പ്രമേഹം
ബസ് നല്ല വേഗതയില്‍ ആയിരുന്നു. അതിനേക്കാള്‍
വേഗതയില്‍ മനസ്സ് കുതിക്കുകയായിരുന്നു. സുധാകരേട്ടനെ മിഷന്‍ ഹോസ്പിറ്റലില്‍
അഡ്മിറ്റ് ചെയ്തു. ഉടന്‍ വരണം എന്നുമാത്രമാണ് അയാള്‍ വിളിച്ചുപറഞ്ഞത്. ആശുപത്രിപ്പടിയില്‍
ബസ്സിറങ്ങിയത് കത്തുന്ന വെയിലിലേക്കാണ്. കാഷ്വാലിറ്റിയുടെ അടുത്തേക്ക് ഓടുകയായിരുന്നോ
നടക്കുകയായിരുന്നോ എന്ന് എനിക്ക് അറിയില്ല. ചില്ലുവാതില്‍ തള്ളിത്തുറന്ന്
അകത്തുകയറുംപോളേ അദ്ദേഹം കിടക്കുന്നത് ഞാന്‍ കണ്ടു. വാടിതളര്‍ന്നു കൈകള്‍
ഇരുവശത്തേക്കുമിട്ടാണ് കിടക്കുന്നത്. വലതുകൈയില്‍ ട്രിപ്പ് ഇട്ടിട്ടുണ്ട്. അടുത്ത് ഒരു നേഴ്സ്
നില്പുണ്ട്.
“സുധാകരന്റെ ഭാര്യയാണോ?”
“അതേ”
“പേടിക്കാനൊന്നുമില്ല.
ഷുഗര്‍ പെട്ടന്ന് താഴ്ന്നതാണ്. ചെറിയ ഒരു തലചുറ്റലും വിറയലും ഉണ്ടായി. ഇപ്പോള്‍ നോര്‍മല്‍ ആയിട്ടുണ്ട്. ആളു
നല്ല ഉറക്കത്തിലാണ്. ഇപ്പോള്‍ ശല്യപ്പെടുത്തുന്നതു ശരിയല്ല. നാന്നായി ഒന്ന്
ഉറങ്ങട്ടെ.”
“ആരാണ് ചേട്ടനെ ഇവിടെ കൊണ്ടുവന്നത്.?”
“അയാള്‍ പുറത്തു നില്‍പ്പുണ്ടായിരുന്നല്ലോ.”
നേഴ്സ് കതകു തുറന്നു പുറത്തേക്കു നോക്കി. പക്ഷേ ആരും അവിടെ ഉണ്ടായിരുന്നില്ല.
“ചിലപ്പോള്‍ ചായ കുടിക്കാന്‍
കാന്റീനില്‍ പോയതായിരിക്കും.”
നേഴ്സ് ഒരു പ്ലാസ്ടിക് കവര്‍
എന്റെ നേരെ നീട്ടി. അതില്‍ സുധാകരെട്ടന്റെ പേഴ്സും മൊബൈലും ഉണ്ടായിരുന്നു.
നേഴ്സിന്റെ കൂടെ ഞാന്‍ ഡോക്ടറുടെ മുറിയിലെത്തി. സുമുഖനായ ചെറുപ്പക്കാരന്‍ ഒരു
പുഞ്ചിരിയോടെയാണ് എന്നെ സ്വാഗതം ചെയ്തത്.
“സുധാകരന്‍ ഡയബറ്റിക് ആണോ?”
“അതെ ഡോക്ടര്‍. അഞ്ചുവര്‍ഷമായി
മരുന്ന് കഴിക്കുന്നുണ്ട്.”
“ഇന്‍സുലിന്‍
എടുക്കുന്നുണ്ടോ”?
“ഇല്ല ഡോക്ടര്‍.
ഗ്ലൂക്കൊമൈറ്റ് ഒരെണ്ണം രാവിലെ കഴിക്കുന്നുണ്ട്.”
“ഏതു ഡോക്ടറെയാണ്
കാണിക്കുന്നത്”?
“ദേവമാതായിലെ അലക്സ് ഡോക്ടര്‍ ,”
“കുഴപ്പമില്ല. ഒരു ദിവസ്സം
ഇവിടെ കിടക്കട്ടെ. ക്ഷീണം ശരിക്ക് മാറിയിട്ട് നാളെ പോകാം.”
“ശരി ഡോക്ടര്‍.”
രണ്ടാം നിലയിലുള്ള നല്ല വൃത്തിയുള്ള ഒരു
മുറിയിലേക്കാണ് കാഷ്വാലിറ്റിയില്‍ നിന്ന് മാറിയത്. വെളുത്ത മാര്‍ബിള്‍ പാകിയ
മുറി. തുരിശുനിറം തേച്ച ഭിത്തികള്‍. ജന്നല്‍ തുറന്നിട്ടാല്‍ വേമ്പനാട്ടു
കായലില്‍ നിന്നുള്ള സമൃദ്ധമായ തണുത്ത കാറ്റ്. അകലെ നോക്കെത്താദൂരത്തോളം
പരന്നുകിടക്കുന്ന കായല്‍. ഹൌസ്ബോട്ടുകളും ചെറുവള്ളങ്ങളും ധാരാളം.
ഉറക്കമുണര്‍ന്ന സുധാകരേട്ടന്‍ എന്നെ കണ്ടപ്പോള്‍ അതിശയമാണുണ്ടായത്
. ഞാന്‍ എങ്ങനെയാണ് വിവരം അറിഞ്ഞത് എന്നറിയാനുള്ള തിടുക്കം. ഉടനെ വീട്ടില്‍ പോകണം
എന്ന ആഗ്രഹത്തോടെയാണ് എന്നോട്
സംസാരിച്ചുകൊണ്ടിരുന്നത്.
ബസ്സില്‍ വീട്ടിലേക്കു വരുന്ന വഴിക്കാണ്
ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ടത്. ദാഹവും പരവേശവും വിശപ്പും പെട്ടന്ന് കൂടി
കൈയ്യുംകാലും തളര്‍ന്നു സീറ്റില്‍ ചാരിയിരിക്കുന്ന രീതിയില്‍ ആണ് ബസ്സ്
ജീവനക്കാര്‍ സുധാകരനെ കാണുന്നത്. ബസ്സ് അവസാന സ്റ്റോപ്പില്‍
എത്തിയിരുന്നു. ബസ്സില്‍ നിന്നിറക്കി ഒരു
കടത്തിണ്ണയില്‍ ചാരി ഇരുത്തിയിട്ട് അവര്‍ സ്ടാന്റ്റ് വിട്ടു പോയി. മദ്യപാനിയാണോ മയക്കുമരുന്ന്
കഴിച്ച ആളാണോ എന്ന സംശയത്തില്‍ പല
വഴിപോക്കരും വന്നു നോക്കിയെങ്കിലും ആരും അടുത്തെത്തി സഹായിക്കാന്‍ മുതിര്‍ന്നില്ല.
അസുഖബാധിതനായ ഒരാള്‍ ആണന്നു ആര്‍ക്കും തോന്നിയിട്ടുണ്ടാവില്ല.
വഴിവക്കില്‍ കുടിച്ചു ബോധമില്ലാതെ കിടന്നുറങ്ങുന്ന ധാരാളം ആള്‍ക്കാരെ
കണ്ടിട്ടുള്ള സാധാരണക്കാര്‍ മറിച്ചു ചിന്തിക്കുവാന്‍ സാദ്ധ്യതയില്ല. സര്‍ക്കാര്‍
ആശിര്‍വാദത്തോടെ നടത്തുന്ന വിദേശമദ്യഷാപ്പുകള്‍ ധാരാളമുള്ള കേരളത്തില്‍ ഇത്തരം
ദൃശ്യങ്ങള്‍ സര്‍വ്വസാധാരണമാണ്. മദ്യപാനികളുടെ നികുതി വരുമാനം കൊണ്ട് നിലനില്‍ക്കുന്ന
ഒരു സര്‍ക്കാര്‍ അവരെ ആകര്‍ഷിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ആരായും. കുടിച്ചു
നശിക്കുന്ന കുടുംബബന്ധങ്ങളിലോ അനാഥമാകുന്ന ബാല്യങ്ങളുടെ വ്യഥകളിലോ അവര്‍ക്ക് വ്യാകുലപ്പെടേണ്ട
കാര്യമില്ല. മദ്യപിച്ചു വാഹനമോടിച്ച് ഉണ്ടാകുന്ന
അപകടങ്ങള്‍ ദിവസവും കൂടി വരികയാണ്.
വഴിവക്കില്‍ ചോരവീണ പാടുകള്‍ നാം ദിവസവും കാണുന്നതാണ്. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍
എത്തിക്കാന്‍ തയ്യാറാകുന്ന സാധാരണക്കാരെ വട്ടം കറക്കുന്ന നിയമപാലകരും
നിയമസംഹിതകളുമാണ് നിലവിലുള്ളത് എത്രയോ നിരപരാധികള്‍ ആശുപത്രിയില്‍ നരകയാതന
അനുഭവിക്കുന്നു. അപകടത്തില്‍ വികലാംഗരായവരുടെ എണ്ണം അനുദിനം
കൂടിക്കൊണ്ടിരിക്കുന്നു.
“ആരാണ് ചേട്ടനെ ആശുപത്രിയില്‍ ആക്കിയത്”.?
“ഒരു മനുഷ്യന്‍. അല്ല ഒരു മനുഷ്യസ്നേഹി.
എനിക്കറിയാം അയാള്‍ നന്നായി മദ്യപിച്ചിരുന്നു. പക്ഷെ അയാള്‍ മാത്രമാണ് എന്നെ
സഹായിക്കാന്‍ തയ്യാറായത്. അയാളുടെ പേരോ നാളോ എനിക്കറിയില്ല. മറ്റുള്ളവര്‍ നോക്കി
നില്‍ക്കെ അയാള്‍ എനിക്ക് കുടിക്കാന്‍ നാരങ്ങാവെള്ളം വാങ്ങി നല്‍കി. അത് കുടിച്ചു
അല്പം പഞ്ചസാര ശരീരത്തില്‍ എത്തിയപ്പോളാണ് എനിക്ക് സംസാരിക്കാന്‍ ഉള്ള ആരോഗ്യം
തിരിച്ചുകിട്ടിയത്. പിന്നെ അയാള്‍ എന്നെ ഓട്ടോയില്‍ കയറ്റി ഇവിടെ എത്തിച്ചു.
കാഷ്വാലിറ്റിയില്‍ പെയ്മെന്റ് നടത്തിയതും നിന്നെ ഫോണ്‍ ചെയ്തു വിവരം പറഞ്ഞതും
അയാളാണ്. നീ വരുന്നതിനു തൊട്ടുമുന്‍പ് വരെ അയാള്‍ എന്റെ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
ചിലപ്പോള്‍ വെള്ളം കുടിക്കാന്‍ പോയതാവും.”
പെട്ടന്ന് കതക് തള്ളിത്തുറന്ന് അയാള്‍
അകത്തേക്ക് വന്നു.
“’എങ്ങനെയുണ്ട് സാറേ, ക്ഷീണമോക്കെ മാറിയോ?”
അയാളുടെ സ്നേഹപൂര്‍വമുള്ള
ചോദ്യത്തിന് ഒരു പുഞ്ചിരിയില്‍ മറുപടി നല്‍കി ഞാന്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍
ശ്രമിച്ചു.
“വേണ്ട സാറേ . സാര്‍ റസ്റ്റ് എടുക്കു.
ഇത് ഭാര്യയായിരിക്കും. ചേച്ചീ ഒരു കാര്യം ശ്രദ്ധിക്കണം. സാറിന്റെ ബാഗില്‍ ഒരു
പാക്കെറ്റ് ബിസ്കറ്റ് എങ്കിലും എപ്പോഴും കരുതിയിരിക്കണം. എപ്പോളാണ് ഷുഗറിന്റെ
പ്രശ്നം വരുക എന്ന് പറയാന്‍ പറ്റില്ല. സാറ് വിശപ്പ് തോന്നുമ്പോളെ കൈയ്യില്‍ കിട്ടുന്നത്
എടുത്ത് കഴിച്ചേക്കണം. അല്ലങ്കില്‍ ഇങ്ങനെ സംഭവിക്കും.”
“വളരെ നന്ദിയുണ്ട് ചേട്ടാ. ചേട്ടന്‍
സഹായിചിരുന്നില്ല എങ്കില്‍ .......”
“ഒന്നും പറയേണ്ട പെങ്ങളേ.
ഞാനല്ലെങ്കില്‍ മറ്റൊരാള്‍ സഹായിക്കാന്‍ ഉണ്ടാവും. അത് പ്രകൃതി നിയമമാണ്. ആരും
അധികം അഹങ്കരിച്ചു നടന്നിട്ട് കാര്യമില്ല. എപ്പോള്‍ വീഴും, എവിടെ വീഴും, ആര്
രക്ഷിക്കും എന്നൊന്നും പ്രവചിക്കാന്‍ ഒക്കുകില്ല. എല്ലാം ഈശ്വരന്‍ നിശ്ചയിച്ച
പ്രകാരം നടക്കും എന്ന വിശ്വാസം മാത്രമാണെനിക്ക്.”
“ലതികെ നീ പോയി രണ്ടു ചായ വാങ്ങിക്കൂ. കഴിക്കാന്‍
എന്തെങ്കിലും കൂടി വാങ്ങിച്ചോളൂ.”
“എനിക്ക് ചായ ഒന്നും വേണ്ട പെങ്ങളേ. കുടിക്കാന്‍
ഇത്തിരി വെള്ളം കിട്ടിയാല്‍ മതി”
“ഞാന്‍ വെള്ളം എടുക്കാന്‍ ഗ്ലാസ്
കൈയ്യിലെടുത്തപ്പോള്‍ അയാള്‍ മടിക്കുത്തില്‍ നിന്നും ഒരു ചെറിയ മദ്യക്കുപ്പി
എടുത്ത് മേശപ്പുറത്ത് വെച്ചു. ഞാന്‍ വെറുപ്പോടെ മുഖം തിരിച്ചു. ആ പെരുമാറ്റം
എന്നിലുണ്ടാക്കിയ നീരസം അയാള്‍ മനസ്സിലാക്കിയതുപോലെ തോന്നി. ഒന്നും മിണ്ടാതെ മദ്യക്കുപ്പി
എടുത്ത് മടിക്കുത്തില്‍ തിരുകിക്കൊണ്ട് അയാള്‍
മുറിയില്‍ നിന്ന് പുറത്തെക്കിറങ്ങി.