Sunday, 24 March 2013

സര്‍പ്പക്കാവ്


സര്‍പ്പക്കാവ്
  കളത്തിനു പുറത്തു പുല്‍പായയില്‍    ചമ്രംപടഞ്ഞിരുന്ന യുവതികള്‍  സര്‍പ്പംപാട്ടിന്റെ താളത്തിനൊത്ത്‌  ആടുവാന്‍  തുടങ്ങി.   മകുടിയൂതുന്ന പാമ്പാട്ടിയുടെ മുമ്പില്‍  ഫണം വിടര്ത്തിയാടുന്ന മൂര്‍ഖനെപ്പോലെ യുവതികള്‍  പുളഞ്ഞു.  അവര്‍  കൈയ്യിലെ പൂക്കുലകള്‍  ഉയര്‍ത്തി പാട്ടിന്റെ താളത്തിനൊത്ത്‌  നൃത്തമാടി.  താളം മുറുകുന്നതനുസരിച്ചു ചടുലമായ ചലനങ്ങളോടെ അവര്‍  ഇളകിയാടി.  ശരീരത്തിലൂടെ വിയര്‍പ്പുതുള്ളികള്‍  ഒഴുകിയിറങ്ങി  വസ്ത്രങ്ങള്‍  നനഞ്ഞുകുതിര്‍ന്നു.  സിന്ദൂരപ്പൊട്ട് നനഞ്ഞ്പടര്‍ന്ന് നെറ്റിയില്‍  രക്തവര്‍ണ്ണം . മുടിക്കെട്ടഴിഞ്ഞു മുഖത്തേക്ക് വീണു. 
                 തറവാടിനുമ്മറത്തുള്ള ഇളം തിണ്ണയില്‍  ഞാന്‍   ഭിത്തിയില്‍  ചാരിയിരുന്നു.  പെട്രോമാക്സില്‍   നീന്നുള്ള  ശക്തിയേറിയ വെളിച്ചം മുഖത്ത് വീഴാതെ കാഴ്ചക്കാരെയും  ഭക്തരെയും മുഴുവന്‍  കാണാവുന്ന ഒരു സ്ഥലം. സൌദാമിനി നന്നായി അണിഞ്ഞൊരുങ്ങി മഞ്ഞള്‍പ്രസാദവും തുളസിക്കതിരുമെല്ലാം ചാര്‍ത്തി ഭക്തി പാരവശ്യത്തോടെ എന്നോട് ചേര്‍ന്നിരിക്കുന്നു.  വിവാഹത്തിന് ശേഷം വര്‍ഷങ്ങളായുള്ള പട്ടണവാസം അവളുടെ വിശ്വാസത്തിന് മങ്ങല്‍ ഏല്‍പ്പിച്ചിട്ടില്ല. . നാഗദേവതമാരുടെ ശാപം മൂലമാണ് കഴിഞ്ഞ രണ്ടുതവണയും ഗര്‍ഭം അലസിയതെന്നാണ് അവളുടെ വിശ്വാസം.
             "കൊച്ചഛാ അമ്മാവന്‍   വിളിക്കുന്നു." ജേഷ്ഠന്റെ മകന്‍  അമല്‍  വാന്നറിയിച്ചു.
       ഞാനെഴുന്നേറ്റു മുകളിലേക്ക് നടന്നു. അരക്കുപ്പി വിദേശമദ്യവും വെള്ളവും ഗ്ലാസ്സും ടച്ചിങ്ങ്സുമായി  ഷാജി എന്നെ കാത്തിരിക്കുകയായിരുന്നു.  ആദ്യത്തെ പെഗ്ഗ് ഒരു അഗ്നിഗോളമായി.  ആമാശയതിത്തിലേക്ക് തീ പടര്‍ന്ന മാതിരി. പിന്നെ ചൂടുള്ള ലഹരിയായി സിരകളില്‍നിന്നും സിരകളിലേക്ക് പടര്‍ന്നു. എരിവുള്ള മിക്സ്‌ചര്‍വായിലിട്ട് അടുത്ത പെഗ്ഗിനായി ഗ്ലാസ്സ് നീക്കിവെച്ചു. സ്വര്‍ണനിറമുള്ള ദ്രാവകത്തില്‍  ഐസ്  ക്യൂബുകള്‍  അലിഞ്ഞില്ലാതാവുന്നത് നോക്കിയിരിക്കാനുള്ള സാവകാശം ഇല്ലായിരുന്നു. ആരും കാണുന്നതിന്‌   മുന്‍പ്‌  കുപ്പി കാലിയാക്കുവാനുള്ള വ്യഗ്രതയോടെ രണ്ടാമത്തെ പെഗ്ഗും മൂന്നാമത്തെ പെഗ്ഗും ഉള്ളിലാക്കി. തിടുക്കത്തില്‍  അല്പം മിക്സ്‌ചര്‍  വാരി വായിലിട്ട് അല്പം തണുത്ത വെള്ളവും കുടിച്ചു ഞാന്‍  കസേര വിട്ടെഴുന്നേറ്റു. ഷാജി കുപ്പിയും ഗ്ലാസ്സും അലമാരിയില്‍   വെച്ച് പൂട്ടി. കതകു തുറന്നപ്പോള്‍   മുന്നില്‍   കുഞ്ഞമ്മ.. വെള്ള സാരിയും ബ്ലൌസും. മുഖത്ത് തടിച്ച ഫ്രെയിമുള്ള കണ്ണട. വിഷാദം തളം കെട്ടിയ മുഖത്ത് ചെറിയ പുഞ്ചിരി. മുറിയില്‍   ചുറ്റിത്തിരിഞ്ഞ  കാറ്റില്‍   അവര്‍   മദ്യഗന്ധം തിരിച്ചറിഞ്ഞത് പോലെ തോന്നി.
    “എന്താണ് കുഞ്ഞമ്മേ?”    അല്പം പരുങ്ങലോടെയാണ് ഞാന്‍   ചോദിച്ചത്.
  “ഞാന്‍   സുധാകരന്റെ മുറിയില്‍   കുറച്ചുനേരം ഇരുന്നോട്ടെ?  ഈ ജന്നല്‍   അല്പം തുറന്നിട്ടാല്‍   എനിക്ക് സര്‍പ്പം തുള്ളല്‍   കാണുകയും പാട്ട് കേള്‍ക്കുകയും ചെയ്യാം.”
      “കുഞ്ഞമ്മ പന്തലിലോട്ട് ചെന്നാട്ടെ. എന്തിനാണ് ഈ അടച്ചുപൂട്ടിയ മുറിയില്‍   ഇരിക്കുന്നതു.?”
    “നിനക്കിഷ്ടമില്ലങ്കില്‍   വേണ്ട. ഞാനൊന്നും കാണുന്നില്ല.”
      “അതുകൊണ്ടല്ല കുഞ്ഞമ്മേ.  വര്‍ഷങ്ങളായി കുഞ്ഞമ്മ പകല്‍വെളിച്ചത്തില്‍   പുറത്തിറങ്ങാതെ  ഈ  അടച്ചുപൂട്ടിയ മുറിക്കുള്ളില്‍തന്നെ  ഇരിക്കുന്നു. ഇങ്ങനെ ഒരാള്‍   ജീവിച്ചിരിക്കുന്നതായി നാട്ടുകാര്‍കൂടി ഒന്നറിയട്ടെ എന്നോര്‍ത്ത് പറഞ്ഞതാണ്.”
   മറുപടിയായി കുഞ്ഞമ്മ ഒന്നും പറഞ്ഞില്ല. കുനിഞ്ഞ ശിരസ്സോടെ വാതില്‍ക്കല്‍തന്നെ നിന്നു.  ജന്നലിന്റെ കൊളുത്തെടുത്തു കസേര നീക്കിയിട്ടു. കുഞ്ഞമ്മ മുറിക്കുള്ളില്‍കടന്ന് കതകുചാരി. മുറിക്കുള്ളിലെ വിളക്കണയും മുന്‍പേ ഞങ്ങള്‍   പന്തലിലോട്ട് നടന്നു.   
        വര്‍ഷങ്ങള്‍ക്ക്‌  മുന്‍പ്‌  കുഞ്ഞമ്മയുടെ വിവാഹം മുടങ്ങിയതാണ്. പ്രതിശ്രുതവരന്‍   വിവാഹത്തിന് രണ്ടുനാള്‍  മുന്‍പ്‌  സര്‍പ്പക്കാവില്‍  പാമ്പ് കടിയേറ്റ്‌   മരിച്ചുകിടന്നു. എനിക്കന്നു എട്ടുവയസ്സ്. ചിതയില്‍   ദേവന്‍ചിറ്റപ്പന്റെ ശരീരം വെന്തെരിയുമ്പോള്‍   അലമുറയിട്ടു കരഞ്ഞ കുഞ്ഞമ്മയുടെ ചിത്രം ഇന്നും മനസ്സിലുണ്ട്. അതിനു ശേഷം കുഞ്ഞമ്മ ചിരിച്ചിട്ടില്ല. വെള്ള വസ്ത്രം ധരിച്ച് ഒരു വിധവയെപ്പോലെ  മുറിക്കുള്ളില്‍  അടച്ചുപൂട്ടിയിരിക്കുക. സന്ധ്യക്ക്  സര്‍പ്പക്കാവില്‍   വിളക്ക് വെക്കാന്‍   മാത്രം പുറത്തിറങ്ങുന്നത് കണ്ടിട്ടുണ്ട്. അതിനു ഇന്ന് വരെ മുടക്കം വന്നിട്ടില്ല. മറ്റൊരു വിവാഹത്തിന് അവര്‍   പിന്നീട് സമ്മതിച്ചില്ല. സഹോദരങ്ങളുടെ കുട്ടികളെ നോക്കി അടുക്കളയിലെ  കരിയും പുകയുമേറ്റ്  സ്വയമുണ്ടാക്കിയ ഒരു തടവറയിലെ ഏകാന്ത വാസം പോലെയുള്ള ജീവിതം. നഷ്ടപ്പെട്ട വെളിച്ചത്തെ കുറിച്ച് ആലോചിക്കാതെ അവശേഷിക്കപ്പെട്ട അന്ധകാരത്തിലെ തെറ്റും ശരിയും അന്വേഷിക്കാതെ എകാകിനിയായി നീണ്ട മുപ്പത്‌വര്‍ഷങ്ങള്‍.
         സൌദാമിനിയുടെ സമീപം ഒഴിഞ്ഞ് കിടന്ന സ്ഥലത്ത് ചെന്നിരിക്കുമ്പോള്‍   അവള്‍   സര്‍പ്പംപാട്ടിന്റെ ഭക്തിലഹരിയില്‍   മിഴികള്‍പൂട്ടി ധ്യാനത്തിലായിരുന്നു.
             ഉറഞ്ഞുതുള്ളുന്ന യുവതികളുടെ തലയില്‍   ചെമ്പുകുടങ്ങളില്‍   വെള്ളം ധാരയായ്‌   ഒഴിക്കുന്ന യുവാക്കള്‍. ശിരസ്സിലൂടെ ഒഴുകിയിറങ്ങിയ തണുത്ത  വെള്ളം തറയില്‍വീണ് അവ്യക്തമായ ചിത്രങ്ങള്‍   വരച്ചു.
              യുവതികള്‍   കളം കൊള്ളുവാന്‍   തുടങ്ങി. കമുകിന്‍   പൂക്കുലകൊണ്ട് അവര്‍   നാഗചിത്രങ്ങള്‍   മായിച്ചു തുടങ്ങി. അരിപ്പൊടിയും വാകയിലപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉമിക്കരിയും ചേര്‍ന്ന മിശ്രിതം അവര്‍   സ്വന്തം ശരീരത്തില്‍   അഭിഷേകം ചെയ്തു. കളത്തിലേക്ക് കടന്നുവന്ന ഭക്തരെ തിലകം ചാര്‍ത്തുകയും പൊടികൊണ്ടു അഭിഷേകം ചെയ്യുകയും ചെയ്തു. ഉറഞ്ഞുതുള്ളി തലയില്‍   കൈവെച്ച് അനുഗ്രഹിക്കുകയും ദുഃഖങ്ങള്‍   എല്ലാം മാറുമെന്ന് സമാശ്വസിപ്പിക്കുകയും ചെയ്തു. സ്ത്രീകളുടെ കുരവയും ആര്‍പ്പുവിളികളും താളമേളങ്ങളുടെയും പാരമ്യത്തില്‍   എത്തിയ വേളയില്‍   തുള്ളിയുറഞ്ഞ യുവതികള്‍  പ്രജ്ഞയറ്റ് നിലംപതിച്ചു. സര്‍പ്പം പാട്ടും വാദ്യഘോഷങ്ങളും നിലച്ചു. പൂജാരി കലശത്തില്‍   നീന്ന് തീര്‍ത്ഥം യുവതികളുടെ  മുഖത്ത് തളിച്ചു. അബോധാവസ്ഥയില്‍   നീന്ന് ഞെട്ടിയുണര്‍ന്ന യുവതികളെ ചിലര്‍ചേര്‍ന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ന്നോര്‍ത്ത് ുന്ന് തീ കോരിയിട്ട
ന്നോര്‍ത്ത് ുന്ന് തീ കോരിയിട്ട. സര്‍പ്പം തുള്ളല്‍   സമാപനമായി.  പന്തലിലെ നിലവിളക്കുകള്‍    അണച്ച് തറവാട്ടിനുള്ളിലെക് എടുത്തുകൊണ്ടുപോയി. അവലും മലരും പഴവും ശര്‍ക്കരയും കല്‍ക്കണ്ടവും കൂട്ടിക്കുഴച്ച പ്രസാദ വിതരണം തുടങ്ങി. മദ്യലഹരിയില്‍  ഇടറുന്ന കാലടികളോടെ ഞാന്‍   ബെട്രൂമിലെക് നടന്നു..  കണ്ണുകളില്‍   ഉറക്കം ഘനം വെച്ചു. ബെട്രൂമിലെ മങ്ങിയ വെളിച്ചത്തില്‍  അതിവേഗം കറങ്ങുന്ന സീലിംഗ് ഫാനില്‍   കണ്ണുംനട്ട് ഞാന്‍    നീണ്ടുനിവര്‍ന്നു  കിടന്നു.
                       ഏതോ ദുസ്വപ്നം കണ്ടു ഉണരുമ്പോള്‍   മുറിയില്‍   കനത്ത ഇരുട്ട്. സീലിംഗ്ഫാന്‍   നീശ്ചലം.  വൈദ്യുതി നിലച്ചിട്ട് കുറച്ചധികം സമയമായെന്ന്‌  തോന്നുന്നു. നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍   തുടച്ചുമാറ്റി കുറച്ച് നേരം അനങ്ങാതെ കിടന്നു.  സൌദാമിനിയുടെ കൈകള്‍   നെഞ്ചില്‍നിന്ന് എടുത്തു മാറ്റി  ഞാന്‍    കിടക്ക വിട്ടെഴുന്നേറ്റു. ഒരു സിഗരറ്റിന്‌  തീ പകര്‍ന്ന്കൊണ്ട് കതകു തുറന്നു മുറ്റത്തേക്ക്‌  ഇറങ്ങി.   സര്‍പ്പം തുള്ളല്‍കഴിഞ്ഞു അനാഥമായ പന്തലില്‍   ഒരു നിലവിളക്ക് മങ്ങിക്കത്തുന്നു.  പൂക്കളും അവലും മലരും വാഴയിലത്തുണ്ടുകളും ചിതറി കിടക്കുന്നു.
                    സര്‍പ്പക്കാവില്‍  ഒരു നിഴല്‍   അനങ്ങുന്നത് പോലെ തോന്നി.   ഞാന്‍  സൂക്ഷിച്ചുനോക്കി.  ഒരു സ്ത്രീരൂപം. ശരീരത്തിലൂടെ ഭീതിയുടെ ഒരു മിന്നല്‍പിണര്‍  പാഞ്ഞു. എന്റെ ഹൃദയമിടിപ്പിന് വേഗത കൂടി. അസാധാരണമായ ഒരു ഭീതി എന്നില്‍  വന്നു നിറഞ്ഞു.  ആരാണിത്  ഈ അര്‍ദ്ധരാത്രിയില്‍.  വിറയ്ക്കുന്ന കാലടികളോടെ ഞാന്‍    സര്‍പ്പക്കാവിലേക്ക് ചുവടുകള്‍വച്ചു.
        “ആരാണത്”?   എന്റെ ചോദ്യം കേട്ട്   സ്ത്രീരൂപം തിരിഞ്ഞുനിന്നു. നിലാവെളിച്ചത്തില്‍  ആ   മുഖം ഞാന്‍  കണ്ടു. കുഞ്ഞമ്മ. 
  “കുഞ്ഞമ്മേ,  എന്താണിവിടെ ഈ രാത്രയില്‍”? എന്റെ ചോദ്യത്തിന് മുന്നില്‍  കുഞ്ഞമ്മ ഒരു നിമിഷം പകച്ചു നിന്നു. അവരുടെ കണ്ണുകള്‍  കലങ്ങിയിരിക്കുന്നു. കൈകളില്‍  ഒരിലചിന്തില്‍  രാത്രിയില്‍  വിടര്‍ന്ന മുല്ലപ്പൂക്കള്‍.
    “ഈ രാത്രയില്‍  കുഞ്ഞമ്മ ഒറ്റക്കിവിടെ എന്താണ് ചെയ്യുന്നത്?” മറുപടിയായി അവര്‍  ഒന്നും പറഞ്ഞില്ല.   ധൃതിയില്‍  വീടിനുള്ളിലേക്ക് നടന്നു. ഞാനവരുടെ വഴിതടഞ്ഞ് മുന്നില്‍   കയറി നിന്നു.
    “നില്‍ക്ക്, എന്താണുണ്ടായത്?    കുഞ്ഞമ്മ എന്തിനാണ് കരഞ്ഞത്?” 
   “ഇല്ല, ഒന്നുമില്ല മോനേ,  ഞാന്‍വെറുതേ.......”
       “ഇല്ല ഞാന്‍  വിശ്വസിക്കയില്ല. കുഞ്ഞമ്മ വളരെ നേരമായി കരയുകയായിരുന്നു.  ആ കണ്ണുകള്‍ കണ്ടാലറിയാം. എന്താണെങ്കിലും എന്നോട് പറയൂ. ദുഃഖങ്ങള്‍  പങ്കുവെച്ചാല്‍  അതിന്റെ തീവ്രത കുറയും.”
   “ഒന്നുമില്ല മോനേ,  ഞാന്‍  കാവില്‍   പ്രാര്‍ത്ഥിക്കുകയായിരുന്നു.”
 “പ്രാര്‍ത്ഥനയോ, ഈ രാത്രി മൂന്നുമണി നേരത്തോ?”
“ഇന്ന് ഒരു വിശേഷദിവസ്സമാണ്.  നിനക്ക് അത് ഒര്മയുണ്ടാവില്ല. നിനക്കെന്നല്ല ഈ ലോകത്ത്  ആര്‍ക്കും   അത്  ഒര്മയുണ്ടാവില്ല.  ഇന്ന് ദേവേട്ടന്റെ ഒര്മ ദിവസ്സമാണ്.”
  മനസ്സില്‍  മുറിവേറ്റ ഒരു പക്ഷിയുടെ ചിറകടിയൊച്ച മുഴങ്ങി. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌   വിവാഹത്തിന്‌  രണ്ട് നാള്‍മുന്‍പ്‌  സര്‍പ്പദംശനമേറ്റ് മരിച്ച ദേവന്‍ചിറ്റപ്പന്‍. സര്‍പ്പക്കാവില്‍  ശരീരമാകെ നീലനിറം  ബാധിച്ച്‌  ദേവന്‍   ചിറ്റപ്പന്‍   മരിച്ചു കിടന്നു.  സര്‍പ്പക്കാവ് ആശുദ്ധമാക്കിയത്തിനു  നാഗ ദേവതമാരുടെ  ശിക്ഷ. പക്ഷെ കുഞ്ഞമ്മ  പിന്നീട്  മറ്റൊരു വിവാഹത്തിന്‌  വഴങ്ങാതെ  സ്വയം  ശിക്ഷിച്ചു.  തറവാടിന്റെ  അകത്തളങ്ങളില്‍   ഏകാകിനിയായി  പകല്‍വെളിച്ചത്തില്‍   പുറത്തു  വരാതെ വര്‍ഷങ്ങള്‍.  പുറത്തെ കാഴ്ചകള്‍ക്കും ശബ്ദങ്ങള്‍ക്കും ഗന്ധങ്ങള്‍ക്കും എതിരെ  ഇന്ദ്രിയങ്ങള്‍  അടച്ചു ഇരുട്ടിന്റെ  കാണാകോണുകളിലേക്ക്  സ്വയം  പിന്‍വാങ്ങി. ത്രിസന്ധ്യക്ക്  നാഗത്തറകളില്‍   വിളക്ക് വെയ്ക്കുവാന്‍മാത്രം പുറത്തിറങ്ങി  നീണ്ട  മുപ്പത്തിയഞ്ച്  വര്‍ഷങ്ങള്‍. 
         “ ഇത്രയും വര്‍ഷങ്ങള്‍   കഴിഞ്ഞിട്ടും കുഞ്ഞമ്മയ്ക്ക് അത് മറക്കാന്‍പറ്റാത്തത്  എന്തുകൊണ്ടാണ്?  മറ്റാരെങ്കിലും ആയിരുന്നെങ്കില്‍   വേറെ  വിവാഹം കഴിച്ച്‌അമ്മയും  അമ്മൂമ്മയും ആയി സുഖമായി.......”
      “നിര്‍ത്തൂ  സുധാകരാ.  നീയെന്താണ് എന്നെക്കുറിച്ച്  മനസ്സിലാക്കിയത്.  ഞാനങ്ങനെ  മറ്റൊരു  വിവാഹത്തിന്  തയ്യാറായിരുന്നെങ്കില്‍   എല്ലാം അയാളുടെ  പദ്ധതി പ്രകാരം  നടക്കുമായിരുന്നു.  അതിനു  വഴങ്ങാതിരുന്നത്  കൊണ്ട്  എനിക്ക്  പ്രതികാരം  ചെയ്യാന്‍പറ്റി.  മധുരമായ പ്രതികാരം.”
     പ്രതികാരമോ,   ആരോട്? കുഞ്ഞമ്മയുടെ  വാക്കുകള്‍   എന്നില്‍   അമ്പരപ്പാണ്  ഉണ്ടാക്കിയത്.
      “ആ കഥ  നീയറിയേണ്ട സുധാകരാ. എനിക്ക് മാത്രം  അറിയാവുന്ന  രഹസ്യമാണ്.  എനിക്കും ഈ  കാവിലെ  നാഗദേവതമാര്‍ക്കും വൃക്ഷമുത്തശ്ശിമാര്‍ക്കും   മാത്രം  അറിയാവുന്ന  രഹസ്യം.”
      “കുഞ്ഞമ്മ ആരോടാണ് പ്രതികാരം  ചെയ്യുന്നത്?  എന്താണെങ്കിലും  എന്നോട്  പറയൂ.”
    “ഇല്ല ഞാന്‍   പറയില്ല.  ആ രഹസ്യം  എന്നോട് കൂടി മണ്ണടിയുവാന്‍   ഉള്ളതാണ്.  ഇനി  മറ്റൊരാള്‍കൂടി  അതറിഞ്ഞാല്‍    എന്താണ്  പിന്നെ  സംഭവിക്കുക  എന്നറിയില്ല.  മനസ്സില്‍   പ്രതിഷ്ടിച്ച്  പൂജിക്കുന്ന ഒത്തിരിയൊത്തിരി  വിഗ്രഹങ്ങള്‍   തകര്‍ന്നു  വീഴും.”
     ഞാന്‍   ആകാംഷയോടെ  കുഞ്ഞമ്മയെ  നോക്കി.  അവരുടെ  കണ്ണുകളില്‍   ദുഖവും  നിരാശയും  പകയും  നിഴലിച്ചിരുന്നു.  അതിലുപരി നിശ്ചയദാര്‍ഢൃം  സ്പുരിക്കുന്ന  മിഴികളോടെ  അവര്‍   എന്നെ  നോക്കി.
       “കുഞ്ഞമ്മ  കുഞ്ഞമ്മയെക്കുറിച്ച്  മാത്രം ചിന്തിക്കുന്നു.  അത്  പോരാ.  നമുക്ക്  ചുറ്റും  മനുഷ്യരുണ്ട്.  കാണുകയും  കേള്‍ക്കുയും  ചിന്തിക്കുകയും  ചെയ്യുന്ന  ഒരു ലോകമുണ്ട്. അവരുടെ  മനസ്സില്‍പല കഥകള്‍ഉണ്ട്.  അവയ്ക്ക്  യാഥാര്‍ദ്ധ്യവുമായി ബന്ധം ഉണ്ടായിരിക്കാം, ഒരു പക്ഷെ ഇല്ലായിരിക്കാം.  ആ  കഥകള്‍   പലതും സദാചാര വിരുദ്ധമായ കഥകളാണ്.  അത്തരം  കഥകള്‍   സമൂഹത്തില്‍അ     അതിവേഗം  പ്രച്ചരിക്കുകയും  ചെയ്യും.  അത് തിരുത്തേണ്ടത്  കുഞ്ഞമ്മയുടെ  ബാദ്ധ്യതയാണ്. രഹസ്യങ്ങളെല്ലാം നിങ്ങളോടൊപ്പം  മണ്ണടിഞ്ഞാല്‍....”
          “ഇല്ല , ഞങ്ങള്‍    കണ്ണീരു പോലെ പരിശുദ്ധരാണ്.  നീ  ഉദ്ദേശിക്കുന്നത്  പോലെ  ഒന്നുമില്ല.”
      “ പിന്നെ എന്താണ്  ആ രഹസ്യം?”
  “ഞാന്‍    പറയാം.  എല്ലാം പറയാം.”  കുഞ്ഞമ്മ ഒരു നിമിഷം നിര്‍ത്തി.  വാക്കുകള്‍   തൊണ്ടയില്‍   വിറങ്ങലിച്ചു നിന്നു.
       “നിനക്കറിയില്ല, നിനക്കെന്നല്ല  ആര്‍ക്കും അറിയില്ല.  ദേവേട്ടന്‍   പാമ്പുകടിയേറ്റല്ല  മരിച്ചത്.  കൊന്നതാണ്,  കഴുത്തില്‍   തോര്‍ത്തുമുണ്ട്  മുറുക്കി  ശ്വാസംമുട്ടിച്ച്  കൊന്നതാണ്. ഞാന്‍ കണ്ടതാണ്.  ഞാന്‍    മാത്രമാണ് സാക്ഷി. ജീവിച്ചിരിക്കുന്ന  ഏക ദൃക്‌സാക്ഷി.”
       “കൊന്നതാണന്നോ,  ആര്, എന്തിനു, നീങ്ങളുടെ വിവാഹം  എല്ലാവരും ചേര്‍ന്ന്  തീരുമാനിച്ചത്  ആയിരുന്നല്ലോ?”
      “ആര്  കൊന്നു  എന്ന് മാത്രം  ചോദിക്കരുത്. അയാള്‍   ഇന്ന്  ജീവിച്ചിരിപ്പില്ല. അയാള്‍ക്ക്‌   ഈ ബന്ധം  ഇഷ്ടമില്ലായിരുന്നു  എന്ന് പിന്നീടാണ്  ഞാന്‍   മനസ്സിലാക്കിയത്. ഒര്മവെച്ച  നാള്‍മുതല്‍ ശത്രുസ്ഥാനത്ത്  കണ്ടിട്ടുള്ള ദേവേട്ടനോടുള്ള  പക. ആ  പകപോക്കാന്‍  അവസരം  പാര്‍ത്ത്  നടന്ന്  നടന്ന്  അവസാനം  ആ സര്‍പ്പക്കാവില്‍വെച്ച് ...... ഞാന്‍കണ്ടതാണ്. ദേവേട്ടന്റെ അടുത്തുനിന്നു  ഓടിയകന്ന രൂപം ഇന്നും എന്റെ മനസ്സിലുണ്ട്.   ദേവേട്ടന്റെ  കഴുത്തില്‍   കുരുങ്ങിക്കിടന്ന  തോര്‍ത്തുമുണ്ട് .  കരുവാളിച്ചു  നീല നിറം  കലര്‍ന്ന  ദേഹം.  മൂക്കിലൂടെയും  വായിലൂടെയും ഒലിച്ചിറങ്ങിയ  ചോര....”
      “പിന്നെ എന്താണ് കുഞ്ഞമ്മ ഈ രഹസ്യം ആരോടും പറയാതിരുന്നത്? കൊലയാളിയെ  പോലീസിന്  കാട്ടിക്കൊടുക്കാഞ്ഞത് ?”
   മറുപടി ഉണ്ടായില്ല. ഈറനണിഞ്ഞ കണ്ണുകളോടെ  അവര്‍   തരിച്ചുനിന്നു.
·         “എന്തിനാണ് കുഞ്ഞമ്മ എന്നും കാവില്‍   വിളക്ക് വയ്‌ക്കുന്നത്?  നാഗദൈവങ്ങള്‍ക്ക് ദേവന്‍ചിറ്റപ്പനെ  രക്ഷിക്കാന്‍ ആയില്ല.  പിന്നെന്തിന്‌  അവരെ  മുടങ്ങാതെ  പൂജിക്കണം.?”
     “ഞാന്‍    നാഗദൈവങ്ങള്‍ക്കല്ല    വിളക്ക്    വയ്‌ക്കുന്നത്.  ദേവേട്ടന്‍ മരിച്ചുകിടന്ന  സ്ഥാനത്ത്  അദ്ദേഹത്തെ  മനസ്സില്‍ ധ്യാനിച്ചാണ്  വിളക്ക്    വയ്‌ക്കുന്നത്.  ദേവേട്ടന്‍   മുല്ലപ്പൂക്കള്‍ വളരെ  ഇഷ്ടമായിരുന്നു.  ഒരു  പിടി  മുല്ലപ്പൂക്കള്‍   എന്നും  ഞാന്‍ വിളക്കിനൊപ്പം  വെയ്ക്കും.”
     “ഇനി  കുഞ്ഞമ്മ  പോയി ഉറങ്ങിക്കൊള്ളു.  മനസ്സമാധാനത്തോടെ ഉറങ്ങിക്കൊള്ളു.   ഈ കാര്യങ്ങള്‍ ഞാനാരോടും പറയാന്‍ പോകുന്നില്ല.”
    കുഞ്ഞമ്മയുടെ  പിന്നിലായി  ഞാന്‍ വീട്ടിനുള്ളിലേക്ക്  നടന്നു. അകലെയെവിടെയോ  പുലര്ച്ചക്കോഴിയുടെ  കൂവല്‍ മുഴങ്ങി.  ആകാശത്ത്  തിളങ്ങി നിന്ന ചന്ദ്രബിംബം  ഒരു  കാര്‍മേഘത്തിന്റെ  പിന്നില്‍   ഒളിച്ചു.
    മനുഷ്യമനസ്സ്‌ എത്ര  ദുരൂഹം.    മഹാരഹസ്യങ്ങളുടെ  കലവറ.  ശ്രദ്ധിച്ച്  നോക്കിയാല്‍ ഇരുളടഞ്ഞ  കോണുകളില്‍ ധാരാളം  തരിശുഭൂമികളും.  ശാപനിലങ്ങളും,  ചതുപ്പ്  നിലങ്ങളും,  മരുഭൂമികളും  കാണാം.  എല്ലാ  അന്വഷണങ്ങളും  അവിടെ  ചെന്നവസാനിക്കുന്നു. 
      എവിടെയാണ്  ഒരു  പച്ചത്തുരുത്ത്.  സ്നേഹവും  സാന്ത്വനവും സന്തോഷവും  നിറഞ്ഞ  ഒരു  ഹരിത  ഭൂമി. സ്വന്തം  ദുരന്തങ്ങളെ  സ്നേഹിച്ചുകൊണ്ട്  ഒരു സ്ത്രീ വര്‍ഷങ്ങളായ് നീറിനീറി  ജീവിക്കുന്നു. ഒരുനാള്‍ എരിഞ്ഞടങ്ങുവാനായി.  ഹൃദയത്തില്‍ തറച്ച  മുള്ളുകളുടെ  വേദന  സ്വയം  ആസ്വദിച്ച്‌  ആരോടോ  മധുരമായ  പ്രതികാരം  ചെയ്യാനായി  സ്വയം  കത്തിയമരുന്ന  ഒരു  മെഴുകുതിരി  പോലെ.
   ഒരു  പുലര്‍കാല സ്വപ്നത്തിന്റെ  സുന്ദരദൃശ്യങ്ങളില്‍ മുഴുകി കിടന്നപ്പോള്‍  ആരുടെയോ  അലര്‍ച്ച  കേട്ടാണ്  ഞാന്‍   ഞെട്ടിയുണര്‍ന്നത്.  ചാടിയെഴുന്നേറ്റപ്പോള്‍ എല്ലാവരും  പുറത്തേക്ക്‌ ഓടുന്നു.  ഉറക്കച്ചടവോടെ  ഉടുമുണ്ട്  വാരിച്ചുറ്റിക്കൊണ്ട്  ഞാനും  പുറത്തേക്ക്‌ കുതിച്ചു.
   “അവിടെ  കാവില്‍..........കുഞ്ഞമ്മ.....”  കരഞ്ഞുകൊണ്ട്  ഓടി വന്ന  സൌദാമിനിയുടെ  വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.  ഞാന്‍   ഒരു നിമിഷം  തരിച്ചുനിന്നു.  സപ്ത  നാഡികളും  തളരുന്നത്  പോലെ. വിറയ്ക്കുന്ന  കാലടികളോടെ നീറിപ്പിടയുന്ന  ആത്മാവുമായി  ഞാന്‍   കാവിലേക്ക്  നടന്നു.  മനസ്സ്  ഒരു  കടല്‍ പോലെ ഇളകിമറിഞ്ഞു.  നാഴികകള്‍ക്ക്  മുന്‍പ്‌ കുഞ്ഞമ്മ  മനസ്സില്‍ തീ കോരിയിടുന്നത്  പോലെ   സമ്മാനിച്ച  രഹസ്യങ്ങളുടെ  ഭാരവും  പേറി  ഞാന്‍   കാവിലേക്ക്    ചുവടുകള്‍ വെച്ചു.