നാടകരചന
"കഥ നടക്കുന്നത്
ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്. പുഴയും വയലും മലയും മാമരങ്ങളും തിങ്ങിനിറഞ്ഞ ഒരു
ഉള്‍നാടന്‍ ഗ്രാമം. നാനാജാതിമതസ്ഥരായ നിഷ്കളങ്കരായ ഗ്രാമീണര്‍".കഥാകൃത്ത്.എല്ലാവരുടെയും മുഖത്തേക്ക് നോക്കി. കഥ കേള്‍ക്കുവാനുള്ള ആകാംഷയില്‍
എല്ലാവരും കഥാകാരനെ ശ്രദ്ധിച്ചിരിക്കുന്നു. വായനശാലയുടെ വാര്‍ഷികത്തിനു
അവതരിപ്പിക്കാനുള്ള നാടകത്തിന്റെ കഥയാണ് രചയിതാവ് കൂടിയായ പ്രകാശന് പറയുന്നത്
"ഗ്രാമത്തില്‍ ഒരു പുരാതന നമ്പൂതിരി ഇല്ലം “മാണിക്കമംഗലം”. അവിടത്തെ വലിയ കാര്ന്നോര് ഉഗ്രപ്രതാപിയായ
അഫന് നമ്പൂതിരി.”
“നിര്‍ത്ത് നിര്‍ത്ത് ഈ നമ്പൂതിരി ഇല്ലത്ത് മാത്രമേ കഥ
നടക്കുകയുള്ലോ”? നായര്‍ തറവാടോ, ഈഴവ തറവാടോ അല്ലെങ്കില്‍ ഒരു ദളിതന്റെവീടോ
ആയിക്കൂടെ? ഇവിടെ അഭിനയിക്കാന്‍ തയ്യാറായി നില്ക്കുന്നവരൊക്കെ കറുത്തവര്‍ഗക്കാരാണ്.
അവരെ നമ്പൂതിരിയാക്കാന്‍ ധാരാളം വെള്ള പൂശേണ്ടിവരും.” ഞാന്‍ പറഞ്ഞു.
“. ദയവായി
സെക്രെട്ടറി ഒന്ന് മിണ്ടാതിരിക്കൂ. നമുക്ക് കഥ മുഴുവന്‍ കേട്ടുകഴിഞ്ഞു അഭിപ്രായം
പറയാം. വേണമെങ്കില്‍ കഥാപാത്രങ്ങളുടെ മതംതന്നെ മാറ്റിക്കളയാം. ആദ്യം കഥ മുഴുവന്‍
കേള്‍ക്കട്ടെ. അതല്ലേ ശരി?” പ്രസിഡന്റ് രാഘവേട്ടന്റെ അഭിപ്രായത്തോട് എല്ലാവരും
യോജിച്ചു. പ്രകാശന് താടിയില്‍ വിരലോടിച്ചുകൊണ്ട് വായന പുനരാരംഭിച്ചു.
“ഇല്ലത്തെ സര്‍വ്വകാര്യങ്ങളും
നോക്കിനടത്തുന്നത് കാര്യസ്ഥന് രാമന് നായരാണ്. രാമന്നായരെ അഫന് നമ്പൂതിരിക്ക്
വലിയ വിശ്വാസമാണ്.”
“കാര്യസ്ഥന്
രാമന്നായര്, ശങ്കരന്‍നായര്‍, രാവുണ്ണിനായര് അല്ലെങ്കില്‍ വാര്യര്‍. ഈ കാര്യസ്ഥന്മാര്ക്ക്
വേറെ പേരിട്ടുകൂടെ. സിനിമയിലും സീരിയലിലും സകലമാന കഥകളിലും ഈ കേട്ടുമടുത്ത പേരുകള്‍
തന്നെ. ഇതൊന്നു മാറ്റിക്കൂടെ പ്രകാശാ?”
ഇടക്കുകയറിയുള്ള
എന്റെ അഭിപ്രായപ്രകടനങ്ങള്‍ പ്രകാശനിഷ്ടമായില്ല. അയാള്‍ സഹായത്തിനായി മറ്റുള്ളവരുടെ
മുഖത്തേക്ക് നോക്കിയിട്ട് വീണ്ടും വായിച്ചുതുടങ്ങി.
"ഇല്ലത്തിനു
കീഴിലുള്ള പുരയിടങ്ങളും കൃഷിയിടങ്ങളും
അന്യാധീനപ്പെട്ടുകൊണ്ടിരിക്കയാണ്. പല വസ്തുക്കളുടെയും പ്രമാണങ്ങള്‍
നാട്ടിലെ പ്രധാന കൊള്ളപ്പലിശക്കാരനായ തോമാച്ചന്റെ കൈയ്യില്‍ പണയത്തിലാണ്. മുതലും
പലിശയുമായി ഒരു വലിയ തുക തോമാച്ചന് കിട്ടാനുണ്ട്.”
“നാട്ടിലെ
കൊള്ളപ്പലിശക്കാരെല്ലാം തോമ്മാച്ചനും, വര്‍ക്കിച്ചനും, അവറാച്ചനുമണല്ലോ?. കൃസ്ത്യാനികള്‍ക്ക് മാത്രമേ പലിശക്ക് പണം
കൊടുക്കുന്ന ഏര്‍പ്പാടുള്ളോ? വലിയ
കഷ്ടംതന്നെ പ്രകാശാ. ഏതായാലും ബാക്കികൂടി വായിക്കു”
“അഫന്
നമ്പൂതിരിയുടെ ഏകമകള്‍ നന്ദിനിക്കുട്ടി പട്ടണത്തിലെ കോളേജില്‍ ബിരുദത്തിന്
പഠിക്കയാണ്.”
“നന്ദിനിക്കുട്ടി, സാവിത്രിക്കുട്ടി , അമ്മിണിക്കുട്ടി. ഈ പേരുകള്‍ മാത്രമേ
നമ്പൂതിരിപെണ്‍കുട്ടികള്‍ക്ക് ഇടാവൂ എന്ന് ഭരണഘടനയില്‍
പറഞ്ഞിട്ടുണ്ടോ പ്രകാശാ? കാലം മാറി. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ഇനി പുതിയ
പേരുകള്‍ ഇടണം. പുതിയ ട്രെന്‍ഡുകള്‍ നമ്മള് കണ്ടില്ലന്ന് നടിക്കരുത്.” എന്റെ
ഇടപെടല്‍ ഗൌനിക്കാതെ പ്രകാശന് വായന തുടര്‍ന്നു.
“നന്ദിനിക്കുട്ടിയുടെ സഹാപാഠിയാണ് തോമാച്ചന്റെ മകന് ജോസ്... ഇരുവരും പ്രണയത്തിലാണ്.
അവരുടെ പ്രണയം അതീവരഹസ്യമായിരുന്നു. ഇത് നാട്ടിലും വീട്ടിലും അറിഞ്ഞാല്‍
ഉണ്ടാകാവുന്ന കോലാഹലങ്ങളെക്കുറിച്ച് അവര്‍ക്കറിയാം. വിജനമായ മലയോരത്തെ
വൃക്ഷത്തണലില്‍ അവര്‍ പലവട്ടം കണ്ടുമുട്ടി. പ്രകൃതിയുടെ മടിത്തട്ടില്‍ അവര്‍
ആലിങ്കനബദ്ധരായി. സ്നേഹത്തിന്റെ അനുരാഗത്തിന്റെ ശീതളസ്പര്‍ശമേറ്റ് അവര്‍
പുളകിതരായി.”
“ഇല്ലത്തെ
അടിച്ചുതളിക്കാരി ജാനുവിന് അവരുടെ പ്രേമത്തെക്കുറിച്ച് അറിവുണ്ടായിരുന്നു.”
“നിര്ത്തു
നിര്ത്തു പ്രകാശാ. ഈ അടിച്ചുതളിക്കാരി ജാനുവിനെയും നാണിയെയും
നമ്മള് എത്രയെത്ര കഥകളില്‍ കണ്ടതാണ്. അവരുടെ പേരുമാറ്റണം. രാധയെന്നോ ഭാമയെന്നോ,
ലക്ഷ്മിയെന്നോ അല്ലങ്കില്‍ മറ്റേതെങ്കിലും പേരിടണം.”
“
സെക്രട്ടറിയുടെ നിര്‍ദ്ദേശം പരിഗണിക്കാം. ഞാന്‍ ബാക്കി കൂടി വായിക്കട്ടെ.” പ്രകാശന് കഥ തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്
അടിച്ചുതളിക്കാരി ജാനുവിനെ അഫന് നമ്പൂതിരി
നശിപ്പിച്ചു. അതിലുണ്ടായ ആണ്‍കുട്ടി അപ്പു ഇന്നൊരു യുവാവായി വളര്‍ന്നിരിക്കുന്നു.
തന്റേടിയായ യുവാവ്. വിപ്ലവപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്പു പോലീസിന്റെ
നോട്ടപ്പുള്ളിയാണ്. അപ്പുവിന്റെ അച്ഛനാരാണെന്ന് ജാനു ആരോടും പറഞ്ഞിട്ടില്ലന്കിലും
അഫന് നമ്പൂതിരിയാണന്നത് പരസ്യമായ ഒരു രഹസ്യമാണ്.”
“ പ്രകാശാ.. ഒന്ന് ചോദിച്ചോട്ടെ, അടിച്ചുതളിക്കാരിയെ
നശിപ്പിക്കുക എന്നത് ഒരു സ്ഥിരം ഏര്‍പ്പാടാണ്. മാന്യന്മാരായ തറവാട്ട് കാരണവര്മാരും
ഈ സമൂഹത്തിലുണ്ടായിരുന്നു. അപ്പുവിനെപ്പോലെയുള്ള ജാരസന്ധതികള്‍ ഒന്നുകില്‍ നക്സല്‍ബാരിയാവുക
അല്ലങ്കില്‍ ഒളിച്ചോടി വര്‍ഷങ്ങള്‍ക്കുശേഷം പണക്കാരനായി മടങ്ങിയെത്തുക, ഇതാണ്
പതിവ്. കഥ ഈ രീതിയില്‍ തിരിച്ചുവിടുന്നതിനോട് എനിക്ക് യോജിപ്പില്ല. ശരി, ബാക്കി
കൂടി കേള്‍ക്കട്ടെ.”
“ വിപ്ലവകാരിയായ
അപ്പുവിന്റെ പ്രധാന ശത്രുവാണ് ഹെഡ്കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള.”
“ എന്റെ ദൈവമേ
.... ഞാന്‍ ഭയന്നപോലെ ഹേട് കുട്ടന്‍പിള്ളയും വന്നു. ഇനി എനീക്ക് കഥ കേള്‍ക്കേണ്ട. ഒരു പുതുമയും ഇല്ലാത്ത ഇതെന്തു ചവറു കഥയാണ്.
കഥാപാത്രങ്ങളുടെ പേരുകളില്‍ പോലും സ്വീകരിച്ച യാഥാസ്ഥിതിക മനോഭാവം ശരിയല്ല.
നമ്മുടെ വാര്‍ഷികത്തിന് അരങ്ങേറുന്നത് നല്ല ലളിതമായ കാലികപ്രസക്തിയുള്ള
നാടകമായിരിക്കണം. സമൂഹത്തിലെ ദുഷ്പ്രവണതകള്‍ തുറന്നുകാട്ടുന്ന, വിമര്‍ശിക്കുന്ന
നാടകമായിരിക്കണം. പുതിയ ട്രെന്‍ഡനുസരിച്ചുള്ള ഒരു കഥയുണ്ടാക്ക്. അത് വികസിപ്പിച്ച്
നമുക്കൊരു നല്ല നാടകമുണ്ടാക്കാം.”
ടോര്‍ച്ച്
എടുത്തുകൊണ്ട് ഞാന്‍ പുറത്തേക്ക് നടന്നു.നിഴലും നിലാവും കെട്ടുപിണഞ്ഞുകിടക്കുന്ന
ഇടവഴിയിലൂടെ ഞാന്‍ വീട്ടിലേക്ക് നടന്നു. വീടെത്തി ഊണ് കഴിച്ചുകിടന്നപ്പോള്‍ സമയം
പതിനൊന്നുമണി കഴിഞ്ഞു. അതിവേഗം കറങ്ങുന്ന ഫാനില്‍ കണ്ണുംനട്ട് കിടന്നു ഞാന്‍
ഉറക്കത്തിലേക്ക് മെല്ലെമെല്ലെ ഒഴുകിയെത്തി.
“രമേശാ
ആരൊക്കെയോ നിന്നെ കാണാന്‍ വന്നിരിക്കുന്നു”
അമ്മ വന്നറിയിച്ചു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവെച്ചു ഞാന്‍ കസേര
വിട്ടെഴുന്നേറ്റു. മുറ്റത്ത് രണ്ടു മദ്ധ്യവയസ്ക്കര്‍. ഒറ്റമുണ്ടും ജൂബ്ബയും
തോളില്‍ നേരിയതും. നെറ്റിയില്‍ ചന്ദനക്കുറി. കൈയ്യില്‍ വളഞ്ഞകാലന്‍ കുട.
രൂപത്തിലും ഭാവത്തിലും വേഷത്തിലും സമാനാര്‍.
“ ആരാ
മനസ്സിലായില്ല.?” ആഗതര്‍ എന്റെ ചോദ്യം കേട്ട് മുഖമുയര്‍ത്തി.
“ഞാന്‍
മാണിക്കമംഗലത്തെ കാര്യസ്ഥന് രാമന് നായര്‍. ഇത് മേമന ഇല്ലത്തെ കാര്യസ്ഥന്
വാര്യര്‍. രാവുണ്ണിനായരും ശന്കുണ്ണിനായരും
ഉടനേ വരും.”
“എന്താ കാര്യം”?
" സാറ് ഞങ്ങളുടെ പേര് മാറ്റാന്‍ പോകുവാണന്നറിഞ്ഞു.
ഞങ്ങള്‍ പതിറ്റാണ്ടുകളായി ഒരേ ജോലി ചെയ്യുന്നവരാണ്. ഞങ്ങളുടെ പേര് ഒരു
സ്ഥാനപേരുകൂടിയാണ്. അത് മാറ്റാന്‍ സാറ്
പറഞ്ഞന്നറിഞ്ഞു.”
“ശരിയാണ്.
നാടകത്തിന്റെ ഒരു പുതുമക്കാണ്. ചില പേരുമാറ്റം അനിവാര്യമാണ്.”
“ഞങ്ങളുടെ ജോലിയും
പേരും കളയാന്‍ നീയാരാടാ പട്ടീ?” എന്ന അലര്‍ച്ചയോടെ
രാമന് നായര്‍ എന്റെ കഴുത്തില്‍
കുത്തിപ്പിടിച്ചു. ആ കണ്ണുകളിലെ അഗ്നി ഞാന്‍ കണ്ടു. എന്നെ ഉലച്ചു താഴെ
വീഴ്ത്തിയിട്ട് എന്തൊക്കെയോ പുലഭ്യം പറഞ്ഞുകൊണ്ട് അവര്‍ പടി കടന്നുപോയി. ഞാന്‍
എഴുന്നേറ്റ് അരഭിത്തിയില്‍ ചാരി ഇരുന്നു. പെട്ടന്ന് രണ്ടു സ്ത്രീകള്‍ ഗേറ്റ്
തുറന്ന് മുറ്റത്തേക്ക് കയറി വന്നു.
“ ആരാ?” വിറയാര്‍ന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു.
“ഞാന്‍ ജാനു. ഇത്
നാണി. ഇല്ലത്തെ അടിച്ചുതളിക്കാരാണ്. സാറ് ഞങ്ങളുടെ ജോലി കളയാന്‍
ശ്രമിക്കയാണന്നറിഞ്ഞു.”
“ഇല്ല, നിങ്ങള്‍
തെറ്റിദ്ധരിച്ചതാണ്. ഞാന്‍ ആരുടേയും ജോലി കളയാന്‍ ശ്രമിച്ചിട്ടില്ല. നാടകത്തിന്റെ
ഒരു പുതുമക്കുവേണ്ടി......”
“ത്ഫൂ ..... നാടകത്തില്‍
പേരുമാറ്റാന്‍ നിനക്കാരാടാ അധികാരം തന്നത്? മര്യാദക്ക് നടന്നോണം. ഞങ്ങടെ കഞ്ഞി
മണ്ണിടാന്‍ നോക്കണ്ടാ. ഇല്ലങ്കില്‍ ഞങ്ങടെ
തനിസ്വഭാവം താനറിയും. ഒരു ആധുനികന് വന്നിരിക്കുന്നു.” ജ്വലിക്കുന്ന കണ്ണുകളോടെ
അവര്‍ തിരിഞ്ഞുനടന്നു.
കാക്കിവേഷം
ധരിച്ച കൊമ്പന്മീശക്കാരന് പോലിസ് ഏമാന് പടികടന്നുവന്നു. ഞാന്‍ അറിയാതെ
എഴുന്നേറ്റുപോയി.
“ഹെന്നെ
മനസ്സിലായോടാ റാസ്കല്‍?”
“കുട്ടന്‍പിള്ള
സാറല്ലേ?”
"അപ്പോള്‍ നിനക്കെന്നെ അറിയാം അല്ലെ?
“എടാ പോലിസ്
സേന ഉണ്ടായപ്പോള്‍ മുതല്‍ ഞാന്‍ സര്‍വീസിലുണ്ട്. നോവലും കഥയും സിനിമയും സീരിയലും
ഉള്ള കാലത്തോളം ഞാന്‍ സര്‍വീസിലുണ്ടാവും. നീ എന്നെ പെന്ഷനാക്കാന്‍ നോക്കെണ്ടാടാ
റാസ്കല്‍. ഇടിച്ചുനിന്റെ നട്ടെല്ല് ഞാനൂരും
ക.........മോനേ..”
നന്ദിനിക്കുട്ടിയും, പലിശക്കാരന് തോമ്മാച്ചനും, വെളിച്ചപ്പാടും,
മന്ത്രവാദി മേപ്പാടനും പടികടന്നു വരുന്നതുകണ്ട് ഞാന്‍ വീട്ടിനുള്ളിലേക്ക് ഓടി
വാതില്‍ വലിച്ചടച്ചു.
“അമ്മേ അമ്മേ........
“എന്താ
രമേശാ. നീയെന്താ സ്വപ്നം കണ്ടോ?
ഉറക്കത്തില്‍ കിടന്നു പിച്ചും പേയും പറയുന്നു.”
അമ്മ ലൈറ്റ്
ഇട്ടപ്പോള്‍ ഞാന്‍ കട്ടിലില്‍ എഴുന്നേറ്റ് ഇരിക്കയായിരുന്നു. ദേഹമാസകലം വിയര്‍പ്പില്‍
മുങ്ങിയിരുന്നു.
@ @ @
പ്രകാശന് കഥയുടെ
ക്ലൈമാക്സിലേക് കടന്നു.
“ കതകില്‍ തുടരെ മുട്ടുന്നത് കേട്ട് നന്ദിനിക്കുട്ടി കതക്
തുറന്നു. ഇടത് തോളില്‍ രക്തമൊലിക്കുന്ന മുറിവുമായി അപ്പു. പോലിസിന്റെ
വെടിയേറ്റതാണ്. ഇല്ലം പോലിസ് വളഞ്ഞിരിക്കുകയാണ്. നന്ദിനിക്കുട്ടി
അപ്പുവിന്റെ മുറിവ് വെച്ചുകെട്ടി.
പുറത്ത് പോലിസിന്റെ വിസില്‍ . കനത്ത ബൂട്ടിന്റെ ശബ്ദം തുടര്‍ന്ന് കതകില്‍ മുട്ടുന്നത് കേട്ട് ഇരുവരും
ഞെട്ടിവിറച്ചു. രക്ഷപ്പെടുവാനൊരു മാര്‍ഗമാന്വേഷിച്ചു അപ്പു നാലുപാടും നോക്കി. നന്ദിനിക്കുട്ടി
കത്തുന്ന കണ്ണുകളോടെ അപ്പുവിനെ നോക്കി. അവളുടെ കണ്ണുകളില്‍ ഒരു ദൃഡനിച്ഛയം
പ്രകടമായിരുന്നു. അവള് മുറിയുടെ മൂലയില്‍ വെച്ചിരുന്ന കാല്പെട്ടി തുറന്നു രണ്ട് AK 47 ആണ് പുറത്തെടുത്തത്. ഒരെണ്ണം അപ്പുവിന്റെ
കൈയ്യില്‍ കൊടുത്തു. മറ്റേ ഗണ്‍ നീട്ടിപ്പിടിച്ചുകൊണ്ട് അവള് കതകിന്റെ സാക്ഷ
നീക്കി.”
പ്രകാശന് കഥ വായന നിര്‍ത്തി
ശ്രോധാക്കളുടെ മുഖത്തേക്ക് നോക്കി. സംഭ്രമജനകമായ പരിസമാപ്തിയിലേക്ക് നീങ്ങുന്ന
കഥയില്‍ മുഴുകിയിരിക്കുകയാണ് എല്ലാവരും. പിന്നിലെ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു
കഥ കേള്‍ക്കുകയായിരുന്നു ഞാന്‍. അരങ്ങു വിട്ടു ഇറങ്ങിവന്ന കഥാപാത്രങ്ങളെ മനസ്സില്‍
ധ്യാനിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. "നീ കഥ വായിച്ചുതീര്‍ക്ക് പ്രകാശാ. ഇത് വളരെ
വത്യസ്തമായ കഥയായിരിക്കും".