ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പുലർച്ചെ ഒൻപത് മണിയോട് അടുത്തിരുന്നു. വെയിലിന് ഘനം വെച്ച് തുടങ്ങിയിട്ടേയുള്ളൂ. സാധാരണക്കാർ ജോലിക്ക് പോകുന്ന സമയം ആകുന്നതേയുള്ളൂ. റെയിൽവേ ജീവനക്കാരനായ ഞാൻ രാത്രി മുഴുവൻ ഉറക്കമിളച്ചു പണിയെടുത്ത് അവശനായി വീടെത്തിയിരിക്കുന്നു. മറ്റുള്ളവർ ജോലി കഴിഞ്ഞ് വീട്ടിലെത്തി അത്താഴം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ടോർച്ച് മിന്നിച്ച് വീട്ടിൽനിന്ന് ഇറങ്ങണം , അടുത്ത രാത്രി ഡ്യൂട്ടിക്കായി. ആറ് രാത്രി വരെ തുടർച്ചയായി ഉറക്കമൊഴിച്ച് ജോലി ചെയ്യണമെന്നാണ് റെയിൽവേ നിയമം. അതിൽ കൂടുതൽ ആയാൽ ചിലപ്പോൾ ഭ്രാന്തായി മാറുമായിരിക്കും.
ബാഗ് മേശപ്പുറത്ത് വെച്ച് ഞാൻ വാഷ്ബേസിൻ അരികിലെത്തി. വലത്തെ കൈപ്പത്തി ഒരിക്കൽ കൂടി മണത്തുനോക്കി. ഉണ്ട്, ചോരയുടെ നിറവും മണവും വിട്ടുപോയിട്ടില്ല. ഹാൻഡ് വാഷ് വീണ്ടും വീണ്ടും പകർന്ന് ഞാൻ കൈകൾ കൂട്ടിത്തിരുമ്മി കഴുകിക്കൊണ്ടിരുന്നു.
"ഇതെന്താ കൈകഴുകാൻ തുടങ്ങിയിട്ട് കുറെ നേരമായല്ലോ ? മതിയാക്ക് വന്നു ചായ കുടിക്കൂ . "
ഭാര്യ ചായ ടീപോയിൽ വച്ച് എൻറെ സമീപത്തേയ്ക്ക് വന്നു. ഞാൻ ടവ്വൽ എടുത്ത് കൈ തുടച്ചു കൊണ്ട് സെറ്റിയിൽ വന്നിരുന്നു. "എൻറെ കയ്യിൽ ചോരയുടെ മണം ഉണ്ടോ എന്ന് നോക്കിക്കേ ". ഞാൻ കൈപ്പത്തി അവളുടെ മുഖത്തോടടുപ്പിച്ചു. ഇല്ല. ഹാൻഡ് വാഷിന്റെ മണം മാത്രമേയുള്ളൂ. "ചോരയുടെ മണം വരാൻ നിങ്ങൾ ഇറച്ചിക്കടയിലാണോ പണിക്ക് പോയത് ? "
അവളുടെ ശബ്ദത്തിൽ പരിഹാസം കലർന്നിരുന്നു. ഞാൻ നിശബ്ദനായി ഇരുന്നു ചായ കുടിച്ചു. വലതു കൈപ്പത്തി ഇടയ്ക്കിടെ മണക്കുന്നത് കണ്ട് അവൾ എന്നെ സൂക്ഷിച്ചു നോക്കി.
"എന്താ പറ്റിയത് ? "
" ഒരു സ്ത്രീയും കുട്ടിയും എൻറെ വണ്ടിയുടെ മുമ്പിൽ കയറിനിന്ന് ആത്മഹത്യ ചെയ്തു. " "ഓ...... ഇത് ആദ്യ സംഭവം ഒന്നുമല്ലല്ലോ. ഇടക്കിടക്ക് ഓരോരുത്തർ ട്രെയിനുമുമ്പിൽ ചാടുന്നതല്ലേ ? "
"ആദ്യമൊന്നുമല്ല. ധാരാളം കഥകൾ ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ. പക്ഷേ ഇന്ന് വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഹാൻഡിലിൽ കുടുങ്ങിയിരുന്ന കുറെ കൊഴുത്ത രക്തവും മാംസവും എൻറെ കയ്യിൽ പുരണ്ടു. ചൂട് മാറാത്ത ആ രക്തത്തിനും മാംസത്തിനും വല്ലാത്ത ഒരു ഗന്ധം ഉണ്ടായിരുന്നു . ഇപ്പോഴും ആ ഗന്ധം എന്റെ കൈപ്പത്തിയിൽ തങ്ങി നിൽക്കുന്നതുപോലെ. "
"വെറുതെ തോന്നുന്നതാ യിരിക്കും. പോയി കുളിച്ച് വല്ലതും കഴിച്ച് കിടന്നുറങ്ങാൻ നോക്കൂ. രാത്രി മുഴുവൻ ഉറക്കമിളച്ചു ജോലി ചെയ്തതല്ലേ."
ചായ കുടിച്ച ഗ്ളാസ് എടുത്തുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. മടക്കി വച്ചിരിക്കുന്ന ദിനപത്രം അടുത്ത് തലക്കെട്ട് മാത്രം ഒന്ന് ഓടിച്ചു നോക്കിയിട്ട് മടക്കി യഥാസ്ഥാനത്ത് വെച്ചു. നേപ്പാൾ ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ . ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മൂപ്പ് തെളിയിക്കാൻ നിയമോപദേശം തേടുന്ന വാർത്തകൾ.
കുളി കഴിഞ്ഞ് എത്തുമ്പോൾ മേശപ്പുറത്ത് ആവിപറക്കുന്ന ഇഡ്ഡലിയും സാമ്പാറും. കഴിക്കാനിരുന്നപ്പോൾ മുതൽ പഴയ ചോരയുടെ മനം മടുപ്പിക്കുന്ന മണം ചുറ്റും നിറയുന്നതായി തോന്നിത്തുടങ്ങി. കഷ്ടിച്ച് രണ്ട് ഇഡ്ഡലിമാത്രം കഴിച്ച് ഞാൻ എഴുന്നേറ്റു . കൈ രണ്ടും സോപ്പിട്ട് കഴുകി ഒരുതവണകൂടി കൈപ്പത്തി മണത്തുനോക്കി. ഇപ്പോൾ ചോരയുടെ മണം തീർത്തും മാറിയിരിക്കുന്നു.
ഷുഗറിനുള്ള മരുന്ന് കഴിച്ച് ഞാൻ കട്ടിലിൽ കയറി കിടന്ന് മൊബൈൽ തുറന്നു. അന്നത്തെ ദിവസം എത്തിയിരിക്കുന്ന സന്ദേശങ്ങൾ നോക്കി. വാട്സാപ്പിലെ എണ്ണിയാലൊടുങ്ങാത്ത ഗ്രൂപ്പുകളിൽ വന്നുനിറയുന്ന സുപ്രഭാത സന്ദേശങ്ങൾ. സുന്ദരികളായ പെൺകുട്ടികളുടെയും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെയും അകമ്പടിയോടെയുള്ള ആശംസാവചനങ്ങൾ. രാഷ്ട്രീയ ചർച്ചാ ഗ്രൂപ്പുകളിൽ വരുന്ന നിലവാരം കുറഞ്ഞതും പരസ്പരം പഴി ചാരി അവഹേളിക്കുന്നതുമായ സന്ദേശങ്ങൾ. ബ്ലോഗ്‌സാപ്പ് എന്ന ഗ്രൂപ്പ് മാത്രം തുറന്നു. അഞ്ഞുറിലധികം മെസ്സേജുകൾ. ഒരിക്കലും കണ്ടിട്ടില്ലാത്ത സൈബർ ലോകത്തെ സുഹൃത്തുക്കൾ. അവരുടെ വിശേഷങ്ങൾ, തമാശകൾ നിറഞ്ഞ കമന്റുകൾ എല്ലാം വായിച്ച് കഴിഞ്ഞ് ,ഇയർഫോൺ ചെവിയിൽ തിരുകി സംഗീതമാസ്വദിച്ചു കൊണ്ട് കണ്ണുകളടച്ചു കിടന്നു
."നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ ......" ജാനകിയുടെ മധുരമൂറുന്ന ശബ്ദം ഒരു തൂവൽ സ്പർശം പോലെ മഞ്ഞുപൊഴിയുന്ന തണുത്ത രാവിലെ നിലാവെളിച്ചം പോലെ കാതുകളിലേക്ക് ഒഴുകി.
സുന്ദരമായ ഒരു മൊട്ടക്കുന്ന്. പച്ചപ്പുനിറഞ്ഞ ഗ്രാമഭംഗി. അകലെ മലനിരകൾ. പടിഞ്ഞാറെ ചക്രവാളത്തിൽ ചെഞ്ചായം പൂശിയ അസ്തമയസൂര്യൻ. ധാരാളം സഞ്ചാരികൾ നിറഞ്ഞ ഒരു പിക്നിക്ക് സ്പോട്ട് . കുടുംബവുമായി എത്തിയവർ കൂടിനിന്ന് മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നു. ഇരുന്നും കിടന്നും നിലത്തു നിന്ന് ഉയർന്നു ചാടിയും വിരലുകൾകൊണ്ട് വിജയ ചിഹ്നം കാട്ടിയുമുള്ള ചിത്രീകരണം. കളിപ്പാട്ടങ്ങളും ഐസ്ക്രീമും കപ്പലണ്ടിയും വിൽക്കുന്നവർ. യാത്രികർക്ക് ഇടയിലൂടെ ഞാൻ സാവധാനം നടന്നു. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഇടവേളകൾ ഉല്ലാസപ്രദമാക്കാൻ എത്തിയവർ.
പൈൻ മരങ്ങൾ തിങ്ങിനിറഞ്ഞ് കിഴക്കേച്ചെരിവിൽ ഇരുട്ട് ചേക്കേറി തുടങ്ങി. അവിടെ കടപുഴകി വീണുകിടക്കുന്ന യൂക്കാലിപ്റ്റസ് മരത്തിൽ കയറിയിരുന്ന് ബഹളം കൂട്ടുന്ന കുട്ടികളുടെ അടുത്തേക്ക് ഞാൻ സാവധാനം നടന്നു. പത്തു് വയസ്സിൽ താഴെ മാത്രം പ്രായം വരുന്ന യൂണിഫോമണിഞ്ഞ സ്കൂൾ കുട്ടികൾ . അവരുടെ സമീപം ടീച്ചർമാർ എന്ന് തോന്നിക്കുന്ന രണ്ടു മൂന്നു യുവതികൾ. കുട്ടികൾ വളരെ ആഹ്ളാദത്തിലാണ്. കുട്ടികൾ വീണു കിടക്കുന്ന യൂക്കാലിപ്റ്റസ് മരത്തിന്റെ ശിഖരങ്ങൾ കുലുക്കി ഊഞ്ഞാലാടുന്നു.
യൂണിഫോം ധരിക്കാത്ത ഒരു പെൺകുട്ടി മാത്രം കുട്ടികളുടെ കൂട്ടത്തിൽ കൂടാതെ ഒറ്റക്ക് മാറിയിരിക്കുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകൾ. പാറിപ്പറന്ന തലമുടി. മുഷിഞ്ഞ വേഷം. ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്ന് തോന്നിക്കുന്ന ക്ഷീണിതയായ മുഖഭാവം. അവളുടെ സമീപത്തേക്കു ഞാൻ സാവധാനം നടന്നു.
"ഹേയ് ........."
ഞാൻ ശബ്ദമുണ്ടാക്കി അവൾ മുഖമുയർത്തി എന്നെ നോക്കി. അവളുടെ മുഖം കണ്ട ഞാൻ ഒരു നിമിഷം ഞെട്ടി. മുഖത്ത് രക്തം ഉണങ്ങി കട്ടപിടിച്ച പാടുകൾ. എണ്ണമയമില്ലാത്ത ചെമ്പിച്ച മുടി. അവളുടെ തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അമ്മയോടൊപ്പം റെയിൽവേ പാളത്തിൽ ട്രെയിന്റെ മുന്നിൽ നിന്ന പെൺകുട്ടിയുടെ അതേമുഖം.
എങ്ങിനെയെങ്കിലും അമ്മയെയും കൊണ്ട് ട്രെയിനിനു മുന്നിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആയിരുന്നു അവൾ. പക്ഷേ അവളുടെ കുഞ്ഞിക്കൈകളെക്കാൾ ബലം അമ്മയുടെ കൈകൾക്കായിരുന്നു. കുതറിയോടാൻ ശ്രമിച്ച അവളെ അടക്കിപ്പിടിച്ച് മരണത്തെ നേരിടാൻ ശ്രമിക്കുകയായിരുന്നു ആ സ്ത്രീ. അവളുടെ പേടിച്ചരണ്ട കണ്ണുകൾ മനസ്സിൽ നിന്നും മായുന്നില്ല. അവരെ രക്ഷപ്പെടുത്താൻ പറ്റുന്നതിലധികം വേഗതയിലായിരുന്നു വണ്ടിയുടെ കുതിപ്പ് ഒരു നിലവിളി ശബ്ദത്തോടൊപ്പം രണ്ടു മനുഷ്യശരീരങ്ങൾ ഇടിച്ചു തെറിപ്പിച്ചത് നിമിഷങ്ങളിൽ നടന്നു.
അടുത്ത സ്റ്റേഷനിൽ അപകടത്തെക്കുറിച്ച് സന്ദേശം നൽകി യാത്ര തുടരുമ്പോഴും അവർ രക്ഷപെടുവാൻ ഒരു ശതമാനംപോലും സാദ്ധ്യത മനസ്സിൽ തെളിയുന്നുണ്ടായിരുന്നില്ല.
മുപ്പത് വയസിനടുത്ത് പ്രായമുള്ള യുവതിയും ഏഴ് വയസ്സോളം മാത്രം പ്രായമുള്ള പെൺകുട്ടിയും. ഒരു പക്ഷേ ആ യുവതിയുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാവും എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത് , ചിലപ്പോൾ ഉറ്റവരുടെ തിരസ്കാരവും അവഗണനയും താങ്ങാനാവാതെ, ചിലപ്പോൾ ദാമ്പത്യ കലഹങ്ങൾ . സാമ്പത്തിക ബുദ്ധിമുട്ടുകൾ, അഭിമാനവും ചാരിത്ര്യവും പണയം വെക്കാൻ ഉള്ള മടി. സ്വന്തം മകളെ മറ്റുള്ളവരുടെ കാരുണത്തിൽ ജീവിക്കാൻ അവളുടെ ആത്മാഭിമാനം സമ്മതിച്ചിട്ടുണ്ടാവില്ല. കൊച്ചുകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്ന കാമഭ്രാന്തന്മാർ നിറഞ്ഞ ലോകത്തേക്ക് സ്വന്തം മകളെ എറിഞ്ഞു കൊടുക്കാൻ ആ അമ്മമനസ്സിന് കഴിയില്ലായിരിക്കും. ഇത്തരം ചിന്തകളാവും ആ പിഞ്ചുകുഞ്ഞിനെ കൂടി മരണത്തിലേക്കുള്ള യാത്രയിൽ കൂടെ കൂട്ടാനുള്ള തീരുമാനത്തിൽ അവളെ എത്തിച്ചിട്ടുണ്ടാവുക.
ഞാൻ ചിന്തകളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അവൾ മരങ്ങൾക്കിടയിലേക്ക് നടന്നു തുടങ്ങിയിരുന്നു. അവളുടെ ഒപ്പം എത്തുവാൻ ഞാൻ അതിവേഗം നടന്നു. മരങ്ങൾക്കിടയിൽ ഇരുട്ട് കാഴ്ച മറക്കുന്ന ഒരു സ്ഥലത്തേക്ക് അവളെത്തിച്ചേർന്നു. ഇടക്കിടെ അവൾ ഇരുളിൽ മറയുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു കൊണ്ട് മുന്നോട്ട് നടക്കുകയാണ്. അവളുടെ പിറകെ ഞാൻ അതിവേഗം നടന്നെങ്കിലും ആ കുഞ്ഞു പാദങ്ങളുടെ വേഗതയ്ക്ക് ഒപ്പമെത്താൻ എനിക്കായില്ല മൊട്ടക്കുന്നുകളും പൈൻ മരക്കാടുകളും പിന്നിട്ട് അവൾ നടക്കുകയാണ്.
ഒരു പാറക്കൂട്ടത്തിൽ സമീപം ചുറ്റുമതിൽ കെട്ടിയിരിക്കുന്ന ഒരു കിണർ നിലാവെളിച്ചത്തിൽ വ്യക്തമായി കാണാം. ചുറ്റുമതിലിൽ കുറെ സ്ത്രീകൾ വട്ടം കൂടിയിരുന്നു സംസാരിക്കുന്നു. ആരുടേയും മുഖം വ്യക്തമായിരുന്നില്ല. പെൺകുട്ടി സ്ത്രീകളുടെ സമീപം എത്തി. അവൾ എന്നെ ചൂണ്ടി കാണിച്ച് എന്തൊക്കെയോ അവരോട് പറയുന്നത് കണ്ടു. സ്ത്രീകൾ പെട്ടെന്ന് എഴുന്നേറ്റ് നിന്ന് എന്നെ തുറിച്ചു നോക്കി. അവരുടെ കണ്ണുകളിൽ നിന്ന് തീപാറുന്നത് ഞാൻ കണ്ടു. എന്നെ കൊല്ലാൻ ഉള്ള ആവേശത്തോടെ അവർ എൻറെയടുത്തേക്ക് ഓടി വരുകയാണ്.
"പിടിക്കവനെ ..... കൊല്ലവനേ ...." എന്നൊക്കെ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാൻ അതിവേഗം പിന്തിരിഞ്ഞോടി . സ്ത്രീകളുടെ കൂട്ടം തൊട്ടുപിന്നിൽ തന്നെയുണ്ട്.
അവർ എന്തിനാണ് എന്നെ പിടിക്കാൻ വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ആൾക്കൂട്ട ആക്രമണമാണ്. എങ്ങനെയും രക്ഷപെടണം. ആധുനിക ഇന്ത്യയിൽ ഇത്തരം ആക്രമണങ്ങൾ സർവ്വസാധാരണമാണങ്കിലും സ്ത്രീകൾ ആരെയും ആക്രമിച്ച് കൊലപ്പെടുത്തിയതായി കേട്ടിട്ടില്ല. പുരുഷന്മാരാണങ്കിൽ ഏതെങ്കിലും മത ഭ്രാന്തന്മാരായിരിക്കും. ഏതെങ്കിലും ദൈവത്തിന്റെ പേര് ഉറക്ക വിളിച്ച് പറഞ്ഞാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം. ചിലപ്പോൾ തല്ലിക്കൊന്ന് തെരുവിൽ ഉപക്ഷിച്ചേക്കാം. എങ്ങിനെയും രക്ഷപ്പെട്ടേ മതിയാവു. സകല ശക്തിയും സംഭരിച്ച് ഞാൻ ഓടി. ഓടിയോടി അവസാനം കാലുകളിൽ നിന്ന് ശക്തി ചോർന്നു പോകുന്നത് പോലെ എനിക്ക് തോന്നിത്തുടങ്ങി. ഓട്ടത്തിനിടയിൽ ചെരുപ്പുകൾ നഷ്ടമായിരിക്കുന്നു കാൽവെള്ളയിൽ മുള്ളുകൾ തറച്ച് രക്തം പൊടിയുവാൻ തുടങ്ങിയിരിക്കുന്നു. വസ്ത്രങ്ങളെല്ലാം വിയർപ്പിൽ മുങ്ങി .തൊട്ടുപിന്നിൽ സ്ത്രീകളുടെ കൂക്കുവിളികളും ആക്രോശങ്ങളും.
ഓടിയോടി റെയിൽവേ ട്രാക്കിലാണ് ഞാൻ വന്നു കയറിയത്. ട്രാക്കിലൂടെ തന്നെ മുന്നോട്ട് ഓടിക്കൊണ്ടിരുന്ന ഞാൻ ഇടക്ക് പിന്തിരിഞ്ഞു നോക്കി . സ്ത്രീകൾ എന്നെ പിൻതുടർന്നുള്ള ഓട്ടം അവസാനിപ്പിച്ച് റെയിൽവേ ട്രാക്കിന് സമീപം പകച്ച് നിൽക്കുകയാണ്. റെയിൽവേ ട്രാക്കും പരിസരവും സുരക്ഷിതമായ ഒരിടം പോലെ എനിക്ക് തോന്നിയെങ്കിലും സ്ത്രീകൾ ഭയപ്പാടോടെയാണ് ട്രാക്കിലേക്ക് നോക്കി നിന്നത്. ട്രാക്കിൽ പിടഞ്ഞ് വീണ് മരിച്ച ഓരോ മനുഷ്യ ജീവന്റെയും തേങ്ങലുകളായിരിക്കാം അവരെ പിൻതിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഞാൻ സാവധാനം മുന്നോട്ടു നടന്നു. മുന്നിൽ തീഷ്ണമായ പ്രകാശവും കാതടപ്പിക്കുന്ന ചൂളം വിളിയുമായി ഒരു ടെയിൻ പാഞ്ഞടുക്കുന്നു. പെട്ടെന്ന് ട്രാക്കിൽ നിന്ന് ചാടി മാറി.
ഒരു ഞെട്ടലോടെയാണ് ഞാൻ ഉറക്കമുണർന്നത്. ശരീരം മുഴുവൻ വിയർത്തു കുളിച്ചിരിക്കുന്നു. സ്ഥലകാലബോധം വീണ്ടെടുക്കാൻ ഏതാനും സമയം വേണ്ടി വന്നു.
സിറ്റൗട്ടിൽ നിന്ന് ഭാര്യ ആരോടോ സംസാരിക്കുന്നു. ഞാൻ നോക്കുമ്പോൾ പഴയ ന്യൂസ് പേപ്പറുകളും മാസികകളും അവൾ തൂക്കി വിൽക്കുകയാണ്. കയറിട്ട് കെട്ടിയ ന്യൂസ് പേപ്പർ ബണ്ടിൽ ഒരു സ്പ്രിംഗ് തുലാസ്സിൽ കൊരുത്ത് തൂക്കം നോക്കാൻ ശ്രമിക്കുകയാണ് ഒരു തമിഴത്തി സ്ത്രീ. ഭാര്യ അടുത്തുനിന്ന് തുലാസ്സിന്റെ സൂചി യിലേക്ക് നോക്കി തൂക്കം തിട്ടപ്പെടുത്തുന്നു. സമീപത്ത് മൂക്കള ഒലിപ്പിച്ച ഒരു പെൺകുട്ടി. അവളേക്കാൾ നീളം കൂടിയ ഒരു ഒറ്റയുടുപ്പുമിട്ട് ഇരിക്കുന്നു. ആ സ്ത്രീ എന്നെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു. മുഷിഞ്ഞ വസ്ത്രങ്ങളും മെലിഞ്ഞ ശരീരവും ഇരുണ്ട നിറവുമായിരുന്നെങ്കിലും അവൾ ഒരു സുന്ദരി തന്നെയായിരുന്നു. മുടിയൽ വാടിക്കരിഞ്ഞ മുല്ലപ്പുവ്. കഴുത്തിൽ മഞ്ഞച്ചരടിൽ ഒരു ചെറിയ താലി . മുറ്റത്ത് കിടക്കുന്ന ഉന്തുവണ്ടിയിൽ കുറെ ആക്രി സാധനങ്ങൾ അടുക്കി വച്ചിരിക്കുന്നു.
"പത്ത് കിലോ ഉണ്ട് സാർ ...." അവൾ ഒരു ചിരിയോടെ പറഞ്ഞു.
' അത് തൂക്കണ്ട, മുഴുവനും എടുത്തോളൂ. നിങ്ങൾ പൈസ ഒന്നും തരേണ്ട.
"നൻറി സർ ..... "
സ്ത്രീ സന്തോഷത്തോടെ എന്നെ നോക്കി. പിന്നെ എല്ലാം വാരിക്കെട്ടി വണ്ടിക്കുള്ളിൽ അടുക്കി വെച്ചു. ഉന്തു വണ്ടിയും തള്ളിക്കൊണ്ട് അവളും മോളും ഗേറ്റ് കടന്ന് കത്തുന്ന വെയിലിലേക്ക് നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു .
ഉദയ പ്രഭൻ