Tuesday 12 November 2013

സസ്നേഹം



    ജോസ്‌ എനിക്ക് ആരായിരുന്നു എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്. ഒരു അടുത്ത സുഹൃത്ത്‌ എന്ന് കരുതുന്നതാണ് ശരി. എന്നാല്‍ അതിലേറെ നല്ല ഒരു വഴികാട്ടി അല്ലങ്കില്‍ ഒരു ഉപദേശകന്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. അവന്‍  കുറെക്കാലം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ സന്തത സഹചാരി. ഒരു നിഴല്‍ പോലെ അവന്‍ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെ ഒരുമിച്ചല്ലാതെ ആരും കണ്ടിരുന്നില്ല. സ്കൂളിലേക്കുള്ള വഴിയില്‍, പിന്നീട് കോളേജില്‍ എത്തിയപ്പോഴും അവന്‍ എന്നോടൊപ്പം ഒരു നിഴലായി ഉണ്ടായിരുന്നു.
         വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ഞായറാഴ്ച ഉച്ചക്കാണ്‌ ഞാന്‍ ജോസിനെ ആദ്യമായികാണുന്നത്. ലോറി നിറയെ സാധനങ്ങള്‍ കയറ്റി അടുത്ത വീട്ടിലെത്തിയ പുതിയ താമസക്കാര്‍  ആരെന്നറിയുവാന്‍ ഞാന്‍ നോക്കി നില്‍ക്കയായിരുന്നു. ലോറിയില്‍നിന്ന്‌ അവനെ എടുത്തിറക്കിയത് അവന്റെ അച്ഛനായിരുന്നു. ഒരു കാല് ശോഷിച്ച്  സ്വാധീനമില്ലാത്ത അവന്‍ ഒരു വടി കുത്തിയാണ് നടന്നത്. വേലിക്കരികില്‍ നിന്ന് അവന്‍ കൈയ്യുയര്‍ത്തി കാട്ടിയപ്പോള്‍ ഞാന്‍ മുഖം തിരിച്ചുകളഞ്ഞു. ജനാലയിലൂടെ ഞാന്‍ നോക്കുമ്പോള്‍ ചുമട്ടുതൊഴിലാളികള്‍ ലോറിയില്‍ നിന്ന് കട്ടിലും അലമാരിയും മറ്റു വീട്ടുസാധനങ്ങളും ഇറക്കുന്ന തിരക്കിലായിരുന്നു. അവന്റെ അച്ഛനും അമ്മയും പണിക്കാരെ സഹായിച്ചുകൊണ്ട് കൂടെയുണ്ടായിരുന്നു.  അവന്‍ ഇളംതിണ്ണയില്‍ മാറി ഇരിക്കയായിരുന്നു.
               നല്ല ഒരു കൂട്ടുകാരനെ പ്രതീക്ഷിച്ച്‌ നിന്ന എനിക്ക് വലിയ നിരാശയായി. ഒരു വികലാംഗനായ അവനെ എങ്ങനെ കൂട്ടുകാരനാക്കും. നിനക്കൊരു പുതിയ കൂട്ടുകാരന്‍ വരുമെന്ന് അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. അവനെ നിന്റെ ക്ലാസില്‍ തന്നെയാണ് ചേര്‍ത്തിരിക്കുന്നതെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചതാണ്. പക്ഷേ ഇവനോടൊപ്പം എങ്ങനെ സ്കൂളില്‍ പോകും. മറ്റുകുട്ടികള്‍ കളിയാക്കില്ലേ?
        അടുത്തദിവസം രാവിലെ അവന്‍ സ്കൂളി പോകാന്‍ നേരത്തേ തയ്യാറായി എന്റെ വീട്ടിലെത്തി.  ഞാന്‍ ജനലിലൂടെ നോക്കുമ്പോള്‍ അവന്‍ അര ഭിത്തിയില്‍ ചാരി ഇരിക്കയായിരുന്നു. അടുത്ത് തന്നെ ഊന്നുവടിയും പുസ്തകസഞ്ചിയും. അവനെ കൂട്ടാതെ ഇറങ്ങി ഓടിയാലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷേ, അമ്മയുടെ അടി കിട്ടുമെന്ന പേടി കാരണം അവനോടൊപ്പം തന്നെയാണ് വീട്ടില്‍ നിന്നിറങ്ങിയത്.
  സ്കൂളിലേക്കുള്ള രണ്ട് കിലോമീറ്ററോളം ദൂരം എന്നും നടന്നുതന്നെയാണ് പോയിക്കൊണ്ടിരുന്നത്. ഞങ്ങളോടൊപ്പം ഊന്നുവടിയുടെ സഹായത്തോടെ  നടന്നെത്താന്‍ അവന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അരമണിക്കൂര്‍ സമയംകൊണ്ട് എത്തുന്ന ദൂരം പിന്നിടാന്‍ അന്ന് കൂടുതല്‍ സമയമെടുത്തു. പുതിയ വികലാംഗനായ കുട്ടിയെ എല്ലാവരും സഹതാപത്തോടെയാണ് നോക്കിയത്. പക്ഷേ, ചിലര്‍ ഓരോന്ന് പറഞ്ഞ് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.
               ദിവസങ്ങള്‍ കടന്നുപോകവേ അവനോടുള്ള എന്റെ മനോഭാവത്തില്‍ എങ്ങനെയോ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. സ്നേഹവും അനുകമ്പയും കൂടി വന്നു. അവന്‍ ഒരു നല്ല ചിത്രകാരനായിരുന്നു. നല്ല കൈയ്യക്ഷരത്തില്‍ എഴുതാനുള്ള കഴിവുണ്ടായിരുന്നു. പഠനകാര്യങ്ങളില്‍ ശരാശരി ആയിരുന്നെങ്കിലും എന്തുവിഷയവും പെട്ടന്ന് മനസ്സിലാക്കിയെടുക്കാനുള്ള കഴിവുണ്ടായിരുന്നു.
      വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള ചെമ്മണ്‍ പാതയിലൂടെ  ഞങ്ങള്‍ പത്തുപേര്‍ നടന്നാണ് പോയ്ക്കൊണ്ടിരുന്നത്. ആറു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും. വിജനമായ റബ്ബര്‍ തോട്ടത്തിലൂടെയുള്ള  യാത്രയില്‍   ഞാന്‍ വാതോരാതെ സംസാരിക്കുമായിരുന്നു. പക്ഷെ, അവന്‍ എന്നും ഒരു കേള്‍വിക്കാരന്‍ മാത്രമായിരുന്നു. മുഖത്ത് എന്നും ഒരു വിഷാദഭാവത്തോടെ മാത്രമേ ഞാനവനെ കണ്ടിട്ടുള്ളൂ. അവന്റെ പുസ്തകസഞ്ചി കൂടി തോളത് തൂക്കി നടക്കാന്‍ എനിക്ക് എന്നും ഒരു പ്രത്യേക താല്പര്യം തന്നെയായിരുന്നു.
           ഒരുനാള്‍ സ്കൂളില്‍നിന്ന് മടങ്ങുമ്പോള്‍ എസ്റ്റേറ്റ് മാനേജര്‍ സണ്ണിച്ചന്റെ ജീപ്പ്‌ അടുത്ത് വന്നു നിന്നു. പുറകിലെ സീറ്റിലിരുന്ന എസ്റ്റേറ്റ് പീയൂണ്‍ കൊച്ചൗസേപ്പ്  എല്ലാവരെയും കൈ കാട്ടി വിളിച്ചു. ഒരു ഫ്രീ ലിഫ്റ്റ്‌ ഓഫര്‍. ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമായി. എല്ലാവരും ഓടിച്ചെന്നു  ജീപ്പിന്റെ മുന്സീറ്റിലും  പിന്സീറ്റിലും ചാടിക്കയറി. കൊച്ചൗസേപ്പ് ചേട്ടന്‍ എല്ലാവരെയും വണ്ടിയില്‍ കയറാന്‍ സഹായിച്ചുകൊണ്ടിരുന്നു.അവസാനമായാണ് ജോസ് കയറാന്‍ ശ്രമിച്ചത്‌.
     “ഈ ചട്ടുകാലന്‍ കുട്ടിയെ കയറ്റണോ മുതലാളീ?
     “വേണ്ട അവന്‍  നടന്നു വന്നാല്‍ മതി.” കൊച്ചൗസേപ്പിന്റെ ചോദ്യവും മുതലാളിയുടെ മറുപടിയും എന്നില്‍ നിരാശ ഉണ്ടാക്കി.
     ജോസിനെ കയറ്റാതെയാണ് അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തത്. ഞാന്‍ വണ്ടി നിര്‍ത്താന്‍ ബഹളം വെച്ചെങ്കിലും അയാള്‍ എന്റെ വീടിനു മുന്നില്‍ വന്നാണ് ബ്രേക്കിട്ടത്.   ഞങ്ങളെ ഇറക്കിയിട്ട് വണ്ടി വിട്ടുപോയ ഉടനെ ഞാന്‍ പുസ്തകസഞ്ചി വീടിന്റെ അരഭിത്തിയില്‍ വെച്ചിട്ട് തിരിച്ചോടി. ഞാന്‍ വളവു തിരിഞ്ഞു ചെല്ലുമ്പോള്‍ ജോസ്‌ സാവധാനം നടന്നു വരികയായിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നത് ഞാന്‍ കണ്ടു. സാരമില്ലടാ എന്ന് പറഞ്ഞു ഞാനവനെ കെട്ടിപ്പിടിച്ചു. ഇത്തരം അനുഭവങ്ങള്‍ അവനു ധാരാളം ഉണ്ടായിട്ടുണ്ടന്ന് അറിഞ്ഞപ്പോള്‍ വലിയ വിഷമം തോന്നി. 
           ഒരു വണ്ടി സ്വന്തമായുള്ളതിന്റെ അഹങ്കാരമാണ് അയാള്‍ കാണിച്ചത്. ആരും ഇങ്ങനെ ഒരിക്കലും ഒരു വികലാംഗനോടെന്നല്ല ഒരു മനുഷ്യനോടും പെരുമാറാന്‍ പാടില്ലെന്ന് എന്റെ മനസ്സ്‌ പറഞ്ഞുകൊണ്ടിരുന്നു. ഞാനെന്നെങ്കിലും വണ്ടി വാങ്ങിയാല്‍ നിന്നെ കയറ്റിക്കൊണ്ടു പോകും. ഈ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങും എന്നു   ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ചിരിക്കയായിരുന്നു. കണ്ണീരിന്റെ നനവുള്ള ചിരി.
       അച്ഛന്‍ എനിക്ക് സൈക്കിള്‍ വാങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചത് ജോസാണ്. ഞാന്‍ സൈക്കിള്‍ ചവിട്ടുന്നത് അവന്‍ കലുങ്കില്‍ ഇരുന്നു കാണും. സ്പീഡില്‍ ഓടിക്കാന്‍ അവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എപ്പോളും സൂക്ഷിച്ച്‌ സൂക്ഷിച്ച്‌ എന്ന് പറഞ്ഞുകൊണ്ടിരിക്കും. പിന്നീട് സ്കൂളിലേക്കുള്ള യാത്ര ഞങ്ങള്‍ സൈക്കിളിലാക്കി. അവന്‍ സൈക്കിളില്‍ന്റെ പിന്‍സീറ്റില്‍ ഇരിക്കും. ഊന്നുവടിയും പിടിച്ചാണ് അവന്റെ ഇരിപ്പ്. പുസ്തകസഞ്ചി ഹാന്‍ഡിലില്‍ തൂക്കി ഞാന്‍ സാവധാനം സൈക്കിള്‍ ഓടിക്കും.
            പിന്നീട് കോളേജില്‍ എത്തിയപ്പോള്‍ യാത്ര ബൈക്കിലായി. അവന്‍ പഠിച്ചത് ചരിത്രവും സാമ്പത്തികശാസ്ത്രവുമാണ്. ഞാന്‍ കണക്കും സയന്‍സും. ഉച്ചക്ക് എന്നും ഒരുമിച്ച്‌ ഇരുന്നാണ് ഊണ്. കറികള്‍ പരസ്പരം ഷെയര്‍ ചെയ്ത്‌, ധാരാളം സംസാരിച്ച്‌, ചിരിച്ചു ഉല്ലസിച്ച് കഴിഞ്ഞു പോയ ദിവസങ്ങള്‍.
        കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഒരു ദിവസം ഉണ്ടായ സംഘട്ടനം.. കാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അടുത്തടുത്ത  ടേബിളില്‍ ഉണ്ടായ വാക്കുതര്‍ക്കം കൂട്ടത്തല്ലിലേക്ക് നീങ്ങുകയായിരുന്നു. ആ ബഹളത്തിനും അക്രമത്തിനും ഇടയില്‍ ജോസ്‌ അറിയാതെ പെട്ടുപോകുകയായിരുന്നു. ആ കൂട്ടത്തല്ലില്‍ നിന്ന് പുറത്തു കടക്കാനോ രക്ഷപെടുവാനോ അവനു സാധിച്ചില്ല. അവന്റെ ഊന്നുവടി ആരോ പിടിച്ചുവാങ്ങി. പിന്നെ അത് വെച്ചായിരുന്നു അടി. നിലത്ത് വീണ അവന്‍ ആള്‍ക്കാരുടെ ചവിട്ടും തൊഴിയുമേറ്റ് അവശനായി. അതില്‍  പരിക്കേറ്റു അവന്‍ ആശുപത്രിയില്‍ ആയി. അവസാനം അവന്‍ മരണത്തിന് കീഴടങ്ങി.         കെമിസ്ട്രി ലാബില്‍ സോള്‍ട്ട് അനാലിസിസ്‌ ചെയ്തുകൊണ്ട് ഇരിക്കുമ്പോള്‍ എന്തോ ബഹളം കേട്ടിരുന്നു. പിന്നീട് ആംബുലന്‍സ്‌ വരുന്ന ശബ്ദം കേട്ടപ്പോളാണ്  ലാബില്‍ നിന്ന് ഇറങ്ങാനായത്. പരുക്കേറ്റവരെ ആംബുലന്‍സില്‍ കയറ്റുന്നതു കണ്ടു. പക്ഷെ, അതില്‍ ജോസ്‌ ഉണ്ടാകുമെന്നു ഞാന്‍ കരുതുയില്ല. ഞാന്‍ അവിടെ  ഉണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കുകയില്ലായിരുന്നു. ജോസിനെ എങ്ങനെയും ആ അപകടത്തില്‍ നിന്ന് രക്ഷിക്കുമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഒരു സംഘടനയോടും അനുഭാവമോ വെറുപ്പോ പ്രകടിപ്പിക്കാതെ തികഞ്ഞ നിഷ്പക്ഷവാദിയായ അവന്‍ ഇത്തരമൊരു ദുര്യോഗം സംഭവിക്കരുതായിരുന്നു.
            വെള്ളവസ്ത്രം ധരിച്ച അവന്റെ ചേതനയറ്റ ശരീരം പള്ളിസെമിത്തേരിയില്‍ അടക്കം ചെയ്യുമ്പോള്‍ നെഞ്ചുപൊട്ടിക്കരഞ്ഞ അമ്മയുടെ മുഖം ഒരിക്കലും മറക്കാനാവുന്നില്ല. വികലാംഗനായിരുന്നെങ്കിലും അവരുടെ ഏക പ്രതീക്ഷ  ആയിരുന്നു അവന്‍. അച്ഛന്റെ ദുഃഖം പറഞ്ഞറിയിക്കാന്‍ ആവാത്തതായിരുന്നു.
       അടക്കം കഴിഞ്ഞു എല്ലാവരും പിരിഞ്ഞ്‌ പോയെങ്കിലും ഞാന്‍ പള്ളിനടയില്‍ തന്നെ ഇരിക്കയായിരുന്നു. വികാരിയച്ചനാണ് എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്. എന്റെ പുറത്തു തട്ടി അദ്ദേഹം ആശ്വസിപ്പിച്ചു.
          “നിങ്ങളുടെ സ്നേഹവും സൌഹൃദവും ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. നിന്റെ മനസ്സിന്റെ വിങ്ങല്‍ ഞാന്‍ മനസ്സിലാക്കുന്നു. ഇനി നീയാണ് അവന്റെ മാതാപ്പിതാക്കളെ ആശ്വസിപ്പിക്കേണ്ടത്. അവര്‍ക്ക് സ്നേഹവും പരിചരണവും കൊടുക്കേണ്ടത്. അതിനു ദൈവം നിനക്ക് ശക്തി തരും. അവന്റെ ആത്മാവ് എന്നും നിന്നോടുകൂടെ ഉണ്ടാവും.” 
          അച്ചന്റെ വാക്കുകള്‍ ഒരു സ്വാന്തനമായി ഒരു ഉപദേശമായി എന്റെ ചെവികളില്‍ മുഴങ്ങി. ഞാന്‍ പള്ളിയന്കണം വിട്ടു പുറത്തേക്കു നടന്നു. വഴിയില്‍ പുസ്തകസഞ്ചിയും തൂക്കി ഒരു ചെറു പുഞ്ചിരിയോടെ  അവന്‍ കാത്തുനില്‍ക്കണേ എന്ന് മനസ്സ്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

25 comments:

  1. വൈകല്യം ആരുടേയും കുറ്റമല്ല. അതില്ലാത്തവർ വികലാംഗരെ കുറ്റം പറയുന്നത് ബുദ്ധിമോശം ആണ്. കാരണം, ആ ദുര്യോഗം അവരെ, അവരുടെ കുടുംബക്കാരെ ഏതു നിമിഷത്തിലും തേടി എത്താം! കഥ നന്നായി. വായിക്കുന്നവർക്ക് വിഷമം തോന്നും. അത് ഒരു ഗുണപാഠം ആകട്ടെ. ആശംസകൾ.

    ReplyDelete
  2. ഭായ് ഈ ഫോണ്ട് ബ്ലോഗ്
    വായനക്ക് തടസ്സമുണ്ടാക്കുന്നതാണ് ..
    വരമൊഴിയിലേക്കോ ,കാർത്തികയിലേക്കോ മാറ്റുമല്ലോ അല്ലേ

    ReplyDelete
    Replies
    1. Sure.I will take into consideration your valuable recommendation

      Delete
  3. നല്ല എഴുത്ത്,
    കഥയോ അനുഭവമോ എന്ന് ലേബല്‍ വച്ചില്ല.

    ReplyDelete
  4. ജോസിന്‍റെ കഥ നൊമ്പരമായി.....
    നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  5. മനസ്സിനെ വല്ലാതെ സ്പർശിച്ച എഴുത്ത് - അനുഭവമെന്നാണ് കരുതിയത്. വായനയുടെ അവസാനം ലേബൽ നോക്കിയാണ് ഒരു ഭാവനാസൃഷ്ടിയാണെന്നു മനസ്സിലാക്കിയത്.
    യഥാർത്ഥ ജീവിതത്തിലും ഇങ്ങിനെ എത്രയോ വ്യക്തികൾ .....

    ReplyDelete
  6. വല്ലാതെ പ്രയാസപ്പെടുത്തുന്ന വായന. എന്തോ ഈയിടെയായി ഞാന്‍ അങ്ങിനെയാണ്.
    നന്നായി പറഞ്ഞു.

    ReplyDelete
  7. ഒരു കാലം ഞാനും ഇങ്ങനെ കളിയാക്കിയിട്ടുണ്ട്. പലരെയും. തിരിച്ചറിവ് വന്നപ്പോള്‍ ആരും പൂര്‍ണ്ണരല്ലയെന്നും എല്ലാവര്‍ക്കും വൈകല്യമുണ്ടെന്നും ഏറ്റക്കുറച്ചിലുകള്‍ മാത്രമേ ഉള്ളുവെന്നും മനസ്സിലായി. ഒരു തരം ബോധോദയം. അപ്പോഴാണ് പരിഹാസി മരിച്ചുപോയത്. കഥ നന്നായി.

    ReplyDelete
  8. വളരെ ഹൃദയ സ്പർശിയായ അത്മകഥാംശം അനുഭവപെട്ടു വളരെ സൂക്ഷിച്ചു കൊണ്ട് പോയി വികലമാക്കാതെ ഒരു നല്ല കഥയായി

    ReplyDelete
  9. ജോസ് മനസ്സിലൊരു വിങ്ങലായി ....

    നന്നായി എഴുതി ....ആശംസകൾ

    ReplyDelete
  10. അവരുടെ സൌഹൃതവും, ആത്മബന്ധവും നന്നായി മനസ്സില്‍ സ്പര്‍ശിച്ചു.. ... എഴുത്ത് വളരെയധികം ഇഷ്ടപ്പെട്ടു :) കഥ വിഷമിപ്പിച്ചു. :(

    ReplyDelete
    Replies
    1. താങ്കളുടെ അഭിപ്രായത്തിനു നന്ദി.

      Delete
  11. ജോസ് ഒരു നൊമ്പരമായി... വളരെ നന്നായി അവതരിപ്പിച്ചു...
    ആശംസകള്‍...

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

      Delete
  12. എന്‍റെ കണ്ണുകള്‍ എന്തിനോ ഒന്ന് നിറഞ്ഞു ..വേറൊന്നും പറയാനില്ല

    ReplyDelete
  13. നന്മയുള്ള മനസ്സിനുടമകള്കെ കണ്ണ് നനയു. വയ്ച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി.

    ReplyDelete
  14. വളരെ മനോഹരമായിരുന്നു എഴുത്ത്... യാഥാർത്ഥ്യമാണോ അതോ വെറുതെ മനസ്സിലൂടെ തോന്നിയതാണോ ഈ എഴുത്ത്? ഹൃദയസ്പർശിയായിരുന്നു....യാഥാർത്ഥ്യമല്ലാതിരിക്കട്ടേ... ആശംസകൾ നേരുന്നു..

    ReplyDelete