Saturday 11 May 2013

ഗാന്ധിജി


ഗാന്ധിജി
രാവിലെ ഉണര്‍ന്ന ഉടനെ ഒരു ചായ കുടിക്കണമെന്ന ആഗ്രഹം തോന്നി. ഡിസംബറിലെ  പ്രഭാതത്തിനു നല്ല തണുപ്പ് ഉണ്ടായിരുന്നു. ഹാങ്ങറില്‍കിടന്ന ഷര്‍ട്ട്‌  എടുത്തിട്ട് ഞാന്‍  മുറി പൂട്ടി പുറത്തിറങ്ങി.  പുറത്തു വെളിച്ചം കടന്നുവരുന്നതെ ഉള്ളു. തലമുടി കോതി വെയ്ക്കാനോ മുഖം കഴുകാനോ  മിനക്കെടാതെ  ഞാന്‍ അതിവേഗം  പുറത്തേക്കു  നടന്നു.
   നിരത്തിലേക്ക്‌  ഇറങ്ങിയപ്പോള്‍  ആകെ    ഒരു അപരിചിതത്വം അനുഭവപ്പെട്ടു. കാത്തു കിടക്കുന്ന ഓട്ടോറിക്ഷകളുടെ  സ്ഥാനത് കുതിരവണ്ടികള്‍,  സൈക്കിള്‍റിക്ഷകള്‍.  പഴമയുടെ ചിഹ്നനങ്ങള്‍   പേറുന്ന കാറുകള്‍,   മറ്റു  വാഹനങ്ങള്‍.   അംബരചുംബികളായ  കെട്ടിടങ്ങളോ ഫ്ലാറ്റുകളോ  ഇല്ല.  മഞ്ഞ വെളിച്ചം വിതറുന്ന  സോഡിയം വേപര്‍ലാമ്പുകള്‍  ഇല്ല. പകരം മങ്ങിക്കത്തുന്ന ബള്‍ബുകള്‍   മാത്രമുള്ള  വിളക്ക്കാലുകള്‍. ഓലമേഞ്ഞ ചായപ്പീടിക.  ഒറ്റമുണ്ടു  മാത്രമുടുത്ത  അര്‍ദ്ധനഗ്നരായ  ഗ്രാമീണര്‍.   ഇത് നൂറു വര്ഷം മുന്‍പുള്ള തിരുവനന്തപുരം പട്ടണം തന്നെ. ഇതെങ്ങനെ ഞാന്‍  ഇത്രയും കാലം പുറകിലെത്തി.
     ഒരു സ്വപ്നലോകത്ത് അകപ്പെട്ട പോലെ ഒരുതരം  പകപ്പ് എന്നെ ബാധിച്ചു.  സ്വപ്നമല്ല  എന്ന് സ്വയം  വിശ്വസിപ്പിക്കുവാന്‍  നോക്കി. ഇല്ല,   സ്വപ്നമല്ല..  ധനുമാസത്തിലെ  ശക്തിയേറിയ  തണുത്ത  കാറ്റ്  വീശിയടിക്കുന്നു.  ചായപ്പീടികയില്‍   അധികം  തിരക്ക്  ഒന്നും  ഉണ്ടായിരുന്നില്ല.  ഒരു ഓട്ടുഗ്ലാസ്സിലാണ്  എനിക്ക്  ചായ  തന്നത്.  ചായക്കടക്കാരന്‍   തന്ന ചായക്ക്  നല്ല രുചിയും മണവും ഉണ്ടായിരുന്നു. ശുദ്ധമായ  പശുവിന്റെ പാല്‍ചേര്‍ത്തുണ്ടാക്കിയ നല്ല ചായ.  ചായ കുടിച്ചതിന്  ശേഷമാണ്  പോക്കെറ്റില്‍   കൈയ്യിട്ട്  നോക്കിയത്.  അഞ്ചാറു  നാണയത്തുട്ടുകള്‍   മാത്രമാണ്  പോക്കെറ്റില്‍   ഉണ്ടായിരുന്നത്.  അപരിചിതമായ  ആ  നാണയത്തുട്ടുകള്‍   തിരിച്ചും  മറിച്ചും  നോക്കുന്നതിനിടയില്‍   കടക്കാരന്‍തന്നെ  അത്  കൈ  നീട്ടി  വാങ്ങി.  ബാക്കിയായ്‌  തന്ന  ക്ലാവ്  പിടിച്ച   ചെമ്പ്  നാണയങ്ങള്‍   എണ്ണിനോക്കാതെ  തന്നെ  ഞാന്‍   പോക്കെറ്റില്‍   ഇട്ടു.  വഴിയോരത്ത്  വില്പനയ്ക്ക്  വെച്ചിരുന്ന  ദിനപ്പത്രം  നസ്രാണി ദീപിക.  അതിലെ  തീയതി കണ്ടു ഞാന്‍   അന്ധാളിച്ചു  പോയി.
     അകലെനിന്ന് ഒരാരവം കേള്‍ക്കാം.  ഞാന്‍   കാതോര്‍ത്തു.  അത് മുദ്രാവാക്യം വിളി പോലെ എന്തോ ഒന്നായി തോന്നി. ശബ്ദാരവം  അടുത്ത്  വന്നുകൊണ്ടിരുന്നു.  അത്  ഒരു ജാഥയായിരുന്നു.  ദേശഭക്തി  തുളുമ്പുന്ന  മുദ്രാവാക്യങ്ങള്‍ആയിരുന്നു  അവര്‍വിളിച്ചിരുന്നത്‌.  ജാഥയുടെ മുന്നില്‍അതിവേഗം  നടക്കുന്ന വൃദ്ധനെ നല്ല  പരിചയം  തോന്നി.  മഹാത്മാഗാന്ധി.  അദ്ദേഹത്തോടൊപ്പം  നെഹ്‌റു. പിന്നെ അനവധി നേതാക്കള്‍.  എല്ലാവരും  തൂവെള്ള  ഖാദര്‍വസ്ത്രങ്ങള്‍ധരിചിരിക്കുന്നു.  ലോകം  മുഴുവന്‍ആരാധിക്കുന്ന മഹാത്മാഗാന്ധി  ഇതാ ജീവനോടെ  എന്റെ  മുന്നില്‍.  എനിക്ക് സന്തോഷം  അടക്കാനായില്ല.  ഞാന്‍ അദ്ദേഹത്തിന്റെ  അടുത്തേക്ക് ഓടിയെത്തി  ആ കാലില്‍ തൊട്ടു തൊഴുതു. അദ്ദേഹം എന്നെ പിടിച്ചു എഴുന്നേല്പിച്ചു.  തോളത്ത് സ്നേഹപൂര്‍വ്വം  തട്ടിയിട്ടു അദ്ദേഹം മുന്നോട്ടു നടക്കുന്നത് ഞാന്‍ നോക്കിനിന്നു. 
  എന്തോ  ശബ്ദം കേട്ടാണ്  ഞാന്‍ ഞെട്ടി  ഉണര്‍ന്നത്.  കതകില്‍ ആരോ  ശക്തിയായി  മുട്ടുന്നു.  ഉറക്കച്ചടവോടെ  ഞാന്‍ കിടക്കവിട്ട്  എഴുന്നേറ്റു.  കൈയ്യില്‍ ആവി  പറക്കുന്ന  ചായയുമായി  അമ്മ. കട്ടിലില്‍ കിടന്നിരുന്ന  “എന്റെ സത്യാന്വാഷണ പരീക്ഷകള്‍”  എന്ന  പുസ്തകം അമ്മയെടുത്തു  മേശപ്പുറത്ത്  വെച്ച്  തിരിഞ്ഞു  നടന്നു.    കറുത്ത  പുറംച്ചട്ടയിലെ  മഹാത്മജിയുടെ  തിളങ്ങുന്ന  ചിത്രം. ആ കണ്ണുകളില്‍ സ്നേഹമാണോ,  സഹാനുഭൂതിയാണോ, സാഹോദര്യമാണോ, നിശ്ചയദാര്‍ഢ്യമാണോ സ്പുരിക്കുന്നതെന്ന്  എനിക്ക് മനസ്സിലാക്കുവനായില്ല. ആയിരം സൂര്യതേജസ്സോടെ ആ മഹാത്മാവ്    എന്നെ നോക്കി  പുന്ചിരിച്ചുകൊണ്ടിരുന്നു. 

12 comments:

  1. മഹാത്മന്‍
    അങ്ങ സ്വപ്നം കണ്ട ജനാധിപത്യദേശം ഇങ്ങനെയുള്ളതോ

    എന്നൊന്ന് ചോദിക്കണം

    ReplyDelete
  2. ഒറ്റപ്പെട്ട സ്വപ്നങ്ങളില്‍പ്പോലും വരാത്തവണ്ണം ഇന്ത്യന്‍ മനസ്സുകളില്‍ നിന്നും സത്യാന്വേഷണ പരീക്ഷണങ്ങള്‍ അകന്നു പോയിരിക്കുന്നു........

    ReplyDelete
  3. ellam ini verum swapnangal maathram....

    ReplyDelete
  4. അതെ, സ്വപ്നസമാനമായ ആ രാജ്യം ഇന്നൊരു സ്വപ്നം പോലുമല്ലാതായിരിയ്ക്കുന്നു. നല്ല ആശയം. അഭിനന്ദനങ്ങള്‍ .....

    ReplyDelete
  5. ബ്ലോഗ്‌ നാന്നായിരിക്കുന്നു.
    ''എന്റെ സത്യാന്വേഷണ പരീക്ഷകള്‍'' മനസ്സിരുത്തി വായിച്ചാൽ ഇതൊക്കെ തികച്ചും സംഭവ്യം. അത് വായിച്ചവര്ക്കു ഇങ്ങിനെ പലതും പറയാനുണ്ടാകും - സ്വപ്നം കണ്ടത്, ജീവിതത്തിലെ വഴിത്തിരുവുകൾ... അതുകൊണ്ടാണല്ലോ ആ ഉചിതമായ പേര് (മഹാത്മാ) അദ്ദേഹത്തിനു വീണത്. എന്റെ അച്ഛൻ ചെറുപ്പത്തിൽ മത്സ്യമാംസം കഴിച്ചിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. പിന്നെ എന്തുകൊണ്ടാണ് പിൽക്കാലത്ത്‌ അത് വേണ്ട എന്ന് വെച്ചത് എന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകള്‍ വായിച്ച ശേഷം അങ്ങിനെ തോന്നി എന്നായിരുന്നു ഉത്തരം. അതിന്റെ അനന്തര ഫലമോ അമ്മയും സസ്യഭുക്കായി. അച്ഛനമ്മമാർക്ക് പിറന്ന ഞാനും ജന്മനാൽ സസ്യഭുക്ക്. അതിൽ എനിക്ക് ഇന്നും വളരെ വളരെ സന്തോഷം!

    ReplyDelete
  6. നന്നായി എഴുതി, മാഷേ... സ്വന്തം അനുഭവം പോലെ വായിയ്ക്കാന്‍ പറ്റി

    ReplyDelete
  7. ഹ ഹ ഹ... കൊള്ളാം

    ReplyDelete
  8. നല്ല കഥ. പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെയൊരു സ്വപ്നം സമ്മാനിക്കാന്‍ മാത്രം മാഹാത്മ്യം അങ്ങേര്‍ക്ക്‌ ഉണ്ടായിരുന്നോ? ഗാന്ധിജി കുറച്ച്‌ overrated അല്ലേ...?

    ReplyDelete
  9. അതെ ഉടയപ്രഭന്‍... ഗാന്ധിജി ആയിരം സൂര്യതേജസ്സോടെ എല്ലാവരുടെയും മനസ്സില്‍ ജ്വലിച്ചു തന്നെ ഇരിക്കട്ടെ....നന്നായി എഴുതി...അഭിനന്ദനങ്ങള്‍

    ReplyDelete
  10. എന്തിനാണ് സര്‍ ആ നല്ല നാള്ക‍ളേ ഒര്‍മപ്പെടൂതിതിയതു?ഇന്നു ആരാ‍ണ് ഗാന്ധി .നിഴല്‍ ചുള്ളീയെന്തി എങൊ നടന്നവന്‍

    ReplyDelete
  11. ഒരു സത്യം പറയട്ടേ..... ഞാനും മഹാത്മാഗാന്ധിജിയുടെ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വായിച്ചു തുടങ്ങി.....രണ്ടു ദിവസമേ ആയുള്ളൂ..... വളരെ നേരത്തേ തന്നെ ഇത് വായിക്കാത്തതെന്തെന്ന് എനിക്കിപ്പോള്‍ തോന്നുന്നു....ഓരോ ഭാരതീയനും മനസിരുത്തി വായിക്കേണ്ട ഒരു സംഭവം തന്നെയാണ് അത്.... ഒരു പൊടിപ്പും തൊങ്ങലും ഇല്ലാതെ പച്ചയായ ഭാഷയില്‍ എഴുതിയിരിക്കുന്ന ഒരു മഹാസംഭവം.... ഏതായാലും ഞാന്‍ വായിച്ചു പൂര്‍ത്തിയാക്കും.....

    ReplyDelete
  12. ലോകം കണ്ട ഏറ്റവും വലിയ മഹാത്മാവിനെ ഇപ്പോൾ ഭാരതീയർക്ക്‌ വേണ്ടാതായിരിക്കുന്നു...ഐൻസ്റ്റീൻ പറഞ്ഞതാണു ശരി.!!!

    ReplyDelete