Monday, 13 April 2020

ആദ്യെത്തെ പെണ്ണുകാണൽ

*ആദ്യത്തെ പെണ്ണുകാണൽ*

1992
മാർച്ച് മാസത്തിൽ
തിരുച്ചിറപ്പള്ളിയിൽ പ്രമോഷൻ ട്രെയിനിങ്ങിന് പോയിരിക്കുമ്പോൾ ആണ്
ചേട്ടൻറെ ഒരു കത്ത് കിട്ടുന്നതു്.

'അടുത്താഴ്ച  പറ്റുമെങ്കിൽ ഒരു ദിവസം ലീവ് എടുത്തു വരണം .ഒരു അത്യവശ്യ കാര്യമുണ്ട് .

ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഒരു ദിവസത്തെ ലീവ് ചോദിക്കാം.
ശനിയാഴ്ച കാലത്ത് തന്നെ ലീവ് ലെറ്റർ കൊടുത്തു. ട്‌റെയിനിംഗ് സ്കൂളിൽ ആണങ്കിലും ലീവ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അത്യാവശ്യമാണന്ന് പറഞ്ഞപ്പോൾ അനുവദിച്ചു

വൈകിട്ട് എറണാകുളത്തേക്ക് പുറപ്പെടുന്ന ടീ ഗാർഡൻ എക്സ്പ്രസ്സ് പിടിച്ച് എറണാകുളത്തെത്തിയാൽ കോട്ടയത്തിന് പോകാൻ തിരുവനന്തപുരം മെയിൽ കിട്ടും. കോട്ടയത്തിറങ്ങി ബസ്സ് പിടിച്ച് വീടെത്തുമ്പോൾ 10 മണി കഴിഞ്ഞിരുന്നു.

എന്നെ കണ്ടപ്പോൾ മുതൽ അമ്മയും സഹോദരങ്ങളും ചിരി തുടങ്ങി. അവർ ആദ്യമായാണ് എന്റെ തല മുണ്ഡനം ചെയ്തു കാണുന്നത്. തിരുച്ചിറപ്പള്ളിയിലെ കത്തുന്ന വെയിലിൽ നിന്ന് മോചനം നേടാൻ സുഹൃത്തുക്കൾക്കൊപ്പം പോയി തല മൊട്ടയാക്കിയതാണ്. തമിൾ നാട്ടിൽ മൊട്ടത്തലയന്മാർ സർവ്വസാധാരണം ആണങ്കിലും കേരളത്തിൽ അധികം ആൾക്കാർ തല മുണ്ഡനം ചെയ്യാറില്ല.

"നിന്നെ ഒരു പെണ്ണുകാണാൻ പോകാനാണ് ലീവ് എടുത്ത് വരാൻ പറഞ്ഞത്. നീയിത് എന്ത് പണിയാ ഈ കാണിച്ചത് ?"

ഞാൻ ഒന്ന് ചിരിച്ചതേയുള്ളു. മറുപടി ഒന്നും പറഞ്ഞില്ല.

"ഒന്നാമതേ മീശയില്ല . ഇനി തല കൂടി മൊട്ടയടിച്ച് ...... വേണ്ട. ഇനി ട്റെയിനിംഗ് കഴിഞ്ഞ് വന്ന് അടുത്ത മാസം പോകാം."

അമ്മയതും പറഞ്ഞ് അകത്തേക്ക് നടന്നു.

"ഏതായാലും മെനക്കെട്ട് വന്നതല്ലേ . പോയി കണ്ടേക്കാം. എവിടെയാ അവരുടെ വീട് ?"

"കുമളിയടുത്ത് എവിടെയോ ആണ്."

"ശരി പോയി നോക്കാം "

ഉച്ചകഴിഞ്ഞാണ് പുറപ്പെടാൻ പറ്റിയതു്. കൂട്ടുകരൻ സുരേഷും കൂടെ വന്നു.  ബ്രോക്കർ മുണ്ടക്കയം ബസ് സ്റ്റാണ്ടിൽ കാത്ത് നിൽപുണ്ടായിരുന്നു. എന്റെ മൊട്ടത്തല കണ്ടിട്ട് ബ്രോക്കർക്ക് തീരെ പിടിച്ചില്ല. അയാളുടെ മുഖത്ത് നീരസം പ്രകടമായിരുന്നു.

"സാറിനൊരു തൊപ്പി വാങ്ങി വെച്ചുകൂടായിരുന്നോ?"

"എന്തിന്?''

" വേണ്ടങ്കിൽ വേണ്ട "

"ഇങ്ങനെ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി. "

ബ്രോക്കർക്ക് എന്റെ മറുപടി ഇഷ്ടമായില്ല. അയാൾ പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരിക്കയാണ്. പെരുവന്താനം മുതൽ ബസ്സ് സാവധാനത്തിലായി മല കയററം . തോയിലത്തോട്ടങ്ങളാൽ സമൃദ്ധമായ പീരുമേടും കുട്ടിക്കാനവും വണ്ടിപ്പെരിയാറും കടന്ന്
 കുമളിയിലെത്തി ഓട്ടോ വിളിച്ച് അവരുടെ വീടെത്തുമ്പാൾ 3.30.pm കഴിഞ്ഞിരുന്നു.

ഗേറ്റ് കടന്ന് അമ്പത് മീറ്ററോളം നടന്നാലേ അവരുടെ വീട്ടുമുറ്റത്ത് എത്തുകയുള്ളു. വീട്ടിലേക്കുള്ള വഴിയിൽ സമുദ്ധമായ പച്ചിലച്ചാർത്തും അതിന്റെ നിഴലും. ചെമ്പരത്തിച്ചെടികൾ അതിരിട്ട വഴിയും അതിനിരുവശത്തുമുള്ള വിശാലമായ പറമ്പും . പറമ്പിൽ എല്ലാ വിധ നടുതലകളും ഫലവൃക്ഷങ്ങളുമുണ്ട്. ജാതി, പ്ലാവ്, മാവ്, ചാമ്പ , ഏലം, വാഴ, ചേന, ചേമ്പ്,  പെണ്ണിന്റെയച്ഛൻ നല്ല കർഷകൻ കൂടിയാണന്ന് തോന്നുന്നു.

മണൽ വിരിച്ച മുററത്ത് പനമ്പിൽ  ഉണങ്ങാനിട്ടിരിക്കുന്ന കുരുമുളക് വാരി ചാക്കിൽ നിറക്കുന്ന പണിക്കാരൻ ഞങ്ങളെ കണ്ട് അടുത്തേക്ക് വന്നു.

"യാരെ പാക്കണം. "

"ചന്ദ്രൻ സാർ "

പുറത്തെ സംസാരം കേട്ട് ഒരു പെൺകുട്ടി ഇറങ്ങി വന്നു. ബ്രോക്കർ ആ കുട്ടിയുടെ നേരെ തിരിഞ്ഞു.

"ചന്ദ്രൻ സാർ ?"

" അച്ചനും അമ്മയും സ്കൂളീന്ന്  വരാൻ 4.30 ആകും "

ബ്രോക്കർ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്ന്  എന്തോ പറഞ്ഞു. അവൾ ഒരു ചിരിയോടെ അകത്തേക്ക് നടന്നു. അകത്ത് ഫോൺ ഡയൽ ചെയ്യുന്ന ശബ്ദം. പിന്നെ അടക്കിപ്പിടിച്ച സംസാരം. കുറച്ച് കഴിഞ്ഞ് പെൺകുട്ടി വീണ്ടും വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

" അച്ഛനുമമ്മേം വരാൻ കുറച്ചു കൂടി വൈകും. 5.30 കഴിയും. സ്കൂളിൽ PTA മീറ്റിംഗുണ്ട്. നിങ്ങള് കയറി ഇരിക്ക് "

വിശാലമായ മണൽ വിരിച്ച മുറ്റത്തിന്റെ അതിരുകളിൽ ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. എല്ലാ ചെടികളിലും പല നിറങ്ങളിലുള്ള പൂക്കൾ സുഗന്ധം പരത്തി നിൽക്കുന്നു. 

റെഡ് ഓക്സൈസ് ഇട്ട വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന ചൂരൽ കസേരകൾ. ഒരു ടീപ്പോയി. അതിൽ മടക്കി വെച്ചിരിക്കുന്ന ദിനപ്പത്രം. ചുവരിൽ ഫ്രെയിം ചെയ്തു് വെച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. വരാന്തയുടെ മൂലയിൽ മേശപ്പുറത്ത് ഒരു ക്യാരം ബോർഡ് . അതിനു ചുറ്റും നാല് കസേരകൾ . ക്യാരം ബോർഡ് കണ്ട തോടെ സുരേഷ് അതിനടുത്തേക്ക് നടന്നു.   സ്ട്രൈക്കർ എടുത്ത് ഒരു കോയിൻ പോക്കറ്റ് ചെയ്തു കൊണ്ട് അവൻ എന്നെ നോക്കി ചിരിച്ചു.
വെറുതെ ന്യൂസ് പേപ്പർ മറിച്ചുനോക്കി  ഞാൻ ഒരു കസേരയിൽ  ഇരുന്നു

ബ്രോക്കർമാർ ചുമരിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഫോട്ടോകളിൽ നോക്കി നിൽക്കുകയാണ് .എല്ലാം വയസ്സായ ആൾക്കാരുടെ ചിത്രങ്ങൾ .

ഈ സമയം ഗേറ്റ് കടന്ന് രണ്ട് പെൺകുട്ടികൾ  മുറ്റത്തേക്ക്  കയറിവന്നു. 20 - ൽ താഴെ മാത്രം പ്രായം വരുന്ന രണ്ട് സുന്ദരികൾ.. വലിയ പാവാടയും ബ്ലൗസും വേഷം. കോളേജ് വിട്ട് വരികയാണന്ന് തോന്നി. മാറത്തടുക്കിപ്പിടിചിരിക്കുന്ന പുസ്തകങ്ങൾ. അവരുടെ പിറകേ ഒരു പ്രായമായ സ്ത്രീ വന്നു. വെള്ളമുണ്ടും നേരിയതും വേഷം. മുടി അൽപം നരച്ചിട്ടുണ്ട്.

പിന്നെ ചായയും പലഹാരങ്ങളും വന്നു. എല്ലാവരെയും പരിചയപ്പെട്ടു. മൂത്ത മകൾ ഡിഗ്രിയും BEd - ഉം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു. ഇളയവർ കുമളിയിലെ ട്യൂറ്റോറിയൽ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. അച്ഛൻ 2 km അകലെയുള്ള സ്കൂളിൽ ഹെഡ്മാസ്റ്റർ . അമ്മ അവിടെ തന്നെ മലയാളം അദ്ധ്യാപിക. അകന്ന ബന്ധത്തിലുളള സ്ത്രീയാണ് ഇടക്ക് വീട്ടിലേക്ക് കയറി വന്നതു്.

ഒരു മണിക്കൂറിന് ശേഷം അച്ഛനും അമ്മയും ഒരു ബജാജ് ലാംബി സ്കൂട്ടറിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും ക്യാരംസ് കളിക്കുകയായിരുന്നു. കളിയിൽ ഞാൻ വിദഗ്ദ്ധനല്ലെങ്കിലും കൂട്ടുകാരൻ സുരേഷ് നന്നായി കളിക്കുന്നുണ്ടായിരുന്നു. മൂത്ത പെൺകുട്ടിയെയാണ് ഞാൻ കാണാൻ എത്തിയത്. അതുകൊണ്ടായിരിക്കും ആ കുട്ടി കളിക്കാൻ വന്ന് ഇരുന്നില്ല. കുറച്ച് സംസാരിച്ചു കഴിഞ്ഞപ്പോൾ എന്റെയും അവളുടെയും പരിഭ്രമവും ലജ്ജയും മാറി. പിന്നെ അവൾ ധാരാളം സംശയങ്ങൾ എന്നോട് ചോദിച്ചു തുടങ്ങി..
ട്രെയിൻ ഓടിക്കുന്നതിനെക്കുറിച്ച് ആയിരുന്നു ചോദ്യങ്ങൾ അധികവും. പിന്നെ തല മൊട്ടയടിച്ചതിന്റെ കാരണങ്ങൾ . എറണാകുളം എന്ന മഹാനഗരത്തിൽ 6 വർഷമായി ജീവിക്കുന്ന എന്നോട് അൽപം ബഹുമാനവും ആദരവും അവളുടെ സംസാരത്തിൽ കണ്ടു.
അച്ഛനുമമ്മയും വന്ന് 15 മിനിട്ടിനുള്ളിൽ  ഞങ്ങൾ ഇറങ്ങി. ജനനത്തിയതിയും നാളും പരസ്പരം കൈമാറി.

മടക്ക യാത്രയിൽ  പെൺകുട്ടിയുടെ മുഖം മനസ്സിൽ കടന്നു കൂടി. എവിടെ നോക്കിയാലും അവളുടെ മുഖം മാത്രം. മനസ്സിൽ എന്തെന്നില്ലാത്ത ഒരു വെപ്രാളവും പരവേശവും വിങ്ങലും.  ആ കുട്ടിയെ ഒന്ന് കൂടി കാണണം എന്ന ആഗ്രഹം മനസ്സിൽ ശക്തമായി. മറ്റൊന്നും ചിന്തിക്കാനാവാത്ത അവസ്ഥ. അപ്പോൾ ഞാൻ കടന്നു പൊയ്ക്കൊണ്ടിരുന്ന അവസ്ഥയെ പ്രണയമെന്ന് വിളിക്കാമെങ്കിൽ ഞാനും പ്രണയിച്ചിട്ടുണ്ട്. 
അന്ന് മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത സമയമാണ്. ലാൻഡ് ഫോണിന്റെ നമ്പർ ചോദിക്കാനും മറന്നു.

അടുത്ത ദിവസം തിരുച്ചിയിലെ ട്‌രെയിനിംഗ് സ്കൂളിൽ സുഹൃത്തുക്കളോട് ഈ കഥ വിവരിക്കുമ്പോൾ ആരും വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല. പൊതുവേ അന്തർമുഖനായിരുന്ന ഞാൻ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ  നയത്തിൽ പിൻ തിരിയുകയേ ഉള്ളൂ എന്ന കടുത്ത വിശ്വാസത്തിലായിരുന്നു അവർ.

ഒരാഴ്ചക്ക് ശേഷം ചേട്ടന്റെ കത്ത് കിട്ടി. ആ ആലോചന വേണ്ടന്ന് വെച്ചു എന്ന് പറഞ്ഞു. മൂന്ന് പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്ന് പെണ്ണ് കെട്ടിയാൽ എല്ലാ ഉത്തരവാദിത്തവും മുന്നിൽ നിന്ന് നടത്തിക്കൊടുക്കേണ്ടിവരും   അതുകൊണ്ട് ഒരു ആങ്ങളയെങ്കിലും ഉള്ള വീട്ടിൽ നിന്ന് ആലോചിക്കാം എന്നായിരുന്നു അവരുടെ തീരുമാനം.

എന്റെ താല്പര്യം ഞാനറിയിച്ചെങ്കിലും ആരും അതംഗീകരിക്കുവാൻ തയ്യാറായില്ല.
പിന്നെ രണ്ടു മൂന്ന് പ്രപ്പോസൽ വന്നുവെങ്കിലും ഞാനും അൽപം വാശി പിടിച്ചുനിന്നു. കാലാന്തരത്തിൽ ആ കുട്ടിയുടെ കല്യാണം കഴിഞ്ഞതായറിഞ്ഞു. ആ വാർത്ത എന്നിൽ വലിയ നടുക്കം ഒന്നും ഉണ്ടാക്കിയില്ല. കാരണം ഞാൻ അവളെ മറന്ന് തുടങ്ങിയിരുന്നു.

ജോലി കഴിഞ്ഞ് കോട്ടയം വരെ ട്‌റെയിനിൽ പോയി അവിടന്ന് ബസ്സിൽ കയറിയാണ് വീട്ടിൽ പോകുന്നതു്. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം  സെന്റ് ജോസഫ് സ്കൂളിന്റെ മുന്നിൽ ഒരു ബസ്റ്റോപ്പ് ഉണ്ട്. അവിടെ നിന്ന് കിട്ടിയ KSRTC LS ഓർഡിനറി ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. വീട്ടിനടുത്തുള്ള പാറത്തോട്ടിൽ സ്റ്റോപ്പുള്ള ബസ്സാണ്. പാമ്പാടി ആകുമ്പോൾ കുറെ ആളിറങ്ങി സീറ്റ് കിട്ടാറുണ്ട്. പതിവ് പോലെ കുറെ പേർ പാമ്പാടിയിൽ ഇറങ്ങി. ഒരു സീറ്റ് കിട്ടി. അടുത്തിരുന്ന മദ്ധ്യവയസ്കൻ എന്നെ നോക്കി ചിരിച്ചു
എവിടെയോ കണ്ട് മറന്ന മുഖം. എത്ര ഓർത്തിട്ടും ഒരു പിടിയും  കിട്ടുന്നില്ല.

"ജോലി കഴിഞ്ഞു വരികയാണോ.."

.അതേ''

"എണാകുളത്ത് തന്നെയല്ലേ "

"അതേ "

"എന്നെ അറിയുമോ?''

"അറിയാം എറണാകുളത്ത് റെയിൽവേയിൽ അല്ലേ. ?
ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. കുമളിയടുത്ത് വെള്ളാരം കുന്നിൽ ... "

പിന്നീട് അദ്ദേഹം പറഞ്ഞതൊന്നും എന്റെ മനസ്സിൽ കയറിയില്ല. സ്ഥലകാലഭ്രമം ബാധിച്ച പോലെ ഞാൻ മരവിച്ചിരുന്നു...........

*ഉദയപ്രഭൻ*

54 comments:

  1. നല്ല അനുഭവം..
    ജീവിതം ഇങ്ങനെ ഒക്കെ തന്നെ അല്ലെ..
    ക്ളൈമാക്സ് നന്നായി കേട്ടോ..
    ഒറ്റ ഇരുപ്പിന് വായിച്ചു

    ReplyDelete
    Replies
    1. ആദ്യ കമന്റിന് നന്ദി. ക്‌ളൈമാക്സ് എന്ന് പറയരുത്. ഒട്ടും അതിശയോക്തിയില്ലാെതെ യഥാർത്ഥ സംഭവമാണ്.

      Delete
  2. കഥ പോലെയുള്ള അനുഭവം.. നന്നായി എഴുതി ഉദയൻ ചേട്ടാ.. കിടുക്കി.

    ReplyDelete
  3. പ്രണയം... അതെപ്പോൾ സംഭവിക്കുമെന്ന് പറയാനാവില്ല . കാത്തിരുന്നാൽ വരണെന്നില്ല. ദേ ... ഇങ്ങനെയൊക്കെ വരാമെന്ന് ഉദയപ്രഭൻ ചേട്ടൻ പറയുന്നു. ന്നാലും.. മടക്ക യാത്രയിലും അതിനു ശേഷമുള്ള training സെന്ററിലെ കുറച്ചു ദിവസങ്ങളിലും അനുഭവിച്ചതുണ്ടല്ലോ... അദ്ദാണ്....

    ReplyDelete
    Replies
    1. പ്രണയം ഒരു ഇടിമിന്നലുപോലെ സംഭവിക്കുന്നു. ചിലർക്ക് അതിെനെറ അലെയെ ലികൾ കുെറെ നാൾ നീണ്ടു നിൽക്കും

      Delete
  4. വളരെ നന്നായിട്ടുണ്ട്.. ഹൃദ്യമായ കുറിപ്പ്. 👌☺️

    ReplyDelete
  5. ആദ്യത്തെ പെണ്ണുകാണൽ അങ്ങിനെ ആയി.എന്നാലും ആ മൊട്ട വേണ്ടെന്ന് പറഞ്ഞല്ലോ ആ മൂന്നു കുട്ടികളും പറഞ്ഞു കാണും.
    മനോഹരമായി എഴുതി.

    ReplyDelete
  6. എല്ലാം നേരിൽ കാണുന്നതു പോലെ തോന്നി വായിച്ചപ്പോൾ. നല്ലെഴുത്ത്.

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിന് നന്ദി.

      Delete
  7. ഹൃദ്യമായ വായനാനുഭവമായി ഈ കുറിപ്പ്.. അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. ബ്ലോഗ് സന്ദർശിച്ചതിന് നന്ദി.

      Delete
  8. ഉദയൻചേട്ടാ വളരെ നല്ല പോസ്റ്റ്‌ . രസകരമായി എഴുതി.!!

    ReplyDelete
    Replies
    1. വളരെയധികം നന്ദി കല്ലാലിനി.

      Delete
  9. ഉദയൻ ചേട്ടാ ആദ്യത്തെ പെണ്ണുകാണൽ കഥ ഇഷ്ടായി ട്ടാ.പെണ്ണ്കാണൽ പ്രണയമായിരുന്നു ലെ ആദ്യത്തെ പ്രണയം.നന്നായെഴുതി.സലാം

    ReplyDelete
    Replies
    1. നിങ്ങളുെടെ അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജം നൽകുന്നു.

      Delete
  10. മനോഹരമായ എഴുത്ത്.

    ReplyDelete
  11. വളരെ ഭംഗിയായി അവതരിപ്പിച്ചു. പിന്നെ, പഴേ കാർന്നോന്മാർക്ക് ഒറ്റ നിർബ്ബന്ധമാ പെൺക്കുട്ടിയ്ക്ക് ആങ്ങളമാരുണ്ടായിരിക്കണെന്ന്. എനിക്കറിയാം അതിന്റെ പ്പേരിൽ മുടങ്ങിപ്പോയ ആലോചനകൾ ...
    'ഞാൻ മരവിച്ചിരുന്നു....' ശംഭീരം!
    ആശംസകൾ.

    ReplyDelete
    Replies
    1. ഇപ്പോളും ആ കാര്യത്തിൽ മാറ്റം ഒന്നും ഉണ്ടായിട്ടില്ല.
      അഭിപ്രായം അറിയിച്ചതിന് നന്ദി തങ്കപ്പൻ ചേട്ടാ.

      Delete
  12. അങ്ങനെ ആദ്യത്തെ പെണ്ണ്കാണൽ ഇങ്ങനെയായി ..

    ReplyDelete
  13. അങ്ങനെയങ്ങനെ എത്ര കണ്ടാലാ പ്രേമിച്ചാലാ ഒരെണ്ണം നടന്നുകിട്ടുകാന്റെ ഉദയപ്രഭാ...!
    എഴുത്ത് നന്നായി.
    ആശംസകൾ ....

    ReplyDelete
    Replies
    1. എനിക്ക് അധികം നടക്കേണ്ടി വന്നില്ല. രണ്ടാമത് കണ്ട തങ്ങ് നടത്തി.

      Delete
  14. നല്ല കഥ. കഥാന്ത്യം മനോഹരം. ആസ്വദിച്ചുട്ടോ ഉദയൻ ചേട്ടാ 👍👍

    ReplyDelete
  15. ഉദയേട്ടന്റെ ഓർമ്മയിൽ ആ യാത്രയും അവിടത്തെ കാഴ്ചകളും വിശേഷങ്ങളും ഇത്ര മനോഹരമായി നിൽക്കുന്നതിൽ തന്നെ , ആ ആലോചന വേണ്ടന്ന് വെച്ചപ്പോൾ അന്ന് ഉണ്ടായ മനോവിഷമം എത്രയെന്നു മനസ്സിലാവുന്നുണ്ട് . …. വളരെ നല്ല എഴുത്തും , മുഴുവൻ വായിച്ചു അവസാനിച്ചപ്പോൾ മനസ്സിൽ ഒരു ചെറിയ സങ്കടം !!

    ReplyDelete
    Replies
    1. കുറച്ച് നാൾ മനസ്സിൽ ഒരു വിങ്ങലായിരുന്നു.
      നന്ദി ഷഹീ ചേ

      Delete
  16. ഉദയൻ ചേട്ടാ,ഭയങ്കര ഇഷ്ടം .

    അപ്രതീക്ഷിതമായ പെണ്ണുകാണൽ. അവിടെ ഇരുന്ന് ക്യാരംസ് കളിച്ചത് ഓർക്കുമ്പോൾ ചിരി വരുന്നു.

    അവസാനഭാഗവും നന്നായി..

    ReplyDelete
  17. ഉദയൻ മാഷേ... കുറേക്കാലത്തേക്ക് ഒരു വിങ്ങലായി അല്ലേ...?

    വർഷങ്ങൾക്ക് ശേഷം ബസ്സിൽ വച്ച് ഹെഡ്മാസ്റ്ററെ കണ്ടപ്പോൾ എന്തൊക്കെയാണ് അദ്ദേഹം പറഞ്ഞതെന്ന് വെറുതെയെങ്കിലും അറിയാൻ മോഹം തോന്നിയത് എനിക്ക് മാത്രമാണോ ഇവിടെ...?

    ReplyDelete
    Replies
    1. അത് ദൃശ്യത്തിലെ രഹസ്യം പോലെ അവിെടെ കിടക്കട്ടെ

      Delete
  18. ഓഹ്... വല്ലാത്തൊരു അനുഭവം തന്നെ.

    ReplyDelete
  19. ഒരു കഥയെപ്പോലെ ആയിപ്പോയ അനുഭവ ചിത്രം.. ആ നൊമ്പരാനുഭവം വായനക്കാരന്റെ മനസ്സിലും പതിയാൻ പോന്ന എഴുത്ത്..

    ReplyDelete
  20. ജീവിതഗന്ധിയായ ഒരു പെണ്ണുകാണൽ... ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. അഭിപ്രായം അറിയിചതിൽ നന്ദി,

      Delete
  21. തനിമയോടെ ആ സംഭവം മനസ്സിൽ കാണാനൊത്തു. ക്ലൈമാക്സ് വേറൊരു തലത്തിലേക്ക് കൊണ്ടുപോയി. അങ്ങനെ ഒരു സാഹചര്യം പ്രതീക്ഷിച്ചില്ല. സുന്ദരം.

    ReplyDelete
    Replies
    1. ബ്ലോഗ് സന്ദർശിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി.

      Delete
  22. ഇതൊക്കെ ഒരു പാഠമാണ് ചേട്ടാ.. ല്ലേ... എന്തയാലും അങ്ങനെയെങ്കിലും പ്രണയിച്ചല്ലോ.. വളരെ നന്നായി...
    നല്ല വിവരണം..

    ReplyDelete
  23. ആങ്ങള ഇല്ലാത്ത കാരണം കല്യാണം നടക്കാതിരുന്ന കദന ഗഥ ഇഷ്ടപ്പെട്ടു 😍😍

    ReplyDelete
    Replies
    1. കല്യാണം നടക്കാതെയൊന്നും ഇരുന്നിട്ടില്ല. ഇതൊരു കദന കഥയായി തോന്നിയോ?

      Delete
  24. ഓരോ സന്ദർഭവും Visualize ചെയ്യാൻ പറ്റുന്നത്ര മനോഹരമായി എഴുതി.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി അനൂ

      Delete
  25. പെണ്ണിന്റെ വീടും പരിസരവുമൊക്കെ
    സാഹിത്യത്തിൽ ചാലിച്ച് വിശദമാക്കി , പ്രണയം
    മൊട്ടിട്ട ഒരു ആദ്യ പെണ്ണുകാണൽ ചടങ്ങിനെ  എത്ര
    ഹൃദ്യമായാണ് ഉദയൻ ഭായ് ഇവിടെ വരികൾ കൊണ്ട് 
    ആലേഖനം ചെയ്‌ത്‌ വെച്ചിട്ടുള്ളത് ...
    സൂപ്പർ ...!

    ReplyDelete
  26. വളരെ ഹൃദ്യം..ഇന്നാണ് വായിച്ചത് ..എല്ലാം നേരിൽ കാണുന്നത്പോലെ തോന്നി ..ആശംസകൾ

    ReplyDelete
  27. Thelimayulla ezhuthu. Vayanakarane neril kanunna pratheethi undaki. Udayan sirinte vedana enikum thonni. Valare istayi. Iniyum ezhuthanam.

    ReplyDelete
  28. Hi nalla history enik sirinte number tharo

    ReplyDelete
  29. ആദ്യത്തെ പെണ്ണ് കാണൽ കഥ വായിച്ചപ്പോൾ കഥ യായി തോന്നിയില്ല. ഒറ്റ ഇരുപ്പിൽ വായിക്കുമ്പോൾ കണ്ണിൽ കാണുകയും അനുഭവിക്കുകയും ചെയ്തു.... വായിച്ചു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത മനോവിഷമവും.. . വളരെ മനോഹരമായിരുന്നു.

    ReplyDelete