മരക്കുതിര
സെന്റ്മേരീസ് മേരീസ് ഫര്‍ണിച്ചര്‍ മാര്‍ട്ട്
എന്ന സ്ഥാപനത്തിന് മുന്നില്‍ ബസ്സിറങ്ങുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു.
അറുപതടിയോളം നീളവും അതിനൊത്ത ഉയരവുമുള്ള കടയുടെ മുന്‍വശം വര്‍ണക്കടലാസുകളും
പൂക്കളും ബലൂണും ഉപയോഗിച്ച് നന്നായി അലങ്കരിച്ചിരുന്നു. ഉത്സവസീസണുകളില്‍ കച്ചവടം
കൊഴുപ്പിക്കാന്‍ ഉള്ള ബിസിനസ്സുകാരുടെ ഓരോ പൊടികൈകള്‍. മുന്‍വശത്തെ ഗ്ലാസ്സിലൂടെ
നോക്കിയാല്‍ അകത്തു പ്രദര്‍ശിപ്പിച്ചിരിക്കുന്ന സെറ്റി, ഡൈനിംഗ് ടേബിള്‍, കട്ടില്‍,
ട്രെസ്സിംഗ് ടേബിള്‍, ദിവാന്‍ കോട്ട്, അലമാര മുതലായ ആധുനിക ഫര്‍ണിച്ചറുകള്‍
വ്യക്തമായി കാണാം.
ഇട്ടിച്ചന് ഇന്നു നല്ല കച്ചവടമാണന്നു
തോന്നുന്നു. കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. തിളങ്ങുന്ന ഒരു മഞ്ഞ ജൂബയണിഞ്ഞ
അയാള്‍ ഒരു ചെറുപുഞ്ചിരിയോടെ ഓടിനടക്കുന്നു. ഓരോ കസ്ടമറെയും ഹസ്തദാനത്തോടെ
സ്വീകരിക്കുന്നുണ്ട്. മുഷിഞ്ഞ വസ്ത്രത്തോടെ കടക്കുള്ളിലേക്ക് കയറിച്ചെല്ലാന്‍
മടിതോന്നിയെങ്കിലും വേറെ നിവര്‍ത്തിയില്ലാത്തതിന്നാല്‍ ഞാന്‍ കടക്കുള്ളില്‍ കയറി
ഒതുങ്ങി നിന്നു. വേഷമാണല്ലോ ഓരോ മനുഷ്യന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.
തൂണിനോട് ചേര്‍ന്ന് ഒതുക്കി വെച്ചിരിക്കുന്ന ഡ്രിഫ്റ്റ് വുഡ് ഐറ്റങ്ങള്‍
ഒന്നും വിറ്റുപോയിട്ടില്ല. അവയില്‍ എഴുതിയിട്ടിരിക്കുന്ന പ്രൈസ് ടാഗുകള്‍
കാറ്റിലാടുന്നുണ്ട്. അവ ഒന്നെങ്കിലും വിറ്റുപോയിരുന്നെങ്കില്‍
റേഷന്‍ വാങ്ങാനുള്ള കാശ് കിട്ടുമായിരുന്നു. ഞാന്‍ വീട്ടില്‍ കുത്തിയിരുന്ന്
കൊത്തിമിനുക്കി പോളീഷ് ചെയ്തെടുത്ത ഓരോ
ശില്പങ്ങള്‍. അവ ഓരോന്നും ഉപഭോക്താക്കളുടെ മനസ്സില്‍ എന്തെങ്കിലും ചലനങ്ങള്‍
ഉണ്ടാക്കിയാല്‍ രക്ഷപെട്ടു. അവര്‍ നല്ല വില കൊടുത്തു അവ വാങ്ങിയാല്‍ വീട്ടിലെ
പട്ടിണി ഒരാഴ്ചത്തേക്ക് എങ്കിലും മാറികിട്ടും. ഈ സാധനങ്ങള്‍ കടയില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള
അനുവാദവും അതിനു വേണ്ട സ്ഥലവും ഒരുക്കി തന്നത് തന്നെ ഇട്ടിച്ചന്റെ മഹാമനസ്കത എന്നുവേണം
പറയാന്‍ . ബിസിനസ്സില്‍ പൊളിഞ്ഞ പഴയ കൂട്ടുകാരനെ സഹായിക്കാന്‍ തുനിഞ്ഞ അദ്ദേഹത്തെ
കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് സാമ്പത്തിക സഹായം ഒന്നും
ആവശ്യപ്പെടാതിരുന്നത്. മാസത്തില്‍ ഒന്നുരണ്ടെണ്ണം വീതം വിറ്റുപോയിരുന്നതാണ്. പക്ഷെ
കഴിഞ്ഞ മൂന്നു മാസമായി ഒന്നും കച്ചവടമായിട്ടില്ല.
തിരക്കൊഴിഞ്ഞപ്പോള്‍ ഇട്ടിചന്‍ എന്നെ കൈകാട്ടി
വിളീച്ചു. "സാധനം ഒന്നും
വിറ്റുപോയിട്ടില്ല സജീവേ. ഞാന്‍ ശ്രമിക്കാഞ്ഞല്ല. നിനക്കു പറഞ്ഞാല്‍
മനസ്സിലാവുമല്ലൊ. എല്ലാവര്ക്കും ഏറ്റവും വില കുറച്ച് സാധനം കിട്ടണം. മികച്ച
ഗുണനിലവാരം ഉണ്ടായിരിക്കണം. അതിന്റെകൂടെ കുറച്ചു കരകൌശലവസ്തുക്കള്‍ വാങ്ങി വീട്
മോടിപിടിപ്പിക്കാന്‍ ആയിരമോ രണ്ടായിരമോ മുടക്കാന്‍ മനസ്സില്ല. ഞാന്‍ നിര്‍ബന്ധിക്കാറുണ്ട്. അവരുടെ പോക്കെറ്റില്‍ കിടക്കുന്ന കാശല്ലേ. പിടിച്ചു വാങ്ങിക്കാന്‍
പറ്റുമോ’’.
ഇട്ടിച്ചന്‍ ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത് എന്റെ
പോക്കെറ്റില്‍ തിരുകി.
‘തല്‍ക്കാലം ഇതിരിക്കട്ടെ. നിന്റെ ആവശ്യങ്ങള്‍
നടക്കട്ടെ.. എല്ലാ ആഴ്ചയും നീ ഇല്ലാത്ത കാശുമുടക്കി ഇങ്ങോട്ട് വരേണ്ട. എന്തെങ്കിലും
വിറ്റുപോയാല്‍ ഞാന്‍ വിളിക്കാം. അടുത്ത ആഴ്ച കുറച്ച് കൂടുതല്‍ ഫര്‍ണിച്ചറുകള്‍
വരും. ഡിസ്പ്ലേ ചെയ്യാന്‍ സ്ഥലം കുറവാണ്. നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.”
ഇട്ടിച്ചന്‍ എന്താണ് ഉദ്ദേശിച്ചത്.
സാധനങ്ങള്‍ മാറ്റി സ്ഥലം കാലിയാക്കി തരണമെന്നാണോ. അതോ ഇനി ശല്യപ്പെടുത്താന്‍ ഇങ്ങോട്ട്
വരരുതെന്നാണോ. ഷോറൂമിലെ ഫില്‍ടരില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ച്
ഞാന്‍ പുറത്തെ കനത്ത വെയിലിലേക്കിറങ്ങി.
ബസ്സിറങ്ങി റേഷന്‍
കടയില്‍ നിന്ന് അരിയും വാങ്ങി സാവധാനം വീട്ടിലേക്കു നടന്നു. അനഘാ ഫര്‍ണിച്ചര്‍
മാര്ട്ടിന് മുന്നില്‍ ഒരു നിമിഷം നിന്നു. ഷട്ടര്‍ പൂട്ടിയിരിക്കുന്ന കനത്ത താഴ്
എന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ വീണ ഇരുട്ടുകനത്ത ഒരു തിരശീല പോലെ തോന്നി.
ഇട്ടിച്ചന്റെ കടയെക്കാള്‍ നല്ല കച്ചവടം ഉണ്ടായിരുന്ന കട. ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍
മാത്രമായിരുന്നു കച്ചവടം. അകലെ നിന്നും കേട്ടറിഞ്ഞ് ആള്‍ക്കാര്‍ വന്നു ഫര്‍ണിച്ചര്‍
വാങ്ങിയിരുന്നു. അഞ്ചാറു ജോലിക്കാര് ഷോറൂമില്‍ തന്നെ ഉണ്ടായിരുന്നു. പത്തു ആശാരിമാര്‍
വര്‍ക്ക്‌ഷോപ്പില്‍ സ്ഥിരമായി പണിചെയ്തിരുന്നു.
പിന്നെ പോളീഷ് ചെയ്യാന്‍ വേറെ അഞ്ചു പേര്‍ കൂടി. എന്ത് ആഹ്ലാദം നിറഞ്ഞ ദിവസ്സങ്ങള്‍
ആയിരുന്നു.
സജീവ് ഫര്‍ണിച്ചര്‍ കട തുടങ്ങിയത് നല്ല
രാശിയുള്ള സമയത്താണ് എന്ന് എല്ലാവരും പറയുമായിരുന്നു. തവണ വ്യവസ്ഥയില്‍ കച്ചവടം
തുടങ്ങിയതോടു കൂടി കൂടുതല്‍ അഭിവൃത്തിപ്പെടുകയാണ്
ഉണ്ടായത്. പക്ഷെ അധികനാള്‍ നീണ്ടുനിന്നില്ല ആ സന്തോഷങ്ങള്‍. ഈര്‍ച്ച മില്ലിലേക്ക്
പോയ ലോറി അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ചതോടെ കഷ്ടകാലം ആരംഭിക്കുകയായി. ഓരോ
ദിവസവും ഓരോ വൈതരണികള്‍. അവസാനം കടയും വണ്ടികളും വര്‍ക്ക്ഷോപ്പും വീടും എല്ലാം
നഷ്ടമാവുന്നത് നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.
കുലത്തൊഴിലായി കിട്ടിയ ആശാരിപ്പണിയിലെ
വൈദഗ്ധ്യം ഒന്നുകൊണ്ടു മാത്രമാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗള്‍ഫില്‍ പോകാന്‍ ഒരു അവസരം
ലഭിച്ചത്. പതിനഞ്ചു വര്ഷം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൊണ്ട് ആദ്യം
സഹോദരിയുടെ വിവാഹം. പിന്നെ ഒരു നല്ല വീട് പണിതു. കുറച്ചു പേര്‍ക്കെങ്കിലും
സ്ഥിരമായി ഒരു തൊഴില്‍ കൊടുക്കാനാകുമല്ലോ എന്ന കണക്കുക്കൂട്ടലുകളാണ് ഒരു കട തുടങ്ങാന്‍ പ്രേരിപ്പിച്ചത്. അഞ്ചു വര്‍ഷക്കാലം
നല്ല രീതിയില്‍ പോയ ബ്സിനസ് ആ ലോറി അപകടത്തെത്തുടര്‍ന്ന് സാവധാനമാണ് തകര്‍ന്നുതുടങ്ങിയത്.
മരക്കുറ്റികള്‍ ചെത്തിമിനുക്കി പോളീഷ് ചെയ്തു
ഓരോ ശില്പങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് ഗോപാലേട്ടനില്‍ നിന്നാണ് പഠിച്ചത്. ഉളിയും
ചിന്തേരും ഉപയോഗിക്കാന്‍ ആവാത്ത തടികളില്‍ കുപ്പിച്ചില്ലും സാന്റ്പേപ്പരും
ആയുധമായി. മരക്കുറ്റികളില്‍ ഒളിഞ്ഞിരിക്കുന്ന ഓരോ രൂപങ്ങളെ അതിവിദഗ്ധമായി
പുറത്തുകൊണ്ടുവരാന്‍ ആയി. കുതിരകള്‍, കഴുകന്‍ കസേര. അങ്ങനെ പല പല രൂപങ്ങള്‍.
അവയ്ക്ക് പിന്നെ നിറങ്ങളും ചമയങ്ങളും നല്‍കി
ഭംഗിയുള്ള ദാരുശില്‍പങ്ങള്‍ മെനഞ്ഞെടുത്തു. ഫോണ്‍ സ്ടാണ്ടായും ടീപ്പോയ് ആയും കോര്‍ണര്‍
ടേബിള്‍ ആയും ഷോകേസിലെ അലങ്കാരവസ്തുവായും പലരുടെയും സ്വീകരണമുറിയില്‍
സ്ഥാനംപിടിച്ചു.
ശനിയാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ ഇട്ടിച്ചന്റെ
കടയിലെ ലോറിയും ഒരു കാറും വീടിനു മുന്നില്‍
വന്നു നിന്നു. ലോറിയില്‍ നിറയെ ഞാന്‍ കടയില്‍
വെച്ചിരുന്ന ഡ്രിഫ്റ്റ്വുഡ് ഐറ്റംസ് ആയിരുന്നു. ഈശ്വരാ കടയില്‍
സ്ഥലമില്ലാതെ എല്ലാം തിരിച്ചിറക്കി വെച്ചിട്ട് പോകാനുള്ള പരിപാടിയാണോ. ഇവയൊന്നും
വിറ്റ് പോകാതെ എങ്ങനെ ജീവിക്കും. ഇട്ടിച്ചന്റെ സെയില്‍സ്മാന്‍ ചിരിച്ചുകൊണ്ടാണ്
വീട്ടിലേക്കു കയറിവന്നത്. കൂടെ മാന്യമായി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരനും
ഉണ്ടായിരുന്നു.
ചേട്ടാ ഇത് ഇന്റര്‍ നാഷണല്‍ ഹോട്ടല്‍സ്‌ന്റെ ആളാണ്. അവര്‍ക്ക് ചേട്ടന്റെ കുറെ
ഡ്രിഫ്റ്റ്വുഡ് ഐറ്റംസ് വേണം. കടയില്‍ ഉണ്ടായിരുന്നത് തികഞ്ഞില്ല. കൂടുതല്‍ സാധനം
വേണമെന്നാണ് പറയുന്നത്. ഇവിടെ പണി ഫിനിഷ് ചെയ്ത ഐറ്റംസ് വല്ലതും ഉണ്ടങ്കില്‍ ഈ വണ്ടിയില്‍ കയറ്റിക്കൊണ്ട് പോകാനാണ് സാറ്
എന്റെ കൂടെ വന്നിരിക്കുന്നത്. തിങ്കളാഴ്ച ഇവരുടെ
ഹോട്ടലിന്റെ ഉദ്ഘാടനമാണ്. അതിനു മുന്‍പായി റിസപ്ഷനും ലോഞ്ചും എല്ലാം ഒന്ന് അലങ്കരിക്കാനാണ്.
സെയില്‍സ്മാന്‍റെ വാക്കുകളെ എനിക്ക്
വിശ്വസിക്കുവാന്‍ ആയില്ല. പെട്ടന്ന് ലോട്ടറി അടിച്ചതുപോലെയാണ് എനിക്ക് തോന്നിയത്. കണ്ണില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു.
ജീവിതം വഴിമുട്ടി നിന്ന വേളയില്‍ ആശ്വാസത്തിന്റെ ഒരു പച്ചത്തുരുത്ത് കണ്ടുമുട്ടിയ അനുഭൂതി.
ഒരു തണുത്ത കാറ്റ് എനിക്ക് ചുറ്റും കുളിര്‍ വിതറുന്നുവോ. നിറഞ്ഞ സന്തോഷത്തോടെയാണ് ഞാന്‍
വര്‍ക്ക്‌ഷോപ്പിലേക്ക് നടന്നത്. ചിന്തേരുപൊടിയുടെയും വാര്‍ണിഷിന്റെയും മണം
നിറഞ്ഞ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ഒരു
മരക്കുതിര അതിവേഗം സവാരിചെയ്യുന്ന ഒരു പടയാളിയെ പോലെ ഇളകിയാടിക്കൊണ്ടിരുന്നു.