പുതുവല്‍സര ആശംസകളോടൊപ്പം വന്ന വലിയ കവര്‍ ഞാന്‍ ശ്രദ്ധയോടെ
തുറന്നു. ചേട്ടന്റെ കത്തും കുറെ ഫോട്ടോകളും. നിമ്മിയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍.
ദക്ഷിണ കൊടുക്കുന്നതിന്റെയും താലികെട്ടുന്നതിന്റെയും കതിര്മണ്ടപത്തിന് പ്രദക്ഷിണം
വെയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍. കത്തിലെ വരികളിലൂടെ ഞാന്‍ കണ്ണോടിച്ചു. പതിവ്
പല്ലവികള്‍ തന്നെ. വിവാഹത്തോടനുബന്ധിച്ച് ഉണ്ടായ കടത്തിന്റെയും കടപ്പാടിന്റെയും
കണക്കുകള്‍. ഇല്ലാത്ത ബാധ്യതകളും പരാധീനതകളും പെരുപ്പിച്ചു കാട്ടുവാന്‍ ചേട്ടന്
എന്നും മിടുക്കനാണ്. ആരും കടം ചോദിക്കാതിരികുവനുള്ള ഒരു മുന്‍കൂര്‍ജാമ്യം.
സൗദാമിനി
അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്ന തിരക്കിലാണ്.
‘നിമ്മിയുടെ കല്യാണഫോടോകള് വന്നിട്ടുണ്ട്. നോക്കൂ എല്ലാം
വളരെ നന്നായിട്ടുണ്ട്. `ഞാന്‍ ഫോട്ടോകള്‍ സൗദാമിനിയുടെ മുഖത്തിനു നേരെ നീട്ടി. നനഞ്ഞ
കൈകള്‍ മാക്സിയില്‍ തുടച്ച് അവള് ഫോടോകള് കൈനീട്ടി വാങ്ങി. ഓരോ ഫോട്ടോയും
ശ്രദ്ധയോടെ പരിശോധിച്ചിട്ട് അവള് സഹതാപത്തോടെ എന്നെ നോക്കി . ` ഈ ഫോട്ടോ മുഴുവന്‍
ഞിങ്ങളോടൊപ്പം നിന്നെടുത്തതാ ണല്ലോ.?
`അതെ എല്ലാ
ഫോട്ടോയിലും എന്റെ പടമുണ്ട്.” ഞാന്‍
പറഞ്ഞു. അതുകൊണ്ടായിരികും ആല്ബത്തിലൊട്ടിക്കാതെ എല്ലാം അയച്ചുതന്നത് --------
അവളുടെ ശബ്ദത്തില്‍ രോഷം കലര്‍ന്നിരുന്നു.
നീയെന്താണ്
പറയുന്നത്. ആല്ബത്തിലൊട്ടിക്കാതെ അയച്ചുതന്നതാണന്നൊ.? ചേട്ടനങ്ങനെയൊന്നും ചെയ്യില്ല. ഇതൊരുപക്ഷേ
കൂടുതലായെടുത്ത ചിത്രങ്ങളായിരിക്കും.
നിങ്ങള്‍ ഇത്രക്ക്
ശുദ്ധനായിപ്പോയല്ലോ. ഈ ചിത്രങ്ങളൊന്നും ആല്ബത്തിലുണ്ടാവില്ല. അതെനിക്ക് ഉറപ്പാണ്.
നല്ല ഗ്ലാമര്‍ ഉള്ളവരുടെ ചിത്രങ്ങള്കിടയില് നിങ്ങടെ പടമിരുന്നാല് ശരിയവില്ലന്നു
അവര്‍ കരുതിയിട്ടുണ്ട്. അതുകൊണ്ടായിരികും ആല്ബത്തിലൊട്ടിക്കാതെ എല്ലാം
അയച്ചുതന്നത്.സംശയംവേണ്ട, എന്നെങ്കിലും ചേട്ടന്റെ വീട്ടില്‍ പോകുമ്പോള്‍ കല്യാണആല്ബമെടുത്തുനോക്കാം.
മനസ്സില്‍ ഒരു
കടലിരമ്പി. ആര്‍ത്തലച്ച് എത്തുന്ന തിരമാലകള്‍ മനസ്സിന്റെ മൃദുലതീരങ്ങളില് കൊലവിളി
നടത്തി. മഴമേഘങ്ങള്‍ നിറഞ്ഞ ആകാശത്തില്‍ വീശുന്ന തണുത്ത കാറ്റിന് മനസ്സിലെ അഗ്നി
ശമിപ്പിക്കാനായില്ല. കണ്ണീരുപ്പുകലര്‍ന്ന തിരകള്‍ ഇരുള് മൂടിയ ആകാശത്തില്‍ പ്രകമ്പനങ്ങള്‍
സൃഷ്ടിക്കുന്ന രാക്ഷസത്തിരമാലകളായി മാറുകയായിരുന്നു. കാര്‍മേഘങ്ങള്‍ നിറഞ്ഞ ഇരുണ്ട
ആകാശം പോലെ വികൃതമായ എന്റെ മുഖം ആരാണിഷ്ടപ്പെടുക. എന്നെ കാണുന്നത് തന്നെ
എല്ലാവര്ക്കും ഒരു ദുശകുനം പോലെ ആയിരുന്നു. പരിഹാസങ്ങളും ശകാരങ്ങളും അവഗണനകളും പുച്ഛത്തോടെയുള്ള
പെരുമാറ്റങ്ങളും ബാല്യം മുതല്‍ അനുഭവിച് വളര്‍ന്നവനാണ്. ഉറ്റവരുടെ
വേദനിപ്പിക്കുന്ന അവഗണനകളും തരാംതാഴ്ത്തലും മനസ്സില്‍ തീകോരിയിടുന്നത് ആരും അറിഞ്ഞില്ല. അറിഞ്ഞിട്ടും
അറിഞ്ഞതായി നടിച്ചില്ല. ഇരുട്ടിന്റെ മറവില്‍ ഏകനായ് ഇരുന്ന് കരഞ്ഞ
ബാല്യകാലരാത്രികള്. കളിക്കൂട്ടുകാരില്ലാതെ സഹപാഠികളാല്പരിത്യജ്ജ്യനായി
ഏകാന്തതയുടെ തുരുത്തില് നിശബ്ദം തള്ളി നീക്കിയിരുന്ന ദിനങ്ങള്‍ . മനസ്സില്‍ നിറയെ
തിരസ്കരിക്കപ്പെട്ടവന്റെ ആരോടെന്നില്ലാത്ത
പകയും വിദ്വേഷവും ആയിരുന്നു. ആ
മനസ്സ് ആരും കാണാന്‍ ശ്രമിച്ചില്ല.ആ മനസ്സിന്റെ നൈര്‍മല്യം ആരും
തിരിച്ചറിഞ്ഞില്ല. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടവന്റെ വേദന ആരും
തിരിച്ചറിഞ്ഞില്ല. അമ്മയുടെ സ്നേഹസ്വന്ത്വനങ്ങള് മാത്രം
മതിയായിരുന്നു എനിക്ക്. ആ സാമിപ്യവും സ്നേഹവും തലോടലുകളും എന്നെ മുന്നോട്ട്
നയിച്ചു.
പുസ്തകങ്ങള്‍
കൂട്ടുകാരായി എത്തിയപ്പോള്‍ ഉള്ളിലെ മഞ്ഞുരുകി. അവയിലെ കഥാപാത്രങ്ങള്‍ മനസ്സില്‍
തൊട്ടുരുമ്മി നടന്നു. അവരോടൊപ്പം കളിച്ചു ചിരിച്ചു ഉല്ലസിച്ച് മത്സരിച്ച് ഇണങ്ങി
പിണങ്ങി അവരുടെ ദുഖങ്ങളില്‍ സഹതപിച്ച് അവരില്‍ ഒരാളായി മാറിയപ്പോള്‍ മനസ്സിലെ
വേദനകള്‍ ദൂരെ മാറിനിന്നു. ഒറ്റപ്പെട്ടവാന് എന്ന സത്യം മനസ്സില്‍നിന്ന് അകന്ന്
അകന്ന് പോയി.കഥകളിലെ സുന്ദരന്മാരും സുന്ദരികളും കുട്ടികളും മുതിര്‍ന്നവരും
സ്നേഹത്തോടെ എന്നോട് പെരുമാറാന്‍ തുടങ്ങിയപ്പോള്‍ മനോഹരമായ ഏതോ തീരത്തേക്ക്
മനസ്സ് മടങ്ങിയെത്തുകയായിരുന്നു. അവിടത്തെ ആകാശവും ഭൂമിയും വെയിലും നിലാവും
കാറ്റും മഴയും പൂക്കളും കിളികളും എല്ലാ സുന്ദരദൃശ്യങ്ങളും എന്റേതുമാത്രമായി .
ഇടയ്ക്കിടെ തീക്കനലില്‍ ചവിട്ടിയതുപോലുള്ള
അനുഭവങ്ങള്‍. മനസ്സിന്റെ സ്ഥാനത്തുണ്ടായിരുന്ന അഗ്നിഗോളം സാവധാനം
തണുത്തുറഞ്ഞുവന്നു. സഹജീവികള്‍ സമ്മാനിക്കുന്ന തിക്താനുഭവങ്ങള്‍ തികഞ്ഞ
നിസ്സംഗതയോടെ നേരിടാന്‍ മനസ്സ് സജ്ജമാവാന് വര്‍ഷങ്ങലേറെ എടുത്തു. എല്ലാത്തിനും
താങ്ങും തണലുമായി സഹധര്‍മ്മിണി സൌദാമിനി കൂടെയുണ്ടായിരുന്നു. അവളുടെ
സ്നേഹത്തോടെയുള്ള സ്വന്തനങ്ങള്‍ പരിചരണങ്ങള്‍ മനസ്സില്‍ ഒരു കുളിര്നിലാവായി .
ചേട്ടന്റെ
വീട്ടിലെ സ്വീകരണമുറിയില്‍ ഇരുന്ന് നിമ്മിയുടെ വിവാഹ ആല്‍ബത്തിലെ ഓരോ പേജും ഞാന്‍
വളരെ ആകാംഷയോടെ മറിച്ച് നോക്കി.അവസാന പജുകളിലെത്തിയപ്പോള് എന്റെ കണ്ണുകള്‍
നിറഞ്ഞുകവിഞ്ഞു. ഒരു പേജിലും എന്റെ ചിത്രം ഉണ്ടായിരുന്നില്ല. സൌദാമിനി പറഞ്ഞതെത്ര
ശരി. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി .എന്റെ വേദന അവള് വ്യക്തമായി
മനസ്സിലാക്കിയിരുന്നു. അവള് സാവധാനം എന്റെ പുറത്ത് തലോടി.
“സാരമില്ല ....... നമ്മള് പ്രതീക്ഷിച്ചതല്ലേ “ സൌദാമിനിയുടെ വാക്കുകള്‍ മനസ്സിനെ തണുപ്പിച്ചില്ല. ആരൊക്കെ
വെറുത്താലും ഒരേ രക്തത്തില്‍ പിറന്ന ചേട്ടന് എന്നെ വെറുക്കുമെന്ന്
പ്രതീക്ഷിച്ചില്ല. ചേട്ടന്റെ കുട്ടികളുടെ മനസ്സില്‍ കൊച്ചച്ചന് എന്ന ഞാനില്ല. ഒരു
വീട്ടുവേലക്കാരനോട് കാണിക്കുന്ന പരിഗണനപോലും ഉണ്ടായിട്ടില്ല. ഇത് നീങ്ങളുടെ കൊച്ചച്ചനാണ്,
ഇവനെ നിങ്ങള്‍ സ്നേഹികണം ബഹുമാനികണം എന്ന് ഒരു തവണയെങ്കിലും ചേട്ടന്
പറഞ്ഞുകൊടുത്തിട്ടുണ്ടാവുമോ ?
ഇന്റര്‍നെറ്റ്
ചാറ്റിങ്ങിന്റെയും മോബൈല്‍ ഫോണിന്റെയും ആധുനികലോകത്തില്‍ പുതുഫാഷന്‍ വസ്ത്രങ്ങള്‍
അണിഞ്ഞ് ഫാസ്റ്റ് ഫുഡ് സാംസ്കാരത്തില്‍ ജീവിക്കുന്ന കുട്ടികളുടെ കണ്ണിലെ കരടായി
മാറാതിരിക്കാനാണ് ശ്രമിക്കേണ്ടത്.
ചേട്ടനും ഭാര്യയുംടെലിവിഷന് ദൃശ്യങ്ങളില്‍ ശ്രദ്ധിച്ചിരിക്കുകയാണ്.
ഫാനിന്റെ കാറ്റുകൊണ്ട് തണുത്ത ചായ ഒറ്റ വലിക്ക് കുടിച്ചുതീര്ത് ഞാന്‍ സെറ്റിയില്‍നിന്നും
എഴുന്നേറ്റു.
‘ചേട്ടാ
ഞങ്ങള്‍ ഇറങ്ങട്ടെ. പന്ത്രണ്ടാരയുടെ ബസ്സില്‍ തന്നെ മടങ്ങണം. ടൌണില്‍ എത്തിയിട്ട് അല്പം
സാധനം വാങ്ങുവാനുണ്ട്.’
‘നാളെ പോയാല്‍
പോരെ നിനക്ക്. ഒരു ദിവസം കൂടി ലീവ് എടുത്തുകൂടായിരുന്നോ?’ എന്ന് ചേട്ടന് ചോദിക്കുമെന്ന് കരുതി. പക്ഷേ
അതുണ്ടായില്ല. ഗേറ്റ് തുറന്നു ചെമ്മണ് പാതയിലേക്ക് ഇറങ്ങിയപ്പോള്‍ പിന്നില്‍
കതക് വലിയ ശബ്ദത്തോടെ അടയുന്ന ശബ്ദം കേട്ടു.
ബസില്‍ നല്ല
തിരക്ക് ഉണ്ടായിരുന്നു. ഏതോ കല്യാണം കഴിഞ്ഞു മടങ്ങുന്നവരാണധികവും. വാടിയ
മുല്ലപ്പൂവിന്റെയും വിയര്‍പ്പിന്റെയും ഗന്ധം. വയലുകളും തെങ്ങിന്‍തോപ്പുകളും
പിന്നിട്ട് വണ്ടി മുന്നോട്ടോടിക്കൊണ്ടിരുന്നു. പച്ചപ്പ് നഷ്ടപ്പെട്ടുതുടങ്ങിയ
ഗ്രാമങ്ങള്‍. ടിപ്പര്‍ ലോറികള്‍ തലങ്ങുംവിലങ്ങും ഓടുന്നു. കുന്നുകള്‍
ഇടിച്ചുനിരത്തി പട്ടണങ്ങളിലേക്ക് കടത്തുന്നു. എവിടെയും ഉയരുന്ന കോണ്‍ക്രീറ്റ്
കെട്ടിടങ്ങള്‍. രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. വികസനം പടികടന്നെത്തുന്പോള്
നെല്ലും നാളീകേരവും കപ്പയും മറ്റു കാര്‍ഷിക വിഭവങ്ങളും നാടന്ചന്തകളില് നിന്ന്
അപ്രത്യക്ഷമായിട്ടുണ്ടാവും.
‘എന്റെ പേഴ്സ്പോയേ
ആരോ എന്റെ പോക്കെറ്റടിച്ചേ ‘. ആരോ ബസ്സിനുള്ളില്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ബസ്സില്‍
സര്‍വത്ര ബഹളമായി. എല്ലാവരും സ്വന്തം പേഴ്സ് തപ്പിനോക്കുകയും യഥാസ്ഥാനത്ത്
ഉണ്ടന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. പരസ്പ്പരം സംശയത്തോടെയുള്ള നോട്ടങ്ങളും
ഉന്തുംതള്ളും തിക്കും തിരക്കും കുട്ടികളുടെ കരച്ചിലും ആകെ അസ്വസ്ഥതതോന്നി.
സൈഡ്സീറ്റിലിരുന്ന ഞാന്‍ ഷര്‍ട്ടിന്റെ പോക്കെറ്റ് തപ്പി നോക്കി. സമാധാനമായി
പേഴ്സ് നഷ്ടപ്പെട്ടിട്ടില്ല. സൌദാമിനിയുടെ താളിമാലയും കഴുത്തില്തന്നെയുണ്ട്.
ബസ്സ്
പോലീസ് സ്റ്റേഷനിലാണ് നിന്നത്. സബ് ഇന്‍സ്പെക്ടര്‍ ഓരോ യാത്രക്കാരെയും പരിശോധിചാണ്
ബസ്സില്‍നിന്ന് ഇറക്കിയത്. സൌദാമിനിയുടെ പിന്നിലായി ഞാന്‍ ബസ്സില്‍നിന്ന് ഇറങ്ങി. സബ്
ഇന്‍സ്പെക്ടരുടെ വലതുകൈ ഒരു മിന്നല്പിണര് പോലെ എന്റെ കവിളില്‍ പതിച്ചു. അപ്രതീക്ഷിതമായി
കിട്ടിയ അടിയില്‍ ഞാന്‍ നിലതെറ്റി വീണു. ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അദ്ദേഹം
എന്നെ എഴുന്നേല്പ്പിക്കുമ്പോള് വായില്‍ രക്തത്തിന്റെ പുളിപ്പറിഞ്ഞു..
എവിടെടാ
മോഷ്ടിച്ച പേഴ്സ്.? അതൊരലര്‍ച്ചയായിരുന്നു.
ഇന്‍സ്പെക്ടരുടെ കണ്ണുകളിലെ അഗ്നി ഞാന്‍ കണ്ടു.
ഞാന്‍ നിരപരാധിയാണ് സാര്‍ ,
എനിക്കൊന്നുമറിയില്ല. ഞാന്‍ സൈഡ്സീറ്റിലിരുന്നു ഉറങ്ങുകയായിരുന്നു. കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞതൊന്നും അയാള്‍
കേട്ടില്ല.
ഷര്‍ട്ടിന്റെ
പോക്കറ്റില്‍ കിടന്നിരുന്ന എന്റെ പേഴ്സ് അയാള്‍ വലിച്ചുപറിചെടുത്തു. പോക്കറ്റിന്റെ
തുന്നല്‍ വേര്‍പെട്ടു. പേഴ്സിലെ ഓരോ പേപ്പറുകഷ്ണങ്ങളും രൂപാനോട്ടുകളും
തിടുക്കത്തോടെ അയാള്‍ പുറത്തെടുത്ത് പരിശോധിച്ചു. സര്‍കാര്‍ മുദ്രയുള്ള
ഐഡന്റിറ്റികാര്ടിലെക്കും എന്റെ മുഖത്തേക്കുമയാല് മാറി മാറി നോക്കി.
സോറി സാര്‍ .
ഒരബദ്ധം പറ്റിപ്പോയി . മാപ്പാക്കണം. അയാള്‍ ക്ഷമാപണത്തോടെ അറ്റന്‍ഷനായി നിന്ന്
സല്യൂട്ട് ചെയ്തു. ഗാസട്ടേഡ് റാങ്കിലുള്ള ഒരു ഉയര്‍ന്ന സര്‍കാര്‍ ജീവനക്കാരനെ അകാരണമായി
കരണത്തടിച്ച കുറ്റബോധത്തോടെ അയാള്‍ തലകുനിച്ചുനിന്നു.പേഴ്സില്‍നിന്നും
പുറത്തെടുത്ത സാധനങ്ങള്‍ തിരികെ വെച്ച് പേഴ്സ് എന്റെ കൈവെള്ളക്കുള്ളില്‍ വെച്ച്
അയാള്‍ വീണ്ടും ക്ഷമാപണം നടത്തി.
കടവായിലൂടെ
ഒലിച്ചിറങ്ങിയ രക്തം കൈലേസെടുത്ത് തുടച്ചുകൊണ്ട് ഞാന്‍ തിരിഞ്ഞു
നടന്നു.സഹതാപത്തോടെ പലരും നോക്കുന്നുണ്ടായിരുന്നു. സൌദാമിനി നിശബ്ദമായി എന്നെ
പിന്തുടര്ന്നു. അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളില്‍ സര്‍വതും നശിപ്പിക്കാന്‍
പോന്ന അഗ്നി ഞാന്‍ കണ്ടു.ലോകം മുഴുവന്‍ നിറയാനുള്ള കണ്ണീര്കടല്
ഇരമ്പുന്നുന്നുണ്ടായിരുന്നു.അവള് എന്റെ ഒപ്പം നടന്നെത്താന്‍ ഏറെ ബദ്ധപ്പെട്ടു.
മനസ്സ് ഒരു പടക്കുതിരയെപ്പോലെ കുതിക്കുകയാണ്.കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ.
മനസ്സ് മുഴുവന്‍ നിരാശയാണോ പകയാണോ വെറുപ്പാണോ ദുഖമാണോ എന്നറിയില്ല.
അനുകമ്പയര്‍ഹിക്കാത്ത
ഒരു കുഷ്ഠരോഗിയോടെന്നപോലെ അപരിഷ്കൃതനായ ഒരു കാട്ടുജാതിക്കരനോടെന്നപോലെ അവസാനം ഒരു
മോഷ്ടാവിനോടെന്നപോലെയുള്ള പെരുമാറ്റങ്ങള്‍. എല്ലാവരാലും വെറുക്കപ്പെടുന്ന ഒരു
നിക്ര്ഷ്ടജീവിയോടെന്നപോലെ.
സൌന്ദര്യവും
സമ്പത്തും സ്ഥാനമാഹിമകളും സമാധാനവും ഈശ്വരന്റെ വരദാനങ്ങള്‍. എങ്കില്‍ വൈരൂപ്യം ഈശ്വരന്റെ ശാപമായിരിക്കും. രോഗവും ദാരിദ്ര്യവും
അസ്വസ്ഥതമായ മനസ്സും ഹീനകുലത്തിലുള്ള ജനനവും ഈശ്വരന്റെ ശാപമായിരിക്കും. ഈ
ശാപങ്ങളൊക്കെ ഏറ്റുവാങ്ങാന്‍ എന്ത് തെറ്റാണു ഞാന്‍ ചെയ്തത്. മനുഷ്യരും സകല
ജീവജാലങ്ങളും ഈശ്വരന്റെ മുന്നില്‍ തുല്യരാണെന്ന് ആണ് കേട്ടുവളര്‍ന്നത്. പക്ഷേ
അനുഭവത്തില്‍ വേര്‍തിരിവുകള്‍ ഏറെയാണ്
അകലെ
ചക്രവാളത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. മെല്ലെമെല്ലെ ആകാശത്തില്‍ ഇരുള്
മൂടിത്തുടങ്ങി. മിന്നല്പിണരുകള്, തണുത്ത കാറ്റ്. തുടര്‍ന്ന് മഴയുടെ തണുത്ത
വെള്ളിനൂലുകള്‍ വേനല്‍ചൂടില്‍ ഉരുകി യൊലിച്ചുകിടന്ന ഭൂമിയിലേക്ക് പെയ്തിറങ്ങി.
ശരീരത്തെയും മനസ്സിനെയും തണുപ്പിക്കാനാവാതെ ദേഹത്തുവീണ മഴതുള്ളികള്‍
ചിന്നിച്ചിതറികൊണ്ടിരുന്നു.
നനഞ്
ഒലിക്കുന്ന ദേഹവുമായി വീടെത്തുമ്പോള്‍ സന്ധ്യയോടടുതിരുന്നു. ബെഡ്റൂമിലെ നീലകണ്ണാടിക്കുമുന്പില് ഞാന്‍
നെടുവീര്‍പ്പുകളോടെ നിന്നു. കണ്ണാടിക്കുള്ളിലെ കൂരിരുട്ടിലേക്ക് ഞാന്‍
തുറിച്ചുനോക്കി. അവിടെ പ്രകാശത്തിന്റെ ഒരു കണികപോലും ഉണ്ടായി രുന്നില്ല.
--------൦-----------൦-------------൦-------------൦----------൦------------൦----------൦---------
ഉദയപ്രഭന്‍