ലിസമ്മ മാത്യൂസ്
ഗൈനകോളജിസ്റ്റ്.MBBS.DGO
ആശുപത്രി വരാന്തയോട് ചേര്‍ന്നുള്ള
ഡോക്ടറുടെ മുറിക്ക് മുന്‍പില്‍ ധാരാളം ഗര്‍ഭിണികളും അവര്‍ക്ക് അകമ്പടി വന്നവരും.
നിരത്തിയിട്ടിരുന്ന കസേരകളില്‍ ഒന്നുപോലും കാലിയില്ല. അഞ്ചുമിനിട്ടിലധികം കാത്തുനിന്നിട്ടാണ്
എനിക്കും ഭാര്യക്കും സീറ്റ് കിട്ടിയത്.
പേര് വിളിക്കുന്നത് അനുസരിച്ച് ഓരോ ഗര്‍ഭിണിയും അവരുടെ അകമ്പടിക്കാരും ഡോക്ടറുടെ മുറിയിലേക്ക് കയറിക്കൊണ്ടിരുന്നു.
പൂര്‍ണഗര്‍ഭിണികളും അരവയറുള്ളവരും ഗര്‍ഭലക്ഷണങ്ങള്‍
ഒന്നും കാണിക്കാത്തവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇറുകിയ ചുരിദാറില്‍
വിങ്ങിപ്പൊട്ടുന്ന വയറും താങ്ങിപ്പിടിച്ചാണ് ഒരു യുവതിയും അമ്മയും ഉള്ളിലേക്ക്
പോയത്. ഗൈനകോളജിസ്ടിനെ കാണാന്‍ പോകുമ്പോള്‍ സാരി തന്നെ നല്ലത് എന്ന് എന്റെ മനസ്സ് പറഞ്ഞു.
ഇന്നലെ വരെ ആധുനിക വേഷത്തില്‍ തുള്ളിച്ചാടി
നടന്ന പെണ്‍കുട്ടികള്‍ ഗര്‍ഭലക്ഷണങ്ങളോടെ മുഖമെല്ലാം വിളറി കാല്‍വണ്ണയില്‍ ചെറിയ
നീരോടുകൂടി വയറും താങ്ങിപ്പിടിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ സഹതാപമാണ്
തോന്നിയത്.
ഒരു അമ്മയാകാന്‍ പോകുന്ന നിര്‍വൃതിയോടെയാണ്
പലരും എത്തിയിരിക്കുന്നത്. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനം. അടുത്ത
വംശപരമ്പരയിലേക്ക് ഒരു കണ്ണി കൂടി വിളക്കിച്ചേര്‍ക്കുന്ന മാതൃത്വത്തിന്റെ നിര്‍വൃതി.
വര്‍ഷങ്ങളോളം ഒരു കുഞ്ഞിക്കാലുകാണാന്‍
ആറ്റുനോറ്റിരുന്നവര്‍ ഉണ്ടാകാം. നേര്‍ച്ചകാഴ്ചകള്‍, പ്രാര്‍ത്ഥനകള്‍, അവയുടെ ഫലം
പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നവര്‍ . സമൂഹത്തിന്‍റെയും, ബന്ധുക്കളുടെയും
ചോദ്യങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറഞ്ഞു മടുത്ത് ഒരു കുഞ്ഞിനായ്
കാത്തിരിക്കുന്നവര്‍.
ജീവിതത്തിന് ഒരര്‍ത്ഥമുണ്ടാകുന്നത് കുഞ്ഞുങ്ങളുടെ
നിഷ്കളങ്കമായ മുഖം കാണുമ്പോളാണ്. മനസ്സില്‍ കരുതിവെച്ച സ്നേഹമെല്ലാം പകര്‍ന്നു നല്‍കാന്‍,
അവരെ അണിയിച്ച് ഒരുക്കാന്‍, ഇഷ്ടപ്പെട്ട നിറമുള്ള വസ്ത്രങ്ങള്‍ അണിയിക്കാന്‍,
ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍, അവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹം അങ്ങനെ
ഒത്തിരിയൊത്തിരി നിറംപിടിപ്പിച്ച സ്വപ്നങ്ങളാവും മനസ്സുനിറയെ.
ചിലപ്പോള്‍ അപ്രതീക്ഷിതമായി വന്ന അതിഥിയായ
ഗര്‍ഭത്തെ അലസിപ്പിക്കാന്‍ എത്തിയവര്‍ ഉണ്ടാകാം. മാനസികമായി തയ്യാറാകുന്നതിന് മുന്‍പ്
ദാമ്പത്യത്തിലെ സന്തോഷം കെടുത്താന്‍ എത്തിയ ഒരു കുഞ്ഞിനെ ജനിക്കുന്നതിനു മുന്‍പ്
തന്നെ ഇല്ലാതാക്കാന്‍ വന്നവര്‍ ഉണ്ടാകാം. ചിലപ്പോള്‍ വിവാഹത്തിനു മുന്‍പ് ഗര്‍ഭിണിയായവര്‍
ഉണ്ടാകാം. പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഒരു ചതിക്കുഴിയില്‍ പെട്ടവള്‍. തറവാടിന്റെ സല്പേര്
നിലനിര്‍ത്താന്‍ രഹസ്യമായി ഒരു ഗര്‍ഭഛിദ്രത്തിനു തയ്യാറായി വന്നവര്‍.
“അടുത്തത് നമ്മുടെ നമ്പരാണ്”.
ഭാര്യ ഓര്‍മപ്പെടുത്തി.
പെട്ടന്ന് മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. നാട്ടില്‍ നിന്ന് ലൂസിച്ചേച്ചിയാണ്.
“ഹലോ”
“ഹലോ, നീയെവിടെയാ വീട്ടിലാണോ?”
“ഞങ്ങള്‍ ആശുപത്രിയില്‍ ഒരു
ഗൈനകോളജിസ്റ്റ്‌നെ കാണാന്‍ ഇരിക്കയാണ്. അഞ്ചുമിനിട്ട് കഴിഞ്ഞു ഞാന്‍ അങ്ങോട്ട്
വിളിക്കാം.”
ഞാന്‍. ഫോണ്‍ കട്ട് ചെയ്തു. ഞങ്ങളുടെ ഊഴമെത്തി ഡോക്ടറുടെ മുറിയിലേക്ക്
കയറുമ്പോള്‍ എയര്‍കണ്ടീഷനറുടെ ശീതളിമ
ശരീരത്തെ പൊതിഞ്ഞു.
“ഇരിക്കൂ”
അമ്പതിനോടടുത്ത സുന്ദരിയായ ഡോക്ടര്‍ ഒരു പുഞ്ചിരിയോടെയാണ് ഞങ്ങളെ
സ്വീകരിച്ചത്.
“എന്താണ് ജാന്‍സീ പ്രശ്നം”? ഡോക്ടറുടെ
ചോദ്യം കേട്ട് ഞങ്ങള്‍ പരസ്പരം നോക്കി.
“രണ്ട് മാസമായി ഇവളുടെ പീരിയട്സ് തെറ്റി.
അതൊന്നു നോക്കണം.”
“കുട്ടികള്‍ എത്രയുണ്ട്”?
“ഒരാണ്‍കുട്ടി മാത്രം. ഡിഗ്രിക്ക്
പഠിക്കുന്നു.”
“ അത് ശരി. ജാന്‍സി. 45 വയസ്സ്. ഏതായാലും
കയറിക്കിടക്കൂ. ഞാനൊന്ന് നോക്കട്ടെ.”
ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടര്‍ എഴുന്നേറ്റു.
നേഴ്സ് ഒരു പച്ച കര്‍ട്ടന്‍ വലിചിട്ടുകൊണ്ട് എനിക്ക് മുന്നില്‍ ഒരു മതില്‍ പണിതുയര്‍ത്തി.
അണിയറയില്‍ പരിശോധനകള്‍ നടക്കുമ്പോള്‍ ആ മുറിയില്‍ തനിച്ചായ ഞാന്‍.
മേശപ്പുറത്തിരിക്കുന്ന ഉപകരണങ്ങളിലും ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഗര്‍ഭസ്ഥശിശുക്കളുടെ
ചിത്രങ്ങളിലും നോക്കി വെറുതെ ഇരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന കുറെയധികം ചിത്രങ്ങള്‍. പല
കുട്ടികളും അമ്മയുടെ വയറ്റില്‍ തല്കീഴായ്
ആണ് കിടക്കുന്നത്. ഞാനും ഇതുപോലെയാവും കിടന്നിട്ടുണ്ടാവുക. അതുകൊണ്ടാവും എന്റെ
തലേവര ശരിയാവാഞ്ഞത്. ദൈവം തലയില്‍ വരക്കാന്‍ വരുമ്പോള്‍ തലയും കുത്തി നില്‍ക്കുന്നതു
കണ്ടാല്‍ അദ്ദേഹം എന്ത് ചെയ്യാനാണ്. ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോള്‍ ഡോക്ടര്‍
മടങ്ങിവന്ന് സീറ്റില്‍ ഇരുന്നു.
“നിങ്ങള്‍ പ്രിക്കോഷന്‍ ഒന്നും
എടുത്തിരുന്നില്ലേ?”
“ഇല്ല ഡോക്ടര്‍”
“പിന്നെ ഇത്രയും കാലതാമസം
വന്നതെന്താണ്?”
“ ആദ്യത്തെ പ്രസവം അല്പം
കോംബ്ലിക്കേറ്റെട് ആയിരുന്നു. അതുകൊണ്ട് രണ്ടാമത്തെ കുട്ടിക്ക് അഞ്ചുവര്‍ഷം
കഴിഞ്ഞു ട്രൈ ചെയ്‌താല്‍ മതി എന്നാണു ഡോക്ടര്‍ പറഞ്ഞത്. അഞ്ചുവര്‍ഷം കഴിഞ്ഞു ശ്രമിച്ചപ്പോള്‍
കണ്സീവ് ആയതുമില്ല. പിന്നെ ഞങ്ങള്‍ക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല.”
“ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ ഓരു
കുട്ടിയുണ്ടാവാന്‍ നീങ്ങള്‍ക്ക് തീരെ താല്പര്യമില്ല.”
“അതെ”
“ഏതായാലും വിശദമായ ടെസ്റ്റ്
നടത്താം.”
ഡോക്ടര്‍ തന്ന കുറിപ്പുമായി ഞങ്ങള്‍ ലാബിലേക്ക്
നടന്നു. ബില്ലടച്ചിട്ടു ജാന്‍സി ലാബിലേക്ക് കയറി. വരാന്തയില്‍ കിടന്ന ഒരു
തടിബെഞ്ചില്‍ ഞാനിരുന്നു.
വെള്ള യൂണീഫോമിട്ട നേഴ്സുമാര്‍
തെക്കുവടക്ക് നടക്കുന്നു. മാലാഖമാരെപോലെ മുഖത്ത് ഒരു ചെറുപുഞ്ചിരിയും ഒളിപ്പിച്ചു
നടക്കുന്ന അവര്‍ എന്നും വേദനിക്കുന്നവര്‍ക്ക് സാന്ത്വനം ഏകുന്നവരാണ്. തുച്ഛമായ വരുമാനത്തിനു വേണ്ടി രാപകലില്ലാതെ
കഷ്ടപ്പെടുന്നവര്‍. രോഗികളില്‍ നിന്ന് മാനേജ്മെന്റ് കൊള്ളയടിക്കുന്നതിന്റെ
പലമടങ്ങാണ് ഇവരില്‍ നിന്ന് കൈക്കലാക്കുന്നത്. സഹികെട്ട് സമരപാതയിലേക്ക് തിരിഞ്ഞ
ഇവരില്‍ പലരും ഇന്ന് തൊഴില്‍ രഹിതരായി വീട്ടില്‍ ഇരിക്കയാണ്. ചാനെല്‍ ക്യാമെറകള്‍ സമരപ്പന്തലില്‍
ഒരാരവം സൃഷ്ടിച്ച് മടങ്ങി. അടുത്ത ബ്രേകിംഗ് ന്യൂസ് തേടി അവര്‍ ഓട്ടമാരംഭിച്ചു.
ഏറ്റെടുക്കുന്ന വിഷയങ്ങളുടെ പരിസമാപ്തിയെക്കുറിച്ച് അവര്‍ ആശങ്കപ്പെടാറില്ല. രാഷ്ട്രീയക്കാര്‍
ചവച്ചുതുപ്പുന്ന വിവാദങ്ങള്‍ക്ക് പരമാവധി തീ പടര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായവരെപ്പോലെ
അവര്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു..
പെട്ടന്ന് ഫോണ്‍ ശബ്ദിച്ചു. കുഞ്ഞമ്മയാണ്.
“ഹല്ലോ”
“ജാന്സിക്ക് എന്ത് പറ്റി”
“അവളുടെ ടെയിറ്റ് തെറ്റി.
ഒരു ചെക്കപ്പിന് വന്നതാ.”
“ എടാ ആഷിക്കിന് ഇപ്പോള്‍ 19 വയസ്സായി. ഈ പ്രായത്തില്‍
അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ അവനു ഭയങ്കര നാണക്കേടായിരിക്കും. അത് മനസ്സിലാക്കി വല്ലതും ചെയ്തോണം. വീണ്ടുവിചാരം
ഇല്ലാതെ ഓരോന്ന് ഒപ്പിച്ചോളും”
“ കുഞ്ഞമ്മേ അത്.......”
“നീ ഒന്നും പറയേണ്ട. ഞിങ്ങള്‍ക്ക്
വേണമെന്ന് വെച്ചാല്‍ കുറെ നേരത്തെ ആയിക്കൂടായിരുന്നോ. വയസ്സനാന്‍ കാലത്ത് ഓരോ
പൊല്ലാപ്പ്.”
പെട്ടന്ന് ഫോണ്‍ കട്ടായി. രണ്ടു മിനിട്ടിനകം
വീണ്ടും ഫോണ്‍ ശബ്ദിച്ചുതുടങ്ങി. അനുജനാണ്.
“ഹല്ലോ”
“ചേച്ചിക്കെന്തുപറ്റി?”........
...........പിന്നെ ഫോണ്‍
കോളുകളുടെ ഒരു ഘോഷയാത്രയായിരുന്നു. ലൂസിചേച്ചി എല്ലാവരെയും വിളിച്ചു വിവരം
അറിയിച്ചിരിക്കുന്നു. കുടുംബത്ത് നടക്കാന്‍ പോകുന്ന ഒരു നാണക്കേട് ഒഴിവാക്കാന്‍
എല്ലാവരുടെയും വക ഉപദേശങ്ങളും ശകാരങ്ങളും. ഒരു ഗൈനകോളജിസ്റ്റ്‌നെ കാണുന്നത് ഇത്ര വലിയ
തെറ്റാണോ. ഗര്‍ഭം ഉള്ളവര്‍ മാത്രമാണോ ഗൈനകോളജിസ്റ്റ്‌നെ കാണുന്നത്. അഥവാ ഗര്‍ഭം ആണെങ്കില്‍ തന്നെ ഇവര്‍ക്കെന്താ നഷ്ടം. സ്വന്തം
ഭാര്യയില്‍ തന്നെയാണല്ലോ ഗര്‍ഭം ഉല്‍പാദിപ്പിച്ചിരിക്കുന്നത്. അതിനു ഇവരുടെയൊക്കെ
അനുവാദം വേണമെന്ന് ശഠിക്കുന്നത് ശരിയാണോ?.
കല്യാണം കഴിഞ്ഞ സമയത്ത് രണ്ടു വര്ഷം കഴിഞ്ഞു കുട്ടി മതി എന്ന് ഞങ്ങള്‍
തീരുമാനിച്ചതായിരുന്നു. അന്ന് ഭാര്യക്ക് വിശേഷം ഒന്നുമായില്ലേ എന്ന്
അന്വഷിക്കുന്നവരുടെ തിരക്കായിരുന്നു. എത്രപേരാണ് ഡോക്ടറെ കാണാന്‍ ഉപദേശിച്ചത്.
ആരുടെയാണ് കുഴപ്പം എന്നറിയാനുള്ള വ്യഗ്രതയായിരുന്നു. ചേച്ചി ഫോണ്‍ ചെയ്തപ്പോള്‍
ആശുപത്രിയില്‍ ആണന്നു പറഞ്ഞതാണ്
കുഴപ്പമായത്. സിനിമ കാണുകയാണന്ന് പറഞ്ഞാല്‍ മതിയായിരുന്നു. സത്യം പറഞ്ഞതാണ്
പ്രശ്നമായത്.
ജാന്‍സി ലാബില്‍നിന്നു ഇറങ്ങിവരുമ്പോള്‍ ഞാനാകെ
വിഷമിച്ച് ഇരിക്കയായിരുന്നു.
“എന്ത് പറ്റി. മുഖം
വാടിയിരിക്കുന്നു.”
“അത് നാട്ടില്‍ നിന്ന്
അവരെല്ലാം വിളിച്ചു.”
ജന്സിക്ക് കാര്യം
മനസ്സിലായി. അവള്‍ ഒരു ചെറു പുഞ്ചിരിയോടെ എന്റെ കരം കവര്‍ന്നു.
“വിഷമിക്കേണ്ട. എന്തുവന്നാലും കുഴപ്പമില്ല.
നമ്മളുടെ കാര്യം തീരുമാനിക്കുന്നത് നമ്മള്‍ തന്നെ ആയിരിക്കും. അതില്‍ ആര്‍ക്കും
അഭിപ്രായം പറയാന്‍ ഒരു അവകാശവുമില്ല. അഥവാ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ തന്നെ
നമുക്ക് അത് ഗൌനിക്കേണ്ട കാര്യവുമില്ല. ഈശ്വരന്‍ തരുന്നത് എന്തായാലും നമ്മള്‍
സന്തോഷത്തോടെ സ്വീകരിക്കും. ഒരു
കുട്ടിയുണ്ടാവാനുള്ള ഭാഗ്യമുണ്ടങ്കില്‍ അതൊരു പെണ്‍കുട്ടിയാവണെ എന്ന്
മാത്രമാണെന്റെ പ്രാര്‍ത്ഥന.”
അവളുടെ കണ്ണുകള്‍ നിറഞ്ഞ് വരുന്നത് ഞാന്‍
കണ്ടു. ഹൃദയം നിറയെ സ്നേഹം നിറഞ്ഞുനിന്ന മാതൃവാത്സല്യത്തിന്റെ പ്രകാശം പൊഴിക്കുന്ന
ആനന്ദാശ്രുക്കള്‍. ഇത്രയും സ്നേഹം മനസ്സില്‍ ഒളിപ്പിച്ച് വെച്ചാണോ ഇവള്‍
ഇക്കാലമത്രയും കാത്തിരുന്നത്.
“ജാന്‍സി ജോസെഫ് .........” അര മണിക്കൂറിനുശേഷം
ലാബ് കൌണ്ടറില്‍ നിന്ന് വിളി വന്നു. കൌണ്ടറിലേക്ക് ഞങ്ങള്‍ ഓടുകയായിരുന്നു. ആശുപത്രിയുടെ പേരും എംബ്ലവും പതിച്ച തൂവെള്ള
നിറത്തിലുള്ള ആ കവര്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് വാങ്ങിയത്.