കോഴി ജീവിതം
ബെന്യാമിന്‍റെ ആടുജീവിതം എന്ന വിഖ്യാത നോവൽ
വായിച്ചതിൽ പിന്നെയാണ് അത് പോലെ ഒരു
കഥയെഴുതണം എന്ന് തോന്നിത്തുടങ്ങിയത്. മനസിൽ വ്യക്തമായ ആശയം ഒന്നും
ഉരുത്തിരിഞ്ഞില്ലങ്കിലും കഥക്ക് ഒരു പേര് മനസ്സിൽ പെട്ടന്ന് തന്നെ കടന്നു വന്നു.
" കോഴി ജീവിതം". മാട്ജീവിതം, താറാവുജീവിതം ,എരുമജീവിതം എന്ന പേരൊക്കെ
പരിഗണിച്ചെങ്കിലും , “കോഴി ജീവിതം”എന്ന പേർ മനസ്സിൽ പെട്ടന്നു തന്നെ
ഉറപ്പിക്കുകയായിരുന്നു.
റൈറ്റിംഗ് പാട് എടുത്ത് വെച്ച് ആദ്യം തന്നെ
തലക്കെട്ട് എഴുതി അണ്ടർലൈൻ ചെയ്തു. പിന്നെ
ആലോചന തുടങ്ങി. കഥ എവിടെ തുടങ്ങണം: എന്താണ് നായക കഥാപാത്രത്തിന്ന് പേരു്
നൽകേണ്ടത്. നജീം എന്ന പേരു തന്നെ മതിയോ? ഗൾഫിലെത്തിയ നായകനെ അർബാബ് ആള് മാറി
പിടിച്ചു കൊണ്ട് പോയി ഒരു കോഴിഫാമിലിട്ട് അടിമപ്പണി ചെയ്യിക്കുന്നതായി എഴുതിയാലോ .
വേണ്ട , അത് മൂലകഥയുമായി വലിയ വത്യാസമൊന്നുമില്ല. ഒരു പേജ് വായിക്കുമ്പോൾ തന്നെ കഥ
മോഷണമാണന്ന് വായനക്കാർ തിരിച്ചറിയും
കഥ വികസിപ്പിക്കേണ്ട പല വഴികളെക്കുറിച്ച്
ചിന്തിച്ചെങ്കിലും വ്യത്യസ്തമായ ഒരു ആശയം പോലും മനസ്സില്‍ ഉരുതിരിഞ്ഞുവന്നില്ല. ഒരു ലൈൻ പോലും എഴുതാവാനാവാതെ
വിഷമിച്ചിരിക്കുമ്പോൾ ഭാര്യ മുറിയിലേക്ക് കടന്നു വന്നു. തൂത്ത് വാരാൻ ഉള്ള പുറപ്പാടാണ്. അവൾ റൈറ്റിംഗ്
പാഡിലെഴുതിയിരിക്കുന്ന തലക്കെട്ട് കണ്ട് ഒന്ന് ചിരിച്ചു.
" എന്താ പുതിയ
കഥയാണോ?"
പുതിയ തൊരെണ്ണം
എഴുതണം എന്ന് വിചാരിക്കുന്നു. ടൈറ്റിൽ മാത്രമേ കിട്ടിയുള്ളൂ. കഥയൊന്നും
മനസ്സിലേക്ക് കടന്നു വരുന്നില്ല.
“കോഴി ജീവിതം...
കഥയുടെ പേര് ഇഷ്ടപ്പെട്ടു. വേറെ
കഥ ഒന്നും ആലോചിക്കേണ്ട. നിങ്ങളൂടെ പഴയ ബാച്ചിലർ ലൈഫ്
തന്നെ എഴുതിയാൽ പോരെ. കുറെ പൂവാലന്മാർ
ഉണ്ടായിരുന്നല്ലോ അതിലാരുടെയെങ്കിലും കഥ എഴുതിയാൽ മതി അല്ലങ്കില്‍
നിങ്ങളുടെ ആത്മകഥ തന്നെ എഴുത്."
“കഥ ആലോചിച്ച്
ഇരിക്കുന്ന നേരത്ത് കറിവെക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊണ്ടു
വരൂ. ഇന്നുച്ചക്ക് കരിവേക്കാന്‍ ഒന്നും ഇരിപ്പില്ല. ഇവിടെ ഫ്രിഡ്ജ് കാലിയാണ്.
"
മനസ്സില്ലാമനസോടെ
ഞാൻ കസേരവിട്ടെഴുന്നേറ്റു.
ബൈക്ക് സ്റ്റാർട്ട്
ചെയ്യാൻ തുടങ്ങുമ്പോൾ അവൾ ചൂലമായി
വീണ്ടും പ്രത്യക്ഷപ്പെട്ടു.
"ഇതെവിടേക്ക്
വണ്ടിയുമെടുത്ത്? അര കിലോമീറ്റർ നടക്കാൻ മേലേ.? എന്തിനാണ് വെറുതെ
പെട്റോൾ കത്തിക്കുന്നത്. ?"മേലനങ്ങാതെ ഇരുന്ന് ഷുഗറും പ്രഷറും
കൊളസ്ട്രോളും എല്ലാം ധാരാളം ഉണ്ടല്ലോ.
ശകാരരൂപേണയുള്ള അവളുടെ
സംസാരം മനസിൽ നീരസം
ഉണ്ടാക്കിയെങ്കിലും അവൾ പറഞ്ഞതിൽ
കാര്യമുണ്ട് എന്ന് തോന്നി. മനുഷ്യർ
നടക്കാൻ മടിയന്മാരാണ്. ടൂ വീലറുകൾ
കൂടുതൽ വിറ്റഴിക്കപ്പെട്ടതോടുകൂടി വഴിയില്‍ ഇറങ്ങി നടക്കാന്‍ മേലാത്ത
അവസ്ഥയാണ്. ഏത് ഇടവഴിയിലും കുതിച്ചുപായുന്ന ബൈക്കുകള്‍. അത്യാവശ്യം
ഒന്നുമില്ലങ്കിലും അതിവേഗം സഞ്ചരിക്കുക ഒരു ഹരമായി മാറിയിട്ടുണ്ട്. അതുകൊണ്ട് അപകടമരണങ്ങള്‍
കൂടിയിട്ടുണ്ട്. അതിനോടൊപ്പം നാട്ടിൽ
പ്രമേഹരോഗികളുടെ എണ്ണവും കുടി. ഒരൂ ആഡംബരം എന്ന തിനേക്കാൾ ഉപരി
ഒരു അത്യാവശ്യവസ്തുവായി
മാറ്റിയിട്ടുണ്ട് ഇന്ന് ടുവീലർ '
ഗേറ്റ് തുറന്നു ഞാൻ പുറത്തേക്ക്
നടന്നു. മഴക്കാലമായതിന്നാൽ വഴി മുഴുവന്‍ ചെളിവെള്ളം തളം കെട്ടി
നിൽക്കുന്നു. ചവറ്കൂനക്ക് സമീപം കൂട്ടം
കൂടി നിൽക്കുന്ന തെരുവ് നായകളുടെ സൈന്യം.
അതിന് സമീപം തുരുമ്പ് പിടിച്ച് നിലംപതിക്കാറായ
കോർപറേഷൻ്റെ ബോർഡ്. “ഇവിടെ മാലിന്യം
നിക്ഷേപിക്കരുത് " അതില്‍
എഴുതിയിരിക്കുന്നത് വ്യക്തമായി കാണാം. ഞാന്‍ നോക്കിനില്‍കെയാണ് ബൈക്കിൽ വന്ന ഒരു യുവാവ് ഒരു പ്ലാസ്റ്റിക്
കിറ്റ് ചവറുകൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ്
അതിവേഗം വണ്ടിയോടിച്ച് പോയത്. സര്കാരിനെ അനുസരിക്കുന്ന പരിഷ്ക്രിത
സമൂഹത്തിന്റെ ഒരു പ്രതിനിധി’
യഥാർത്ഥത്തിൽ പൊതുനിരത്തുകളിൽ മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്ന
പൊതുജനങ്ങളും മാലിന്യങ്ങൾ യഥാസമയം നിർമാർജനം ചെയ്യാത്ത സർക്കാരുമല്ലേ ഈ
തെരുവ് നായകളെ ഇങ്ങനെ
വളർത്തുന്നതും ആക്രമകാരികൾ ആക്കുന്നതും.
വീട്ടില്‍ വളര്‍ത്തുന്ന വയസ്സായ നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവരും കുറവല്ല.
മൃഗസ്നേഹികള്‍ ആയ ചിലരുടെ സ്നേഹം നായകളോട് മാത്രമാണ്. കാള , പശു,എരുമ പോത്ത്, കോഴി
, താറാവ് മുതലായവയെ കൊന്നുതിന്നുന്നതില്‍ ഒരു പരാതിയുമില്ല. നായകളെ അധികം
പ്രകോപിപ്പിക്കാതെ ഞാൻ കോഴിക്കട
ലക്ഷ്യമാക്കി നടന്നു.
"ഹലാൽ ചിക്കൻ
സെൻ്റർ " സുന്ദരനായ ഒരു പൂവൻ
കോഴിയുടെ ചിത്രത്തോടെയുള്ള മനോഹരമായ ഫ്ലക്സ് ബോർഡ് ' മാംസത്തിൻ്റെ യും ഉണങ്ങിയ
രക്തത്തിൻ്റെയും മണമുള ഒരു ആധുനിക
അറവുശാല. ഒരു ഇലക്ട്രോണിക് ത്ലാസ്, ഒരു
വലിയ മരക്കുറ്റി, ഒരു സ്റ്റീൽ മേശ. കുറെ
രക്തം പുരണ്ട കത്തികള്‍. .പുറകിൽ കമ്പിവല വേലിക്കുള്ളിൽ കലപില കൂട്ടുന്ന
ബ്രോയിലർ കോഴികൾ.
ഒരു
ചെറുപുഞ്ചിരിയോടുകൂടി നിൽക്കുന്ന ഉത്തരേന്ത്യൻ യുവാവ് '
രക്തം തെറിച്ച്
വികൃതമായ ഒരു വെളുത്ത ബനിയനും പഴകിയ ജീൻസും ആണ് വേഷം. പുകയിലക്കറപിടിച്ച പല്ലുകൾ
പുറത്ത് കാട്ടി ഒരു ചെറുപുഞ്ചിരിയോടെ അയാൾ ചോദിച്ചു. "ക്യാ ചാഹിയേ "?
മുര്‍ഗി കിതനാ ഹേ?
“സൌ രൂപയെ സാബ്”
ഏക് ചോട്ടാ വാലാ .. ഞാന്‍ അറിയാവുന്ന
ഹിന്ദിയില്‍ പറഞ്ഞു. അയാള്‍ കമ്പിവേലികെട്ടിനുള്ളില്‍ കടന്നു. കോഴികള്‍ കലപില
കൂട്ടിക്കൊണ്ട് ഒരു വശത്തേക്ക് മാറി. വേഗതയില്‍ ഓടിമാറാനാവാതെ അലസരായ
തടിച്ചുകൊഴുത്ത ബ്രോയിലര്‍ കോഴികള്‍. അയാള്‍ അതിലോരെണ്ണത്തിനെ പിടിച്ചു ചരടില്‍ കോര്‍ത്ത് ഇലക്ട്രോണിക്
ത്ലാസ്സില്‍ കെട്ടിത്തൂക്കി.
100രൂപാ 1.800 ഗ്രാം 180.00 രൂപാ ത്ലാസിലെ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ റേറ്റും തൂക്കവും വിലയുമെല്ലാം
തെളിഞ്ഞു. ഞാന്‍ അതുതന്നെ മതിയെന്ന് തലകുലുക്കി സമ്മതിച്ചു. അയാള്‍ മൂര്‍ച്ചയേറിയ
ഒരു കത്തിയെടുത്തു കോഴിയെ കൊല്ലാന്‍ തുടങ്ങുന്നത് കണ്ടുനില്‍ക്കാനാവാതെ ഞാന്‍ പുറം
തിരിഞ്ഞുനിന്നു.
റോഡില്‍ കുതിച്ചു പായുന്ന വാഹനങ്ങളുടെ
തിരക്ക്. തിരക്ക് പിടിച്ച മനുഷ്യജീവിതത്തിന്റെ നേര്‍കാഴ്ച്ചകള്‍. പട്ടണത്തിലേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോകുന്നവര്‍. കൂടുതലും ടൂവീലറുകളിലാണ്
യാത്ര. ഇരമ്പിപ്പായുന്ന ചുവന്ന നിറമടിച്ച
സിറ്റി സര്‍വീസ് ബസ്സുകള്‍.
റോഡരുകില്‍ തൂണുകള്‍ നാട്ടി കൊടിതോരണങ്ങള്‍
സ്ഥാപിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍
കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്.
ഭരണകൂടത്തിന്റെ ധൂര്‍ത്തിനും അഴിമതിക്കുമെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക്
കിട്ടുന്ന സുവര്‍ണാവസരം. ഓരോ സ്ഥാനാര്‍ത്ഥിയും നിറഞ്ഞ ചിരിയോടെ
മോഹനവാഗ്ദാനങ്ങളുമായി നമ്മെ തേടിയെത്തും.. ഇവിടം തേനും പാലും ഒഴുകുന്ന ഒരു നാടാക്കി മാറ്റും എന്ന
വാക്കുകള്‍ എത്ര തവണ കേട്ട് മറന്നതാണ്.
മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ
പടവെട്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഘടനകള്‍ക്ക് ഇന്നും പ്രതീക്ഷ ഉണ്ട്.
ഇന്ന് നാം അനുഭവിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും സൌകര്യങ്ങളും ഒന്നുപോലും ആരും ദാനം നല്കിയതല്ല എന്ന തിരിച്ചറിവ്
എല്ലാവര്ക്കും ഉണ്ടായിരിക്കണം. പഴയകാലത്തെ പടക്കുതിരകള്‍ നടത്തിയ ത്യാഗോജ്വല
സമരങ്ങളിലൂടെ നേടിയെടുത്തതാണ്. വ്യക്തിസ്വാതന്ത്ര്യവും സാമൂഹ്യനീതിയും. തൊഴില്‍ രംഗത്തെ
അവകാശങ്ങളും ആനുകൂല്യങ്ങളും കൂട്ടായ വിലപേശലിലൂടെ നേടിയെടുത്തത് തന്നെയാണ്. പലരും
ജീവിതം തന്നെ ഹോമിച്ച് കനത്ത ശിക്ഷകളും പീഡനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
പുതുതലമുറക്ക് അവയെല്ലാം കാലഹരണപ്പെട്ട കഥകള്‍
ആയിരിക്കും. ഭിത്തിയില്‍ തൂങ്ങുന്ന ചിത്രത്തിനപ്പുറം വലിപ്പമൊന്നും
ആരുടേയും മനസ്സില്‍ ഉണ്ടാവില്ല.
പുറകില്‍ കാല്പെരുമാറ്റം കേട്ട്
ഞാന്‍ തിരിഞ്ഞുനോക്കി. കടയുടമ; സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അയാള്‍ മേശപ്പുറത്ത്
ഇരുന്ന കണക്കെഴുതുന്ന ബുക്കിലേക്ക് നോക്കി. പിന്നെ കോഴി വൃത്തിയാക്കുന്ന
ഹിന്ദിക്കാരന്റെ നേരേ തിരിഞ്ഞു.
“ഇത് എത്ര കിലോയാണ്?”
“ 1.800”
“നീയെന്താ ആദ്യം ബുക്കില്‍ എഴുതാഞ്ഞത്?”
അത് ചോദിക്കയും അയാള്‍ പണിക്കാരന്റെ മുഖത്ത്
ആഞ്ഞടിക്കയും ചെയ്തത് ഒരുമിച്ചാണ്. . അടികൊണ്ടാവന്‍ നിലത്തുവീണു. കയ്യിലിരുന്ന
രക്തം പുരണ്ട കത്തി ദൂരേക്ക് തെറിച്ചു. അയാള്‍ ചുവന്നുകലങ്ങിയ കണ്ണുകളോടെ
എഴുന്നേറ്റുനിന്നു. ആ മുഖത്ത് ദൈന്യതയോ നിരാശയോ അതിലുപരിയായ എന്തോ വികാരമാണ് കാണാനായത്. അയാള്‍
ക്ഷമാപണത്തോടെ തലകുനിച്ച് നിന്നു. മുതലാളി അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു.
“നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ കണക്കെഴുതി
വെച്ചിട്ട് മാത്രമേ കോഴിയെ കൊല്ലാമുള്ളന്നു” അയാള്‍ വീണ്ടും അടിക്കാനായി കയ്യോങ്ങി.
“വേണ്ട വിട്ടേക്കു പാവമല്ലേ. അയാള്‍ പറഞ്ഞത്
ശരിയാണ്. കോഴി 1.800 തൂക്കിയത് ഞാന്‍
ശ്രദ്ധിചായിരുന്നു.” പണിക്കാരനെ കൂടുതല്‍ ഉപദ്രവിക്കാതിരിക്കാന്‍ ഞാന്‍ കയറി
ഇടപെട്ടു.
“സാറിനങ്ങനെ പറയാം. കാശ് പോകുന്നത് എന്റെയാ.
ഒക്കെ കള്ളക്കൂട്ടങ്ങളാ. ഒന്നിനേം വിശ്വസിക്കാന്‍ ഒക്കുകേല. ഇന്നലെ കണക്കും
കാശുമായി നൂറ്റിയിരുപത് രൂപയുടെ വത്യാസം ഉണ്ടായിരുന്നു.”
ജ്വലിക്കുന്ന കണ്ണുകളോടെ കടയുടമ പുറത്തേക്കു
പോയി. പണിക്കാരന്‍ തെറിച്ചുപോയ കത്തിയെടുത്തു വീണ്ടും കോഴിയെ
വൃത്തിയാക്കിത്തുടങ്ങി. അയാളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു, കൈപ്പത്തിയുടെ
പുറം കൊണ്ട് കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ ജോലിചെയ്യുന്നതു ഞാന്‍ നോക്കിനിന്നു.
ഇവന്‍ തന്നെയാണോ ഞാന്‍ എഴുതാന്‍ പോകുന്ന കഥയിലെ നായകന്‍. കോഴിജീവിതം എന്ന് പേര്
നല്‍കിയത് ഒരു നിമിത്തമായിരിക്കും. ഒരു കോഴിക്കടയില്‍ ആട്ടും തുപ്പുമേറ്റ്
പണിയെടുക്കുന്ന ഒരാളെ തന്നെ ദൈവം എന്റെ മുന്‍പില്‍ എത്തിച്ചിരിക്കുന്നു.
ഏതോ ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍
നിസ്സാരശംബളത്തിന് അടിമപ്പണി ചെയ്തിരുന്ന ഒരു യുവാവ് ആയിരിക്കും. അയാള്‍ക്ക് താങ്ങാനാവാത്ത പ്രാരാബ്ധങ്ങള്‍
വലിഞ്ഞുമുറുക്കിയപ്പോള്‍ നാടും വീടും
വിട്ട് ഒരു തൊഴില്‍ തേടി എത്തിയതാവും. അയക്കുന്ന മണിയോടര്‍ പ്രതീക്ഷയോടെ
കാത്തിരിക്കുന്ന ഒരു ദാരിദ്രകുടുംബം അയാള്‍ക്കുണ്ടാവാം. ഉടുതുണിക്ക്
മറുതുണിയില്ലാതെ ഒരു നേരത്തെ വിശപ്പടക്കാന്‍ ആഹാരമില്ലാതെ തളര്‍ന്നുറങ്ങുന്ന
കുട്ടികള്‍ അയാള്‍ക്കുണ്ടാവാം..
ഞാന്‍ അയാളെത്തന്നെ നോക്കി നില്‍ക്കയായിരുന്നു..
വേറെ കസ്ടമെര്സ് ആരും ഇല്ലാഞ്ഞതുകൊണ്ടാവാം. വളരെ സാവധാനമാണ് അയാള്‍ ജോലി ചെയ്തിരുന്നത്
കോഴിയെ പീസ് ആക്കി ഒരു പ്ലാസ്ടിക് കിറ്റില്‍ ഇട്ടുതന്നപ്പോളും അയാളുടെ കണ്ണുകള്‍
തുവര്‍ന്നിട്ടുണ്ടായിരുന്നില്ല. പൈസകൊടുത്ത് കടയില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍
അകലേക്ക് നോക്കിനില്‍ക്കുകയായിരുന്നു. അവിടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ അപ്പോളും
കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിലായിരുന്നു.
അയാൾ വളരെ
നിസംഗനായാണ് എൻ്റെ
മുഖത്തേക്ക് നോക്കിയത്. ''നിങ്ങൾ എന്തിനാണ് ഇങ്ങനെ അയാളുടെ തല്ല് വാങ്ങുന്നത്. നിങ്ങൾ ഒരു തൊഴിലാളിയല്ലേ
. നിങ്ങളെ അയാൾക്ക് ' വേണമെങ്കിൽ
ശകാരിക്കാം . പക്ഷേ കൈേയ്യറ്റം
ചെയ്യാൻ
ഒരു തൊഴിലുടമക്കും അവകാശമില്ല. ഇത്തരം അനീതിക്കെതിരെ നിങ്ങൾ പ്രതികരിക്കണം.
തൊഴിലിടത്തിലെ മനുഷ്യാവകാശങ്ങൾ
ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്തിട്ടുള്ളതാണ്. മാന്യമായ പെരുമാറ്റമാണ് ഉണ്ടാവേണ്ടതു് .
മാന്യമായ വേതനവും ലഭിക്കണം. മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ
പടവെട്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഘടനകള്‍ ഇവിടയൂയണ്ട്. അവര്‍ നേടിത്തന്ന
അവകാശങ്ങളും പൌരബോധവും നാടിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. നിങ്ങള്‍
ഇങ്ങനെ അടിമപ്പണി ചെയ്യേണ്ടവരല്ല. ഇനിയും നിങ്ങള്‍ ഇത് സഹിച്ച് നില്‍ക്കേണ്ട
ആവശ്യമില്ല.”
ഞാന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സില്‍
തീകോരിയിട്ടിട്ടുണ്ടാവണം. അയാളുടെ കണ്ണുകള്‍ ചുവന്നുകലങ്ങുന്നത് ഞാന്‍ കണ്ടു. മുഖത്തെ
മാംസപേശികള്‍ വലിഞ്ഞുമുറുകുന്നു. അയാള്‍ കുറെ നേരം കണ്ണുകളടച്ച് എന്തോ
ആലോചിച്ചുനിന്നു. പിന്നെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തോ ഒരു
നിശ്ചയദാര്‍ഡ്യത്തോടെ അയാള്‍ പുറത്തേക്ക് നടക്കുന്നത് ഞാന്‍ കണ്ടു. വഴിയരികില്‍
ട്രെഞ്ചുകുത്തിക്കൊണ്ടിരുന്ന നോര്‍ത്തിന്ത്യന്‍ യുവാക്കളോട് അയാള്‍ എന്തോ
പറയുന്നത് ഞാന്‍ കണ്ടു. അവര്‍ പണിയായുധം ഉപേക്ഷിച്ച് അയാളോടൊപ്പം നടന്നു. വഴിയരികില്‍
കൊടിതോരണങ്ങള്‍ കെട്ടുന്ന പാര്‍ട്ടിപ്രവര്‍ത്തകരുടെ കൂടെ സഹായത്തിനു നിന്ന
ഹിന്ദിക്കാരും, കെട്ടിടം പണിതുകൊണ്ടിരുന്ന ബംഗാളികളും അവരോടൊപ്പം ചേര്‍ന്നു. പോകെ
പോകെ അവരുടെ അംഗസംഖ്യ കൂടിക്കൂടിവന്നു.
അധികം വൈകാതെ അതൊരു ജാഥയായ് മാറുകയായിരുന്നു.
അവരുടെ കയ്യില്‍ നിറമുള്ള കൊടികള്‍
ഉണ്ടായിരുന്നില്ല. അവരുടെ ചുണ്ടുകളില്‍ ഈണത്തില്‍ ചൊല്ലുന്ന മുദ്രാവാക്യങ്ങള്‍
ഉണ്ടായിരുന്നില്ല. അവരണിഞ്ഞിരുന്നത് തൂവെള്ള ഖദര്‍ വസ്ത്രമോ, വിപ്ലവചുവപ്പ്
വസ്ത്രമോ, നീല വസ്ത്രമോ ആയിരുന്നില്ല. ഒരു രാഷ്ട്രീയപാര്ട്ടിയുടെയും അടയാളങ്ങള്‍
ഉണ്ടായിരുന്നില്ല. ചെളിയും മണ്ണും പറ്റിയ വിയര്‍പ്പിന്റെ മണമുള്ള വേഷങ്ങളാണ് അവര്‍
അണിഞ്ഞിരുന്നത്. അവരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് കെടാത്ത അഗ്നിയാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ
വിമോച്ചനത്തിനായുള്ള അഗ്നി.
( വായനക്കാരുടെയും എന്റെയും സൗകര്യത്തിനായി ഹിന്ദിയിലുള്ള സംഭാഷണങ്ങള്‍
മലയാളത്തില്‍ ആക്കിയിട്ടുണ്ട്. അതൊരു പോരായ്മയായി കരുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.)
ഇതൊക്കെ നാം ചെയ്തിട്ട് ഗള്‍ഫില്‍ പ്രവാസികളോട് അറബികള്‍ കാട്ടുന്ന അനീതിയെക്കുറിച്ച് നാം വാചാലരാകുകയും ചെയ്യും!!
ReplyDeleteആദ്യവായനക്കും അഭിപ്രായം രേഖപ്പെടുത്തിയാതിനും നന്ദി അജിത് സാര്‍..
Deleteതൊഴിലുടമ എവിടെയും ഇങ്ങനെയൊക്കെ തന്നെ... നാം നമ്മുടെ നിവൃത്തികേട് കൊണ്ട് സഹിച്ച് നിൽക്കുന്നു...
ReplyDeleteഅഭിപ്രായം അറിയിച്ചതില്‍ നന്ദി വിനൂ..
Deleteനല്ലൊരു വായന സമ്മനിച്ചു.
ReplyDeleteആൾരൂപന്റെ ബ്ലോഗിൽ പോയത് പോലെ
താങ്ക്യൂ സുധീ
Deleteസംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍......
ReplyDeleteഅങ്ങനെ അവര്‍ക്കും സംഘടനയായി..........
ആശംസകള്‍
ഉദയാ, തല്ലിയാല്‍ പണിക്കാരന്‍ കത്തികൊണ്ട് പണിതരും.ഇതൊന്നും ഇവിടെ നടക്കില്ല.ഏറിയാല്‍ ചീത്ത പറയും അത്ര മാത്രം.
ReplyDeleteThis comment has been removed by the author.
ReplyDeleteഇതൊരു പാവം ബംഗാളി. അത്രയ്ക്ക് പ്രതികരണശേഷി ഉണ്ടായിരുന്നെങ്കില്‍ അവന്‍ ഇവിടെ പണിക്ക് വരുമോ സാര്‍... കഥയല്ലേ.
Delete'മാന്യമായ പെരുമാറ്റം' മലയാളി അതെന്നേ മറന്നു...
ReplyDeleteഒരേ സമയം അൽപ്പം തമാശയും സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയങ്ങൾ പ്രതിപാദിക്കുകയും... സമ്മതിച്ചു ...
ReplyDeleteശരിക്കും സങ്കടം തോന്നി,വീടിനടുത്തുള്ള കോഴി കടകളിലും ബാർബർ ഷാപ്പിലുമൊക്കെ ഇപ്പൊ നോർത്ത് ഇന്ത്യൻസ് ആണ്,അവരുടെ ഗൾഫ് ആണിവിടം ,മിച്ചം പിടിക്കുന്ന കാശ് നാട്ടിലേക്ക് അയക്കുന്ന ചിലരെ എനിക്കറിയാം ..പ്രതികരണ ശേഷി അട്ടതിലുമപ്പുറത്ത് അവരുടെ നിവര്ത്തി കേടാണ് ...നല്ല ഒരു വായനാനുഭവം നല്കി ..
ReplyDeleteകൊള്ളാം
ReplyDelete