അഭയം
“ഇതാണ്
വീട്ടുജോലിക്ക് ഞാന്‍ ഇടപാടാക്കാമെന്നു പറഞ്ഞ
കുട്ടി.” ചാക്കോച്ചന്റെ വാക്കുകളെ എനിക്ക് വിശ്വസിക്കാനായില്ല. കീറിപ്പറിഞ്ഞ
സ്കൂള്‍യൂണീഫോമിട്ട ഒരു പത്തുവയസ്സുകാരി
പെണ്‍കുട്ടി. കുഴിഞ്ഞുതാണ
കണ്ണുകള്‍. കരിവാളിച്ച ചുണ്ടുകള്‍.
ദൈന്യത നിറഞ്ഞ നിഷ്കളങ്കമായ
മുഖം. ഈ കുട്ടിയെക്കൊണ്ട് എന്ത്
ജോലി ചെയ്യിക്കുവാനാണ്? ഡോണയുടെയും
സോണിയുടെയും പ്രായം മാത്രമുള്ള
ഈ കുട്ടിയെ എങ്ങനെയാണ്
വീട്ടുപണിക്ക് നിര്‍ത്തുന്നത്? ഡെയ്സി
ഓര്‍ത്തു.
“മോളുടെ പേരെന്താണ്?”
“മീര”.
“സ്കൂളില്‍ പോകുന്നുണ്ടോ?”
“ഇല്ല , പഠിത്തം നിര്‍ത്തി.”
“അതെന്താ പഠിത്തം നിര്‍ത്തിയത്?” ഡെയ്സിയുടെ
ചോദ്യം കേട്ട് മീരയുടെ
കണ്ണുകള്‍ നിറഞ്ഞു.
“ടീച്ചറെ
മീരയുടെ വീട്ടിലെ കാര്യം
വളരെ കഷ്ടമാണ്. അച്ഛനുമമ്മയും
ഒരപകടത്തില്‍ പെട്ടു. അമ്മ
മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അവര്‍
ഇപ്പോളും ഉഴിച്ചിലും പിഴിച്ചിലുമായി ചികിത്സയിലാണ്. നാട്ടുകാരുടെ കാരുണ്യത്താലാണ് ഓരോ
ദിവസവും കഴിഞ്ഞുകൂടുന്നത്”
ഡെയ്സി മീരയെ
ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യം
എണ്ണയും സോപ്പും എടുത്തുകൊടുത്തു.
കുളികഴിഞ്ഞ് ധരിക്കാന്‍ ഡോണയുടെ
ഒരു ഉടുപ്പ് കൊടുത്തു. കുളികഴിഞ്ഞപ്പോള്‍
അവള്‍ കൂടുതല്‍
സുന്ദരിയായപോലെ തോന്നി.
അടുക്കളയുടെ മൂലക്കിരുന്നാണ് അവള്‍ ഭക്ഷണം കഴിച്ചത്.
അവളുടെ വിശപ്പ്
മാറിക്കഴിഞ്ഞപ്പോള്‍ മുഖത്ത് ഒരു പ്രത്യേക തിളക്കം ഡെയ്സി കണ്ടു.
ദിവസ്സങ്ങള്‍ക്കുള്ളില്‍ മീര
വീട്ടിലെ ജോലികളില്‍ സഹായിക്കാന്‍ പഠിച്ചു.
പാത്രങ്ങള്‍ കഴുകാനും തറ തൂത്തുവാരി തുടച്ചു വൃത്തിയാക്കാനും അവള്‍
പഠിച്ചു. ഒഴിവു സമയങ്ങളില്‍ മക്കളോടൊപ്പം
കളിക്കുവാനും തുടങ്ങി. പെട്ടന്ന്
തന്നെ അവള്‍ വീട്ടിലെ ഒരു അംഗത്തെ പോലെ എല്ലാവരുമായി
ഇണങ്ങിച്ചേര്‍ന്നു.
മീര
സന്ധ്യക്ക് മുന്‍പ് വീട്ടില്‍ പോയി
അതിരാവിലെ തിരിച്ചെത്തുമായിരുന്നു. ഡെയ്സി
ഒരു തവണ മീരയുടെ വീട്ടില്‍
പോയി അവളുടെ അമ്മയെ കണ്ടു. ഊന്നുവടിയുടെ
സഹായത്താല്‍
നടന്നുതുടങ്ങിയിരുന്ന അവര്‍ കാണാന്‍ അതീവ
സുന്ദരിയായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ഒരു
മുഖമായിരുന്നു അവരുടേത്. എപ്പോഴും ഒരു
കുസൃതി ഒളിപ്പിച്ചു
വെച്ചിരിക്കുന്ന കണ്ണുകള്‍. ഒരു നാടന്‍ വൈദ്യരുടെ
എണ്ണയും കുഴമ്പും കൂട്ടിയുള്ള തിരുമ്മു ചികിത്സ ഫലം
കണ്ട് തുടങ്ങിയിരുന്നു. വളരെ
വേഗമാണ് അവര്‍ പൂര്‍ണ
ആരോഗ്യത്തിലേക്ക് മടങ്ങിയെത്തിയത്.
ഒരു
ദിവസം വൈകിട്ട് വീട്ടിലേക്ക്
പോയ മീര അല്പസമയം കഴിഞ്ഞു കരഞ്ഞുകൊണ്ടാണ് മടങ്ങി
വന്നത്. വീട് പൂട്ടിയിട്ടിരിക്കുന്നു. അമ്മയവിടെ
ഇല്ലന്നും പറഞ്ഞായിരുന്നു
അവളുടെ കരച്ചില്‍.
എന്തെങ്കിലും സാധനം വാങ്ങാന്‍
പോയതായിരിക്കും ഇരുട്ടുന്നതിനു
മുന്‍പായി തിരിച്ചുവരുമെന്ന് പറഞ്ഞു ഡെയ്സി മീരയെ സമാധാനിപ്പിച്ചു.
അന്ന്
രാത്രിയും പിറ്റേന്ന് പകലും
അവളുടെ അമ്മ വന്നില്ല.
ദിവസങ്ങള്‍ കടന്നുപോയി.
അവളുടെ കാത്തിരിപ്പിന്റെ ദിവസങ്ങള്‍ ആഴ്ച്ചകള്‍ക്കും മാസങ്ങള്‍ക്കും വഴിമാറി. ഇതിനകം അവര്‍
ഒരു ചെറുപ്പക്കാരനുമായി നാടുവിട്ടതാണന്ന കഥ ഗ്രാമത്തില്‍
പരന്നിരുന്നു. മീരയുടെ കണ്ണുനീര്‍ കാണാത്ത ഒരു ദിവസവും കടന്നുവന്നില്ല. വയറ് നിറയുവോളം
ആഹാരവും നല്ല വസ്ത്രങ്ങളും കിട്ടിയിട്ടും അവളുടെ മനസ്സ് അമ്മക്ക് വേണ്ടി കൊതിച്ചു കൊണ്ടിരുന്നു. അമ്മയുടെ
ചൂടും പറ്റി കയറ് കട്ടിലില്‍
കിടന്നുറങ്ങിയിരുന്ന സുഖം അവള്‍ക്
മറക്കാനായില്ല. ഓരോ തവണ
കോളിംഗ് ബെല്ലിന്റെ ശബ്ദം മുഴങ്ങുംപോളും
അത് അമ്മ ആയിരിക്കണേ
എന്ന പ്രാര്‍ത്ഥനയുമായാണ് അവള്‍
ഓടിയെത്തി കതകു തുറന്നിരുന്നത്. അമ്മയല്ല അത് എന്ന് തിരിച്ചറിയുമ്പോള്‍ വാടിയ
മുഖവുമായാണ് അവള്‍ ആഗതരെ സ്വീകരിച്ചത്.
നാട്ടിലേക്കുള്ള ട്രാന്‍സ്ഫര്‍
ഓര്‍ഡര്‍ കിട്ടിയപ്പോള്‍ മീരയുടെ കാര്യം ഒരു പ്രശ്നമായി.
ഉറ്റവരും ഉടയവരും ഇല്ലാത്ത
അവളെ ആരും ഏറ്റെടുക്കാന്‍ സന്നദ്ധരായില്ല. വീട് പൂട്ടിയിറങ്ങുംപോള്‍ നിറകണ്ണുകളോടെ നില്‍ക്കയായിരുന്നു
അവള്‍. കാറില്‍ കയറി കാര്‍ സാവധാനം
മുന്നോട്ടു നീങ്ങുംപോള്‍ വീട്ടുവാതില്കള്‍ തന്നെ നിന്നിരുന്ന മീരയുടെ
കണ്ണുകളില്‍ ഒരു നിസംഗഭാവം ആയിരുന്നു.
അവള്‍ എന്നെന്നേക്കുമായി
നഷ്ടമാവുകയാണോ എന്ന ആശങ്ക ടെയ്സിയെ ബാധിച്ചിരുന്നു. “സോണി പോകേണ്ട.” മീരയുടെ ചിലമ്പിച്ച ശബ്ദം
ചെവികളില്‍ മുഴങ്ങി. ഡോണയുടെയും
സോണിയുടെയും മുഖം വാടിയിരുന്നു.
സോണിയുടെ കണ്ണുകളില്‍ തുളുമ്പി നിന്ന കണ്ണുനീര്‍ തുള്ളികള്‍ മീരയെന്ന സഹോദരിയുടെ.
അല്ലങ്കില്‍ കൂടെപ്പിറപ്പായ മീരയുടെ സ്നേഹബന്ധനത്തിന്റെ
തിരുശേഷിപ്പുകളായിരുന്നു. അവളെ ആ
ഗ്രാമത്തില്‍ ഉപേക്ഷിച്ചു പോരാന്‍ ഡെയ്സിയുടെ മനസ്സനുവദിച്ചില്ല.
കാര്‍
നിന്നപ്പോള്‍ മീര ഓടി അടുത്തേക്ക്
വന്നു. ഡെയ്സി ഡോര്‍ തുറന്നുകൊടുത്തു.
“കയറിക്കോളൂ.”
അവള്‍ പിന്നെയും സംശയിച്ച്
നില്ല്കയായിരുന്നു. ഡെയ്സി അവളെ കൈപിടിച്ച് കാറില്‍ കയറ്റി. അവളുടെ അമ്പരപ്പ് സാവധാനമാണ് മാറിയത്. മണിക്കൂറുകള്‍ക്ക് ശേഷം മീര ഡെയ്സിയുടെ തോളില്‍ തല ചായ്ച്ചു ഒരു
പകലുറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍
അകലെ കരിമ്പനകള്‍ നിറഞ്ഞ അവളുടെ ഗ്രാമം ഒരു നിസംഗ ഭാവത്തിന്റെ ആലസ്യത്തിലായിരുന്നു.