Thursday 23 June 2022

ആഗസ്റ്റ് 7

 *ആഗസ്റ്റ്‌ 7*

( കഥ )


ഒരു അവധി ദിവസം ആഘോഷമാക്കാൻ കറങ്ങാനിറങ്ങിയതാണ്.  പ്രകൃതി മനോഹരമായ മലയോര ഹൈവേയിലൂടെ ഒരു കാർ യാത്ര . പൈൻ മരക്കാടുകളും പുൽമൈതാനങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞ ഭൂപ്രകൃതി മതിയാവോളം ആസ്വദിച്ച് ഒരു യാത്ര. ഞങ്ങൾ മൂന്ന് കുടുബംഗൾ . ഡേവീസും, ഡെയ്സിയും രണ്ട് കുട്ടികളും ഒന് കാറിൽ . മഹേഷും മീനുവും കുട്ടികളും അടുത്ത കാറിൽ . ഞാനും ബിജുച്ചായനും പ്രമോദും സ്നേഹയും ഞങ്ങളുടെ വണ്ടിയിൽ . 


ഇടക്ക് ഒരു താഴ്‌വാരത്തിൽ കാർ നിർത്തി. കാട്ടരുവിയോട് ചേർന്ന  പുൽമൈതാനിയിൽ വട്ടം കൂടിയിരുന്ന് ഉച്ചഭക്ഷണം കഴിക്കുവാനാണ് പദ്ധതി. പേരക്കുട്ടികൾ മൈതാനത്ത് ഓടിക്കളിക്കയാണ്.  മഹേഷും പ്രമോദും ബിജുച്ചായനും ലഹരി നുണഞ്ഞു കൊണ്ട് നടക്കുകയാണ്. ചുണ്ടത്തെരിയുന്ന സിഗരറ്റുമായി ഡേവിഡും അവരോടൊപ്പം  സംസാരിച്ച് നടക്കുന്നു.  ഞങ്ങൾ സ്ത്രീകൾ കാസറോളിൽ കരുതിയിരുന്ന ഉച്ചഭക്ഷണം പേപ്പർ പ്ലേറ്റുകളിൽ വിളമ്പുന്ന തിരക്കിലായിരുന്നു.


എല്ലാവരുമൊരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നു. ഡെയ്സിക്കും മീനുവിനും നിലത്ത് ചമ്രം പടഞ്ഞിരുന്ന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരുന്നു. മറ്റുള്ളവർ എല്ലാം ഒരു വിധം അഡ്ജസ്റ്റ് ചെയ്തു.


 മൂന്ന് കൂടുംബംങ്ങൾ സഞ്ചരിച്ചെത്തിയ വണ്ടികൾ റോഡരുകിൽ വിശ്രമിക്കുന്നു. കളിയും ചിരിയും വിനോദങ്ങളും കഴിഞ്ഞ് എല്ലാം പാക്ക് ചെയ്തു് പുറപ്പെട്ടപ്പോൾ 3 മണി കഴിഞ്ഞു. ഹോം ടൌണിൽ മടങ്ങിയെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.


 അത്യാവശ്യ സാധങ്ങൾ വാങ്ങിക്കാൻ ഞങ്ങൾ സൂപ്പർ മാർക്കറ്റിൽ കയറി. മറ്റുള്ളവർ ടാറ്റ പറഞ്ഞ് പല വഴിക്കായി തിരിഞ്ഞു.  സാധനങ്ങൾ വാങ്ങി

സൂപ്പർ മാർക്കറ്റിൽ നിന്നും  പുറത്തേക്കിറങ്ങുമ്പോൾ ആണ്  ഒരു കുടുംബം  അകത്തേക്ക് കയറി പോകുന്നത് കണ്ടത്.  അതിൽ പ്രായമായ സ്ത്രീ  എന്നെത്തന്നെ   സൂക്ഷിച്ചു നോക്കിയതു പോലെ തോന്നി. പ്രായമായ സ്ത്രീ എന്നു പറയുന്നത്  ശരിയല്ലന്ന് തോന്നുന്നു.   അവരും ഞാനും  ഒരു അറുപതിനടുത്ത്  എത്തിയിട്ടുണ്ടാവും.   നരയുടെ വെള്ളിനൂലുകൾ മായ്ക്കാനായിരിക്കുംമുടിയെല്ലാം കളർ ചെയ്തിട്ടുണ്ട് .

 ഇന്ത്യക്കാരിയായിരിക്കും. ഉറപ്പാണ്.    എങ്കിലും മുഖലക്ഷണം നോക്കിയിട്ട് ഒരു മലയാളി ആവാനുള്ള സാദ്ധ്യതയാണ് കൂടുതൽ.  കൂടെയുള്ളത്  മകനും കുടുംബവുമാണന്ന് തോന്നുന്നു.  അവരെല്ലാം  മോഡേൺ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി. സൺ കൺട്രോൾ ഫിലിം ഒട്ടിച്ച സൂപ്പർ മാർക്കറ്റിന്റെ ഗ്ലാസ്സ് ഭിത്തിക്കുള്ളിലൂടെ അകത്തെ കാഴ്ചകൾ ഒന്നും വ്യക്തമായി കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

മകൻ കാറിന്റെ ഡിക്കിയിൽ സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ ഞാനൊന്ന് കൂടി തിരിഞ്ഞ് നോക്കി.


"അമ്മ ആരെയാണ് നോക്കുന്നത്. "


"നമ്മൾ പുറത്തേക്കിറങ്ങിയപ്പോൾ കേറി വന്ന ആ  ഫാമിലിയെ അറിയുമോ ? ആ സ്ത്രീയെ എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ . "


"ഞാനറിയില്ല. അമ്മക്ക് തോന്നിയതായിരിക്കും"


മടക്കയാത്രയിൽ മുഴുവനും ആ മുഖമായിരുന്നു മനസ്സിൽ നിറയെ. ഓർമ്മയുടെ ഇരുളടഞ്ഞ ഏടുകളിൽ എത്ര പരതിയിട്ടും തിരിച്ചറിയാനാവാത്ത ഒരു മുഖം.  ആ സ്ത്രീ ആരായിരിക്കും. ? ഏത് നാട്ട് കാരിയായിരിക്കും. ? എന്താണ് ആ മുഖം വീണ്ടും വീണ്ടും മനസ്സിലേക്ക് കൊളുത്തി വലിക്കുവാനുള്ള കാരണം ? .


 ഒരു ആത്മബന്ധത്തിന്റെ നൂലിഴകൾ കെട്ടുപിണഞ്ഞ് കിടക്കുന്നത് പോലെ . മനസ്സിൽ എന്തെന്നില്ലാത്ത ഒരു വിങ്ങൽ നിറയുന്നു. 




*️⃣      *️⃣         *️⃣        *️⃣


പുതു മണം മാറാത്ത സ്കൂൾ യൂണിഫോമണിഞ്ഞ് പുതിയ പാഠപുസ്തകങ്ങൾ മാറത്തടുക്കി സ്കൂളിലേക്കുള്ള നടത്തം . കൂട്ടിന് സഹപാഠി അമല . അവൾ ഒരു സുന്ദരിക്കുട്ടി തന്നെ. ധാരാളം സംസാരിക്കുന്ന മനോഹരമായി പുഞ്ചിരിക്കുന്ന അമല . ഞങ്ങൾ ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരുന്ന് പഠിക്കുന്നു. മൂന്നാം ക്ലാസ്സിലെത്തിയിട്ട്  അധികമായിട്ടില്ല. ക്ലാസ്സ് ടീച്ചർ റോസമ്മടീച്ചറാണ്. അമ്മയുടെ കൂട്ടുകാരി. എന്റെ പഠന നിലവാരത്തെപ്പറ്റി ടീച്ചർ അമ്മയോട് ഇടക്കിടെ പറയാറുണ്ട്.


മഴ പെയ്ത് കഴിഞ്ഞ് മരം പെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രഭാതത്തിൽ ഞങ്ങൾ സ്കൂളിലേക്ക് നടക്കുകയാണ്. ടാറിങ്ങില്ലാത്ത ചെമ്മൺ പാതയിൽ മഴ വെള്ളം സ്വയം സൃഷ്ടിച്ച ചാലുകളിലൂടെ ഒഴുകുന്നു.


"ഞാൻ നിനക്കൊരു സൂത്രം തരാം " .


അമല വെച്ചു നീട്ടിയത് പഴുത്തു തുടുത്ത് ചുവന്ന മൂന്ന് നാല് ചീമ്പനെല്ലിക്കകൾ . അത് കടിച്ചു നോക്കുന്നതിന് മുമ്പ് തന്നെ വായിൽ വെള്ളം നിറഞ്ഞു. പുളിയും ചെറിയ മധുരവും ഉള്ള ചീമ്പനെല്ലിക്ക കടിച്ച രസപ്രവാഹത്തിൽ ഒരു കണ്ണ് താനേ അടഞ്ഞു. അവസാനത്തെ നെല്ലിക്ക തിന്നു തീർന്നപ്പോൾ സ്കൂളിലെത്തിയിരുന്നു.


 വിജനമായ സ്കൂൾ അംഗണം . കുട്ടികൾ ആരും എത്തിയിട്ടില്ല. 

പുസ്തകക്കെട്ടും ചോറ്റുപാത്രവും ക്ലാസ്സ് റൂമിലെ ഡെസ്കിൽ വെച്ച് വരാന്തയിലേക്കിറങ്ങി.


"നമുക്കൊന്ന് വീട്ടിൽ പോയി വന്നാലോ. ഒത്തിരി നെല്ലിക്കാ പറിച്ചത് വീട്ടിലിരിപ്പുണ്ട് ".


അമലയുടെ വാക്കുകൾ കേട്ടതും പിന്നെ ഒരു ഓട്ടമായിരുന്നു. അമലയുടെ വീടെത്തി ചീമ്പനെല്ലിക്കകൾ വാരിയെടുത്ത് തിരികെ സ്കൂളിലെത്തുമ്പോൾ അസംബ്ലിയും പ്രാർത്ഥനയും പ്രതിജ്ഞ ചൊല്ലലും കഴിഞ്ഞ് ക്ലാസ്സ് തുടങ്ങിയിരുന്നു. ഉടുപ്പിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചീമ്പനെല്ലിക്കകൾ പുതുതായി പണിയുന്ന ക്ലാസ്സ് മുറിയുടെ അടുത്തുള്ള ഇഷ്ടിക കൂമ്പാരത്തിൽ ഒളിപ്പിച്ച് ക്ലാസ്സ് റൂമിന് വാതിൽക്കലെത്തി.


"നിങ്ങൾ എവിടെയായിരുന്നു ഇതുവരെ?"


റോസമ്മ ടീച്ചറിന്റെ ചോദ്യത്തിന് മുമ്പിൽ വള്ളിപുള്ളി വിടാതെ എല്ലാം ഏറ്റ് പറയുമ്പോൾ കുട്ടികളെല്ലാം പൊട്ടിച്ചിരിക്കയായിരുന്നു.  ടീച്ചറിന്റെ മുഖത്ത് മിന്നിമറഞ്ഞ വികാരമെന്തെന്ന് മനസ്സിലായില്ല. ഏതായാലും അടി കിട്ടാതെ രക്ഷപെട്ടു.


അടുത്ത ദിവസം വൈകിട്ട് എല്ലാവരും സ്വീകരണ മുറിയിൽ ഒത്തുകൂടിയിരുന്ന് റേഡിയോയിൽ ചലച്ചിത്ര ഗാനപരിപാടി കേൾക്കുകയാണ്. വൈകിട്ടത്തെ പ്രാർത്ഥന കഴിയുമ്പോൾ ചലച്ചിത്ര ഗാനം തുടങ്ങുന്ന സമയമാണ്. എല്ലാവരും പാട്ടിൽ ലയിച്ചിരിക്കയാണ്. അമ്മ ഒരു പ്ലേറ്റ് നിറയെ ചീമ്പനെല്ലിക്ക കൊണ്ടുവന്നു ടീപ്പോയി യിൽ വെച്ചു. ചെറിയ സോസറിൽ അൽപം കല്ലുപ്പ് . 


ഇതെവിടുന്ന് കിട്ടി ഈ ചീമ്പനെല്ലിക്ക. വീട്ടിലും അയൽപക്കത്തും ബന്ധുവീടുകളിലും ഒന്നും ചീമ്പനെല്ലിക്ക ഇല്ലല്ലോ.

ഞാൻ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. അരും ഒന്നും മിണ്ടുന്നില്ല. ആരും ഒരു നെല്ലിക്ക പോലും എടുക്കുന്നില്ല.


"റൂബീ ഇവിടെ വാ. ഇത് മുഴുവൻ നിനക്കാണ്. തിന്ന് കൊതി തീർത്തോണം. "


അമ്മയുടെ ശകാരം നിറഞ്ഞ വാക്കുകൾ . പിന്നാലെ ഓരോ ചേട്ടന്മാരുടെയും കുത്തുവാക്കുകൾ , മുന വെച്ച നോട്ടം, പരിഹാസച്ചിരി.


റോസമ്മ ടീച്ചർ അമ്മയോട് എല്ലാം പറഞ്ഞിരിക്കുന്നു. അടി കിട്ടുന്നതായിരുന്നു ഇതിലും ഭേദം. മനസ്സ് മന്ത്രിച്ചു 


*️⃣   *️⃣   *️⃣   *️⃣   *️⃣


ഓർമകളുടെ നിറം പിടിപ്പിച്ച കുളിരൂറുന്ന സ്വപ്നത്തിൽ ലയിച്ച്  കാറിന്റെ പിൻസീറ്റിൽ ചാരിക്കിടക്കയാണ് ഞാൻ . കാർ ടെക്സാസ്  നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമത്തിലേക്കുള്ള പാതയിലൂടെ മുന്നോട്ട് നീങ്ങുകയാണ്.  .........റോഡിലാണ് അനിലിന്റെ വീട്.


പുൽമൈതാനത്തോട് ചേർന്ന വലിയ  വീട് ദീപാലങ്കാരത്താൽ ജ്വലിച്ച് നിൽക്കയാണ്. അനിൽ പുത്തൻചിറയുടെ മോൾ പ്രിയയുടെ  പിറന്നാളാഘോഷമാണ്. ആഗസ്റ്റ് 7 കർക്കിടകമാസത്തിലെ വിശാഖം നക്ഷത്രത്തിലാണ് പ്രിയ മോൾ ജനിച്ചതു്.


ടെക്സാസ് മലയാളി അസോസിയേഷൻ സെക്രട്ടറി എന്ന സ്ഥാനം വഹിക്കുന്ന അനിലിന് ബൃഹത്തായ സുഹൃദ് വലയമാണുള്ളത്. വിദേശികളും മലയാളികളും ഉൾപ്പെടെ 100-ൽ അധികം അതിഥികൾ പാർട്ടിക്ക് എത്തിച്ചേർന്നിട്ടുണ്ട്.


 ഞങ്ങൾ കടന്നുചെന്നപ്പോൾ അനിൽ പുത്തൻ ചിറയും ഭാര്യ ആനിയും ചേർന്നാണ് സ്വീകരിച്ചതു്. പ്രിയക്കുട്ടി മാലാഖമാരെ അനുസ്മരിപ്പിക്കുന്ന വെളുത്ത വെൽവെറ്റ് വസ്ത്രങ്ങളണിഞ്ഞ് ഒരു ചെറു പുഞ്ചിരിയുമായി അനിലിനടുത്ത് നിൽക്കുന്നു.

 ഗാർഡന്റെ ഒരു ഭാഗത്ത്  വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീത വിരുന്ന് നടക്കുന്നു.


 ഭംഗിയായി അലങ്കരിച്ച ഇരിപ്പടങ്ങളിൽ ഞങ്ങളിരുന്നു. ബെയ്റർമാർ ട്രിങ്ക്സ് നിറച്ച ട്രേകളുമായി ഓരോ ടേബിളിലുമെത്തുന്നുണ്ട്. മധുരമുള്ള ശീതളപാനിയം നുണഞ്ഞു കൊണ്ട് ഓരോ അതിഥികളെയും സാകൂതം നോക്കിക്കൊണ്ട് ഞാനിരുന്നു. കൊച്ചു മക്കൾ മറ്റുകുട്ടികളുമായി ചങ്ങാത്തം കൂടി ഓരോ കളികൾ തുടങ്ങി.


"അമ്മ ആരെയാണ് നോക്കുന്നതു്. കഴിഞ്ഞ ഒരു മാസമായി ഞാൻ ശ്രദ്ധിക്കുന്നു. ഓരോ ഫങ്‌ഷനിൽ പങ്കെടുക്കുമ്പോളും അമ്മ  ആരെയോ തിരയുന്നതു് പോലെ ? "


പ്രമോദിന്റെ ചോദ്യത്തിന് മറുപടി പറയാതെ  ചെറുചിരിയോടെ ഞാൻ തലകുനിച്ചിരുന്നു.


  എന്താണ്  അവനോട് മറുപടി പറയുക. ആരെയാണ് തിരയുന്നതു് എന്ന ചോദൃത്തിന് എന്ത് പറയും. 48 വർഷങ്ങൾക്ക് മുമ്പ് കണ്ട് മറന്ന ഒരു കുഞ്ഞു മുഖമാണ് മനസ്സിൽ തിരയുന്നതെന്നോ . കടലുകൾക്കും വൻകരകൾക്കും ഭൂഖണ്ഡങ്ങൾക്കും അപ്പുറം കേരളത്തിലെ ഒരു കുഗ്‌രാമത്തിൽ നഷ്ടപ്പെട്ട കളിക്കൂട്ടുകാരി അമലയെ ആണ് ഞാൻ തിരയുന്നതെന്നോ . എങ്ങനെ പറയും. അന്ന് സൂപ്പർ മാർക്കറ്റിൽ ഒരു മാത്ര മാത്രം കണ്ട ആ മുഖം അമലയാണന്ന് വെറുതേ ആശിച്ചതാണോ , അതോ തെറ്റിദ്ധരിച്ചതാണോ. അതോ മനസ്സിൽ തോന്നിയ ഒരു സ്വപ്നമോ , വ്യാമോഹമോ , മിധ്യയോ,  പ്രതീക്ഷയോ ആശങ്കയോ .....???


പുതിയ അതിഥികൾ വന്നു ചേർന്നു കൊണ്ടിരിക്കുന്നു. കേക്ക് മുറിക്കൽ ചടങ്ങിന് ഇനിയും സമയം ബാക്കി. LED വിളക്കുകളും ബലൂണുകളും വർണ്ണക്കടലാസും കൊണ്ട് അലങ്കരിച്ച് സുന്ദരമാക്കിയ പൂന്തോട്ടത്തിലെ ചെടികളും പൂക്കളും അതിന് പിന്നിലെ ദീപാലങ്കാരത്തിൽ കുളിച്ച് നിൽക്കുന്ന വലിയ വീടും  ആ സായംകാലത്തെ കൂടുതൽ സുന്ദരമാക്കി.  


പലരും വന്ന് പരിചയപ്പെടുന്നു. ഹസ്തദാനം ചെയ്യുന്നു. ജോലിയുടെ തിരക്കുകളെക്കുറിച്ച് പൊങ്ങച്ചം പറയുന്നു. നാട്ടിലെ കുടുംബപ്പേരിന്റെ മഹത്വവും മഹിമയും വർണ്ണിക്കുന്നു.  എല്ലാവരോടും കൃത്രിമച്ചിരി ചിരിച്ച് ആകെ ബോറടിച്ചിരിക്കുമ്പോളാണ് തൊട്ടു മുമ്പിലെ സീറ്റിൽ അപ്രതീക്ഷിതമായി അവർ വന്നിരുന്നതു്.


 അന്ന് സൂപ്പർ മാർക്കറ്റിൽ ഒരു നോക്ക് കണ്ട ആ സ്ത്രീ . ഒരു മാസമായി മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടത് ഈ സ്ത്രീയെക്കുറിച്ച് ഓർത്താണ്. ഇവരെയാണ് ദിവസങ്ങളായി ഞാൻ ആൾകൂട്ടത്തിൽ തിരഞ്ഞു കൊണ്ടിരുന്നത്.

അവരുടെ മുഖത്ത് ഹൃദ്യമായ ഒരു  പുഞ്ചിരി. ഞാനും ചിരിച്ചു. കുറെ നേരം പരസ്പരം നോക്കി ചിരിച്ചു കൊണ്ടേയിരുന്നു. ഒരു വാക്ക് പോലും പരസ്പരം സംസാരിക്കാതെ ചെറിയ പുഞ്ചിരിയോടെ നിമിഷങ്ങൾ..... 


അവർ സാവധാനം വാനിറ്റി ബാഗിൽ നിന്ന് ഒരു ചെറിയ സമ്മാനപ്പൊതി  എടുത്ത് എനിക്ക് നീട്ടി. വർണ്ണക്കടലാസിൽ പൊതിഞ്ഞ പാക്കറ്റിൽ ചുവന്ന റിബൺ കൊണ്ട് റോസാപ്പൂവിന്റെ ആകൃതിയിൽ അലങ്കരിച്ചിരിക്കുന്നു.


 "ഇത് പ്രിയ മോൾക്ക് കൊടുക്കാനുള്ളതല്ലേ " 


"അല്ല. ഇത് നിങ്ങൾക്കാണ്. "


"എനിക്കോ?"


"തുറന്ന് നോക്കൂ "


വർണ്ണക്കടലാസ് നീക്കി ഞാൻ സാവധാനം പാക്കറ്റ് തുറന്നു. അതിനുള്ളിൽ ചെറിയ ഒരു പ്ലാസ്റ്റിക് ഡബ്ബ. സബ്ബക്കുള്ളിൽ ചുവന്ന് തിളങ്ങുന്ന ചീമ്പനെല്ലിക്കകൾ .


പെട്ടന്ന് ഞാൻ ചാടിയെഴുനേറ്റു.


"അമല " !!!!  - ...


"റൂബീ ..... "


അവൾ പെട്ടന്ന് കസേരയിൽ നിന്നെഴുനേറ്റ് എന്നെ കെട്ടിപ്പിടിച്ചു.

പെട്ടന്ന് വാദ്യഘോഷങ്ങൾ നിലച്ചു. എങ്ങും നിശബ്ദത . ചടങ്ങിൽ വന്നിട്ടുള്ളവരെല്ലാം കൈയ്യടിച്ചു കൊണ്ട് ഞങ്ങളുടെയടുത്തേക്ക് നടന്നു വരുന്നത് നിറകണ്ണുകളിലൂടെ തിളങ്ങുന്ന ഒരു ദൃശ്യമായി മനസ്സിലേക്ക് കുളിര് പകർന്നുകൊണ്ടിരുന്നു.