വ്യാപാരസ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ഓഫീസുകള്‍ ആരാധനാലയങ്ങള്‍. ഒരു യുദ്ധഭൂമിപോലെ എല്ലാം തകര്‍ക്കപ്പെട്ട ഗ്രാമം. മരണത്തിന്റെ ഗന്ധം തങ്ങിനില്‍ക്കുന്ന അന്തരീക്ഷം.  നാല്‍ക്കവലയില്‍ ഗാന്ധിയുടെ പ്രതിമമാത്രം തലകുനിച്ച് നില്‍ക്കുന്നു.
              ഓടിയോടി  കാലുകള്‍ കുഴഞ്ഞ്‌ ഞാനൊരു കടത്തിണ്ണയില്‍ ഇരുന്നു. കടുത്ത ദാഹം. നാവുകള്‍ വരണ്ടുണങ്ങി. എവിടെയാണ് അല്പം വെള്ളം കിട്ടുക. പേടിച്ചരണ്ട ഓട്ടത്തിനിടയില്‍ വിശപ്പും ദാഹവും മറന്നുപോയിരുന്നു. തെരുവോരത്ത് എവിടെയും ഒരു വാട്ടര്‍ ടാപ്പ്‌ പോലും കാണ്മാനില്ല. തകര്‍ന്ന് കിടക്കുന്ന ശീതളപാനീയ കടയുടെ മുന്‍പില്‍ പൊട്ടാതെ കിടക്കുന്ന ഒരു വെള്ളക്കുപ്പി എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈശ്വരന് നന്ദി പറഞ്ഞുകൊണ്ട് ആ കുപ്പിയിലെ വെള്ളം മുഴുവന്‍ ആര്‍ത്തിയോടെ കുടിച്ചു. ചിതറികിടക്കുന്ന പഴങ്ങള്‍ക്കിടയില്‍ നിന്നും രണ്ടു കേടുപറ്റാത്ത  ആപ്പിള്‍ എടുത്ത് വസ്ത്രത്തില്‍ തുടച്ചു വൃത്തിയാക്കി കടിച്ചു തിന്നുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. ശവശരീരങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കും ചപ്പുചവറുകള്‍ക്കും ഇടയിലൂടെ കലാപഭൂമിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന സ്യൂസ്‌ ചാനല്‍ ക്യാമറാമാന്‍റെ ഔത്സുക്യത്തോടെ ചുവടുകള്‍ വെച്ചു.
   ആ ഗ്രാമം ഒരു ചെറിയ ദ്വീപ്‌ ആയിരുന്നു. നാലുവശത്തും കടലിനാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപ്‌. രണ്ടോമൂന്നോ കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ഒരു ചെറിയ തുരുത്ത്. വഞ്ചികളും വലകളും വ്യാപകമായി തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
   ജീവനുള്ള ഒരു മനുഷ്യനെയും അവിടെ കണ്ടില്ല. വര്‍ഗ്ഗീയതയുടെയോ വംശീയതയുടെയോ രാഷ്ട്രീയത്തിന്റെയോ വിഷം പുരണ്ട മനസ്സുമായി പരസ്പരം പോരടിച്ച് നാമാവശേഷമായ ഒരു ആധുനിക സമൂഹത്തിന്റെ തിരുശേഷിപ്പുകള്‍ മാത്രം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രച്ചരിപ്പിക്കേണ്ട ദേവാലയങ്ങള്‍ ആയുധശാലകളാക്കി മാറ്റിയ തീവ്രവാദത്തിന്റെ പരിണതഫലങ്ങള്‍ അവിടെ വീണ ഓരോ തുള്ളിചോരയിലും പ്രതിഫലിച്ചുകാണാം. രാഷ്ട്രീയകക്ഷികളുടെ കൊടികള്‍ക്കൊപ്പം മതചിഹ്ന്നങ്ങളും സ്ഥാനംപിടിച്ചപ്പോള്‍ സോഷ്യലിസവും കമ്മ്യൂണിസവും ജനാധിപത്യവും കശാപ്പുചെയ്യപ്പെട്ടു. അവിടെ വര്‍ഗ്ഗീയതയുടെ കഴുകന്മാര്‍ ചോരക്കണ്ണുകളുമായ് വട്ടമിട്ടു പറക്കാന്‍ തുടങ്ങി. . മരണത്തിന്റെ ഗന്ധം നിറഞ്ഞ ഗ്രാമങ്ങള്‍ക്ക്  മേലെ മാംസക്കൊതിയോടെ പറന്നുനടക്കുന്ന കഴുകന്മാരുടെ ചിറകടികള്‍ ഒരു രണഭേരി പോലെ മുഴങ്ങി.
   തകര്‍ക്കപ്പെട്ട ഒരു ബാങ്ക്. രക്തം പുരണ്ട കറന്സിനോട്ടുകള്‍ ചിതറിക്കിടക്കുന്നു. ഞാന്‍ നോട്ടുകള്‍ കൈയ്യിലെടുത്തു നോക്കി. ഗാന്ധിജിയുടെ ചിത്രം ആലേഖനംചെയ്ത ഇന്ത്യന്‍ റുപ്പീനോട്ടുകള്‍. ഈ നോട്ടുകള്‍ ഇവിടെ ഉപയോഗശൂന്യമാണ്. പണത്തിന് വിലയുണ്ടാവുന്നത് അത് കൊടുക്കുകയോ വാങ്ങുകയോ ചെയ്യാന്‍ ആളുണ്ടാവുംപോളാണ്. അത് വിനിമയം ചെയ്യാന്‍ സാധിക്കണം. ഈ ശ്മശാനഭൂമിയില്‍ ഈ കറന്സിനോട്ടുകള്‍ക്ക് വെറും കീറക്കടലാസിന്റെ വിലപോലും ഇല്ല. ഈ ദ്വീപിനു പുറത്ത് ഇതുകൊണ്ട്പോയാല്‍  പ്രയോജനം ഉണ്ടാവും. ശേഷിച്ച കാലം ആഘോഷമായി ജീവിക്കാം.
   തേടിനടന്ന്  സഞ്ചികള്‍ സംഘടിപ്പിച്ച്‌ കറന്സിനോട്ടുകള്‍ ഞാന്‍ വാരിക്കൂട്ടി. സഞ്ചി നിറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ മുന്നോട്ട് നടന്നു. പ്രതീക്ഷിച്ചതുപോലെ ഒരു സ്വര്‍ണക്കട. അടുത്തസഞ്ചിയില്‍ ആവുന്നത്ര സ്വര്‍ണം ശേഖരിച്ചുകഴിഞ്ഞപ്പോള്‍ മനസ്സ് ആനന്ദം കൊണ്ട് നിറഞ്ഞു. ഇത്രയും ധനം ആദ്യമായി ഒരുമിച്ചു കാണുകയാണ്. ഇവയെല്ലാം ഇനി എനിക്ക് സ്വന്തം. രണ്ടു സഞ്ചികള്‍ നിറയെ വാരിക്കൂട്ടിയ സമ്പാദ്യവുമായി  മോന്നോട്ടു നടക്കുക ബുദ്ധിമുട്ടായിരുന്നു. സഞ്ചികളുടെ ഭാരം വളരെ കൂടുതലായിരുന്നു.  ഇനി ഇവിടെ നിന്ന് രക്ഷപെടണം. എങ്ങനെ രക്ഷപെടും എന്ന് ഒരു ആശയവും മനസ്സില്‍ ഉണ്ടായിരുന്നില്ല. കടല്‍ത്തീരം ലക്ഷ്യമാക്കി ഞാന്‍ നടന്നു.
    എവിടെയോ ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍. എവിടെനിന്നാണ് ആ ശബ്ദം കേട്ടതെന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി. കുട്ടിയുടെ കരച്ചില്‍ വീണ്ടും മുഴങ്ങി. ഞാന്‍ സഞ്ചികള്‍ രണ്ടും താഴെയിട്ടു ശബ്ദം കേട്ട ദിക്കിലേക്ക് ഓടി. അവിടെ ഒരു സ്ത്രീയുടെ മൃതശരീരരത്തില്‍ പറ്റിച്ചേര്‍ന്നു കിടന്നു ഒരു കുഞ്ഞ് കരയുന്നു. അമ്മയുടെ മുലപ്പാല്‍ കുടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ആ പിഞ്ചുകുഞ്ഞ്‌ എന്നെ നിരാശയോടെ നോക്കി. എന്നെ കണ്ടതും കുട്ടിയുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം കണ്ടു. അവന്‍ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. ഒരു ആകര്‍ഷണവലയത്തില്‍ അകപ്പെട്ടതുപോലെ ഞാനാ കുട്ടിയെ കൈയ്യിലെടുത്തു. ഈ ദ്വീപില്‍ കാണാന്‍ കഴിഞ്ഞ ജീവനുള്ള ഏക മനുഷ്യജീവി. മരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ടവന്‍ . വാട്ടര്‍ ബോട്ടിലില്‍ അവശേഷിച്ചിരുന്ന വെള്ളം ഞാന്‍ അവനുകൊടുത്തു. അവന്‍ അത് കുടിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. കുട്ടിയേയും എടുത്ത് സഞ്ചികള്‍ രണ്ടും വലിച്ചുകൊണ്ട് ഞാന്‍ കടപ്പുറത്തേക്ക് നടന്നു.
       കടല്‍ ശാന്തമായിരുന്നു. കടലില്‍ നിന്നടിക്കുന്ന കാറ്റിനു നേരിയ തണുപ്പുണ്ടായിരുന്നു. കടലോരത്തെ ഒരു തെങ്ങിന്‍ തണലില്‍ ഞാനിരുന്നു. കടലിന്റെ അഗാധനീലിമയില്‍ നോക്കി എത്ര നേരമിരുന്നാലും വിരസത തോന്നുകയില്ല. പക്ഷേ, ഇപ്പോള്‍  ഇവിടെനിന്നു രക്ഷപെടുക എന്ന വിചാരം മാത്രമാണ് മനസ്സില്‍. കുട്ടി എന്റെ നെഞ്ചില്‍ പറ്റിക്കിടന്നു നല്ല ഉറക്കത്തിലാണ്. ദാഹവും വിശപ്പും മാറിയ ഉടനെ അവന്‍ മയക്കം ആരംഭിച്ചു.
     കടലില്‍ നിന്നും ഒരു തോണി കരയെ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു. ഞാന്‍ കൈവീശി കാണിച്ചു. കൈയ്യിലുണ്ടായിരുന്ന ചുവന്ന തൂവാല തലയ്ക്കു മുകളില്‍ വീശിക്കാണിച്ചു. തോണി തുഴയുന്ന   ആള്‍ എന്നെ കണ്ടു എന്ന് തോന്നുന്നു. തോണി ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് തന്നെയാണ് വരുന്നത്. മനസ്സില്‍ വലിയ സന്തോഷം തോന്നി. കനത്ത മഴയ്ക്ക് തയ്യാറെടുക്കുന്നത് പോലെ അന്തരീക്ഷത്തില്‍ കാര്‍മേഘം വന്നു മൂടിയിട്ടുണ്ട്. ഇടിമിന്നലിനൊപ്പം തണുത്ത കാറ്റും. എത്ര കനത്ത പേമാരി പെയ്താലും ഇവിടെ നിന്ന് എത്രയും വേഗം രക്ഷപെടണം. തോണി വിലക്ക് വാങ്ങിയെങ്കിലും  രക്ഷപെടണം. നാട്ടില്‍ തിരിച്ചെത്തണം. ശേഷിക്കുന്ന കാലം ഒരു ധനവാനായി ജീവിക്കണം. കുട്ടിയെ ഏതെന്കിലും അനാഥാലയത്തില്‍ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ കുട്ടികളില്ലാത്ത ഏതെന്കിലും ദമ്പതികള്‍ക്ക് കൊടുക്കാം.
      തോണി അടുത്തെത്തി. അതില്‍നിന്നും തിളങ്ങുന്ന ഉടയാടകള്‍ അണിഞ്ഞ ഒരു സുന്ദരി പുഞ്ചിരിയോടെ ഇറങ്ങിവന്നു. അവളോട്‌ ചോദിക്കാന്‍ കരുതിവെച്ചതെല്ലാം വിസ്മൃതില്‍ ലയിച്ചു.
അവളുടെ മാസ്മരികത നിറഞ്ഞ പുഞ്ചിരിയില്‍ ഞാന്‍ എല്ലാം മറന്നു. സ്വര്‍ണനിറമുള്ള അവളുടെ തലമുടി കാറ്റില്‍ പാറിക്കളിക്കുന്നു. അവള്‍ അടുത്ത് വന്നപ്പോള്‍ പരിസരമാകെ സുഗന്ധം പരക്കുന്നു.
   “വരൂ ഞാന്‍ ഞിങ്ങളെ അക്കരെ എത്തിക്കാം” അവളുടെ പട്ടുപോലെയുള്ള സ്വരം.
  “നില്‍ക്കൂ. എന്താണ് സഞ്ചിയില്‍.?”
സുന്ദരിയുടെ കണ്ണുകളില്‍ ക്രോധത്തിന്റെ തീനാളങ്ങള്‍.
ഞാന്‍ സഞ്ചി രണ്ടും തുറന്നുകാണിച്ചു.
“ഇല്ലാ... ഇതൊന്നും തോണിയില്‍ കയറ്റാനാവില്ല. ഇവയൊന്നും നിനക്ക് അവകാശപ്പെട്ടതല്ല. അവ നിനക്ക് ദോഷമേ ചെയ്യൂ.”
 “ ഈ ധനം നാട്ടിലെത്തിച്ചാല്‍ ഇതുകൊണ്ട് എനിക്ക് ആയുഷ്കാലം സുഖമായി ജീവിക്കാം.”
 “അത് നിന്റെ വ്യാമോഹമാണ്. നിനക്കൊരിക്കലും സ്വസ്ഥത ലഭിക്കില്ല. നിന്റെ ജീവിതം ദുരന്തങ്ങളുടെ ഘോഷയാത്രയായിരിക്കും. പിന്നെ ഈ തോണിയില്‍ അധിക ഭാരം കയറ്റാനാവില്ല.”
   ഞാന്‍ സംശയിച്ചുനിന്നു. അവളുടെ ആജ്ഞാശക്തിയുള്ള നോട്ടം എന്നെ തളര്‍ത്തി.
“ഇതിന്റെ പകുതി ഞാന്‍ ഭവതിക്ക് തരാം”
“ഇല്ലാ.... എന്റെയടുത്ത് നിന്റെ പ്രലോഭനങ്ങള്‍ ഒന്നും വേണ്ട.”
ഞാന്‍ സഞ്ചികള്‍ രണ്ടും വലിച്ചെറിഞ്ഞു. ധനമല്ല പ്രധാനം. ജീവന്‍ രക്ഷിക്കുക എന്നതാണ്.തോളില്‍ ഉറങ്ങിക്കിടന്ന കുട്ടി ഉറക്കം തെളിഞ്ഞു കരയാന്‍ തുടങ്ങി.  കുട്ടിയെ സ്വാന്തനിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ തോണിയില്‍ കയറി.
“ നില്‍ക്കൂ.. ആരുടെതാണ് ഈ കുട്ടി. നീയിതിനെ എവിടെ കൊണ്ടുപോകുന്നു. ഈ കുട്ടിയുടെ ഭാരം കൂടി വഹിക്കാന്‍ ഈ തോണിക്കാവില്ല. അതിനെക്കൂടി ഉപേക്ഷിക്കുക.”
   ഞാനവളുടെ കണ്ണുകളിലേക്ക് രോഷത്തോടെ നോക്കി. ഇവള്‍ ഒരു സ്ത്രീ തന്നെയോ. ഒരു സ്ത്രീക്കും ഇത്തരത്തില്‍ പെരുമാറാന്‍ ആവില്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു അനാഥശിശുവിനെ വഴിയില്‍ ഉപേക്ഷിക്കുവാന്‍ ആജ്ഞാപിക്കുന്ന ഇവള്‍ ഒരു മനുഷ്യസ്ത്രീയല്ല.
   “എന്താണ് നീ സംശയിച്ച്‌ നില്‍ക്കുന്നത്. അതിനെക്കൂടി ഉപേക്ഷിക്കുക. എന്നിട്ട് വന്നു തോണിയില്‍ കയറൂ. എനിക്ക് തിടുക്കമുണ്ട്.”
   “ഇല്ല ... ഈ കുട്ടിയെ ഞാന്‍ ഉപേക്ഷിക്കുകയില്ല. ഈ ദ്വീപില്‍ ജീവനോടെയുള്ള ഏക മനുഷ്യജീവി ആണിവന്‍. ഇവനെ ഉപേക്ഷിച് എനിക്ക് മാത്രം രക്ഷപെടെണ്ട. ഇക്കാര്യത്തില്‍ എനിക്ക്  ഭവതിയെ  അനുസരിക്കാന്‍ ആവില്ല.
    “ഇവന്‍ ഏതുജാതി, മതം, ഗോത്രം എന്ന് അന്വേഷിച്ചുവോ.?”
“ഇല്ല”
“അതാണ്‌ ഞാന്‍ പറഞ്ഞത്. എന്നെ അനുസരിക്കൂ. സ്വയം രു വിഡ്ഢിവേഷം കേട്ട ആടേണ്ട കാര്യമില്ല. നിന്റെ നന്മക്ക് വേണ്ടിയാണ് ഞാന്‍ പറയുന്നത്.”
       “ഇവന്‍  ഏതുജാതി, മതം, ഗോത്രം എന്നതു എനിക്ക് പ്രശ്നമല്ല. പിന്നെ എന്റെ നന്മ മാത്രം ഞാന്‍ നോക്കുന്നില്ല. ഇവന്‍ ഇപ്പോള്‍ എനിക്ക് സ്വന്തം. ഇവനെ ഇവിടെ ഉപേക്ഷിച്ചിട്ട് എനിക്ക് മാത്രം ഇവിടെനിന്ന് രക്ഷപെടേണ്ട. ഇവന്റെ നിഷ്കളങ്കമായ മുഖം ഭവതി കാണുന്നില്ലേ. കരഞ്ഞുകലങ്ങിയ കണ്ണുകള്‍ കാണുന്നില്ലേ. അവ ഞിങ്ങളുടെ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ലേ.?”
         എന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള വാക്കുകള്‍ അവള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുന്നിന്നു. ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
  “വരൂ , കടന്നിരിക്കൂ.”

     അവള്‍ എന്നെ സ്നേഹപൂര്‍വ്വം തോണിയിലേക്ക് ക്ഷണിച്ചു. ഞാന്‍ തോണിയില്‍ കടന്നിരുന്നു. അലകളെ മുറിച്ചുകൊണ് തോണി സാവധാനം മുന്നോട്ടു നീങ്ങി. അന്തരീക്ഷത്തിലെ മഴക്കാറെല്ലാം അപ്രത്യക്ഷമായി. മാനം തെളിഞ്ഞു. പുതിയ ഒരു സ്നേഹതീരം തേടി എന്റെ യാത്ര ഇവിടെ തുടങ്ങുന്നു.

Saturday, 2 July 2016

 അനന്തരം
      മെഡിക്കല്‍ ഐ.സീ.യൂ വിന് മുന്നില്‍ നിരത്തിയിട്ട കസേരകളില്‍ നിറയെ ആളുകള്‍ കാത്തിരിക്കയാണ്. വാതില്‍ തുറന്നു വരുന്ന നെഴ്സിനെയും കാത്ത് അക്ഷമരായി ഇരിക്കുന്നു. കൃത്യം ഏഴു മണിക്ക് പേര് വിളിക്കും എന്നാണു അറിയാന്‍ കഴിഞ്ഞത്. ഒരാള്‍ക്ക്‌ അഞ്ചു മിനിട്ടാണ് രോഗിയെ സന്ദര്‍ശിക്കുവാന്‍ സമയം  അനുവദിക്കുന്നത്. അവര്‍ തരുന്ന നീല നിറത്തിലുള്ള കോട്ടും, വായും മൂക്കും മൂടുന്ന ആന്ടിപൊലൂഷന്‍ മാസ്കും അണിഞ്ഞു വേണം ഉള്ളില്‍ കയറാന്‍.
        അടുത്ത സീറ്റുകളില്‍ ഇരിക്കുന്നവര്‍ എല്ലാം പരിചയക്കാര്‍ തന്നെ. മണിക്കൂറുകളുടെ പരിചയംമാത്രം എന്ന് പറയാം. സ്വകാര്യ ആശുപത്രിയുടെ ഐ.സീ യൂ വില്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ നട്ടം തിരിയുന്നവരുടെ പ്രിയപ്പെട്ടവര്‍. പരസ്പരം വിശേഷങ്ങള്‍ ആരാഞ്ഞും സമാശ്വസിപ്പിച്ചും സ്വന്തം കഷ്ടതകള്‍ പറഞ്ഞും കേട്ടും സമയം കളയുന്നവര്‍.
   അച്ഛനാണ്‌ മരണശയ്യയില്‍ കിടക്കുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞു ഇടയ്ക്കിടെ ബോധവും ഓര്‍മയും നഷ്ടപ്പെട്ട് ദിവസ്സങ്ങള്‍ എണ്ണുന്നത്. എത്ര ആരോഗ്യവാനായിരുന്നു അച്ഛന്‍. എല്ലാ കാര്യത്തിനും ഓടിച്ചാടി നടന്നിരുന്നു. സുഖമില്ല എന്ന ഒരു വാക്ക് അച്ഛന്‍ പറയുന്നത് കേട്ടിട്ടില്ല. രക്തസമ്മര്‍ദ്ദത്തിന് മരുന്ന് സ്ഥിരമായി കഴിക്കുന്നതല്ലാതെ മറ്റൊരസുഖവും വന്നതായി ഓര്‍മയിലില്ല.
     ഒരു കാര്യവും പിന്നീട് ചെയ്യാം എന്ന് പറഞ്ഞു മാറ്റി വെച്ചിട്ടില്ല. അലസത അദ്ദേഹത്തിന് അറിയില്ലായിരുന്നു. വളരെ നിശ്ചയദാര്‍ഡ്യം ഉള്ള മനുഷ്യന്‍. ഒരു തീരുമാനത്തില്‍ നിന്നും പിന്നോക്കം പോകുന്ന പ്രശ്നമില്ല. പറഞ്ഞതില്‍നിന്ന് നിന്ന് അണുവിട വ്യതിചലിക്കില്ല. ആ പിടിവാശിയാണ് ഞങ്ങളെ തമ്മില്‍ തെറ്റിച്ചത്. വാശിയുടെ കാര്യത്തില്‍ ഞാനും ഒട്ടും പുറകിലല്ല. അതാണ്‌ പിന്നീട് വളരെ നീണ്ട പിണക്കത്തിലേക്ക് നയിച്ചത്. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നപ്പോള്‍ വാശിയും കൂടി കൂടിവന്നു..
  വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അമ്മയുടെ കാന്‍സര്‍ ചികില്‍സക്കായി പണം ഉണ്ടാക്കാന്‍ ഓടി നടന്ന സമയം അപ്രതീക്ഷിതമായാണ്  അച്ഛന്‍ ആ വാക്കുകള്‍ പറഞ്ഞത്. ഡോക്ടര്‍ക്ക് പോലും ജീവന്‍ രക്ഷിക്കാം എന്ന് ഉറപ്പില്ലാത്ത ഒരു ചികില്‍സക്ക് ഉള്ള വീട് വിറ്റ് പണമുണ്ടാക്കേണ്ട എന്ന്. മുപ്പത് വര്‍ഷക്കാലം ഒരേ മനസ്സും ശരീരവുമായി നടന്ന ദമ്പതികള്‍  ആയിരുന്നു അവര്‍. ഒരിക്കലും വഴക്കടിക്കാതെ സ്നേഹം കൊണ്ട് പരസ്പരം വീര്‍പ്പുമുട്ടിച്ചവര്‍. മൂന്നുമക്കളെ പെറ്റുവളര്ത്തി പഠിപ്പിച്ചവര്‍. അച്ഛന്‍ ഇത്രയും നാളും കാണിച്ച സ്നേഹം എല്ലാം വെറും നാട്യം മാത്രം ആയിരുന്നോ.? മനസ്സില്‍ നിറയെ സ്വത്തിനോടുള്ള ആര്‍ത്തി ആയിരുന്നോ? അതോ വീട് വിറ്റ് ചികിത്സിച്ചാലും ഭാര്യ രക്ഷപെടില്ല എന്ന ആശങ്കയോ.? കുട്ടികളുമായി വീണ്ടും വാടകവീടുകളില്‍ കഴിയേണ്ടിവരും എന്ന ചിന്തയോ?
    എന്തായാലും അച്ഛനോട് യോജിക്കാന്‍ എനിക്കാവുമായിരുന്നില്ല. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങുക തന്നെ ചെയ്തു. വീട് വില്‍ക്കുന്നതിനെക്കുറിച്ച് പിന്നീട് ഞങ്ങള്‍ സംസാരിച്ചില്ല. പണം എവിടെ നിന്ന് ഉണ്ടാക്കുന്നു എന്ന് അച്ഛന്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല. ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചുമില്ല. ഒരു സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും എനിക്ക് പണം കടം തരാന്‍ മടിയുണ്ടായിരുന്നില്ല. കൂടെ ജോലി ചെയ്തിരുന്നവര്‍ കൂടുതലും അവിവാഹിതര്‍ ആയിരുന്നതിനാല്‍ ചോദിച്ച ഉടനെ തന്നെ എ. ടീ എമ്മില്‍ കയറി പണം എടുത്ത് തരികയായിരുന്നു.
             ആശുപത്രിയില്‍ കട്ടിലിനു തലക്കല്‍ അച്ഛന്‍ എപ്പോഴും ഉണ്ടായിരുന്നു. ഒരു കാവല്‍ക്കാരനെ പോലെ. അമ്മയുടെ മരണംവരെ.  ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ വെറുപ്പാണ് തോന്നിയത്.
     “ലിമ്ഫൊബ്ലാസ്ടിക് ലുകീമിയ” ആയിരുന്നു അമ്മയുടെ അസുഖം. മജ്ജയിലുള്ള വെളുത്ത കോശങ്ങളെ ബാധിക്കുന്ന ഒരു അസുഖം. ഡോക്ടര്‍മാരുടെ ഒരു പാനല്‍ ചര്‍ച്ച ചെയ്താണ് ചികില്‍സ നിശ്ചയിച്ചത്. കീമോതെറാപ്പി ചെയ്യണം. ഓരോ സ്റ്റേജിലെയും  ചികില്‍സകഴിയുമ്പോള്‍ രോഗിക്കുണ്ടാവുന്ന മാറ്റങ്ങളെയും അടുത്ത സ്റ്റേജിലെ ചികില്‍സക്ക് മുന്‍പായി കൊടുക്കേണ്ട ഇടവേളകള്‍. ഇടവേളകളില്‍ അണുബാധയെ ചെറുക്കാനുള്ള മുന്‍കരുതലുകള്‍, ചികില്‍സക്ക് വേണ്ടി വരുന്ന ഭീമമായ ചിലവുകള്‍ എല്ലാം ഡോക്ടര്‍മാര്‍ വിശദമായി തന്നെ പറഞ്ഞുതന്നു. ഡോക്ടറോട് സംസാരിക്കുമ്പോള്‍ അച്ഛന്‍ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. എല്ലാം മൂളിക്കേട്ടു സമ്മതം അറിയിച്ചാണ് അച്ഛന്‍ പുറത്തു വന്നത്. പക്ഷെ രണ്ടു ദിവസത്തിന് ശേഷം ചികില്‍സക്ക് ഭീമമായ തുക മുടക്കുന്നതിലുള്ള അഭിപ്രായവത്യാസം അച്ഛന്‍ തുറന്നു  പറയുകയായിരുന്നു.
        ഇരുപത് വര്‍ഷക്കാലം വടകവീടുകളില്‍ ആയിരുന്നു താമസം. വര്‍ഷാവര്‍ഷം വീടുകള്‍ മാറിക്കൊണ്ടിരുന്നു. ആദ്യം അഞ്ചുസെന്റ് സ്ഥലം വാങ്ങി. അതിന്റെ കടങ്ങള്‍ തീര്ന്നുകഴിഞ്ഞാണ് വീട് പണിയെക്കുറിച്ച് ആലോചിക്കുന്നത് തന്നെ. അച്ഛന്‍ ഒരു ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്. അമ്മ ഒരു തയ്യല്‍ കടയില്‍ പണിക്ക് പോയിരുന്നു. രണ്ടു പേരുടെയും ഉത്സാഹം കൊണ്ടാണ് ചേച്ചിയെ കുഴപ്പമില്ലാതെ കെട്ടിച്ചുവിടാന്‍ സാധിച്ചത്. വീട് പണി തീര്‍ന്ന് കേറിത്താമസവും കഴിഞ്ഞു അഞ്ചാറു മാസം കഴിഞ്ഞാണ് അമ്മക്ക് അസുഖം ബാധിക്കുന്നത്. വിട്ടുമാറാത്ത പനികാരണമാണ് ഒരു ഫിസീഷിയനെ കാണാന്‍ തീരുമാനിച്ചത്. രക്തം പരിശോധിക്കാന്‍ എടുത്ത ലാബ് ടെക്നീഷ്യന്‍ ആണ് ഒരു സംശയം പറഞ്ഞത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിശദമായ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കയായിരുന്നു.     “ലിമ്ഫൊബ്ലാസ്ടിക് ലുകീമിയ. നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സിക്കാന്‍ സാമ്പത്തികം അനുവദിക്കാത്ത സാഹചര്യത്തില്‍ ശ്രീചിത്രയിലെ ഗംഗാധരന്‍ ഡോക്ടറെ കാണുകയായിരുന്നു.
        രോഗികളുമായി ഒരു നല്ല സ്നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഡോക്ടര്‍ ഗംഗാധരന്‍ ഒരു നല്ല മനുഷ്യസ്നേഹികൂടി  ആയിരുന്നു. ആരെയും പെട്ടന്ന്  മരണത്തിന് വിട്ടുകൊടുക്കാതെ കഴിവിന്റെ പരമാവധി അദ്ദേഹം ശുസ്രൂഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള വാക്കുകള്‍ ഓരോ രോഗിയിലും നല്ല ആത്മവിശ്വാസം നല്‍കിയിരുന്നു. ജീവിതം കൈവിട്ടുപോകില്ല എന്ന വിശ്വാസം ഓരോ രോഗിയിലും ഉണ്ടാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
            ഓരോ തവണ ചികില്‍സ കഴിഞ്ഞുള്ള മടക്കവും അയല്‍വാസിയും അച്ഛന്റെ സുഹൃത്തും ആയ സെയ്ദലവിയുടെ അംബാസഡര്‍ കാറിലായിരുന്നു. ജാതിമത ചിന്തകള്‍ക്ക് അതീതമായ ഒരു സൌഹൃദം അവര്‍ നിലനിര്‍ത്തിയിരുന്നു. ഇന്ധനം നിറക്കാനുള്ള പണം മാത്രമാണ് സെയ്ദലവിയിക്കാ പ്രതിഫലമായി വാങ്ങിയിരുന്നത്. വീട്ടിലെത്തി അടച്ചിട്ട മുറിയില്‍ സന്ദര്‍ശകരെ ആരെയും അനുവദിക്കാതെയുള്ള കിടപ്പ് അമ്മക്ക് അസഹനീയം ആയിരുന്നു. ഓരോ സ്റ്റേജ് ചികില്‍സ കഴിയുന്തോറും അമ്മ കൂടുതല്‍ അവശതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. തലമുടി കൊഴിയുകയും ശരീരം മെലിഞ്ഞ്‌ വിളര്‍ച്ച ബാധിക്കുകയും ചെയ്തു. കൈത്തണ്ടയില്‍ സൂചി കുത്തിയിരുന്ന സ്ഥലം കരിവാളിച്ച് കിടക്കുന്നു എന്ത് ഭക്ഷണം കഴിച്ചാലും ഉടനെ ചര്ട്ടിക്കുന്ന അവസ്ഥ. ഒരു ദിവസം അമ്മ രാവിലെ ഉറക്കമുണര്‍ന്നില്ല. ആറുമണിക്ക് കഴിക്കുവാനുള്ള ഗുളികയുമായി അച്ഛന്‍ തൊട്ടുവിളിച്ചപ്പോള്‍ അമ്മ ഉറക്കത്തിലായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം. അച്ഛന്റെ അലര്‍ച്ച കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. അമ്മയുടെ ശരീരത്തില്‍ കെട്ടിപ്പിടിച്ച്‌ അച്ഛന്‍ കരയുകയായിരുന്നു. ഡോക്ടര്‍ വന്നു മരണം സ്ഥിരീകരിച്ചു.
     വര്‍ഷങ്ങള്‍ക്കുശേഷം ആശുപത്രിവരാന്ധയില്‍ വീണ്ടും കാത്തിരിക്കയാണ്. ഇത്തവണ ഊഴം കാത്തു കിടക്കുന്നത് അച്ചനാണന്നു മാത്രം.
“രാജപ്പന്റെ ആളാരെങ്കിലും വന്നിട്ടുണ്ടോ?”
നേഴ്സിന്റെ ശബ്ദം കേട്ട് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. അവര്‍ തന്ന മാസ്കും ക്യാപ്പും കോട്ടുമണിഞ്ഞു ഞാന്‍  ഐ.സീ.യൂവിന്റെ ഉള്ളിലേക്ക്  നടന്നു. ശീതീകരിച്ച ഹാളിനുള്ളില്‍  ആറു കട്ടിലുകള്‍. നിറയെ ഓരോ മെഡിക്കല്‍ ഉപകരണങ്ങള്‍. മീറ്ററുകള്‍. ഓക്സിജന്‍ സിലിണ്ടര്‍, ട്യൂബുകള്‍. ഡിസ്പ്ലേ യൂണിറ്റുകള്‍.
 അച്ഛന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ആഗതനെ കണ്ടു തിരിച്ചറിഞ്ഞില്ല. “ഞാന്‍ മോഹനന്‍ ആണ്.”
അച്ഛന്‍ ചിരിക്കാന്‍ ശ്രമിച്ചു.
“ഇപ്പോള്‍ എങ്ങനെയുണ്ട്?”
“ആശ്വാസം..... തോന്നുന്നുണ്ട്.”
“വിശപ്പ്‌ ഉണ്ടോ?”
“ഇല്ല.”
“വേഗം സുഖമാവട്ടെ. ഇനി വീട്ടില്‍ പോയി വിശ്രമിക്കാം.”
“പിള്ളേര്... വന്നിട്ടുണ്ടോ?”
“ഇല്ല. ഞാന്‍ ഒറ്റക്കാണ് വന്നത്. രവി പുറത്തു ഇരിക്കുന്നുണ്ട്.”
“എനിക്ക് ഒരു..... കാര്യം പറയാനുണ്ട്. ....അധികം ബാധ്യത..... ഒന്നും വരുത്തരുത്. ...ഞാന്‍ ഇനി ....രക്ഷപെട്ടിട്ടു എന്തിനാ?...... വീട് ഒരിക്കലും ......വിക്കരുത്. നിന്റെ........ അമ്മയുടെ ......സമ്പാദ്യമാണ്. അത്..... ഒരിക്കലും വില്‍ക്കില്ലെന്ന് .....അമ്മ എന്നെക്കൊണ്ട്..... സത്യം ചെയ്യിച്ചിരുന്നു...... അതാണ്‌ ഞാന്‍ അന്ന്.....  അങ്ങനെ ....പറഞ്ഞത്. നിനക്ക് ഇപ്പോഴും ....പിണക്കം ഉണ്ടന്നറിയാം.  സാരമില്ല...... ഞാന്‍ ഡോക്ടറോട്...... ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത്...... നിന്നോട് പറയും.”
    അച്ഛന്റെ ശബ്ദം പലപ്പോഴും തൊണ്ടയില്‍ കുടുങ്ങി. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വിക്കി വിക്കി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് മനസ്സ് മരവിച്ചുപോയി. അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാനായി അച്ഛന്‍ വീട് വില്‍ക്കാന്‍ സമ്മതിക്കാതിരിക്കയായിരുന്നു. അച്ഛനെ തെറ്റിദ്ധരിച്ചു.  നീണ്ട ഇരുപതു വര്ഷം ഞാന്‍ അച്ഛനെ അവഗണിച്ച് ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. എന്ത് മഹാപാപമാണ് ഞാന്‍ ചെയ്തത്. വാര്‍ദ്ധക്യത്തില്‍ കിട്ടേണ്ട സ്നേഹവും പരിചരണവും കേവലം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ഞാന്‍ മനപ്പൂര്‍വ്വം നിഷേധിക്കയായിരുന്നു.
  “അച്ഛന്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ അച്ഛനെ തെറ്റിദ്ധരിച്ചു.” ഞാന്‍ പറഞ്ഞതൊന്നും അച്ഛന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. വീണ്ടും അബോധാവസ്തയിലേക്ക് വഴുതിവീണ്‌ കഴിഞ്ഞു. ഞാന്‍ അച്ഛനെ കുലുക്കി വിളിക്കാന്‍ ഒന്നും ശ്രമിച്ചില്ല. വിളിച്ചിട്ട് കാര്യമില്ലന്ന് അറിയാം. വീണ്ടും മയക്കം വിട്ടുണരാന്‍  മണിക്കൂറുകള്‍ എടുക്കും. ഞാന്‍ കാത്തുനില്ക്കാതെ ഡോക്ടറുടെ കാബിനിലേക്ക് നടന്നു.
           ഡോക്ടര്‍ ഐസക്‌ ഏതോ കേസ്‌ ഷീറ്റ് മറിച്ചു നോക്കിക്കൊണ്ടിരിക്കയാണ്. ഞാന്‍ ഡോക്ടറുടെ മുന്നില്‍ കസേര നീക്കിയിട്ട് ഇരുന്നു.
  “രാജപ്പന്റെ മകനാണല്ലേ? എന്ത് ചെയ്യുന്നു.?”
“ഞാന്‍ കളക്ട്രേറ്റില്‍ യൂടി ക്ലാര്‍ക്ക്‌ ആണ്.”
    “സംഗതി അല്പം സീരിയസ് ആണ്.. രക്തത്തില്‍ ഒക്സിജെന്‍റെയും സോഡിയത്തിന്റെയും  അളവ് ഒത്തിരി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പ്രഷറൈസ്ട് ഓക്സിജന്‍ ആണ് കൊടുക്കുന്നത്.  ശ്വാസകോശങ്ങളുടെ ഓക്സിജന്‍ സ്വീകരിക്കാനുള്ള കപാസിറ്റി കുറഞ്ഞിരിക്കയാണ്. ഈ നില തുടര്‍ന്നാല്‍ ഏതു സമയവും എന്തും സംഭവിക്കാം. ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പിന്നെയെല്ലാം വിധി എന്ന് സമാധാനിക്കുക.”
  അച്ഛന്‍ രക്ഷപെടും എന്ന് തന്നെയായിരുന്നു മനസ്സില്‍. പക്ഷെ ഡോക്ടറുടെ വാക്കുകള്‍ സകല പ്രതീക്ഷകളും തെറ്റിച്ചിരിക്കുന്നു. ഏതു സമയത്തും മരണം സംഭവിക്കാവുന്ന അവസ്ഥ. ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കയാണ്. അദ്ദേഹം കേസ്‌ ഷീറ്റില്‍ എന്തൊക്കെയോ എഴുതുന്ന തിരക്കിലാണ്. കണ്ണില്‍ നീര്‍മുത്തുകള്‍ നിറയുന്നത് ഞാനറിഞ്ഞു. തൂവാലയെടുത്ത് കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ പുറത്തേക്ക്‌ നടന്നു. അനിയന്‍ ആകാംഷയോടെ ഓടിയടുത്ത് വന്നു.
“ഡോക്ടര്‍ എന്ത് പറഞ്ഞു.”
അവന് വ്യക്തമായ മറുപടി കൊടുക്കാനാവാതെ ഞാന്‍ കുഴങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് അവന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല. വരാന്തയുടെ അറ്റത്തുള്ള ജനലരികില്‍ ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിക്കാതെ നിന്നു. അകലെ പച്ചപ്പട്ട് പുതച്ച മലനിരകള്‍. മലനിരകളെ പുണര്‍ന്നു നില്‍ക്കുന്ന മഴക്കാറുകള്‍ക്കുള്ളില്‍ ഉദയസൂര്യന്‍ പരുങ്ങി നില്‍ക്കയായിരുന്നു.
   കുറച്ച് സമയത്തിനു ശേഷം ഡോക്ടര്‍മാര്‍  തിരക്ക് പിടിച്ച് ഐ.സീ.യൂവിന്റെ ഉള്ളിലേക്ക് പോകുന്നത് കണ്ടപ്പോള്‍ത്തന്നെ എനിക്ക് അപകടം മണത്തു. നേഴ്സുമാര്‍ പുറത്തേക്കും അകത്തേക്കും ഓടുന്നുണ്ടായിരുന്നു. പുറത്ത് കാത്തുനിന്നിരുന്ന രോഗികളുടെ ബന്ധുക്കള്‍ എല്ലാം ഐ.സീ.യൂവിന് മുന്നില്‍ തടിച്ചു കൂടി. ആകാംഷയുടെ നിമിഷങ്ങള്‍. ഡോക്ടര്‍ അച്ഛന്റെ അപകടാവസ്ഥയെക്കുറിച്ച് പറഞ്ഞിട്ട് അരമണിക്കൂര്‍ പോലും ആയിട്ടില്ല. ഈശ്വരാ ഒന്നും വരുത്തരുതേ. മനസ്സില്‍ പ്രാര്‍ത്ഥനകള്‍ നിറഞ്ഞു. ഞാന്‍ ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് മാറിമാറി നോക്കി. എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥനയിലാണ്. അനുജന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുന്നു. എന്റെ ഹൃദയം പെരുമ്പറ പോലെ മിടിക്കുന്നത് കേള്‍ക്കാം.
      പെട്ടന്ന്  വാതില്‍ തുറന്നു. ഒരു നേഴ്സ് പുറത്തേക്കു വന്നു.
“രാജപ്പന്റെ ആരാ ഉള്ളത്.”
        ഞാന്‍ മുന്നോട്ട് കടന്നുചെന്നു. അവര്‍ എന്നെ ഡോക്ടറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഡോക്ടര്‍ പറഞ്ഞതൊന്നും എന്റെ മനസ്സിലേക്ക് കടന്നില്ല. അച്ഛന്റെ നിശ്ചേതനമായ ശരീരത്തിന് മുന്നില്‍ ഒരു നിമിഷം മൌനമായി നിന്നു. നേഴ്സുമാര്‍ അച്ഛന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ട്യൂബുകളും ഇന്‍ജെക്ഷന്‍ നീടിലുകളും ഈ.സീ ജീ മെഷീന്റെ വയറുകളും ഊരിമാറ്റിക്കൊണ്ടിരിക്കുന്നു.
മനസ്സ് ശൂന്യമായിക്കഴിഞ്ഞു. ഇനി എന്ത് ചെയ്യണം എന്ന് ഒരു തോന്നലും മനസ്സിലേക്ക് വന്നില്ല. ഞാന്‍ സാവധാനം പുറത്തേക്കു നടന്നു.
  പുറത്ത് കാത്തുനിന്നവര്‍ വിവരമറിഞ്ഞപ്പോള്‍ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. ഒന്നുരണ്ടു പേര്‍ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അടുത്തുതന്നെ നിന്നു. അനുജന്‍ കരച്ചിലിന്റെ വക്കത്താണ്. ഞാന്‍  മൊബൈല്‍ എടുത്ത് വീട്ടില്‍ വിവരമറിയിച്ചു.
    നേഴ്സ് ഒരു ബില്ല് തന്നു. വലിയ തുക എഴുതിയിരിക്കുന്നു. ഇത് ഒരു ഏകദേശകണക്കിലുള്ള ബില്ലാണ്. ഒരാഴ്ച കഴിഞ്ഞു വിശദമായ ബില്ല് തരും എന്നറിയിച്ചു. അപ്പോള്‍ പണം കൂടുതല്‍ ഉണ്ടങ്കില്‍ തിരിച്ചുതരും. ഈ ബില്ല് അടച്ചാല്‍ അച്ഛന്റെ ശരീരം വിട്ടുതരും എന്നാണ് അവര്‍ പറഞ്ഞുവരുന്നത്. ബില്ല് വാങ്ങിക്കൊണ്ട് അനുജന്‍ കാഷ്‌ കൌണ്ടറിലേക്ക് നടന്നു. കാര്‍ഡ്‌ കൊടുത്താല്‍മതിയാകും. അത് വലിയ അനുഗ്രഹമാണ്. എപ്പോഴും പണം കൈയ്യില്‍ കരുതേണ്ട കാര്യം ഇല്ല. ഡോക്ടറുടെ മുറിയില്‍ നിന്നും വിളി വന്നു. ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാനാവാതെ ഞാന്‍ തരിച്ചിരുന്നു.
         അച്ഛന്‍ മരണശേഷം ശരീരം മെഡിക്കല്‍കോളേജ്‌ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. അതിന്റെ സമ്മതപത്രം നേരത്തെതന്നെ ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. മെഡിക്കല്‍കോളേജ്‌ അധികൃതര്‍ ഉടനെ എത്തും. ഇനി അവരോട്‌ സംസാരിച്ച്‌ ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിയ്ക്കുക. വീട്ടില്‍ കൊണ്ടുപോയി പൂജ വല്ലതും ചെയ്യണമെങ്കില്‍ അവരെക്കൊണ്ട് സ്മ്മതിപ്പിക്കാം. പക്ഷെ, ബോഡി കുളിപ്പിക്കാന്‍ അവര്‍ അനുവദിക്കും എന്ന് തോന്നുന്നില്ല. മൊബൈല്‍ മോര്‍ച്ചറിയില്‍ തന്നെ വെക്കേണ്ടിവരും.
      നാട്ടിലേക്ക് വിവരം വിളിച്ചു പറഞ്ഞപ്പോള്‍ ബന്ധുക്കള്‍ എല്ലാവരും ആശങ്കയിലായി. ഇത്തരം ഒരു സംഭവം ആദ്യമായാണ്‌ കേള്‍ക്കുന്നത്. അച്ഛന്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ കാരണം എന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. അതിനെക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. പലരും പല അഭ്യൂഹങ്ങളിലും  എത്തി എങ്കിലും  അനുജനെ രണ്ടുതവണ മെഡിക്കല്‍ എന്‍ട്രന്‍സ്‌ എഴുതിച്ച് പരാജയപ്പെട്ടതിന്റെ നിരാശയാവാം കാരണം എന്ന് ഞാന്‍ അനുമാനിച്ചു. മരണാനന്തരചടങ്ങുകള്‍ എങ്ങനെ നടത്തണം എന്ന് ഒരു തീരുമാനത്തില്‍ എത്താന്‍ കുറെ ആലോചിക്കേണ്ടിയിരിക്കുന്നു. വിദഗ്ദ്ധന്മാരുമായി പലവട്ടം കൂടിയാലോചനകള്‍ നടന്നു. അച്ഛന്‍ ഈശ്വരവിശ്വാസിയായിരുന്നോ എന്നറിയില്ല. ഒരു ക്ഷേത്രത്തിലും പോയിക്കണ്ടിട്ടില്ല. മതപരമായ ഒരു ചടങ്ങിനും അച്ഛനെ കണ്ടിട്ടില്ല.  അമ്മയും ചേച്ചിയും നല്ല വിശ്വാസികള്‍ ആയിരുന്നു. കുറച്ചുപേര്‍ ജോല്‍സ്യനെ കണ്ടു കവടി നിരത്തിച്ചു.
  ശവശരീരം ദാഹിപ്പിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പൂജകള്‍ക്ക് ശേഷം  അസ്ഥിയും ചാരവും  പെറുക്കിയെടുത്തു പുഴയില്‍ നിമഞ്ജനം ചെയ്യുന്ന സഞ്ചയനം എന്ന ചടങ്ങ്  നടക്കൂ. പക്ഷേ, ശരീരം ദഹിപ്പിക്കാതെ അടക്കം ചെയ്യുന്നവര്‍ക്കും സഞ്ചയനം നടത്താറുണ്ട്. അതിന് അതിന്റേതായ രീതികള്‍ ഉണ്ട്. പതിനാറാം ദിവസം പുലമോചന പൂജകള്‍ കൂടി  നടത്തിയാല്‍ എല്ലാം ഭംഗിയായി. മരണവീട്ടില്‍ ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല എന്ന ചിന്തയായിരിക്കും ആരും ഒരു കാര്യത്തിനും എതിര്‍പ്പ് ഒന്നും പ്രകടിപ്പിക്കാതെ ഇരുന്നത്. മരിച്ചവരുടെ അത്മാവിനുള്ള നിത്യശാന്തിയേക്കാള്‍ ഉപരി ജീവിച്ചിരിക്കുന്നവരുടെ തൃപ്തിക്കായിരിക്കണം മുന്‍തൂക്കം കൊടുക്കേണ്ടത്.
   വീട്ടുമുറ്റത്ത്‌ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ പന്തലിലേക്കാണ് അച്ഛന്റെ ശരീരം കിടത്തിയിരിക്കുന്ന മൊബൈല്‍ മോര്‍ച്ചറി കൊണ്ടുവന്നത്. റീത്തുമായി കാത്തുനിന്നവര്‍ ഉപചാരം അവസാനിപ്പിച്ച്‌ പിന്‍വാങ്ങി. കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകളും കുട്ടികളും. അവരുടെ സമീപത് നിന്ന് സമുദായത്തില്‍പെട്ട വനിതകള്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചുകൊണ്ടിരുന്നു. പൂജാരി എത്തി. നിലവിളക്കും പൂജദ്രവ്യങ്ങളും ചന്ദനത്തിരിയും യഥാസ്ഥാനത്ത് വെച്ച് പൂജ ആരംഭിച്ചു.
  കുളിച്ചു ഈറനോടെ കൈയ്യില്‍ പവിത്രം അണിഞ്ഞു വലതുകാല്മുട്ട് ഒരു കീറ്റിലയില്‍ കുത്തി ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു. കൈയ്യിലേക്ക് പരികര്മി തന്ന എള്ളും പൂവും ഒരു ഇലയില്‍ സമര്‍പ്പിച്ചുകൊണ്ട് മന്ത്രങ്ങള്‍ ഏറ്റുചൊല്ലി. അവസാനം ശരീരത്തെ മൂന്നു തവണ വലം വെച്ച് ചടങ്ങുകള്‍ അവസാനിപ്പിച്ചു
  മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് ശരീരം പുറത്തെടുത്തു ആംബുലന്‍സില്‍ കേറ്റുന്നതിന് മുന്‍പ്‌ എല്ലാവര്ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സമയമായിരുന്നു. എല്ലാവരും അച്ഛന്റെ കാല്‍ച്ചുവട്ടില്‍ ഓരോ പൂവിതളുകള്‍ സമര്‍പ്പിച്ച്‌ ആദരവ് പ്രകടിപ്പിച്ചു. ശരീരം വീണ്ടും ആംബുലന്‍സില്‍ കയറ്റുന്നതും അമ്ബുലന്സു സാവധാനം ദൃഷ്ടിയില്‍ നിന്ന് മറയുന്നതും ഞാന്‍ നോക്കി നിന്നു.