കള്ളക്കത്തുകള്‍
കണ്ടക്ടര്‍ വന്ന് തട്ടിവിളിച്ചപ്പോളാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. ബസ്സ് അവസാന
സ്റ്റോപ്പില്‍ എത്തിയിരിക്കുന്നു. യാത്രികരെല്ലാം ഇറങ്ങിക്കഴിഞ്ഞു. സീറ്റിനടിയില്‍
നിന്ന് ബാഗ് വലിച്ചെടുത്ത് ഞാന്‍ പുറത്തേക്ക് നടന്നു. ഒരു ആല് തറയും അതിന്റെ
തണലില്‍ അഞ്ചാറു കടകളുമുള്ള ഒരു ചെറിയ കവല. കിഴക്കോട്ട് നീളുന്ന ചെമ്മണ്
പാതയോരത്ത് കുറെ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ കാത്തുകിടക്കുന്നു. പടിഞ്ഞാറ്
വശത്തായി ഒരു ക്ഷേത്രവും മൈതാനവും. അതിനുമപ്പുറം പാടങ്ങള്‍. പാടങ്ങല്‍ക്കുമകലെ കരിമ്പനകള്‍
നിറഞ്ഞ് നിറം മങ്ങിയ മലകള്‍.
ബസ്സിറങ്ങിയ യാത്രക്കാരില്‍ ചിലര്‍ ഓട്ടോറിക്ഷകളില്‍ കയറി നീങ്ങിത്തുടങ്ങി.
ചിലര്‍ കുട നിവര്‍ത്തിപ്പിടിച്ചു ചെമ്മണ്‍പാതയിലൂടെ നടന്നുതുടങ്ങി. കത്തിക്കാളുന്ന വെയില്. മീനച്ചൂടില്‍
ചുട്ടുപഴുത്ത വായൂ ഒരു കരിമ്പടം പോലെ എന്നെ പൊതിഞ്ഞു. നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ
വിയര്‍പ്പുതുള്ളികള്‍ ഒരു തൂവാലയില്‍ തുടച്ചുകൊണ്ട് ഞാനൊരു കടയില്‍ കയറി.
“ഒരു നാരങ്ങാവെള്ളം”
“ഉപ്പോ
സര്ബത്തോ?”
“ഉപ്പുമതി. ലേശം പ്രമേഹം ഉണ്ട്”
ബീ.പീ ഉണ്ടോ? ഉപ്പ് കഴിച്ചാല്‍ പ്രശ്നമാവുമോ?”
കടക്കാരന് നാരങ്ങാ പിഴിയാന്‍ താല്പര്യം ഇല്ലാതെ നിന്നു.
“ ഉപ്പുമതി. ബീ.പീ ഒന്നുമില്ല.”
അയാള്‍ നാരങ്ങാ പിഴിഞ്ഞുതുടങ്ങി.
“ ഇവിടെ ഒരു കൊച്ചുപുരക്കല്‍ തോമ്മിച്ചനെ
അറിയുമോ?” ഞാന്‍ പോക്കറ്റില്‍ കിടന്ന
കടലാസ് തുണ്ടിലെ മേല്‍വിലാസം ഒരിക്കല്‍കൂടി വായിച്ചു.
“തോമ്മിച്ചന്റെ ആരാ?” കടക്കാരന്റെ മറുചോദ്യം.
“ഇവിടടുത്താണോ? എനിക്ക് അത്രടം വരെ ഒന്ന് പോകണം.”
“ഒരു
ഒന്നര കിലോമീറ്റര്‍ ഉണ്ടാവും. ഓട്ടോക്ക് പോയാല്‍ മതി. കാവുംഭാഗം എന്ന് പറയുക.”
നാരങ്ങാവെള്ളം കുടിച്ചു ഞാന്‍ ഓട്ടോയി കയറി.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷ ഓടിത്തുടങ്ങി. ശരീരത്തിലെ എല്ലാ സന്ധികളും ഇളകുന്നത്
പോലെയുള്ള കുലുക്കം. കൊച്ചുപുരക്കല്‍ തോമ്മിച്ചനെന്ന് പേരെഴുതിയ ഗേറ്റിനുമുന്പില് വണ്ടി നിന്നു.
“ഒരു അഞ്ചുമിനിറ്റ് വെയിറ്റ് ചെയ്യണം. ഞാനിപ്പോള്‍ വരാം.” ഓട്ടോക്കാരന്റെ
അനുവാദത്തിനു കാത്തുനില്‍ക്കാതെ ഞാന്‍ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. മണല്‍
വിരിച്ച മുറ്റത്ത് പടര്‍ന്ന് പന്തലിച്ചുനില്ക്കുന്ന മാവിന്‍ചുവട്ടില്‍ ഒരു പുതിയ
കാറ് കിടക്കുന്നു. കുട്ടികള്‍ കളി കഴിഞ്ഞുപോയ ക്രിക്കറ്റ് ബാറ്റും ബോളും മുറ്റത്ത്
കിടക്കുന്നു. ചെടിച്ചട്ടികളില്‍ വളര്‍ന്ന് പൂത്തുലഞ്ഞുനില്ക്കുന്ന ഓര്‍ക്കിഡുകള്‍,
ആന്തൂറിയം,
റോസ് അങ്ങനെ വിവിധതരം ചെടികള്‍.
കോളിംഗ്ബെല്‍
കേട്ട് വാതില്‍ തുറന്നത് ഒരു മദ്ധ്യവയസ്കയാണ്.
ആകാശനീല നിറത്തിലുള്ള ഒരു മാക്സി അണിഞ്ഞ അവര്‍ ആഭരണങ്ങള്‍ ഒന്നും
അണിഞ്ഞിരുന്നില്ല. അവര്‍ ചോദ്യരൂപേണ എന്റെ മുഖത്തേക്ക് നോക്കി.
“ഞാന്‍
പൊടിമറ്റത്തുനിന്നും വരികയാണ്. തൊമ്മിച്ചനെ ഒന്ന് കാണണം. ഒരു കത്തുണ്ടായിരുന്നു.”
“അപ്പച്ചനെ കാണണമെന്നോ? ആരാണ് കത്ത് തന്നുവിട്ടത്?”
“ആരും
തന്നുവിട്ടതല്ല. ഇന്നലത്തെ തപാലില്‍ തോമ്മിച്ചന്റെ ഒരു കത്ത് എനിക്ക് കിട്ടി.
എന്റെ പേഴ്സ് കളഞ്ഞുപോയിരുന്നു. അതില്‍ കുറച്ചു പണവും ഡ്രൈവിംഗ് ലൈസന്‍സും
ഉണ്ടായിരുന്നു. തോമ്മിച്ചന്റെ കൈയ്യില്‍ കിട്ടിയിട്ടുണ്ട്. ഇത്രടം വന്നാല്‍
തരാമെന്ന് എഴുതിയിരുന്നു.”
ഞാന്‍
പോക്കെറ്റില്‍ നിന്ന് കത്തെടുത്ത് നീട്ടി. അവര്‍ കത്ത് വായിച്ചിട്ട്
മടക്കിത്തന്നു.
“നിങ്ങളെ ആരോ കബളിപ്പിച്ചതാണ്. അപ്പച്ചന് മരിച്ചിട്ട് അഞ്ചുവര്‍ഷം
കഴിഞ്ഞു. പിള്ളേരുടെ ഡാഡിയാണെങ്കില്‍ ഗള്‍ഫിലാണ്. നാട്ടില്‍ വന്നിട്ട് രണ്ടുവര്‍ഷമായി.
ഇതാരോ മനപ്പൂര്‍വ്വം നിങ്ങളെ കബളിപ്പിക്കാന്‍ ചെയ്തതാണ്.......ഒരു നിമിഷം. ഞാന്‍
ഇപ്പോള്‍ വരാം”
അവര്‍
അകത്തേക്ക് നടന്നുമറഞ്ഞു. മിനിട്ടുകള്‍ക്കുള്ളില്‍ അവര്‍ മടങ്ങിവന്നത് ഒരു
ദിനപത്രവുമായാണ്. രണ്ടാഴ്ച മുന്‍പുള്ള ഒരു ദിനപ്പത്രം. അതില്‍ കൊച്ചുപുരക്കല്‍
തോമ്മിച്ചന്റെ ഒരു
ചിത്രമുണ്ടായിരുന്നു. അഞ്ചാം
ചരമവാര്‍ഷികം എന്ന അടിക്കുറിപ്പോടെ.
നീറിപ്പിടയുന്ന മനസ്സുമായി ഞാന്‍ തിരിഞ്ഞുനടന്നു. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ
വണ്ടിയില്‍ പോകേണ്ട എന്നാണ് മുതലാളി പറഞ്ഞിരിക്കുന്നത്. ലൈസന്‍സിന്റെ
ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചാല്‍ എന്നുകിട്ടും എന്ന് ഒരു ഉറപ്പുമില്ല. ഒരു
ഫോട്ടോകോപ്പി പോലും കൈയ്യില്‍ ഇല്ല. ലൈസെന്‍സ് മടക്കിക്കിട്ടുന്നത് വരെ ഇനി പണിയില്ല.
പണിയില്ലങ്കില്‍ അടുപ്പില്‍ തീ പുകയില്ല. കുട്ടികളുടെ പഠനം, അന്നമ്മയുടെ ചികില്‍സ
എല്ലാം മുടങ്ങും. വേറെ ഒരു പണിയും ചെയ്തു ശീലവുമില്ല അതിനുള്ള ആരോഗ്യവും ഇല്ല.
തിരക്കേറിയ ആ ബസ്സിലെ യാത്രയാണ് എല്ലാം നഷ്ടമാക്കിയത്. ആ ശപിക്കപ്പെട്ട ദിവസ്സം നഷ്ടങ്ങളുടെ ഒരു
ഉത്സവമായിരുന്നു. പേഴ്സും പണവും ഡ്രൈവിംഗ് ലൈസന്‍സും അന്നമ്മയുടെ മരുന്നിന്റെ
കുറിപ്പടിയുമെല്ലാം ഏതോ തസ്കരന് കൈക്കലാക്കി കടന്നുകളഞ്ഞു. ശപിക്കപ്പെട്ട ആ
രാത്രി കൂടുതല്‍ ഇരുന്ടതായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഇരുട്ട് കൂടിക്കൂടി
വന്നു. കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ വെളിച്ചം കുറഞ്ഞ പകലുകളുടെ അകമ്പടിയോടെ.
പരാതി
കൊടുക്കാന്‍ പോലീസ്സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു പട്ടിയെപ്പോലെ അവര്‍ എന്നെ
ആട്ടിയോടിച്ചു. നഷ്ടപ്പെട്ട പണം എത്രയെന്നറിഞ്ഞാല്‍ മാത്രം മതിയായിരുന്നു അവര്‍ക്ക്.
സ്വന്തം പേഴ്സ് സൂക്ഷിക്കാഞ്ഞതിന്
നിയമപാലകരുടെ അസഭ്യവര്‍ഷമെന്ന ശിക്ഷകൂടി ഏറ്റുവാങ്ങേണ്ടിവന്നു. ഇനി എത്രതവണ
കുളിചാലാണ് ആ അസഭ്യവര്‍ഷത്തിന്റെ ദുര്‍ഗന്ധം മനസ്സില്‍ നിന്ന് മാഞ്ഞുപോകുക.
നഷ്ടപ്പെട്ടവനെ വീണ്ടും കുരങ്ങു കളിപ്പിക്കുവാന്‍ തപാലില്‍ വന്ന ഒരു കള്ളക്കത്ത്.
കമ്പനിയിലെ ആരോ മനപ്പൂര്‍വ്വം അയച്ച ഒരു കള്ളക്കത്താണ്. ഒന്ന്
കബളിപ്പിക്കുവാന്‍ ചെയ്തതാവും. കുറച്ചുനാള്‍ അന്വഷിച്ച് നടക്കട്ടെ എന്ന്
വിചാരിച്ചിട്ടുണ്ടാവും. ഒരാഴ്ച വീട്ടുചിലവ് നടത്താനുള്ള പണമാണ് വണ്ടിക്കൂലിയിനത്തില്‍
നഷ്ടമായത്. വെയിലും മഴയും കൊള്ളാതെ ഓഫീസിലെ
ഫാനിന് ചുവട്ടില്‍ ഇരുന്ന് ഗുമസ്തപ്പണി ചെയ്യുന്നവര്‍ക്ക് അദ്ധ്വാനത്തിന്റെയും
കഷ്ടപ്പാടിന്റെയും വിലയറിയില്ലേ ? കോടമഞ്ഞില്‍ തണുത്തുറഞ്ഞ മലയോരപാതകളിലൂടെ
ഉറക്കമിളച്ചു ട്രക്കോടിക്കുന്ന ഒരു ഡ്രൈവറുടെ വിയര്‍പ്പിന്റെ വില ഇവര്‍ക്ക്
മനസ്സിലാവില്ലേ? മുറിവുകളില്‍ തന്നെ കുത്തിനോവിക്കുന്ന ക്രൂരവിനോദം. മനസ്സിലേറ്റ മുറിവുകള്‍ കാലത്തിന് മാത്രമേ
ഭേദമാക്കാനാവൂ.
ഒരു പറ്റം കഴുതകള്‍ റോഡിലൂടെ അതിവേഗം നടന്നുവരുന്നു.
പുറത്ത് കെട്ടിവെച്ചിരിക്കുന്നതു ഭാരമേറിയ
മണല്‍ ചാക്കുകള്‍. സ്വര്‍ണത്തിന്റെ വിലയുള്ള പുഴയിലെ മണല്‍ കള്ളക്കടത്ത്
നടത്തുകയാണ്. അവയുടെ പിറകില്‍ ചാട്ടവീശിക്കൊണ്ട് ഒരു മനുഷ്യന് . അകലെയേതോ ലക്ഷ്യം
തേടിയുള്ള പ്രയാണം. ജീവിതം മുഴുവന്‍ ഭാരം ചുമന്നു അവസാനം വഴിയരികില്‍
മരിച്ചുവീഴാന്‍ വിധിക്കപ്പെട്ട ബലിമൃഗങ്ങള്‍.
ജീവിതത്തെ പടുത്തുയര്‍ത്തിയ മതിലുകള്‍ക്കുള്ളില്‍ ക്രിമികീടങ്ങള്‍
വിഹരിക്കുന്ന ദാരിദ്ര്യത്തിന്റെയും അവഹേളനത്തിന്റെയും നഷ്ടബോധത്തിന്റെയും കരിനിഴല്‍
പരക്കുന്നത് ഞാന്‍ നിറകണ്ണുകളോടെ നോക്കിനിന്നു. വാടിക്കരിഞ്ഞ സ്വപ്നപ്പൂക്കള്‍
കൊഴിഞ്ഞുവീണ വഴിത്താരകള്‍.
മടക്കയാത്രയില്‍ മനസ്സ് ശൂന്യമായിരുന്നു.
ഓട്ടോഡ്രൈവറുടെ സഹതാപം നിറഞ്ഞ വാക്കുകള്‍ നിസംഗതയോടെ കേട്ടുനിന്നു. ഒന്നും
ഞാന്‍ തുറന്നു പറഞ്ഞില്ലന്കിലും അയാള്‍
എന്തൊക്കെയോ മനസ്സിലാക്കിയപോലെ തോന്നി. സഹാനുഭൂതിയോടെയുള്ള അയാളുടെ വാക്കുകള്‍
മനസ്സില്‍ ഒരു തേന്മഴയായ് പെയ്തിറങ്ങുകയായിരുന്നു. യാത്രക്കൂലി വാങ്ങാതെ ഒരു
ചായയും വാങ്ങിത്തന്നാണ് അയാള്‍ എന്നെ ബസ്സ് കയറ്റിവിട്ടത്. ടൌണില്‍ നിന്ന്
ട്രെയിന്‍ കയറി നാട്ടില്‍ എത്തുമ്പോള്‍ നേരം വെളുത്തുതുടങ്ങി.
കൊയ്ത്തു കഴിഞ്ഞ പാടവും തെങ്ങിന്‍തോപ്പും പിന്നിട്ടു വീട്ടിലെത്തുമ്പോള്‍
കുട്ടികള്‍ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. അന്നമ്മ മുറ്റം തൂക്കുകയാണ്.
കാല്പെരുമാറ്റം കേട്ട് അവള് തിരിഞ്ഞുനോക്കി.
“സാധനം കിട്ടിയോ?” അവളുടെ ആകാംഷയോടെയുള്ള ചോദ്യത്തിനുമുന്പില് ഞാന്‍
വിഷണ്ണനായി തലകുനിച്ച് നിന്നു. ഉണ്ടായ സംഭവങ്ങള്‍ കേട്ടപ്പോള്‍ അവളുടെ കണ്ണുകളില്‍
നീര്മുത്തുകള് തുളുമ്പി. സാരിത്തുമ്പില്‍ കണ്ണീര് തുടച്ചുകൊണ്ട് അവള്
അടുക്കളയിലേക്കു നടന്നു. ആവിപറക്കുന്ന
കട്ടന്‍ചായയുമായി കടന്നുവന്നപ്പോള്‍ കൈയ്യില്‍ കുറെ കത്തുകളുണ്ടായിരുന്നു.
“ഇന്നലെ പോസ്റ്റ്മാന് കൊണ്ടുവന്ന് തന്നതാണ്. ഞാനൊന്നും തുറന്നില്ല. ആദ്യം
ചായകുടിക്ക്”
ചായകുടി കഴിഞ്ഞു ഞാന്‍ ആദ്യത്തെ കത്ത് പൊട്ടിച്ചു.
പ്രിയ
സുഹൃത്തേ,
നിങ്ങളുടെ പേഴ്സും കുറച്ചു പണവും ഡ്രൈവിംഗ് ലൈസന്‍സും
കളഞ്ഞുകിട്ടിയിട്ടുണ്ട് . തെളിവുകളോടെ വന്നാല്‍ തിരിച്ചുതരാം. എന്റെ വിലാസം ചുവടെ
ശ്രീനിവാസന്.
.................
........... തിരുവന്തപുരം.
അടുത്ത കത്ത് ഒരു കവറിലായിരുന്നു.
പ്രിയ സുഹൃത്തേ,
നിങ്ങളുടെ
പേഴ്സും കുറച്ചു പണവും........
ആന്റണി
...............
...............
കൊല്ലം.
പിന്നീട് തുറന്ന കത്തുകളെല്ലാം ആദ്യത്തെ കത്തിന്റെ തനിയാവര്‍ത്തനങ്ങളായിരുന്നു. തിരുവന്തപുരം
മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കത്തുകള്‍ പലപല വിലാസങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത
സ്ഥലങ്ങളില്‍ നിന്നുള്ള കത്തുകള്‍. കള്ളക്കത്തുകള്‍
എനിക്ക് നഷ്ടമായതു ഒന്നുമാത്രം. എന്റെ ജീവരേഖ. അന്നന്നത്തെ അന്നത്തിനുള്ള
വഴി. വെളിച്ചം, ജീവിതത്തിന്റെ വെളിച്ചം. .......ആരൊക്കെയോ
ചുറ്റിനും കൂടിനിന്ന് കൂവിവിളിക്കുന്നത് പോലെ. കൂക്കുവിളികള്‍ ഒരാരവം പോലെ
ചെവിയില്‍ മുഴങ്ങി. മനസ്സിനുള്ളില്‍ ആയിരമായിരം ചിലന്തിവലകള്‍ കെട്ടുപിണഞ്ഞ്
ഇന്ദ്രിയങ്ങളെ തടവില്‍ കുടുക്കുന്നു. കേള്‍വിശക്തിയെ, കാഴ്ചശക്തിയെ, ഘ്രാണശക്തിയെ
തടവിലാക്കുന്നു. ശരീരത്തിലെ ഊര്‍ജമെല്ലാം നഷ്ടപ്പെട്ട് ചലനശേഷിയും
സംസാരശേഷിയും നഷ്ടപ്പെട്ട് ഞാന്‍ തളര്‍ന്നുവീണു.
ഇല്ലിമുള്ളുകൊണ്ട് കെട്ടിയ വേലിയുടെ
മധ്യേയുള്ള ചെറിയ കടമ്പ നീക്കി ആരൊക്കെയോ നടന്നുവരുന്ന അവ്യക്തചിത്രം. ഞാന്‍
സൂക്ഷിച്ചുനോക്കി. ഒരു കൂട്ടമായാണ് വരുന്നത്. ഭാരം ചുമക്കുന്ന കഴുതകളുടെ കൂട്ടം.
അവയുടെ പുറത്ത് കെട്ടിവെച്ചിരുന്നത് മണല്‍ ചാക്കുകള്‍ ആയിരുന്നില്ല. തപാല്‍ ബാഗുകള്‍. ഭാരമേറിയ തപാല്‍ ഉരുപ്പടികള്‍
നിറച്ച തപാല്‍ ബാഗുകള്‍. കഴുതകളെ തെളിച്ചുകൊണ്ട് വന്നത് യൂണിഫോം ധരിച്ച ഒരു തപാല്‍
ശിപായി ആയിരുന്നു.
അയാള്‍ കഴുതകളുടെ പുറത്ത് കെട്ടിവെച്ചിരുന്ന ബാഗുകള്‍ ഓരോന്നായി
കെട്ടഴിച്ച് മുറ്റത്തേക്ക് കുടഞ്ഞിട്ടു. പല വലിപ്പത്തിലും വര്‍ണത്തിലും ഉള്ള
കത്തുകള്‍ ഒരു കൂമ്പാരം പോലെ മുറ്റത്ത് നിറഞ്ഞു. കവറുകള്‍ , കാര്‍ഡുകള്‍ ,
ഇല്ലണ്ടുകള്‍.
പേഴ്സും കുറച്ചു പണവും ഡ്രൈവിംങ്ങ് ലൈസന്‍സും കളഞ്ഞുകിട്ടിയതിനുള്ള
അറിയുപ്പുകള്‍. തെളിവുകള്‍, അടയാളങ്ങള്‍ സഹിതം എത്തിയാല്‍ മടക്കിനല്‍കാമെന്ന
വാഗ്ദാനങ്ങള്‍. പൊള്ളയായ വാഗ്ദാനങ്ങള്‍ കേരളത്തിലെ ഇന്ത്യയിലെ പലപല സ്ഥലത്ത്
നിന്നുള്ള കത്തുകള്‍ . കള്ളക്കത്തുകള്‍.
ഞാന്‍ കത്തുകളുടെ കൂമ്പാരത്തിനുമുന്പില്‍ തളര്‍ന്നിരുന്നു. ചൊരിമണലില്‍
കുത്തിയ കാല്‍മുട്ടുകളില്‍ ചോര പൊടിഞ്ഞു. കത്തുകള്‍ വാരിയെടുത്ത് ഞാന്‍
ആകാശത്തിലേക്ക് വലിച്ചെറിഞ്ഞു. കാറ്റില്‍ കൊഴിഞ്ഞുവീഴുന്ന പഴുത്ത ഇലകള്‍ പോലെ
കത്തുകള്‍ വീണ്ടും എന്റെ മുകളിലേക്ക് വീണുകൊണ്ടിരുന്നു.
ഒരു വര്‍ഷത്തിനുശേഷം ഞാന്‍ ബ്ലോഗിലേക്ക് മടങ്ങിവരികയാണ്. എഴുത്തില്‍ ഒരു തുടര്‍ച്ച എനിക്ക് നഷ്ടപ്പെട്ടിരുന്നു. വായനക്കാരുടെ ഭാഗത്തുനിന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ReplyDeleteഈ കള്ളക്കത്തുകള്‍ വലിയ പ്രശ്നം തന്നെ.
ReplyDeleteമനസ്സിലേറ്റ മുറിവുകള്‍ കാലത്തിന് മാത്രമേ ഭേദമാക്കാനാവൂ.
മടങ്ങി വരവ് നന്നായി.
തുടര്‍ന്നും പ്രതീക്ഷിക്കാമല്ലോ.
അഭിപ്രായം അറിയിച്ചതിനു നന്ദി. സ്വയം ഒരു തൃപ്തി തോന്നാഞ്ഞതിനാലാണ് പല കഥകളും പോസ്റ്റ് ചെയ്യാന്‍ മടിച്ചത്. നിങ്ങളുടെയൊക്കെ പിന്തുnaയുണ്ടങ്കില് ഞാന്‍ വീണ്ടും വരും
Deleteവിഭ്രാത്മകചിന്തകള്...............
ReplyDeleteആശംസകള്‍
നന്ദി സാര്‍.
Deleteഉദയപ്രഭൻ സർ!!!!
ReplyDeleteഅങ്ങയുടെ എല്ലാ കഥകളും വായിച്ച ആളെന്ന നിലയ്ക്ക് അങ്ങ് ബ്ലോഗിലേക്ക് മടങ്ങി വരുന്നതിൽ അതിയായി സന്തോഷിയ്ക്കുന്നു.
തൊമ്മിച്ചന്റെ വീട് വരെ എത്തിയ ആദ്യ യാത്ര സാധാരണ പോലെ നല്ലൊരു തുടക്കമായിരുന്നു.പിന്നെ അങ്ങോട്ടൊരു പോക്കാണു...വളരെ നല്ല രീതിയിൽ അച്ചടക്കത്തോടെ ചിട്ടപ്പെടുത്തിയ വരികളിലൂടെ വായനക്കാരെ വിഭ്രാത്മകതലത്തിലേയ്ക്ക് കൊണ്ട് ചെന്നെത്തിയ്ക്കാൻ താങ്കൾക്ക് കഴിഞ്ഞു.
നന്മകൾ!!!
എന്റെ എല്ലാ കഥകളും വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. അഭിപ്രായം രേഖപ്പെടുത്തിയത്തിന് നന്ദി.
Deleteആശംസകള്‍ ഉദയപ്രഭന്‍ ഭായ്.
ReplyDeleteനന്ദി സുധീര്‍ദാസ്
ReplyDeleteഉദയ് ഭായ്....... പ്രതിഭയുടെ വിളയാട്ടം...... ഇത്രയും കഴിവുള്ള ആള്..... എഴുതാതിരുന്നത് നഷ്ടമാണ്...... സമൂഹത്തിന്റെ കൊള്ളരുതായ്മക്കെതിരായും....പൊള്ളത്തരങ്ങള്ക്കെതിരായും.... പിടിച്ച കണ്ണാടിയായി എഴുത്ത്..... പ്രിയ സുഹൃത്ത് സുധി അയച്ചുതന്ന ലിങ്കിലൂടെ കയറിവന്നതാണ് ഞാൻ ..... നല്ലെഴുത്തിന് ആശംസകൾ.... കൂടെ കൂടുന്നു......
ReplyDeleteബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിന് നന്ദി vinod
ReplyDeleteകള്ള കത്തുകളുടെ ഉള്ളുകള്ളികളുമായി
ReplyDeleteവീണ്ടും ബൂലോകത്ത് വന്നതിൽ സന്തോഷം
നല്ല രചനകൾ ഉണ്ടെങ്കിലും വായനക്കാരുടെ
ബ്ലോഗുകളിലും വല്ലപ്പോഴും എത്തി നോക്കിയാൽ
ഭായി, ഇതിലും നല്ല ഫീഡ്ബാക്കുകൾ ഉണ്ടാക്കാൻ
പറ്റുന്ന ആളാണ് കേട്ടൊ
ഇവിടെ എത്തിനോക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്.
Deleteതാങ്ക്സ് മുരളീ.....
ഒരു നഷ്ടപ്പെടലിന് പിന്നിൽ അനേകം നഷ്ടങ്ങൾ പിന് തുടരും അല്ലെ
ReplyDeleteനല്ലൊരു കഥ മനോഹരമായി അവതരണം
ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിന് നന്ദി ബൈജു...
Deleteഉദയപ്രഭന്‍ ഭായ്.വളരെ നന്നായി എഴുതിയിട്ടുണ്ട്...ആശംസകള്‍..ഇനിയും എഴുതുക....
ReplyDeletehttp://lekhaken.blogspot.in
അഭിപ്രായം രേഖപ്പെടുത്തിയത്തിന് നന്ദി. സാമൂസ്
Deleteകഥ അതിമനോഹരമായി.
ReplyDeleteഒരുവര്‍ഷത്തിനുശേഷമുള്ള വരവ് അതിഗംഭീരം
വിലയേറിയ അഭിപ്രായത്തിനു നന്ദി അജിത്
Deleteകത്തുകളയച്ചു കബളിപ്പിക്കുന്നവരും നല്ലവനായ ആ ഓട്ടോക്കാരനും നമുക്കൊപ്പം തന്നെയാണ് ജീവിക്കുന്നതു.അതാണ് ജീവിതത്തിന്റെ തനിമയും.
ReplyDeleteനന്ദി വെട്ടത്താന്‍
Deleteനല്ല ഒരു അനുഭവമായി ഈ കഥ.
ReplyDeleteആശംസകൾ
ഉദയൻ ചേട്ടാ.വളരെ വിചിത്രമായ ഒരു കഥ. മരിച്ചുപോയ ആളിൽ എത്തിയപ്പോൾ വേറെ ഒരു തരം എന്‍ഡിങ് പ്രതീക്ഷിച്ചു.പക്ഷെ അവിടെയും തെറ്റി.ആ കഴുതകളും,അയാളെ വലച്ചുകൊണ്ട് വരുന്ന കത്തുകളും വല്ലാത്ത ഒരു ഫീൽ തന്നു. കിടു സലാം.
ReplyDeleteകിടുവേയ്.
ReplyDeleteഒന്നും പറയാനില്ല.